Wednesday, November 6, 2024
No menu items!
Homeസീറോ മലബാർ സഭ"ദേവാലയത്തില്‍ സഞ്ചരിച്ച പാദങ്ങള്‍ പ്രകാശത്തിന്‍റെ സ്ഥലത്ത് സഞ്ചരിക്കാന്‍ ഇടയാകട്ടെ" മാര്‍ ജോസഫ് സ്രാമ്പിക്കല്‍

“ദേവാലയത്തില്‍ സഞ്ചരിച്ച പാദങ്ങള്‍ പ്രകാശത്തിന്‍റെ സ്ഥലത്ത് സഞ്ചരിക്കാന്‍ ഇടയാകട്ടെ” മാര്‍ ജോസഫ് സ്രാമ്പിക്കല്‍

അന്ത്യവിധിക്കു ശേഷമുള്ള പരിശുദ്ധ സഭയില്‍ ഉണ്ടായിരിക്കുക എന്നതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമെന്ന് സീറോമലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍റെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഇംഗ്ലണ്ടില്‍ യോര്‍ക്ഷിയറിൽ സീറോമലബാര്‍ വിശ്വാസികള്‍ വാങ്ങിയ ലീഡ്സ് സെന്‍റ് മേരീസ് ആന്‍ഡ് സെന്‍റ് വില്‍ഫ്രഡ് ആരാധനാലയത്തിന്‍റെ ഇടവക പ്രഖ്യാപനം നടത്തി അര്‍പ്പിച്ച ദിവ്യബലിയില്‍ മുഖ്യസന്ദേശം നല്‍കുകയായുരുന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

ഇന്നു മുതല്‍ ആരംഭിക്കുന്ന മംഗളവാര്‍ത്താ കാലം അവസാനിക്കുന്നത് പള്ളിക്കൂദാശാ കാലത്തിലാണ്. മണവാട്ടിയും പരിശുദ്ധയും ക്രിസ്തുവിന്‍റെ ശരീരവുമായ അന്ത്യവിധിക്കു ശേഷമുള്ള തിരുസ്സഭയെ പിതാവിന് പുത്രന്‍ സമര്‍പ്പിക്കുന്നതാണ് പള്ളിക്കൂദാശാ കാലം വിളിച്ചറിയിക്കുന്നത്. ദൈവഹിതപ്രകാരം ദൈവവചനമനുസരിച്ച് ജീവിക്കുന്നവരുടെ കൂട്ടായ്മയാണ് തിരുസ്സഭ. ദേവാലയത്തില്‍ സഞ്ചരിച്ച പാദങ്ങള്‍ പ്രകാശത്തിന്‍റെ സ്ഥലത്ത് സഞ്ചരിക്കാന്‍ ഇടയാകട്ടെ എന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. നമ്മുടെ രൂപതയില്‍ അറുപതിനായിരത്തോളം അംഗങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ലക്ഷ്യത്തിലേക്ക് നാം എത്രപേര്‍ എത്തിച്ചേരും എന്നതാണ് പരമപ്രധാനമായ കാര്യം.

തിരുവചനത്തില്‍നിന്ന് നാം പ്രസംഗം കേള്‍ക്കുമ്പോള്‍ ദൈവവചനം നമ്മെ കഴുകുയാണ്. വചനം നമ്മെ കഴുകുന്നില്ലെങ്കില്‍, നമുക്ക് ഈശോമശിഹായോടുകൂടെ പങ്കുണ്ടാവുകയില്ല. മാര്‍പാപ്പയോ മെത്രാപ്പോലീത്തായോ മെത്രാനോ സമര്‍പ്പിതനോ ഈ ലോകത്തിലെ ആരുമാകട്ടെ, വചനം നമ്മെ കഴുകുന്നില്ലെങ്കില്‍ അന്ത്യവിധിക്കു ശേഷമുള്ള സഭയില്‍ പങ്കാളിത്തമുണ്ടാകില്ല.

അന്ത്യവിധിക്കു ശേഷം ഞങ്ങളേപ്പോലെ ശുശ്രൂഷ ചെയ്യുന്ന അനേകരും ഈശോയോടു പറയും നിന്‍റെ നാമത്തില്‍ ഞങ്ങള്‍ വചനം പ്രസംഗിച്ചിട്ടുണ്ടെന്ന്. എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ നിന്നെ അറിഞ്ഞിട്ടില്ല എന്നായിരിക്കും പലരും കേള്‍ക്കാന്‍ പോകുന്നത്. തന്നെത്തന്നെ നല്‍കിയ ഈശോയ്ക്ക് തന്നെത്തന്നെ നല്‍കാതെ അധരവ്യായമം മാത്രം നടത്തുന്നവര്‍ അന്ത്യവിധിക്കു ശേഷമുള്ള സഭയില്‍ ഉണ്ടാകില്ല.

ദൈവവചനവും ദൈവശക്തിയും അറിയാതവരുന്നതാണ് ജീവിതത്തില്‍ തെറ്റുപറ്റുന്നതിന് കാരണം. ദൈവവചനം വായിക്കാനും പഠിക്കാനും എല്ലാവരും സമയം കണ്ടെത്തണം -മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഭയെ ഓര്‍മ്മിപ്പിച്ചു.

ഈശോമശിഹായുടെ രക്തത്താല്‍ രക്ഷിക്കപ്പെട്ടവരും കഴുകല്‍ പ്രാപിച്ചവരുമായ നമ്മള്‍ എല്ലാവരും ഒരു ശരീരമായിട്ടാണ് മദ്ബഹായിലേക്ക് പ്രവേശിച്ച് ദിവ്യബലി അര്‍പ്പിക്കുന്നത്. ലോകത്തിന്‍റെ മനോഭാവവും ജഡികവികാരങ്ങള്‍ക്ക് അടിമപ്പെട്ടുള്ള ജീവിതവും നയിക്കുന്നവര്‍ അന്ത്യവിധിക്കു ശേഷമുള്ള സഭയില്‍ ഉണ്ടാകില്ല എന്നത് തിരുവചനമാണ് -ബിഷപ് മാര്‍ സ്രാമ്പിക്കല്‍ ദൈവജനത്തെ ഉദ്ബോധിപ്പിച്ചു.

സീറോമലബാര്‍ സഭയില്‍ ഏകീകരിച്ച വിശുദ്ധ കുര്‍ബാന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആദ്യമായി അര്‍പ്പിച്ചതും ലീഡ്സ് സെൻ്റ മേരീസ് ആൻഡ് സെൻ്റ് വിൽഫ്രഡ് ദേവാലയത്തിലായിരുന്നു. കത്തോലിക്കാ സഭയുടെ ലീഡ്സ് രൂപതാ മെത്രാന്‍ മാര്‍ മാര്‍ക്കസ് സ്റ്റോക്ക് ആമുഖ പ്രഭഷണം നടത്തി.

തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ മാത്യൂ മുളയോലിക്കല്‍ നേതൃത്വം നല്‍കി. സീറോമലബാര്‍ എപ്പാര്‍ക്കിയുടെ വികാരി ജനറാള്‍ മോണ്‍ ജിനോ അരീക്കാട്ട്, സീറോമലബാര്‍ രൂപതയുടെ വിവിധ ഇടവകകളില്‍നിന്നുള്ള വൈദികരും സന്യസ്തരുമായി നിരവധി പേര്‍ സമര്‍പ്പണശുശ്രൂഷയില്‍ പങ്കെടുത്തു. ഇടവക ട്രസ്റ്റി ജോജി തോമസ് നന്ദി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments