Wednesday, November 6, 2024
No menu items!
HomeRev Dr Joshi Mayyattilആദിമ സൂന്നഹദോസുകള്‍: നിഖ്യ, കോൺസ്റ്റാൻ്റിനോപ്പിൾ ചരിത്ര പശ്ചാത്തലം

ആദിമ സൂന്നഹദോസുകള്‍: നിഖ്യ, കോൺസ്റ്റാൻ്റിനോപ്പിൾ ചരിത്ര പശ്ചാത്തലം

ത്രിത്വ വിശ്വാസം -ഭാഗം 5

ത്രിത്വവിശ്വാസം പാരമ്പര്യവിശ്വാസമല്ല. ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തോടുള്ള നിരുപാധികമായ വിധേയത്വം പ്രഖ്യാപിക്കലാണത്. ഏതു കാലഘട്ടത്തിലും ജീവിക്കുന്ന മനുഷ്യന് തന്‍റെ ജീവിതകാലത്തു നിറവേറിയതുപോലെയാണ് ബൈബിള്‍ ക്രിസ്തുസംഭവങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നത്. റോമാ ലേഖനം 3:25,26 വാക്യങ്ങളില്‍ വായിക്കുന്നു. “വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തംമൂലം പ്രായ്ശ്ചിത്തമാകുവാന്‍ ദൈവം അവനെ (യേശുക്രിസ്തുവിനെ) പരസ്യമായി നിര്‍ത്തിയിരിക്കുന്നു. ദൈവം തന്‍റെ മഹാക്ഷമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുക നിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍, താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവരും ആകേണ്ടതിന് ഇക്കാലത്ത് തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കുവാന്‍ തന്നെ അങ്ങനെ ചെയ്തത് ” (.. for the demonstration of His righteousness at the present time).

എല്ലാക്കാലഘട്ടത്തിലുമുള്ള മനുഷ്യനും തന്‍റെ നീതി വെളിപ്പെട്ടിരിക്കുവാന്‍ ക്രിസ്തു ഒരു വര്‍ത്തമാനകാല പുരുഷനായി കാല്‍വരി കുരിശില്‍ ഉയര്‍ന്നു നിലനില്‍ക്കുന്നു. ഈ അതിമഹത്തായ സത്യമാണ് ബൈബിള്‍ പ്രഘോഷിക്കുന്നത്. വര്‍ത്തമാനകാല സംഭവമായി ദൈവനീതി വെളിപ്പെടുമ്പോള്‍ അതിനോടുള്ള മനുഷ്യാത്മാവിന്‍റെ പ്രത്യുത്തരമാണ് വിശ്വാസത്തിന് അടിസ്ഥാനം. ഇത് തലമുറയായി കൈമാറ്റപ്പെടുന്നതല്ല, കാലികമായി അനുഭവപ്പെടുന്നതാണ്. ഈ അനുഭവബോധ്യമില്ലാതെ വിശ്വാസം എന്നത് പാരമ്പര്യസ്വത്തായി കൈമാറ്റപ്പെടുന്നതാണ് എന്നു ചിന്തിക്കുമ്പോള്‍ അത് ബൈബിളിലെ ക്രിസ്തുവിനെയല്ല നമ്മില്‍ വെളിപ്പെടുത്തുന്നത്, ചരിത്രത്തിലേ ക്രിസ്തുവിനെയാണ്. ചരിത്രത്തിലെ ക്രിസ്തു രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്നമേ ജനിച്ചവനും ജീവിച്ചവനും മരിച്ചവനുമായി ചരിത്ര രേഖകളില്‍ കാണപ്പെടുന്നവനാണ്. എന്നാല്‍ ബൈബിളിലെ ക്രിസ്തു വര്‍ത്തമാനകാല പുരുഷനാണ്. ബൈബിളിലെ ക്രിസ്തുവിനെ വര്‍ത്തമാനകാലത്തില്‍, അവന്‍റെ പരിപൂര്‍ണ്ണതയില്‍ അറിയാൻ ശ്രമിക്കുമ്പോഴാണ് അവിടുത്തെ മഹത്വം നമ്മില്‍ വിസ്മയം ജനിപ്പിക്കുന്നത്. ജനകോടികള്‍ ക്രിസ്തുവിനോടുള്ള ഈ വിസ്മയകരമായ കൂട്ടായ്മാ ബന്ധത്തില്‍ ക്രിസ്ത്വാനുകരണം ചെയ്തുകൊണ്ടേയിരിക്കുന്നു. ക്രിസ്തുവില്‍ വിസ്മയം ജനിക്കാതെ ചരിത്രത്തിലേ കേട്ടറിവുകളുമായി ക്രിസ്ത്വാനുകരണം അസാധ്യമാണ്. ചരിത്രത്തിലേ കേട്ടറിവുകളായി ക്രൈസ്തവ വിശ്വാസപ്രമാണത്തെ (creed) കാണുന്നവരുണ്ട്. രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലെ ദൈവശാസ്ത്ര വിവാദങ്ങളില്‍, പ്രബലപക്ഷം മേല്‍ക്കൈ നേടിയെടുത്ത ആശയമാണ് ക്രിസ്തുവിലെ ദൈവത്വം എന്നാണ് അവര്‍ കരുതുന്നത്. ദൈവശാസ്ത്രജ്ഞന്മാരുടെ വിചിന്തനങ്ങളുടെയും തര്‍ക്കങ്ങളുടെയും സംവാദങ്ങളുടെയും ഒടുവിലെ പ്രഖ്യാപനങ്ങളുടെ പിന്തുണയിലാണ് “ക്രിസ്തു ദൈവമായിരിക്കുന്നത്” എന്ന് ധരിച്ചിരിക്കുന്നവരാണവര്‍. ഇപ്രകാരം ധരിച്ചിരിക്കുന്നവര്‍ക്ക് നഷ്ടമാകുന്നതും ക്രിസ്തുവിലുള്ള ഈ വിസ്മയ രാഹിത്യമാണ്. വാസ്തവത്തില്‍ ക്രിസ്തുവുമായുള്ള വര്‍ത്തമാനകാല സഹവര്‍ത്തിത്വത്തില്‍നിന്നാണ് ഇക്കൂട്ടര്‍ പുറത്താകുന്നത്.

തന്‍റെ മരണത്താല്‍ വീണ്ടെടുത്തവരെ തന്‍റെ ജീവനാല്‍ ദിനംതോറും വീണ്ടെടുത്തുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല അത്ഭുതമാണ് ക്രിസ്തു(റോമ 5:10). ക്രിസ്തുവിനെയും അവിടുത്തെ രക്ഷാകരസംഭവങ്ങളെയും ദിനംതോറും ബോധപൂര്‍വ്വമായി ചുരുങ്ങിയ വാചകങ്ങളിൽ ഏറ്റുപറയുന്നതാണ് വിശ്വാസപ്രമാണം. ഓരോ തവണയും വിശ്വാസപ്രമാണം ഏറ്റുപറയുമ്പോള്‍ അവിടുത്തെ ജീവിതസരിത്തില്‍ നാം പുനര്‍ജനനസ്നാനം ചെയ്യുന്ന അനുഭവമാണ് ഉണ്ടാവുക. അതിനാലാണ് വിശ്വാസ പ്രമാണത്തിൻ്റെ ദിനംതോറുമുള്ള ഏറ്റുപറച്ചിലുകൾ ക്രിസ്തീയ ജീവിതത്തിന് അത്യന്താപേക്ഷിതമാകുന്നത്.

വര്‍ത്തമാനകാലത്തില്‍ ക്രിസ്ത്വാനുഭവം ഉണ്ടാകുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് ക്രിസ്തുവിന്‍റെ വിശ്വസ്ത അപ്പൊസ്തൊലന്മാരും ആദിമകാല സഭാപിതാക്കന്മാരും “ഞാന്‍ വിശ്വസിക്കുന്നു” എന്ന ലളിതമായ പ്രഖ്യാപന വാചകം ക്രോഡീകരിച്ചത്. ഇതിലൂടെ വിശ്വാസികളിൽ ദിനംതോറും നവീകരിച്ച വിശ്വാസം ഉണ്ടാകണം എന്ന വിശുദ്ധമായ ആഗ്രഹമായിരുന്നു അവര്‍ക്ക്. എന്നാല്‍, ഈ വിശ്വാസപ്രമാണത്തില്‍ വെറും ചരിത്രപരതയും പാരമ്പര്യവും മാത്രം ദര്‍ശിക്കുന്നവര്‍ വിശ്വാസബോധ്യം നഷ്ടപ്പെട്ട ഉണങ്ങിയ എല്ലിന്‍കഷണങ്ങളാണ്. ക്രിസ്തുവുമായി ബന്ധമില്ലാതെ, അക്ഷരങ്ങളിലും ദൈവശാസ്ത്രത്തിലും മാത്രം അവിടുത്തെ അറിയാൻ ശ്രമിക്കുന്ന നിര്‍ഭാഗ്യവാന്മാരാണവര്‍.

ക്രിസ്തുവര്‍ഷം 325ല്‍, ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാം നിഖ്യാസൂന്നഹദോസില്‍ പങ്കെടുത്ത പിതാക്കന്മാര്‍ ക്രിസ്തുവിനോടുള്ള വര്‍ത്തമാനകാലബന്ധത്തിനായി സ്വയം സമര്‍പ്പിച്ചവരായിരുന്നു. ആ സമര്‍പ്പണം അവരെ ഒറ്റപ്പെട്ടവരും പീഡിതരും രോഗികളും ആകുലരുമാക്കിയിരുന്നു. “കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞവരായിരുന്നു” അവരില്‍ പലരും. ഇന്നത്തെ മെത്രാന്‍ സങ്കല്‍പ്പത്തോടു വിദൂരസാമിപ്യം പോലുമില്ലാതെ ചീഞ്ഞു നാറുന്ന ആട്ടിന്‍ തോല്‍ പുതച്ച്, ഈച്ചക്കൂട്ടങ്ങളുടെ അകമ്പടിയോടെ വന്നവരും അംഗവൈകല്യം വന്നവരും ഉണ്ടായിരുന്നു. ക്രിസ്തുവിന്‍റെ പേരില്‍ പീഡകളേറ്റ് ശരീരം മുഴുവന്‍ വൃണബാധിതരും പട്ടിണിക്കോലങ്ങളുമായിരുന്നു അവരില്‍ പലരും. പരസ്പരം ആദ്യമായി കാണുന്നവരും പീഡനത്താല്‍ അന്ധരാക്കപ്പെട്ടതിനാല്‍ പംഫുനുത്തിയോസിനെപ്പോലെ സഹഭടനെ കാണാന്‍ കഴിയാത്തവരും അവരില്‍ ഉണ്ടായിരുന്നു. വാസ്തവത്തില്‍ വര്‍ത്തമാനകാല യാഥര്‍ത്ഥ്യമായി ക്രിസ്തുവിനു അറിഞ്ഞിരുന്നവരും ആ അറിവിനു വിലകൊടുത്തവരുമായി പീഡിപ്പിക്കപ്പെട്ട ക്രിസ്തുശിഷ്യന്മാരുടെ പ്രഥമ സംഗമമായിരുന്നു നിഖ്യയില്‍ 325ല്‍ സംഭവിച്ചത്. ഈ സംഗമത്തില്‍ അവര്‍ ഒരുമിച്ച് ചേര്‍ന്ന് ദൈവംതന്നെയായവനെ പരസ്യമായി പ്രഖ്യാപിച്ചു. “യേശുക്രിസ്തു പിതാവിനോട് ഏകസാരാംശമുള്ളവന്‍ (ഹോമോ ഊസിയോസ്)” എന്നതായിരുന്നു ആ പ്രഖ്യാപനം! പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തിനു ശേഷം ചരിത്രത്തില്‍ രേഖപ്പെടുത്തിയ മറ്റൊരു മഹത്തായ പ്രഖ്യാപനമായിരുന്നു നിഖ്യയില്‍ ഉയര്‍ന്നത്!

ഹോമോ ഊസിയോസ് പ്രഖ്യാപനത്തെക്കൂടാതെ, സ്നാനം ആവര്‍ത്തിക്കപ്പെടേണ്ട അനുഷ്ഠാനമല്ല എന്നതും വലിയവാരവും ഉയര്‍പ്പുതിരുന്നാളും എന്ന് വേണമെന്ന കാര്യത്തിലും അലക്സാണ്ട്രിയ, റോം, അന്ത്യോഖ്യ എന്നിങ്ങനെ മൂന്ന് ഇടങ്ങളിലായി സഭയുടെ കാര്യാലയങ്ങള്‍ക്ക് തുല്യ പദവി നല്‍കണമെന്നുമുള്ള നാലുകൂട്ടം കാര്യങ്ങളില്‍ തീരുമാനങ്ങളുമെടുത്താണ് രണ്ട് മാസത്തെ കൂട്ടായ്മയ്ക്ക് ശേഷം ഒന്നാം നിഖ്യാ സൂന്നഹദോസിന് തിരശ്ശീല വീണത്.

ഒന്നാം നിഖ്യാ സൂന്നഹദോസ് അംഗീകരിച്ച വിശ്വാസപ്രമാണത്തില്‍, കര്‍ത്താവീശോമശിഹായെക്കുറിച്ചുള്ള പ്രഖ്യാപനം പറയുന്നത് “ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും സ്വര്‍ഗ്ഗത്തിലെയും ഭൂമിയിലെയും സകലത്തിന്‍റെയും സൃഷ്ടാവുമാണ് അവിടുന്ന്” എന്നായിരുന്നു.

ആര്യനിസം എന്നറിയപ്പെടുന്ന പാഷണ്‍ഡവാദത്തോടുള്ള വിയോജിപ്പും അതിനോടുള്ള പ്രതികരണവുമായിരുന്നുവല്ലോ സൂന്നഹദോസിന്‍റെ ചരിത്രപരതയ്ക്ക് കാരണം. ക്രിസ്തുഭാഷ്യത്തെക്കുറിച്ച് സഭ എന്ത് വിശ്വസിക്കുന്നു എന്നത് തിരുവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ദീര്‍ഘമായ ചര്‍ച്ചതന്നെ വേണ്ടിവന്നിരുന്നതിനാല്‍, ഇന്ന് നാം കാണുന്ന നിഖ്യാ വിശ്വാസപ്രമാണം, ഒന്നാം നിഖ്യാ സൂന്നഹദോസില്‍ പൂര്‍ണ്ണമായും വികാസം പ്രാപിച്ചിരുന്നില്ല. അതു മാത്രമല്ല, ഇതില്‍ പങ്കെടുത്ത പിതാക്കന്മാര്‍ വിവിധ ഭാഷകളില്‍നിന്നും സംസ്കാരങ്ങളില്‍ നിന്നും വന്നവര്‍ ആകകൊണ്ട്, ഭാഷയുടെ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും ഇവര്‍ക്ക് തുടര്‍ന്നും പരിശോധിക്കേണ്ടതായും വന്നു.

ഒന്നാം നിഖ്യാ സൂന്നഹദോസിനു ശേഷം ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില വരികള്‍ നോക്കുക:

“ഈജിപ്റ്റിലെയും പാശ്ചാത്യരാജ്യങ്ങളിലെയും മെത്രാന്മാര്‍ക്ക് ഇതിനേപ്പറ്റി പൂര്‍ണ്ണ സംതൃപ്തിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഗ്രീക്ക് പിതാക്കന്മാര്‍ക്ക് ഇതിനെപ്പറ്റി തികഞ്ഞ സംതൃപ്തിയാണോ ഉണ്ടായിരുന്നതെന്ന് പറഞ്ഞുകൂട. ‘സാരാംശത്തില്‍ തുല്യം’ (ഹോമോ ഊസിയോസ് in essence ) എന്നതിന്‍റെ വിവക്ഷ ലത്തീന്‍ മൂലത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ സമാന്തര ഗ്രീക്ക് പദത്തിന്‍റെ വിവക്ഷയെക്കുറിച്ച് വിഭിന്നാഭിപ്രായങ്ങള്‍ സാധ്യമായിരുന്നു. പിതാവിന്‍റെയും പുത്രന്‍റെയും ഭിന്നവ്യക്തിത്വങ്ങളെ നിഷേധിക്കുന്ന സൂചന അവര്‍ അതില്‍ (ഗ്രീക്ക് ഭാഷയില്‍) ദര്‍ശിച്ചു ” (തിരുസ്സഭാ ചരിത്രം, ഡോ സേവ്യര്‍ കൂടപ്പുഴ, പേജ് 342, 1996)

ക്രിസ്തുമത വിശ്വാസിപോലും അല്ലാതിരുന്ന കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയായിരുന്നുവല്ലോ നിഖ്യാ സൂന്നസഹദോസ് വിളിച്ചുകൂട്ടിയത് (ഫിലിപ്പ് ഷാഫ്, ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യന്‍ ചര്‍ച്ച്, വോളിയം 3, പേജ് 60). അദ്ദേഹം തന്‍റെ മരണക്കിടക്കിയല്‍ വച്ചായിരുന്നു സ്നാനം സ്വീകരിച്ചതുപോലും. എന്നാല്‍ അദ്ദേഹത്തിന്‍റെ സഹോദരി കോണ്‍സ്റ്റന്‍റീന ആരിയസ് പക്ഷക്കാരി ആയിരുന്നു. അവര്‍ ചക്രവര്‍ത്തിയെ സ്വാധീനിച്ച്, നിഖ്യാ സൂന്നഹദോസിനു ശേഷം നാടുകടത്തപ്പെട്ട ആരിയസ് പക്ഷക്കാരെ തിരികെ വിളിച്ചു. അതോടൊപ്പം, നിഖ്യാ വിശ്വാസപ്രമാണം അംഗീകരിച്ചിരുന്ന വിശ്വാസികളെയും പിതാക്കന്മാരേയും പീഡിപ്പിക്കുവാനും ആരംഭിച്ചു. ഇതില്‍ ഏറെ സഹിക്കേണ്ടിവന്നത്, നിഖ്യാ സൂന്നഹദോസില്‍ ആരിയസിനെതിരേ ശക്തിയുക്തം എതിര്‍ത്തുനിന്ന മാര്‍ അത്തനാസിയോസിനായിരുന്നു. അദ്ദേഹം ഇതിനു ശേഷം നാടുകടത്തപ്പെട്ടു.

നിഖ്യാ പ്രമാണത്തില്‍ രൂപപ്പെടുത്തിയ “പിതാവില്‍നിന്നു ജനിച്ചവനും പിതിവാനോടു സമത്വമുള്ളവനും” എന്ന പ്രഖ്യാപനം ഉപേക്ഷിച്ചുകൊണ്ട് ക്രൈസ്തവര്‍ക്കിടയില്‍ വീണ്ടും തല ഉയര്‍ത്തിയിരിക്കുന്ന ആരിയസ് വാദത്തെ സത്യവിശ്വാസികള്‍ ചോദ്യം ചെയ്ത് രംഗത്തു വന്നു. വീണ്ടു രംഗം കലുഷിതമാകുന്നു എന്നു കണ്ട ചക്രവര്‍ത്തി, വിവാദം അവസാനിപ്പിക്കുവാന്‍ വീണ്ടും ചില ശ്രമങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍ അത്തനാസിയോസിന്‍റെ അസാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ക്ക് തയാറാകുവാന്‍ സത്യവിശ്വാസികളുടെ പക്ഷത്തുനിന്നും ആരും തയാറായില്ല.

ക്രിസ്തുവര്‍ഷം 337 മുതല്‍ 361 വരെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്‍ഷ്യസ് രണ്ടാമന്‍ ആരിയൂസ് പക്ഷക്കാരനായിരുന്നതിനാല്‍ നിഖ്യാ വിശ്വാസം അംഗീകരിച്ചിരുന്നവരെ ദ്രോഹിക്കുവാനും ആരിയൂസ് വാദം സ്ഥാപിക്കുവാനായി മിലാന്‍ (355) ആള്‍സ് (358) എന്നിവിടങ്ങളില്‍ രണ്ട് സിനഡുകള്‍ വിളിച്ചുകൂട്ടി. ഇതില്‍ മാര്‍ അത്തനാസിയോാസിനെ ആറുവര്‍ഷത്തേക്ക് നാടുകടത്തുവാനുള്ള തീരുമാനമായിരുന്നു പ്രധാനമായും കൈക്കൊണ്ടത്. (തിരുസഭാ ചരിത്രം, പേജ് 343).

റോമില്‍ പ്രവാസത്തില്‍ ആയിരിക്കുന്ന കാലത്താണ് മാര്‍ അത്തനാസിയോസ്, “അത്തനേഷ്യന്‍ ക്രീഡ്” എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ടതും നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ സമ്പൂര്‍ണ്ണ വ്യാഖ്യാനവും രചിച്ചതെന്ന് കരുതുന്നു. എന്നാല്‍ ഇതില്‍ പണ്‍ഡിതന്മാര്‍ക്കിടയില്‍ പൂര്‍ണ്ണ യോജിപ്പില്ല. ഹിപ്പോയിലെ അഗസ്തിനോസിന്‍റെ സ്വാധീനം ഈ വിശ്വാസപ്രമാണത്തില്‍ ചിലര്‍ ദര്‍ശിക്കുന്നു. എന്നിരുന്നാലും, കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ 381-ല്‍ ചേര്‍ന്ന സൂന്നഹദോസ് പുറത്തിറക്കിയ സമ്പൂര്‍ണ്ണ വിശ്വാസപ്രമാണത്തിന്‍റെ വിശദമായ വ്യാഖ്യാനമാണ് അത്തനേഷ്യന്‍ ക്രീഡില്‍ കാണപ്പെടുന്നത്. അതിനാല്‍, മാര്‍ അത്തനാസിയോസ് തന്നെയാണ് “അത്തനേഷ്യന്‍ ക്രീഡ്” രചിച്ചത് എന്നാണ് പൊതുവെയുള്ള വിശ്വാസം.

ഒന്നാം നിഖ്യാ സൂന്നഹദോസ് എന്നത്, വിശ്വാസപ്രമാണ രൂപീകരണത്തില്‍ ആദ്യപടിയായിരുന്നു. ഇതില്‍ ഇന്ന് കാണപ്പെടുന്ന ക്രിസ്തുഭാഷ്യം സംബന്ധിച്ചുള്ള ഒരു പ്രഖ്യാപനം മാത്രമേ (ഹോമോ ഊസിയോസ്) വിശ്വാസപ്രമാണത്തില്‍ കാണപ്പെടുന്നുള്ളൂ. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വിശ്വാസപ്രഖ്യാപനം ഇവിടെ രൂപപ്പെട്ടില്ല. ആദിമുതലേ മോഡലിസം പറയുന്നതിന് വിരുദ്ധമായി, പരിശുദ്ധ ത്രീത്വത്തില്‍ മൂന്നു വ്യക്തികള്‍ ഉണ്ടെന്ന പൊതുവിശ്വാസമായിരുന്നു വിശുദ്ധ തിരുവെഴുത്തുകളില്‍ വെളിപ്പെട്ടിരിക്കുന്നത്. ഈ വിശ്വാസമായിരുന്നു അപ്പൊസ്തൊലന്മാര്‍ക്കും വിശ്വാസികള്‍ക്കും അപ്പൊസ്തൊലപിതാക്കന്മാര്‍ക്കും സഭാപിതാക്കന്മാര്‍ക്കും ഉണ്ടായിരുന്നത്.

ഒന്നാം നിഖ്യാ സൂന്നഹദോസിനു ശേഷം മററൊരു പാഷണ്ഡത തലപൊക്കിയിരുന്നു. അത് ‘മാസിഡോണിയനിസം’ എന്ന് അറിയപ്പെട്ടു. മാസിഡോണിയസ് എന്ന സെമി -ആര്യന്‍ മെത്രാന്‍ പഠിപ്പിച്ചത് പരിശുദ്ധാത്മാവ് ഒരു മാലാഖയാണെന്നായിരുന്നു. പരിശുദ്ധാത്മാവിന് സ്ഥാനക്രമത്തില്‍ മാത്രമേ മാലാഖമാരില്‍നിന്ന് വ്യത്യാസമുള്ളൂവെന്നും പരിശുദ്ധാത്മാവും പുത്രന്‍റെ സൃഷ്ടിയാണെന്നുമായിരുന്നു മാസിഡോണിയനിസ വിശ്വാസം. ഈ പാഷണ്‍ഡതയ്ക്കെതിരേ മാര്‍ അത്തനാസിയോസും കപ്പദോക്യന്‍ പിതാക്കന്മാരും അലക്സാണ്ട്രിയായിലെ ദീദിമൂസും ഒരുപോലെ ശബ്ദമുയര്‍ത്തി. “പരിശുദ്ധാത്മാവ് സാരാംശത്തില്‍ പിതാവിനോടും പുത്രനോടും സമത്വമുള്ളവനാണെന്ന്” സ്ഥാപിച്ചു. (തിരുസ്സഭാ ചരിത്രം, പേജ് 344).

ഒന്നാം നിഖ്യാസൂന്നഹദോസു കഴിഞ്ഞ്, 56 വര്‍ഷങ്ങള്‍ക്കു ശേഷം റോമന്‍ ചക്രവര്‍ത്തിയായിരുന്ന തിയഡോഷ്യസ് ഒന്നാമാനാണ് എഡി 381ല്‍ “കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂന്നഹദോസ്” വിളിച്ചുകൂട്ടുന്നത്. നിഖ്യാ കൗണ്‍സിലിനു ശേഷം അരനൂറ്റാണ്ടുകള്‍ക്കുള്ളില്‍ രൂപപ്പെട്ട ദൈവശാസ്ത്ര വീക്ഷണങ്ങളുടെയും വിശ്വാസപ്രഖ്യാപനങ്ങളുടെയും ക്രോഡീകരണമായിരുന്നു ഇവിടെ ലക്ഷ്യമായിരുന്നത്. അതിലൂടെ, ക്രൈസ്തവവിശ്വാസത്തിന്‍റെ ഏകീകരണവും റോമാസാമ്രാജ്യത്തില്‍ ക്രൈസ്തവവിഭാഗങ്ങള്‍ വിശ്വാസവിഷയങ്ങളില്‍ ഉയര്‍ത്തുന്ന സംഘര്‍ഷാവസ്ഥ ഇല്ലാതാക്കുവാനുമായിരുന്നു ചക്രവര്‍ത്തി ഈ തീരുമാനം കൈക്കൊണ്ടത്. വാസ്തവത്തില്‍ ഒന്നാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂന്നഹദോസ് ആണ് വിശ്വാസപ്രമാണത്തിന് അന്തിമരൂപം നല്‍കിയത്. അതിനാൽ നിഖ്യാ വിശ്വാസ പ്രമാണം എന്നത് ” നിഖ്യാ- കോൺസ്റ്റാൻ്റിനോപ്പിൾ വിശ്വാസ പ്രമാണം” എന്നാണ് അറിയപ്പെടുന്നത്.

ആരിയൂസ്, മാസിഡോണിയസ് ഉള്‍പ്പെടെ അതുവരെയുള്ള എല്ലാ ദുരുപദേശങ്ങളെയും കെട്ടുകെട്ടിച്ചുവെങ്കിലും സത്യവിശ്വാസത്തെ പിന്‍പറ്റുന്നവരുടെ ഇടയിലുള്ള ദൈവശാസ്ത്രപ്രതിസന്ധികള്‍ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. അതേപ്പറ്റി അടുത്ത ലേഖനത്തില്‍ വിശദീകരിക്കാം.

അടിസ്ഥാനപരമായി ചിന്തിച്ചാൽ, നിഖ്യാവിശ്വാസപ്രമാണത്തെ സ്വീകരിക്കുന്നവന്‍ ക്രൈസ്തവചരിത്രത്തോടു ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഈ ചരിത്രബോധം വിശ്വാസജീവിതയാത്രയില്‍ നാം തനിച്ചല്ലെന്നും നമുക്കു മുന്നമേ യാത്രചെയ്തവരുണ്ടെന്നുമുള്ള ഒരു അവബോധവും നമ്മില്‍ സൃഷ്ടിക്കുന്നു. ഈ ചരിത്രബോധത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ക്രിസ്തുവിശ്വാസത്തിലെ ഇടമുറിയാത്ത കണ്ണിയില്‍ ഉള്‍ച്ചേരുവാന്‍ കഴിഞ്ഞതിലുള്ള അഭിമാനബോധം നമ്മുടെ വിശ്വാസത്തിന് ആക്കം കൂട്ടുന്നു. ഈ ചരിത്രബോധമില്ലാത്തവര്‍, കോമാളികളെപ്പോലെ ഉയര്‍ത്തുന്ന വെല്ലുവിളികളെയും ചോദ്യങ്ങളെയും അനുകമ്പയോടെ മാത്രമേ കാണുവാന്‍ കഴിയൂ. ചരിത്രത്തിന്‍റെ രാജവീഥികളിലൂടെ പുറകോട്ടൊരു യാത്ര ചെയ്യുമ്പോള്‍ മാത്രമേ ത്രിത്വവിശ്വാസത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുവാനുള്ള ബോധം ഉദിക്കൂ. അതാണ് ക്രൈസ്തവചരിത്ര പഠനത്തില്‍ നാം ആര്‍ജ്ജിച്ചെടുക്കുന്ന പ്രധാനപ്പെട്ട കാര്യം (തുടരും)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments