Saturday, July 27, 2024
No menu items!
HomeColumnistസഭാസംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം

സഭാസംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം

സങ്കീർണ്ണമായ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളും വിശദീകരിക്കാൻ പ്രയാസമായ സംഭവ വികാസങ്ങളും വെല്ലുവിളി ഉയർത്തുന്ന സമകാലിക ചുറ്റുപാടിൽ, ഭാരത സഭ ഉയർന്ന ജാഗ്രത പുലർത്തുകയും സഭാസംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു! അഭിപ്രായ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനതന്നെയും വ്യത്യസ്ത വീക്ഷണകോണിലൂടെ വ്യാഖ്യാനിക്കപ്പെടുകയും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നതായി കാണപ്പെടുന്ന കാലത്ത്, സമൂഹ മനസാക്ഷിയുടെ സ്വരമാകാൻ സഭക്കു കഴിയണം.

വിഭജനത്തിന്റെ യുക്തി ആധിപത്യം പുലർത്തുന്നു

വിഭജനത്തിന്റെ യുക്തിയാണ് അധികാരത്തിലേക്കുള്ള രാഷ്ട്രീയ പാതയെന്നു വിശ്വസിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും രാജ്യത്തു ശക്തിയാർജിച്ചുകൊണ്ടിരിക്കുന്നു എന്നത് പകൽപോലെ വ്യക്തമാണ്! ഈ രംഗത്ത് ഏറ്റവും ദുരുപയോഗിക്കപ്പെടുന്നത് മതവും മത വിശ്വാസങ്ങളും വൈവിധ്യമാർന്ന സ്വത്വ ബോധങ്ങളുമാണ്. മതേതരത്വത്തെ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളിൽനിന്ന് അടർത്തി മാറ്റാനുള്ള നീക്കങ്ങൾ ശക്തമാണ് എന്നുമാത്രമല്ല, രാഷ്ട്രബോധത്തെ മതവുമായി ബന്ധിപ്പിച്ചു വ്യാഖ്യനിക്കാനുള്ള ശ്രമങ്ങളും ശക്തിയാർജിച്ചുകൊണ്ടിരിക്കുന്നു! ‘ഇൻക്ലൂസിവിറ്റി, പ്ലൂറാലിറ്റി, കോ-എക്സിസ്റ്റൻസ്’ തുടങ്ങി ഇന്ത്യൻ യഥാർഥ്യത്തെ പ്രതിനിധീകരിക്കുകയും പ്രതിബിംബിപ്പിക്കുകയും ചെയ്തുവന്ന സബ്ജ്ഞകൾ തമസ്കരിക്കപ്പെടുകയും ബഹുത്വത്തെയും വൈവിധ്യത്തെയും പുറംതള്ളുന്ന ഏകശിലാരൂപങ്ങൾ തൽസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു! ഇത്തരം രാഷ്ട്രീയ പ്രത്യയശാസ്ത്ര സമീപനങ്ങൾ നിയമനിർമ്മാണം ഉൾപ്പെടെയുള്ള രാഷ്ട്ര വ്യവഹാരങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട് എന്നതും കാണാതെ പോകരുത്. അടുത്തകാലത്തു വിവിധ സംസ്ഥാനങ്ങൾ പാസ്സാക്കുകയും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന ആന്റി കൺവേർഷൻ നിയമങ്ങൾ ഇതിന് ഉദാഹരണമാണ്. നിലവിലുള്ള മതംമാറ്റ നിരോധന നിയമങ്ങൾ ആഴത്തിൽ വിശകലനം ചെയ്യപ്പെടേണ്ടതും വിലയിരുത്തപ്പെടേണ്ടതുമാണ്. ഇന്ത്യയുടെ മനസ്സാക്ഷിയിൽ അഗ്നിപടർത്തി വളർന്നുകൊണ്ടിരിക്കുന്ന പല പ്രാദേശിക വംശീയ അസ്വസ്ഥതകൾക്കും പിന്നിൽ വിഭജന രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം സ്വാധീനം ചെലുത്തുന്നില്ലേ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

സഭയുടെ സംവിധാനങ്ങൾ സുസജ്ജമാകണം

പ്രാദേശികവും വംശീയവുമായ അസ്വസ്ഥതകളുടെ തീ ആളിപ്പടരാതിരിക്കാൻ വ്യക്തമായ വിലയിരുത്തലുകളും മുൻകരുതലുകളും അനിവാര്യമാണ്. എന്നാൽ, ആരാണ് ഇത്തരം പഠനങ്ങൾ നടത്തേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. മാധ്യമങ്ങളും അക്കാദമിക് സ്ഥാപനങ്ങളും നിയമജ്ഞരുമെല്ലാം അതിനു ചുമതലപ്പെട്ടവരാണെങ്കിലും, സഭക്ക് ഇക്കാര്യത്തിൽ പ്രത്യേക കടമയുണ്ട് എന്നു മറക്കരുത്. വിശാലമായ രാജ്യത്തിലെ വൈവിധ്യമാർന്ന മേഖലകളിൽ ആത്മീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകൾക്ക്, വിശിഷ്യാ കത്തോലിക്കാ സഭക്ക്, ഈ ചുമതലയിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല.

പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ തലങ്ങളിലെ വിവിധ വിഷയങ്ങളും വെല്ലുവിളികളും അതാതുതലങ്ങളിലും വ്യാപകമായും പഠിക്കാനും സംവാദങ്ങളിലേർപ്പെടാനും ഭരണകൂടങ്ങളുമായി ഫലപ്രദമായി ആശയവിനിമയം നടത്താനും, പൊതു വിഷയങ്ങളിൽ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടു നിലപാടെടുക്കാനും സഭക്കു കഴിയും, കഴിയണം. ഇതിനുള്ള സംവിധാനങ്ങൾ നിലവിൽ സഭയിലുണ്ട്. എല്ലാ തലങ്ങളിലും അവ സജ്ജീവമാകണം. പ്രാദേശിക തലങ്ങളിൽ സംഘർഷഭരിതമായ സാഹചര്യങ്ങളും സംഭവങ്ങളുമുണ്ടാകുമ്പോൾ, നിജസ്ഥിതി എന്ത് എന്നറിയാൻ ദേശീയ തലത്തിൽ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്കു കേട്ടുകേഴ്വിയെ ആശ്രയിക്കേണ്ടിവരരുത്. ഏതെങ്കിലും സാമൂഹ്യ മാധ്യമങ്ങളുടെ അതിവൈകാരികമോ ഏകപക്ഷീയമോ ആയ ആഖ്യാനങ്ങളെ ആശ്രയിക്കേണ്ടിവരികയുമരുത്. വെല്ലുവിളികൾക്കു നടുവിലും യുക്തിയുടെ വെളിച്ചവും വിശ്വാസത്തിന്റെ ബലവും ക്ഷയിച്ചുപോകാതെ പ്രവർത്തിക്കാൻ സഭക്ക്, അതിന്റെ സംവിധാനങ്ങൾക്ക് കഴിയണം. സഭയുടെ ദേശീയ നേതൃത്വവും പ്രാദേശിക നേതൃത്വങ്ങളും ഇക്കാര്യത്തിൽ ഉയർന്ന ജാഗ്രതയും ശ്രദ്ധയും പുലർത്തണം.

സഭയും രാഷ്ട്രീയവും സഭാ നേതൃത്വവും

സഭാ നേതൃത്വം രാഷ്ട്രീയ ഭേതമില്ലാതെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുമായി നല്ല ബന്ധം പുലർത്തണം.

സത്യം തുറന്നുപറയാനും പ്രശ്നങ്ങൾക്ക് കൂട്ടായ പരിഹാരം തേടനുമുള്ള സന്നദ്ധതയും സഭയിലുണ്ടാകണം. ജനങ്ങളുണ്ടാക്കുന്നതും ജനങ്ങളെ ബാധിക്കുന്നതുമായ സകല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ സഭക്കാവില്ല. എന്നാൽ ജനങ്ങളെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങളിൽ സഭക്കു വ്യക്തമായ നിലപാടുണ്ടാകണം.

വ്യക്തിസഭകൾ കൂട്ടായ്മയുടെ കൂദാശയായി സമൂഹത്തിനു മാതൃക കാട്ടണം. കത്തോലിക്കാ സഭയുടെ ഏകത്വം വ്യക്തി സഭകളുടെ കൂട്ടായ്മയിലാണ് പ്രാവർത്തികമാകുന്നത് എന്നതിനെ, നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ ആദർശത്തിന്റെ ഒരു പ്രായോഗിക രൂപമായി മനസ്സിലാക്കാവുന്നതാണ്. ഇക്കാര്യത്തിൽ സഭകളുടെ കൂട്ടായ്മ രാജ്യത്തിനുതന്നെ മാതൃകയാകണം. ദൗത്യബോധമുള്ള ഒരു സമൂഹം എന്ന നിലയിൽ, സമൂഹത്തിനും ലോകത്തിനു തന്നെയും സഭ എക്കാലവും മാതൃകയാണ്! ഈ തിരിച്ചറിവ് സഭയെ കർമോത്സുകതയിലേക്ക് ഉണർത്തട്ടെ!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments