“Supreme Court is final not because it is right, but it is right because it is final”
സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന വിധി ഇന്നലെ 17-03-2023-ന് സുപ്രീം കോടതി പ്രസ്താവിച്ചു. സഭയെ സ്നേഹിക്കുന്നവർക്ക് ആശ്വാസവും വലിയ പ്രതീക്ഷയും ഒരു പോലെ നൽകുന്ന വിധിയായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്.
ഈ വിധി സഭയെ സംബന്ധിച്ച് രണ്ടു വിധത്തിൽ പ്രസക്തമാണ്. ഒന്നാമതായി അത് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ് ആലഞ്ചേരി പിതാവ് കോടതിയിൽ വിചാരണ നേരിടണമോ എന്ന വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നു. രണ്ടാമതായി, ഭാരതസഭയുടെ ആരംഭം മുതൽ ഇന്നോളം ഈ രാജ്യത്തെ നിയമവ്യവസ്ഥ സഭക്ക് നൽകിയിരുന്ന നിയമപരമായ സ്ഥാനത്തിന് മാറ്റം ഉണ്ടാവുമോ എന്നുള്ള സന്ദേഹം. ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന വിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്.
“ഈ വിധി വായിച്ചു കഴിയുമ്പോൾ ഓർമ്മ വരിക ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദയാനന്ദ് ചന്ദ്രചൂഡിന്റെ “Supreme Court is final not because it is right, but it is right because it is final” എന്നുള്ള വാക്കുകളാണ്” എന്നാണ് ഒരു പ്രമുഖ നിയമവിദഗ്ധൻ പറഞ്ഞത്. “സുപ്രീംകോടതി വിധി അന്തിമവിധി ആയതുകൊണ്ട് അത് ശരിയാണ്” എന്നാണ് ജസ്റ്റീസ് ദയാനന്ദ് ചന്ദ്രചൂഡൻ്റെ പ്രസ്താവന. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ, എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസ് സംബന്ധിച്ച വ്യവഹാരങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെ ഇടപെടലുകളിലേ ”ശരിയുടെ” ആഴവും പരപ്പും സകലരും അറിയാനുള്ള മഹത്തായ അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ നടപ്പാകാൻ പോകുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് വിമത വൈദീകർ ഉന്നയിച്ച ആരോപണങ്ങളുടെ ചുവടുപിടിച്ചു സമർപ്പിക്കപ്പെട്ട സ്വകാര്യ അന്യായങ്ങളിൽ മാർ ജോർജ് ആലഞ്ചേരി, കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നേരിടണമെന്നണല്ലോ സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ഒരേ സമയം രാജ്യത്തെ ഒരു പൗരൻ എന്ന നിലയിലും ഒരു ക്രൈസ്തവ സഭയുടെ തലവൻ എന്ന നിലയിലും തന്നിൽ ഏൽപ്പിക്കപ്പെട്ടിക്കുന്ന ശുശ്രൂഷാ സ്ഥാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുവാൻ അവസാന പരിശ്രമവും നടത്തിയ ശ്രേഷ്ഠ പുരോഹിതൻ എന്ന നിലയിലായിരിക്കും മാർ ജോർജ് ആലഞ്ചേരിയെ ചരിത്രം അടയാളപ്പെടുത്തുവാൻ പോകുന്നത്.
പരാതിക്കാരൻ തനിക്കെതിരായി കോടതിയിൽ സമർപ്പിച്ച “ഫാ. ബെന്നി മാരാൻപറമ്പിൽ കമ്മീഷൻ റിപ്പോർട്ട്”-ൻ്റെ അടിസ്ഥാനത്തിൽ താനെടുത്ത തീരുമാനങ്ങളെല്ലാം കൂട്ടായ് തീരുമാനങ്ങളുടെ ഭാഗമാണ് എന്ന് തെളിയിക്കുവാനുള്ള എല്ലാ അവസരങ്ങളും ഉണ്ടായിരുന്നെങ്കിലും, തന്നിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ശുശ്രൂഷാ സ്ഥാനം ആവശ്യപ്പെടുന്ന ഗൗരവം ഉൾക്കൊണ്ടു രാജ്യത്തെ നിയമ സംവിധാനം അനുവദിക്കുന്ന വേദികളും അവസരങ്ങളും എല്ലാം ഉപയോഗപ്പെടുത്തിയതിനു ശേഷമാണ് മാർ ആലഞ്ചേരി പിതാവ് വിചാരണ നേരിടാൻ പോകുന്നത്.
ആലഞ്ചേരി പിതാവിനേ വഞ്ചിച്ചവരും ചതിച്ചവരുമായ സകല ”സഹായകമാരും” പൊതു സമൂഹത്തിൽ വെളിപ്പെടണം എന്ന നിഷ്ടയുള്ളതിനാൽ ആയിരിക്കണം അദ്ദേഹം ഈ കേസിൽ കോടതിയിൽ വിചാരണ നേരിടണം എന്ന് ദൈവിക ഇടപെടൽ സുപ്രീം കോടതി വിധിയിലൂടെ പുറത്തു വന്നിരിക്കുന്നത്. അതിരൂപതയുടെ മൂന്ന് ഏക്കർ ഭൂമി വിൽക്കുവാൻ കൂട്ടായി തീരുമാനിക്കുന്ന അവസരത്തിൽ കൂടെ നിന്ന സഹായ മെത്രാന്മാരുടെയും മുതിർന്ന വൈദീകരുടെയും പേരുകൾ ഇനിയും കോടതിയിലൂടെ പുറത്തുവരും. തങ്ങളുടെ മെത്രാപ്പോലീത്തായെ അപമാനിക്കാൻ മന:പൂർവ്വം കൂട്ട് നിന്നവരുടെ പേരുകൾ അങ്ങനെ സമൂഹത്തിൽ എക്കാലത്തേക്കും നിലനിൽക്കും; ഇതിനേ കാലത്തിന്റെ കാവ്യനീതിയെന്നോ ദൈവിക കോടതിയുടെ ഇടപെടലെന്നോ – എന്താണ് പറയുക ?
മജിസ്‌ട്രേറ്റ് കോടതിയിൽ നടത്തപ്പെടുന്ന വിചാരണയിൽ സ്വകാര്യ പരാതികൾ നൽകിയിരിക്കുന്ന ജോഷി വർഗീസ് തേലക്കാടൻ തന്റെ ആരോപണങ്ങൾ തെളിയിക്കുവാൻ സാക്ഷികളെ കൊണ്ടുവരേണ്ടതുണ്ട്. കോടതി കുറ്റാരോപിതർക്ക് സമ്മൻസ് അയച്ചത് ഫാ. ബെന്നി മാരാൻപറമ്പിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. തന്റെ നേതൃത്വത്തിൽ എഴുതപ്പെട്ട കമ്മീഷൻ റിപ്പോർട്ട് മെത്രാപ്പോലീത്തക്ക് 2018 ജനുവരി 4-ന് വൈദീക സമിതിയിൽ സമർപ്പിച്ചു എന്നുള്ള കള്ളസാക്ഷ്യം മുതൽ വ്യാജരേഖയുടെ നിർമ്മിതിയും, വ്യാജരേഖയുമായി പ്രഫസർ ഇഞ്ചിയോടി കമ്മീഷന്റെ മുൻപാകെ ഹാജരായതുൾപ്പെടെയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മാർ ജോർജ് ആലഞ്ചേരിക്ക് എതിരായി നടന്ന സമാനതകളില്ലാത്ത ഗൂഢാലോചനയും കോടതി നടപടികളിലൂടെ പുറത്തു വരും. ഇതിന് പുറമെ, കുറ്റാരോപിതരുടെ ആവശ്യപ്രകാരം സ്ഥലം വിൽക്കുവാൻ തീരുമാനിച്ച സമിതികളിലെ അംഗങ്ങളായ സഹായ മെത്രാന്മാരും വൈദീകരും പണം കൈപ്പറ്റിയ അക്കൗണ്ടന്റും എല്ലാം കോടതിയിൽ സത്യം വെളിപ്പെടുത്തുവാൻ നിർബന്ധിതരാവും. ചുരുക്കത്തിൽ ആലഞ്ചേരി പിതാവിൻ്റെ നിരപരാധിത്വം വെളിപ്പെടുവാനും ഗൂഢാലോചന നടത്തിയവരുടെ പേരുകൾ സമൂഹത്തിൽ വെളിപ്പെടുവാനും വിചാരണ സഹായകമാകും എന്നതിൽ യാതൊരു സംശയവുമില്ല.
അടിസ്ഥാനമില്ലാതെ ആരോപിക്കപ്പെടുന്ന കേസുകകളിൽ നിയമ വ്യവസ്ഥ കുറ്റാരോപിതന് നൽകുന്ന സംരക്ഷണങ്ങൾ ഒന്നും നൽകാതെയുള്ള വിധിയെന്നാണ് പല അഭിഭാഷകരും ഒരു പോലെ ഈ വിധിയേക്കുറിച്ച് പ്രതികരിച്ചത്. അതിരൂപതയുടെ ഭൂമി വിൽപ്പനയിൽ കുറ്റകരമായി യാതൊന്നും നടന്നിട്ടില്ല എന്നുള്ള പോലീസിന്റെ അന്വേഷണ റിപ്പോർട്ടും സുപ്രീംകോടതി ഈ കേസിൽ പരിഗണിച്ചിരുന്നു. പാപ്പച്ചൻ ആത്തപ്പള്ളി എന്നയാൾ ഇതേ വിഷയത്തിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കേസിലാണ് ഈ കോടതിയുടെ ഉത്തരവനുസരിച്ചു പോലീസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. “കോടതിക്ക് മുൻപിലുള്ള ഒരു കേസിൽ കുറ്റാരോപിതന് അനുകൂലമായും പ്രതികൂലമായും നിഗമനങ്ങൾ ഉണ്ടെങ്കിൽ, അനുകൂലമായതു കോടതി അംഗീകരിക്കണം” എന്നുള്ള അടിസ്ഥാന തത്വവും ഈ കേസിൽ കോടതി സ്വീകരിക്കാത്തത് ഒരുപക്ഷെ മുകളിൽ പറഞ്ഞ നിയതിയുടെ കാവ്യനീതിയുടെ പൂർത്തീകരണത്തിന് വേണ്ടിയാവാം.
പോലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന വിൽപ്പന നടത്തിയ സ്ഥലങ്ങളും, കാക്കനാട് കോടതി പരിഗണിക്കുന്ന കേസുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളും ഒന്ന് തന്നെയാണോ എന്ന സംശയമാണ് ഈ റിപ്പോർട്ട് പരിഗണിക്കാതെ ഒരു നിരപരാധിയെ വിചാരണക്ക് അയക്കാൻ രാജ്യത്തെ പരമോന്നത കോടതി കാരണമായി വിധിയിൽ പറഞ്ഞു വെക്കുന്നത്. വെറും സാങ്കേതിക കാരണങ്ങളുടെ പേരിലാണ് സുപ്രീം കോടതി ആലഞ്ചേരി പിതാവിൻ്റെ അപേക്ഷ തള്ളിയത്. ഇനി കോടതി മുറികളിൽ മുഴങ്ങാൻ പോകുന്നത് അദ്ദേഹത്തിൻ്റെ നിരപരാധിത്വവും അദ്ദേഹത്തേ “ഭൂമിക്കളളൻ” എന്ന് മുദ്രകുത്തിയ വഞ്ചകന്മാരുടെ തനിനിറവും ആയിരിക്കം.
മാരാൻപറമ്പിൽ കമ്മീഷനിൽ അംഗങ്ങൾ ആയിരുന്നവരും സാക്ഷികൾ ആയി കോടതിയിൽ എത്തുമ്പോൾ അതിരൂപതക്ക് ഉണ്ടായതെന്നു പെരുപ്പിച്ചു കാണിച്ച “ഭീമമായ നഷ്ടത്തുക”യെക്കുറിച്ചും വിശദീകരണം നൽകണം. നിരപരാധിയെന്നു തങ്ങൾക്ക് നൂറു ശതമാനവും ഉറപ്പുള്ള തങ്ങളുടെ മേലധ്യക്ഷനെ കോടതിയിൽ വിചാരണക്ക് കയറ്റിയ എറണാകുളം അങ്കമാലിയിലെ ദുഷിച്ച പുരോഹിതന്മാർ എല്ലാം ഇനി വിചാരണക്കോടതിയിലെ നീതിപീഠത്തിന് മുന്നിൽ സത്യം പറയാൻ ബാധ്യസ്ഥരാകും.
സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾക്ക് ഈ വിധിയിൽ ആശ്വസിക്കാനുള്ള മറ്റൊരുകാര്യംകൂടിയുണ്ട്. സഭ ഒരു ട്രസ്റ്റ് ആണെന്നും സഭയുടെ ആസ്തികൾ ട്രസ്റ്റിന്റെ ആസ്ഥികൾ എന്നപോലെ കൈകാര്യം ചെയ്യണമെന്നുമുള്ള കേരള ഹൈക്കോടതിയുടെ വിധിയേ സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്തി എന്നതാണ്. സീറോ മലബാർ സഭയെ ഒരു ട്രസ്റ്റ് എന്ന നിലയിലാണ് ഭരിക്കപ്പെടേണ്ടത്, വിൽപ്പന നടത്തിയ ഭൂമി പുറമ്പോക്കു ഭൂമിയാണോയെന്നു സർക്കാർ പരിശോധിക്കണം, ഇതെല്ലാം സിബിഐ അന്വേഷിക്കണം എന്നിങ്ങനെ ഏതാനും അനുബന്ധ വിധികളും കേരളാ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമായിരുന്ന ഈ വിധിക്കെതിരെ താമരശ്ശേരി, ബത്തേരി രൂപതകൾ കക്ഷി ചേർന്നതുമൂലം ഹൈക്കൊടതി വിധിയിലെ ഈ പരാമർശങ്ങങ്ങളെല്ലാം സുപ്രീം കോടതി റദ്ദാക്കി. കേരള ഹൈക്കോടതി “ലക്ഷ്മണരേഖ മറികടന്നു” എന്നാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതി നിരീക്ഷച്ചത്.
കത്തോലിക്കാ സഭക്കും, വിശിഷ്യാ സീറോ മലബാർ സഭക്കും, ഇന്ത്യയിലുടനീളം “വിശ്വാസികളുടെ കൂട്ടായ്മ” (Association of faithful ) എന്ന നൈയാമിക സ്ഥിതിയിൽ (legal entity) പ്രവർത്തിക്കുവാൻ തുടർന്നും സാധിക്കും. ഈ കാര്യത്തിൽ കേരള ഹൈക്കോടതിയുടെയും ബോംബെ ഹൈക്കോടതിയുടെയും വിധികൾ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്.
ചുരുക്കത്തിൽ, ആലഞ്ചേരി പിതാവിനെതിരേ സംഘടിച്ച എറണാകുളത്തെ ദൈവഭയം നഷ്ടമായ ഒരു സംഘം പുരോഹിത വേഷധാരികളുടെ തനിനിറം ലോകം തിരിച്ചറിയാൻ അവസരം ഒരുങ്ങുന്നു; കൂടാതെ മാർ ആലഞ്ചേരി പിതാവിൻ്റെ സഹനത്തിലൂടെ ഭാരതത്തിലെ കത്തോലിക്കാ സഭക്ക് മുഴുവനും തങ്ങളുടെ തനതു നിയമം അനുസരിച്ചു പ്രവർത്തിക്കുവാനുള്ള നിയമപരമായ അവകാശവും ലഭിച്ചിരിക്കുകയാണ്.
“ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
അവന്റെ മുന്‍പില്‍ ഒരു സൃഷ്‌ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്”
(ഹെബ്രായര്‍ 4 : 12-13)