പത്രോസും പൗലോസും ജൂണ്‍ 29-ന്, ഒരേ ദിവസം റോമില്‍ രക്തസാക്ഷികളായി എന്ന് സഭാപിതാവായ ജെറോം ആണ് ആദ്യമായി അഭിപ്രായപ്പെട്ടത്.
പത്രോസ് അന്ത്യോഖ്യയില്‍ സിംഹാസനം സ്ഥാപിച്ചു എന്നാണ് സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാരമ്പര്യവിശ്വാസം. ഇതേ സഭയുടെ പാരമ്പര്യവിശ്വാസത്തില്‍ പറയുന്നത്, പത്രോസ് റോമിലേക്കു പോയി അവിടെ രക്തസാക്ഷിത്വം വരിച്ചു എന്നാണ്.
പൗലോസിന്‍റെ മൂന്നാം മിഷനറി യാത്രയുടെ അന്ത്യം സംഭവബഹുലമായിരുന്നു. യഹൂദര്‍ പൗലോസിനെ തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായി കണ്ടു. ഒടുവില്‍ അദ്ദേഹം റോമില്‍സീസറേ അഭയംപ്രാപിക്കുന്നു. അങ്ങനെ റോമിലെത്തിയ പൗലോസ് നീറോയുടെ പീഡനകാലത്ത് പിടിക്കപ്പെട്ടു, എഡി 67ല്‍ വധിക്കപ്പെട്ടു.
പത്രോസിനെ തലകീഴായി കുരിശില്‍ തറച്ചുകൊന്നുവെന്നും പൗലോസിനെ ശിരഛേദം ചെയ്തുവെന്നുമാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.
പന്തക്കുസ്താ ദിനത്തിലെ പത്രോസിൻ്റെ പ്രസംഗവും അന്ത്യോഖ്യയിലെ പൗലോസിൻ്റെ പ്രസംഗവും ഇരുവരുടെയും അപ്പോസ്തൊല കാലഘട്ടത്തിലെ പ്രധാന ശുശ്രൂഷകളായി കണക്കാക്കുന്നു.
എഴുത്തുകാരന്‍ എന്നതിനേക്കാള്‍ പ്രസംഗി എന്ന നിലയിലായിരുന്നു പത്രോസ് സഭയില്‍ അറിയപ്പെട്ടത്. പന്തക്കുസ്തായിലെ പത്രോസിൻ്റെ പ്രസംഗം മുതല്‍ സുവിശേഷീകരണത്തിന് പ്രധാന മാധ്യമമായി പ്രസംഗത്തേ ഇന്നും കണക്കാക്കുന്നു. എന്നാല്‍, തന്‍റെ ആശയങ്ങള്‍ അതിശക്തമായി എഴുതി അവതരിപ്പിക്കാനായിരുന്നു പൗലോസിന്കൃപ ലഭിച്ചത്. ഈ രണ്ട് ശിഷ്യന്മാരേയും ഒന്നുകില്‍ എതിര്‍ക്കുകയോ അല്ലെങ്കില്‍ അനുകൂലിക്കകുയോ അല്ലാതെ അവഗണിക്കുക അസാധ്യമായിരുന്നു.
യേശുവിനോടൊത്തു കഴിച്ചുകൂട്ടിയ നാളുകളെ അടിസ്ഥാനമാക്കി പത്രോസ് രക്ഷാകരസംഭവങ്ങളെ മനസ്സിലാക്കി. എന്നാല്‍ ക്രിസ്തുവിനെ നേരിട്ടുകണ്ട “ദമാസ്ക്കസ് അനുഭവം” പൗലോസിനെ ജീവിതാന്ത്യംവരെ രക്ഷാസുവിശേഷത്തിൻ്റെ പ്രചാരകനാക്കി മുന്നോട്ടു നയിച്ചു.
ദൈവരാജ്യത്തിന്‍റെ താക്കോലുകള്‍ ഈശോമശിഹാ പത്രോസിനെ ഏല്‍പ്പിച്ചു. എന്നാൽ പൗലോസിനെ മൂന്നാം സ്വര്‍ഗ്ഗംവരെ ഉയര്‍ത്തുകയും രക്ഷാകര ജീവിതത്തിൻ്റെ അനന്തരഫലങ്ങൾ കാണിക്കുകയും ചെയ്തു.
എന്‍റെ കുഞ്ഞാടുകളെ പരിപാലിക്കുക എന്നതായിരുന്നു പത്രോസിന് ലഭിച്ച നിയോഗമെങ്കില്‍ ക്രിസ്തുവിൻ്റെ കുഞ്ഞാടുകളെ പഠിപ്പിക്കുവാനായിരുന്നു പൗലോസ് വിളിക്കപ്പെട്ടത്.
സഭ പുറജാതികളെ ഉള്‍ക്കൊള്ളുന്ന പ്രഥമ ദിനത്തിന് കൊര്‍ണല്യോസിന്‍റെ ഭവനത്തിൽ പത്രോസ് കാര്‍മ്മികനായി നില്‍ക്കുന്നുവെങ്കിൽ പുറജാതിക്കാരുടെ സുവിശേഷകനാകാന്‍ വിളിക്കപ്പെട്ടവന്‍ ആയിരുന്നു പൗലോസ്.
പത്രോസും പൗലോസും റോമില്‍ പ്രസംഗിക്കുകയും സഭയ്ക്ക് അടിസ്ഥാനമിടുകയും ചെയ്തു എന്നുള്ള ചരിത്രരേഖ കാണുന്നത് സഭാപിതാവായ ഐറേണിയസിന്‍റെ എഴുത്തിലാണ്.
പത്രോസിന്‍റെ ഒന്നാം സ്ഥാനത്തെക്കുറിച്ച് പൗലോസിനോ പൗലോസിന്‍റെ ബൗദ്ധിക ഔന്നത്യത്തെക്കുറിച്ച് പത്രോസിനോ (2 പത്രോസ് 3:16) സംശയം ഉണ്ടായിരുന്നില്ല.
സഹനത്തിലൂടെ രക്ഷ സാധിക്കുന്ന മശിഹാ എന്നത് പുതിയനിയമത്തിൽ പത്രോസ് അവതരിപ്പിച്ച ഒരു പുതിയ ആശയം ആയിരുന്നു. ഏശയ്യാ പ്രവചനത്തിലും ഇസ്രായേലിന്‍റെ ചരിത്രത്തിലും സൂചിപ്പിക്കപ്പെടുന്ന മശിഹാ ഇവന്‍ തന്നെ എന്നു തിരുവെഴുത്തുകള്‍ ഉദ്ധരിച്ച് തെളിയിക്കാന്‍ കഴിയുന്ന വചനജ്ഞാനം പത്രോസിനുണ്ടായിരുന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തെ ഏറ്റുവാങ്ങി അതിനെ മോക്ഷമായി രൂപാന്തരപ്പെടുത്തിയത് യേശുവിന്‍റെ കുരിശും അതിലെ സഹനവും ആയിരുന്നു എന്ന് പൗലോസും മനസ്സിലാക്കി.
നിങ്ങൾ ലോകത്തിൻ്റെ പ്രകാശമാകുന്നു എന്ന ക്രിസ്തുമൊഴികളുടെ സാക്ഷാത്കാരമായി പത്രോസ് പൗലോസ് ശ്ലീഹന്മാർ സഭയിലും അതിലൂടെ ലോകത്തിലും പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്നു.
ഇരുവരും നല്ല പോരാട്ടം നടത്തി, ഓട്ടം പൂര്‍ത്തിയാക്കി, വിശ്വാസം സംരക്ഷിച്ചു, നീതിയുടെ കിരീടത്തിനായി യാത്രയായി.
“വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച പത്രോസ് പൗലോസ് ശ്ലീഹന്മാരെപ്പോലെ എല്ലാറ്റിലും ഉപരിയായി അങ്ങയെ സ്നേഹിക്കാനും അങ്ങേക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കാനും ഞങ്ങളെ ശക്തരാക്കണമെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു” (സീറോ മലബാർ തക്സാ)