Saturday, July 27, 2024
No menu items!
HomeRoad accidentsപ്രൊഫഷണൽ ഡ്രൈവർമാർക്ക് CPC ട്രെയ്നിംഗ് നിർബന്ധമാക്കണം

പ്രൊഫഷണൽ ഡ്രൈവർമാർക്ക് CPC ട്രെയ്നിംഗ് നിർബന്ധമാക്കണം

2016 മുതല്‍ 2022 ഓഗസ്റ്റ് 30 വരെ കേരളത്തില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ കണക്കുകള്‍ കേരളാ പോലീസിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതിലൂടെ അറിയാന്‍ കഴിയുന്നത്, കഴിഞ്ഞ ആറരക്കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ 26,407 വ്യക്തികള്‍ മരണപ്പെട്ടു എന്നാണ്. (*അവലംബം കേരള പോലീസ് വെബ് സൈറ്റ്. ലിങ്ക് കമൻ്റ് ബോക്സിൽ)

കേരളത്തിലെ ഒരു ശരാശരി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയ്ക്ക് തുല്യമായ ജനങ്ങളാണ് കഴിഞ്ഞ ആറരക്കൊല്ലത്തിനുള്ളില്‍ റോഡപകടങ്ങളിലൂടെ കേരള സമൂഹത്തിൽ നിന്നു തുടച്ചുനീക്കപ്പെട്ടത്.

2016 മുതൽ 2021 ഡിസംബർ 31 വരെ കേരളത്തിൽ 2,25,043 റോഡ് അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. വാർഷിക ശരാശരി 37,507 അപകടങ്ങൾ. മാസംതോറും 3,125 അപകടങ്ങൾ, അതായത് ദിവസേന 104 വാഹനാപകടങ്ങൾ സംഭവിക്കുന്നു എന്നർത്ഥം.

2016 മുതൽ 2021 ഡിസംമ്പർ 31 വരെ ഉണ്ടായ അപകടങ്ങളിൽ 2,49,006 പേർക്കാണ് പരിക്കേറ്റത്. വർഷം തോറും ശരാശരി 41,501 പേർക്കാണ് പരിക്കേൽക്കുന്നത്. മാസം തോറും ശരാശരി 3,458 പേർക്ക് പരിക്കേൽക്കുന്നു; ദിവസേന 115 പേർക്ക് റോഡപകടത്തിൽ പരിക്കേൽക്കുന്നു എന്നാണ് കണക്ക്.

2016 മുതല്‍ 2021 വരെയുള്ള ആറു വര്‍ഷത്തെ കണക്കുകളുടെ ശരാരശരി എടുത്താല്‍ വര്‍ഷംതോറും 3,928 പേര്‍ റോഡ് അപകടത്തില്‍ മരിക്കുന്നുണ്ട്. (2016-ൽ 4,287 പേർ, 2017-ൽ 4,131 പേർ, 2018-ൽ 4,303, 2019 -ൽ 4,440, 2020-ൽ 2,979, 2021-ൽ 3,429, 2022 ഓനസ്റ്റ് 30 വരെ 2,838 പേർ).

ഇതിനർത്ഥം, മാസംതോറും 327പേര്‍, ദിവസേന ശരാശരി 11 പേര്‍ വീതം കേരളത്തിൽ റോഡപകടത്തില്‍ മരണപ്പെടുന്നു. കേരളത്തിലെ റോഡുകളുടെ സ്ഥിതി ഇത്രമേല്‍ ഭയാനകമാണ്.

ഓരോ റോഡപകടവും സംഭവിച്ചുകഴിയുമ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നു കൈക്കൊള്ളുന്ന നടപടികള്‍ ഈ ഗുരുതരാവസ്ഥയുടെ ശാശ്വതമായ പരിഹാരത്തിന് ഉപകരിക്കുന്നില്ല. വടക്കാഞ്ചേരി റോഡ് അപകടത്തിനു ശേഷം എല്ലാ ടൂറിസ്റ്റു ബസ്സുകളും പരിശോധിക്കുക, അവയ്ക്കെതിരേ നടപടിയെടുക്കുക എന്നതിനായിരുന്നു പ്രാധാന്യം നല്‍കിയത്. ഇവിടെ ടൂറിസ്റ്റ് ബസ്സോ, അതിനുള്ളിലുള്ള ലൈറ്റുകളും സംഗീതവുമല്ല പ്രധാന പ്രശ്നം. വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് റോഡിനേക്കുറിച്ചും വാഹനത്തേക്കുറിച്ചും റോഡ് നിയമങ്ങളേയും സുരക്ഷയേയും കുറിച്ചുമുള്ള അറിവാണ് പരമപ്രധാനമായ കാര്യം. ഈ അറിവ് ടൂറിസ്റ്റ് ബസ് ഡ്രൈവർക്കു മാത്രമല്ല, എല്ലാ പ്രൊഫഷണൽ ഡ്രൈവർമാർക്കും ഉണ്ടായിരിക്കണം.

ഓരോ റോഡ് അപകടത്തിന്‍റെയും കാരണം പരിശോധിച്ചാല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഡ്രൈവറാണ് എന്നു കാണാം. രണ്ടാമത് വാഹനവും മൂന്നാമത് റോഡിന്‍റെ അവസ്ഥയുമായിരിക്കും. വാഹനം, റോഡ്, നിയമങ്ങൾ, കാലാവസ്ഥ, മറ്റ് വാഹനങ്ങളും യാത്രക്കാരും… എന്നിങ്ങനെ ഡ്രൈവറുടെ അറിവും കഴിവുകളും (skills) ഏറെ പ്രകടമാക്കേണ്ട വിശാലമായ ഒരു മേഖല ഡ്രൈവിംഗിലുണ്ട്. വിട്ടുവീഴ്ച ഇല്ലാത്ത വിധത്തിൽ പ്രൊഫഷണൽ ഡ്രൈവർമാർക്ക് ഈ വിഷയത്തിൽ അറിവ് ഉണ്ടായിരിക്കണം. അതിപ്രധാനമായ ഈ മേഖലയെ അവഗണിച്ച് വാഹനത്തിൻ്റെ അകത്തും പുറത്തുമുള്ള അലങ്കാരങ്ങൾ നിയമവിധേയമാക്കിയാൽ റോഡ് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ല.

ഹൈക്കോടതി ഉത്തരവ്

…………………………………….

നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലാത്ത ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നിയമലംഘനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദി ഡ്രൈവര്‍ ആയിരിക്കണമെന്നും കോടതി ആവശ്യപ്പെടുന്നു. എന്നാല്‍ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം, ഡ്രൈവര്‍മാര്‍ക്ക് നിയമങ്ങളെക്കുറിച്ചുള്ള പരിശീലനം കാലാകാലങ്ങളിൽ ലഭിക്കാറുണ്ടോ എന്നതാണ്.

ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള പല വിദേശരാജ്യങ്ങളിലും ബസ്, ട്രക്ക് പ്രൊഫഷണൽ ഡ്രൈവര്‍മാര്‍ക്ക് ഓരോ വര്‍ഷവും Certificate of Professional Competence (ഡ്രൈവര്‍ സി.പി.സി ട്രെയിനിംഗ്) നിർബന്ധമാണ്. ഓരോ ഡ്രൈവറും വർഷം തോറും കുറഞ്ഞത് 7 മണിക്കൂർ എന്ന പ്രകാരം ഓരോ അഞ്ചു വർഷം കൂടുമ്പോഴും 35 മണിക്കൂർ CPC ട്രെയിനിംഗുകളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. ഈ സമയത്താണ് ഡ്രൈവർമാർ തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ നിയമങ്ങളിൽ പരിശീലിക്കപ്പെടുന്നത്. CPC സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ പാസഞ്ചര്‍, ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ ലൈസന്‍സുകള്‍ പുതുക്കി നൽകുകയുള്ളൂ.

കേരളത്തിലെ എല്ലാ ബസ് ഡ്രൈവര്‍മാര്‍ക്കും മോട്ടോര്‍ വാഹന വകുപ്പോ മറ്റ് അംഗീകൃത സ്ഥാപനങ്ങളോ നേതൃത്വം നല്‍കുന്ന സി.പി.സി ട്രെയിനിംഗുകള്‍ ആരംഭിക്കേണ്ടതുണ്ട്. ഓൺലൈനായി വളരെ എളുപ്പം ഇത് നടപ്പാക്കാൻ കഴിയും. സംസ്ഥാനത്തെ എല്ലാ ബസ്, ടാക്സി, ട്രക്ക്, സ്കൂൾ ബസ് ഡ്രൈവര്‍മാർക്കും ഇത്തരം കോഴ്സുകൾ ആരംഭിച്ചാൽ, ഡ്രൈവര്‍മാരുടെ ബോധവല്‍ക്കണം ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു സാധിക്കും.

പാസഞ്ചര്‍ വാഹനങ്ങളില്‍ (ബസ്, ടാക്സി) സംഭവിക്കുന്ന അപകടങ്ങളെ “ജോലിസ്ഥലത്തു സംഭവിക്കുന്ന അപകടമായി” നിർവ്വചിക്കാൻ സർക്കാർ തയ്യാറാകണം. ഇതിൻ്റെ ഫലമായി വാഹനത്തിൻ്റെ ഫിറ്റ്നസ് വീഴ്ചകൾ, ഡ്രൈവറുടെ യോഗ്യതയില്ലായ്മ എന്നിവയുടെ പേരിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് വാഹന ഉടമയും ഉത്തരവാദിയായി മാറും. സി.പി.സി പരിശീലനം നേടിയിട്ടുള്ള ഡ്രൈവർമാരെ വാഹനം ഏൽപ്പിച്ചാൽ, വാഹനാപകടങ്ങളുടെ പേരിലും നിയമ ലംഘനങ്ങളുടെ പേരിലും ഉണ്ടാകുന്ന ഉത്തരവാദിത്വങ്ങളിൽ നിന്ന് വാഹന ഉടമയ്ക്ക് രക്ഷപ്പെടാന്‍ സാധിക്കും.

കോവിഡ് കാലത്ത് സര്‍ക്കാരും ജനങ്ങളും പ്രകടിപ്പിച്ച ജാഗ്രതയും രോഗവ്യാപനം തടയുന്നതിനു കൈക്കൊണ്ട ശക്തമായ നടപടികളും വളരെ ശ്രദ്ധേയമായിരുന്നു. ഇതുപോലെ, റോഡ് സുരക്ഷയ്ക്കും ശക്തമായ ഇടപെടലുകൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടായാൽ മാത്രമേ കേരളം കടന്നുപോകുന്ന ഈ ഗുരുതരാവസ്ഥയെ നേരിടാന്‍ കഴിയുകയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments