എറണാകുളം- അങ്കമാലി തീയേറ്റേഴ്‌സ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന “ഭൂമിയിടപാട് നാടകം” അന്ത്യരംഗത്തിലേക്ക് കടക്കുകയാണ്. പ്രതിലോമശക്തികളായ ഒരു സംഘം കലാകാരന്മാരാണ് നാടകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
(തിരക്കഥാകൃത്തുക്കളും സൂത്രധാരന്മാരും പ്രതീക്ഷിക്കാത്ത വിധം “ദൈവിനീതി” എന്ന ശക്തനായ കഥാപാത്രം വേദിയിലേക്ക് രംഗപ്രവേശം ചെയ്യുന്നു, തിരക്കഥയിൽ ഗതിഭേദം ഉണ്ടാകുന്നു, സംഘാടകരെല്ലാം സ്തബ്ദരായി നിൽക്കുന്നു.
രംഗബോധമില്ലതെ പ്രവേശിക്കന്ന കോമാളികളെ മാത്രം കണ്ട് കൈയടിച്ചവരും നാടകത്തിന് വേദിയൊരുക്കിയവരും പണം മുടക്കിയവരുമെല്ലാം അന്ധാളിച്ച് നിൽക്കുന്നു.
നിരപരാധിയുടെ ചോരയ്ക്കു വേണ്ടി മുറവിളികൂട്ടി രംഗവേദിയിൽ ആടിത്തിമിർത്തുകൊണ്ടിരുന്ന ആൾക്കൂട്ടം ഇനി എന്തു ചെയ്യണമെന്നറിയാതെ വേദിയുടെ ഒരു കോണിലേക്ക് മാറിനിൽക്കുന്നു. സംവിധായകരുടെയും ദൈവനീതിയുടെയും മുഖത്തേക്ക് അവർ മാറിമാറി നോക്കുന്നുണ്ട്.
എങ്ങും നിശ്ശബ്ദത, സൂത്രധാരൻ്റെ വാല്യക്കാരനും വിദൂഷകനുമായ സുതാര്യൻ അണ്ണൻ മാത്രം ”നെറികേട്, നെറികേട്” എന്ന് അലറിവിളിച്ച് ചാനലുകൾ തോറും ഓടി നടക്കുന്നു. അദ്ദേഹത്തേ ആർക്കും ആശ്വസിപ്പിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. എങ്ങും ഭയവും നിരാശയും ഇരുളും മ്ളാനതയും പടർന്നിരിക്കുന്നു)
** ** ** ** ** *** ** ** ** ** *****
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് ജൂലൈ 12-ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത് ഈ ഇടപാടിൽ യാതൊരു ക്രമക്കേടും നിയമലംഘനവും നടന്നിട്ടില്ല എന്നാണ്. സീറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ കൈകൾ ഭൂമിയിടപാടിൽ വിശുദ്ധമാണെന്നാണ് സർക്കാരിൻ്റെ വിവിധ അന്വേഷണങ്ങളിൽ കണ്ടെത്തിയത്. ഈ വസ്തുത സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നു.
സത്യവാങ്മൂലത്തിലെ വസ്തുതകൾ ദൃശ്യമാധ്യമങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞപ്പോൾ, സത്യത്തെ എത്രമേൽ കുഴിച്ചുമൂടിയാലും അതിന് പുനഃരുത്ഥാന ശക്തിയുണ്ടെന്ന് ഒരിക്കൽ കൂടി തെളിയുകയായിരുന്നു. ഇതേ മാധ്യമങ്ങൾ നിരവധി തവണ അദ്ദേഹത്തെ അന്യായക്കാരനും ദ്രവ്യാഗ്രഹിയും വഞ്ചകനുമായി ചിത്രീകരിക്കുന്നതിൽ ഒരു കാലത്ത് മത്സരിച്ചെങ്കിൽ, ഇന്ന് അവരുടെ വായിൽ നിന്നുതന്നെ ഉയർന്നു കേട്ട സത്യങ്ങൾ സഭാസ്നേഹികൾ ഉൾപ്പെടെ സകലരെയും അത്‍ഭുതസ്തബ്ദരാക്കി. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എന്തുകൊണ്ടാണ് മാർ ആലഞ്ചേരി പിതാവ് ഇത്രയും നാൾ മൗനമായിരുന്നു സ്വയം അപമാനം ഏറ്റെടുത്തത്? പലരും ഈ ചോദ്യമാണ് ഇന്നുയർത്തുന്നത്. ദീർഘക്ഷമയോടെയുള്ള ആ മൗനത്തിന്റെ അർത്ഥമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
ഭൂമിയിടപാടിൽ നടന്ന കാര്യങ്ങളെല്ലാം ഒരു പൊതുവേദിയിൽ വച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നെങ്കിൽ, തൻ്റെ കൂടെ നിന്ന് തന്നേ സഹായിക്കുവാൻ നിയുക്തരായ “ഉന്നത വ്യക്തികൾ” പലരും പറഞ്ഞു പ്രചരിപ്പിച്ചതെല്ലാം പച്ചക്കള്ളമാണന്നു അദ്ദേഹത്തിന് തുറന്നുപറയേണ്ടി വരുമായിരുന്നു. എന്നാൽ അവരെല്ലാം അങ്ങനെ അപമാനിതരാകുവാൻ പിതാവ് ആഗ്രഹിച്ചില്ല. സഭയുടെ കെട്ടുറപ്പിനായി ലോകത്തിനു മുമ്പിൽ അപമാനം സഹിക്കുവാൻ പിതാവ് സ്വയം സന്നദ്ധനായി. പീലാത്തോസിന്റ മുന്നിൽ നിശ്ശബ്ദനായി നിന്ന ഈശോയുടെ മനസ്സും ക്രിസ്തുനാഥൻ ജീവനും രക്തവും നൽകി സ്ഥാപിച്ച തൻ്റെ സഭയോടുള്ള ഉത്തരവാദിത്വവുമാണ് ഇവിടെയെല്ലാം ആലഞ്ചേരി പിതാവിൽ നാം കണ്ടത്.
മർദ്ദകർ ധരിപ്പിച്ച മുൾക്കിരീടവുമായി ഈശോ മശിഹാ ന്യായാസനത്തിന് മുമ്പാകെ നിന്നു; പീലാത്തോസ് അന്ന് “നീ രാജാവാണോ” എന്ന് ഈശോയോടു ചോദിച്ചുവെങ്കിൽ, ആലഞ്ചേരി പിതാവിനോടും വാദത്തിലും വിധിയിലും “കർദ്ദിനാൾ രാജാവാണോ” എന്ന് ചോദിക്കാൻ ഒരു ന്യായാധിപൻ ഇവിടെയും ഉണ്ടായി. ഇതു വെറും ആകസ്മികതയായിരുന്നില്ല; പീഡയും അപമാനഭാരവുമായി ഉള്ളുരുകി വേദനിക്കുന്ന നിരപരാധികൾക്കു മാത്രം മനസ്സിലാക്കാൻ കഴിയുന്ന അർത്ഥതലങ്ങൾ ഈ ചോദ്യത്തിനുണ്ടന്ന് പിന്നീടാണ് ലോകമറിയുന്നത്.
വാസ്തവമായി ഭൂമിയിടപാടിൽ എന്താണ് നടന്നതെന്ന് അതിരൂപതയിലെ ഭരണസമിതികളുടെ ഭാഗമായിരുന്ന സഹായ മെത്രാൻമാർക്കും മറ്റു വൈദീകർക്കും പകൽ പോലെ അറിയാമായിരുന്നതാണ്. അതിരൂപതയുടെ ഭൂമി വാങ്ങലും വില്‍ക്കലും ഇതിനേതുടര്‍ന്നുണ്ടായ എല്ലാ വിഷയങ്ങളും കൂട്ടായി എടുത്ത തീരുമാനമായിരുന്നു എന്നതിന് അതിരൂപതയിലെ ആലോചനാ സമിതികളുടെ യോഗങ്ങളും, യോഗങ്ങളില്‍ അംഗീകരിച്ച മിനിട്സും സാക്ഷ്യം പറയുന്നുണ്ട്. എന്നാൽ സഭാതലവൻ മാർ ജോർജ് ആലഞ്ചേരിക്കു നേരേ സംഘടിതതീരുമാനം എന്നോണം നിഗൂഡ ലക്ഷ്യത്തോടെ എല്ലാവരും വിരൽ ചൂണ്ടി. “കർദ്ദിനാൾ ആരോടും ആലോചിക്കാതെ അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചു” എന്ന പ്രചാരണം ശക്തിപ്പെട്ടു. ചാനലുകളും മാധ്യമങ്ങളും ചർച്ച ചെയ്ത് രംഗം കൊഴുപ്പിച്ചു.
കുപ്രചാരണം ശക്തമായതോടെ സാമൂഹ്യമാധ്യമങ്ങളിൽ വളരെ ഹീനമായ ആക്ഷേപങ്ങളാണ് പിതാവിനെതിരെ സാധാരണ വിശ്വാസികൾ പോലും എഴുതിയത്. ഇവരാരുംതന്നെ ഈ പറഞ്ഞ ഭൂമി ഇടപ്പാടുകളുടെ ഒരു രേഖയും കണ്ടിട്ടുള്ളവരല്ല. ഈ കാര്യങ്ങളെ സംബന്ധിച്ച് അറിവുണ്ടായിരുന്നവർ അതിരൂപതയിലെ ഭരണസമിതികളിൽ അംഗങ്ങൾ ആയിരുന്ന സഹായമെത്രന്മാരും മുതിർന്ന വൈദീകരും മാത്രം ആയിരുന്നു. ഇവരിലൂടെ പുറം ലോകത്ത് പ്രചരിപ്പിച്ച കിംവദന്തികളാണ് അപമാന കഥകളായി പിതാവിന്റെ മേൽ ചാർത്തി കൊടുത്തത്.
”മെത്രാപോലീത്ത ആരോടും ആലോചിക്കാതെ അതിരൂപതയുടെ ഭൂമി വിറ്റു തുലച്ചു” എന്ന് ആരോപിച്ചുകൊണ്ട് മാധ്യമങ്ങളുടെ മുൻപിൽ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതും ഒരു പുരോഹിതൻ തന്നെയാണ്. ഇദ്ദേഹം പിന്നീട് വ്യാജരേഖ കേസിൽ വൈദീകരെ പോലീസ് ചോദ്യം ചെയ്യുന്നത് മെത്രാപോലീത്ത ഇടപെട്ട് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു ആർച്ച്ബിഷപ്സ് ഹൗസിൽ കട്ടിലിൽ കിടന്നു സമരാഭാസം നടത്തിയത് ലോകം കണ്ടു. എല്ലാ കാനോനിക സമിതികളിലും ചർച്ച ചെയ്താണ് ഭൂമി വിൽക്കുവാനുള്ള തീരുമാനം എടുത്തത് എന്ന് ഇപ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ഇന്ത്യയിലെ പരമോന്നത കോടതിയെ ധരിപ്പിക്കുമ്പോൾ പൊതുജനസമക്ഷം സഭയേയും സഭാതലവനേയും നാണം കെടുത്തിയ ഈ പുരോഹിതനും ഇതിനു കൂട്ടുനിന്ന പുരോഹിതവൃന്ദത്തിനും ഇനി എന്താണ് പറയാനുള്ളത്?
ചരിത്രത്തിലെ അപ്രധാന കാര്യങ്ങൾപോലും പിന്നീട് സൂക്ഷ്മ വിശകലനത്തിന് വിഷയമാക്കുന്ന കത്തോലിക്കാ സഭ വളരെ ഗൗരവത്തോടെ ഈ ഹീനകൃത്യത്തിന്റെ പിന്നിലെ കറുത്ത കരങ്ങളെ കൃത്യമായി രേഖപ്പെടുത്തുമെന്ന് കരുതുന്നു. അതിരൂപതാ ആലോചനാ സമിതി സംയുക്തമായി എടുത്ത തീരുമാനം പിന്നീട് ഒരു മഹാ അപരാധമായി ചിത്രീകരിച്ചു മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെ തലയിൽ ആരാണ് വച്ചുകെട്ടിയതെന്നും ആരൊക്കെയാണ് ഈ ഹീനകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും സത്യം എന്താണെന്ന് അറിവുള്ള പലരുടെയും അർത്ഥഭഗർഭമുള്ള മൗനത്തിനു പിന്നിൽ എന്തായിരുന്നു കാരണമെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെയും പണം ഒഴുക്കിയവരുടെയും നിഗൂഡലക്ഷ്യം എന്തായിരുന്നുവെന്നും കണ്ടെത്തണം. കാലം ഉത്തരം തേടുന്ന ചോദ്യങ്ങളാണ് ഇവയൊക്കെ.
സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തെ സംബന്ധിച്ച് വാർത്ത അവതരിപ്പിച്ച ചിലർ വിമതരുടെ അവാസ്ഥവമായ ആരോപണങ്ങൾ വീണ്ടും ആവർത്തിക്കുന്നുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു പച്ചക്കള്ളം ആണ് “ഭൂമിയുടെ വില കുറച്ചുകാണിച്ചതിന്” ഇൻകം ടാക്സ് മൂന്ന് കോടി രൂപ അതിരൂപതക്ക് പിഴയിട്ടു എന്നുള്ളത്. ഇൻകം ടാക്സ് നിയമം അനുസരിച്ചു ഒരു ഇന്ത്യൻ പൗരൻ ഏതു ഇടപാടിലൂടെയും നേടുന്ന വരുമാനത്തിന്റെ മുപ്പത് ശതമാനം വരെ “ക്യാപിറ്റൽ ഗയിൻ ടാക്സ്” (capital gain tax) ആയി നൽകണം. ഭൂമി വിറ്റു കിട്ടിയ പണത്തിന് അതിരൂപത നൽകിയ ടാക്സ് ആണ് വിമത വൈരികൾ പിഴയെന്ന് ആരോപിക്കുന്നത്. ഈ ഭൂമി വിറ്റത് കടം വീട്ടുവാൻ ആയിരുന്നുവെന്നും, ലഭിക്കുവാൻ ഉള്ള പണത്തിന് പകരം സ്ഥലം വാങ്ങി എന്നും അതിരൂപതയുടെ അക്കൗണ്ടന്റ് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിനെ യഥാസമയം അറിയിച്ചിരുന്നുവെങ്കിൽ ഈ ടാക്സ് ഒഴിവാക്കാമായിരുന്നു. അത് ചെയ്യാതെ, തങ്ങൾക്ക് പറ്റിയ പിഴവ് കൂടി യാതൊരു ദാക്ഷിണ്യവും ഇല്ലാതെ പിതാവിന്റെ തലയിൽ വച്ചുകൊടുക്കുകയായിരുന്നു ഇവർ ചെയ്തത്.
ഈ ഹീനകൃത്യത്തിന്റെ ബാക്കിപത്രമായി അതിരൂപതയിലെ മൂന്നു വൈദീകർ പിതാവിനെതിരെ വ്യാജരേഖ നിർമ്മിച്ച കേസിൽ പ്രതികളായി കോടതിക്കു മുൻപിൽ വിധികാത്തു നിൽക്കുന്നു. “ആലഞ്ചേരി പിതാവ് ഭൂമി വിൽപ്പനയിലൂടെ തട്ടിയെടുത്ത അതിരൂപതയുടെ പണം വൻകിട കമ്പനികളിൽ നിക്ഷേപിച്ചു” എന്നും, ICICI, AXIS ബാങ്കുകളിലൂടെ വൻ തുകകൾ കൈമാറ്റം ചെയ്തു എന്നും കാണിക്കുന്ന വ്യാജ രേഖകൾ നിർമ്മിച്ചാണ് വിമത വൈദീകർ മറ്റ് വൈദീകരേയും സാധാരണ വിശ്വാസികളെയും പറ്റിച്ചത്. വ്യാജരേഖയുണ്ടാക്കാൻ കൂട്ടുനിന്നവർ വിശ്വാസികളെ വഞ്ചിച്ച് യാതൊരു ലജ്ജയുമില്ലാതെ വിശുദ്ധ കുർബാന അർപ്പിക്കുന്നു എന്നു കാണുമ്പോൾ മനഃസാക്ഷി ചത്ത് മണ്ണടിഞ്ഞ ഇവരുടെ ധാർഷ്ട്യത്തേ സ്നേഹനിധിയായ ദൈവം പൊറുക്കട്ടെ എന്നു മാത്രമേ പറയാൻ കഴിയുന്നുള്ളൂ.
ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍, ഒരു പക്ഷേ ആഗോളതലത്തിൽ തന്നെ, ആദ്യമായി തങ്ങളുടെ മേലധ്യക്ഷനെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്ന ഒരുകുട്ടം വൈദികരുടെ നടപടികള്‍ക്ക് കഴിഞ്ഞ ഏതാനും വർഷം സഭയും പൊതുസമൂഹവും സാക്ഷ്യം വഹിച്ചു.
മാർ ആലഞ്ചേരിക്കെതിരേ പടനയിച്ച സകലരോടും ഇവിടെ ഒരു ചോദ്യം മാത്രമേയുള്ളൂ, -എല്ലാറ്റിനുമൊടുവിൽ, നിങ്ങൾ എന്ത് നേടും? സത്യത്തിന് പുനഃരുത്ഥാന ശക്തിയുണ്ടെന്നും എത്രമേൽ ആഴത്തിൽ കുഴിച്ചുമൂടിയാലും അത് വർദ്ധിത വീര്യത്തോടെ ഒരിക്കൽ ഉയിർത്തെഴുന്നേൽക്കുമെന്നും ഇനിയെങ്കിലും നിങ്ങൾ അറിഞ്ഞുകൊള്ളുക.