Sunday, May 26, 2024
No menu items!
Homeഭൂമി വിവാദംവീണ്ടും വ്യാജരേഖയുമായി വിമതന്മാർ രംഗത്ത്

വീണ്ടും വ്യാജരേഖയുമായി വിമതന്മാർ രംഗത്ത്

എറണാകുളം-അങ്കമാലി അതിരൂപതയിൽ വീണ്ടും വ്യാജരേഖയെ സംബന്ധിച്ച വിവാദം. വത്തിക്കാനിലെ പരമോന്നത കോടതിയായ അപ്പസ്ത്തോലിക് സിഞ്ഞത്തൂരയുടേത് എന്ന് തോന്നിക്കുന്ന ഇമെയിൽ ഐഡിയിൽ നിന്ന് ഫാ. വർഗീസ് പെരുമായാന് ഏപ്രിൽ 26-ന് അയച്ചതായി കാണുന്ന ഇമെയിലാണ് വിവാദത്തിന് അടിസ്ഥാനം. ഇത് യഥാർത്ഥത്തിൽ ഉള്ള ഇമെയിലാണോ അതോ ആരെങ്കിലും വ്യാജമായി നിർമ്മിച്ചതാണോ എന്നുള്ളതാണ് കണ്ടുപിടിക്കേണ്ട വസ്തുത.

അതിരൂപതയിൽ കാനോനിക സമിതികളിൽ ആലോചിച്ചു തീരുമാനിച്ചു മിനുട്സ് ബുക്കിൽ രേഖപ്പെടുത്തി, ബാങ്ക് ലോൺ അടച്ചു തീർക്കാനായി നടത്തിയ വസ്തുവിൽപ്പനയെയാണ് വിമതവൈദീകർ “മെത്രാപ്പൊലീത്ത ആരോടും ചോദിക്കാതെ വസ്തു വിറ്റു തുലച്ചു” എന്ന വ്യാജപ്രചരണം നടത്തി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചത്. അന്നുമുതൽ വിമതർ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് “മെത്രാപ്പോലീത്തയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ്” എന്നത്. ഈ വ്യാജരേഖ ചമച്ചവർക്ക് കുരുക്കായി വരുന്നതും ഈ പ്രയോഗം തന്നെയാണ്.

ഭൂമിവിവാദം സംബന്ധിച്ച ആരോപണം ഉന്നയിച്ചവർ വിശ്വാസികളെയും മറ്റു പുരോഹിതന്മാരേയും, സിനഡ് പിതാക്കന്മാരെയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അന്യായമായി പണം സമ്പാദിച്ചു എന്ന് വിശ്വസിപ്പിക്കുന്നതിനും, അതുവഴിയായി പിതാവിനെ അപമാനിച്ചു സ്ഥാനത്യാഗം ചെയ്യിക്കുവാനുമാണ് വ്യാജരേഖയുണ്ടാക്കിയത്. സിറോ മലബാർ സഭയുടെ സിനഡ്‌ തീരുമാനം അനുസരിച്ചു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഈ വ്യാജരേഖകളെ പറ്റി അന്വേഷിച്ചു ഫാ. പോൾ തേലക്കാട്ട്, ഫാ. ടോണി കല്ലൂക്കാരൻ, ഫാ. ബെന്നി മാരാംപറമ്പിൽ, ആദിത്യ സക്കറിയ എന്നിവർ പ്രതികളായി വ്യാജരേഖകൾ നിർമ്മിച്ചതിന് കുറ്റപത്രം സമർപ്പിച്ചു. ഈ കേസിന്റെ വിചാരണ കാക്കനാട് മാജിസ്‌ട്രേറ്റ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് പുതിയ വ്യാജരേഖ വിവാദം ഉണ്ടായിരിക്കുന്നത്.

അതിരൂപതയിലെ വസ്തുവിൽപ്പനയിൽ ക്രമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ലെന്നും വിൽപ്പന കൂട്ടുത്തരവാദിത്വത്തോടെ നടപ്പിലാക്കിയതാണെന്നും പൗരസ്ത്യ തിരുസംഘം നേരെത്തെ തീർപ്പ് കൽപ്പിച്ചിരുന്നു. ഈ തീരുമാനത്തിന് എതിരായി എറണാകുളം -അങ്കമാലി അതിരൂപതയുടെ അന്നത്തെ ചാൻസലർ ആയിരുന്ന ഫാ. വർഗീസ് പെരുമായൻ വത്തിക്കാനിലെ പരമോന്നത കോടതിയിൽ അപ്പീൽ നൽകി. ഈ അപ്പീൽ തീർപ്പാക്കിക്കൊണ്ട് അപ്പോസ്‌റ്റോലിക് സിഞ്ഞത്തൂര 2023 മാർച്ച്‌ 14-ന് അന്തിമ വിധി പുറപ്പെടുവിച്ചിരുന്നു. പൗരസ്ത്യ തിരുസംഘത്തിന്റെ തീരുമാനം ശരിയാണെന്നും, അത് പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും ആയിരുന്നു മാർച്ച്‌ 14-ലെ വിധിയുടെ സാരം.

അപ്പോസ്‌റ്റോലിക് സിഞ്ഞത്തൂര ഏപ്രിൽ 26-ന് അയച്ചതായി വിമതർ അവകാശപ്പെടുന്ന ഇമെയിൽ വ്യാജമായി നിർമ്മിച്ചതാണ് എന്ന് സംശയിക്കുന്നത് താഴെ പറയുന്ന കാരണങ്ങളാലാണ്:

1. ഈ സന്ദേശം അയച്ചിരിക്കുന്നതായി കാണുന്നത് ഫാദർ പെരുമയാന് മാത്രമായാണ്. സാധാരണ ഒന്നിലധികം കക്ഷികൾ ഉള്ള സംഗതികളിൽ ബന്ധപ്പെട്ട എല്ലാവർക്കും സന്ദേശത്തിന്റെ കോപ്പികൾ നൽകേണ്ടതാണ്. അങ്ങനെയെങ്കിൽ, ഈ സന്ദേശത്തിന്റെ കോപ്പി പൗരസ്ത്യ തിരുസംഘത്തിനും, എറണാകുളം- അങ്കമാലി അതിരൂപതക്കും അയക്കേണ്ടതാണ്. ഇവിടെ അങ്ങനെ കാണുന്നില്ല.

2. കത്തിൽ, PERUMAYAN, ALENCHERRY എന്നീ പേരുകൾ വ്യത്യസ്തമായ ഫോണ്ടി (font)ലും വലിയ (capital) അക്ഷരത്തിലും അച്ചടിച്ചിരിക്കുന്നു. യാതൊരു ആവശ്യവുമില്ലാത്ത ഈ മാറ്റങ്ങൾ എന്തിനു വരുത്തി?

3. തലക്കെട്ടിൽ “Segnatura” എന്നു തെറ്റായി എഴുതിയിരിക്കുന്നു. ഇപ്രകാരമൊരു തെറ്റ് യാതൊരു കാരണവശാലും സംഭവിക്കില്ല.

4. ഒരു വ്യക്തിസഭയുടെ തലവൻ എന്ന നിലയിൽ മാർ ജോർജ് ആലഞ്ചേരിയെ അഭിസംബോധന ചെയ്യുന്നത് “His Beatitude” എന്നാണ്. എന്നാൽ ഈ സന്ദേശത്തിൽ ആറാമത്തെ വരിയിൽ His Eminence എന്നാണ് എഴുതിയിരിക്കുന്നത്.

5. നാല്, അഞ്ച്, ആറ് വരികളിൽ എഴുതിയിരിക്കുന്ന “റിയൽ എസ്റ്റേറ്റ് ഡീൽ” എന്ന ഏകവചനം ഈ സന്ദേശം എഴുതിയ ആളിന് പറ്റിയ ഏറ്റവും വലിയ അമളി വ്യക്തമാക്കുന്നു. പൗരസ്ത്യ തിരുസംഘമോ അപ്പോസ്‌റ്റോലിക് സിഞ്ഞത്തൂരയോ മുൻപ് ഒരിക്കലും ഉപയോഗിക്കാത്ത ഈ പദങ്ങൾ ഈ സന്ദേശം നിർമ്മിച്ച വ്യക്തിയുടെ ‘ആലഞ്ചേരി പിതാവിനെ അപമാനിക്കുക’ എന്ന ഗൂഡലക്ഷ്യം വ്യക്തമാക്കുന്നു.

6. ഏഴ്, എട്ട് വരികളിൽ സിഞ്ഞത്തൂരയുടെ തന്നെ മുൻ വിധിന്യായത്തിന്റെ തിയ്യതി 14 March 2023-ന് പകരം 24 November 2023 എന്ന് തെറ്റായി എഴുതിയിരിക്കുന്നു.

7. ഈ സന്ദേശം എഴുതിയ വ്യക്തിയുടെ പേരോ, വഹിക്കുന്ന സ്ഥാനമോ കത്തിന്റെ ഉപസംഹാരത്തിൽ കാണുന്നില്ല.

8.സീൽ (മുദ്ര) രേഖപെടുത്തുന്ന സ്ഥലത്ത് Chancery എന്ന് എഴുതിതുടങ്ങി ഒടുവിൽ Signatura എന്ന് തെറ്റായി എഴുതിയിരിക്കുന്നു.

ഈ സൂചനകൾ എല്ലാം ഇതും ഒരു വ്യാജരേഖയാണ് എന്ന സംശയം ബലപ്പെടുത്തുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. “അവൻ നുണയനും നുണയന്റെ പിതാവുമാണ്”. അവന്റെ മക്കൾ കാണിച്ച് കൂട്ടുന്നത് എന്താണെന്ന് അവർക്ക് തന്നെ അറിഞ്ഞുകൂടാ.

സഭയുടെ തലവനോടുള്ള മറ്റൊരു ആക്രമണം ആണിത്. ഇത് സഭക്ക് നേരെയുള്ള അക്രമണമാണ്. ഈ കത്ത് വ്യാജമായി നിർമ്മിച്ചതാണോ എന്ന് അന്വേഷിക്കണം. ആണെങ്കിൽ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും പുറത്തു കൊണ്ടുവരണം.

സൈബർ പോലീസ്

vperumayan@gmail.com എന്ന ഇമെയിൽ വിലാസം പരിശോധിച്ചാൽ ഏപ്രിൽ 26-ന് അയച്ചതായി കാണുന്ന ഇമെയിൽ വത്തിക്കാനിൽ നിന്നയച്ചതാണോ, അതോ എറണാകുളത്ത് നിർമ്മിച്ചതാണോ എന്ന് അറിയുവാൻ സാധിക്കും. ബന്ധപ്പെട്ടവർ സത്യം പുറത്തു വരുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ വൈകരുത്. കാരണം, ഇത് കേവലം ഒരു വ്യക്തിക്ക്‌ എതിരായുള്ള ആക്രമണം അല്ല, മറിച്ച് സഭക്ക് നേരെയുള്ള ആക്രമണം ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments