Sunday, June 16, 2024
No menu items!
Homeസീറോ മലബാർ സഭസീറോ മലബാര്‍ ഹയരാര്‍ക്കി പുനഃസ്ഥാപനത്തിന്‍റെ 100-ാം വാര്‍ഷികം

സീറോ മലബാര്‍ ഹയരാര്‍ക്കി പുനഃസ്ഥാപനത്തിന്‍റെ 100-ാം വാര്‍ഷികം

ശ്ലൈഹിക പൈതൃകംകൊണ്ടു സമ്പന്നമായ സീറോമലബാര്‍ സഭയുടെ ഹയരാര്‍ക്കി പുനഃസ്ഥാപനം നടന്നിട്ട് (1923-2023) ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. ഭാരതം മുഴുവന്‍റെയും മെത്രാപ്പോലീത്ത, ഭാരതം മുഴുവന്‍റെയും അര്‍ക്കദിയാക്കോന്‍ എന്നീ ഭരണസംവിധാനങ്ങളെ റദ്ദാക്കി, കൊടുങ്ങല്ലൂര്‍ അതിരൂപതയെ നിര്‍ത്തലാക്കി 1886ലാണ് മാര്‍തോമാ നസ്രാണികളെ (സുറിയാനി ക്രൈസ്തവരെ) വരാപ്പുഴ ലത്തീന്‍ അതിരൂപതയുടെ കീഴില്‍ വിന്യസിപ്പിച്ചത്. പക്ഷേ 1887ല്‍ തൃശ്ശൂര്‍ കോട്ടയം വികാരിയത്തുകള്‍ സ്ഥാപിച്ചു റീത്ത് അടിസ്ഥാനത്തില്‍ സുറിയാനി ക്രൈസ്തവരെ വരാപ്പുഴ ലത്തീന്‍ അതിരൂപതയില്‍നിന്നു വേര്‍തിരിച്ചു. 1896ല്‍ പുനഃക്രമീകരണത്തിലൂടെ തൃശ്ശൂര്‍, എറണാകുളം, ചങ്ങനാശ്ശേരി വികാരിയത്തുകള്‍ സ്ഥാപിച്ചു സ്വന്തം റീത്തിലും ഭാഷയിലുമുള്ള നാട്ടുമെത്രാന്മാരെ നിയമിച്ചു. 1911-ല്‍ തെക്കുംഭാഗക്കാര്‍ക്കുവേണ്ടി കോട്ടയം ക്നാനായ വികാരിയത്തു സ്ഥാപിച്ചു. വികാരിയത്ത് എന്നാല്‍ ഘടനാപരമായി സുസജ്ജമല്ലാത്ത, പൂര്‍ണ്ണമായും സ്വതന്ത്രവളര്‍ച്ച പ്രാപിക്കാത്ത ക്രിസ്തീയ വിശ്വാസി സമൂഹം എന്നാണര്‍ത്ഥം. റോമാ മാര്‍പാപ്പ നയിക്കുന്ന, മാര്‍പാപ്പയുടെ പേരില്‍ നേരിട്ട് അജപാലനധര്‍മ്മം നിര്‍വ്വഹിക്കുന്ന വികാരി അപ്പസ്തോലിക്കമാര്‍ക്കാണ് വികാരിയത്തുകളുടെ ഭരണച്ചുമതല.

ഹയരാര്‍ക്കി സ്ഥാപനവും ലക്ഷ്യവും

പീയൂസ് പതിനൊന്നാമന്‍ പാപ്പാ 1923 ഡിസംബര്‍ 21-നാണ് റൊമാനി പൊന്തിഫീച്ചെസ് എന്ന ഉത്തരവിലൂടെ സീറോമലബാര്‍ ഹയരാര്‍ക്കി പുനഃസ്ഥാപിച്ചത്. എങ്കിലും ലത്തീന്‍ കാനന്‍ നിയമപ്രകാരമുള്ള ഒരു ഭരണസംവിധാനമായിരുന്നു അത്. നിലവിലുണ്ടായിരുന്ന നാല് അപ്പസ്തോലിക വികാരിയത്തുകളെ സ്വതന്ത്രരൂപതകളായി സ്ഥാപിക്കുകയും എറണാകുളത്തെ മെത്രാപ്പോലീത്തന്‍ അതിരൂപതയായും മറ്റ് മൂന്നു രൂപതകളെ സാമന്ത രൂപതകളായും ക്രമീകരിച്ച് ഒരു പ്രോവിന്‍സും ഒരു ബിഷപ്സ് കോണ്‍ഫറന്‍സും ലത്തീന്‍ മാതൃകയില്‍ രൂപംകൊണ്ടു. കത്തോലിക്കാ സഭയുടെ പൊതുനിയമങ്ങളും സീറോമലബാര്‍ സഭയുടെ നിയമാനുസൃത ആചാരങ്ങളും പതിവുകളുമനുസരിച്ച് സഭാജീവിതം നയിക്കുക, സീറോമലബാര്‍ വിശ്വാസികുടെ ഇടയില്‍ കത്തോലിക്കാ സഭയുടെ ചട്ടങ്ങളും ക്രമങ്ങളും നടപ്പിലാക്കുക, വിശ്വാസവും ധാര്‍മ്മികതയും സ്ഥിരപ്പെടുത്തുക, പരിശുദ്ധ കന്യകാമാതാവിനോടുള്ള പ്രത്യേക ഭക്തി പരിപോഷിപ്പിക്കുക, വൈദികരോടും മെത്രാന്മാരോടും ശ്ലൈഹിക സിംഹാസനത്തോടും ആദരവ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പുതിയ ഭരണക്രമം രൂപവല്‍ക്കരിച്ചത്.

അര്‍ത്ഥവും പ്രസക്തിയും

സഭയില്‍ ഹയരാര്‍ക്കി അഥവാ അധികാരശ്രേണി (ഭരണക്രമം) ദൈവസ്ഥാപിതമാണ്. ഹയരാര്‍ക്കിക്കല്‍ ഘടനയുടെ അന്തഃസത്ത എന്തെന്നു സഭാപിതാവായ വിശുദ്ധ ഇരണേവൂസ് (എഡി 130-202) വ്യക്തമാക്കുന്നുണ്ട്. ശ്ലീഹന്മാരാല്‍ മെത്രന്മാരായി നിയമിക്കപ്പെട്ടവരും അവരുടെ പിന്തുടര്‍ച്ചക്കാരും വഴി നമ്മുടെ കാലംവരെ ശ്ലൈഹിക പാരമ്പര്യം ലോകം മഴുവന്‍ വെളിപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ മെത്രാന്മാര്‍ ദൈവത്തിന്‍റെ സ്ഥാനത്ത് അജഗണത്തിന്‍റെ മേലധ്യക്ഷന്മാരും ഇടയന്മാരുമായി സത്യത്തിന്‍റെ പ്രബോധകരും ദൈവരാധനയുടെ പുരോഹിതരും ഭരണ -പരിപാലനത്തിന്‍റെ നായകരുമെന്ന നിലയില്‍ വൈദികരുടെയും ഡീക്കന്മാരുടെയും സഹായത്തോടെ സമൂഹത്തിന്‍റെ ശുശ്രൂഷ ഏറ്റെടുത്തിരിക്കുന്നുڈ. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മെത്രാന്മാര്‍ ദൈവികനിയമനത്തില്‍ ശ്ലീഹന്മാരുടെ പിന്തുടര്‍ച്ചയുടെ പദവിയില്‍ സഭയുടെ ഇടയന്മാരാണ്. അവരെ അനുസരിക്കുന്നവര്‍ മിശിഹായെ അനുസരിക്കുന്നു. അവരെ നിഷേധിക്കുന്നവര്‍ മിശിഹായെയും അവനെ അയച്ചവനെയും നിഷേധിക്കുന്നു (ലൂക്ക 10:16).

ഈശോയുടെ പ്രേഷിത പ്രഭാഷണത്തില്‍ ശിഷ്യന്മാര്‍ ഈശോയുടെ പ്രതിനിധികളായി പരിഗണിക്കപ്പെടുന്നു. യഹൂദചിന്തയില്‍ ശ്ലീഹാ അഥവാ അയയ്ക്കപ്പെടുന്നവന്‍ അയച്ചവന്‍റെ പ്രതിനിധിയാണ്. അയച്ചവനെപ്പോലെ തന്നെ പരിഗണിക്കപ്പെടണം. അയച്ചവന്‍റെ അധികാരമാണ് അയയ്ക്കപ്പെട്ടവനുള്ളത്. ഈശോയുടെ രക്ഷാകര ദൗത്യത്തിന്‍റെ ഭാഗമായ പ്രബോധനങ്ങളും പ്രവൃത്തികളുമെല്ലാം, തന്നെ അയച്ച പിതാവിന്‍റെ നാമത്തിലാണ് അവിടുന്നു നിര്‍വ്വഹിച്ചത്. അതുപോലെ ക്രിസ്തുശിഷ്യന്മാരുടെ പ്രഘോഷണവും പ്രവൃത്തികളുമെല്ലാം തങ്ങളെ നിയോഗിച്ച് അയച്ച ഈശോയുടെ നാമത്തിലാണ് നിറവേറ്റിയത്. മേലുദ്ധരിച്ച തിരുവചനത്തില്‍ മൂന്നു കണ്ണികളുള്ള ശ്രേണിയാണ് വെളിപ്പെടുന്നത്. ഈശോ അയച്ച ശിഷ്യന്മാര്‍, അയയ്ക്കപ്പെട്ട ഈശോ, ഈശോയെ അയച്ച പിതാവ്. ആയതിനാല്‍ ഈശോയുടെ പ്രതിനിധികളായ പ്രേഷിതരുടെ (അയയ്ക്കപ്പെട്ടവരുടെ) സന്ദേശം സ്വീകരിക്കുയോ തിരസ്കരികിക്കുകയോ ചെയ്യുന്നവര്‍ ഈശോയുടെയും പിതാവായ ദൈവത്തിന്‍റെയും സന്ദേശം തന്നെയാണ് സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നത്.

സഭാത്മക വളര്‍ച്ച

പൂര്‍ണ്ണവളര്‍ച്ചയോ സ്വതന്ത്ര സ്ഥിതിസമത്വമോ ഇല്ലാതിരുന്ന വികാരിയത്ത് സമ്പ്രദായത്തില്‍ നിന്നു തുടങ്ങി ഏതാനും രൂപതകളും ഒരൊറ്റ പ്രോവിന്‍സുമായി വളര്‍ന്ന് ആദ്യം രണ്ട് പ്രോവിന്‍സുകളായി (എറണാകുളം, ചങ്ങനാശ്ശേരി) വിന്യസിക്കപ്പെട്ട മാര്‍തോമാ നസ്രാണി സമൂഹത്തിന് ഇപ്പോള്‍ അഞ്ച് പ്രോവിന്‍സുകളും (എറണാകുളം, ചങ്ങനാശ്ശേരി, കോട്ടയം, തൃശ്ശൂര്‍, തലശ്ശേരി) കേരളത്തിനകത്തും കേരളത്തിനു പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി 53 ലക്ഷത്തോളം വിശ്വാസികളും 35 രൂപതകളും ഇന്നുണ്ട്.

വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട് 1992-ല്‍ സ്വയാധികാര വ്യക്തിഗത മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി വളര്‍ന്നു. പിതാവും തലവനുമായി മേജര്‍ ആര്‍ച്ച് ബിഷപ്പും സഭാസിനഡും (സിനഡ് ഓഫ് ബിഷപ്സ്, പെര്‍മനന്‍റ് സിനഡ്, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി എന്നിവ) അടങ്ങുന്ന നൂതനമായ ഭരണസമ്പ്രദായം നിലവില്‍ വന്നു. പൗരസ്ത്യ പാരമ്പര്യമനുസരിച്ച് സഭാ ഭരണസംവിധാനത്തിന്‍റെ പൂര്‍ണ്ണത പാത്രിയാര്‍ക്കല്‍ ഭരണക്രമമാണെങ്കിലും അധികാരത്തിലും ഭരണരീതിയിലും മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയ്ക്ക് പദവിയില്‍ പാത്രിയാര്‍ക്കീസിനോടു തുല്യതയില്ലെങ്കിലും അധികാരങ്ങളും അവകാശങ്ങളും പാത്രിയാര്‍ക്കീസിനും മേജര്‍ ആര്‍ച്ചു ബിഷപ്പിനും ഒരുപോലെ തന്നെയാണ്. സഭാ സിനഡ് പാസാക്കുന്ന ആരാധനക്രമ നിയമങ്ങള്‍ ആ സഭയിലെ വിശ്വാസികള്‍ ലോകത്ത് എവിടെയായിരുന്നാലും അവര്‍ക്ക് ബാധകമാണ്. സിനഡ് പാസാക്കുന്ന മറ്റ് നിയമങ്ങളും തീരുമാനങ്ങളും മാര്‍പാപ്പ അംഗീകരിക്കുകയാണെങ്കില്‍ ലോകം മുഴവനിലും നിയമസാധുതയുണ്ടാകും. എന്നാല്‍ സഭാതിര്‍ത്തിക്കു പുറമെയുള്ള ഏതെങ്കിലും രൂപതാധ്യക്ഷന്‍ മാതൃസഭയിലെ സിനഡ് പാസാക്കിയ ഇതര നിയമങ്ങളില്‍ തന്‍റെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളെക്കുറിച്ചുള്ള നിയമങ്ങള്‍ മാത്രം രൂപതാ നിയമമായി അംഗീകരിച്ചു പ്രസിദ്ധീകരിച്ചു വിളംബരം ചെയ്താല്‍ ആ രൂപതയില്‍ മാത്രമേ അവയ്ക്കു നിയമസാധ്യത ഉണ്ടായിരിക്കുകയുള്ളൂ.

വെല്ലുവിളികളുടെ ശീതക്കാറ്റ്

സീറോമലബാര്‍ സഭയുടെ യഥാര്‍ഥ സ്വത്വവും വ്യക്തിത്വവും പൈതൃകവും പുനഃരുദ്ധരിക്കുകയും വീണ്ടെടുക്കുകയുമാണ് ഇന്നത്തെ വെല്ലുവിളി. ഒരു സഭയുടെ വ്യക്തിത്വം കേവലം വൈകാരികവും ബാഹ്യവുമായ ആചാരാനുഷഠാനങ്ങളില്‍ ഒതുങ്ങുന്നതല്ല. ആരാധനക്രമപരവും ദൈവശാസ്ത്രപരവും ആത്മികവും ഭരണപരവും ശിക്ഷണക്രമത്തില്‍ അധിഷ്ഠിതവും സാംസ്കാരികവും ചരിത്രപരവുമായ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ പൈതൃകത്തെ അതിന്‍റെ സമഗ്രതയില്‍ അറിയാനും അതില്‍ അഭിമാനിക്കാനും കഴിയണം.

നിയമാനുസൃതമായ പാരമ്പര്യങ്ങളെ വീണ്ടെടുക്കണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉത്ബോധിപ്പിക്കുന്നുണ്ട്. സ്വയംഭരണാവകാശമുള്ള സഭയുടെ അസ്തിത്വത്തെ അംഗീകരിക്കുകയും അതില്‍ വിശ്വസ്തത പുലര്‍ത്തുകയും വേണം. നൈസര്‍ഗ്ഗികമായി രൂപംകൊണ്ട് ജീവാത്കമായി വളരുകയും പക്വതയാര്‍ജ്ജിക്കുകയും വേണം. ചലനാത്കമായ സഭ, വികസനോന്മുഖമായി ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കാനുള്ള അവകാശവും ഉത്തരവാദിത്വവും വിവേചിച്ചറിഞ്ഞ് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കാനും സമയബന്ധിതയമായി ഫലപ്രദമായി നടപ്പിലാക്കാനും ശ്രമിക്കേണ്ടതുണ്ട് (പൗരസ്ത്യ സഭകള്‍:3).

സ്വത്വബോധവും ആധുനികതയും

സ്വയാധികാര സഭയുടെ അധികാര അവകാശങ്ങള്‍ സഭയുടെ സ്വഭാവത്തില്‍ അന്തര്‍ലീനമാണ്. മാര്‍ തോമാസ്ലീഹായില്‍ നിന്നു ലഭിച്ച വിശ്വാസത്തിനും ബോധ്യങ്ങള്‍ക്കുമനുസൃതമായി ജീവിതശൈലി -മാര്‍ത്തോമാ മാര്‍ഗ്ഗം -കൂട്ടായ്മയിലും കൂട്ടുത്തരവാദിത്വത്തിലും അധിഷ്ഠിതമായി (പുരാതന യോഗം) സഭാവിജ്ഞാനീയത്തിന്‍റെ മാനങ്ങള്‍ ജീവിതസാക്ഷ്യത്തില്‍ പ്രതിഫലിക്കണം.

വ്യക്തികള്‍ക്ക് സഭയിലെ അംഗമാകാം. എന്നാല്‍ വ്യക്തികള്‍ക്ക് സഭകളാകാന്‍ പറ്റില്ല. വ്യക്തികളുടെ ഗ്രൂപ്പുകള്‍ക്കോ സംഘടനകള്‍ക്കോ പ്രത്യേക സമിതികള്‍ക്ക് സഭാനിയമത്തില്‍ വിവക്ഷിക്കുന്ന സമൂഹമാകാനാകില്ല. നിയമാനുസൃതമായ കൈവയ്പ്പു ശുശ്രൂഷ വഴി അഭിഷിക്തരായ മാര്‍പാപ്പ, മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്മാര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാണ് സഭയിലെ അധികാരശ്രേണി. കൂടാതെ സഭയുടെ പരമോന്നത അധികാരിയായ റോമാ മെത്രാന്‍റെയൊ അല്ലെങ്കില്‍ അദ്ദേഹമുള്‍പ്പെട്ട സാര്‍വ്വത്രിക സൂന്നഹദോസിന്‍റെയോ അംഗീകരാം ഉണ്ടെങ്കില്‍ മാത്രമേ ഒരു സഭാസമൂഹത്തെ സ്വയാധികാര വ്യക്തിസഭയായി വിശേഷിപ്പിക്കാനും അംഗീകരിക്കാനും സാധിക്കൂ.

ആഗോള സീറോ മലബാര്‍ സഭ കത്തോലിക്കാ സഭാ കൂട്ടായ്മയിലെ (24 സ്വയാധികാര സഭകള്‍) നിര്‍ണ്ണായക ശക്തിയാണ്, സാന്നിധ്യമാണ്. അംഗസംഖ്യയിലും ദൈവവിളിയിലും പ്രേഷിതപ്രവര്‍ത്തനങ്ങളിലും പൈതൃകത്തിലും സമ്പന്നമായ സഭയുടെ പ്രതേക നിയമങ്ങള്‍ (15, നവംബര്‍ 2003) പ്രാബല്യത്തില്‍ വന്നിട്ട് രണ്ട് ദശകങ്ങള്‍ പിന്നിട്ടു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക സാഹചര്യങ്ങളെ കണക്കിലെടുത്തു പ്രത്യേക നിയമങ്ങളുടെ പുനഃരുദ്ധാരണവും പരിഷ്കരണവും ഇപ്പോള്‍ നടന്നുവരികയാണ്.

ഭരണപരവും അജപാലനപരവുമായ സംവിധാനങ്ങളിലൂടെ ആത്മീയവും മാനസികവുമായ മൂല്യങ്ങളെ കാലോചിതമായി സംരക്ഷിക്കാന്‍ ഇതു സഹായകമാകും. അപ്രകാരം പാത്രിയാര്‍ക്കല്‍ സഭയെന്ന സ്വപ്നം പൂവണിയാനും അതുവഴി സീറോമലബാര്‍ സഭയുടെ സ്വയംഭരണാവകാശം പൂര്‍ണ്ണമായി വീണ്ടെടുക്കാനും സാധിക്കുമെന്ന് പ്രത്യാശിക്കാം.

(കടപ്പാട്: കേരള സഭ മാസിക)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments