Monday, December 2, 2024
No menu items!
Homeഅവലോകനംമാർ ആലഞ്ചേരിയുടെ പ്രതികരണം ED-യെ ഭയന്നിട്ടോ ?

മാർ ആലഞ്ചേരിയുടെ പ്രതികരണം ED-യെ ഭയന്നിട്ടോ ?

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഈസ്റ്റർ ദിവസം ‘ഇന്ത്യൻ എക്സ്പ്രസ്സ്‌’ ദിനപാത്രത്തിന് നൽകിയ അഭിമുഖം ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരാഗതമായി കോൺഗ്രസ്‌ അനുഭാവം ഉള്ള കത്തോലിക്കാ സഭ ബി.ജെ.പിക്കു അനുകൂലമാവുകയാണോ എന്ന ചോദ്യം ഇപ്പോൾ എല്ലാ കോണുകളിൽനിന്നും ഉയരുകയാണ്. രാഷട്രീയ ചർച്ച കൊഴുക്കുമ്പോൾ, ഉത്തരവാദിത്വപ്പെട്ട ചില രാഷ്ട്രീയ കക്ഷികൾ സഭാതലവനെതിരേ യഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അപവാദങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്; ഇത് തികച്ചും അപലപനീയമാണ്.

മാർ ജോർജ് ആലഞ്ചേരി തന്റെ അഭിപ്രായങ്ങൾ പറയുന്നതിന് മുൻപുതന്നെ തലശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി, ആലഞ്ചേരി പിതാവിൻ്റെ അഭിപ്രായത്തിനു സമാനമായ രീതിയിൽ പ്രതികരിച്ചരുന്നു. അതുപോലെ തന്നെ, ഈസ്റ്റർ ദിവസം പ്രധാനമന്ത്രി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചതിനു ശേഷം ഫാരീദബാദ് രൂപതയുടെ മെത്രാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ചോദിച്ചത് ”സഭ ബി.ജെ.പിയോട് അടുക്കുന്നതിൽ എന്താണ് തെറ്റ്” എന്നായിരുന്നു.

സീറോ മലബാർ സഭയുടെ നേതൃസ്ഥാനത്തേ മൂന്നു പ്രബലരായ പുരോഹിത ശ്രേഷ്ഠർ മൂന്നു വ്യത്യസ്ത സന്ദർഭങ്ങളിൽ പ്രമുഖ ദേശീയ രാഷട്രീയ പാർട്ടിയെ സംബന്ധിച്ച് നടത്തിയ പ്രതികരണങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നത് സീറോ മലബാർ സഭയുടെ തലവൻ മാർ ആലഞ്ചേരിയുടെ പ്രതികരണമാണ്. എറണാകുളം അതിരൂപതയുടെ ഭൂമി വിൽപ്പനയെ സംബന്ധിച്ച കേസിൽ നിന്ന് രക്ഷപെടാനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണം ഒഴിവാക്കുവാനുമാണ് മാർ ആലഞ്ചേരി ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചത് എന്നാണ് തല്പരകക്ഷികൾ ഇപ്പോൾ പ്രചരിപ്പിക്കന്നത്. ഇതിനേ കൂട്ടുപിടിച്ച് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ദേശീയ പ്രസിദ്ധീകരണമായ ”പീപ്പിൾസ് ഡെമോക്രസി”യും ആലഞ്ചേരി പിതാവിനെ ED ഭയം ബാധിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു.

എന്താണ് ഭൂമി വിവാദം ?

കേരളത്തിലെ ക്രിസ്ത്യൻ സഭകളിൽ ഏറ്റവും കൂടുതൽ അംഗബലമുള്ള സീറോ മലബാർ സഭയുടെ തലവൻ എന്ന നിലയിൽ സഭയുടെ മുഴുവൻ പിന്തുണയും ഉള്ള ആത്മീയാചാര്യനാണ് മാർ ജോർജ് ആലഞ്ചേരി. സഭയിലെ ആരാധനക്രമവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുള്ള എറണാകുളത്തെ കുറച്ചു വൈദീകർ, മാർ ആലഞ്ചേരി സഭയുടെ തലവനായി തുടർന്നാൽ തങ്ങൾ എതിർക്കുന്ന ഏകീകൃത കുർബാനയർപ്പണം സഭയിൽ നടപ്പിലാകും എന്ന് മനസ്സിലാക്കി, ഇത് ഒഴിവാക്കുവാനായി കരുതിക്കൂട്ടി വ്യാജരേഖകൾ നിർമ്മിച്ച് മാർ ആലഞ്ചേരിക്കെതിരായി ഉയർത്തിയ ആരോപണമായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങളായി കെട്ടടങ്ങാതെ നിൽക്കുന്ന ഭൂമി വിവാദം. അങ്ങനെയുള്ള വിമത പുരോഹിതന്മാരുടെ സാന്നിധ്യമുള്ള എറണാകുളം-അങ്കമാലി അതിരൂപത ഒഴികെ ബാക്കിയുള്ള മുപ്പത്തിനാലു രൂപതകളും മാർ ആലഞ്ചേരിക്ക്‌ പിന്നിൽ ഒറ്റക്കെട്ടായി ഏകാശിലപോലെ നിൽക്കുന്നു.

വിമത വൈദീകർ കെട്ടിച്ചമച്ച ഭൂമി വില്പന വിവാദ വിഷയത്തിൽ വ്യത്യസ്ത വ്യക്തികൾ നൽകിയ പരാതികളിൽ പോലീസ് FIR രജിസ്റ്റർ ചെയ്ത് കേരളാ പോലീസ്‌ വിശദമായി അന്വേഷിച്ചിരുന്നു. നിയമവിരുദ്ധമായി യാതൊരിടപാടും ഭൂമി വിൽപ്പനയിൽ നടന്നിട്ടില്ല എന്ന് പോലീസ് കണ്ടെത്തുകയും കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തിരുന്നു.

ഇത് കൂടാതെയാണ് മറ്റൊരു വ്യക്തി ഇതേ വിഷയത്തിൽ ഏഴു വ്യത്യസ്ത പരാതികളുമായി കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഏഴു കേസുകളിലും സമൻസ് അയച്ച്, സാധാരണ നടപടിക്രമങ്ങളിലൂടെ ഇപ്പോൾ ഈ കേസ് കടന്നുപോകുന്നു. കോടതി നടപടികൾ അവസാനിക്കുമ്പോൾ, ഭൂമി വിൽക്കുവാനുള്ള തീരുമാനം സഭയുടെ നിയമപ്രകാരം വ്യത്യസ്ത സമിതികൾ ചർച്ച ചെയ്ത് തീരുമാനം എടുത്തു നടപ്പിലാക്കിയതാണ് എന്ന് കോടതിക്കു ബോധ്യപ്പെട്ടു കേസ് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രത്യേകിച്ച്, കോടതിയിൽ പരാതിക്കാരൻ്റെ സാക്ഷിയായി സമ്മൻസ് അയക്കുവാൻ കോടതിയെ പ്രേരിപ്പിച്ചു മൊഴി നൽകിയ പുരോഹിതൻ ഇതേ കോടതിയിൽ ”വ്യാജരേഖ കേസിൽ” പ്രതിയായി വിചാരണ നേരിടുന്നുമുണ്ട്. ഇതും ആലഞ്ചേരി പിതാവിനെതിരായി വിമതർ കെടിച്ചമച്ച ഭൂമി വിവാദം ആരോപണങ്ങളേ പ്രതിരോധിക്കാൻ സഹായിക്കും.

മാർ ആലഞ്ചേരിയുടെ പ്രതികരണം

എറണാകുളം അതിരൂപതയുടെ ഭൂമി വിൽപ്പനയെ സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ ഇതായിരിക്കെ, കേസിൽ നിന്ന് രക്ഷപെടാനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണം ഒഴിവാക്കുവാനുമാണ് മാർ ആലഞ്ചേരി ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചത് എന്ന പ്രചാരണമാണ് ഇപ്പോൾ വ്യാപിക്കുന്നത്. എന്നാൽ, ആ അഭിമുഖം പൂർണമായി വായിക്കുകയോ ശ്രവിക്കുകയോ ചെയ്താൽ മനസിലാകുന്നത്, മാർ ആലഞ്ചേരി പിതാവിനോടു മാധ്യമ പ്രവർത്തകൻ ചോദിച്ച ചോദ്യങ്ങളോടു അദ്ദേഹം പ്രതികരിക്കുക മാത്രമായിരുന്നു എന്നതാണ്. ഈ അഭിമുഖത്തിൽ ഒരിടത്തും അദ്ദേഹം ബി.ജെ.പി അനുകൂലമായി ഒരു പ്രസ്താവനയും നടത്തുന്നില്ല.

പീപ്പിൾസ് ഡെമോക്രസിയിലെ ലേഖനം അപലപനീയം

എറണാകുളത്തെ വിമത പുരോഹിതന്മാർ ഉയർത്തുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾ അതേപോലെ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കക്ഷികൾ ഏറ്റുപറയുന്ന നിലയിലേക്ക് കേരള രാഷ്ട്രീയം അധഃപതിച്ചിരിക്കുന്നു. സിപിഎം ന്റെ മുഖപത്രമായ “പീപ്പിൾസ് ഡെമോക്രസി” മാർ ജോർജ് ആലഞ്ചേരി ബി.ജെ.പി. അനുകൂല പ്രസ്താവന നടത്തിയത് ED അന്വേഷണം ഭയന്നാണ് എന്നെഴുതിയത് തികച്ചും അപലപനീയമാണ്. സഭാ വിശ്വാസികളെ ഇത് വേദനിപ്പിച്ചു എന്ന് അവർ തിരിച്ചറിയുന്നത് കൂടുതൽ ഒറ്റപ്പെടൽ ഒഴിവാക്കുന്നതിനു അവരെ സഹായിക്കും. ഇങ്ങനെ ഒരു വാർത്ത നൽകുന്നതിന് മുൻപ് കേരളത്തിലെ ഇടതുമുന്നണി ഗവണ്മെന്റ് ഈ വിഷയത്തിൽ നടത്തിയ പോലീസ് അന്വേഷണ റിപ്പോർട്ട്‌ ഒന്ന് വായിച്ചു നോക്കാമായിരുന്നു. “പീപ്പിൾസ് ഡെമോക്രസി”യിൽ സഭയേയും മേജർ ആർച്ച് ബിഷപ്പിനേയും അപകീർത്തിപ്പെടുത്തിയതിൽ കേരളത്തിലേ കമ്യൂണിസ്റ്റ് നേതൃത്വം മറുപടി നൽകണം.

അഞ്ചു കോടി പിഴ നൽകിയിട്ടുണ്ടെങ്കിൽ വിമതർ രസീത് പുറത്തുവിടട്ടെ

ഈ വിഷയത്തിൽ എറണാകുളത്തെ വിമതർ മാർ ആലഞ്ചേരിക്ക് എതിരായി ഉയർത്തിയ മറ്റൊരു പുകമറയാണ് “ഭൂമി വില്പനയുമായി ബന്ധപ്പെട്ട് അതിരൂപത അഞ്ചു കോടി രൂപ ഇൻകം ടാക്സിന് പിഴ ഒടുക്കി” എന്നുള്ള ആരോപണം. ഇത് തികച്ചും വ്യാജമായ ഈ ആരോപണമാണ്. ഇപ്രകാരം പിഴ നൽകിയിട്ടുണ്ടെങ്കിൽ പിഴയൊടുക്കിയ രസീത് എണാകുളം വിമതന്മാർ പുറത്തുവിടട്ടെ.

ഈ കാര്യത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊരു വസ്തുതയാണ്. 2015 മുതൽ ഇൻകം ടാക്സ് നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ അനുസരിച്ചു ചാരിറ്റബിൾ സൊസൈറ്റികളും ട്രസ്റ്റ്‌കളും യഥാസമയം ഇൻകം ടാക്സ് റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ, ആ സാമ്പത്തിക വർഷം ഈ സ്ഥാപനങ്ങളിൽ വന്ന എല്ലാ വരവു(income)കളും സ്ഥാപനത്തിന്റെ വരുമാനമായി പരിഗണിച്ചു പിഴ ഒടുക്കണം. ഇങ്ങനെ എറണാകുളം അതിരൂപത വരുത്തിയ വീഴ്ചക്ക്‌ ലഭിച്ച ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ ഡിമാൻഡ് നോട്ടീസ് ആണ് ഭൂമി വിവാദത്തിന്റെ പിഴയായി വിമത പുരോഹിതർ വിശ്വാസികളെ പറ്റിക്കാൻ ഉപയോഗിച്ചത്.

ഒടുവിൽ…

എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതന്മാർ ഏതാനും പേർ മാത്രമല്ല സീറോ മലബാർ സഭ എന്ന് രാഷ്ട്രീയ പാർട്ടികൾ മനസ്സിലാക്കണം എന്നു മാത്രമേ പറയുന്നുള്ളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments