Sunday, June 16, 2024
No menu items!
Homeവർത്തമാനംയഹൂദസ്നേഹവും യഹൂദവെറിയും: മാർട്ടിൻ ലൂഥറുടെ രണ്ടു കാലഘട്ടങ്ങൾ

യഹൂദസ്നേഹവും യഹൂദവെറിയും: മാർട്ടിൻ ലൂഥറുടെ രണ്ടു കാലഘട്ടങ്ങൾ

സയണിസവും ക്രൈസ്തവ സഭയും 2

അറുപതു ലക്ഷം യഹൂദന്മാരെ ജർമ്മൻ നാസികള്‍ യൂറോപ്പിൽ ആകമാനമായി കൊന്നുകളഞ്ഞു എന്നാണ് അമേരിക്കയിലെ ന്യൂ ഓര്‍ലന്‍സിലുള്ള (New Orleans) നാഷണല്‍ വേള്‍ഡ് വാര്‍ സെക്കന്‍ഡ് (National World War II) മ്യൂസിയത്തിന്‍റെ വെബ്സൈറ്റില്‍ പറയുന്നത്. നാസികള്‍ നേതൃത്വം നൽകുന്ന ജർമ്മൻ സര്‍ക്കാരിൻ്റെ പൂർണ്ണമായ അറിവോടെ, രാജ്യം സംഘടിതമായിട്ടാണ് ”ഹോളോകോസ്റ്റ്” (Holocaust) എന്നറിയപ്പെടുന്ന യഹൂദ വംശഹത്യ നടപ്പാക്കിയത്.

ലോകചരിത്രത്തില്‍ വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട മുഴുവന്‍ യഹൂദന്മാരേക്കാള്‍ അധികം പേര്‍ നാസികൾ അധികാരത്തില്‍ വന്ന 1933 മുതല്‍ 1945 വരെയുള്ള പന്ത്രണ്ട് വര്‍ഷങ്ങളില്‍ യൂറോപ്പിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കാക്കുന്നത്.

യഹൂദവിരോധം അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തിയത് 1940 മുതലുള്ള കാലഘട്ടത്തിലാണെങ്കിലും യഹൂദവിരോധം നാലു പതിറ്റാണ്ടുകളായി ജര്‍മ്മിനിയില്‍ പുകയുകയായിരുന്നു. നാസികള്‍ അധികാരത്തില്‍ വന്നതോടെ “ജര്‍മ്മന്‍ ദേശീയതാവാദം” രാജ്യത്ത് ഏറെ ചര്‍ച്ച ശക്തിയാർജ്ജിച്ചു. യഹൂദവിരോധം രാജ്യത്ത് ആളിക്കത്തിക്കാൻ നാസികൾ തെരഞ്ഞെടുത്തത് പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിന് നേതൃത്വം നൽകിയ മാര്‍ട്ടിന്‍ ലൂഥര്‍, നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിയ “On the Jews and their Lies” (യഹൂദനും അവന്‍റെ നുണകളും) എന്ന ചെറുഗ്രന്ഥമായിരുന്നു. നാസികള്‍ ജർമ്മിനിയിൽ എല്ലായിടത്തും ഈ ഗ്രന്ഥം വിതരണം ചെയ്തു. ഇതു വായിച്ച ജര്‍മ്മിനിയിലെ സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥരും മിലിട്ടറി ഉദ്യോഗസ്ഥരും മത, രാഷ്ട്രീയ നേതാക്കളുമെല്ലാം ഒരുപോലെ യഹൂദനെ വെറുത്തു. നാസികൾ യഹൂദരെ പേപ്പട്ടിയെപ്പോലെ വേട്ടയാടുന്നതിനെ ജനങ്ങൾ പിന്തുണച്ചു. വെറും 65,000 വാക്കുകള്‍ മാത്രമുള്ള ഈ ചെറിയ പുസ്തകമാണ് നാസികൾക്ക് തങ്ങളുടെ പൈശാചിക ചെയ്തികളെ ന്യായീകരിക്കാൻ കൂട്ടുപിടിച്ചത്. വാസ്തവത്തിൽ യഹൂദന്‍റെ ജര്‍മ്മന്‍ ജീവിതത്തെ ഭീകരമാക്കിയത് പ്രൊട്ടസ്റ്റൻ്റ് ആത്മീയാചാര്യനായ മാർട്ടിൻ ലൂഥറും അയാളുടെ എഴുത്തുകളും പ്രസംഗങ്ങളുമായിരുന്നു.

ബ്രിട്ടീഷ് ചരിത്രകാരനും യഹൂദനുമായിരുന്ന റിച്ചാര്‍ഡ് ഗ്രൂന്‍ബെര്‍ഗര്‍ (Richard Grunberger) ഉള്‍പ്പെടെ പറയുന്നത്, മാര്‍ട്ടിന്‍റെ ലൂഥറുടെ യഹൂദവിരോധം ജര്‍മ്മിനിയിലെ നാസികളെ ഏറെ സ്വാധീനിച്ചിരുന്നു എന്നാണ്. അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച Demonizing the Jews: Luther and the Protestant Church in Nazi Germany എന്ന ഗ്രന്ഥത്തില്‍ ക്രിസ്റ്റഫര്‍ ജെ പ്രോബ്സ്റ്റ് (Christopher J. Probst) ചൂണ്ടിക്കാണിക്കുന്നത് “നാസികളുടെ യഹൂദവിരോധത്തെ ന്യായീകരിക്കാന്‍ പ്രൊട്ടസ്റ്റന്‍റു പാസ്റ്റര്‍മാരും ലൂഥറന്‍ പുരോഹിതന്മാരും മാര്‍ട്ടിന്‍ ലൂഥറുടെ വിദ്വേഷ പ്രചാരണഗ്രന്ഥം ഉപയോഗിച്ചിരുന്നു” എന്നാണ്.

AD 1523-ല്‍ മാർട്ടിൻ ലൂഥറില്‍ നിറഞ്ഞു തുളുമ്പിയ യഹൂദസ്നേഹം

യഹൂദനോടുള്ള ബന്ധത്തില്‍ ലൂഥറുടെ ജീവിതത്തില്‍ വ്യത്യസ്തമായ രണ്ട് കാലഘട്ടങ്ങളുണ്ട് എന്നാണ് അദ്ദേഹത്തിന്‍റെ ജീവചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നത്. ഒന്നാമത്, “ഒരു യഹൂദനായി യേശുക്രിസ്തു ജനിച്ചു” (Jesus Christ was born a Jew) എന്ന ഗ്രന്ഥം ലൂഥർ എഴുതിയ 1523 കാലഘട്ടം; രണ്ടാമത് “യഹൂദനും അവൻ്റെ വ്യാജങ്ങളും” (On the Jews and their Lies) എന്ന ഗ്രന്ഥം എഴുതിയ 1543 കാലഘട്ടം.

ആദ്യ ഗ്രന്ഥം എഴുതിയ കാലഘട്ടത്തില്‍ അദ്ദേഹം പ്രൊട്ടസ്റ്റന്‍റ് വിപ്ലവ പ്രസ്ഥാനം ആരംഭിച്ചിട്ട് ഏതാനും വർഷങ്ങളേ ആയിരുന്നുള്ളൂ. യഹൂദരെ പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തിൻ്റെ ഭാഗമാക്കുക എന്നൊരു ലക്ഷ്യം ഇക്കാലത്ത് ലൂഥറിനുണ്ടായിരുന്നു. “യഹൂദരോടു ഇതുവരെ ക്രൈസ്തവസഭ ഇടപെട്ടതുപോലെ യഹൂദരായിരുന്ന അപ്പൊസ്തൊലന്മാര്‍ വിജാതീയരായിരുന്ന നമ്മളോട് ഇടപെട്ടിരുന്നെങ്കില്‍ വിജാതീയരുടെ ഇടയില്‍നിന്ന് ഒരു ക്രിസ്ത്യാനിയും ഉണ്ടാകില്ലായിരുന്നു. നമ്മള്‍ ക്രിസ്ത്യാനികളായതില്‍ അഭിമാനിക്കുമ്പോള്‍ നമ്മള്‍ ഒരു കാര്യം ഓര്‍മ്മിക്കണം, നമ്മള്‍ വിജാതീയര്‍ ആയിരുന്നു, എന്നാല്‍ യഹൂദര്‍ ക്രിസ്തുവിന്‍റെ വംശാവലയില്‍ ഉള്‍പ്പെട്ടവരാണ്. അതിനാല്‍ യഹൂദർ യേശുക്രിസ്തുവിന്‍റെ രക്തബന്ധത്തിലുള്ളവരും ബന്ധുക്കളും സഹോദരങ്ങളുമാണ്. യഹൂദനില്‍നിന്നാണ് തിരുവചനവും പ്രവാചകന്മാരും അപ്പൊസ്തൊലന്മാരും ദൈവപുത്രനും ഉണ്ടായത്, ഇതെന്നും ചരിത്രത്തിലെ ഒരു ആകസ്മിക സംഭവമായിരുന്നില്ല, ദൈവത്തിന്‍റെ സമ്മാനമായിരുന്നു” എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. (Luther and Jewish Mirror, page 97,98 by Betsy Halpern Amaru) “തന്‍റെ സമകാലികരായി തനിക്കു ചുറ്റുമുള്ള യഹൂദരെല്ലാം അതിമഹത്തായ യഹൂദ കുലത്തിലും പാരമ്പര്യത്തിലും ജനിച്ചവരാണ്” എന്നു വിശ്വസിച്ചുകൊണ്ട് അവരെ ക്രിസ്ത്യാനികളാക്കി പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിന്‍റെ ഭാഗമാക്കുവാന്‍ ലൂഥർ തീവ്രമായി അഭിലഷിക്കുകയും പരിശ്രമിക്കുകയും ചെയ്തു.

ക്രൈസ്തവ സഭ രൂപപ്പെട്ടിട്ട് 1500 കൊല്ലം കഴിഞ്ഞിട്ടം യഹൂദര്‍ മുഴുവനായി ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവരാതെ സംശയാലുക്കളായി മാറിനിന്നതിനു കാരണം കത്തോലിക്കാ സഭയാണെന്നാണ് ലൂഥർ ആരോപിച്ചത്. പാപ്പാമാരുടെ നേതൃത്വത്തില്‍ കത്തോലിക്കാ സഭ സുവിശേഷത്തെ യഹൂദനില്‍നിന്നു മറച്ചുപിടിച്ചു. അതിനാല്‍ യഹൂദര്‍ക്ക് ക്രിസ്തുവിനെ അറിയാന്‍ കഴിഞ്ഞില്ലെന്നും മാര്‍പാപ്പാമാരും യഹൂദ റബ്ബിമാരും ചേര്‍ന്ന് സാധാരണ യഹൂദരെ ചതിച്ചതിനാല്‍ അവര്‍ ക്രൈസ്തവ വിശ്വാസത്തോടു തികഞ്ഞ അജ്ഞതയിലാണ് ജീവിച്ചതെന്നും ലൂഥർ വിശ്വസിച്ചു. യഹൂദര്‍ പലിശയ്ക്കു പണം നല്‍കുന്നവരാണെന്ന ആരോപണത്തെയും ലൂഥര്‍ വളരെ അനുകമ്പയോടെയാണു കണ്ടത്; മറ്റ് തൊഴിലുകളിലേക്ക് ആരും അവരെ സ്വീകരിക്കാത്തതിനാലാണ് അവർ പണം പലിശയക്കു നൽകി ജീവിക്കുന്നത് എന്നതായിരുന്നു ലൂഥറുടെ നിലപാട്. “ഒരുവന്‍ നല്ലക്രിസ്ത്യാനിയാകണമെങ്കില്‍ അവനൊരു യഹൂദനെപ്പോലെയുള്ളവന്‍ ആയിരിക്കണം” എന്നും അദ്ദേഹം 1523-ല്‍ Jesus Christ was born a Jew എന്ന ഗ്രന്ഥത്തില്‍ എഴുതി.

യഹൂദരോടു പ്രൊട്ടസ്റ്റന്‍റുകള്‍ തുറന്ന മനസ്സോടെയും സ്നേഹത്തോടെയും ഇടപെടണമെന്നും അവരെ ക്രിസ്തുവിശ്വാസത്തിലേക്കു ക്ഷണിക്കണമെന്നും ലൂഥര്‍ തന്‍റെ അനുയായികളെ ഓര്‍മ്മിപ്പിച്ചു. “യഹൂദര്‍ ക്രൈസ്തവര്‍ ആകാതിരുന്നാല്‍ അത് അവരുടെ കുറ്റമായിരിക്കില്ല, നമ്മള്‍ നല്ല ക്രൈസ്തവര്‍ അല്ലാത്തതിനാല്‍ സംഭവിക്കുന്നതാണ്” എന്നൊരു തിരിച്ചറിവും അദ്ദേഹം ഈ ഗ്രന്ഥത്തല്‍ പങ്കുവച്ചിരുന്നു (Jesus Christ was born a Jew, page 229).

എഡി 1543-ല്‍ ലൂഥറില്‍ ഉറഞ്ഞുകൂടിയ യഹൂദവിദ്വേഷം

ജര്‍മ്മന്‍ യഹൂദരെ മുഴുവന്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ലൂഥര്‍ അധികം വൈകാതെ ഒരു കാര്യം തിരിച്ചറിഞ്ഞു, യഹൂദനെ ക്രൈസ്തവനാക്കുക എന്നത് അത്ര എളുപ്പമല്ല എന്ന പരമാർത്ഥം! ഈ സംരംഭത്തില്‍ താനൊരു പരാജയമാണെന്ന ചിന്ത അദ്ദേഹത്തെ നിരന്തരം വേട്ടയാടി. ഇതില്‍നിന്ന് ഉരുത്തിരിഞ്ഞ അസ്വസ്ഥതകളുടെ ഫലമായി യഹൂദരോടുള്ള അദ്ദേഹത്തിന്‍റെ പകയും വിദ്വേഷവും വര്‍ദ്ധിച്ചു. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം തികച്ചും വ്യത്യസ്തായ ഒരു മാര്‍ട്ടിന്‍ ലൂഥറെയാണ് പിന്നീട് ലോകം കണ്ടത്. “യഹൂദരെ മാനസാന്തരപ്പെടുത്തി പ്രൊട്ടസ്റ്റന്‍റാക്കുക അത്ര എളുപ്പമല്ലെന്നു കണ്ടതോടെ ലൂഥറിലെ രക്തദാഹിയായ കടുവാ ഉണര്‍ന്നു” എന്നാണ് ഒരു ചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

On the Jews and their Lies എന്ന ഗ്രന്ഥം 1543ല്‍ എഴുതുമ്പോള്‍ യഹൂദരേക്കുറിച്ച് ലോകചരിത്രത്തില്‍ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ആരോപണങ്ങളാണ് ലൂഥറില്‍ നിന്നും ഉയര്‍ന്നത്. പ്രതികാരദാഹിയെപ്പോലെയാണ് അയാൾ പ്രതികരിച്ചത്. “ക്രിസ്തുവിന്‍റെ കാലത്ത് ജീവിച്ചിരുന്ന പഴയ യഹൂദര്‍ മാത്രമല്ല, തന്‍റെ സമകാലികരായ യഹൂദരും പ്രവാചകന്മാരേ കൊന്നവരും ദൈവവചനത്തിന്‍റെ ശത്രുക്കളുമാണെന്ന്” അയാള്‍ പ്രചരിപ്പിച്ചു. 1523ല്‍ യഹൂദരെ സ്വാധീനിക്കുവാന്‍ വേണ്ടി “അവര്‍ നല്ലവരും യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ ഉള്‍പ്പെട്ടവരും ക്രിസ്തുവിന്‍റെ സഹേദരങ്ങളുമാണെന്നു” വാഴ്ത്തിപ്പാടുകയും കത്തോലിക്കാ സഭയെ എല്ലാ നിലയിലും ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയുമായിരുന്നല്ലോ ലൂഥര്‍ ചെയ്തത്. എന്നാല്‍ 1543ല്‍ യഹൂദര്‍ക്കെതിരേ രംഗത്തുവരുമ്പോള്‍ തന്‍റെ ബദ്ധശത്രുവായിരുന്ന കത്തോലിക്കാ സഭയേ യാതൊരു വിധത്തിലും ലൂഥര്‍ പരാമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അമേരിക്കയില്‍ ആന്‍റി സെമിറ്റിസം ശക്തമാക്കുവാന്‍ ജെറാള്‍ഡ് എല്‍.കെ. സ്മിത്ത് 1942ല്‍ സ്ഥാപിച്ച “ക്രിസ്റ്റ്യന്‍ നാഷണലിസ്റ്റ് ക്രൂസേഡ്” (Christian Nationalist Crusade) എന്ന പ്രസ്ഥാനം ലൂഥറുടെ യഹൂദ വിദ്വേഷം പ്രചരിപ്പിക്കുന്ന ഗ്രന്ഥം “യഹൂദരും അവരുടെ നുണകളും” എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ലൂഥര്‍ ഈ ഗ്രന്ഥമെഴുതുമ്പോള്‍ “അദ്ദേഹം വളരെ നിരാശായിരുന്നുവെന്നു” ജെറാൾഡ് വ്യക്തമാക്കുന്നു. പൗലോസിനെപ്പോലെ സുവിശേഷത്തിലേക്കു കടന്നുവരാൻ യഹൂദന് അവസരം നല്‍കി വര്‍ഷങ്ങളോളം യഹൂദരെ ക്രിസ്ത്യാനികളാക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിയിട്ടും അതിലെല്ലാം ലൂഥര്‍ പരാജയപ്പെട്ടു. ഒടുവില്‍ വൈകാരികവും പ്രകോപനപരവുമായ ഭാഷയിലുമാണ് 1543 ലൂഥർ On the Jews and their Lies എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് എന്ന് പറഞ്ഞ് ജെറാള്‍ഡ് സ്മിത്ത്, ജർമ്മൻ വംശവെറിയനായ മാര്‍ട്ടിന്‍ ലൂഥറെ ന്യായീകരിക്കുന്നതു കാണാം.

സ്നാപകയോഹന്നാന്‍ അബ്രഹാമിന്‍റെ സന്തതികള്‍ എന്നവകാശപ്പെടുന്ന യഹൂദരെ “സര്‍പ്പസന്തതികളെ” എന്നു വിളിച്ചുവെന്നും യേശുക്രിസ്തു യഹൂദനെ “സാത്താന്‍റെ സന്തതികളെ” എന്നു വിളിച്ചുവെന്നും വായനക്കാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ലൂഥര്‍ തന്‍റെ യഹൂദവിരോധ പ്രസ്താവനകള്‍ക്ക് തുടക്കം കുറിക്കുന്നത്. യഹൂദനെ എല്ലാവിധത്തിലുമുള്ള ശാപവചനങ്ങളും ആക്ഷേപവാക്കുകളും കൊണ്ടാണ് ലൂഥർ അഭിസംബോധന ചെയ്യുന്നത്. ജര്‍മ്മിനി യഹൂദനെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് നമ്പറിട്ട് ലൂഥർ ആവശ്യപ്പെടുന്നതും ഈ ഗ്രന്ഥത്തിൽ വിശദമാക്കുന്നു.

യഹൂദരുടെ ആരാധനാലയമായ സിനഗോഗും പാഠശാലകളും തീയിട്ട് നശിപ്പിക്കുകയും അവശേഷിക്കുന്നതെല്ലാം കുഴിച്ചുമൂടണമെന്നും ലൂഥർ ആവശ്യപ്പെടുന്നു. യഹൂദന്‍റെ യാതൊരു നുണയും ശാപവചനങ്ങളും ദൈവത്തിന്‍റെ പുത്രനെ സംബന്ധിച്ചുള്ള യാതൊരു ദൂഷണവും നമ്മൾ സഹിക്കില്ലെന്നും കഴിഞ്ഞകാലങ്ങളില്‍ നമ്മൾ അറിവില്ലായ്മയാല്‍ ഇവരെ സഹിഷ്ണുതയോടും സ്നേഹത്തോടും കണ്ടത് ദൈവം ക്ഷമിക്കട്ടെയെന്നും ലൂഥർ പറയുന്നു. യഹൂദന്‍റെ വീടുകള്‍ നശിപ്പിച്ചുകളയുക, അവര്‍ അവകാശപ്പെടുന്നതുപോലെ അവര്‍ നമ്മുടെ യജമാനന്മാരല്ല, വിഗ്രഹംപോലെ അവര്‍ പൂജിക്കുന്ന തൽമൂദ് (Talmud)

ഉള്‍പ്പെടെയുള്ള അവരുടെ വ്യാജഗ്രന്ഥങ്ങളും എല്ലാ പ്രാര്‍ത്ഥനാ ഗ്രന്ഥങ്ങളും നശിപ്പിക്കുക, യഹൂദമതം പഠിപ്പിക്കുന്നതില്‍നിന്ന് യഹൂദ റബ്ബിമാരേ വിലക്കുക, യഹൂദന്‍റെ സഞ്ചാരസ്വാതന്ത്ര്യം തടയുക, അവര്‍ കൊള്ളപ്പലിശ വാങ്ങുന്നത് നിരോധിക്കുക, അവരെ മറ്റ് തൊഴിലുകളില്‍നിന്നെല്ലാം നിരോധിച്ച് അവരുടെ യുവജനങ്ങളുടെ കൈയില്‍ കൃഷിയായുധങ്ങള്‍ നല്‍കി അധ്വാനിച്ചു ജീവിക്കാന്‍ ആവശ്യപ്പെടുക… ഇങ്ങനെ പോകുന്നു ലൂഥറുടെ യഹൂദവെറി.

ഇസ്രായേൽ ജനത്തിൽ എല്ലാവരും നശിക്കാതിരിക്കാന്‍ മരുഭൂമിയില്‍വച്ചു മോശെ മൂവായിരം പേരുടെ തലയറുത്തു മറ്റുള്ളവരേ നാശത്തിൽ നിന്നു എപ്രകാരം രക്ഷിച്ചുവോ അപ്രകാരം ജര്‍മ്മിനിയിലുള്ള യഹൂദരോട് നിര്‍ദാക്ഷിണ്യം പെരുമാറുകയും ജര്‍മ്മിനിയെ രക്ഷിക്കുകയും വേണം എന്നതായിരുന്നു ലൂഥറുടെ ആത്യന്തികമായ ആവശ്യം. “ജര്‍മ്മിനിയിലുള്ള യഹൂദനെ പേപ്പട്ടിയെപ്പോലെ ഓടിച്ചുകളയുകയും അവരുടെ എല്ലാ സിനഗോഗുകളെല്ലാം നശിപ്പിക്കുകയും വേണം. അവരുടെ ദൈവദൂഷണത്തില്‍ നമ്മള്‍ പങ്കാളികളാകരുത്. ഞാന്‍ എന്‍റെ ഉത്തരവാദിത്വം ചെയ്തു കുറ്റവിമുക്തനായിരിക്കുന്നു, നിങ്ങൾ ഓരോരുത്തരും സ്വന്തം നിലയിൽ യഹൂദനെതിരേ തിരിഞ്ഞ് ആത്മീയമായി പ്രബലരായിക്കൊള്ളുക” ഇതായിരുന്നു On the Jews and their Lies എന്ന ഗ്രന്ഥത്തില്‍ ലൂഥര്‍ ഉയര്‍ത്തിയ യഹൂദവിദ്വേഷത്തിന്‍റെ അന്ത:സത്ത.

മാര്‍ട്ടിന്‍ ലൂഥറുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച അഡോള്‍ഫ് ഹിറ്റലര്‍

യഹൂദര്‍ ക്രിസ്ത്യാനികളാകുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ യഹൂദനോടു യാതൊരു മനുഷ്യത്വവുമില്ലാതെ പൈശാചികമായി പെരുമാറിയ പ്രൊട്ടസ്റ്റന്‍റ് ഭീകരവാദിയായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍. “ജര്‍മ്മിനിയില്‍ നിന്ന് യഹൂദന്മാരേ പൂർണ്ണമായി ഒഴിവാക്കണമെന്നു ലൂഥര്‍ ആഗ്രഹിച്ചിരുന്നു, നാലു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹിറ്റലര്‍ അത് നിവര്‍ത്തിച്ചു” എന്നാണ് വില്യം ഷൈറര്‍ (The Rise and Fall of the Third Reich, William Shairer, page 236) എന്ന ഗ്രന്ഥത്തിൽ എഴുതിയത്. ഹിറ്റ്ലർ ഉയർത്തിയ ദേശീയവാദം പോലും അയാളുടെ സ്വന്തം ആശയമായിരുന്നില്ല, മാർട്ടിൻ ലൂഥർ On the Jews and their Lies എന്ന ഗ്രന്ഥത്തിൻ്റെ ഒടുവിൽ പറയുന്ന നല്ല “രാജ്യസ്നേഹി” എന്ന പ്രയോഗം ഹിറ്റ്ലറെ സ്വാധീനിച്ചിരുന്നു എന്നു കാണാം. (As a good ‘patriot I wanted to give you this warning for the very last time to deter you from participating in alien sins, you must know I only desire for you all, rulers and subjects, page 16, The Jews and their Lies, translated by Gerald LK Smith) വാസ്തവത്തില്‍ മാർട്ടിൻ ലൂഥറുടെ യഹൂദവിരോധത്തിന്‍റെ പൂര്‍ണ്ണമായ പ്രകടനമായിരുന്നു അഡോൾഫ് ഹിറ്റ്ലറിലൂടെ ലോകം കണ്ടത്.

1994ല്‍ അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് ആദ്യമായി തങ്ങളുടെ മതസ്ഥാപകനായ മാര്‍ട്ടിന്‍ ലൂഥറുടെ ആന്‍റി സെമിറ്റിക് വീക്ഷണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഇപ്രകാരം എഴുതി: ” മാർട്ടിൻ ലൂഥർ യഹൂദവിരോധത്തോടെ കഠിനമായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിൻ്റെ പേരും പാരമ്പര്യവുമുള്ള ഞങ്ങള്‍

സമ്മതിക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ തന്‍റെ സമകാലികര്‍ ഉപയോഗിച്ചിരുന്നതുപോലെ മാര്‍ട്ടിന്‍ ലൂഥർ ഉപയോഗിച്ച അസഭ്യവും ആക്രമോത്സുകമായ ഭാഷയെയും ഞങ്ങള്‍ തള്ളിക്കളയുന്നു, ഈ എഴുത്തുകളുടെ പരിണിതഫലമായി യഹൂദരുടെ പിന്‍തലമുറകള്‍ നേരിട്ട ദുരന്തങ്ങളില്‍ ഞങ്ങള്‍ക്കുള്ള അഗാധമായ വേദനയുണ്ട്”

നാസികളും ക്രിസ്ത്യൻ സയോണിസ്റ്റുകളും

മാർട്ടിൻ ലൂഥറുടെ ജീവിതത്തിൽ എഡി 1523-ൽ അദ്ദേഹത്തിന് യഹൂദരോടു ”ക്രിസ്തുവിന്‍റെ സഹോദരങ്ങളോട് എന്നപോലെ സ്നേഹം” തോന്നിയ കാലഘട്ടവും 1543ല്‍ ”പിശാചിനെപ്പോലെ അവരെ വേട്ടയാടിയ” കാലഘട്ടവുമുണ്ടായിരുന്നു. ഈ രണ്ട് കാലഘട്ടത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ട് വിഭാഗം ജനങ്ങള്‍ യൂറോപ്പിന്‍റെ ചരിത്രത്തില്‍ രംഗപ്രവേശനം ചെയ്തതും നമുക്കു കാണാം. യഹൂദനെ വേട്ടയാടിയ നാസികള്‍ 1543ലെ ലൂഥറെ പ്രതിനിധാനം ചെയ്യുമ്പോള്‍, പ്രൊട്ടസ്റ്റന്‍റുകളിലെ സയോണിസ്റ്റുകൾ പ്രതിനിധീകരിക്കുന്നത് 1523 ൽ യഹൂദ സ്നേഹത്താൽ അവരെ വാരിപ്പുണർന്ന ലൂഥറെയാണ്.

(ക്രിസ്ത്യൻ സയോണിസവും പ്രൊട്ടസ്റ്റന്‍റ് മൂവ്മെന്‍റും എന്ന വിഷയത്തെക്കുറിച്ച് അടുത്ത ലേഖനത്തില്‍ വിശദമാക്കാം)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments