Thursday, May 30, 2024
No menu items!
Homeഅവലോകനംക്രൈസ്തവ സമൂഹവും ഇന്ത്യൻ വർത്തമാനകാല രാഷ്ട്രീയവും

ക്രൈസ്തവ സമൂഹവും ഇന്ത്യൻ വർത്തമാനകാല രാഷ്ട്രീയവും

ക്രൈസ്തവ സഭ ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണയ്ക്കാറില്ല. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട പൗരന്മാര്‍ എന്ന നിലയില്‍ കാര്യഗൗരവത്തോടെ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കേണ്ട ബാധ്യത വിശ്വസികള്‍ക്കുണ്ട് എന്നത് സഭയുടെ പ്രബോധനവുമാണ്. “രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കുള്ള പ്രത്യേകദൗത്യത്തെപ്പറ്റി എല്ലാ ക്രൈസ്തവരും ബോധവാന്മാരായിരിക്കണം” എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ “സഭ ആധുനികലോകത്തില്‍” എന്ന ഡിക്രിയില്‍ എടുത്തു പറയുന്നുമുണ്ട് (പേജ് 489). ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രൈസ്തവ വിഭാഗം നിര്‍ണ്ണായക ശക്തിയാണെന്നും അവരുടെ പിന്തുണ രാഷ്ട്രത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അനിവാര്യമാണെന്നും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയായ ബിജെപിയും മനസ്സിലാക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ രൂപംകൊള്ളുന്ന ബിജെപി അനുഭാവ രാഷ്ട്രീയ നിലപാടുകളേ വിലയിരുത്തേണ്ടത് എന്ന് ആദ്യമേ ചൂണ്ടിക്കാണിക്കട്ടെ.

വളര്‍ത്താനാണോ കൊല്ലാനാണോ ?

ഇന്ത്യന്‍ ജനസമൂഹത്തില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍ എന്നത് വെറും ഔദ്യോഗികമായ കണക്കുകളാണെന്നും ആനുകൂല്യങ്ങള്‍ നഷ്ടമാകുമോ എന്ന് ഭയപ്പെട്ട് ജാതിവെളിപ്പെടുത്താതെ ക്രൈസ്തവരായി ജീവിക്കുന്നവര്‍ 20 ശതമാനത്തില്‍ കൂടുതലാണെന്നും ക്രൈസ്തവർക്കും ബിജെപിക്കും ഒരു പോലെ അറിയാം. രാഷ്ട്രനിർമ്മിതിയിൽ മുമ്പന്തിയിൽ നിൽക്കുന്ന ഈ വിഭാഗത്തേ കൂടെനിര്‍ത്താനുള്ള വഴികളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും തേടുന്നത്. ഇന്ത്യയിലേ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ മാര്‍പാപ്പായെ പ്രധാനമന്ത്രി നേരിട്ട് റോമില്‍ പോയി ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തുള്ള ക്രൈസ്തവദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിച്ച് പ്രാർത്ഥിക്കുന്നു, ബിജെപി നേതാക്കള്‍ ബിഷപ്സ് ഹൗസുകള്‍ കയറിയിറങ്ങി ക്രൈസ്തവ -ബിജെപി ബന്ധം ഊഷ്മളമാക്കാന്‍ ശ്രമിക്കുന്നു… ഇതെല്ലാം ക്രൈസ്തവരുടെ രാഷ്ട്രീയമൂല്യം ഉയര്‍ന്നതായി ബിജെപി മനസ്സിലാക്കി എന്നതിന്‍റെ തെളിവുകളാണ്.

ബിജെപി ക്രൈസ്തവസഭയോട് അടുക്കുന്ന ഏതൊരു സന്ദര്‍ഭത്തിലും ഇത് “വളര്‍ത്താനാണോ കൊല്ലാനാണോ” എന്നൊരു ആശയക്കുഴപ്പം ക്രൈസ്തവരില്‍ സൃഷ്ടിച്ച് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് കേരളത്തിലെ ഇടത്, കോണ്‍ഗ്രസ് പാളയത്തിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ പരിശ്രമിക്കുന്നത്. ഇതിനായി ഝാര്‍ഖണ്ഡിലെ ക്രൈസ്തവ പീഡനങ്ങളും തീവ്രഹിന്ദു വര്‍ഗ്ഗീയവാദികള്‍ ചുട്ടുകൊന്ന ഗ്രഹാം സ്റ്റെയിന്‍സ് എന്ന മിഷനറി കുടുംബത്തിന്‍റെ ചിത്രവും ഉയര്‍ത്തിക്കാട്ടി ക്രൈസ്തവരെ ഭയപ്പെടുത്തി പിന്മാറ്റുവാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ക്രൈസ്തവ സഭയുടെ ഭാഗത്തുനിന്ന് മോദി സര്‍ക്കാരിനെ അനുമോദിച്ച് ഏതെങ്കിലും സഭാനേതാവ് സംസാരിച്ചാലുടന്‍ ഇ.ഡിയെ ഭയന്നാണെന്നു പറഞ്ഞും സംഘി, ക്രിസംഘി എന്നീ പേരുകളില്‍ പരിഹസിച്ചും ക്രൈസ്തവ -ബിജെപി കൂട്ടുകെട്ട് ഇല്ലാതാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായാണ് പരിശ്രമിക്കുന്നത്.

കമ്യൂണിസവും ഹിന്ദുത്വ രാഷ്ട്രീയവും

ബിജെപി നേതൃത്വം നൽകുന്ന രാഷ്ട്രീയത്തില്‍ നിന്നും ക്രൈസ്തവരെ അകറ്റുവാന്‍ സകലരും ശ്രമിക്കുമ്പോള്‍ കേരള സംസ്ഥാനം രൂപപ്പെട്ടയുടന്‍ സംജാതമായ രാഷ്ട്രീയ പശ്ചാത്തലം ഒന്ന് ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും. സംസ്ഥാനത്ത് ആദ്യമായി അധികാരത്തില്‍ വന്നത് 1957 ൽ ഇ.എം.എസ് നയിച്ച കമ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നല്ലോ. യൂറോപ്പില്‍ കമ്യൂണിസം ഉണ്ടാക്കിയെടുത്ത കത്തോലിക്കാസഭാ വിരോധവും കമ്യൂണിസ്റ്റ് തത്വചിന്ത പ്രചരിപ്പിച്ച നിരീശ്വരവാദവും എത്രമേല്‍ ഭയാനകമായിരുന്നുവെന്ന് അടുത്തറിഞ്ഞത് കത്തോലിക്കാ സഭയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കത്തോലിക്കാസഭയ്ക്ക് ഇ.എം.എസ് ഭരണത്തോട് അതൃപ്തിയുണ്ടാവുക സ്വാഭാവികമായിരുന്നു. തത്ഫലമായി ഇ.എം.എസ് മന്ത്രിസഭയെ താഴെയിറക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധചേരി രൂപപ്പെട്ടപ്പോള്‍ അതിനെ ക്രൈസ്തവസഭ വേണ്ടംവിധം ഉപയോഗിച്ചു എന്നത് ഒരു ചരിത്ര വസ്തുതയുമാണ്.

ഫാ വടക്കനേപ്പോലുള്ളവര്‍ പ്രചരിപ്പിച്ച കമ്യൂണിസ്റ്റ് വിരോധം ക്രൈസ്തവ മനസ്സുകളെ ശക്തമായി സ്വാധീനിച്ചു. “മുങ്ങിച്ചാകാന്‍ തുടങ്ങുന്ന ഘട്ടത്തിൽ പോലും ഒരു കമ്യൂണിസ്റ്റുകാരനാണ് രക്ഷപ്പെടുത്താന്‍ വരുന്നതെങ്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കരുത്, മരിക്കുന്നതാണ് അതിലും നല്ലത്” എന്ന് പ്രസംഗിച്ച വടക്കനച്ചന്‍റെ ശബ്ദം പതിറ്റാണ്ടുകളോളം കേരളരാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചു. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ രൂപപ്പെട്ട കേരളാ കോണ്‍ഗ്രസ് എക്കാലവും ഈ കമ്യൂണിസ്റ്റ് വിരോധം നിലനിര്‍ത്താന്‍ പരിശ്രമിച്ചു, എന്നാല്‍ ഇ.എം.എസ്സിന്‍റെ രാഷ്ട്രീയ നീക്കങ്ങളില്‍ കേരളാ കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം വീണു, ഇത് മലയാളി ക്രൈസ്തവരിലേ സ്ഥായിയായ കമ്യൂണിസ്റ്റ് വിരോധത്തിനാണ് അന്ത്യംകുറിച്ചത്. പിന്നീട് ഇവര്‍ തിരിച്ചു കോണ്‍ഗ്രസില്‍ വരികയും തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം ഇടതുപക്ഷത്തിലേക്ക് ചേക്കേറുകയും ചെയ്തു. ഇതോടെ ക്രൈസ്തവരുടെ കമ്യൂണിസ്റ്റ് വിരോധം ഒരു പഴങ്കഥയായി മാറി. കേരളാ കോണ്‍ഗ്രസുകളുടെ മാറിമാറിയുള്ള ഈ കമ്യൂണിസ്റ്റ് ബാന്ധവത്തിന് സഭാമേലധ്യക്ഷന്മാരുടെ മൗനാനുവാദവും ഉണ്ടായിരുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല.

കേരളത്തിലെ ക്രൈസ്തവര്‍ക്ക് 1980കളുടെ അവസാവനം വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടു രാഷ്ട്രീയമായി കൂട്ടുകൂടുക എന്നത് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. യൂറോപ്പില്‍ കമ്യൂണിസം പ്രബലശക്തിയായി നില്‍ക്കുമ്പോള്‍, റഷ്യ, ചൈന, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി കത്തോലിക്കാ ജനസംഖ്യയില്‍ വലിയൊരു വിഭാഗം കമ്യൂണിസ്റ്റുകളായി നിരീശ്വരചിന്തയിലേക്ക് കൂപ്പുകുത്തുമ്പോള്‍ കേരളത്തിലേ കത്തോലിക്കാ സഭ സ്വീകരിച്ച കമ്യൂണിസ്റ്റ് വിരോധത്തിന് തികച്ചും പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ കമ്യൂണിസം തകര്‍ന്നു തരിപ്പണമായി, പതിറ്റാണ്ടുകള്‍ക്കു മുമ്പ് കമ്യൂണിസം ഉയര്‍ത്തിയ വെല്ലുവിളികളോ രാഷ്ട്രീയ ലക്ഷ്യമോ അല്ല ഈ പ്രത്യയശാസ്ത്രത്തിന് ഇന്നുള്ളത്. അതിനാല്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ ആകൃഷ്ടരാകുന്ന ക്രൈസ്തവരില്‍ കാര്യമായ അപാകത ആരും കാണുന്നില്ല. ഇപ്രകാരം കഴിഞ്ഞ ഒരു ദശകമായി ബിജെപി നേതൃത്വം നല്‍കുന്ന ഹിന്ദുത്വരാഷ്ട്രീയം മതന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല എന്നൊരു തിരിച്ചറിവാണ് പൊതുസമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസനോന്മുഖ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കുന്നു. “മോദി സര്‍ക്കാര്‍ ഭരിക്കുന്ന ഇക്കാലത്ത് ഇന്ത്യന്‍ ക്രൈസ്തവരില്‍ അരക്ഷിതബോധമില്ലെന്ന്” സീറോമലബാര്‍ സഭയുടെ അധിപന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞതിനേയും ഇപ്രകാരം മാറിയ ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വേണം കാണുവാന്‍.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കേരളരാഷ്ട്രീയത്തില്‍ ക്രൈസ്തവ വിഭാഗം വല്ലാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്നൊരു അവബോധം എല്ലാ ക്രൈസ്തവര്‍ക്കും ഇന്നുണ്ട്. പല ഘട്ടങ്ങളിലും ക്രൈസ്തവസഭയും വിവിധ സഭാസംഘടനകളും ഇത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്; എന്നാൽ ഇടത്, വലതു പാര്‍ട്ടികള്‍ ഇതിനെ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ല. ക്രൈസ്തവരെ പാരമ്പര്യ വോട്ടുബാങ്കുകളായി കണ്ടുകൊണ്ട് തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനു മാത്രമായി ഉപയോഗിക്കുകയും അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ അവരേ തഴയുകയും ചെയ്യുകയായിരുന്നു ഇവര്‍ ചെയ്തത്. ജനനനിരക്കിലെ കുറവും വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിലൂടെ അംഗസംഖ്യകുറയുകയും ചെയ്യുന്നു എന്ന വസ്തുത ക്രൈസ്തവരേ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍, തങ്ങളുടെ ശബ്ദത്തേ തൃണവല്‍ഗണിക്കുന്ന ഇടതു – വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ ക്രൈസ്തവരില്‍ സ്വാഭാവികമായി രൂപപ്പെട്ട പ്രതിഷേധമാണ് ബി.ജെ.പിയോടുള്ള അനുഭാവപൂര്‍ണ്ണമായ സമീപനമായി ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്.

രണ്ടാം പിണറായി സർക്കാരും കേരളത്തിൻ്റെ ഇന്നത്തെ പശ്ചാത്തലവും

രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി നിഷ്പക്ഷമായി കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷവകുപ്പ് മതപ്രീണനത്തിന്‍റെ ഭാഗമായി കൈമാറിയത് ക്രൈസ്തവരുടെ ആശങ്ക വര്‍ദ്ധിപ്പിച്ച സംഗതിയാണ്. തീവ്രവാദത്തോടുള്ള സര്‍ക്കാരിന്‍റെ മൃദുസമീപനം, രൂക്ഷമായ തൊഴിലില്ലായ്മ, അമിതമായ മയക്കുമരുന്ന് കടത്തും ഉപയോഗവും, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, ജപ്തിനടപടികള്‍ നേരിടുന്ന കര്‍ഷകര്‍, കടംകയറി മുടിയുന്ന സര്‍ക്കാര്‍, പ്രതീക്ഷ നഷ്ടപ്പെട്ട് രാജ്യംവിട്ടു പോകുന്ന യുവജനത, ദുര്‍ബലമായ പ്രതിപക്ഷം എന്നിവ സമൂഹത്തില്‍ ഉയര്‍ത്തിയ അസംതൃപ്തി പുരോഗമനപരമായി ചിന്തിക്കുന്ന ക്രൈസ്തവരെ ഏറെ നിരാശരാക്കിയിട്ടുണ്ട്.

ഇടതു വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും കരകയറാന്‍ കഴിയാത്തവിധം കേരളസംസ്ഥാനം പതിറ്റാണ്ടുകള്‍ പുറകിലായപ്പോയ ഈ പശ്ചാത്തലത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്ന് ഏതൊരു മലയാളിയേയുംപോലെ ക്രൈസ്തവസമൂഹം ചിന്തിച്ചാല്‍ അതില്‍ ആരേയും കുറ്റംപറയാന്‍ കഴിയില്ല. എന്നാല്‍ രാഷ്ട്രീയമായി അസംഘടിതരായി നില്‍ക്കുന്ന ക്രൈസ്തവര്‍ക്ക് എന്തുചെയ്യാന്‍ കഴിയും എന്ന ചോദ്യം പല കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സഭയേ ഏതു പ്രതിസന്ധിയിലും മുന്നോട്ടു നയിക്കാന്‍ നിയുക്തരായ പിതാക്കന്മാര്‍ രാഷ്ട്രീയസാഹചര്യത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് രാഷ്ട്രീയമായി ചിന്തിക്കാനും പ്രതികരിക്കാനും തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നത്.

ക്രൈസ്തവരും ബി.ജെ.പിയും

കേരളത്തിലെ ഹൈന്ദവസമൂഹം ബിജെപിയെ ഉള്‍ക്കൊണ്ടിരിക്കുന്നതിനേക്കാള്‍ അധികമായി ക്രൈസ്തവസമൂഹം ബിജെപിയെ സ്വീകരിച്ചു എന്നതാണ് ഇന്നത്തെ സ്ഥിതി. കേന്ദ്രസര്‍ക്കാരിനെ അനുമോദിച്ചുകൊണ്ട് ക്രൈസ്തവപക്ഷത്തുനിന്നും വരുന്ന ഏതൊരു പ്രതികരണത്തിലും ക്രൈസ്തവനാമധാരികളുടെ സോഷ്യല്‍ മീഡിയാ പ്രതികരണം എത്രമേല്‍ ശക്തമാണെന്ന് നോക്കിയാല്‍ മാത്രം മതി ഈ വസ്തുത മനസ്സിലാക്കാന്‍. “റബറിന് 300 രൂപ തരികയാണെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ പിന്തുണ നല്‍കാം” എന്ന ആര്‍ച്ച് ബിഷപ് മാര്‍ പാംപ്ലാനിയുടെ പ്രസ്താവനയ്ക്കും ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി ക്രൈസ്തവദേവാലയം സന്ദര്‍ശിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ടും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ അഭിമുഖത്തിലുമെല്ലാം സോഷ്യൽ മീഡിയയിൽ മഹാഭൂരിപക്ഷം ക്രൈസ്തവരും പിന്തുണച്ചു. ഇതിനെല്ലാം ഉപരിയായി ക്രൈസ്തവഭൂരിപക്ഷമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ വന്നതും കേരളത്തിലെ ക്രൈസ്തവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച സംഗതിയാണ്.

ഗ്രഹാം സ്റ്റയിൻസും ക്രൈസ്തവ പീഡനവും

ക്രൈസ്തവര്‍ ദേശീയ രാഷ്ട്രീയ ബോധത്തോടെ സംസാരിക്കുമ്പോള്‍ കൊല്ലപ്പെട്ട ഗ്രഹാം സ്റ്റയിന്‍സിന്‍റെയും മക്കളുടെയും ചിത്രവുമായി ക്രൈസ്തവരേ ബോധവല്‍ക്കരിക്കാന്‍ “ആന്‍റി ബിജെപി സൈബര്‍ സംഘങ്ങള്‍” സജീവമാകുന്നതു കാണാം. തികച്ചും ദൗര്‍ഭാഗ്യകരമായ ആ കൊലപാതകത്തേ എല്ലാ ക്രൈസ്തവരും ഒന്നടങ്കം അപലപിച്ചതാണ്, ഇന്നും അപലപിക്കുന്നതില്‍ ആരും പിന്‍വാങ്ങുന്നില്ല. എന്നാല്‍ ഈ സംഭവമുണ്ടായ രണ്ടു പതിറ്റാണ്ടുമുമ്പുള്ള രാഷ്ട്രീയ പശ്ചാത്തലമല്ല ഇന്നുള്ളത്. രണ്ടു പതിറ്റാണ്ടു മുമ്പുള്ള കാഷ്മീരല്ല ഇന്നുള്ളത്, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എല്ലാം രണ്ടു പതിറ്റാണ്ടുകള്‍കൊണ്ട് രാഷ്ട്രീയമായി എത്രയോ മുന്നേറിയിരിക്കുന്നു. എന്നാല്‍ രണ്ടു പതിറ്റാണ്ടിനു ശേഷം കേരള രാഷ്ട്രീയം ഏതവസ്ഥയിലാണ് ഇന്ന് എത്തിയിരിക്കുന്നു എന്നത് പരിശോധിച്ചു നോക്കുക.

കേരളത്തിലെ LDF, UDF പ്രീണനരാഷട്രീയം

1956ല്‍ രൂപംകൊണ്ടതു മുതല്‍ നിലനിന്നിരുന്ന കേരളത്തിന്‍റെ മനോഹരമായ മതേതര, സാംസ്കാരിക മുഖം ഇന്ന് എത്രയോ മാറിയിരിക്കുന്നു! ഇടതു വലതു മുന്നണികള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്‍റെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന അവസ്ഥയാണ് ഇവിടെ രൂപപ്പെട്ടത്. യുഡിഎഫിന്‍റെ കാലത്തേ അഞ്ചാം മന്ത്രി വാദത്തിനു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിധേയപ്പെട്ടതും അശാസ്ത്രീയമായ സംവരണാനുകൂല്യം നിര്‍ത്തലാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ ഒരു വിഭാഗത്തേ മാത്രം സന്തോഷിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നേരിട്ട് സുപ്രീം കോടതിയില്‍ പോയതുമെല്ലാം ഇടത്, വലത് രാഷ്ട്രീയം അകപ്പെട്ട പൊളിറ്റിക്കല്‍ ഇസ്ലാം സ്വാധീനത്തിന്‍റെ ഫലമാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഈ അവസ്ഥ തുടര്‍ന്നാല്‍ തങ്ങള്‍ ഗുരുതരമായ പ്രതിസന്ധിയെ നേരിടുമെന്ന ചിന്ത ക്രൈസ്തവരെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഈ പശ്ചാത്തലം ക്രൈസ്തവരേ മാറി ചിന്തിപ്പിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

ഫാദർ സ്റ്റാൻ സ്വാമി

ഫാദര്‍ സ്റ്റാന്‍സാമി നേരിട്ടതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കാണേണ്ട ആവശ്യമില്ല, ഇത്തരം വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കഴിഞ്ഞില്ല എന്നതാണ് ക്രൈസ്തവ സമൂഹത്തിനു സംഭവിച്ച പിഴവ്. രാഷ്ട്രീയമായി നേരിടേണ്ട വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെപോകുന്നത് ഇനിയുള്ള കാലത്ത് ക്രൈസ്തവസമൂഹത്തിന് ഒട്ടും ഗുണമായിരിക്കില്ല. ചില പാര്‍ട്ടികളുടെ ഫിക്സഡ് വോട്ടുബാങ്കുകളായി എന്നെന്നും നിലകൊള്ളാതെ, വ്യക്തമായ രാഷ്ട്രീയസമീപനം ഉണ്ടായില്ലെങ്കില്‍ എന്നും ഇരവാദംമുഴക്കി കാലംകഴിക്കാനായിരിക്കും ക്രൈസ്തവരുടെ വിധി.

ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ 174 ഓളം രൂപതകളില്‍ നൂറിലേറെയും കേരളത്തിനു വെളിയിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍തോമാ, സിഎസ്ഐ, വിവിധ പെന്തക്കൊസ്ത് വിഭാഗങ്ങള്‍ എന്നിവയുടെയെല്ലാം ശക്തമായ സ്വാധീനം കേരളത്തിനു വെളിയിലുണ്ട്. അതായത് ഇന്ത്യൻ ക്രിസ്ത്യാനികളിലെ 60%ൽ ഏറെ കേരളത്തിനു വെളിയിൽ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലാണ് വസിക്കുന്നത്. അതിനാല്‍ കേരള ക്രൈസ്തവ സമൂഹം ദേശീയമായി ചിന്തിക്കാതെ കേരളത്തില്‍ മാത്രം ഒതുങ്ങില്‍ക്കുന്ന രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ കാര്യമില്ല. ദേശീയരാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമായിരിക്കണം കേരളത്തില്‍ ചലനം സൃഷ്ടിക്കേണ്ടത്.

ഇസ്രായേലും മുസ്ലീം രാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നില്ലേ ?

ക്രൈസ്തവരേ അനുഭാവപൂര്‍വ്വം കൂടെനിര്‍ത്താന്‍ താല്‍പര്യപ്പെടുന്ന ദേശീയ രാഷ്ട്രീയ പാര്‍ട്ടിയെ അവഗണിക്കുന്നത് ക്രൈസ്തവസമൂഹത്തിന് ഗുണകരമാകില്ല. ദേശീയതലത്തില്‍ തീര്‍ത്തും പ്രസക്തി നഷ്ടമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഇവിടെ ഇനിയൊന്നും ചെയ്യാന്‍ കഴിയുകയില്ല. കറകളഞ്ഞ കോണ്‍ഗ്രസുകാര്‍ പോലും ബിജെപിയിലേക്ക് കുതിക്കുമ്പോള്‍, കേരളത്തിലെ ഇടത്, വലത് സൈബര്‍ സംഘങ്ങളുടെ അധിക്ഷേപങ്ങളേ ഭയപ്പെട്ട്, ചരിത്രപരമായൊരു വലിയ ദൗത്യത്തില്‍നിന്ന് ക്രൈസ്തവസഭ ഇന്ന് മാറിനിന്നാല്‍, ചരിത്രപരമായ മണ്ടത്തരമായി അതിനേ ഭാവിതലമുറ വിലയിരുത്തും. ബദ്ധശത്രുക്കളായിരുന്ന ഇസ്രായേലും മുസ്ലീം രാജ്യങ്ങളും തമ്മില്‍ സഹകരണത്തിലേക്ക് വരുന്ന ലോകക്രമത്തില്‍, ഇന്ത്യയില്‍ ക്രൈസ്തവരും ബിജെപിയും തമ്മില്‍ സഹകരിക്കേണ്ടത് ഭാരതത്തിന്‍റെ പുരോഗതിക്കും ക്രൈസ്തവരുടെ നിലില്‍പ്പിനും അത്യന്താപേക്ഷിതമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments