Wednesday, November 6, 2024
No menu items!
Homeനസ്രാണി പൈതൃകംമാര്‍തോമാ കുരിശ് മാനിക്കയിൻ മതത്തിൻ്റെ ഭാഗമോ?

മാര്‍തോമാ കുരിശ് മാനിക്കയിൻ മതത്തിൻ്റെ ഭാഗമോ?

ക്രൈസ്തവ ബോധ്യങ്ങളുടെയെല്ലാം ഉറവിടവും രക്ഷാകര സംഭവങ്ങളുടെ അടിസ്ഥാനവും “വിശുദ്ധ കുരിശാ”ണ് എന്നത് ആദിമസഭ മുതലുള്ള വിശ്വാസമാണ്. അതിനാൽ, അനുദിന ജീവിതത്തിൽ ഓരോ കാര്യം ചെയ്യുമ്പോഴും നെറ്റിയിൽ കുരിശു വരയ്ക്കുക എന്നത് ആദിമസഭ മുതല്‍ ക്രിസ്ത്യാനികളുടെ ശീലമായിരുന്നുവെന്നു സഭാ പിതാക്കന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. “എഴുന്നേല്‍ക്കുക, ഇരിക്കുക, കിടക്കുക, വിളക്കു കൊളുത്തുക, ഭക്ഷണം കഴിക്കുക എന്നീ സന്ദര്‍ഭങ്ങളില്‍ നെറ്റിയില്‍ ക്രൂശിതരൂപം വരയ്ക്കുന്ന രീതിയെക്കുറിച്ച് തെര്‍ത്തുല്യനും എഡി 215ല്‍ ഹിപ്പോളിറ്റസും എഴുതിയിട്ടുണ്ട്” *

ശാപത്തിന്‍റെയും പരാജയത്തിന്‍റെയും മരണത്തിൻ്റെയും അടയാളമായി കരുതിയിരുന്ന കുരിശ് ഈശോമശിഹായുടെ മരണ, പുനഃരുത്ഥാനത്തിലൂടെ വിജയത്തിന്‍റെയും രക്ഷയുടെയും അടയാളമായി. “കുരിശിൽ അവൻ ജയോത്സവം കൊണ്ടാടി” (കൊളോ 2:15).

ആദ്യത്തെ ഏതാനും നൂറ്റാണ്ടുകളില്‍ ക്രൈസ്തവസഭ അതിക്രൂരമായ മതപീഡനത്തിലൂടെ കടന്നുപോയതിനാല്‍ അവര്‍ കുരിശിനെ തങ്ങളുടെ വിശ്വാസത്തിൻ്റെ അടയാളമായി പരസ്യപ്പെടുത്തുവാന്‍ തയ്യാറായില്ല. എന്നാല്‍, സഭയ്ക്ക് രാജാക്കന്മാരില്‍നിന്നും ജനസമൂഹങ്ങളില്‍നിന്നും അംഗീകാരം ലഭിക്കുകയും ക്രിസ്തുവിശ്വാസ ജീവിതത്തിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തതോടെ കുരിശ് ക്രിസ്ത്യാനിത്വത്തിന്‍റെ പൊതുസ്വീകാര്യമായ അടയാളമായി മാറി.

ഓരോ ദേശങ്ങളിലും രൂപംകൊണ്ട സഭാസമൂഹങ്ങൾ തങ്ങള്‍ക്ക് ലഭ്യമായ വെളിപ്പാടുകളുടെയും സാംസ്കാരിക പശ്ചാത്തലങ്ങളുടെയും അടിസ്ഥാനത്തില്‍ കുരിശിന്‍റെ അര്‍ത്ഥത്തെയും അതിന്‍റെ ആകൃതിയേയും നിര്‍വ്വചിക്കുകയും ചെയ്തു. ഇതിന്‍റെ ഫലമായി ലോകത്തില്‍ എല്ലാ പൗരാണിക സഭകള്‍ക്കും തങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ആകൃതിയിലുള്ള കുരിശുകള്‍ ഉണ്ടായി. പ്ലെയിന്‍ ക്രോസ്, സെന്‍റ് ജോര്‍ജ് ക്രോസ്, റഷ്യന്‍ ക്രോസ്, സെന്‍റ് പീറ്റേര്‍സ് ക്രോസ്, പാപ്പല്‍ ക്രോസ്, കാര്‍ഡിനല്‍ ക്രോസ്, സെന്‍റ് ആന്‍ഡ്രൂസ് ക്രോസ്, ക്ലെക്ടിക് ക്രോസ്, കാല്‍വരി ക്രോസ്, ആംഗ്ലിക്കൻ ക്രോസ്, അർമീനിയൻ ക്രോസ്, കാൻ്റർബറി ക്രോസ്, കോപ്ടിക് ക്രോസ്… ഇക്കൂട്ടത്തിൽ ഒന്നായി കണക്കാക്കാൻ കഴിയുന്നതാണ് മാര്‍ തോമാ സ്ലീഹാ സ്ഥാപിച്ച സഭ എന്ന ഖ്യാതിയുള്ള ഭാരതസഭയുടെ “മാര്‍തോമാ സ്ലീവാ” (St Thomas Cross) എന്ന് അറിയപ്പെടുന്ന കുരിശ്.

സീറോമലബാര്‍ സഭയുടെ പ്രതീകമായ സ്വീകരിച്ചിരിക്കുന്ന മാര്‍തോമാ കുരിശിനെ “മാനിക്കയിന്‍ കുരിശ്” എന്നു വിളിച്ച് ആക്ഷേപിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. മാനിക്കയിസം എന്താണെന്നോ മാര്‍തോമാ കുരിശിന് സുറിയാനി സഭയുമായുള്ള ആത്മബന്ധം എന്താണെന്നോ, ഈ കുരിശിൽ പ്രകടമാകുന്ന പ്രതീകങ്ങളുടെ ദൈവവചന സാരങ്ങൾ മനസ്സിലാക്കാനോ ഇക്കൂട്ടര്‍ ശ്രമിക്കാറില്ല. മാനിക്കയിസത്തോടുള്ള ഇവരുടെ അനുകമ്പയും സുറിയാനി സഭാ വിശ്വാസത്തോടുള്ള ഇവരുടെ വെറുപ്പുമാണ് മാര്‍തോമാ കുരിശിനെതിരേ ഇവര്‍ ഉയര്‍ത്തുന്ന എല്ലാ ആരോപണങ്ങൾക്കും അടിസ്ഥാനം.

“ഇന്ത്യയിലെ പുരാതന ക്രൈസ്തവര്‍ പല തരത്തിലുള്ള കുരിശുകള്‍ ഉപയോഗിച്ചിരുന്നു. വടക്കുപടിഞ്ഞാറ് ഇന്ത്യയില്‍ ഒരു ക്രിസ്തീയ സഭയ്ക്ക് മാര്‍തോമ്മാ സ്ലീഹാ രൂപം നല്‍കിയിരുന്നു എന്നത് ഇപ്പോള്‍ തര്‍ക്കവിഷയം അല്ല. അവിടെ തക്ഷശിലയില്‍ നിന്ന് ഒരു കുരിശ് കണ്ടെടുത്തു. തണ്ടുകള്‍ക്ക് തുല്യനീളം, മേലറ്റത്ത് ഒരു ദ്വാരം, ചരടിലിണക്കി കഴുത്തില്‍ ധരിക്കാം. പല്ലവിക്കുരിശിനും തണ്ടുകള്‍ തുല്യനീളം ഉള്ളവയാണ്. അവയുടെ ഓരോന്നിന്‍റെയും അറ്റത്ത് ഇങ്ങനെ ക്ലാവര്‍ (♣️)പോലെ ഒരു അലങ്കാരം. ചുവട്ടില്‍ ലതാമഞ്ജരി. ഈ ലതകള്‍ അധോമുഖമായിരുന്നു ആദ്യം. പിന്നെ രണ്ട് സമാന്തര ലതകളായി. മൂന്നാം ഘട്ടം ചുവട്ടില്‍നിന്ന് ഇരുവശങ്ങളിലുമായി മേലോട്ട് ഉയര്‍ന്നു നില്‍ക്കുന്ന തണ്ടും ഇലകളും. “മലങ്കര കുരിശ്” (☦️)

ഇപ്രകാരമാണ്. ഏറ്റവും മുകളില്‍ ഉള്ളത് പീലാത്തോസ് വച്ച ജിംപ്സം ബോര്‍ഡിന്‍റെ പ്രതീകം. “ഉജ്ജയിന്‍ കുരിശി”ന്‍റെ തണ്ടുകള്‍ക്കം തുല്യനീളം. അറ്റത്ത് അര്‍ധഗോളങ്ങള്‍. “രാജാക്കുരിശ്” പല്ലവിക്കുരിശൂ പോലെ തന്നെ. എന്നാല്‍ രണ്ട് കിളികള്‍ പാറ്റിബൂലത്തിലും രണ്ട് മത്സ്യങ്ങള്‍ ഇരുവശങ്ങളിലും കാണുന്നു. കിളികളും മത്സ്യങ്ങളും വിപരീതദിശകളിലേക്കാണ് ലാക്കാക്കുന്നത്” (വേദശബ്ദ രത്നാകരം, പേജ് 205, ഡി ബാബു പോള്‍)

കേരളത്തില്‍ തന്നെ ആലങ്ങാട്ടും കടമറ്റത്തും മുട്ടുചിറയിലും കോതനല്ലൂരം കോട്ടയത്തും മാർതോമാ കുരിശിന് സമാനമായ ആകൃതിയുള്ള കുരിശുകളുണ്ട്. ഇന്ത്യയ്ക്ക് വെളിയില്‍ മലേഷ്യ, മലാക്ക, ബര്‍മ, ചൈനയിലും ശ്രീലങ്കയിലും ഇത്തരം കുരിശുകള്‍ കണ്ടെത്തിയിട്ടുണ്ട് (സീറോ മലബാര്‍ മാര്‍ഗ്ഗം, ഒക്ടോബര്‍ 23, 2011, ചിത്രങ്ങൾ കമൻ്റ് ബോക്സിൽ). കേരളത്തില്‍ കോട്ടയം വലിയ പള്ളിയിലെ രണ്ട് സ്ലീവാകളും ആലങ്ങാട് സ്ലീവായും കടമറ്റം സ്ലീവായും കോതാനല്ലൂര്‍ സ്ലീവായും മുട്ടുചിറ സ്ലീവായും ഗോവയിലെ സ്ലീവായും എല്ലാം എ.ഡി മൂന്നാം നൂറ്റാണ്ടുമുതല്‍ നിലനില്‍ക്കുന്നത് എന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടവയാണ്. ഇവയെല്ലാം സീറോമലബാര്‍ സഭയുടെ പ്രതീകമായ മാര്‍തോമാ കുരിശു തന്നെയാണ് എന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകും.

മൈലാപ്പൂരില്‍ തോമാസ്ലീഹാ കബറടക്കപ്പെട്ടു എന്നത് മാര്‍തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യ വിശ്വാസമാണ്. 1547ല്‍ മൈലാപ്പൂരില്‍ പെരിയമലയിലെ നശിച്ചുകിടന്നിരുന്ന പള്ളിയുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇന്ന് സീറോ മലബാര്‍ സഭയുടെ അടയാളമായ മാര്‍തോമാ കുരിശ് കണ്ടെടുക്കുന്നത്. ഇതിന്‍റെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്, മാര്‍തോമാ പാരമ്പര്യ വിശ്വാസങ്ങളില്‍നിന്നും ഭാരതസഭയെ വിമോചിപ്പിക്കണമെന്ന് ഏറെ വാശിയോടെ പ്രവർത്തിച്ച പോര്‍ച്ചുഗീസുകാരുമായിരുന്നു എന്നതും ശ്രദ്ധേയമാണ്. മാര്‍തോമാ കുരിശിന്‍റെ അപ്പൊസ്തൊലിക പ്രാധാന്യം തിരിച്ചറിഞ്ഞ പോര്‍ച്ചുഗീസുകാരാണ് ഈ കുരിശിനെ മൈലാപ്പൂരിലെ പെരിയമലപ്പള്ളിയിലെ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്നത്.

മാര്‍തോമാ കുരിശിനെ മാനിക്കയന്‍ കുരിശ്, ക്ലാവര്‍ കുരിശ്, താമരക്കുരിശ് എന്നൊക്കെ വിളച്ച് ജോസഫ് പുലിക്കുന്നന്‍റെ നേതൃത്വത്തിലാണ് ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ കുരിശുകളുടെ ചരിത്രവും ദൈവശാസ്ത്രവും പരിശോധിച്ചാല്‍ മാര്‍തോമാ കുരിശുപോലെ ദൈവശാസ്ത്രപരമായി ഇത്രമേല്‍ കൃത്യതയാര്‍ന്ന ഒരു കുരിശ് ക്രൈസ്തവ ലോകത്ത് വേറേ ഉണ്ടാകില്ല. കുരിശിനു മുകളില്‍ പറന്നിറങ്ങി നില്‍ക്കുന്ന പ്രാവിന്‍റെ ചിത്രമാണ് ഇതിനേ മാനിക്കയിന്‍ കുരിശ് എന്ന് വിളിക്കാന്‍ കാരണമായത്. താന്‍ പരിശുദ്ധാത്മാവിന്‍റെ അവതാരമാണ് എന്നായിരുന്നല്ലോ മാനി അവകാശപ്പെട്ടത്. സുറിയാനി സഭയുടെ ഭാഗമായി കേരളത്തിലുള്ള എല്ലാ പൗരാണിക ദേവാലയങ്ങളിലെയും കുരിശുകളില്‍ പറന്നിറങ്ങുന്ന പ്രാവിന്‍റെ രൂപം കാണാന്‍ കഴിയും. എന്നാല്‍, ചരിത്രത്തില്‍ എവിടെയും ഭാരതസുറിയാനി സഭയുടെ മാനിക്കയിന്‍ ബന്ധം സ്ഥാപിക്ക‌ൻ ഈ പ്രാവിന്‍റെ ചിത്രമല്ലാതെ മറ്റൊന്നും കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.

യോര്‍ദ്ദാനിലെ സ്നാനസമയത്ത് പ്രാവിന്‍റെ രൂപത്തില്‍ ഈശോമശിഹായില്‍ പറന്നിറങ്ങിയ ദൈവാത്മാവിനെയാണ് മാര്‍തോമാ കുരിശിലെ പ്രാവിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രാവിന്‍റെ ചിത്രത്തിന് ഇതിലേറെ അര്‍ത്ഥമുണ്ട്. പുതിയനിമയത്തില്‍ 24 ഇടങ്ങളില്‍ എങ്കിലും “ദൈവം യേശുക്രിസ്തുവിനെ ഉയര്‍പ്പിച്ചു” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റോമാ ലേഖനം 8:11 ല്‍ മാത്രമാണ് ദൈവം പരിശുദ്ധാത്മാവിലൂടെയാണ് യേശുവിനെ ഉയര്‍പ്പിച്ചത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവിലൂടെ ഈശോമശിഹാ ഉയര്‍പ്പിക്കപ്പെട്ടു, അവനെ ഇനി കുരിശിൽ കാണില്ല എന്നതാണ് കുരിശിനു മുകളില്‍ കാണപ്പെടുന്ന പ്രാവിലൂടെ മാര്‍തോമാ കുരിശ് ചിത്രീകരിക്കുന്നത്.

മാര്‍തോമാ കുരിശില്‍ ക്ലാവര്‍ രൂപത്തില്‍ പ്രതീകവല്‍ക്കരിച്ചിരിക്കുന്നത് ഒരു വൃക്ഷത്തേയാണ്. ഏദെനില്‍ ആദാമിന് പ്രലോഭനം ഉയര്‍ത്തിയ വൃക്ഷത്തിലൂടെ മനുഷ്യന്‍ ദൈവസന്നനിധിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനാൽ ശാപത്തിന്‍റെ പ്രതീകമായി മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവന്‍ (നിയ 21:23, ഗലാ 3:13) എന്ന് വചനത്തിൽ വായിക്കുന്നു. ദൈവപുത്രന്‍ കുരിശില്‍ ചിന്തിയ രക്തത്തിലൂടെ മനുഷ്യന് രക്ഷ കൈവന്നു (കൊളോ 1:20). ക്രിസ്തുവിന്‍റെ കുരിശില്‍ പ്രശംസിക്കുന്ന പൗലോസ് സ്ലീഹായെ നാം കാണുന്നു (ഗലാ 6:14). ആദത്തിന്‍റെ വീഴ്ചയ്ക്കു ഹേതുവായതും പിന്നീട് മാനവരക്ഷയുടെ പ്രതീകവുമായ വൃക്ഷത്തെയാണ് ക്ലാവര്‍ രൂപത്തില്‍ കുരിശിന്‍റെ നാലുകോണുകളിലും ചിത്രീകരിച്ചിരിക്കുന്നത്.

താന്‍ പരിശുദ്ധാത്മാവ് ആണെന്നായിരുന്നു മാനിയുടെ പ്രചാരണം. ഈയൊരു വാദമുന്നയിച്ച് മനുഷ്യവഞ്ചകനായി രംഗത്തുവന്ന മാനിയെ അയാളുടെ കാലഘട്ടത്തിലുള്ള സഭാപിതാക്കന്മാര്‍ നിശിതമായി വിമര്‍ശിക്കുകയും അയാളുടെ വാദങ്ങളെ ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്.

മാനിക്കയിസത്തിന്‍റെ സ്ഥാപകനായ മാനി ക്രിസ്തുവര്‍ഷം 216ല്‍ ഇറാനില്‍ ജനിക്കുകയും 274ല്‍ കൊല്ലപ്പെടുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. മാനിയെക്കുറിച്ചും മാനിക്കയിസത്തെക്കുറിച്ചും വളരെ ആധികാരികമായി പ്രതിപാദിച്ചിരിക്കുന്ന ഒരു സഭാ പിതാവാണ് ജെറുസലേമിലെ സിറില്‍ (എഡി 313-386). അദ്ദേഹത്തിന്‍റെ മതബോധനപ്രസംഗങ്ങളില്‍ ആറാം പ്രസംഗംത്തില്‍ “ദൈവത്തിന്‍റെ ഏകത്വം” എന്ന വിഷയം പ്രതിപാദിക്കുമ്പോള്‍ അക്കാലത്തെ ദൈവദൂഷണമായി നിലനിന്നിരുന്ന മാനിക്കയിസത്തെയും മാനിയെയും കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ പ്രസംഗത്തില്‍ അദ്ദേഹം എടുത്തു പറയുന്നത് “മാനി ക്രിസ്ത്യാനി അല്ല” എന്നാണ്.

മാനിക്കയിന്‍ ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന ഒരു വ്യാജം നോക്കുക: സ്വര്‍ഗ്ഗത്തില്‍ ഒരു യുവസുന്ദരനും സുന്ദരിയും ഉണ്ടത്രെ, കഴുതകളെപ്പോലെയും ചെന്നായ്ക്കളേപ്പെലോയെം അവര്‍ക്ക് അധമവികാര കാലമുണ്ടത്രെ. തണുപ്പുകാലത്ത് അവന്‍ ഭ്രാന്തുപിടിച്ച് ആ യുവതിയുടെ പുറകെ ഓടുമത്രെ. എന്നാല്‍ അവള്‍ ഓടിക്കളയുന്നു. അവന്‍ അവളുടെ പുറകേ ഓടുന്നു. ആ ഓട്ടത്തില്‍ അവന്‍ വിയര്‍ക്കുന്നു. അവന്‍റെ വിയര്‍പ്പില്‍നിന്നാണ് മഴയുണ്ടാകുന്നത്. ഇതൊക്കെ മാനിക്കയിന്‍ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ട് -ജെറുസലേമിലെ സിറില്‍ വിവരിക്കുന്നു.

മാനിയുടെ അന്ത്യത്തെക്കുറിച്ച് ജെറുസലേമിലെ സിറില്‍ വിവരിക്കുന്നത് നോക്കുക: നുണപറഞ്ഞതിനും ഓടിപ്പോയതിനും രാജാവ് അവനെ കുറ്റപ്പെടുത്തി, അവന്‍റെ അടിമാവസ്ഥയെപ്പറ്റി അവനെ താറടിച്ചു, തന്‍റെ മകന്‍റെ മരണത്തിന് ഉത്തരവാദിയായ അവനെ കുറ്റപ്പെടുത്തി. ജയില്‍വാര്‍ഡന്മാരുടെ രക്തത്തിന് അവന്‍റെ മേല്‍ കുറ്റം ചുമത്തി. പേര്‍ഷ്യക്കാരുടെ രീതി അനുസരിച്ച് മാനിയെ അടിക്കാന്‍ കല്‍പ്പിച്ചു. ദുഷ്ടാരൂപിയെ പൊതിഞ്ഞിരുന്ന അവന്‍റെ തൊലി ഉരിഞ്ഞ് ചാക്കുപോലെ ഗേറ്റിനു മുന്നില്‍ തൂക്കിയിട്ടു. അവന്‍റെ മാംസം വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്‍കി. പാറക്ലേത്താ എന്നു സ്വയം വിളിക്കുകയും ഭാവികാര്യങ്ങളഅ അറിയാമെന്ന് വീമ്പടിക്കുകയും ചെയ്തവന് തന്‍റെ ഒളിച്ചോട്ടവും പിടികൂടലും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. (ആറാം പ്രസംഗം പേജ് 108).

“മാനിക്ക് മൂന്നു ശിഷ്യന്മാരുണ്ട്. തോമസ്, ബദ്ദാസ്, ഹെര്‍മാസ്. ആരും തോമസിന്‍റെ സുവിശേഷം വായിക്കാതിരിക്കട്ടെ, കാരണം അത് പന്ത്രണ്ട് ശ്ലീഹന്മാരില്‍ ആരും എഴുതിയതല്ല, പിന്നെയോ മാനിയുടെ ദുഷ്ടശിഷ്യന്മാരില്‍ ഒരാള്‍ എഴുതിയതാണ്”. (ആറാം പ്രസംഗം, പേജ് 109)

മാനിക്കയിസം രൂപപ്പെട്ടതുമുതല്‍ അതിന്‍റെ ഓരോ പാഷണ്ഡ പ്രസ്താവനകളെയും വ്യക്തമായി ആക്കാലത്തെ സഭ മനസ്സിലാക്കുകയും വിശ്വാസികളെ പ്രബോധിപ്പിക്കുകയും ചെയ്തതിന്‍റെ തെളിവുകളാണ് ഇവയൊക്കെ.

ജെറുസലേമിലെ മാര്‍ സിറിലിന്‍റെ ഈ പ്രസ്താവന, മാനിക്കയിസത്തേക്കുറിച്ച് ആഗോള ക്രൈസ്തവസഭ പിന്‍പറ്റിയ ക്രിസ്തീയ അവബോധമായിരുന്നു. മാനിയെയും അയാള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങൾ പൈശാചികവും പാഷണ്ഡികവും മ്ലേഛകരവുമായിരുന്നു. ഈ വസ്തുത മാനിയുടെ ജന്മദേശത്ത് വ്യാപിച്ചുകൊണ്ടിരുന്ന പൗരസ്ത്യ ക്രൈസ്തവ സഭകളും തിരിച്ചറിഞ്ഞിരുന്നു. മാനിക്കയിസത്തിന്‍റെ സ്വാധീനമായിരുന്നു ഭാരതത്തിലെ സുറിയാനി സഭകളിലെങ്കില്‍ മാനിക്കയിസത്തിലെ നിരവധി പാഷണ്ഡവാദങ്ങള്‍ ഇവിടെ കാണുമായിരുന്നു. എന്നാല്‍, കിഴക്കന്‍, പൗരസ്ത്യ സഭകളുടെ എക്കാലത്തേയും ദൈവശാസ്ത്ര ബോധ്യങ്ങളില്‍ അധിഷ്ഠിതമായി രൂപപ്പെട്ടതായിരുന്നു ഭാരതസഭ, അതിനാല്‍, മാനിക്കയിന്‍ അന്ധവിശ്വാസങ്ങളുടെ ഒരു ലാഞ്ജനപോലും ഭാരതസുറിയാനി സഭകളുടെ ക്രിസ്തുവിജ്ഞാനീയത്തില്‍ എവിടെയും കാണപ്പെടുന്നില്ല.

തോമാസ്ലീഹായുടെ ഭാരതത്തിലെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൗരസ്ത്യസഭ വ്യക്തമായി അറിയുകയും അവരുടെ അപ്പൊസ്തൊലിക ഇടപെടലുകള്‍ കാലാകാലങ്ങളില്‍ ഇവിടെ ലഭ്യമാവുകയും ചെയ്തിരുന്നു. ഇതിന് മറ്റൊരു തെളിവായി മാര്‍ അപ്രേം പിതാവിന്‍റെ “തോമായേ നീ അനുഗ്രഹീതനാകുന്നു” എന്ന ഗാനം വളരെ പ്രസിദ്ധമാണ്. തോമാസ്ലീഹായുടെ പൂജ്യാവശിഷ്ടങ്ങള്‍ എഡേസയിലേക്ക് മാറ്റിയതിനേക്കുറിച്ചാണ് മാര്‍ അപ്രേം 17 പാദങ്ങളുള്ള ഈ ഗാനം എഴുതിയത് എന്നാണ് വിദ്വാന്‍ ഫാ ജോണ്‍ കുന്നപ്പള്ളിയുടെ ”മാര്‍ അപ്രേം മല്‍പ്പാന്‍” (പേജ് 249-51) വ്യക്തമാക്കുന്നത്. കൂടാതെ, മാര്‍ അപ്രേമിന്‍റെ മരണപത്രികയിലെ 104-ാം പാദത്തിലും പാഷണ്ഡവാദികളായ ആരിയൂസ്, മാനി, ഖത്താരി, മര്‍ക്കിയോന്‍, എവുനോമിയോസ്, ബര്‍ദെയ്സ, ഖൂഖായര്‍, അപ്പോളിനീസ്, വിത്താലി, ബര്‍ബറോസ് എന്നിവരെ പേരെടുത്ത് പറയുന്നുണ്ട്. “എന്‍റെ ശിഷ്യന്മാരേ, എന്‍റെ പ്രബോധനത്തില്‍ ഉറച്ചുനില്‍ക്കുവന്‍, എന്‍റെ വിശ്വാസത്തില്‍നിന്ന് നിങ്ങള്‍ അകന്നു പോകരുത്” (ഗീതം 111).

മാനിക്കയിസത്തെ സുറിയാനി സഭകളുമായി ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുകയേയുള്ളൂ. മണവാട്ടി സഭ, നാശത്തേയും മരണത്തേയും അവള്‍ അവഗണിക്കുന്നു. അജയ്യമായ ശക്തിയാല്‍ മരണത്തെ തകര്‍ത്ത സ്ലീവാ അവളില്‍ സ്ഥാപിതമായിരിക്കുന്നു

(മാര്‍ അപ്രേം മല്‍പ്പാന്‍, മാര്‍ അപ്രേമിന്‍റെ ദൈവശാസ്ത്രം, തിരുസ്സഭ പേജ് 120)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments