Thursday, May 30, 2024
No menu items!
Homeമുല്ലപ്പെരിയാർമുല്ലപ്പെരിയാർ: പ്രതീക്ഷ നൽകി സുപ്രീം കോടതിയുടെ പരാമർശം

മുല്ലപ്പെരിയാർ: പ്രതീക്ഷ നൽകി സുപ്രീം കോടതിയുടെ പരാമർശം

ഒക്ടോബർ 10, മുല്ലപ്പെരിയാർ അണക്കെട്ടിന് 126 വയസ്. ഏതൊരു മനുഷ്യനിർമ്മിതിക്കും ഒരു കാലപരിധിയുണ്ടെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ടിനും അത് ബാധകമായിരിക്കും. എന്നാൽ പാട്ടക്കരാറിന്റെ കാലാവധിയായ 999 വർഷത്തോളം ഈ അണക്കെട്ടിന് ആയൂർദൈർഘ്യം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇന്ന് ഉത്തരം തേടുന്നത്.

സമാനമായ അണക്കെട്ടുകൾക്ക് 50 വർഷം മാത്രമേ ആയുസുളളൂ എന്നിട്ടും തൽപ്പരകക്ഷികൾ ചേർന്ന് ആയുസ് 75 കൊല്ലത്തേക്ക് നീട്ടിക്കൊടുത്തിട്ടും അധികമായി 51 കൊല്ലം കൂടി 15 ടിഎംസി വെളളത്തെ താങ്ങി നിൽക്കുന്ന അണക്കെട്ട് ഇന്ന് മലയാളി സമൂഹത്തിൻ്റെ ആശങ്ക വർദ്ധിപ്പിക്കുന്നു.

പൂർണ്ണമായും കേരള സംസ്ഥാനത്തിനുള്ളിൽ 8,000 ഏക്കർ സ്ഥലത്തായി “മുല്ലപ്പെരിയാർ ഇറിഗേഷൻ പ്രൊജക്റ്റ്” സ്ഥിതി ചെയ്യുന്നു. എന്നാൽ പാട്ടക്കരാറിലെ വ്യവസ്ഥകളനുസരിച്ച് ഇത് തമിഴ്നാടിന്റെ അധീനതയിലാണ്. അണക്കെട്ടിന്റെ ഉടമസ്ഥതയും എല്ലാവിധ അറ്റകുറ്റപ്പണികളും കരാർ പ്രകാരം തമിഴ്നാടിന്റെ ഉത്തരവാദിത്വമാണ്.

പാട്ടക്കരാറിന്റെ വ്യവസ്ഥകൾക്ക് ഏതെങ്കിലും വിധത്തിലുള്ള ലംഘനം ഉണ്ടായാൽ ഭൂവുടമയായ കേരളത്തിന് കരാർ ഉടനടി റദ്ദാക്കാനുള്ള അവകാശം കരാറിലുണ്ട്. 2014-ലെ മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചു കേരളവും തമിഴ്നാടും തമ്മിലുള്ള കേസിലെ വിധിയിൽ അണക്കെട്ടു സുരക്ഷിതമാണെന്നും, പുതിയ അണക്കെട്ടു നിർമ്മിക്കേണ്ടതില്ലന്നും സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെ തുടർന്ന് ഒന്നര ദശാബ്ദമായി നടന്നു വന്നിരുന്ന സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലുള്ള സമരപരിപാടികൾ നിർത്തിവയ്ക്കുകയും ചെയ്തു.

എന്നാൽ, ഇതേ സുപ്രീം കോടതി വിധിയിൽ, അണക്കെട്ട് സുരക്ഷിതമായി നിലനിർത്തുന്നതിനു സമയബന്ധിതമായി ചെയ്യേണ്ട അഞ്ചു സാങ്കേതിക പ്രവർത്തികൾ പ്രത്യേകം പറഞ്ഞിരുന്നു. ഈ കാര്യങ്ങൾ ഉൾപ്പെടെ അണക്കെട്ടിന്റെ എല്ലാ ഭാവി പ്രവർത്തനങ്ങൾക്കും സുപ്രീം കോടതി ഒരു മേൽനോട്ട സമിതിയെ നിയമിച്ചു. കേന്ദ്ര ജല കമ്മീഷന്റെ പ്രതിനിധി തലവനും, കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികൾ അംഗങ്ങളായുമുള്ള ഈ സമിതിയാണ് 2014ന് ശേഷം അണക്കെട്ടിന്റെ സുരക്ഷയുടെ മേൽനോട്ടം വഹിക്കുന്നത്.

മുല്ലപ്പെരിയാർ സംയുക്ത സമര സമിതിയുടെ അംഗങ്ങളും സാമൂഹ്യ പ്രവർത്തകരും ചേർന്ന് രൂപീകരിച്ച “സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റ്” 2020 മെയ് മാസത്തിൽ മേല്പറഞ്ഞ മേൽനോട്ട സമിതിയുടെ തലവനായ കേന്ദ്ര ജല കമ്മീഷന്റെ പ്രതിനിധിയോട് 2014-ൽ സുപ്രീം കോടതി അടിയന്തിരമായി ചെയ്യണമെന്ന് നിർദേശിച്ച സാങ്കേതിക പ്രവർത്തികളെപ്പറ്റിയുള്ള വിശദീകരണം വിവരവാകാശ നിയമം അനുസരിച്ചു ആവശ്യപ്പെട്ടപ്പോൾ അത്ഭുതപെടുത്തുന്ന മറുപടിയാണ് ലഭിച്ചത്. “അണക്കെട്ടിന്റെ ഉയരം 152 അടിയിലേക്ക് ഉയർത്തുമ്പോഴാണ് ഈ കാര്യങ്ങൾ ചെയ്യേണ്ടതെന്നും, ആയതിനാൽ സമയബന്ധിതമായി ചെയ്യേണ്ട ഈ കാര്യങ്ങൾ ഇതുവരെയും ചെയ്തിട്ടില്ല” എന്നുമാണ് വിവരാവകാശ രേഖയിൽ പറഞ്ഞിരിക്കുന്നത്.

2014-ൽ നിർദേശിച്ച ഈ അടിയന്തര പ്രവർത്തികൾ ചെയ്യാതിരുന്നതു മൂലം അണക്കെട്ട് വീണ്ടും ദുർബലമായെന്നുള്ള കാര്യം മനസിലാകാത്തത് ഭരണാധികാരികൾക്ക് മാത്രമാണ്. കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഭാഗത്തു സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനിയിൽ 2020 ജനുവരിക്കും മെയ് മാസത്തിനും ഇടയ്ക്കു 20 പ്രാവശ്യം ഭൂചലങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.ഈ കാരണങ്ങളാൽ അത്യന്തം ഗുരുതരമായ സാഹചര്യമാണ് മധ്യകേരളത്തെ മുഴുവൻ തുറിച്ചു നോക്കുന്നത്. എന്നാൽ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വമാകട്ടെ ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്ന നിലപാട് സ്വീകരിച്ചു നിൽക്കുന്നു.

പാട്ടക്കരാർ അനുസരിച്ചു അണക്കെട്ടിന്റെ അറ്റകുറ്റ പണികൾ ചെയ്യാൻ ചുമതലപ്പെട്ട തമിഴ്നാടിന്റെ ഭാഗത്തുനിന്നുള്ള കരാർ ലംഘനം ആണ് 2014-ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തതിലൂടെ നടന്നിരിക്കുന്നതെന്നും, ആയതിനാൽ പാട്ടക്കരാർ റദ്ദാക്കാൻ ഭൂവുടമയായ കേരളത്തിന് നിർദേശം നൽകണം എന്നും ആവശ്യപ്പെട്ടാണ് “സുരക്ഷ” സുപ്രീം കോടതിയെ സമീപിച്ചത്. ഈ മാസം 8-ന് കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്റെ ആശങ്കകൾ “സുരക്ഷ”യുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. “ഈ വിഷയം ഭംഗിയായി തീർപ്പാക്കാനുള്ള നിർദേശങ്ങൾ തങ്ങൾ ആലോചിക്കുകയാണെന്നു” വാദം കേട്ട ബെഞ്ചിലെ ന്യായാധിപനായ ജസ്റ്റിസ് ഖാൻഡിൽവൽകർ പറഞ്ഞു. സുപ്രീം കോടതിയുടെ ഈ പരാമർശമാണ് ഇപ്പോൾ കേരള ജനതയ്‌ക്ക് പ്രതീക്ഷ നൽകുന്നത്. നവരാത്രിയുടെ അവധിക്കു ശേഷം പരിഗണിക്കാനായി കോടതി കേസ് മാറ്റിവച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ 126 വയസ് തികയുന്ന ഒക്ടോബർ 10 ന് സേവ് കേരള ബ്രിഗേഡ് അഡ്വ. റസ്സൽ ജോയിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ സേവ് കേരള ബ്രിഗേഡിന്റെ കേന്ദ്ര നേതൃത്വം പങ്കെടുക്കുന്ന വിപുലമായ സമര പരിപാടികൾ ഇടുക്കി ഡാമിനടുത്ത് ചെറുതോണിയിൽ അന്നേ ദിവസം നടക്കും.

“മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കുന്ന തീയതി പ്രഖ്യാപിക്കണമെന്നും 139 അടി ജലനിരപ്പ് 130 അടിയിലേക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് സുപ്രീം കോടതിയിൽ ഹർജി കൊടുത്തിട്ടുണ്ട്. സയൻസ് ഓഫ് റിലയബിലിറ്റി പ്രകാരം 40 കൊല്ലം കഴിഞ്ഞാൽ ഡാം ഡി കമ്മീഷൻ ചെയ്യണം. അത് നല്ലതോ, കേടുപാടുണ്ടോ, കേടുപാട് പരിഹരിച്ച് നിലനിർത്താൻ പറ്റുമോ എന്നതൊന്നും പരിഗണിക്കേണ്ടതില്ല. വികസിത രാജ്യങ്ങൾ ഈ തത്വമാണ് പിൻപറ്റുന്നത് ” ഇതാണ് സേവ് കേരള ബ്രിഗേഡിനു നേതൃത്വം നൽകുന്ന അഡ്വ. റസ്സൽ ജോയി ആവശ്യപ്പെടുന്നത്.

————————————————————–

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments