Saturday, July 27, 2024
No menu items!
Homeരാഷ്ട്രവും രാഷ്ട്രീയവുംകത്തോലിക്കാ സഭയിൽ മെത്രാനു രാഷ്ട്രീയം പറയാന്‍ അനുവാദമുണ്ടോ?

കത്തോലിക്കാ സഭയിൽ മെത്രാനു രാഷ്ട്രീയം പറയാന്‍ അനുവാദമുണ്ടോ?

പോരാളി ഷാജി പോലുള്ള സൈബർ സഖാക്കൾ കൽപ്പിച്ചാലുടൻ മാളത്തിൽ ഒളിക്കുന്നവരല്ല കത്തോലിക്കാ സഭയിലെ മെത്രാന്മാരും പുരോഹിതരും വിശ്വാസ സമൂഹവും എന്ന് അറിയിക്കട്ടെ!

റബ്ബര്‍ വിലയിടിവു മൂലം കേരളത്തിലെ കര്‍ഷകരുടെ കഷ്ടതയേറിയ ജീവിതസാഹചര്യങ്ങളെ പരാമർശിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നടത്തിയ പ്രസംഗം കേരളരാഷ്ട്രീയത്തിൽ വലിയ ചര്‍ച്ചകള്‍ക്കു കാരണമായി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനോട് പ്രതികരിക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് സ്വാധീനത്തില്‍ ഉള്‍പ്പെടാത്ത ക്രൈസ്തവർക്കെല്ലാം രാഷ്ട്രീയമായി വലിയൊരു ഉത്സാഹം കൈവന്നതുപോലെയാണ് ഈ വിഷയത്തേ സംബന്ധിച്ച് പലരുടേയും പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്.

അസാധാരണമായൊരു രാഷ്ട്രീയ അന്തരീക്ഷത്തിലൂടെയാണ് ഇപ്പോൾ കേരളസമൂഹം കടന്നുപോകുന്നത്. മതതീവ്രവാദം, അഴിമതി, രാഷട്രീയ അരാജകത്വം, ബ്രഹ്മപുരത്തെ വിഷപ്പുക എന്നിങ്ങനെ ഒന്നിനു പുറകെ ഒന്നായി സംഭവപരമ്പരകൾ അരങ്ങേറുമ്പോൾ

എല്ലാവരാലും വിസ്മരിക്കപ്പെട്ട ഒരു വിഭാഗമാണ് മലയോര കര്‍ഷക സമൂഹം. അവർക്കുവേണ്ടി ബിഷപ് പാംപ്ലാനി ശബ്ദിച്ചപ്പോള്‍ അദ്ദേഹത്തെ ആക്ഷേപിക്കാനും നിശ്ശബ്ദനാക്കുവാനുമാണ് പലരും ശ്രമിച്ചത്. ഇതില്‍ ഇടത്, വലത് നേതാക്കള്‍ എല്ലാവരും ഒരുപോലെ ബിഷപ്പിനെ പരിഹസിക്കാനും തിരുത്തുവാനും മത്സരിച്ചു. അതില്‍ ഏറെ ശ്രദ്ധേയമായ പ്രതികരണം നടത്തിയത് സൈബര്‍ സഖാക്കളുടെ കൂട്ടായ്മയായ പോരാളി ഷാജിയുടെ ഒരു പോസ്റ്റില്‍ വന്ന ഒരു പരാമര്‍ശമാണ്. അതില്‍ പറയുന്നു “പാതിരി പള്ളിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി, രാഷ്ട്രീയത്തില്‍ ഇടപെടേണ്ട” എന്ന്. ഷാജിയേ കൂട്ടുപിടിച്ച് ഈ പ്രസ്താവന പല കമ്യൂണിസ്റ്റ് കത്തോലിക്കരും അവരേ അനുകരിച്ച് മറ്റ് കമ്യൂണിസ്റ്റുകളും ആവര്‍ത്തിക്കുന്നതു കണ്ടു.

മെത്രാൻ, സഭ, ലോകം: രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ വെളിച്ചത്തിൽ

ക്രിസ്തുവിന്‍റെ സഭ എന്ന നിലയില്‍ ഭൂമിയില്‍ ആയിരിക്കുകയും രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം തുടങ്ങി മാനവികസമൂഹം കടന്നുപോകുന്ന എല്ലാ വിഷയങ്ങളിലും ഭാഗഭാക്കായിട്ടാണ് സഭയും മുന്നോട്ടു നീങ്ങുന്നത്. രാഷ്ട്രീയത്തിലും ലോകക്രമത്തിലും സംഭവിക്കുന്ന മാറ്റങ്ങളെല്ലാം സഭയെ സ്വാധീനിക്കുന്നതുമാണ്. എന്നാൽ, ക്രിസ്തു സഭയേ ഭരമേല്‍പ്പിച്ച പ്രത്യേക ദൗത്യം രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ അല്ല, പ്രത്യുത അവിടുന്നു ഉയര്‍ത്തിക്കാട്ടിയ ലക്ഷ്യം തികച്ചും മതാത്മകമാണ് എന്ന ശക്തമായ അവബോധവും സഭയ്ക്കുണ്ട്. ഇത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധിപ്പിക്കുന്നുണ്ട് (സഭ ആധുനിക ലോകത്തില്‍, അധ്യായം 4, പാര 42). ഈ മതാത്മകതയ്ക്ക് നേതൃത്വം നല്‍കേണ്ടതും ഇതിന്‍റെ കാവലാളുമായി ഓരോ രൂപതയിലും പരിശുദ്ധാത്മാവിനാല്‍ നിയോഗിതനായിരിക്കുന്ന മെത്രാന്‍ അജപാലകന്‍ എന്ന നിലയില്‍ ശ്ലീഹന്മാരുടെ പിന്‍ഗാമിയാണ് എന്നും തിരുസ്സഭയില്‍ മെത്രാന്മാരുടെ അജപാലനധര്‍മ്മം സംബന്ധിച്ച ഡിക്രിയുടെ പ്രാരംഭത്തിലും (പാരഗ്രാഫ് 2) വായിക്കുന്നു.

മെത്രാന്‍ സ്ഥാനത്തിന്‍റെ ഉത്തരവാദിത്വങ്ങളേക്കുറിച്ചു പ്രസ്താവിക്കുന്നതോടൊപ്പം സഭയ്ക്ക് വെളിയിലുള്ള ലോകത്തോടു സഭ എപ്രകാരം ബന്ധപ്പെട്ടിരിക്കണം എന്നതിനും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമായ മാര്‍ഗ്ഗരേഖ നല്‍കുന്നുണ്ട്. “ദൈവജനത്തിന്‍റെ പിതാവും ഗുരുവും ആയിരിക്കേണ്ടവനാണ് മെത്രാന്‍” ഈ യഥാര്‍ത്ഥ രൂപമാണ് ആദിമസഭയില്‍ നിലനിന്നിരുന്നത്. “നിങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ മെത്രാനായിരിക്കുന്നത്, നിങ്ങളേപ്പോലെ ഞാനും ഒരു ക്രിസ്ത്യാനിയാണ്” എന്ന് സെന്‍റ് അഗസ്റ്റിനെ ഭരിച്ച ആന്തരികബോധമാണ് ഓരോ മെത്രാനേയും നയിക്കുന്നത്. ഇക്കാര്യം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു.

“സഭയുടെ ചുമതലയില്‍പ്പെട്ടതാണ് അവള്‍ ജീവിക്കുന്ന മനുഷ്യസമുദായത്തോടു സമ്പര്‍ക്കം പുലര്‍ത്തുക എന്നത്. ഈ ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ മെത്രാന് മുഖ്യപങ്കുണ്ട്” എന്നുതന്നെയാണ് സഭ പഠിപ്പിക്കുന്നത് (മെത്രാന്മാര്‍, പാരഗ്രാഫ് 13). ഭൗമിക വസ്തുക്കളുടെ ഉടമസ്ഥാവകാശം, വര്‍ദ്ധന, നീതിയുക്തമായ വിതരണം, യുദ്ധവും സമാധാനവും, ജനപദങ്ങള്‍ തമ്മിലുള്ള സാഹോദര്യ ബന്ധങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍, ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവ ചൂണ്ടിക്കാണിക്കാന്‍ മെത്രാന്‍ ബാധ്യതയുണ്ടെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നു (മെത്രാന്മാര്‍, പാരഗ്രാഫ് 12).

അതിനാൽ പോരാളി ഷാജി പോലുള്ള സൈബർ സഖാക്കൾ കൽപ്പിച്ചാലുടൻ മാളത്തിൽ ഒളിക്കുന്നവരല്ല കത്തോലിക്കാ സഭയിലെ മെത്രാന്മാരും പുരോഹിതരും വിശ്വാസ സമൂഹവും എന്ന് അറിയിക്കട്ടെ!

ഇതിനിടയില്‍ കമ്യൂണിസ്റ്റ് ബുദ്ധിജീവി എം.എ ബേബിയുടേതായ ഒരു പ്രസ്താവന ഇപ്രകാരമായിരുന്നു “ആഗോള കത്തോലിക്കാ സഭയുടെ അധിപനായ ഫ്രാന്‍സീസ് മാര്‍പാപ്പാ വിശ്വാസികളോടു ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്തു നില്‍ക്കാനാണ് ” അതായത് പാംപ്ലാനി പിതാവിന്‍റെ പ്രതികരണം അനീതിയാണെന്നാണ് ബേബി കരുതുന്നത്.

സഖാവ് ബേബിയോട് ഒരു കാര്യം പറയട്ടെ, ലോകവ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന നീതിബോധത്തിന് യാതൊരു ഭംഗവും വരുത്തിയ പ്രതികരണമായിരുന്നില്ല ബിഷപ് പാംപ്ലാനിയുടേത്. കഷ്ടതയനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കണമെന്ന ക്രൈസ്തവ നീതിബോധത്തിന്‍റെ പക്ഷത്തുനിന്നുകൊണ്ടുതന്നെയാണ് അദ്ദേഹം കര്‍ഷകര്‍ക്കു വേണ്ടി വാദിച്ചത്. ഇക്കാര്യത്തിൽ ക്രൈസ്തവ സഭയിൽ ആർക്കെങ്കിലും വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകുമെന്നു കരുതുന്നില്ല.

സഖാവ് ബേബിയും അദ്ദേഹത്തില്‍നിന്ന് ക്രൈസ്തവികതയേ പഠിക്കുന്നവരുമായ മറ്റ് കമ്യൂണിസ്റ്റുകളും ഒരു മെത്രാന്‍റെ സ്ഥാനത്തെക്കുറിച്ചും പ്രവര്‍ത്തനമണ്ഡലത്തേക്കുറിച്ചും മനസ്സിലാക്കിയിരിക്കുന്നത് മാര്‍ക്സിയന്‍ കണ്ണില്‍ക്കൂടി മാത്രമായതിനാല്‍ പറയട്ടെ, സാമൂഹിക വിഷയങ്ങളില്‍ ക്രൈസ്തവ ധാര്‍മ്മികതയേയും വിശ്വാസപ്രഖ്യാപനങ്ങളേയും അതിലംഘിക്കാതെ അഭിപ്രായം പറയുവാനും സമൂഹത്തില്‍ ഇടപെടുവാനും മെത്രാന്മാര്‍ക്ക് സഭ അധികാരം നല്‍കുന്നുണ്ട്. ”മെത്രാന്മാർ മാര്‍പാപ്പായുടെ ഏജന്‍റുമാരോ പ്രതിനിധികളോ അല്ല, അവര്‍ക്ക് ദൈവദത്തമായ അധികാരമുണ്ട്. ഭാഗ്യസ്മരണാര്‍ഹരായ പയസ് ഒമ്പതാമന്‍ പാപ്പായും ലിയോ 13-ാമന്‍ പാപ്പായും ഇക്കാര്യം ശരിവച്ചിട്ടുണ്ട്” (രണ്ടാം വത്തിക്കാൻ കൗൺസിൽ, മെത്രാന്മാർ ആമുഖം, പേജ് 168)

അതിനാല്‍ പോരാളി ഷാജിയും സഖാവ് എംഎം ബേബിയും ഉള്‍പ്പെടെയുള്ള കേരള രാഷ്ട്രീയത്തിലെ സകലരും മനസ്സിലാക്കുക-

മതസൗഹാര്‍ദ്ദം, മാനവികത, ദേശീയത, ജനാധിപത്യം എന്നിങ്ങനെ ആധുനികസമൂഹം വിലകല്‍പ്പിക്കുന്ന എല്ലാ സദ്ഭാവനകളും ഉള്‍ക്കൊണ്ടുകൊണ്ട് സമൂഹത്തില്‍ മാറ്റങ്ങള്‍ സംഭവിക്കണമെന്നാണ് ക്രൈസ്തവസമൂഹം എക്കാലത്തും ആഗ്രഹിക്കുന്നത്. അതിനാൽ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമൂഹത്തില്‍, തങ്ങളുടെ സഭയിലെ അംഗങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയത്തിലും ഇടപെടുവാനും അഭിപ്രായം പറയുവാനും സഭയുടെ ഭരണക്രമം അനുവദം നല്‍കുന്നുണ്ട്. ഈ ദൗത്യം അവര്‍ തുടര്‍ന്നും നിര്‍വ്വഹിക്കുന്നതായിരിക്കും. ഇന്ന് ഇന്ത്യയിലുള്ള ഏതൊരു രാഷ്ട്രീയ പ്രസ്താനത്തേക്കാളും പൗരാണികമായി ക്രൈസ്തവ സഭ ഇവിടെ നിലനില്‍ക്കുന്നു. രാഷ്ട്രീയം മലീമസമാകുമ്പോള്‍ അതിനേ നിയന്ത്രിക്കാനും നേര്‍വഴി കാണിക്കാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. ക്രൈസ്തവ സഭ, കമ്യൂണിസ്റ്റ് പാര്‍ട്ടിയേപ്പോലെ കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലല്ലോ. ഭാരതത്തില്‍ ഉടനീളമുള്ളതാകയാല്‍ ദേശീയതലത്തില്‍, ചിലപ്പോൾ അന്തർദേശീയ തലത്തിൽ പോലും ചിന്തിക്കേണ്ടതും ഇടപെടേണ്ടതുമായ ഉത്തരവാദിത്വവും സഭയ്ക്കുണ്ട്. അതിനാൽ സ്നേഹത്തോടെ പറയട്ടെ, ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നും സഭയുടെ ഭാഗത്തുനിന്നും ഉണ്ടാകും, നിങ്ങൾ മുഷിഞ്ഞിട്ടു കാര്യമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments