പ്രമുഖ അമേരിക്കന്‍ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഏണസ്റ്റ് ഹെമിംഗ്വേയുടെ ഒരു ചെറുകഥ വളരെ രസകരമാണ്.
പിതാവുമായി വഴക്കുകൂടി വീടുവിട്ടു പോയ പാക്കോ എന്ന മകനെ അന്വേഷിക്കുന്ന സ്പാനിഷുകാരനായ പിതാവാണ് കഥയിലെ മുഖ്യകഥാപാത്രം. മകനെ അന്വേഷിച്ച് പിതാവ് ഏറെ അലഞ്ഞു. അവന്‍ സ്പെയിനിലെ പ്രമുഖ പട്ടണമായ മാഡ്രിഡില്‍ എവിടെയോ ഉണ്ടെന്നു മാത്രമേ പിതാവിന് അറിയുകയുള്ളൂ. അവനെ കണ്ടുമുട്ടിയാല്‍ ”എല്ലാം ക്ഷമിച്ച് അവനെ ആലിംഗനം ചെയ്യണം” എന്ന് ആഗ്രഹിച്ചാണ് അദ്ദേഹം മകനെ അന്വേഷിച്ചിറങ്ങിയത്. മകനേത്തേടി അലഞ്ഞ് ക്ഷീണിതനായ ഈ പിതാവിന് ഒരു ബുദ്ധി തോന്നി. മാഡ്രിഡിലുള്ള “എല്‍ ലിബറൽ” എന്ന പ്രാദേശിക പത്രത്തില്‍ ഒരു പരസ്യം കൊടുക്കുക! നല്ല ഐഡിയ! അദ്ദേഹം പത്രപ്രരസ്യം നല്‍കി, അതിലെ വാചകങ്ങൾ ഇപ്രകാരമായിരുന്നു:
“മകനേ പാക്കോ, ഹോട്ടൽ മൊന്താനയില്‍ ചൊവ്വാഴ്ച ഉച്ചയോടെ വരിക, നമുക്ക് അവിടെ വച്ച് കണ്ടുമുട്ടാം, ഞാന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു, സ്നേഹത്തോടെ പപ്പ”
വളരെ പ്രതീക്ഷയോടെയാണ് ആ പിതാവ് ചൊവ്വാഴ്ച ഉച്ചയോടെ ഹോട്ടല്‍ മൊന്താനയില്‍ എത്തിയത്. അവിടെ അതാ വലിയൊരു ആൾക്കൂട്ടം. ഏതാണ്ട് എണ്ണൂറോളം പേര്‍ അവിടെ കൂടിനില്‍ക്കുന്നു. കാര്യമെന്താണെന്ന് തിരക്കിയപ്പോള്‍ ആ പിതാവ് ഞെട്ടിപ്പോയി. അവിടെ കൂടി നിൽക്കുന്ന എല്ലാവരുടെയും പേര്‍ പാക്കോ എന്നാണത്രേ! ഒരിക്കല്‍ തങ്ങളുടെ പിതാവുമായി വഴക്കുകൂടി വീടുവിട്ടിറങ്ങിയവരാണ് അവരെല്ലാം. ഈ പത്രപ്പരസ്യം കണ്ടപ്പോള്‍ സ്വന്തം പിതാവുമായി രമ്യതയിലാകാന്‍ വന്നിരിക്കുകയാണത്രെ അവരെല്ലാം. ‘ക്ഷമിച്ചു’ എന്നൊരു വാക്കു കേള്‍ക്കാന്‍ ആശയോടെ കാത്തിരിക്കുന്ന നിരവധി പാക്കോമാര്‍ ഹോട്ടല്‍ മൊന്താനയുടെ പരിസരത്ത് നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നു!
ഒരിക്കല്‍ ഉണ്ടായ വാഗ്വാദവും ആശയ സംഘട്ടനവും സൃഷ്ടിച്ച വിഭാഗീയതയും വിദ്വേഷവും ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്ന എത്രയോ പേര്‍ ഈ ഭൂമുഖത്തുണ്ട്! ഹൃദയത്തില്‍ തിങ്ങിനിറഞ്ഞ വിദ്വേഷവുമായി അന്ത്യംവരെയും ജീവിച്ച് എത്രയോ കോടി ആളുകളായിരിക്കും ഇതിനോടകം ലോകം വിട്ടുപോയത്? അതോടൊപ്പം, ചെയ്ത തെറ്റിന്, ക്ഷമിച്ചു എന്നൊരു വാക്കു കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്നവരും എത്രയോ ആയിരിക്കും!
“മരിച്ചാലും ക്ഷമിക്കില്ല” എന്നു പലരും പറയാറുണ്ടെങ്കിലും മരണക്കിടക്കയില്‍ വച്ചുപോലും ക്ഷമിക്കാന്‍ തയാറാകാത്തവര്‍ ഉണ്ടായിരിക്കുമോ? അധികമാരെയും എനിക്ക് അറിയില്ല, എന്നാല്‍ ഒരാളെ അറിയാം. ബൈബിളിലെ ദാവീദ് എന്ന വ്യക്തി! ക്ഷമിക്കാന്‍ തയാറാകാതെയാണ് അദ്ദേഹം മരിച്ചതെന്ന് 1 രാജാക്കന്മാര്‍ 2:8,9,10 വാക്യങ്ങളില്‍ വായിക്കാം.
“ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയി എന്നൊരുവന്‍ ഉണ്ടല്ലോ, ഞാന്‍ മഹാനയീമിലേക്ക് പോകുന്ന ദിവസം അവന്‍ എന്നെ കഠിനമായി ശപിച്ചു; എങ്കിലും അവന്‍ യോര്‍ദ്ദാങ്കല്‍ എന്നെ എതിരേറ്റു വന്നതുകൊണ്‍ട് അവനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്ന് ഞാന്‍ യഹോവയുടെ നാമത്തില്‍ അവനെടു സത്യം ചെയ്തു. എന്നാല്‍ നീ അവനെ ശിക്ഷിക്കാതെ വിടരുത്. നീ ബുദ്ധിമാനല്ലോ, അവനോട് എന്തു ചെയ്യണമെന്നു നീ അറിയും. അവന്‍റെ നരയെ രക്തത്തോടെ പാതാളത്തിലേക്ക് അയയ്ക്കുക. പിന്നെ ദാവീദ് തന്‍റെ പിതാക്കന്മാരേപ്പോലെ നിദ്രപ്രാപിച്ചു” (1 രാജാക്കന്മാര്‍ 2:8,9,10).
താന്‍ കൊല്ലുകയില്ല എന്ന് സത്യം ചെയ്തുവെങ്കിലും പക ഉള്ളില്‍ വച്ച് ജീവിച്ച്, മരണക്കിടക്കയില്‍ തന്‍റെ മകനെങ്കിലും അവനോട് പ്രതികാരം ചെയ്യണം എന്ന് ആഗ്രഹച്ച് മരിച്ച വ്യക്തികൂടിയാണ് ദാവീദ്.
ദാവീദിന്‍റെ അപദാനങ്ങള്‍ എല്ലാ ആഴ്ചയിലും പ്രസംഗിക്കുന്നവരുണ്ട്. യേശുവിനെക്കുറിച്ച് കേട്ടില്ലെങ്കിലും ദാവീദിനെക്കുറിച്ച് ഒരു പ്രസംഗമെങ്കിലും കേട്ടില്ലെങ്കില്‍ ഉറക്കം വരാത്തവരുമുണ്ട്. ഇത്തരക്കാരുടെ ഹൃദയങ്ങള്‍ പകയുടെയും വിദ്വേഷത്തിന്‍റെയും പ്രതികാരചിന്തയുടെയും വിളനിലങ്ങളാണ്. ദാവീദാണല്ലോ മാതൃക. എതിരാളികള്‍ മറ്റാരുമായിരിക്കില്ല. സ്വന്തം കൂടെപ്പിറപ്പുകള്‍, സഭയിലെ, ഇടവകയിലെ കൂട്ടു വിശ്വാസികള്‍…
ദാവീദിന്‍റെ അന്ത്യം വിദ്വേഷത്തോടെ ആയിരുന്നുവെങ്കില്‍ ലോകത്തില്‍ പകരം വയ്ക്കാനില്ലാത്ത ജീവിതത്തിന്‍റെ ഉടമയായിരുന്ന യേശുക്രിസ്തുവിന്‍റെ ജീവിതമോ? മനുഷ്യവര്‍ഗ്ഗത്തോടുതന്നെ ക്ഷമിക്കാന്‍ കഴിയാത്ത വിധത്തില്‍, ചിലരെ പിശാച് ക്രൂരന്മാരാക്കി. യഹൂദമത നേതൃത്വവും റോമന്‍ ഭരണകൂടുവും -യഹൂദനും വിജാതീയനും – അവരില്‍ ഉള്‍പ്പെടുന്നു. തന്‍റെ ശിഷ്യന്മാരില്‍ ഒരുവനാല്‍ ഒറ്റിക്കൊടുക്കുപ്പെട്ടു. ബാക്കിയുള്ളവര്‍ ഓടിയൊളിച്ചു. അത്ഭുതങ്ങളുടെ ഗുണം ലഭിച്ചവരും അപ്പം തിന്ന് തൃപ്തിയായവരും ഓശാനപാടി എതിരേറ്റവും കാഴ്ചക്കാരായി അകലമാറിനിന്നു. സകലമനുഷ്യനാലും പരിത്യജിക്കപ്പെട്ടവനായി ക്രൂശിതനായപ്പോള്‍, കുരിശില്‍വച്ച് യേശുക്രിസ്തു ക്ഷമിച്ചത് സകലമനുഷ്യവര്‍ഗ്ഗത്തോടുമായിരുന്നു. യേശുക്രിസ്തു കുരിശില്‍ കിടന്നുകൊണ്ട് മനുഷ്യവര്‍ഗ്ഗത്തോടു മുഴവന്‍ ക്ഷമിക്കുന്നതിലൂടെയാണ് വാസ്തവത്തില്‍ പിശാച് പരാജിതനാകുന്നത്. ഒരു കേവല മനുഷ്യന് ക്ഷമിക്കാന്‍ കഴിയാത്ത വിധത്തില്‍ സകലവിധ പീഢനങ്ങളിലൂടെയും യേശുക്രിസ്തു കടന്നുപോയി. തന്റെ സകല ആയുധവും പിശാച് പുറത്തെടുത്തു, എന്നിട്ടും, പിശാചിനെ അത്ഭുതപ്പെടുത്തി അവിടുന്ന് മനുഷ്യവര്‍ഗ്ഗത്തോടു നിരുപാധികം ക്ഷമിച്ചു. ഇതിലൂടെയാണ് പിശാചിന്‍റെ പരാജയം പൂര്‍ണ്ണമാകുന്നത്. ഇതിലൂടെയാണ് കുരിശ് ജയോത്സവത്തിന്‍റെ ഇടമായത്. കുരിശ് വിജയോത്സവത്തിന്‍റെ പ്രതീകമായി മാറിയത് യേശുക്രിസ്തു കുരിശിൽ മനുഷ്യവർഗ്ഗത്തോടു ക്ഷമിച്ചതിലൂടെയാണ്. (കൊളോ 2:15).
മനുഷ്യന്‍ ക്ഷമിക്കുന്നടത്ത് ഇന്നും പിശാച് പരാജയപ്പെടുന്നു എന്നതാണ് വാസ്തവം. സാത്താന്‍ നമ്മെ തോല്‍പിക്കുന്നത് യാതൊന്നിലൂടെയുമല്ല, ക്ഷമിക്കാന്‍ കഴിയാത്ത ഒരു മാനസീകാവസ്ഥ നമ്മില്‍ സൃഷ്ടിക്കുന്നതിലൂടെയാണ് പിശാച് ഇന്നും വിജയിക്കുന്നത്. അപ്പൊസ്തൊലനായ പൗലോസ്, സാത്താന്‍റെ ഈ തന്ത്രം തിരിച്ചറിഞ്ഞിരുന്നു. 2 കൊരിന്ത്യ ലേഖനം 2:5-10 വരെയുള്ള വാക്യങ്ങളില്‍ ക്ഷമിക്കുന്നതിനെക്കുറിച്ച് പറഞ്ഞ് ഒടുവില്‍ പറയുന്നു “സാത്താന്‍ നമ്മെ തോല്‍പിക്കരുത്, അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ” (2 കൊരിന്ത്യ 2:11)
വലിയൊരു ദൈവമനുഷ്യനാല്‍ ക്ഷമിക്കപ്പെട്ടവനായിരുന്നു പൗലോസ് ആയിത്തീര്‍ന്ന സാവൂള്‍. രക്തസാക്ഷിത്വത്തിന് തൊട്ടുമുമ്പ്, സ്തെഫാനോസ് പ്രാര്‍ത്ഥിക്കുന്നു അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിച്ചു “കര്‍ത്താവേ, ഈ പാപം അവരുടെമേല്‍ ആരോപിക്കരുത്. ഇതു പറഞ്ഞ് അവന്‍ മരണ നിദ്രപ്രാപിച്ചു” (അപ്പ പ്രവൃത്തി 7:60). സ്തെഫാനോസിന്‍റെ ഈ പ്രാര്‍ത്ഥനയാണ് പൗലോസിനെ ദൈവമുമ്പാകെ ക്ഷമിക്കപ്പെട്ടവനാക്കിയത്. ഈ സംഭവത്തിലൂടെ സാവൂള്‍ പൗലോസിലേക്കുള്ള പരിവര്‍ത്തനം തുടങ്ങിയിരുന്നു എന്നു കരുതാം. നിങ്ങൾ ഭൂമിയിൽ ക്ഷമിച്ചാൽ സ്വർഗ്ഗത്തിലും അത് ക്ഷമിക്കും എന്ന് യേശു പഠിപ്പിച്ചത് പ്രാവർത്തികമാകുന്നത് ഇവിടെ വ്യക്തമാകുന്നു. സ്തെഫാനോസിന്‍റെ ക്ഷമയുടെ മഹത്വം ക്രൈസ്തവലോകം വിശുദ്ധ പൗലോസിലൂടെ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു.
പ്രമുഖ ക്രൈസ്തവ ചിന്തകനായിരുന്ന സി.എസ്. ലൂയീസ് പറഞ്ഞത് “ക്രൈസ്തവന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം, ക്ഷമിക്കാന്‍ കഴിയാത്തതെന്ന് കരുതുന്നവയെല്ലാം ക്ഷമിക്കാന്‍ തയാറാകേണ്ടവര്‍ എന്നാണ്; കാരണം, ആര്‍ക്കും ക്ഷമിക്കാന്‍ കഴിയാതിരുന്നതല്ലേ ദൈവം നമ്മോടു ക്ഷമിച്ചത്”.
ക്ഷമിക്കുക എന്നത് സ്വര്‍ഗ്ഗീയ ഗുണമാണ്. സൃഷ്ടിയുമായുള്ള ബന്ധത്തില്‍ ക്ഷമയുടെ ആവശ്യകത ആദ്യമായി ബോധ്യപ്പെടുന്നത് സ്വര്‍ഗ്ഗത്തിലാണ്. ദൈവികസാന്നിധ്യത്തില്‍നിന്ന് അകന്നുപോയ മനുഷ്യനെ ക്ഷമിച്ച് യഥാസ്ഥാനപ്പെടുത്തുവാനായി സ്വര്‍ഗ്ഗം ആവിഷ്കരിച്ച പദ്ധതിയാണ് അനുരജ്ഞനത്തിന്‍റെ, കുരിശിന്റെ രക്ഷാ മാര്‍ഗ്ഗം. ക്ഷമിക്കാന്‍ കഴിയുന്ന വ്യക്തി ഈ സ്വര്‍ഗ്ഗീയ ഗുണമാണ് പ്രകടമാക്കുന്നത്.
ജോണ്‍ വെസ്ലിയും ജോര്‍ജ് വൈറ്റ്ഫീല്‍ഡും തമ്മില്‍ നിലനിന്നിരുന്ന ആശയസംവാദം വ്യക്തിപരമായ പോരാട്ടം പോലെ വളര്‍ന്നു എന്ന് പലരും ചിന്തിച്ച സമയത്ത് ഒരിക്കല്‍ ജോര്‍ജ് വൈറ്റ്ഫീല്‍ഡിനോട് ഒരാൾ ചോദിച്ചു “ജോണ്‍ വെസ്ലിയോട് നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാലെങ്കിലും സാംസാരിക്കുമോ” വൈറ്റ്ഫീല്‍ഡ് മറുപടി പറഞ്ഞു. “കഴിയുമെന്ന് തോന്നുന്നില്ല” അതിന് കാരണം അദ്ദേഹം വിശദീകരിച്ചു “ജോണ്‍ വെസ്ലി സ്വര്‍ഗ്ഗത്തില്‍ ദൈവത്തോട് കൂടുതല്‍ അടുത്ത് ആയിരിക്കും, ഞാന്‍ വളരെ അകലെയുമായിരിക്കും, അതിനാല്‍ എനിക്ക് സ്വര്‍ഗ്ഗത്തില്‍ അദ്ദേഹത്തെ കാണാന്‍ കഴിയുമോ എന്നുതന്നെ അറിയില്ല”.
ആരോഗ്യപരമായ വാദപ്രതിവാദങ്ങളുള്ളപ്പോള്‍ തന്നെ ആത്മാവിന്‍റെ ഐക്യം നഷ്ടപ്പെടാതെ സൂക്ഷിക്കുമ്പോള്‍ മാത്രമേ ശത്രുവിനോടുപോലും ക്ഷമിച്ച യേശുക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഭാഗമായിരിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ.
നമ്മുടെ അനുദിനജീവിതത്തില്‍ -കുടുംബത്തില്‍, സഭയില്‍, പള്ളിയില്‍, സമൂഹത്തില്‍, ജോലിസ്ഥലത്ത്…. ക്ഷമിക്കേണ്ട എത്രയോ മേഖലകള്‍ ദിനംതോറും ഉണ്ടായിക്കൊണ്ടിരിക്കുന്നു? ക്രിസ്തീയമായി ക്ഷമിക്കുന്നത് വെറും വാക്കാലുള്ള ക്ഷമയല്ല, ഇത് “ക്രിസ്തുവിന്‍റെ സന്നിധാനത്തിലായിരിക്കണം” (2 കൊരി 2:10) എന്നതാണ് അപ്പൊസ്തൊലിക ഉപദേശം. നാം ക്ഷമിച്ചു എന്നതിന് ക്രിസ്തു സാക്ഷിയാകുന്ന എന്നതാണ് ക്രിസ്തീയമായി ക്ഷമിക്കുന്നതിന്റെ പ്രത്യേകത.
ക്ഷമിച്ചു എന്നതു കേള്‍ക്കാന്‍ എത്രയോ ജീവിതങ്ങള്‍ ഇന്നും പ്രതീക്ഷിച്ചിരിക്കുന്നു!
എല്‍ ലിബറല്‍ പത്രത്തിലെ ഒരു പരസ്യത്തിനായി ക്രൈസ്തവലോകത്ത് എത്രയോ പാക്കോമാര്‍ കാത്തിരിക്കുന്നു.