Sunday, June 16, 2024
No menu items!
Homeസീറോ മലബാർ സഭക്രിസ്തീയതയും ഭാരതീയതയും സമന്വയിക്കുന്ന മാർതോമാ സ്ലീവാ

ക്രിസ്തീയതയും ഭാരതീയതയും സമന്വയിക്കുന്ന മാർതോമാ സ്ലീവാ

“ഇന്ത്യന്‍ മശിഹായെക്കുറിച്ചു ചിന്തിക്കാം. ഇന്ത്യന്‍ വേഷഭൂഷാധികളോടെയുള്ള ഒരു വ്യക്തി. എന്നാല്‍ ഒരു പ്രശ്നം. ഇന്ത്യയില്‍ ഒരു കാലത്തും വധശിക്ഷ കുരിശുമരണത്തിലൂടെ നല്‍കിയിരുന്നില്ല. ഇന്ത്യയില്‍ കുരിശ് ഇല്ലായിരുന്നു. ക്രിസ്തീയസഭയും കുരിശും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അത് അവര്‍ക്ക് രക്ഷയുടെ അടയാളമാണ്. കുരിശിനു പകരം വയ്ക്കാന്‍ … നമുക്ക് എന്തുണ്ട്? അതിന് എന്തു പകരംവെച്ചാലും കുരിശെന്ന സാര്‍വ്വത്രിക സഭയുടെ പ്രതീകത്തില്‍ നിന്നു വ്യതിചലിക്കുന്നു. അതിന് ഒരു സഭയ്ക്കും കഴിയുകയില്ല, സ്വാതന്ത്ര്യവുമില്ല” പ്രഫ പി.സി അനിയന്‍കുഞ്ഞ് എഴുതിയ ”മാര്‍ത്തോമ്മാ നസ്രാണികളും അനുരൂപണവും” എന്ന ലേഖനത്തിലാണ് ഇപ്രകാരമൊരു ഇന്ത്യന്‍ മശിഹായെക്കുറിച്ചുള്ള ചിന്തകളും അതിന്‍റെ അപര്യാപ്തതകളും അദ്ദേഹം വിവരിക്കുന്നത്.

ക്രിസ്തീയതയില്‍ നിറഞ്ഞുനില്‍ക്കുന്ന മുഴുവന്‍ രക്ഷാകര സംഭവങ്ങളുടെയും പ്രതീകമാണ് വിശുദ്ധ കുരിശ്. കുരിശിന്‍റെ അസാന്നിധ്യം ക്രിസ്തീയ വിശ്വാസത്തെ എത്രമേല്‍ ശൂന്യവും ദുർബലവുമാക്കുമെന്ന് ഇന്ന് ആർക്കും ചിന്തിക്കുവാൻ പോലും സാധിക്കില്ല.

ലോകത്തിലെ ഓരോ സംസ്കാരത്തിലേക്കും കുരിശിന്‍റെ സന്ദേശം എത്തിച്ചേര്‍ന്നപ്പോള്‍ സാംസ്കാരികമായി തങ്ങളുടെ ചുറ്റിലും നിലനിന്നിരുന്ന പശ്ചാത്തലങ്ങളുടെ അവബോധത്തോടെയാണ് ജനങ്ങള്‍ കുരിശിനെ വരവേറ്റത്. ലംബമായും തിരശ്ചീനമായും നിര്‍മ്മിച്ചിരിക്കുന്ന ഒരു മതവിശ്വാസ പ്രതീകമെന്നതിനെക്കാള്‍ സുവിശേഷത്തെ സമ്പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്ന അടയാളമായി കുരിശിനെ എപ്രകാരം അവതരിപ്പിക്കാം എന്നൊരു ചിന്ത പൗരാണിക കാലത്തുതന്നെ സഭയിൽ ഉടലെടുത്തിരുന്നു. ഇതിന്‍റെ തെളിവാണ് ലാറ്റിന്‍ ക്രോസും ഗ്രീക്ക് ക്രോസും സെല്‍ടിക് ക്രോസും (celtic cross) ബൈസന്‍റിയന്‍ ക്രോസും ജെറുസലേം ക്രോസും റഷ്യന്‍ ക്രോസുമെല്ലാം. അതതു സമൂഹങ്ങള്‍ ക്രൈസ്തവസന്ദേശത്തെ ഉള്‍ക്കൊണ്ടതിലെ സവിശേഷത എപ്രകാരമായിരുന്നു എന്നതിന്‍റെ നേര്‍ചിത്രമാണ് ഓരോ സംസ്കാരത്തിലുമുള്ള കുരിശു രൂപങ്ങളും വിവരിക്കുന്നത്.

പൗരസ്ത്യ ദൈവശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ ഭാരതസംസ്കാരത്തെ ഉള്‍ക്കൊണ്ട് മാര്‍ത്തോമാ നസ്രാണികള്‍ക്ക് തനതായ കുരിശുരൂപവും കാലാന്തരത്തില്‍ കരഗതമായി. ഭാരത നസ്രാണി ക്രൈസ്തവരുടെ പ്രതീകമായ മാര്‍ത്തോമാ സ്ലീവാ (കമൻ്റ് ബോക്സ് ചിത്രം 1) അഥവാ നസ്രാണിസ്തംഭത്തിനും ഭാരത സംസ്കാരത്തെ ഉൾക്കൊണ്ട് ക്രിസ്തീയതയെ പ്രതിഫലിപ്പിച്ച ചരിത്രമാണ് പറയാനുള്ളത്. ഡിസംബര്‍ 18നാണ് മാര്‍ത്തോമാ സ്ലീവായുടെ പെരുന്നാള്‍ സഭ ആഘോഷിക്കുന്നത്.

മാര്‍ത്തോമാ നസ്രാണികള്‍ ക്രിസ്തുവിന്‍റെ സുവിശേഷത്തോടും അതറിയിച്ച മാര്‍ത്തോമാ സ്ലീഹായോടും പൗരസ്ത്യ സഭാ പൈതൃകത്തോടും സര്‍വ്വോപരി ഭാരത സംസ്കാരത്തോടും തികഞ്ഞ കൂറും വിശ്വാസവുമുള്ളവരായിരുന്നു. ഈ യാഥാര്‍ത്ഥ്യമാണ് മാര്‍ത്തോമാ സ്ളീവാ വിളിച്ചുപറയുന്നത്. “നമ്മുടെ പൂര്‍വ്വകാല സമൂഹം പ്രത്യേകിച്ച് 16-ാം നൂറ്റാണ്ടിനു മുമ്പ് നമ്മെക്കാളും ഭാരതീയമായിരുന്നു. പ്രസ്തുത സംസ്കാര പശ്ചാത്തലത്തില്‍ വേരോടിയ വിശ്വാസവും നാടിന്‍റെ ആദരവ് ഏറ്റുവാങ്ങിയ വിശ്വാസ ജീവിതശൈലിയും ഭാരതസംസ്കാരത്തോടു അനുരൂപപ്പെട്ടുകൊണ്ടായിരുന്നു” എന്നാണ് പ്രഫസര്‍ അനിയന്‍കുഞ്ഞു നിരീക്ഷിക്കുന്നത്.

റോമില്‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കായിൽ എത്തുന്ന സന്ദര്‍ശകർ പത്രോസ് ശ്ലീഹായുടെയും മറ്റ് മാര്‍പാപ്പാമാരുടെയും കബറിടവും കണ്ട് ബസലിക്കായുടെ തെക്കുവശത്തുകൂടിയാണ് പുറത്തിറങ്ങുന്നത്. പുറത്തേക്കു വരുമ്പോള്‍ ബസലിക്കായുടെ ഭിത്തിയില്‍ അർമീനിയൻ സഭയുടെ നേതൃസ്തംഭമായിരുന്ന വിശുദ്ധ ഗ്രിഗറി ഇല്യൂമിനേറ്ററുടെ (Gregory the Illuminator) ഒരു രൂപമുണ്ട്. (കമൻ്റ് ബോക്സ് ചിത്രം 2, 3, 4, 5). അദ്ദേഹത്തിന്‍റെ കൈയില്‍ പിടിച്ചിരിക്കുന്ന കുരിശ് ഒറ്റനോട്ടത്തില്‍ നമ്മുടെ മാര്‍ത്തോമാ കുരിശ് ആണെന്നേ തോന്നുകയുള്ളൂ. മാര്‍ത്തോമാ കുരിശിന്‍റെ ചുവട്ടിലുള്ള താമര മൊട്ടുകള്‍ പോലെ അര്‍മീനിയന്‍ കുരിശിൻ്റെ ചുവട്ടിൽ തളിർത്തു നിൽക്കുന്ന മുന്തിരിവള്ളികളും കാണാം. മുന്തിരി വള്ളികളാല്‍ അലംകൃതമായി വിടരുന്ന മൊട്ടുകള്‍ പോലുള്ള (“ക്ളാവര്‍” ♣️) പാര്‍ശ്വങ്ങളുള്ള സ്ലീവാ പശ്ചാത്തലത്തെയാണ് അർമീനിയൻ ക്രൈസ്തവർ സ്വീകരിച്ചത്. ഗ്രിഗറി ഇല്യൂമിനേറ്ററുടെ വിശുദ്ധ വസ്ത്രങ്ങളിലും അര്‍മീനിയന്‍ കുരിശ് ആലേഖനം ചെയ്തിട്ടുണ്ട്.

ശാപത്തിന്‍റെയും ഭയത്തിന്‍റെയും മരണത്തിന്‍റെയും പ്രതീകമായിരുന്ന കുരിശ്, ക്രിസ്തുവിന്‍റെ പുനഃരുത്ഥാനത്താല്‍ രക്ഷയുടെയും ജീവന്‍റെയും പ്രത്യാശയുടെയും പ്രതീകമായി മാറി. ഈ ജീവനും പ്രത്യാശയും പ്രതീകവല്‍ക്കരിക്കാന്‍ പൗരാണികസമൂഹങ്ങള്‍ കണ്ടെത്തിയത് സസ്യലതാദികളായിരുന്നു. അര്‍മീനിയന്‍ കുരിശില്‍ മുന്തിരിവള്ളിയും മാര്‍ത്തോമാ കുരിശില്‍ താമരയും ക്രൈസ്തവന്‍റെ ജീവല്‍ ബോധ്യങ്ങളുടെ പ്രതീകങ്ങളായി സ്ഥാനംനേടി.

പത്രോസിന്‍റെ ബസലിക്കയുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള കുരിശിൻ്റെ നാലഗ്രങ്ങളും വിടരുന്ന മൊട്ടുകള്‍ പോലെ കാണപ്പെടുന്ന “ക്ലാവര്‍ കുരിശാ”ണ്. (കമൻ്റ് ബോക്സ് ചിത്രം 6) ബസലിക്കയുടെ വാതിലുകളിലും ഭിത്തികളിലുമെല്ലാം ആലേഖനം ചെയ്തിരിക്കുന്നതും ഇത്തരം കുരിശുകളാണ്. (കമൻ്റ് ബോക്സ് ചിത്രം 7)

മാര്‍ത്തോമാ കുരിശിന്‍റെ പേരില്‍ ഏറെ വിവാദങ്ങളിലൂടെ കടന്നുപോകുന്ന സീറോമലബാറുകാരായ വിശ്വാസികളെ വാസ്തവത്തില്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും ഇക്കാര്യം. കുരിശിനെ രക്ഷയുടെയും ജീവന്‍റെയും പ്രതീകമായി ആദിമസഭ മുതല്‍ കണ്ടിരുന്നു. ഏദെനില്‍ ആദമിനു പ്രലോഭനമുണ്ടായത് മരത്തിലൂടെയാണെങ്കില്‍ കുരിശുമരത്തിലൂടെ മനുഷ്യന് രക്ഷ കൈവന്നു എന്ന വസ്തുതയാണ് ക്ളാവർ കുരിശുകൾ ചിത്രീകരിക്കുന്നത്.

പാലമറ്റത്തുള്ള ബേസ് തോമാ ദയറായിലുള്ള “മാര്‍ തോമാ സഹോദരികള്‍” തയ്യാറാക്കിയ “ഓശാന മുതല്‍ ഉയിര്‍പ്പുവരെയുള്ള പൗരസ്ത്യ സുറിയാനി ദൈവാരാധനാ പാരമ്പര്യ”ങ്ങളെ വിവരിക്കുന്ന ഗ്രന്ഥത്തിന്‍റെ ആദ്യ പേജിൽ തന്നെ മാര്‍തോമാ സ്ലീവായുടെ സവിശേഷതകളാണ് വിവരിക്കുന്നത്. “മാര്‍ പൗലോസ് ശ്ലീഹായുടെ ഉത്ഥാനദൈവശാസ്ത്രത്തിന്‍റെ, അതായത് ഈശോമശിഹാ പൂര്‍ത്തിയാക്കിയ രക്ഷാകര്‍മ്മത്തയെും അതിന്‍റെ മകുടവും മെശയാനിക വിശ്വാസത്തിന്‍റെ ഉറവിടവുമായ അവിടുത്തെ ഉയര്‍പ്പിനെയും മെശയാനികരുടെ ജീവിതപൂര്‍ണ്ണതയെയും കുറിച്ചുള്ള ശ്ലൈഹിക വീക്ഷണത്തിന്‍റെ ഭാരതീയ സാംസ്കാരിക പശ്ചാത്തലത്തിലുള്ള ഏറ്റവും വിശിഷ്ഠമായ പ്രതീകമാണ് മാര്‍ തോമാ സ്ലീവാ”

പ്രതീകാത്മകത: ഈശോമശിഹായുടെ മരണോത്ഥാനങ്ങളുടെ പ്രതീകമാണ് മാര്‍തോമാ സ്ലീവാ; വിശ്വാസികളുടെ ഈശോമയ ജീവിതപൂര്‍ണ്ണതയുടെയും. മാര്‍തോമാ നസ്രാണികളുടെ സജീവ വിശ്വാസത്തിന്‍റെയും മിഴിവുറ്റ ചരിത്രയാഥാര്‍ത്ഥ്യമാണ് മാര്‍തോമാ സ്ലീവാ.

(കമൻ്റ് ബോക്സ് ചിത്രം 😎

ശൂന്യമായ സ്ലീവാ: മ്ശിഹായുടെ ആള്‍രൂപമില്ലാത്ത മാര്‍തോമാ സ്ലീവാ, ശൂന്യമായ കല്ലറ പോലെതന്നെ അവിടുത്തു ഉത്ഥാനത്തിന്‍റെ പ്രതീകമാണ്. (കമൻ്റ് ബോക്സ് ചിത്രം 9)

വിടരുന്ന മൊട്ട്: മാര്‍ തോമാ സ്ലീവായുടെ നാലഗ്രങ്ങളും വിടരുന്ന മൊട്ടുകള്‍ കണക്കെ സംവിധാനം ചെയ്തിരിക്കുന്നു. മൊട്ടു പുതുജീവന്‍റെ അടയാളമാണല്ലോ. മ്ശിഹായുടെ ഉത്ഥാനംവഴിയാണ് മാനവവംശത്തിന് യഥാര്‍ത്ഥത്തിലുള്ള പുതുജീവന്‍ ലഭിച്ചത്. അങ്ങുനെ ഈ പ്രത്യേക സ്ലീവായുടെ ആകൃതിതന്നെ ആശയം വ്യക്തമാക്കുന്നു.

പറന്നിറങ്ങുന്ന പ്രാവ്: മാര്‍ തോമാ സ്ലീവായിലേക്കു പറന്നിറങ്ങുന്ന റൂഹാദ്ഖുദ്ശായും (പരിശുദ്ധാത്മാവ്) മ്ശിഹായുടെ തിരുവുത്ഥാനത്തെ പ്രഘോഷണം ചെയ്യുന്നു. മാര്‍ പൗലോസ് സ്ലീഹാ പഠിപ്പിക്കുന്നതു റുഹാദ്ഖുദ്ശായാണ് മൃതനായ മ്ശിഹായെ ഉയര്‍പ്പിക്കുന്നത് (റോമ 8:11) എന്നാണ്. മ്ശിഹായുടെ മാംസളശരീരം അരൂപിക്കടുത്ത ശരീരമായി റുഹാദ്ഖുദ്ശാ മാറ്റുന്നു.

താമര: സ്ലീവാ ഉയര്‍ത്തപ്പെട്ടിരിക്കുന്നത് താമരയിലാണ്. താമര ബുദ്ധമതത്തിന്‍റെ അടയാളമാണല്ലോ. അശോക ചക്രവര്‍ത്തിയുടെ പരിശ്രമഫലമായി മ്ശിഹാക്കാലം ആദ്യനൂറ്റാണ്ടുകളില്‍ ബുദ്ധമതത്തിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന സ്വാധീനഫലമായി താമര ഇന്ത്യയുടെ തന്നെ അടയാളമായി മാറിയിരുന്നു. അങ്ങനെ താമരയില്‍ ഉയര്‍ത്തപ്പെട്ട സ്ലീവാ ഇന്ത്യയില്‍ സ്വീകരിക്കപ്പട്ട ഉത്ഥിതനായ മ്ശിഹായുടെ പ്രതീകമായി നിലകൊള്ളുന്നു.

മൂന്നു പടികള്‍: മാര്‍ തോമാ സ്ലീവായിലെ താമരയാകട്ടെ വെള്ളത്തില്‍ കിടക്കുകയല്ല. പ്രത്യുത മൂന്നു പടികളുടെ മുകളിലാണിരിക്കുന്നത്. ആരാധനാ പാരമ്പര്യത്തില്‍നിന്നും ഉരുത്തിരിഞ്ഞ ഈ മൂന്നു പടികൾ ഗാഗുല്‍ത്തായെ സൂചിപ്പിക്കുന്നു.

17-ാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അന്തോനിയോ ദെ ഗുവേയ എന്ന പോര്‍ച്ചുഗീസ് ചരിത്രകാരന്‍ 1606ല്‍ എഴുതി: “ഇവിടുത്തെ പുരാതനദൈവാലയങ്ങള്‍ എല്ലാം അമ്പലങ്ങളുടെ മാതൃകയിലാണു നിര്‍മിതമായിരിക്കുന്നത്. അവയെല്ലാം മാര്‍തോമാ അത്ഭുത സ്ലീവായുടെ മാതൃകകളാല്‍ നിബിഡമാണ്. അതുകൊണ്ട് പോര്‍ച്ചുഗീസ് കാലത്തേക്കാള്‍ എത്രയോ പുരാതനമാണ് ഇവരുടെ സ്ലീവായോടുള്ള വണക്കവും സ്നേഹവും അതിന്‍റെ ആകൃതിയും! പോര്‍ച്ചുഗീസുകാരുടെ വരവിനു വളരെ മുമ്പുതന്നെ നിര്‍മിതമായിരുന്ന പ്രസ്തുത പള്ളികളെല്ലാം കൊത്തപ്പെട്ടതും വരച്ചിട്ടുള്ളതുമായ അത്തരം സ്ലീവാകളാല്‍ മനോഹരമായി അലങ്കരിക്കപ്പെട്ടിട്ടുള്ളവയാണ്.

“സ്ലീവാ നമുക്ക് അനുഗ്രഹങ്ങളുടെ ഉറവിടമാകുന്നു, അതുവഴി മര്‍ത്യഗണം രക്ഷിക്കപ്പെട്ടിരിക്കുന്നു. കര്‍ത്താവേ ഈ സ്ലീവാ ഞങ്ങള്‍ക്ക് ഉറപ്പുള്ള കോട്ടയായിരിക്കട്ടെ, അതുവഴി ഞങ്ങള്‍ പിശാചിനെയും അവന്‍റെ കെണികളെയും പരാജയപ്പെടുത്തട്ടെ” (സീറോ മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments