കേരള ക്രൈസ്തവ സമൂഹം ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇത്രമേൽ രാഷ്ട്രീയമായി ചിന്തിച്ച് സംഘടിതമായി പ്രതികരിച്ചതിൻ്റെ ഒരു സമാനചരിത്രം കേരളപ്പിറവി തൊട്ട് ഇങ്ങോട്ടു പരിശോധിച്ചാൽ എവിടെയും കാണുകയില്ല. എൻഎസ്എസും മുസ്ളിം ലീഗും പങ്കാളികളായിരുന്നതിനാൽ വിമോചനസമര കാലഘട്ടത്തിലെ രാഷ്ട്രീയമുന്നേറ്റം ക്രൈസ്തവരുടേതു മാത്രമായിട്ടല്ല അറിയപ്പെടുന്നത്. അതൊരു സംഘടിത നീക്കം ആയിരുന്നുവല്ലോ.
1964ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് പിളർന്നു മാറി കേരള കോൺഗ്രസ് രൂപവൽക്കരിക്കപ്പെട്ടപ്പോൾ ഭൂരിപക്ഷം നേതാക്കന്മാരും നസറാണി സമൂഹത്തിൽ നിന്നും ഉള്ളവർ ആയിരുന്നതിനാൽ “ക്രിസ്ത്യാനികളുടെ പാർട്ടി” എന്നൊരു ലേബൽ പൊതുവിൽ ഉണ്ടായിരുന്നുവെങ്കിലും പാർട്ടിയിൽ നായർ സമുദായത്തിൽ നിന്നുള്ളവരുടെ ശക്തമായ പ്രാതിനിധ്യം കേരള കോൺഗ്രസിന് എന്നും മതേതര മുഖം നൽകിയിരുന്നു. പൊതുവിൽ കാർഷിക മേഖലയുടെ പ്രശ്നങ്ങൾ ഉയർത്തിയുള്ള പ്രചാരണങ്ങൾ, ക്രൈസ്തവരുടെ പാർട്ടി എന്നതിനേക്കാൾ “കർഷകരുടെ പാർട്ടി” എന്ന മുഖഛായ കേരള കോൺഗ്രസിനു ലഭിച്ചു.
കർഷകരുടെ പാർട്ടിയായിരുന്നുവെങ്കിലും ഒരു കാർഷികവിളയ്ക്കും ഉണ്ടാകാത്ത വിധം വിചിത്രമായ രാഷ്ട്രീയ വളർച്ചയായിരുന്നു കേരള കോൺഗ്രസ് കാഴ്ചവച്ചത്. വളർന്നു മൂപ്പെത്തും മുമ്പേ പിളർന്നു മാറാനുള്ള ത്വര കേരള കോൺഗ്രസിൻ്റെ ജീൻ ഘടനയിലെ ചികിത്സിച്ചു പരിഹരിക്കാനാവാത്ത അപാകതയായി തുടർന്നു. കേരള കോൺഗ്രസിലെ നിഗൂഡമായ ഈ ജീൻ ഘടന നേരിട്ടറിഞ്ഞ രാഷ്ട്രീയ വൈദ്യന്മാരും തന്ത്രശാലികളുമായ ഇ.എം.എസ്സും കെ കരുണാകരനും കേരള കോൺഗ്രസിനെ മൂപ്പെത്തും മുമ്പേ പിഴുതെടുത്ത് പുത്തൻ നിലങ്ങളിൽ കൃഷിയിറക്കി വിരുതു കാണിച്ചു. ”പിളരുന്തോറും വളരുന്ന” രാഷ്ട്രീയ മഹാത്ഭുതമായി മഹാനായ കെ.എം.മാണി കേരളാ കോൺഗ്രസ്സിനെ വിശേഷിപ്പിക്കുകകൂടി ചെയ്തതോടെ എപ്പോൾ വേണമെങ്കിലും പിളരാൻ മുട്ടിനിൽക്കുന്ന രാഷ്ട്രീയ പാർട്ടിയായി കേരള കോൺഗ്രസ് രാഷ്ട്രീയ ചരിത്രത്തിൽ അറിയപ്പെട്ടു. ഈ പ്രത്യയശാസ്ത്ര ബോധത്തോടെ ഇന്നും കേരള കോൺസ് വളർന്നു കൊണ്ടേയിരിക്കുന്നു എന്നതാണ് സമാനതകളില്ലാത്ത രാഷ്ട്രീയ അത്ഭുതം.
കേരള കോൺഗ്രസിൻ്റെ രാഷ്ടീയ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ്, ക്രൈസ്തവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യമില്ല എന്ന ബോധം അവരിൽ വളർത്തിയെടുക്കാനും എല്ലാ ഘട്ടങ്ങളിലും അവരുടെ കൂടെ നിൽക്കാനും ലീഡർ കരുണാകരൻ ഒപ്പമുണ്ടായിരുന്നു.
കോൺഗ്രസ് രാഷ്ട്രീയത്തിലും മന്ത്രിസഭയിലും ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ശ്രീ കെ. കരുണാകരൻ കൈക്കൊണ്ട രാഷ്ട്രീയ നിലപാടുകളിൽ ക്രൈസ്തവ സമൂഹം എക്കാലവും സംതൃപ്തരുമായിരുന്നു.
1981-ൽ കെ. കരുണാകരൻ യുഡിഎഫിന് അടിത്തറയിട്ടതു മുതൽ, ക്രൈസ്തവ സമൂഹം യുഡിഎഫിൻ്റെ തണലിൽ പരാതികളില്ലാതെ നിലയുറപ്പിച്ചു. കാലം മാറി, നേതാക്കൾ മാറി, രാഷ്ട്രീയ- മത പശ്ചാത്തലം മാറി. ഇന്ന് കെ. കരുണാകരനെപ്പോലെ ക്രൈസ്തവ സുഹത്തെ ചേർത്തു പിടിക്കാൻ പ്രാപ്തിയില്ലാത്ത കോൺഗ്രസ് നേതാക്കന്മാരുടെ പക്ഷപാതം നിറഞ്ഞ നിലപാടുകളിൽ തങ്ങൾ ഒറ്റപ്പെടുന്നു എന്ന തോന്നൽ ക്രൈസ്തവരിൽ ശക്തമായിരിക്കുന്നു. നിർഭാഗ്യവശാൽ ക്രിസ്ത്യാനിയുടെ ഈ തോന്നലുകളെ ശരിവയ്ക്കുന്ന പ്രതികരണങ്ങളാണ് യുഡിഎഫിലെ പ്രമുഖ കക്ഷികളായ കോൺഗ്രസ്, മുസ്ളിം ലീഗ് നേതാക്കന്മാരിൽ നിന്നും ദിവസേന ഉണ്ടായിക്കൊണ്ടിരിക്കുന്നതും ! ഈ പശ്ചാത്തലത്തിലാണ് ക്രിസ്ത്യാനികൾക്ക് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകണമെന്ന തോന്നൽ ശക്തമാകുന്നത്.
ക്രിസ്ത്യാനികൾ രാഷ്ട്രീയമായി സംഘടിക്കേണ്ടതുണ്ടോ ?
‘വേണ്ട’ എന്നാണ് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഈയുള്ളവന് പറയാനുള്ളത്. അത്തരം നീക്കങ്ങൾ വിജയിക്കാനുള്ള സാധ്യത കേരള ക്രൈസ്തവ സമൂഹത്തിൽ അൽപം പോലും കാണുന്നില്ല. ഇതിൻ്റെ കാരണങ്ങൾ പലതാണ്.
ഒന്നാമതായി നിലവിലുള്ള ക്രൈസ്തവർ മഹാഭൂരിപക്ഷവും ഇടത്-വലത് രാഷ്ട്രീയ പാർട്ടികളിൽ ശക്തമായി വിശ്വസിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവരാണ്. അവർ ഒരിക്കലും ഇത്തരം നീക്കങ്ങളെ പിന്തുണക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ഇത് ക്രൈസ്തവ സഭയിൽ വലിയ വിഭാഗീയത സൃഷ്ടിക്കും. ഇപ്രകാരമൊരു നീക്കം ഉണ്ടായാൽ നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾ അതിനെ നഖശിഖാന്തം എതിർക്കുകയും അവർ മുന്നണി രാഷ്ട്രീയം മറന്ന് സംഘടിതമായി ഇത്തരം നീക്കങ്ങളെ തകർക്കുകയും ചെയ്യും. അത് സമുദായത്തിൽ ഭിന്നത വർദ്ധിപ്പിക്കാം. ആയതിനാൽ ഈ നീക്കം ഗുണകരമാകില്ല.
രണ്ടാമതായി, സാമുദായികമായി സംഘടിച്ചു നിൽക്കാൻ യാതൊരു താൽപര്യവുമില്ലാത്ത നിരവധി ക്രൈസ്തവ സഭകളാണ് കേരളത്തിലുള്ളത്. മതേതരരാകാൻ തയാറാണെങ്കിലും സഭേതരരാകാൻ തയാറാകാത്ത ഇവരെ ഒരുമിപ്പിച്ച് നിർത്തുക എന്നതിനേക്കാൾ എളുപ്പും കൈകൊണ്ട് കടുകിൻ്റെ തൊലി പൊളിക്കുന്ന ജോലി ചെയ്യുന്നതായിരിക്കും. കത്തോലിക്കരുടെ ഇടയിൽ തങ്ങളുടെ ചരിത്രബോധം സംഘർഷം സൃഷ്ടിക്കുന്നു; ഓർത്തഡോക്സ് – യാക്കോബക്കാരിൽ സ്വത്ത്, സാമ്പത്തിക വിഷയങ്ങൾ കലാപം സൃഷ്ടിക്കുന്നു; പ്രൊട്ടസ്റ്റൻ്റുകൾ ഉപദേശ വിഷയങ്ങളുടെ പേരിൽ നിരന്തരം പോർക്കളത്തിലാണ്. ഇവരെല്ലാം ക്രിസ്ത്യാനി എന്ന ഏക വികാരത്തോടെ രാഷ്ട്രീയമായി സംഘടിക്കുന്ന ദിനം സൂര്യൻ പടിഞ്ഞാറ് ഉദിച്ചിരിക്കും എന്നതിൽ സംശയമില്ല.
കേരള ക്രിസ്ത്യാനികൾ രാഷ്ട്രീയമായി ഒറ്റക്കെട്ടാകാൻ ശ്രമിക്കുന്നത് എല്ലാ സഭകളിലും ആന്തരിക സംഘർഷം വർദ്ധിപ്പിക്കും; അതിനാൽ സഭാനേതൃത്വങ്ങൾ ഇതിനോട് കണിശമായും വിയോജിക്കും.
രാഷ്ട്രീയമായി സംഘടിക്കാതെ നമുക്ക് എന്ത് ചെയ്യാൻ കഴിയും?
ഒന്നാമതായി കേരള കോൺഗ്രസ്സുകളെ സംഘടിപ്പിച്ച് ക്രൈസ്തവ സഭയുടെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കുക.
യുഡിഎഫിലോ എൽഡിഎഫിലോ എവിടെ നിന്നാലും നേതാക്കന്മാരിലും രാഷ്ട്രീയ തീരുമാനങ്ങളിലും സഭാ നേതൃത്വത്തിൻ്റെ സ്വാധീനം ഉറപ്പുവരുത്തുക. ആർ. ബാലകൃഷ്ണപിള്ളയുടെ നേത്രത്വത്തിൽ കേരള കോൺഗ്രസ് ബി രൂപപ്പെട്ട് പിളർന്നു പോയതിനാൽ കേരള കോൺഗ്രസിന് ആരംഭകാലത്തെന്ന പോലുള്ള മതേതര മുഖം ഇന്നില്ല. അതിനാൽ കേരള കോൺഗ്രസുകൾ ക്രിസ്ത്യാനികളുടെ പാർട്ടി എന്ന ലേബലിൽ ഐക്യത്തോടെ നിന്നാൽ പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളേ ഇന്ന് കേരളത്തിൽ ക്രൈസ്തവ സമൂഹം നേരിടുന്നുള്ളൂ. എന്നാൽ ഇത് എത്രത്തോളം സാധ്യമാകും എന്നതാണ് ചിന്തിക്കേണ്ട വിഷയം.
കേരള കോണ്ഗ്രസുകളെ മെരുക്കിയെടുക്കൽ അസാധ്യമെന്നു കരുതുന്നുവെങ്കിൽ “കിഴക്കമ്പലം ട്വൻ്റി 20” യെ പിന്തുണക്കാം. എന്നാൽ അവർ മതേതരമായി നിലകൊള്ളാൻ താൽപ്പര്യപ്പെടുന്നതിനാൽ ക്രൈസ്തവ സഭകളുടെ ആവശ്യത്തോട് സഹകരിക്കുമോ എന്ന് പറയാൻ കഴിയില്ല.
രണ്ടാമതായി ദേശീയ തലത്തിൽ ബിജെപിയോട് അടുക്കാൻ ക്രൈസ്തവ സഭകൾ താൽപര്യം കാണിക്കുന്നു എന്നതിനാൽ എൻഡിഎയുടെ കൂടെ നിൽക്കാൻ ദേശീയ തലത്തിൽ ഒരു നേതാവ് ആവശ്യമാണ്. നിലവിൽ ഡൽഹി രാഷ്ട്രീയത്തിൽ വിലസുന്ന പി.സി.തോമസ്, അൽഫോൻസ് കണ്ണന്താനം, ടോം വടക്കൻ എന്നീ പ്രവാചകന്മാർ സ്വന്തം ദേശത്ത് മാർക്കറ്റില്ലാത്ത മാറ്റാച്ചരക്കുകളായതിനാൽ ദേശീയ തലത്തിൽ പുതിയൊരു നേതാവിനെ കണ്ടെത്തേണ്ടതുണ്ട്. ദേശീയ നേതാവായി
ആന്ധ്രാ മുഖ്യമന്ത്രിയും ക്രിസ്താനിയുമായ ശ്രീ ജഗ്മോഹൻ റെഡ്ഡിയെ മുന്നിൽ നിർത്താൻ കഴിഞ്ഞാൽ ക്രൈസ്തവ സഭകൾക്ക് അതൊരു വിജയമാകും.
റെഡ്ഡി പ്രൊട്ടസ്റ്റൻ്റ് ക്രൈസ്തവനാകയാൽ കേരളത്തിനു വെളിയിലുള്ള മുഴുവൻ ക്രൈസ്തവരുടെയും പിന്തുണ അദ്ദേഹത്തിൻ ലഭിച്ചേക്കാം. കൂടാതെ, NDA സർക്കാരിനോട് കൂടുതൽ അടുക്കാൻ റെഡ്ഡി താൽപര്യം കാണിക്കുന്നതിനാൽ ഇത് ബിജെപി നേതൃത്വത്തിനും സ്വീകാര്യമാകും.
ക്രിസ്ത്യാനികളുടെ പാർട്ടി എന്ന ലേബലിൽ അറിയപ്പെടുന്നത് ആന്ധ്രയിൽ റെഡ്ഡിക്കു വെല്ലുവിളി ഉയർത്തും എന്നതിൽ സംശയമില്ല. അതിനാൽ അദ്ദേഹം ഇതിനോട് സഹകരിക്കുമോ എന്നത് കണ്ടറിയണം.
നിലവിൽ കേരളത്തിലെ അസംതൃപ്തരായ ക്രിസ്ത്യാനികൾ യാതൊരു രാഷ്ട്രീയ വ്യവസ്ഥകളുമില്ലാതെ ബിജെപിയിലേക്ക് ഓടിക്കയറുന്നത് ക്രിസ്ത്യാനികൾക്ക് യാതൊരു ഗുണവും ചെയ്യില്ല എന്ന് തിരിച്ചറിയുക. ബിജെപിക്ക് ചുമർ എഴുതാനും പോസ്റ്റർ ഒട്ടിക്കാനം നടന്നതുകൊണ്ട് ക്രൈസ്തവ സമൂഹത്തിന് അത് യാതൊരു നേട്ടവും ഉണ്ടാക്കില്ല.
മൂന്നാമതായി ഫെയ്സ് ബുക്ക് കേന്ദ്രീകരിച്ച് ഉണ്ടായിരിക്കുന്ന DCF, Cross, CASA, ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി എന്നിവയെ വളർത്തിയെടുക്കുക. എന്നാൽ കേരള കോൺഗ്രസിൻ്റെ കളരിയിൽ പഠിച്ചിറങ്ങിയവരോ അതിൻ്റെ രാഷ്ട്രീയ ശൈലി പിൻതുടരുന്നവരോ ആയ ഇവയുടെ നേതാക്കന്മാർ തമ്മിൽ തമ്മിൽ ശക്തമായ മൂപ്പിളമ തർക്കം നിലനിൽക്കുന്നതിനാൽ ഐക്യം അസാധ്യമായിരിക്കും. തത്വത്തിൽ ക്രൈസ്തവ സഭയ്ക്ക് ഈ സംഘടനകളിൽ വലിയ പ്രതീക്ഷ വയ്ക്കാനാവില്ല.
നാലാമതായി ക്രൈസ്തവ സഭകൾ ശക്തമായ രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി നിലകൊള്ളുക. സാഹചര്യത്തിനനുസരിച്ച് രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് തന്ത്രം തുടർന്നും പ്രയോഗിച്ച് നിൽക്കുക. എല്ലാ സഭകളിലുമായി നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരു ന്യൂനപക്ഷമുണ്ട്. ഈ ന്യൂനപക്ഷത്തിൻ്റെ തീരുമാനമാണ് വാസ്തവത്തിൽ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. അവരോടൊപ്പം നിൽക്കുക എന്ന തന്ത്രപരമായ മാർഗ്ഗമാണ് ഇന്നത്തെ സാഹചര്യത്തിൽ ക്രൈസ്തവ സഭയ്ക്ക് ഏറെ ഗുണകരമാവുക എന്ന് തോന്നുന്നു.
ക്രൈസ്തവ സഭകൾ രാഷ്ട്രീയമായി ശക്തിപ്പെടേണ്ടത് ഭാവി തലമുറക്ക് ആവശ്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ അത് എപ്രകാരം എന്നതാണ് ഇന്നത്തെ മില്യൺ ഡോളർ ചോദ്യം.