Thursday, May 30, 2024
No menu items!
Homeമുല്ലപ്പെരിയാർബ്രഹ്മപുരത്തെ തീയും മുല്ലപ്പെരിയാറിലെ വെള്ളവും

ബ്രഹ്മപുരത്തെ തീയും മുല്ലപ്പെരിയാറിലെ വെള്ളവും

കഴിഞ്ഞ ദിവസം BBC യുടെ ഒരു ഡോക്യൂമെൻ്ററി കണ്ടു. “Searching for the Lost Port of Muzriz” എന്ന പേരിൽ 2023 ഫെബ്രുവരി 22നാണ് BBC അത് പോസ്റ്റ് ചെയ്തിരിക്കുന്നത് (ലിങ്ക് കമൻറ് ബോക്സിൽ). 14-ാം നൂറ്റാണ്ടോടെ കേരള (ലോക) ചരിത്രത്തിൽ നിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമായ “മുസിരിസ്” തുറമുഖത്തേപ്പറ്റിയാണ് ഈ ഡോക്യൂമെൻ്ററി ചർച്ച ചെയ്യുന്നത്.

പൗരാണിക ലോകത്തിലെ ഏറ്റവും പ്രമുഖ തുറമുഖങ്ങളിൽ ഒന്നായിരുന്നു മുസിരിസ്. സുഗന്ധദ്രവ്യങ്ങൾ, സ്വർണ്ണം, ആനക്കൊമ്പ് എന്നിവയുടെ വ്യവസായത്തിന് കേൾവികേട്ട ഈ തുറമുഖ നഗരം റോമാസാമ്രാജ്യത്തിലെങ്ങും അറിയപ്പെട്ടിരുന്നു. സംഘകാല കൃതികളിലും റോമൻ ചരിത്രത്തിലും മുസിരിസ് തുറമുഖത്തേക്കുറിച്ച് പറയുന്നുണ്ട്. രണ്ടാം നൂറ്റാണ്ടിലെ റോമാ സാമ്രാജ്യത്തിൻ്റെ മാപ്പിൽ മുസിരിസുണ്ട്. ഇത്രമേൽ പ്രസിദ്ധമായ ഒരു തുറമുഖ നഗരം ചരിത്രത്തിൽ യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് കേരള തീരത്തു നിന്നും അപ്രത്യക്ഷമായത്, മുസിരിസിൻ്റെ യഥാർത്ഥ സ്ഥാനം കണ്ടെത്താൻ നടന്നു കൊണ്ടിരിക്കുന്ന ഉത്ഖനനമാണ് BBC ഡോക്യൂമെൻ്ററിയുടെ പ്രമേയം.

എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനും കൊടുങ്ങല്ലൂരിനുമിടയിൽ പെരിയാർ തടത്തിൽ വ്യാപിച്ചുകിടന്ന ഈ തുറമഖത്തിൻ്റെ യഥാർത്ഥ സ്ഥാനത്തേക്കുറിച്ച് ആർക്കും അറിയില്ല; വടക്കൻ പറവൂരിലെ പട്ടണം എന്ന ടൗണിൽ ആയിരുന്നിരിക്കണം മുസിരിസ് നിലനിന്നിരുന്നത് എന്നാരു നിഗമനം മാത്രമേ ചരിത്രകാരന്മാർക്കുള്ളൂ.

മുസിരിസ് എങ്ങനെ അപ്രത്യക്ഷമായി ?

മുസിരിസ് തുറമുഖ നഗരം അപ്രത്യക്ഷമായതിനു പിന്നിൽ രണ്ട് അനുമാനങ്ങളാണ് പറയപ്പെടുന്നത്. റോമാ സാമ്രാജ്യത്തിൻ്റെ തകർച്ചയേത്തുടർന്ന് ഈ നഗരത്തിൻ്റെ പ്രസക്തിയും വാണിജ്യ പ്രാധാന്യവും നഷ്ടമായി, അതോടെ ഈ നഗരം ക്രമേണ നശിച്ചുപോയെന്നാണ് ഒരു വാദം. എന്നാൽ റോമാ സാമ്രാജ്യത്തിൻ്റെ അധഃപതനം മുസിരിസിനെ ഒരു തരത്തിലും ബാധിക്കില്ല എന്ന് ഈ വാദത്തെ എതിർക്കുന്നവർ പറയുന്നു. മുസിരിസ് കമ്പോളത്തിലെ ഉൽപ്പന്നങ്ങൾക്കു യൂറോപ്പിലടക്കം ലോകത്തെല്ലായിടത്തും എക്കാലത്തും നല്ല കച്ചവടസാധ്യത ഉണ്ടായിരുന്നു, അതിനാൽ റോമാ സാമ്രാജ്യം തകർന്നാലും മുസിരീസിന് തകർച്ചയുണ്ടാവേണ്ട യാതൊരു കാര്യമില്ല; 15-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കേരളത്തിൽ വരുന്നത് കുരുമുളകിനും സുഗന്ധവ്യഞ്ജനത്തിനും യൂറോപ്പിൽ നിലനിന്നിരുന്ന ഉയർന്ന ഡിമാൻ്റു കാരണമായിരുന്നല്ലോ. അതിനാൽ റോമാ സാമ്രാജ്യത്തിൻ്റെ തകർച്ചയും മുസിരിസിൻ്റെ തിരോധാനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാണ് ചരിത്രകാരന്മാരിൽ ഏറിയ പങ്കും കരുതുന്നത്.

മുസിരിസ് അപ്രത്യക്ഷമായതിന് രണ്ടാമത്തേ കാരണമായി ചരിത്രകാരന്മാർ പറയുന്നത് ക്രിസ്തുവർഷം 1341 ൽ പെരിയാറിലുണ്ടായ വലിയ വെള്ളപ്പൊക്കമാണ്. കിഴക്കൻ മലയിൽ നിന്നും ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു വന്ന ചെളിയും വെള്ളവും മുസിരിസിനെ മൂടിക്കളഞ്ഞു. ഈ വാദമാണ് ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നത്. ഇതിനു തെളിവായി അവർ കാണിക്കുന്നത് വടക്കൻ പരവൂരിലെ പട്ടണം പ്രദേശത്തു നിന്നും കുഴിച്ചെടുത്ത പൗരാണിക കാലത്തേ റോമൻ നാണയങ്ങളും മറ്റു വസ്തുക്കളുമാണ്. അതായത്, വടക്കൻ പറവൂർ – കൊടുങ്ങല്ലൂർ പ്രദേശത്തേ മണ്ണിനടിയിൽ വെറും 100 സെൻ്റീമീറ്റർ താഴ്ചയിൽ പൗരാണിക നഗരമായ ” മുസിരിസ്” അന്ത്യവിശ്രമം കൊള്ളുന്നു എന്നാണ് ചരിത്രകാരന്മാരിൽ വലിയൊരു വിഭാഗവും കരുതുന്നത്.

പട്ടണം ഉദ്ഖനനം (PAMA) ഡയറക്ടർ ഡോ പി ജെ ചെറിയാൻ, ഡോ പി.കെ മൈക്കിൾ തരകൻ (ചെയർമാൻ, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച്), ഡോ ബെന്നി കുര്യാക്കോസ് എന്നിവരാണ് Searching for the Lost Port of Muzriz എന്ന BBC ഡോക്യൂമെൻ്ററിയിൽ മുസിരിസിൻ്റെ ചരിത്രപരതയും ഈ തുറമുഖത്തിൻ്റെയും നഗരത്തിൻ്റെയും തിരോധാനവും സംബന്ധിച്ച് ചർച്ച ചെയ്യുന്നത്.

മനുഷ്യനിർമ്മിത ദുരന്തങ്ങളും പ്രകൃതിദുരന്തവും

14-ാം നൂറ്റാണ്ടിൽ ഉണ്ടായ ഒരു പ്രകൃതിദുരന്തം ഒരു തുറമുഖ നഗരത്തേത്തന്നെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കിയതിൻ്റെ ചരിത്രമാണ് മുസിരിസ് പറയുന്നത്. എന്നാൽ കേരളത്തിൽ ഉണ്ടായ രണ്ടു വലിയ മനുഷ്യനിർമ്മിത ദുരന്തങ്ങളാണ്

2018-ലെ പ്രളയവും 2023-ൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ കത്തിയുണ്ടായ പുകയും. ഈ രണ്ട് ദുരന്തങ്ങളേയും രാഷ്ട്രീയമായി നേരിട്ട് എങ്ങനെ പരിഹരിക്കാമെന്ന ദുഷിച്ച ചിന്തയേ നാടിൻ്റെ ഭരണാധികരികൾക്കുള്ളൂ. എന്നാൽ 1341 ലെ മുസിരിസ് ദുരന്തത്തേക്കാളും 2018ലെ പ്രളയത്തക്കാളും 2023ലെ പ്ളാസ്റ്റിക് മാലിന്യ പ്രതിസന്ധിയേക്കാളും നൂറിരട്ടി ഭയാനകമായ ഒരു ദുരന്ത സാധ്യത നമ്മുടെ തലയ്ക്കു മുകളിലായി നിലകൊള്ളുന്നു; അത് മുല്ലപ്പെരിയാർ അണക്കെട്ടാണ്.

വിവാദങ്ങളുടെ പുറകേ മാത്രം സഞ്ചരിക്കാൻ താൽപ്പര്യപ്പെടുന്ന കേരള മാധ്യമങ്ങളും അധികാരത്തിനും സമ്പത്തികനേട്ടത്തിനും വേണ്ടി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രിയക്കാരും കേരളത്തേ ആഴത്തിൽ ബാധിക്കാനിടയുള്ള മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണിയെ കാണുന്നതേയില്ല, കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം 2000-ലേറെ MLA മാർ കേരള നിയമസഭയിൽ എത്തിയിട്ടുണ്ട്. എല്ലാവരും മുല്ലപ്പെരിയാർ വിഷയത്തിൽ അപകടകരമായ മൗനം നിലനിർത്തുന്നു. ഇത് ഭയാനകമാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിനു 60 വർഷം മാത്രമേ ആയുസുളളൂവെന്നാണ് ഇതിൻ്റെ നിർമ്മാതാക്കൾ പറഞ്ഞത്. ഈ അണക്കെട്ട് 127-ാം വർഷവും നിലനിൽക്കുന്നു, 15 TMC വെള്ളവും തടഞ്ഞു നിർത്തി ഡമോക്ലീസിന്റെ വാൾ പോലെ കേരളത്തിലെ 5 ജില്ലകൾക്കു മുകളിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇത് നിസ്സാരമായി കാണേണ്ട കാര്യമല്ല. മുല്ലപ്പെരിയാറിനു താഴെ ഇടുക്കി ഡാം 70 TMC വെള്ളവും അതിനും താഴെയുള്ള ഒരു നിരവധി ജലസംഭരണികൾ ഉൾപ്പെടെ 110TMC വെള്ളമാണ് പെരിയാർ തടത്തിൽ തടഞ്ഞുനിർത്തിയിരിക്കുന്നത്.

തമിഴ്നാട്ടിലെ അഞ്ച് ജില്ലകളുടെ അഭിവൃദ്ധിക്കായി, കോടതി വിധി നൽകുന്ന ”ബലം” മാത്രമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്നുള്ളത്. ഇതിൻ്റെ തകർച്ച കേരളത്തിലെ 5 ജില്ലകളെ ഭൂപടത്തിൽ നിന്ന് എന്നെന്നേക്കുമായി ഇല്ലാതാക്കും എന്നാണ് പറയപ്പെടുന്നത്. മുസിരിസ് ആവർത്തിക്കപ്പെടാതിരിക്കാൻ മലയാളികൾ ഉണർന്നു പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

നൂതന സാങ്കേതികജ്ഞാനമുളള തലമുറ, ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മുല്ലപ്പെരിയാർ അണക്കെട്ടിനെ പരിശോധിച്ചപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഗുരുതരമായ നിരവധി പോരായ്മകളാണ്:

* ഡാം സ്ഥിതി ചെയ്യുന്നത് ഭൂകമ്പഭ്രംശ മേഖലയിലാണ്

* ഭൂകമ്പത്തെ നേരിടാനുള്ള ഒരു മുൻകരുതലും ഇതിൻ്റെ നിർമിതിക്ക് സ്വീകരിച്ചിട്ടില്ല

* ഡാമിൻ്റെ അടിത്തറ കെട്ടാൻ ഡ്രില്ലിംഗ്, ഗ്രൗട്ടിംഗ് എന്നീ ശാസ്ത്രീയമാർഗ്ഗങ്ങൾ ഉപയോഗിച്ചിട്ടില്ല

* ഡാമിൻ്റെ അടിയിൽ നിന്നും ഊറി വരുന്ന ജലം ഒഴുക്കിക്കളയാൻ വേണ്ട ഡ്രെയ്നേജ് സംവിധാനമില്ല.

* ട്രാൻസ്വേഴ്സ് കൺട്രാക്ഷൻ ജോയിൻ്റുകളുടെ (transverse contraction joint) അഭാവം അണക്കെട്ടിൻ്റെ ഉറപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്.

* നിർമാണത്തിന് ഉപയോഗിക്കുന്ന സുർക്കി മിശ്രിതം ചുണ്ണാമ്പ് ലീച്ചിംഗ് പ്രകിയ (ചുണ്ണാമ്പ് ചോർച്ച) മൂലം നഷ്ടപ്പെട്ടിരിക്കുന്നതിനാൽ സംഭവിച്ചിരിക്കുന്ന ഗുരുതരമായ ബലക്ഷയം പരിഹരിക്കുന്നതിന് സിമൻ്റ മക്സ്ചർ ഫലപ്രദമല്ല.

* അണക്കെട്ടിനെ പരിപാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്.

* അണക്കെട്ടിൻ്റെ 70% ഉപകരണങ്ങളും പ്രവർത്തനക്ഷമമല്ല (മാതൃഭൂമി, ജനു 24, 2021)

ഐഐറ്റി റൂർക്കി നടത്തിയ പഠന റിപ്പോർട്ടിന് നേതൃത്വം നൽകിയ പ്രഫ.ഡി.കെ പോൾ പറയുന്നത് “കൂടിയ തീവ്രതയുളള ഭൂകമ്പമുണ്ടായാൽ ഉടൻ ഡാമിൻ്റെ ഭിത്തികൾ വിണ്ടു കീറും” എന്നാണ്.

മുല്ലപ്പെരിയാർ ഡാമിന് 300 കിലോമീറ്റർ ചുറ്റളവിൽ 22 – ഓളം ഭൂകമ്പ സാധ്യതാ മേഖലകൾ ഉണ്ടെന്നും അതിനാൽ തീവ്രത കൂടിയ ഭൂകമ്പമുണ്ടായാൽ ഡാം പൂർണമായും തകർന്നു പോകുമെന്നുമാണ് 2D finite element method ഉപയോഗിച്ച് നടത്തിയ പഠന റിപ്പോർട്ടിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

മുസിരിസിൻ്റെ തിരോധാനം നമുക്കൊരു മുന്നറിയിപ്പാണ്. അതിനേ അവഗണിക്കരുതേ…

(മുലപ്പെരിയാർ വിഷയത്തിൽ എഴുതിയ ലേഖനങ്ങളുടെ വിശദമായ വായനയ്ക്ക് ലിങ്ക് കമൻ്റ് ബോക്സിൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments