Wednesday, November 6, 2024
No menu items!
Homeരാഷ്ട്രവും രാഷ്ട്രീയവുംഹാപ്പി ബര്‍ത്തഡേ, മിസ്റ്റര്‍ എംഗല്‍സ് !!!

ഹാപ്പി ബര്‍ത്തഡേ, മിസ്റ്റര്‍ എംഗല്‍സ് !!!

കത്തോലിക്കാ സഭയില്‍ ഇത്തിള്‍കണ്ണിപോലെ പടര്‍ന്നുപിടിച്ച ദുരുപദേശമായിരുന്നു കമ്യൂണിസം

കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ ജർമൻ ചിന്തകൻ ഫ്രെഡറിക് എംഗല്‍സ് ജനിച്ചിട്ട് 2020 നവംബര്‍ 28ന് ഇരുനൂറു വര്‍ഷം തികയുന്നു. വര്‍ഗ്ഗരഹിത സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ പിറവികൊണ്ട കമ്യൂണിസത്തിന്‍റെ തലതൊട്ടപ്പനായ കാറല്‍ മാര്‍ക്സിന്‍റെ വലംകൈയ്യായി പ്രവര്‍ത്തിച്ചത് എംഗൽസ് ആയിരുന്നു.

മനോഹരമായി ചീകിയൊതുക്കിയ തലമുടികളും ബൂര്‍ഷ്വാസിയുടെ ധാർഷ്ട്യത്തോടെ വളര്‍ന്നിങ്ങുന്ന താടിരോമങ്ങളും അതിനോട് നിരന്തരമായി വൃഥാ മത്സരിച്ചുകൊണ്ടിരിക്കുന്ന മേല്‍മീശയും സൂക്ഷ്മ വിശകലനം നടത്തുന്ന കഴുകന്‍കണ്ണുകളും ഇടതുവശത്തേക്ക് സൈദ്ധാന്തികഭാവത്തോടെയുള്ള നോട്ടവും – ഇതാണ് ആരും ഓര്‍മിച്ചെടുക്കുന്ന എംഗല്‍സ് ചിത്രം.

ജര്‍മന്‍ തത്വജ്ഞാനി, ചരിത്രകാരന്‍, രാഷ്ട്രീയവിശാരദന്‍, സര്‍വ്വോപരി വിപ്ലവത്തിലൂടെ ലോകത്തെ കാല്‍ക്കീഴിലാക്കി മുതളാലിത്തത്തെ മര്യാദപഠിപ്പിക്കാമെന്നു സ്വപ്നം കണ്ട സാമൂഹിക സാമ്പത്തിക ശാസ്ത്രജ്ഞന്‍! … കമ്യൂണിസ്റ്റ് ലോകം എംഗല്‍സിന് ചാര്‍ത്തികൊടുത്ത പട്ടങ്ങള്‍ നിരവധിയാണ്.

കാറല്‍ മാര്‍ക്സിന്‍റെ അടുത്ത സുഹൃത്തായിട്ടാണ് എംഗല്‍സിനെ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ എവിടെയും നാം കാണുന്നത്. എന്നാല്‍ മാര്‍ക്സിനെ കണ്ടുമുട്ടുന്നതിനു മുമ്പേ തത്വചിന്തയില്‍ അധിഷ്ഠിതമായി നിരീശ്വരവാദവും വിപ്ലവചിന്തകളുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന ഒരു കാലഘട്ടം എംഗല്‍സിന് ഉണ്ടായിരുന്നു. യൗവ്വനകാലത്തുതന്നെ കമ്യൂണിസ്റ്റ് നിലപാടുകളുടെ നിര്‍മാണം ഹെഗേലിയന്‍ ചിന്തയുടെ സ്വാധീനത്തിലൂടെ എംഗല്‍സിൽ ആരംഭിച്ചിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ജര്‍മന്‍ തത്വചിന്തകനും ആധുനിക യൂറോപ്യന്‍ തത്വചിന്തകളുടെയും യുക്തിവാദചിന്തകളുടെയും ആചാര്യനുമായി അറിയപ്പെട്ടിരുന്ന പണ്ഡിതനായിരുന്നു ജെ.ഡബ്ല്യൂ ഹേഗല്‍. അദ്ദേഹത്തിന്‍റെ ചിന്തകളുടെ സ്വാധീനത്തില്‍ ജര്‍മനിയില്‍ രൂപപ്പെട്ട “യംഗ് ഹെഗേലിയന്‍സ്” സംഘത്തിൽ തീവ്ര ഇടതുപക്ഷ ചിന്തകള്‍ ചങ്കിലേറ്റുന്ന കുറെ ബുദ്ധിജീവികള്‍, ചരിത്രകാരന്മാര്‍, തത്വചിന്തകന്മാര്‍, ദൈവശാസ്ത്ര ചിന്തകന്മാര്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. എംഗല്‍സും കാറല്‍ മാര്‍ക്സും തങ്ങളുടെ യൗവ്വനകാലത്ത് യംഗ് ഹെഗേലിയന്‍ ചിന്തകളുടെ വക്താക്കൾ ആയിരുന്നു. ക്രൈസ്തവ വിശ്വാസത്തിനെതിരേ പടിഞ്ഞാറന്‍ ബുദ്ധിജീവികളില്‍ ഏറെ സ്വാധീനമുണ്ടാക്കിയ ഈ സംഘടനയാണ് എംഗല്‍സിനെ ഒരു കറകളഞ്ഞ നിരീശ്വരവാദിയാക്കുന്നത്. നിരീശ്വരവാദം കളംവെടിപ്പാക്കി പാകപ്പെടുത്തിയ മണ്ണിലേക്കാണ് കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗം പണിതെടുക്കാനുള്ള ആഹ്വാനവുമായി തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിക്കാന്‍ എംഗല്‍സും മാര്‍ക്സും പദ്ധതികള്‍ തയാറാക്കുന്നത്.

വിപ്ലവത്തിലൂടെ മുതലാളിത്തത്തെ പാടെ പുറത്താക്കി രാഷ്ട്രത്തിന്‍റെയും സമ്പദ്വ്യവസ്ഥയെടെയും ഉദ്പാദനമാര്‍ഗ്ഗങ്ങളുടെയും പരിപൂര്‍ണ്ണ നിയന്ത്രണം തൊഴിലാളി സമൂഹം ഏറ്റെടുക്കുക, ഇതിലൂടെ തൊഴിലാളിവര്‍ഗ്ഗം സര്‍വ്വാധിപത്യം പുലര്‍ത്തുന്ന ലോകക്രമം സ്ഥാപിച്ചെടുക്കുക എന്ന മാര്‍ക്സിയന്‍ ദര്‍ശനമായിരുന്നു കമ്യൂണിസം. എല്ലാ ഉത്പാദനമാര്‍ഗ്ഗങ്ങളും ഉത്പന്നങ്ങളും സമൂഹത്തിന്‍റെ പൊതുസ്വത്താണ്. കമ്യൂണിസത്തിന്‍റെ പൂര്‍ണ്ണനിയന്ത്രണത്തിലുള്ള സ്റ്റേറ്റില്‍ നിലവിലുള്ള സ്വകാര്യസ്വത്തുക്കളെല്ലാം പൊതുസ്വത്താണ്. മുതലാളിത്തത്തെ പുറത്താക്കുന്നതിലൂടെ തൊഴിലാളികള്‍ തന്നെ ഉടമയായി മാറുന്നു. മുതലാളിത്തത്തിന്‍റെ സര്‍വ്വനാശത്തിലൂടെ സമത്വസുന്ദരവും ഉച്ചനീചത്വങ്ങളില്ലാത്തതുമായ ഒരു ആദര്‍ശലോകത്തിലേക്ക് തൊഴിലാളി സമൂഹം നീങ്ങുന്നു. തൊഴിലാളി സമൂഹത്തില്‍ ജാതിയില്ല, മതമില്ല, വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസമില്ല. എല്ലാവരും തൊഴിലാളികള്‍. നിരന്തരം അധ്വാനിച്ചുകൊണ്ടിരിക്കുന്നതും വര്‍ഗ്ഗരഹിതബോധത്തിൽ നിലനിൽക്കുന്നതുമായ ഭൗതികപിണ്ഡം മാത്രമായിട്ടാണ് കമ്യൂണിസം അടിസ്ഥാനപരമായി മനുഷ്യവർഗ്ഗത്തെ കണ്ടത്. കമ്യൂണിസം മനുഷ്യന് നൽകിയ ഏറ്റവും യോഗ്യമായ വിശേഷണമായിരുന്നു ” തൊഴിലാളി” എന്നത്.

കമ്യൂണിസം മുമ്പോട്ടു വയ്ക്കുന്ന സ്വപ്നലോകത്തിലേക്ക് എത്തിച്ചേരാന്‍ അതിന് രണ്ട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ മുതലാളിത്തത്തെ പാടെ ഇല്ലാതെയാക്കണം, ഈ ഘട്ടത്തില്‍ തൊഴിലാളിവര്‍ഗ്ഗമാണ് സമ്പദ്ഘടനയെയും സര്‍ക്കാരിനെയും നിയന്ത്രിക്കുന്നത്. രണ്ടാമത്തെ ഘട്ടത്തിലാണ് കമ്യൂണിസം പൂര്‍ണരൂപത്തില്‍ നിറവേറ്റപ്പെടുക. ഈ ഘട്ടത്തില്‍ ഗവണ്‍മെന്‍റുപോലും അനാവശ്യമാണ്. തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ സര്‍വ്വാധിപത്യമാണ് എല്ലായിടത്തും. “ഓരോരുത്തനും അവനവന്‍റെ പ്രാപ്തിക്കനുസരിച്ച് സ്റ്റേറ്റിനുവേണ്ടി പ്രവര്‍ത്തിക്കുകയും അവനവന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്റ്റേറ്റില്‍നിന്ന് ഉപജീവിക്കുകയും ചെയ്തുകൊണ്ട് ” മലയാളികൾ പാടിനടക്കുന്ന “മാനുഷരെല്ലാരുമൊന്നുപോലെ” എന്ന മാവേലിനാട് രൂപപ്പെടും! ഇതാണ് കമ്യൂണിസ്റ്റ് പ്രവാചകർ ദർശിച്ച സുന്ദരമായ കമ്യൂണിസ്റ്റ് സാമ്രാജ്യം. (ഇപ്പറഞ്ഞതിനെയെല്ലാം ഒരുമിച്ചു ചേര്‍ത്ത് “കമ്യൂണിസ്റ്റ് വാഗ്ദത്ത ഭൂമിയേക്കുറിച്ചുള്ള സുന്ദരമായ നടക്കാത്ത സ്വപ്നം” എന്ന് പറയുന്നവന്‍ മുതലാളിത്തത്തിന്‍റെ വാലാട്ടി, ബൂര്‍ഷ്വയുടെ ചെരുപ്പുനക്കി എന്നൊക്കെ വിളിക്കപ്പെടാൻ തയാറായിരിക്കുക).

മാര്‍ക്സും എംഗല്‍സും ചേര്‍ന്നാണ് “കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ” തയാറാക്കുന്നത്. ലണ്ടന്‍ പട്ടണത്തില്‍ ഇരുന്നുകൊണ്ട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതിന്‍റെ പശ്ചാത്തലം ഇപ്രകാരമാണ്. ഹെഗേലിയന്‍ തത്വചിന്ത തലയ്ക്കുപിടിച്ച് സുബോധം നഷ്ടപ്പെട്ട കുറേ ബുദ്ധിജീവികളെ ജര്‍മനി നാടുകടത്തി. ഇവരുടെ കൂടെ ഫ്രഞ്ച്, ബെല്‍ജിയന്‍, ബ്രിട്ടീഷ് അനുഭാവികളും എല്ലാം ചേര്‍ന്ന് “കമ്യൂണിസ്റ്റ് ലീഗ്” എന്ന സംഘടനയ്ക്ക് രൂപം നല്‍കി. കമ്യൂണിസ്റ്റ് ലീഗിന്‍റെ കേന്ദ്രകമ്മിറ്റിയാണ് ബെല്‍ജിയത്ത് അന്ന് ഉണ്ടായിരുന്ന സംഘടനയ്ക്ക് ഒരു മാനിഫെസ്റ്റോ എഴുതാന്‍ കാറല്‍ മാര്‍ക്സിനെയാണ് ചുമതലപ്പെടുത്തുന്നത്.

മാര്‍ക്സ് ഈ നിര്‍ദേശം ഏറ്റെടുത്തെങ്കിലും ഏറെ തിരക്കിലായിരുന്ന അദ്ദേഹം മാനിഫെസ്റ്റോ തയാറാക്കാന്‍ വളരെ വൈകി. നൽകിയ സമയം കഴിഞ്ഞിട്ടും മാനിഫെസ്റ്റോ പുറത്തിറങ്ങാത്തതിനാല്‍ കമ്യൂണിസ്റ്റ് ലീഗ് കേന്ദ്രകമ്മിറ്റിയുടെ നിര്‍ബന്ധം മാർക്സിനു മേൽ ശക്തമായി. മാർക്സ് തന്‍റെ അടുത്ത സുഹൃത്തും ബുദ്ധിജീവിയുമായ എംഗല്‍സിനേയും സഹായത്തിനു കൂട്ടുചേര്‍ത്ത് “കമ്യൂണിസ്റ്റ് വിശ്വാസിയുടെ ബൈബിൾ” എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയാറാക്കി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സിനോടൊത്തുള്ള പങ്കാളിത്തമാണ് ഫ്രെഡറിക് എംഗല്‍സിനെ കമ്യൂണിസ്റ്റ് ലോകത്തില്‍ നാലാള്‍ അറിയുന്ന സൈദ്ധാന്തികനാക്കിയത്.

കമ്യൂണിസത്തിന്‍റെ പരമ്പരാഗത പദപ്രയോഗങ്ങളോ പ്രത്യയശാസ്ത്ര വിശകലനത്തിന് ഉപയോഗിക്കുന്ന പ്രത്യേക ഭാഷാശൈലിയോ ഇല്ലാതെ തൊഴിലാളി വര്‍ഗ്ഗത്തിന് മനസ്സിലാകുന്ന ഭാഷയില്‍, ചോരതിളപ്പിക്കുന്ന മുദ്രാവാക്യം ശൈലിയിലാണ് മാര്‍ക്സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയാറാക്കുന്നത്.

“യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു – കമ്യൂണിസത്തിന്‍റെ ഭൂതം. ഈ ഭൂതത്തെ ആട്ടിപ്പുറത്താക്കാന്‍ വേണ്ടി യൂറോപ്പിലെ പഴയ ശക്തികളെല്ലാം – പോപ്പും സാര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗിസ്സോവും ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാരും ജര്‍മന്‍ പോലീസും ചാരന്മാരുമെല്ലാം -ഒരു പാവനസഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ” എന്നാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖത്തില്‍ മാര്‍ക്സും എംഗല്‍സും കുറിച്ചത്. (കാറല്‍ മാര്‍ക്സ്, ഫ്രെഡറിക് എംഗല്‍സ്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, പ്രോഗ്രസ് പബ്ലിഷേഴ്സ്, മോസ്കോ, പേജ് 43). തുടര്‍ന്ന് ഒന്നാം അധ്യായത്തിലെ ആദ്യ ഖണ്ഡികയില്‍ ഇപ്രകാരം വായിക്കുന്നു “നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്‍റെ ചരിത്രമാണ്”

നാലാം അധ്യായത്തോടെ അവസാനിക്കുന്ന മാനിഫെസ്റ്റോയിലെ അവസാനവാചകം ലോകപ്രസിദ്ധമാണ് “കമ്യൂണിസ്റ്റ് വിപ്ലവം കണ്ട് ഭരണാധികാരികള്‍ കിടിലം കൊള്ളട്ടെ, തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലയല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല; നേടിയെടുക്കാനോ ഒരു ലോകവും. സര്‍വ്വരാജ്യത്തൊഴിലാളികളേ, സംഘടിക്കുവിൻ”

കമ്യൂണിസവും ക്രിസ്റ്റ്യാനിറ്റിയും

യൂറോപ്യന്‍ വ്യവസ്ഥിതികളോടുള്ള പ്രതിരോധമെന്ന് ഉപരിപ്ലവമായി തോന്നുമെങ്കിലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മുഴുവന്‍ പ്രതിഷേധങ്ങളും അടിസ്ഥാനപരമായി ക്രൈസ്തവസഭയ്ക്ക് എതിരേ ആയിരുന്നു എന്നതാണ് പച്ചപ്പരമാര്‍ത്ഥം. യൂറോപ്യന്‍ ദേശീയവാദം, രാഷ്ട്രീയം, സര്‍ക്കാര്‍, പോലീസ്, തൊഴിലാളി, മുതലാളി എന്നിങ്ങനെ സര്‍വ്വത്തെയും പ്രതിനിധീകരിക്കുന്ന ഭൗതികഘടനയായി ക്രൈസ്തവസഭയെയാണ് മാര്‍ക്സും എംഗല്‍സും കണ്ടത്. ഇവരുടെ ക്രൈസ്തവവിരോധത്തിന്‍റെ മുഴുവന്‍ പ്രതിഷേധങ്ങളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മൂന്നാം അധ്യായത്തില്‍ മറനീക്കി പുറത്തു വന്നിട്ടുമുണ്ട്. “പുരോഹിതന്‍ എന്നും ജന്മിയുടെ കൈ കോര്‍ത്തുപിടിച്ച് നടന്നിട്ടുള്ളതുപോലെതന്നെ പൗരോഹിത്യ സേഷ്യലിസം എന്നും നാടുവാഴി സോഷ്യലിസത്തിന്‍റെ കൈകോര്‍ത്തു പിടിച്ചാണ് നടന്നിട്ടുള്ളത്. ക്രിസ്ത്യന്‍ സന്യാസത്തിന് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറ്റൊന്നുമില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനും വിവാഹത്തിനും ഭരണകൂടത്തിനുമായി അധിക്ഷേപശബ്ദം മുഴക്കിയിട്ടില്ലേ? ഇവയ്ക്ക് പകരം ദാനധര്‍മാദികളും ദരിദ്ര്യജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും ആദി ദേവാലയവും (മദര്‍ചര്‍ച്ച്) വേണമെന്ന് അത് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിന്‍റെ നീറുന്ന ഹൃദയത്തെ ശുദ്ധീകരിക്കാന്‍ വേണ്ടി പുരോഹിതന്‍ തളിക്കുന്ന തീര്‍ത്ഥജലം മാത്രമാണ് ക്രിസ്ത്യന്‍ സോഷ്യലിസം” (പേജ് 89)

“പ്രാചീന ഹീതന്മാരുടെ പ്രശസ്തഗ്രന്ഥങ്ങളുടെ കൈയെഴുത്തു പ്രതികള്‍ക്കു മീതെ ക്രിസ്ത്യന്‍ സന്യാസിമാര്‍ കത്തോലിക്കാ പുണ്യവാളന്മാരുടെ ബാലിശമായ ജീവചരിത്രങ്ങളാണ് എഴുതിച്ചേര്‍ത്തിട്ടുള്ളത് എന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളാണല്ലോ” (പേജ് 93).

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഓരോ പേജിലും അടിസ്ഥാനപരമായി ക്രൈസ്തവ സഭയോടും വിശ്വാസബോധ്യങ്ങളോടുമുള്ള പ്രതിഷേധമായിരുന്നു ഉയര്‍ന്നു കേട്ടത്. ക്രൈസ്തവസഭയുടെ -കത്തോലിക്കാ, പ്രൊട്ടസ്റ്റന്‍റ്- ദൈവശാസ്ത്ര വിചിന്തനങ്ങള്‍ക്കു മേല്‍ ഭൗതികലോക ക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്നതായിരുന്നു കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാരുടെ അടിസ്ഥാനപരമായ ലക്ഷ്യം. ചൂഷകനും ഫ്യൂഡല്‍ പ്രഭുവും മുതലാളിയും മൂലധനവും എല്ലാം ഇതിനു ശേഷമുള്ള ഘടകങ്ങളായി മാത്രമേ ഇവര്‍ കണ്ടുള്ളൂ. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി അസംഘിടതരായ തൊഴിലാളികളെ സംഘടപ്പിച്ചുകൊണ്ട് വിപ്ലവത്തിലൂടെ അതിനെ ഇല്ലായ്മചെയ്യാം എന്ന് മാര്‍ക്സും എംഗല്‍സും വ്യാമോഹിച്ചു.

കമ്യൂണിസം ഉന്നംവച്ചത് എല്ലാക്കാലത്തും ക്രൈസ്തവരെ ആയിരുന്നു. ക്രൈസ്തവരില്‍ തന്നെ കത്തോലിക്കാ സഭ ഉള്ളിടത്തു മാത്രം വളര്‍ന്നു പന്തലിക്കുന്ന ഒരു പാഴ് വൃക്ഷമായിട്ടാണ് കമ്യൂണിസം ചരിത്രത്തില്‍ എവിടെയും കാണപ്പെടുന്നത്. ഇതിന് ഒരു അപവാദമായി മാറിയത് ചൈന മാത്രമാണ്. ഭൗതികലോകത്തിന് അപ്പുറത്തേക്ക് ലക്ഷ്യം വയ്ക്കാത്ത ബുദ്ധമതത്തിന്‍റെ പരിമിതികളായിരുന്നു ചൈനയില്‍ കമ്യൂണിസം പടര്‍ന്നു പിടിക്കാന്‍ ഇടയായത്. ബുദ്ധമതത്തിന്‍റെ ഭൗതികദര്‍ശനം ഏറെ സാക്ഷാത്കരിക്കപ്പെടുന്നത് കമ്യൂണിസ്റ്റ് ദര്‍ശനങ്ങളുമായി അത് ചേര്‍ന്നുപോകുമ്പോള്‍ മാത്രമാണ് എന്ന പ്രചാരണം ബുദ്ധിസ്റ്റുകളെ അതിവേഗം കമ്യൂണിസ്റ്റാക്കി. വാസ്തവത്തിൽ ബുദ്ധമതത്തെയും കമ്യൂണിസം വിഴുങ്ങുന്നതാണ് ചരിത്രത്തിൽ പിന്നീട് നാം കാണുന്നത്.

കത്തോലിക്കാ സഭയില്‍ ഇത്തിള്‍കണ്ണിപോലെ പടര്‍ന്നുപിടിച്ച ദുരുപദേശമായിരുന്നു കമ്യൂണിസം എന്നു നിസ്സംശയം പറയാന്‍ കഴിയും.

പ്രൊട്ടസ്റ്റന്‍റ് സഭകള്‍ക്ക് ശക്തിയുള്ള ഇംഗ്ലണ്ടിലും അമേരിക്കയിലും കമ്യൂണിസത്തിന് കാലുകുത്താന്‍ ഇടംകിട്ടിയില്ല. എന്നാല്‍ യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലെയും കത്തോലിക്കാ രാജ്യങ്ങളില്‍ മാത്രമേ കമ്യൂണിസം ചുവടുറപ്പിച്ചുള്ളൂവെങ്കില്‍, കമ്യൂണിസം ആത്യന്തികമായി ഉന്നംവച്ചതും കത്തോലിക്കാ സഭയെ തന്നെ ആയിരുന്നു എന്ന് സ്പഷ്ടമാണ്. ദാരിദ്ര്യവും ചൂഷണവും സമൂഹത്തിലെ ഉച്ചനീചത്വങ്ങളും ആയിരുന്നു കമ്യൂണിസം പിറവികൊള്ളേണ്ട ഘടകങ്ങളെങ്കില്‍, ഇന്നും ഇവയെല്ലാം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ എവിടെയും കമ്യൂണിസം നിലവില്‍വരികയോ വിപ്ലവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കത്തോലിക്കാ സഭയുടെ സ്വാധീനമുള്ള കേരളത്തിലാണ് ഇന്ത്യന്‍ കമ്യൂണിസം പിറന്നതെന്നും ബാലറ്റ് ഇലക്ഷനിലൂടെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നത് കേരളത്തിലാണെന്നതും കമ്യൂണിസ്റ്റ് വൈറസിന് പ്രാദേശികമായി പരിവര്‍ത്തനം സംഭവിക്കില്ല എന്ന തത്വമാണ് വ്യക്തമാക്കുന്നത്.

റോമാ സാമ്രാജ്യത്തിന്‍റെ പതനത്തോടെ എന്തുകൊണ്ട് കമ്യൂണിസം പിറവികൊള്ളാതെ പോയി എന്ന ചോദ്യത്തിന് എംഗല്‍സ് മറുപടി നല്‍കുന്നുണ്ട്. On Religion എന്ന ഗ്രന്ഥത്തില്‍ എംഗല്‍സ് പറയുന്നത് “അന്നത്തെ സാഹചര്യത്തില്‍ സാധ്യമായിടത്തോളം സോഷ്യലിസം നിലവില്‍ വന്നു. പ്രബലമാവുകയും ചെയ്തു – ക്രിസ്തുമതത്തിന്‍റെ രൂപത്തില്‍. എന്നാല്‍ ക്രിസ്തുമതം സാമൂഹിക പരിവര്‍ത്തനത്തെ സ്വര്‍ഗ്ഗത്തില്‍, മരണാനന്തര നിത്യജീവിത്തതില്‍, സഹസ്രാബ്ദ സുവര്‍ണ്ണയുഗത്തില്‍, സാക്ഷാത്കരിക്കാനാണ് ശ്രമിച്ചത്. അന്നത്തെ ചരിത്രസന്ധിയില്‍ അതില്‍ കവിഞ്ഞൊന്നും സാധ്യമായിരുന്നില്ല” (പേജ് 275, 276, പരിഭാഷ ഫാ. എസ് കാപ്പന്‍).

വാസ്തവത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പരസ്യമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത് ബൂര്‍ഷ്വാസികളോടോ മുതലാളിത്ത വ്യവസ്ഥിതിയോടോ അല്ല, ക്രൈസ്തവസഭകളോടും പ്രത്യേകിച്ച് കത്തോലിക്കരോടുമാണ് എന്നതാണ് ചരിത്രം. ക്രൈസ്തവസഭയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയും കമ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു. ഈ യുദ്ധത്തില്‍ എതിരാളിയെ പരാജയപ്പെടുത്താന്‍ ആരുമായും കൂട്ടുപിടിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങുവാന്‍ കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാര്‍ എല്ലാക്കാലങ്ങളിലും തന്ത്രങ്ങള്‍ മെനയാറുണ്ട്. കേരളത്തില്‍ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസുമായിപ്പോലും കമ്യൂണിസ്റ്റുകള്‍ ചങ്ങാത്തം കൂടുകയും അവര്‍ കുത്തിയ വാരിക്കുഴികളില്‍ കേരളകോണ്‍ഗ്രസുകാര്‍ വീഴുകയും ചെയ്ത സമീപകാല ചരിത്രം നമ്മുടെ മുന്നിലുണ്ട്. കമ്യൂണിസ്റ്റു തന്ത്രങ്ങള്‍ തിരിച്ചറിയാതെ വ്യക്തിപരമായ രാഷ്ട്രീയനേട്ടം മാത്രം കൊതിക്കുന്ന കേരള കോൺഗ്രസിലെ സ്വാർത്ഥന്മാരാണ് കേരള ക്രൈസ്തവ സഭയിൽ രാഷ്ട്രീയ അരാജകത്വം സൃഷ്ടിച്ചത്.

അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും രക്തസാക്ഷിയുമായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറുടേതായ ഒരു ശ്രദ്ധേയമായ പ്രസ്താവന ഇപ്രകാരമാണ്. “ഒരു ക്രൈസ്തവന് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആയിരിക്കുവാനോ കമ്യൂണിസ്റ്റിന് യഥാര്‍ത്ഥ ക്രൈസ്തവനായാരിക്കുവാനോ കഴിയില്ല”. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ക്രൈസ്തവര്‍ വളരെ കുറവാണ്. ഇന്ത്യന്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ക്കും പെന്‍റക്കൊസ്റ്റ് സഭകളുടെ വിശ്വാസികള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ് കൂറ് എന്നത് തികച്ചും നിഗൂഡമായ സംഗതിതന്നെയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യയശാസ്ത്രമാണ് കമ്യൂണിസ്റ്റുകള്‍ അവതരിപ്പിക്കുന്നത് എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഈശ്വരവിശ്വാസികള്‍ കമ്യൂണിസ്റ്റാകുന്നതിന് ഒരു കാരണം എന്നു തോന്നുന്നു. കമ്യൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം ദൈവികഭരണവ്യവസ്ഥകളോ ധാര്‍മികക്രമങ്ങളോ നിതാന്ത ആത്മീയ ലക്ഷ്യങ്ങളോ ഇല്ല. ലെനിന്‍ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “കബളിപ്പിക്കല്‍, വഞ്ചന, നിയമലംഘനം, സത്യത്തെ മറച്ചുവയ്ക്കല്‍, എന്നിവ ചെയ്യാന്‍ നമ്മള്‍ തയാറായിരിക്കണം” (Question People Ask – RJ McCraken, Page 168). ക്രൈസ്തവ ധാര്‍മികബോധങ്ങള്‍ക്ക് തികച്ചും എതിര്‍ദിശയിലൂടെ സഞ്ചരിച്ചുകൊണ്ടുള്ള ലക്ഷ്യത്തിലേക്കാണ് കമ്യൂണിസ്റ്റുകള്‍ നീങ്ങുന്നത് എന്നതിന് ഇതിനേക്കാള്‍ നല്ലൊരു വിശദീകരണം കമ്യൂണിസ്റ്റ് നേതൃത്വത്തിൽ നിന്ന് കിട്ടില്ല.

കമ്യൂണിസത്തിന്‍റെ അടിത്തറയും ഔദ്യോഗിക പോളീസിയുമായ നിരീശ്വരവാദത്തെ സാങ്കേതികസംജ്ഞകളില്‍ ഒളിപ്പിച്ചുവച്ചുകൊണ്ട് “വൈരുദ്ധ്യാത്മക ഭൗതികവാദം” എന്ന് വിളിക്കാനാണ് കമ്യൂണിസ്റ്റുകള്‍ ഇഷ്ടപ്പെടുന്നത്. വാസ്തവത്തില്‍ നിരീശ്വരവാദം എന്ന തത്വചിന്തയിലേക്കു രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ആഹ്വാനമാണ് കമ്യൂണിസം. ഹെഗലിന്‍റെയും മധ്യകാല നാസ്തികന്മാരുടെയും ചിന്തകളെ പിന്‍പറ്റിയാണ് മാര്‍ക്സിയന്‍ ദര്‍ശനം എന്ന വൈരുദ്ധ്യാത്മക ഭൗതികവാദം വികാസം പ്രാപിക്കുന്നത്. ആത്മീയവാദികള്‍ പ്രപഞ്ചത്തെ ദൈവസൃഷ്ടിയായി മനസ്സിലാക്കുമ്പോള്‍ കമ്യൂണിസ്റ്റുകള്‍ ലോകത്തെ നോക്കിക്കാണുന്നത് ഭൗതികവാദത്തിന്‍റെ കണ്ണിലൂടെയാണ്. ഇതെല്ലാം മനസ്സിലാക്കിയിട്ടും “മാര്‍ക്സിന്‍റെ മൂലധനം വായിച്ചിട്ടു അതിന്‍റെ പശ്ചാത്തലത്തില്‍ ബൈബിള്‍ വായിച്ചാലേ ബൈബിളില്‍ എഴുതിയിരിക്കുന്നത് മനസ്സിലാകൂ” എന്നായിരുന്നു പ്രമുഖ കല്‍ദായസഭാ ബിഷപ് യശഃശ്ശരീരനായ ഡോ പൗലോസ് മാര്‍ പൗലോസ് പറഞ്ഞത്. ക്രൈസ്തവവിശ്വാസത്തെ കമ്യൂണിസത്തിന് അടിയറവച്ചുകൊണ്ട്, കമ്യൂണിസ്റ്റ് തൊഴിത്തില്‍ കെട്ടിയിടാന്‍ തന്നേ സ്വയം സമര്‍പ്പിച്ച ക്രൈസ്തവപുരോഹിതനായിരുന്നു അദ്ദേഹം. പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഒരു വേദി തരപ്പെടുത്തുവാന്‍ ക്രിസ്തുവിശ്വാസത്തെ ബലിനല്‍കാന്‍ പോലും അദ്ദേഹം തയാറായി.

കമ്യൂണിസ്റ്റ് ചതിക്കുഴികള്‍ വളരെ വ്യക്തമായി തിരിച്ചറിഞ്ഞ ക്രൈസ്തവരും കേരളത്തിലുണ്ടായിരുന്നു എന്നതും എടുത്തുപറയേണ്ടതുണ്ട്. ഫാദര്‍ ജോസഫ് വടക്കനേപ്പോലുള്ള വൈദികര്‍ കമ്യൂണിസ്റ്റ് തന്ത്രങ്ങളും അപകടങ്ങളും മനസ്സിലാക്കി പ്രവാചകശബ്ദത്തോടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇദ്ദേഹത്തേപ്പോലുള്ള പലരുടെയും മുന്നറിയിപ്പുകളാണ് 1958-59 കാലത്ത് വിമോചനസമരമായി രൂപപ്പെട്ടത്. യൂറോപ്പില്‍ സംഭവിച്ചത് നേരിട്ട് പരിചയമുള്ള കത്തോലിക്കാ സഭ കേരളത്തിൽ കമ്യൂണിസത്തിന് എതിരേ നിന്നതില്‍ യാതൊരു അപാകതയും കാണാനില്ല.

മാര്‍ക്സും എംഗല്‍സും രൂപം നല്‍കിയ കമ്യൂണിസം ഇന്ന് ഏറെക്കുറെ നിര്‍ജ്ജീവമായി. ഏതാനും വര്‍ഷങ്ങള്‍ യൂറോപ്പിനെ കമ്യൂണിസം കീഴടക്കിയെങ്കിലും രണ്ട് തലമുറ കഴിഞ്ഞതോടെ ഈ അടിമത്വത്തില്‍ നിന്ന് യൂറോപ്പ് പുറത്തുപോയി. ഇന്ന് ചൈനയിലും ക്യൂബയിലും വിയറ്റ്നാമിലും ലാവോസിലുമായി കമ്യൂണിസ്റ്റ് സ്വപ്നങ്ങള്‍ ചുരുങ്ങിയിരിക്കുന്നു. ഇവിടങ്ങളില്‍പോലും പേരില്‍ കമ്യൂണിസവും പ്രവൃത്തിയില്‍ മുതലാളിത്തവും വ്യാപരിക്കുന്നു.

കമ്യൂണിസം ഒരു പരാജയപ്പെട്ട ചിന്തയായിരുന്നു എങ്കിലും അനേകായിരം ക്രൈസ്തവരെ -കത്തോലിക്കരെ – ക്രിസ്തുവിശ്വസത്തില്‍നിന്ന് അകറ്റുന്നതില്‍ കമ്യൂണിസം വിജയിച്ചു എന്നു പറയുന്നതില്‍ തെറ്റില്ല. പോളണ്ടിനെപ്പോലുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒഴികെ കാത്തലിക് ക്രിസ്റ്റ്യാനിറ്റിയുടെ വലിയ തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത് കമ്യൂണിസം ആയിരുന്നു എന്ന് നിസ്സംശയം പറയാം. കഴിഞ്ഞകാല യൂറോപ്യന്‍ കമ്യൂണിസ്റ്റ് – ക്രൈസ്തവ ചരിത്രത്തില്‍നിന്നും അതിന്‍റെ പരാജയങ്ങളില്‍നിന്നും പാഠം പഠിച്ച് കേരളത്തിലും ക്രൈസ്തവസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാലാന്തരത്തില്‍ കമ്യൂണിസത്തോടൊപ്പം ക്രൈസ്തവസഭയും തകരും എന്നതായിരിക്കും ഫലം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments