Sunday, May 26, 2024
No menu items!
HomeRoad accidentsഅമിത വേഗതയും ഓവർ ടേക്കിംഗും അപകടത്തിന് കാരണമാകുന്നത് എങ്ങനെ ?

അമിത വേഗതയും ഓവർ ടേക്കിംഗും അപകടത്തിന് കാരണമാകുന്നത് എങ്ങനെ ?

ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാർ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലത്തേ വാർത്ത വായിക്കുമ്പോൾ മൂന്നു കാരണങ്ങളാണ് അദ്ദേഹത്തിൻ്റെ മരണത്തിനു കാരണമായി കാണുന്നത്. ഓവർ സ്പീഡ്, തെറ്റായ ഓവർ ടേക്കിംഗ്, സീറ്റു ബെൽറ്റ് ധരിക്കാതെയുള്ള യാത്ര.

അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം 100 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വടക്കാഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിലും സൈറസ് മിസ്ത്രിയുടെ അപകടത്തിനു കാരണമായ അമിത വേഗം, തെറ്റായ ഓവർ ടേക്കിംഗ് എന്നീ ഘടകങ്ങൾ ഉണ്ടെന്നു കാണാം. അപകടസമയത്ത് 97 കിലോമീറ്റർ വേഗത്തിലായിരുന്നു ബസ് എന്നാണ് പത്രവാർത്തകൾ വ്യക്തമാക്കുന്നത്.

100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നു പറഞ്ഞാൽ ആ വേഗത എത്രയാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ 10 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഒരു സെക്കൻഡിൽ നാം കടന്നു പോകുന്ന ദൂരം എത്രയെന്നു കണക്കു കൂട്ടിയാൽ മതി. 10 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വാഹനം ഒരു സെക്കൻഡിൽ 2.77 മീറ്ററാണ് കടന്നു പോകുന്നത്. അതായത് 100 കി.മീറ്റർ വേഗതയിൽ 27.7 മീറ്റർ ദൂരം കടന്നിരിക്കും. (10 മൈൽ വേഗതയാണെങ്കിൽ 4.47 മീറ്റർ ദൂരം കടക്കും. 100 മൈൽ വേഗതയിൽ ഓരോ സെക്കൻഡിലും 47.7 മീറ്ററാണ് വാഹനം സഞ്ചരിക്കുന്നത്)

വടക്കാഞ്ചേരിയിൽ 97 കി.മീറ്റർ വേഗതയിൽ സഞ്ചരിച്ച് അപകടത്തിൽ പെട്ട ബസ് സെക്കൻഡിൽ 27 മീറ്ററാണ് സഞ്ചരിച്ചത് എന്ന് മനസ്സിലാക്കാം.

100 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ 27.7 മീറ്റർ അകലെയുള്ള വസ്തുവിൽ ഇടിക്കാതെ ബ്രെയ്ക്ക് ചെയ്ത് നിർത്താൻ കഴിയുമോ ? പല ഡ്രൈവർമാർക്കും ഈ വസ്തുത അറിയില്ല. അതിനാൽ ബ്രെയ്ക്ക് ചെയ്താലുടൻ കാർ/ ബസ് നിൽക്കും എന്നൊരു ധാരണ മാത്രമേ പലർക്കും ഉള്ളൂ. ഈ വിഷയത്തേ അൽപം കൂടി വിശദീകരിക്കാം.

സാധാരണ നമ്മൾ വാഹനമോടിക്കുമ്പോൾ തൊട്ടു മുന്നിലുള്ള വാഹനം നിർത്തുകയോ പെട്ടെന്ന് ബ്രെയ്ക്ക് ചെയ്തു വാഹനത്തേ നിർത്തേണ്ടതോ ആയ സാഹചര്യം ഉണ്ടാകുന്ന എന്നിരിക്കട്ടെ. ഈ ഘട്ടത്തിൽ വാഹനം നിർത്തുമ്പോൾ രണ്ടു ഘട്ടത്തിലുള്ള പ്രക്രിയകളെയാണ് നാം നേരിടേണ്ടി വരുന്നത്. വാഹനം നിർത്തേണ്ട അടിയന്തര ഘട്ടം മുന്നിലുണ്ട് എന്ന തിരിച്ചറിയുന്ന ഡ്രൈവർ കാൽ ബ്രേക്ക് പെഡലിനേ സ്പർശിക്കുന്നതിന് എടുക്കുന്നതിനുള്ള സമയമുണ്ട്. റോഡിനേ വളരെ ശ്രദ്ധയോടെ വീക്ഷിച്ച് ഡ്രൈവു ചെയ്യുന്ന വ്യക്തിക്കു പോലും ഇതിന് അര സെക്കൻഡു മുതൽ മുക്കാൽ സെക്കൻഡു വരെ സമയം വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. ഇതിനേ Thinking Distance അല്ലെങ്കിൽ Thinking Time എന്നു പറയുന്നു. ഈ സമയത്തിനുളളിലും കാർ നിലവിലുള്ള വേഗതയിൽ സഞ്ചരിക്കുകയാണ് എന്നോർക്കണം. 100 കിലോമീറ്ററാണ് വേഗതയെങ്കിൽ അര സെക്കൻഡിനുളളിൽ 14 മീറ്റർ ഇതിനോടകം സഞ്ചരിച്ചു കാണും.

രണ്ടാമതായി വാഹനത്തേ ബ്രയ്ക്ക് ചെയ്ത് നിർത്താനുള്ള സമയമാണ്. ഇതിനേ Stopping Distance or Stopping Time എന്നു വിളിക്കാം. സമയം ഇവിടെയും പ്രധാന ഘടകമാണ്, കൂടാതെ മറ്റു പല ഘടകങ്ങളും ഒരുപോലെ കൂടിച്ചേരുകയും ചെയ്താലേ വാഹനം നിൽക്കുകയുള്ളൂ. വാഹനത്തിൻ്റെ വേഗം, ഡ്രൈവർ ബ്രേക്ക് ചെയ്യുന്ന രീതി, ABS (Anti-lock braking systems) ഉള്ളതോ ഇല്ലാത്തതോ എന്നത്, ബ്രേക് പാഡിൻ്റെ കപ്പാസിറ്റി, ടയറിൻ്റെ ത്രെഡ് ഡെപ്ത് (tyre tread depth), ടയറിലെ വായുമർദ്ദം, റോഡിൻ്റെ ഗ്രിപ്പ് (പരുക്കൻ പ്രതലമോ റബറൈസ്ഡ് പോലെ മിനുസമുള്ളതോ), റോഡ് ഇറക്കമോ കയറ്റമോ നിരപ്പോ എന്നത്, റോഡ് നനവുള്ളതോ, ഉണങ്ങിയതോ എന്നത്, കാറ്റിൻ്റെ ദിശയും വേഗതയും…. ഇങ്ങനെ നിരവധി ഘടകങ്ങളേ ആശ്രയിച്ചാണ് അടുത്ത അര സെക്കൻഡിനുള്ളിൽ കാർ നിൽക്കേണ്ടത്.

ബ്രെയ്ക്കിൻ്റെ കഴിവിൽ മാത്രം ആശ്രയിച്ച് വേഗത കൂട്ടുകയോ അമിതവേഗതയിൽ സഞ്ചരിക്കുകയോ ചെയ്യുന്നത് ഒട്ടും ബുദ്ധിയല്ല. മുന്നിൽ ലഭ്യമായ ദൂരത്തിനും സമയത്തിനും ഉള്ളിൽ വാഹനത്തേ നിർത്താൻ കഴിയുമോ എന്ന് ഉറപ്പാക്കി വേണം വേഗത്തേക്കുറിച്ച് ചിന്തിക്കാൻ.

മോഡേൺ കാറുകൾക്ക് ഒന്നോ രണ്ടോ സെക്കൻഡുകൾക്കുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ എത്താൻ കഴിയും. എന്നാൽ ഒരു സെക്കൻഡിനുള്ളിൽ ഈ വേഗത്തേ ഇല്ലാതാക്കാൻ കഴിയില്ല.

“ഒരു സെക്കൻ്റ് നേരത്തേ ഡ്രൈവർ ആക്ട് (act) ചെയ്തിരുന്നെങ്കിൽ 90% റോഡ് അപകടങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു” എന്നാണ് 1990 കളിൽ ഓസ്ട്രേലിയയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്. അതിനാൽ വാഹനം ഓടിക്കുമ്പോൾ എത്ര എളുപ്പം വേഗം കൂട്ടാൻ കഴിയും എന്നതല്ല, എത്ര പെട്ടെന്നു വാഹനത്തേ നിർത്താൻ കഴിയും എന്നാണ് ചിന്തിക്കേണ്ടത്.

ഓവർ ടേക്കിംഗ് എപ്പോൾ ?

ഓവർടേക്ക് ചെയ്യാതെ വാഹനം ഓടിക്കാൻ കഴിയില്ല എന്ന ചിന്തയാണ് കേരളത്തിലേ മഹാഭൂരിപക്ഷം ഡ്രൈവർമാർക്കും ഉള്ളത്. അതിനു പ്രധാന കാരണം ഓരോ റോഡിലേയും പരമാവധി വേഗതയേക്കുറിച്ചുള്ള അജ്ഞതയാണ്. റോഡിൻ്റെ വേഗത കൃത്യമായി നിശ്ചയിക്കുകയും സുരക്ഷിതമെങ്കിൽ ആ വേഗതയിൽ വാഹനം ഓടിക്കാൻ എല്ലാവരും തയ്യാറാവുകയും വേണം. അമിതമായ വേഗം പോലെ അനാവശ്യമായി താഴ്ന്ന വേഗതയിൽ ഓടിക്കുന്നതും കുറ്റകരമായി കണക്കാക്കണം.

ഓവർ ടേക്കിംഗിന് മുമ്പ് പ്രധാനമായും മൂന്നു ചോദ്യങ്ങൾക്ക് ‘YES’ എന്ന ഉത്തരം കിട്ടിയിരിക്കണം.

1. ഇത് സുരക്ഷിതമാണോ (is it safe) ?

2. ഇത് നിയമപരമാണോ (is it legal) ?

3. ഇത് ആവശ്യമാണോ (is it necessary) ?

ഇതിൽ ഏതെങ്കിലും ഒന്നിന് ‘NO’ എന്നാണ് ഉത്തരമെങ്കിൽ ഓവർടേക്ക് പാടില്ല.

ഓരോ റോഡപകടത്തിനും ഏറ്റവും പ്രധാന ഘടകം ഡ്രൈവറാണ്. രണ്ടാമത് വാഹനവും മൂന്നാമത് മാത്രമാണ് റോഡിൻ്റെ പ്രത്യേകതയും കാരണമാകുന്നത്. ഡ്രൈവറുടെ അറിവ് വർദ്ധിപ്പിക്കാൻ വേണ്ട പരിശീലനങ്ങൾ കുറ്റമറ്റതാക്കിയാൽ മാത്രമേ റോഡ് സുരക്ഷ ഉറപ്പാക്കുവാനും റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവു വരുത്താനും കഴിയുകയുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments