സീറോ മലബാര്‍ സഭയിലെ പിതാക്കന്മാര്‍ സംയുക്തമായി കൈക്കൊണ്ട കുര്‍ബാന ഏകീകരണമെന്ന തീരുമാനത്തോടു വിയോജിച്ചുകൊണ്ട് ഒരു വിഭാഗം വൈദികര്‍ തെരുവിലിറങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ച് റാലി നടത്തി തീവ്രമായി പ്രതികരിക്കുന്നതു കണ്ടു. തെരുവുകളില്‍ വിവിധ നിലകളിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും കാണുന്ന സാമാന്യജനത്തിനും സാധാരണ വിശ്വാസികള്‍ക്കും വൈദികരുടെ പ്രതിഷേധപ്രകടനങ്ങളില്‍ പ്രത്യേകിച്ച് ഒന്നും തോന്നുകയില്ല. എന്നാൽ പൗരോഹിത്യത്തിൻ്റെ മാഹാത്മ്യത്തെക്കുറിച്ചു തിരുവചനത്തിൻ്റെയും സഭയുടെ പഠിപ്പിക്കലുകളുടെയും അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇന്ന് ചില വൈദികരെ ബാധിച്ചിരിക്കുന്ന “റിബൽ പ്രീസ്റ്റ് സിൻഡ്രം” (rebel priest syndrome) വളരെ ഗൗരവമേറിയ സ്ഥിതിവിശേഷമാണെന്നു നിസ്സംശയം പറയാൻ സാധിക്കും.
“തിരുപ്പട്ട സ്വീകരണംവഴി നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ പുരോഹിതരൂപം കൈക്കൊള്ളുന്നവരാണ് വൈദികര്‍” എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ “വൈദികരുടെ ജീവിതം” എന്ന വിഷയത്തിൻ്റെ ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ (CCC 1548) പറയുന്നു:
“തന്‍റെ ശരീരത്തിന്‍റെ ശിരസ്സും അജഗണത്തിന്‍റെ ഇടയനും വീണ്ടെടുപ്പു ബലിയുടെ മഹാപുരോഹിതനും സത്യത്തിന്‍റെ പ്രബോധകനും എന്ന നിലയില്‍ ക്രിസ്തുതന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകന്‍റെ സഭാശുശ്രൂഷയിലൂടെ തന്‍റെ സഭയില്‍ സന്നിഹിതനാകുന്നത്. തിരുപ്പട്ട കൂദാശയുടെ ശക്തിയാല്‍ പുരോഹിതന്‍ ശിരസ്സായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തില്‍ (Persona Christi Capitis) പ്രവര്‍ത്തിക്കുന്നു”
ശുശ്രൂഷാ പൗരോഹിത്യത്തെക്കുറിച്ച് വി. തോമസ് അക്വിനാസിൻ്റെ ഒരു പ്രസ്താവന ഇപ്രകാരമാണ് “യേശുക്രിസ്തു എന്ന അതേ പുരോഹിതനിലെ വിശുദ്ധ വ്യക്തിയെയാണ് അവിടുത്തെ ശുശ്രൂഷകര്‍ യഥാര്‍ത്ഥത്തില്‍ സംവഹിക്കുന്നത്. ക്രിസ്തുവാണ് പൗരോഹിത്യത്തിന്‍റെ മുഴുവന്‍ ഉറവിടവും. പഴയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിന്‍റെ പ്രതിരൂപമായിരുന്നു, പുതിയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിനു പകരം നിന്ന് പ്രവര്‍ത്തിക്കുന്നു”
നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ പുരോഹിതരൂപമാണ് ഓരോ വൈദികനും പ്രതിനിധാനം ചെയ്യുന്നത് എന്നു പറയുമ്പോള്‍, ക്രിസ്തു എപ്രകാരമാണ് തന്‍റെ പൗരോഹിത്യ ശുശ്രൂഷ നിര്‍വ്വഹിച്ചത് എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. ഇതെക്കുറിച്ച് വിശുദ്ധഗ്രന്ഥം പറയുന്ന രണ്ട് സന്ദര്‍ഭങ്ങള്‍ പരിശോധിക്കാം.
ഒന്നാമതായി, മെല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരമുള്ള അതുല്യനായ മഹാപുരോഹിതനാണ് യേശുക്രിസ്തു. അവിടുന്ന് “പരിശുദ്ധനും നിഷ്കളങ്കനും കുറ്റമറ്റവനുമാണ്” (ഹെബ്രായര്‍ 7:26) എന്നു തിരുവചനത്തില്‍ വായിക്കുന്നത്. ക്രിസ്തുവിന്‍റെ മഹാപൗരോഹിത്യത്തെ പരാമര്‍ശിക്കുന്നിടത്ത് അവിടുത്തെ പൗരോഹിത്യത്തിലെ അതിശ്രേഷ്ഠ സ്വഭാവഗുണം വിവരിക്കുന്നത് ഇപ്രകാരമാണ്. “പുത്രനായിരുന്നിട്ടും, തന്‍െറ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു”(ഹെബ്രാ.5:8).
മാനവരക്ഷയുടെ പൂര്‍ത്തീകരണത്തിനായി ഈശോമശിഹാ സഹനത്തിൻ്റെ മാർഗ്ഗം തെരഞ്ഞെടുത്തതിലൂടെ അവിടുന്നു പിതാവിനോടുള്ള തന്‍റെ സമ്പൂര്‍ണ്ണ അനുസരണമായിരുന്നു വെളിപ്പെടുത്തിയത്. അനുസരണത്തിന്‍റെ ആളത്വമായിരുന്നു യേശുക്രിസ്തു.
ക്രിസ്തുവിൻ്റെ പൗരോഹിത്യ ശുശ്രൂഷയുടെ ശ്രേഷ്ഠത ഫിലിപ്പിയ ലേഖനത്തിലും രേഖപ്പെടുത്തിയിരിക്കുന്നു “മരണംവരെ, അതേ, കുരിശുമരണംവരെ അവിടുന്ന് അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (2:8). പുത്രനായിരിക്കുമ്പോഴും സഹനത്തിലും കുരിശുമരണത്തിലും അനുസരണവും താഴ്മയും അഭ്യസിച്ചവനായിരുന്നു ക്രിസ്തു. ക്രിസ്തുവിന്‍റെ പുനഃരുത്ഥാനത്തെപ്പോലും അവിടുത്തെ അനുസരണത്തിന്‍റെ അടിസ്ഥാനത്തില്‍ പരാമര്‍ശിച്ചുകൊണ്ട് ഫിലിപ്പിയ ലേഖനം വിവരിക്കുന്നു: “ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു” (ഫിലി 2:9) ക്രിസ്തുവിന്‍റെ നിഷ്കന്മഷ ജീവിതത്തിൻ്റെയും അനുസരണത്തിന്‍റെയും ഫലമായിരുന്നു മരിച്ചവരില്‍നിന്നുള്ള അവിടുത്തെ പുനഃരുത്ഥാനം എന്നാണ് വചനം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്.
നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ പൗരോഹിത്യ ആളത്വത്തെയാണ് താന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന ഉത്തമബോധ്യം ഒരു പുരോഹിതനിലുണ്ടെങ്കില്‍, പൗരോഹിത്യം അനുസരണത്തില്‍ അധിഷ്ഠിതമാണെന്ന മർമ്മിക ബോധ്യമാണ് അടിസ്ഥാനപരമായി പുരോഹിതനിൽ ഉണ്ടായിരിക്കേണ്ടത്. അനുസരണരാഹിത്യത്തിൽ ശുശ്രൂഷാ പൗരോഹിത്യത്തിനു നിലനിൽപ്പില്ല. യേശുക്രിസ്തുവിന്‍റെ പൗരോഹിത്യത്തിന്‍റെ അടിസ്ഥാനം അനുസരണമായിരുന്നെങ്കില്‍ ക്രിസ്തുവിന്‍റെ പുരോഹിതരൂപത്തെ പ്രതിനിധാനം ചെയ്യുന്നവരുടെയും പ്രഥമവും പ്രധാനവുമായ യോഗ്യത അനുസരണം തന്നെയാണ്.
പരസ്യശുശ്രൂഷാ കാലത്ത് യേശു തന്‍റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി ഇപ്രകാരം പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്‍െറ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്‍െറ ഇഷ്ടം നിറവേറ്റാനാണ് (യോഹ 6:38). നിത്യപുരോഹിതനായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവരിലും ഈ അറിവാണ് അടിസ്ഥാനപരമായി ഉണ്ടാകേണ്ടത്. “അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും ബഹുമതി സ്വയം ഏറ്റെടുക്കുകയല്ല” (ഹെബ്രാ 5:4).
ഓരോ പുരോഹിതനും നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ നിഴലില്‍ ശ്രേഷ്ഠതയേറിയ പൗരോഹിത്യ ശുശ്രൂഷയ്ക്കായി ദൈവത്താൽ വിളിക്കപ്പെട്ടിരിക്കുകയാണ്, അതിനാല്‍ തന്‍റെ വിളി മനുഷ്യാതീതവും ദൗത്യം മഹത്വമേറിയതുമാണെന്ന് ഓരോ വൈദികനും തിരിച്ചറിയണം. ഈ തിരിച്ചറിവാണ് എല്ലാവിധ വിമതപ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഒരു വൈദികനെ പ്രേരിപ്പിക്കേണ്ടത്.
മദ്ബഹായില്‍ ബലിയര്‍പ്പണത്തിന് പ്രവേശിക്കുന്ന ഒരു പുരോഹിതനില്‍ നിറഞ്ഞിരിക്കേണ്ട ആന്തരികബോധം എത്രമേല്‍ തീവ്രമായിരിക്കണം എന്നതിന്‍റെ നേര്‍സാക്ഷ്യം ഓര്‍ത്തഡോക്സ് സഭയുടെ വിശുദ്ധ കുര്‍ബാനയില്‍ വിവരിക്കുന്നുണ്ട്. അനാഫൂറായ്ക്ക് മുമ്പുള്ള പ്രിമിയോന്‍ സെദറായില്‍ പുരോഹിതന്‍ തനിക്കുവേണ്ടിയും തന്‍റെ ജനത്തിനുവേണ്ടിയും ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു:
“കണ്ടാലും, അഗ്നിമയമായ ഈ സ്ഥലത്ത് അഗ്നിജ്വാലയുടെ സിംഹാസനത്തിന് മുമ്പാകെ ഞാന്‍ നിന്ന്, നിന്‍റെ ജനത്തിന് പാപപരിഹാരവും നിന്‍റെ സകല സൃഷ്ടിക്കും മോചനവും യാചിക്കുന്നു. കര്‍ത്താവേ മാലാഖാമാര്‍പോലും സൂക്ഷിച്ചു നോക്കുവാന്‍ വാഞ്ജിക്കുന്നതായ ഈ പരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നിന്‍റെ കരുണമൂലം എന്നെ യോഗ്യനാക്കിത്തീര്‍ത്തിട്ടുള്ള കൃപയാലും കരുണയാലും നിന്‍റെ ജനത്തിന്‍റെ പാപങ്ങളെ നീ പരിഹരിക്കണമേ….”
തുടര്‍ന്ന് പുരോഹിതന്‍ വീണ്ടും പ്രാര്‍ത്ഥിക്കുന്നു:
“ഞങ്ങളുടെ നാഥനായ കര്‍ത്താവേ ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി ഗോഗുല്‍ത്തായുടെ ഉന്നതങ്ങളില്‍ നീ ബലിയായിത്തീര്‍ന്നു. പരിശുദ്ധ മദ്ബഹായില്‍ ബലിയര്‍പ്പിക്കുവാന്‍ മണ്മയരെ നീ ഭരമേല്‍പ്പിച്ചു. മണ്ണില്‍നിന്നുള്ള മണ്‍കട്ട ഞാനായിരിക്കെ, നിന്‍റെ ദൈവിക രഹസ്യങ്ങളുടെ സാന്നിധ്യം അത് വസിക്കുന്നിയിടത്തേക്ക് പ്രവേശിക്കുവാന്‍ നിന്‍റെ കരുണമൂലം എന്നെ യോഗ്യനാക്കിത്തീര്‍ത്തിട്ടുള്ള കൃപയാലും കരുണയാലും നിന്‍റെ ജനത്തിന്‍റെ പാപങ്ങളെ നീ പരിഹരിക്കണമെ. നിന്നെ സ്തുതിക്കുന്ന ക്രോവേന്മാരുടെയും നിനക്ക് കാദീശ് പാടുന്ന സ്രോപ്പേന്മാരുടെയും കൂട്ടത്തില്‍ എന്നെ ചേര്‍ക്കുകയും ചെയ്തതിനായി ദൈവമേ നിന്നെ ഞാന്‍ സ്തുതിക്കുന്നു”
മദ്ബഹായില്‍ വിഭജിക്കപ്പെടുന്ന ദൈവപുത്രന്‍റെ ശരീരരക്തങ്ങളുടെ മഹനീയതയുടെ നിഴലിലാണ് ഓരോ പുരോഹിതനും ദിനംപ്രതി ശുശ്രൂഷ ചെയ്യുന്നത്. വിശുദ്ധസ്ഥലമായ മദ്ബഹായില്‍ നിന്നുകൊണ്ട്, അവ പരികര്‍മ്മം ചെയ്യുന്ന പുരോഹിതന്‍റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിക്കുന്ന ഒരു വിശുദ്ധകാവ്യം ഓര്‍ത്തഡോക്സ് ആരാധനക്രമത്തിലുണ്ട്.
“അഗ്നിമയന്മാര്‍ ആരേ നോക്കി വിറച്ചീടുന്നു,
അവനേ മേശയിലപ്പം വീഞ്ഞായ് നീ കാണുന്നു
ആരേ മിന്നലുടുത്തവര്‍ നോക്കുകിലെരിയുന്നൂടനെ
അവനേ മണ്മയര്‍ ഭക്ഷിച്ചുമുഖം തെളിയുന്നേറ്റം”
തിരുപ്പട്ട കൂദാശയിൽ നൽകപ്പെടുന്ന അഭിഷേകത്തിൻ്റെ ശക്തിയാല്‍ ശിരസ്സായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തില്‍ നിന്നുകൊണ്ട് അപ്പവീഞ്ഞുകളെ പെസഹാദിനത്തിൻ്റെ ഓർമ്മയിൽ വിഭജിക്കുയും കാൽവരിയാഗത്തിൻ്റെ പശ്ചാത്തലത്തിൽ അർപ്പിക്കുകയും ചെയ്യുന്നതിന് ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ശ്രേഷ്ഠ വ്യക്തിത്വമാണ് ഓരോ വൈദികനും. അഗ്നിമയന്മാരും പ്രകാശധാരികളുമായ സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ ഭയഭക്തിയോടെ നോക്കിക്കാണുന്നവനെയാണ് ആദാമ്യസന്തതിയില്‍ നിന്നും കടന്നുവന്ന ഒരു പുരോഹിതന് മദ്ബഹായില്‍ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നത്!
അനുസരണത്തിന്‍റെയും വിനയത്തിന്‍റെയും ആളത്വമായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുകയും അവൻ്റെ പരിശുദ്ധ ശരീര-രക്തങ്ങളെ കൈകളിലേന്തുകയും ചെയ്യുന്നവര്‍ മദ്ബഹായ്ക്ക വെളിയിലിറങ്ങി സംഘര്‍ഷം സൃഷ്ടിക്കുന്നതിനെ ഒരുവിധത്തിലും ദൈവവചനത്തിന്‍റെയും സഭയുടെ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ സാധിക്കില്ല. ക്രിസ്തുവിന്‍റെ മഹത്വം അനുസരണമായിരുന്നുവെങ്കില്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവരിലും ഈ അനുസരണവും താഴ്മയും ഉണ്ടാകണം. റോമാ ലേഖനത്തിലൂടെ ദൈവാത്മാവ് സഭയിലേ ഓരോ അംഗത്തോടും പറയുന്നു “ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്‌ക്കും”
(റോമാ 13: 1-2)
ദൈവവചനത്തിൻ്റെയും സഭയുടെ പഠിപ്പിക്കലുകളുടെയും അടിസ്ഥാനത്തിൽ പറയട്ടെ, rebel priest എന്നു വിളിക്കപ്പെടുന്നത് ഒരു ബഹുമതിയല്ല, അത് പൈശാചികമായ ഒരവസ്ഥയാണ്. നിത്യപുരോഹിതനായ ക്രിസ്തുവിനെ പ്രതിനിധനം ചെയ്യുന്ന വ്യക്തിക്ക് “റിബല്‍ പ്രീസ്റ്റ്” ആകാന്‍ കഴിയില്ല. അറിവില്ലായ്മ മൂലം റിബല്‍ പ്രീസ്റ്റ് സ്വാധീനത്തില്‍ ഉള്‍പ്പെട്ടവര്‍ മാനസാന്തരപ്പെട്ട്, പാപങ്ങള്‍ ഏറ്റുപറഞ്ഞ് തങ്ങളെ ഈ ശുശ്രൂഷയിലേക്ക് വിളിച്ച ദൈവത്തോടു രമ്യതപ്പെടുക.
ഓർമിക്കുക, നിങ്ങള്‍ റിബലുകളാകുന്നത് ഒരു മാനുഷിക വ്യവസ്ഥിതിയോടുമല്ല, ദൈവത്തോടും ദൈവിക വ്യവസ്ഥിതിയോടുമാണ്.