Wednesday, November 6, 2024
No menu items!
Homeഭൂമി വിവാദം'ഞാൻ പിഴയാളി" ഏറ്റുചെല്ലി സഭയുടെ കൂട്ടായ്മയിലേക്ക് മടങ്ങി വരിക

‘ഞാൻ പിഴയാളി” ഏറ്റുചെല്ലി സഭയുടെ കൂട്ടായ്മയിലേക്ക് മടങ്ങി വരിക

സീറോ മലബാർ സഭയുടെ ‘സ്ഥിരം സിനഡ്’ പിതാക്കന്മാർ വത്തിക്കാനിൽ സമ്മേളിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നു എന്ന വാർത്ത ഇവിടത്തെ വിമത വൈദിക സംഘത്തെ ഏറെ ആശങ്കാകുലരാക്കിയിരിക്കുന്നു. തങ്ങൾ പാടുപെട്ട് ഉണ്ടാക്കിയെടുത്ത പ്രശ്നങ്ങൾ ഒരു വിധത്തിലും പരിഹരിക്കാൻ ആരേയും സമ്മതിക്കില്ല എന്നാണ് വന്ദ്യവിമതനായകൻ ഫാ കുര്യാക്കോസ് മുണ്ടാടൻ പറയുന്നത്. മാധ്യമക്കോളാമ്പികളുടെ മുമ്പാകെ നിന്ന് തിരുസ്സഭയേയും സഭാ സംവിധാനങ്ങളേയും ധിക്കരിച്ചുകൊണ്ട് ഈ ഹുങ്കൻ പറയുന്നത് എറണാകുളം അങ്കമാലി അതിരൂപതയിലെ പട്ടക്കാർ സർവാധികാരികളായി തിരുസ്സഭയുടെ മേൽ വ്യാപരിക്കുന്നവരാണ് എന്നാണ്. സഭാ നേതൃത്വം തീരുമാനങ്ങൾ എടുക്കേണ്ടത് തങ്ങളോട് ആലോചിച്ചു വേണമത്രേ!.

മാധ്യമങ്ങളുടെ മുന്നിൽ നിന്നുള്ള മുണ്ടാടവിലാപങ്ങൾ കേട്ടപ്പോൾ പാറേമ്മാക്കൽ ഗോവർണ്ണദോറുടെ ”വർത്തമാനപ്പസ്തകത്തി”ലെ അനുസരണത്തിൻ്റെയും വിനയത്തിൻ്റെയും രമ്യതയുടെയും ആൾരൂപമായ “അങ്കമാലിയിലെ കീർത്തികേട്ട മൽപ്പാനായ മുണ്ടാടൻ ഇട്ടിയവിരാ കത്തനാരേയാണ്” ഓർമ്മ വന്നത്. ആരായിരുന്നു ആ ഭാഗ്യസ്മരണാർമൻ മുണ്ടാടൻ ഇട്ടിയവിരാ കത്തനാർ ?

18-ാം നൂറ്റാണ്ടിൽ പോർച്ചുഗൽ മിഷനറിമാരും മാർത്തോമാ ക്രിസ്ത്യാനികളും തമ്മിൽ വലിയ സംഘർഷാവസ്ഥ നിലനിന്നിരുന്ന കാലം.

അരളിക്കാ മോഷണം ആരോപിച്ച് ഇടപ്പള്ളി വികാരിയായിരുന്ന ചമ്പക്കുളംകാരൻ ഇക്കക്കോ കത്തനാരേ പോർച്ചുഗീസ് മിഷൻ സംഘം പട്ടിണിക്കിട്ട് കൊന്നതിൻ്റെ പേരിലുള്ള സംഘർഷം ഒരുവിധം കെട്ടടങ്ങിയതേയുളളൂ. ഈ സമയത്ത് മറ്റൊരു ദാരുണസംഭവമുണ്ടായി. പോർച്ചുഗീസ് സഭാനേതൃത്യവുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ പ്രകാരം മലയാറ്റൂരിൽ പുതുഞായറാഴ്ച അരളിക്കാ എഴുന്നള്ളിച്ചതിന്, വർഗ്ഗീസ് എന്ന കത്തനാരേ ചങ്ങലയ്ക്കിട്ടു വരാപ്പുഴയിൽ കൊണ്ടുവന്ന് തല്ലിച്ചതച്ചു. ഈ സംഭവത്തോടെ പോർച്ചുഗീസ് സഭാ നേതൃത്വവും മാർത്തോമാ നസ്രാണിസഭയും തമ്മിലുള്ള ബന്ധം ഏറെ വഷളായി.

പോർച്ചുഗീസ് പാതിരിമാരുടെ പക്ഷത്തുനിന്നും ദാരുണ സംഭവങ്ങൾ പലതുണ്ടായിട്ടും അവരോട് നന്ദിയും വിധേയത്വവും കാണിക്കണമെന്നാണ് നസ്രാണി സമൂഹം തീരുമാനിച്ചത്. “അതിനായി അങ്കമാലിയിൽ കീർത്തികേട്ട മൽപാനായ മുണ്ടാടൻ ഇട്ടിയവിരാ കത്തനാരും കൂടെ കുറേ ഭക്തിനാട്യക്കാരും ചേർന്ന് ലൗറെന്ത്യോസ് യൂസ്തീനിയാനിയെന്ന ഒരു പാതിരിയുടെ അടുക്കൽ ചെന്ന് രമ്യതയുടെയും കീഴ്വ്വഴക്കത്തിൻ്റെയും അടയാളമായ ആശീർവാദം നൽകണമെന്ന് യോഗക്കാരുടെ നാമത്തിൽ ആവശ്യപ്പെട്ടു”

“യൂസ്തീനിയാനി ആ അപേക്ഷ കൈക്കൊള്ളുകയും ചെയ്തു. അതിനു ശേഷം യോഗക്കാരെല്ലാവരും കൂടി അദ്ദേഹത്തെ അങ്കമാലി മെത്രാസനപ്പളളിയിൽ ചെന്ന് ആദരപൂർവ്വം എതിരേറ്റ് മാർ ഗീവർഗീസ് സഹദായുടെ പളളിൽ കൊണ്ടുവന്നു. അപ്പോൾ ലൗറെന്ത്യോസ് യൂസ്തീനിയാനിയെന്ന പാതിരി പ്രധാന പുരോഹിതൻ്റെ സ്ഥാനവസ്ത്രമായ കാപ്പയും മറ്റു രണ്ടു പാതിരിമാർ സഹകാർമ്മികരുടെ സ്ഥാനവസ്ത്രമായ അത്മത്തിയും അണിഞ്ഞ് പളളിക്കാർ എല്ലാവരോടും “ഞാൻ പിഴയാളി” ചൊല്ലിക്കൊള്ളുവിൻ എന്നു പറഞ്ഞു. ഇതു കേട്ടയുടൻ പ്രായത്തിൽ മുതിർന്ന മുണ്ടാടൻ ഇട്ടിയവിരാ കത്തനാർ വലിയ ഭകാതിയോടെ മുട്ടുകുത്തി ഉച്ചസ്വരത്തിൽ ഞാൻ പിഴയാളി ചൊല്ലുകയും ശേഷമെല്ലാവരും ഒത്തുചേർന്ന് കൂടെ ചൊല്ലുകയും ചെയ്തു”

(വർത്തമാന പുസ്തകം ആറാം പാദം, പേജ് 79).

പോർച്ചുഗീസ് പദ്രവാദ സംഘം അടിസ്ഥാനരഹിതമായി കുറ്റാരോപണങ്ങൾ നിരത്തി തദ്ദേശീയ ക്രൈസ്തവരേ ക്രൂരമായി പീഡിപ്പിച്ചപ്പോഴും അവരോട് ഏറ്റുമുട്ടലിനു നിൽക്കാതെ ക്രൈസ്തവികമായ അനുസരണവും വിനയവും കാത്തുസൂക്ഷിച്ച സഭയായിരുന്നു സീറോ മലബാർ സഭ. ഈ സഭയുടെ ചരിത്രത്തിൽ “അങ്കമാലിയിൽ ഏറെ കീർത്തികേട്ട മൽപാനായ മുണ്ടാടൻ ഇട്ടിയവിരാ കത്തനാർ” എപ്രകാരം സ്മരിക്കപ്പെടുന്നുവെന്നും സഭാവിരുദ്ധനായി സഹപട്ടക്കാരേ സംഘടിപ്പിച്ച് സഭയ്ക്കെതിരേ പടനയിക്കുന്ന അനുസരണംകെട്ട റവ ഡോ ഫാ കുര്യാക്കോസ് മുണ്ടാടൻ ഇനിയുള്ള സഭാ ചരിത്രത്തിൽ എപ്രകാരം സ്മരിക്കപ്പെടുമെന്നും ഓർമ്മിക്കുക. ഇത് വ്യക്തമാക്കാനാണ്, അനുചിതമെങ്കിലും മാർതോമാ നസ്രാണികൾ കടന്നുവന്ന ആ പഴയ ചരിത്രം ഇവിടെ ഉദ്ദരിച്ചത്.

സഭയേ അനുസരിക്കാത്ത ഫാ കുര്യാക്കോസ് മുണ്ടാടനും സംഘവും ഏതുവിധ കുർബാന ചൊല്ലിയാലും ചെല്ലിയില്ലെങ്കിലും ഒരു ഗുണവും ഇല്ല എന്ന വസ്തുത തിരിച്ചറിയുക. ഭാഗ്യസ്മരണാർഹനായ മുണ്ടാടൻ ഇട്ടിയവിരാ കത്തനാർ കാണിച്ചു തന്ന വിനയത്തിൻ്റെ മാതൃകയിൽ ”ഞാൻ പിഴയാളി” ഏറ്റുചെല്ലി, വിമതസംഘത്തേയും കൂട്ടി സഭയുടെ കൂട്ടായ്മയിലേക്ക് മടങ്ങി വരിക, പകലായിരിക്കുവോളം മാത്രമേ വിളിച്ചവൻ്റെ പ്രവൃത്തികൾ ചെയ്യാൻ കഴിയൂ. “ആര്‍ക്കും ജോലിചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു” (യോഹന്നാന്‍ 9:4)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments