Saturday, July 27, 2024
No menu items!
Homeരാഷ്ട്രവും രാഷ്ട്രീയവുംക്രൈസ്തവര്‍ ആരുടേയും രാഷ്ട്രീയ അടിമകളല്ല

ക്രൈസ്തവര്‍ ആരുടേയും രാഷ്ട്രീയ അടിമകളല്ല

കേരളത്തിലെ ഒരു പ്രമുഖ പത്രപ്രവര്‍ത്തകനാണ് “മറുനാടന്‍ മലയാളി”യുടെ മാനേജിംഗ് എഡിറ്ററായ ഷാജന്‍ സ്കറിയ. അതുപോലെ, കേരളത്തില്‍ ഇന്ന് ഏറെ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനാണ് അഡ്വക്കറ്റ് ജയശങ്കര്‍. ഇവര്‍ രണ്ടുപേരും ഏതാനും മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ കേരളത്തിലെ മത, രാഷ്ട്രീയ ഇടങ്ങളിലെ പുത്തന്‍ രാഷ്ട്രീയ നീക്കങ്ങളെപ്പറ്റി തങ്ങളുടെ സ്വതന്ത്രമായ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ശ്രീ ഷാജന്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത് “കേരളത്തിലെ ക്രിസ്ത്യാനികള്‍ താമരയോടടുക്കുന്നോ?” എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് അതിനുള്ള കുറെ കാരണങ്ങളാണ്. അഡ്വക്കറ്റ് ജയശങ്കര്‍ തെളിയിക്കാൻ ശ്രമിക്കുന്നത് “കേരളത്തില്‍ വലിയ തോതില്‍ മുസ്ലിം വിരോധമുണ്ട്; ക്രിസ്ത്യാനികള്‍ക്കാണ് അത് കൂടുതൽ” എന്നാണ്. ഒടുവിൽ, ഷാജനും ജയശങ്കറും ഒരുപോലെ എത്തിച്ചേരുന്നത് “കേരളത്തിലെ ക്രൈസ്തവര്‍ മുസ്ലിം വിരോധികളാണ്” എന്ന നിഗമനത്തിലാണ്. മലയാളി ക്രൈസ്തവരെ സംബന്ധിച്ച് വളരെ ഗൗരവം നിറഞ്ഞ ഒരു ആരോപണം ഇവർ ഉന്നയിച്ചിരിക്കെ ഈ ആരോപണം വസ്തുനിഷ്ടമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

വാസ്തവമായി മലയാളി ക്രൈസ്തവര്‍ മുസ്ലിം വിരോധികളാണോ?

ഷാജൻ്റെയും ജയശങ്കറിൻ്റെയും വാദഗതികളെ പരിശോധിക്കുന്നതിനു മുമ്പ് അടിസ്ഥാനപരമായി മുസ്ലിംകളുടെയും ക്രൈസ്തവരുടെയും മതപരവും രാഷ്ട്രീയവുമായ ഉദ്ദേശലക്ഷ്യങ്ങളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇസ്ലാമതത്തിന് രണ്ട് ചിറകുകളുണ്ട് എന്നാണ് പറയപ്പെടുന്നത്. അതിലൊന്ന് മതപരമായ ചിറകും മറ്റത് രാഷ്ട്രീയപരമായ ചിറകും. ഈ രണ്ട് ചിറകുകളില്‍ ഒന്നിനു മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഏതാനും ദിവസം മുമ്പ് ഇതുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശം നടത്തിയിരുന്നു. “ഇസ്ലാമിന്‍റെ മതപരമായ വശം മാത്രമേ ഫ്രാന്‍സില്‍ അനുവദിക്കുകയുള്ളൂ, പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഇവിടെ അനുവദിക്കില്ല” എന്നായിരുന്നു ആ പരാമര്‍ശം. പൊളിറ്റിക്കല്‍ ഇസ്ലാമിന് പ്രവര്‍ത്തിക്കാന്‍ അവസരമില്ലെങ്കിൽ മതപരമായി മാത്രം പ്രവർത്തിച്ച് ഇസ്ലാമിനു അധികനാൾ പിടിച്ചു നിൽക്കാൻ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇസ്ലാമിന്‍റെ മതപരമായ വശത്തെക്കുറിച്ച് പുറംലോകം അധികം അറിയാറില്ല. അത് ഏറിയപങ്കും മോസ്കിനുള്ളിലെ ആചാരങ്ങളും വിശ്വാസങ്ങളും മതപഠനവുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. വല്ലപ്പോഴും ഈദ്ഗാഹുകളില്‍ കൂട്ടമായി നമസ്കരിക്കുന്നതോ നബിദിനറാലികളോ പൊതുസ്ഥലത്തുള്ള മതപ്രസംഗങ്ങളോ പൊതു നോമ്പുതുറ ചടങ്ങുകളോ ഒഴിച്ച് മതാധിഷ്ഠിത ഇസ്ലാമില്‍ എന്തു നടക്കുന്നു എന്ന കാര്യങ്ങൾ മറ്റേതൊരു മതത്തെയും പോലെ അധികമാരും അറിയാറില്ല.

ഇസ്ലാമിന്‍റെ മതപരമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള മാര്‍ഗ്ഗമാണ് രാഷ്ട്രീയം. ഏതൊരു രാജ്യത്തും ഇസ്ലാം പ്രവര്‍ത്തിക്കുമ്പോള്‍ ആ രാജ്യത്തിലെ ജനങ്ങളെ മുഴുവന്‍ ഇസ്ലാമതത്തിനു കീഴിലേക്ക് കൊണ്ടുവരികയും രാഷ്ട്രീയാധികാരം കരസ്ഥമാക്കി, രാജ്യത്തെ സമ്പൂര്‍ണ്ണമായി മതത്തിന്‍റെ നിയമത്തിന് കീഴിലാക്കുകയുമാണ് അതിന്‍റെ ആത്യന്തികലക്ഷ്യം. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി മതം പല മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു; അതില്‍ ഒരു മാര്‍ഗ്ഗമാണ് രാഷ്ട്രീയം.
ഇസ്ലാമിന്‍റെ രാഷ്ട്രീയമുഖം രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെയും രൂപത്തില്‍ പുറംലോകത്ത് സുവ്യക്തമാണ്. മതം എന്ന നിലയില്‍ മോസ്കിനുള്ളില്‍ ആയിരിക്കുകയും രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ സമൂഹത്തില്‍ വേരുകളാഴ്ത്തുകയും ചെയ്തുകൊണ്ട് മതത്തിന്‍റെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചെടുക്കാനുള്ള ഒരു ശക്തമായ ഉപകരണമായിട്ടാണ് ഇസ്ലാമിൻ്റെ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്.

ഇസ്ലാമിന്‍റെ മതപുരോഹിതന്മാരില്‍ പലരും രാഷ്ട്രീയ നേതാക്കന്മാരുമാണ്. പാണക്കാട് തങ്ങന്മാരുടെ കുടുംബത്തില്‍നിന്നുമുള്ള വ്യക്തിയായിരിക്കും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ പരമോന്നത നേതാവ്. പാണക്കാട് കുടുംബാംഗങ്ങളെപ്പോലെ രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരേപ്പോലുള്ള നിരവധി പുരോഹിതന്മാര്‍ അഖിലേന്ത്യാതലത്തില്‍ തന്നെ ഇസ്ലാമിലുണ്ട്. മതം രാഷ്ട്രീയവുമായി ബന്ധപ്പെടുന്നത് ഈ നേതാക്കന്മാരിലൂടെ ആയിരിക്കും. അതിനാല്‍, രാഷ്ട്രീയമായി മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നതും പരാമര്‍ശിക്കുന്നതും ഇസ്ലാം മതത്തോടുള്ള വിമര്‍ശനമായി ചിത്രീകരിക്കാന്‍ സാധ്യത വളരെയേറെയാണ്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്‍റെ നിലപാടിനെ മറ്റൊരു മതത്തിലെ പുരോഹിതന്‍ വിമര്‍ശിച്ചാല്‍ അത് ഇസ്ലാമതത്തോടുള്ള വിമര്‍ശനമായും ഒരു രാഷ്ട്രീയനേതാവ് വിമര്‍ശനം ഉന്നയിച്ചാല്‍ അത് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള വിമര്‍ശനവുമായി അവസരത്തിനൊത്ത് വ്യാഖ്യാനിക്കപ്പെടുന്നു. ഇസ്ലാമതവും ഇസ്ലാം രാഷ്ട്രീയവും തമ്മിലുള്ള അഭേദ്യമായ ബന്ധം പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്.

ഇന്ത്യന്‍ മുസ്ലിം മതവിഭാഗത്തിന്‍റെ ബാഹ്യരൂപമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടി. മുസ്ലിം ലീഗിനോടൊപ്പം, ഐ.എന്‍.എല്‍, പി.ഡി.പി., വെല്‍ഫയര്‍പാര്‍ട്ടി, എസ്ഡിപിഐ എന്നിങ്ങനെ മറ്റേതാനും രാഷ്ട്രീയപാര്‍ട്ടികളും ഇന്ന് കേരളത്തില്‍ സജീവമാണ്. കേരളത്തിലെ പ്രബല രാഷ്ട്രീയ സഖ്യങ്ങളായ എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ മുസ്ലീം സമുദായത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി അധികാരത്തിലേറാന്‍ എക്കാലത്തും ശ്രമിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിംകളെല്ലാം ഈ രണ്ട് രാഷ്ട്രീയ പാനലുകളുടെയും കൂടെയാണ് നിലകൊള്ളുന്നത്.

ക്രൈസ്തവ സഭകള്‍ക്ക് ഔദ്യോഗികമായി ഒരു രാഷ്ട്രീയ നിലപാടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയമായി വളര്‍ന്ന് വലുതായി രാജ്യത്തെ ക്രിസ്തുമതത്തിന്‍റെ കൈപ്പിടിയില്‍ ഒതുക്കണമെന്ന ഒരു പൊളിറ്റിക്കല്‍ അജണ്ട ക്രൈസ്തവസഭകള്‍ ഒരു രാജ്യത്തും ഉയര്‍ത്തിയിട്ടുമില്ല. സഭാനേതാക്കന്മാര്‍ പൊതുവേ രാഷ്ട്രീയത്തില്‍ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാറില്ല. വിശ്വാസികള്‍ക്ക് ഇടതുപക്ഷമോ വലതുപക്ഷമോ നിഷ്പക്ഷമോ ആയിരിക്കാനും ഇലക്ഷനുകളില്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനുമുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം സഭകള്‍ നല്‍കിയിട്ടുണ്ട്. ഏത് രാജ്യത്ത് ആയിരുന്നാലും ആ രാജ്യത്തെയും അവിടുത്തെ ഭരണാധികാരിയെയും അംഗീകരിക്കുകയും അവര്‍ക്ക് കീഴടങ്ങി രാജ്യത്തിന്‍റെ സമഗ്രമായ വികസനത്തിനും പുരോഗതിക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ക്രൈസ്തവസഭകളുടെ രാഷ്ട്രീയം.

ക്രൈസ്തവസഭകളുടെ രാഷ്ട്രബോധം രൂപപ്പെട്ടത് മാനുഷികമായ ചില തിയറികളുടെ പിന്‍ബലത്തിലല്ല. ദൈവവചനമായ വിശുദ്ധ ബൈബിള്‍ ക്രൈസ്തവ രാഷ്ട്രധര്‍മ്മത്തെക്കുറിച്ച് പറയുന്നത് എന്തെന്ന് നോക്കുക:

“ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്മിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും. സത്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കല്ല, ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്‍മ ചെയ്യുക; നിനക്ക് അവനില്‍നിന്നു ബഹുമതിയുണ്ടാകും. എന്തെന്നാല്‍, അവന്‍ നിന്‍െറ നന്‍മയ്ക്കുവേണ്ടി ദൈവത്തിന്‍െറ ശുശ്രൂഷകനാണ്. എന്നാല്‍, നീ തിന്മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്മ ചെയ്യുന്നവനെതിരായി ദൈവത്തിന്‍െറ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍. ആകയാല്‍, ദൈവത്തിന്‍െറ ക്രോധം ഒഴിവാക്കാന്‍വേണ്ടി മാത്രമല്ല, മനഃസാക്ഷിയെ മാനിച്ചും നിങ്ങള്‍ വിധേയത്വം പാലിക്കുവിന്‍. നിങ്ങള്‍ നികുതികൊടുക്കുന്നതും ഇതേ കാരണത്താല്‍ത്തന്നെ. എന്തെന്നാല്‍, അധികാരികള്‍ ഇക്കാര്യങ്ങളില്‍ നിരന്തരം ശ്രദ്ധവയ്ക്കുന്ന ദൈവശുശ്രൂഷകരാണ്. ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം” (റോമ ലേഖനം 13:1-7)

ലോകത്തില്‍ ഏതൊരു രാജ്യത്തും അവിടുത്തെ സര്‍ക്കാരും ഭരണാധികാരികളും ദൈവത്താല്‍ നിയോഗിതരാണ് എന്ന അടിസ്ഥാന വിശ്വാസമാണ് ക്രൈസ്തവസഭ ഉയർത്തിപ്പിടിക്കുന്നത്. ലോകചരിത്രത്തില്‍ ഏറെ ക്രൂരമായ രീതിയില്‍ ക്രൈസ്തവരോട് പെരുമാറിയിട്ടുള്ള നീറോ ക്ലോഡിയസ് ചക്രവർത്തി റോമില്‍ ഭരണാധികാരിയായിരിക്കുമ്പോഴാണ് പൗലോസ് അപ്പൊസ്തൊലന്‍ പരിശുദ്ധാത്മ പ്രചോദിതനായി റോമാ സഭയ്ക്കള്ള കത്തിൽ ഇപ്രകാരം എഴുതിയത്. ഭരണാധികാരിയെയും രാഷ്ട്രത്തെയും ധിക്കരിക്കുന്നവന്‍ ദൈവികവ്യവസ്ഥിതിയോടാണ് മത്സരിക്കുന്നത് എന്ന തത്വമായിരുന്നു എക്കാലത്തും രാഷ്ട്രത്തോടും രാഷ്ട്രീയത്തോടുമുള്ള ബന്ധത്തിൽ ക്രൈസ്തവ സമൂഹം പിൻപറ്റിയത്.
ഈ വ്യവസ്ഥിതിക്ക് ഇന്ത്യയിലോ കേരളത്തിലോ മാറ്റം വന്നിട്ടില്ല എന്ന യാഥാര്‍ത്ഥ്യമാണ് പത്രപ്രവര്‍ത്തകരും രാഷ്ട്രീയനിരീക്ഷകരും ആദ്യമേ മനസ്സിലാക്കേണ്ടത്.

കോണ്‍സ്റ്റന്‍റൈന്‍ ഒന്നാമന്‍റെ ഉപദേശകനായിരുന്ന ക്രിസ്ത്യന്‍ അപ്പോളജിസ്റ്റ് ലാക്റ്റാന്‍റിയസ് (എഡി 250-325) മുതൽ ചരിത്രത്തിൽ അറിയപ്പെടുന്ന പ്രമുഖ ക്രൈസ്തവ നേതാക്കന്മാരെല്ലാം ഈ ബോധ്യത്തോടെ പ്രവര്‍ത്തിച്ചവരായിരുന്നു എന്നാണ് സഭാ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. രാജാക്കന്മാരേയും രാജകുടുംബാംഗങ്ങളെയും ഉയര്‍ന്ന ഉദ്യോഗത്തിലേക്ക് പരിശീലിപ്പിക്കുവാനായി ലാക്റ്റാന്‍റിയസിന് അവസരം ലഭിച്ചപ്പോള്‍ എങ്ങനെ ജനങ്ങളെ ഭരിക്കണം എന്നല്ല അദ്ദേഹം പഠിപ്പിച്ചത്, എപ്രകാരം ദൈവത്തോടും സഹജീവികളോടുമുള്ള ഉത്തരവാദിത്വം നിറവേറ്റി രാജ്യധര്‍മ്മത്തില്‍ പങ്കാളികളാകാം എന്നായിരുന്നു അദ്ദേഹം ഉത്ബോധിപ്പിച്ചത്. ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധത്തെ സംയോജിപ്പിച്ചുകൊണ്ട് ലോകത്തിന് പ്രകാശമാവുക എന്ന രാഷ്ട്രീയമാണ് ക്രൈസ്തവസഭയുടെ രാഷ്ട്രീയത്തിന്‍റെ നിസ്തുല്യത.

രാജകൊട്ടാരത്തിനുള്ളിലുള്ള വിദ്യാഭ്യാസമ്പന്നരായ രാജകുടുംബാംഗങ്ങളിലൂടെ മാത്രമേ ഏകാധിപത്യ പ്രവണതകളില്‍ നിന്നും അധികാരവികേന്ദ്രീകരണ സമ്പ്രദായത്തിലേക്ക് രാഷ്ട്രം നീങ്ങുകയുള്ളൂ എന്നായിരുന്നു ആദിമക്രൈസ്തവസഭാ നേതൃത്വങ്ങള്‍ മനസ്സിലാക്കിയത്. ജനങ്ങളെ സ്വാതന്ത്ര്യം, വിപ്ലവം, മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍, ബോധവാന്മാരാക്കുകയും പിന്നീട് അവരെ സംഘടിപ്പിച്ച് സ്റ്റേറ്റിനെതിരേ പടനയിച്ച് വ്യവസ്ഥിതികളെ തകിടംമറിച്ച് അധികാരം കൈക്കലാക്കി ക്രൈസ്തവരാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ശൈലി ഒരുകാലത്തും ക്രൈസ്തവ സഭകള്‍ പിന്‍പറ്റിയിരുന്നില്ല. സകല മനുഷ്യനും ദൈവസൃഷ്ടിയാണെന്ന യാഥാര്‍ത്ഥ്യം പകര്‍ന്നു നല്‍കി മനുഷ്യനെ അടിസ്ഥാനപരമായ രൂപാന്തരത്തിലേക്ക് നയിക്കുക എന്നതായിരുന്നു ക്രൈസ്തവസഭയുടെ രാഷ്ട്രീയ അജണ്ട. ആയതിനാല്‍, ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോടോ നേതാവിനോടോ പ്രത്യയശാസ്ത്രത്തോടെ കൂറോ കൂറില്ലായമയോ പ്രകടിപ്പിച്ചുകൊണ്ട് സ്റ്റേറ്റില്‍ കലാപമുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന “പൊളിറ്റിക്കല്‍ ക്രിസ്റ്റ്യാനിറ്റി” എന്ന അജണ്ട ക്രൈസ്തവപ്രബോധനങ്ങളുടെ ഭാഗമല്ല.

വിശുദ്ധ ബൈബിള്‍ പ്രതിപാദ്യങ്ങളോടു വിധേയപ്പെട്ടുനില്‍ക്കുമ്പോള്‍ തന്നെ ഓരോ വിശ്വാസിക്കും വ്യക്തിപരമായ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുവാനുള്ള സ്വതന്ത്ര്യമുണ്ട്. മനുഷ്യവംശത്തിന് ദൈവം നല്‍കിയ മഹത്തായ ഒരു പദവിയാണ് സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനമെടുക്കുവാനുള്ള കഴിവ്. സഭ അതിനെ മാനിക്കുകുയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് എക്കാലത്തും സ്വീകരിച്ചിരിക്കുന്നത്. ക്രൈസ്തവരെല്ലാവരും സംഘടിതമായി ഒരേ രാഷ്ട്രീയനിലപാട് സ്വീകരിക്കണമെന്ന വിദൂരമായ ചിന്താഗതിപോലും ക്രൈസ്തവസഭകള്‍ക്കില്ല. അതിനാല്‍ അതത് കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ അപഗ്രഥിച്ച് ക്രൈസ്തവൻ, കോണ്‍ഗ്രസോ മാര്‍ക്സിസ്റ്റോ ബിജെപിയോ ആയി മാറുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്തേക്കാം. എല്ലാ സന്ദര്‍ഭങ്ങളിലും അടിസ്ഥാനപരമായി ക്രൈസ്തവൻ രാജ്യത്തിന്‍റെ വികസനത്തിനും ഐശ്യര്യത്തിനും സമാധാനത്തിനും ആയിരിക്കും പ്രാധാന്യം നൽകുക. ഇവിടെ ജാതിയോ മതമോ ഒരു ഘടകമേ ആയിരിക്കില്ല.

ക്രൈസ്തവര്‍ക്ക് മുസ്ലിം വിരോധമുണ്ടെന്നു പറയുകവഴി വളരെ തെറ്റിദ്ധാരണ പരത്തുന്ന ഒരു പ്രസ്താവനയാണ് ശ്രീ ഷാജന്‍ സ്കറിയായും അഡ്വക്കറ്റ് ജയശങ്കറും നടത്തിയിരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് ഒരു പ്രത്യേക മതത്തോടും ശത്രുത ഇല്ല എന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ തിരിച്ചറിയണം. കേരളത്തിലെ ക്രൈസ്തവര്‍ മുസ്ലിം വിരോധികളാണ് എന്ന വസ്തുത ആദ്യമായി തള്ളിക്കളയാന്‍ പോകുന്നത് കേരളത്തിലെ സാധാരണക്കാരായ മുസ്ലിം സമൂഹം തന്നെയായിരിക്കും. ജാതിയും മതവും വേര്‍തിരിവുകളും ഒട്ടുമേല്‍ക്കാതെ, ഹിന്ദുവും ക്രൈസ്തവനും മുസ്ലീമും ഏകോദരസഹോദരങ്ങളെപ്പോലെ കഴിയുന്ന നൂറുകണക്കിന് ഗ്രാമങ്ങള്‍ മലബാറിലുണ്ട്. ഇവരിലെല്ലാം വിഭാഗീയത സൃഷ്ടിക്കാനേ നിങ്ങളുടെ പരാമര്‍ശങ്ങള്‍ ഉപകരിക്കൂവെന്ന് നിങ്ങള്‍ തിരിച്ചറിയണം.

സകലമനുഷ്യനും ദൈവത്തിന്‍റെ സൃഷ്ടിയാണെന്ന തിരിച്ചറിവാണ് അടിസ്ഥാന ക്രൈസ്തവ വിശ്വാസത്തിന് ആധാരം. കേരളത്തില്‍ അക്രൈസ്തവനോട് ജാതീയമായി വേര്‍തിരിവ് കാണിക്കുന്ന ഒരു ക്രൈസ്തവസഭയുമില്ല. എന്നാല്‍ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ അപഗ്രഥിക്കുമ്പോള്‍ ക്രൈസ്തവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുവാന്‍ ചില സംഘടിത നീക്കങ്ങള്‍ നടക്കുന്നു എന്ന് ക്രൈസ്തവപക്ഷത്തിന് ആശങ്കയുണ്ട് എന്നത് ഇവിടെ വിസ്മരിക്കുന്നില്ല. ഈ ധാരണ എല്ലാ നിലയിലും ശരിയെന്ന് വരുത്തിത്തീര്‍ക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ നാളുകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഹാഗിയാ സോഫിയാ ദേവാലയം മുസ്ലീം മോസ്ക് ആക്കുവാനുള്ള തുര്‍ക്കിയുടെ നീക്കത്തില്‍ മലയാളി ക്രൈസ്തവര്‍ തങ്ങളുടെ ആകുലതയും ആ ദേവാലയത്തിന്‍റെ ചരിത്രപരതയുമായി ബന്ധപ്പെട്ട വിവരങ്ങളും സോഷ്യല്‍മീഡിയയില്‍ ശക്തമായി അവതരിപ്പിച്ചു. ഇതിനോട് സഹതാപം പ്രകടിപ്പിക്കുന്നതിന് പകരം ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും അതിന്‍റെ പുരോഹിത, രാഷ്ട്രീയ നേതൃത്വവും അവരുടെ സ്വന്തം ദിനപത്രവും ക്രൈസ്തവരുടെ വേദന ഇരട്ടിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ ആ നിലപാടുകളെ കൂടുതല്‍ ന്യായീകരിക്കാനാണ് ലീഗ് നേതൃത്വം ശ്രമിച്ചത്. ഇത് ക്രൈസ്തവസമൂഹത്തെ ഏറെ ആശങ്കാകുലരാക്കി എന്നത് ഒരു യാഥാർത്ഥ്യമാണ്. അതിന്‍റെ പ്രതിഫലനങ്ങള്‍ കമന്‍റുകളായും ലേഖനങ്ങളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. കേരള മതേതര സമൂഹത്തിൽ പുലർത്തിപ്പോരുന്ന സാഹോദര്യബോധ്യം ഉൾക്കൊള്ളാതെ ഹാഗിയാ സോഫിയാ വിഷയത്തില്‍ മുസ്ലീം ലീഗ് നേതൃത്വം സ്വീകരിച്ച നിലപാട് തികച്ചും വര്‍ഗീയമായിരുന്നു എന്നാണ് ക്രൈസ്തവർ മനസിലാക്കുന്നത്.

ഏതാണ്ട് രണ്ടു പതിറ്റാണ്ടുകളായി ലൗജിഹാദ് വിഷയം കേരളക്രൈസ്തവ സമൂഹത്തെ നിരന്തരം അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതംമാറ്റുക എന്ന ബോധപൂര്‍വ്വമായ ലക്ഷ്യത്തോടെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ തീവ്രവാദികളായി അയയ്ക്കുകയും ചെയ്തു എന്നത് പകല്‍പോലെ വെളിവായ വിഷയമാണ്. എന്നാല്‍, മുസ്ലിം സമുദായവും മാറിമാറിവരുന്ന കേരള സര്‍ക്കാരുകളും ഇത് കണ്ടില്ലെന്നു നടിക്കുകയും ഈ വിഷയം തികച്ചും അവഗണിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഇതിനെതിരേ ശക്തമായ നിയമങ്ങള്‍ നിര്‍മിക്കുമ്പോൾ കേരളസര്‍ക്കാര്‍ ഈ വിഷയത്തോട് മുഖംതിരിച്ചു നിൽക്കുകയും “കേരളത്തിൽ ലൗ ജിഹാദ് ഇല്ല” എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കൂടാതെ, ചില തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകള്‍ ക്രൈസ്തവ വിശ്വാസത്തെയും യേശുക്രിസ്തുവിനെയും വിശുദ്ധ ബൈബിളിനെയും പരസ്യമായി കവലകള്‍ തോറും ആക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ക്രൈസ്തവ സഭയുടെ ആഭ്യന്തര വിഷയങ്ങളെ മുസ്ളിം സംഘടനകൾ ഏറ്റെടുക്കുകയും ക്രൈസ്തവ സഭകളെയും പുരോഹിതരെയും കന്യാസ്ത്രീകളെയും അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു.

സംവരണവിഷയത്തില്‍ ക്രൈസ്തവര്‍ക്ക് എതിരേ നില്‍ക്കുക എന്നതായിരുന്നു മുസ്ലിംലീഗ് സ്വീകരിച്ച നിലപാട്. തങ്ങള്‍ക്ക് യാതൊന്നും നഷ്ടപ്പെടുന്നില്ലെങ്കില്‍കൂടി ക്രൈസ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകരുത് എന്ന മുസ്ലീംലീഗ് നിലപാടില്‍ അസ്വസ്ഥരാകാത്ത ക്രൈസ്തവര്‍ കേരളത്തില്‍ ഇല്ല. വാസ്തവത്തിൽ ഈ വിഷയങ്ങളെല്ലാം ഒരുമിച്ചുവച്ച് രാഷ്ട്രീയമായി മാറിച്ചിന്തിക്കാന്‍ ക്രൈസ്തവസമൂഹം നിർബന്ധിതരാകുന്നു എങ്കിൽ അത് അടിസ്ഥാനരഹിതമായ മുസ്ളിം വിദ്വേഷംകൊണ്ടല്ല എന്ന യാഥാർത്ഥും ശ്രീ ഷാജനും ജയശങ്കറും മനസ്സിലാക്കണം.

ക്രൈസ്തവര്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നു എന്നു വരുത്തിത്തീര്‍ക്കേണ്ടത് കേരളത്തില്‍ മുസ്ലിം ലീഗിനും ഇതര മുസ്ലിം സംഘടനകള്‍ക്കും തങ്ങളുടെ വളർച്ചയ്ക്ക് വളരെ ആവശ്യമാണ്. ക്രൈസ്തവര്‍ ബി.ജെ.പിയോടു ചേര്‍ന്ന് ഭരണം പിടിച്ചടക്കും എന്ന പ്രചാരണം വാസ്തവത്തില്‍ ലക്ഷ്യം വയ്ക്കുന്നത് മുസ്ലിംകളുടെ രാഷ്ട്രീയ ഏകീകരണമാണ്. ഇപ്രകാരമുള്ള മതാധിഷ്ഠിത ഏകീകരണം കേരളത്തിന്‍റെ മതേതരസ്വഭാവത്തെ തകര്‍ക്കും എന്നതിന് രണ്ടുപക്ഷമില്ല. ഈ ദുരന്തത്തിനാണ് ഇടതനും വലതനും മുസ്ളിം പ്രീണനത്തിലൂടെ ഒരുപോലെ ചുക്കാന്‍ പിടിക്കുന്നത്.

ഏതൊരു രാഷ്ട്രീയപാര്‍ട്ടിയെയും പോലെ ബിജെപിയും ഇന്ത്യയില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ക്രൈസ്തവ സഭയ്ക്കെതിരേ പരസ്യമായി അങ്കംകുറിച്ചു പോരാടിയ കമ്യൂണിസ്റ്റുകളോടു സഹകരിക്കാമെങ്കില്‍ ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയോടു സഹകരിക്കുന്നതില്‍ ക്രൈസ്തവർ യാതൊരുവിധ ദൈവശാസ്ത്ര പ്രതിസന്ധിയും നേരിടുന്നില്ല.

തങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നിലപാടുകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കൈക്കൊള്ളുന്നതിന് ഇന്ത്യയിലെ ഏതൊരു പൗരനെയും പോലെ ക്രൈസ്തവനും അവകാശമുണ്ട്. ഈ അവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവര്‍ ബി.ജെപിയിലേക്ക് പോകുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. ഇത് മുസ്ലിം വിരോധത്തിന്‍റെ അടിസ്ഥാനത്തിലല്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം അവരെ അതിനു പ്രേരിപ്പിക്കുന്നുവെങ്കില്‍ അതില്‍ ആരും ആശങ്കപ്പെടേണ്ട കാര്യവുമില്ല. ക്രൈസ്തവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അടിമയല്ല. ആരുടെയും തിട്ടൂരം ഇവിടെ ആവശ്യവുമില്ല. ഈ യാഥാര്‍ത്ഥ്യം കേരളത്തിലെ എല്ലാ രാഷ്ട്രീയനേതാക്കന്മാരും പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളും എല്ലാം മനസ്സിലാക്കുന്നത് നല്ലതാണ്.

കേരളത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കുന്ന ആശങ്കകള്‍ ദുരീകരിക്കാനുള്ള ഉത്തരവാദിത്വം മുസ്ലിം സമുദായത്തിനും ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനുമുണ്ട്. പരിഷ്കൃതസമൂഹങ്ങളുടെ മുഖമുദ്രയായ സത്യത്തിനും നീതിക്കും സമാധാനത്തിനും സമത്വത്തനും സാഹോദര്യത്തിനും വേണ്ടി എക്കാലത്തും എവിടെയും പ്രതിജ്ഞാബദ്ധരായി നില്‍ക്കുന്ന ക്രൈസ്തവസമൂഹം, അതിന് വിഘാതമായി സംഭവിക്കുന്ന ഒന്നിനോടും കൈയുംകെട്ടി നോക്കിനില്‍ക്കില്ല എന്ന സന്ദേശമാണ് ഇന്ന് കേരള ക്രൈസ്തവ സമൂഹം ഉയർത്തുന്നത്. അതിൻ്റെ ഭാഗമായി ശക്തമായ തീരുമാനങ്ങളിലേക്ക് ക്രൈസ്തവസമൂഹം സംയുക്തമായി നീങ്ങുന്നുവെങ്കില്‍ അതിന് നിദാനമായി ക്രൈസ്തവര്‍ ഉയര്‍ത്തുന്ന വിഷയങ്ങളെ സുബോധത്തോടെയും മതേതരമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടും നിഷ്പക്ഷമായും കൈകാര്യം ചെയ്യുവാന്‍ ഇടത്, വലത് രാഷ്ട്രീയനേതൃത്വത്തിനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനും ഉത്തരവാദിത്വമുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments