Thursday, May 30, 2024
No menu items!
Homeഭൂമി വിവാദംലിസി ഹോസ്പിറ്റലിൻ്റെ സ്ഥലമിടപാട് എന്തുകൊണ്ട് കമ്മീഷൻ അന്വേഷിച്ചില്ല ?

ലിസി ഹോസ്പിറ്റലിൻ്റെ സ്ഥലമിടപാട് എന്തുകൊണ്ട് കമ്മീഷൻ അന്വേഷിച്ചില്ല ?


എറണാകുളം -അങ്കമാലി അതിരൂപതയുടെ പ്രൊക്യൂറേറ്ററും ഫിനാന്‍സ് ഓഫീസറുമായിരുന്ന ഫാ ജോഷി പുതുവ, മരാംപറമ്പില്‍ കമ്മീഷന് എഴുതിയ രണ്ടാമത്തെ കത്ത്, ഭൂമിവിവാദത്തിലെ കാണാപ്പുറങ്ങള്‍ അന്വേഷിക്കുന്ന സത്യാന്വേഷികളെ ഏറെ അമ്പരപ്പിക്കുന്ന ഒന്നണ്. ഭൂമിയിടപാട് വിഷയത്തിലെ നീതിനിഷേധത്തെക്കുറിച്ചും അതിന്‍റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും ഈ കത്ത് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ഇതിനെല്ലാമുപരി ഇതുവരെയും ആരും എവിടെയും ചര്‍ച്ചചെയ്യാത്ത മറ്റൊരു ഗുരുതരമായ ക്രമക്കേടിനെക്കുറിച്ചും, അതിരൂപതയിൽ നടമാടിയിരുന്ന ഞെട്ടിപ്പിക്കുന്ന സമാന്തര ഭരണത്തെക്കുറിച്ചും, ഫാ ജോഷി പുതുവയുടെ കത്ത് വിരൽ ചൂണ്ടുന്നു. അതിരൂപതയുടെ സ്വന്തം സ്ഥാപനമായ ലിസി ആശുപത്രിക്ക് വേണ്ടി സ്ഥലം വാങ്ങിയത് ആരുടെ താൽപര്യത്തിലായിരുന്നു എന്നും ഇതിൻ്റെ പേരിലുള്ള ആരോപണങ്ങൾ എന്തുകൊണ്ട് കമ്മീഷൻ അന്വേഷിച്ചില്ല എന്ന ചോദ്യവും ഇവിടെ ഉയരുന്നു.

നീതിമാനെ കുറ്റക്കാരനായി വിധിച്ച് ഒറ്റപ്പെടുത്താന്‍ തയാറായി നില്‍ക്കുന്നവരുടെ പൊയ്മുഖങ്ങള്‍ ഓരോന്നായി അഴിഞ്ഞുവീഴുന്നത് ഫാ ജോഷിയുടെ കത്തിൽ കാണാം. ഇതിനൊക്കെ കൂട്ടുനിന്നവര്‍ നീതിമാനായ ദൈവത്തെ അഭിമുഖീകരിക്കുന്നത് എത്രയോ ഭയാനകമായിരിക്കും എന്നോര്‍ത്ത് ദൈവവിശ്വാസമുള്ളവര്‍ ഞെട്ടിപ്പോകും. സദുദ്ദേശ്യത്തോടെ, നിയമവിധേയമായി, കൂട്ടുത്തരവാദിത്വത്തോടെ അതിരൂപതയിലെ ആലോചനാസമിതി നടത്തിയ പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ ഗൂഡാലോചനയും വിശ്വാസവഞ്ചനയുമായി വളച്ചൊടിച്ച് ഒടുവിൽ സഭയുടെ തലവനെ സ്ഥാനഭ്യഷ്ടനാക്കി ജയിലടയ്ക്കാന്‍ ഒരുപറ്റം ഉപജാപസംഘം പദ്ധതികള്‍ തയ്യാറാക്കുന്നതിൻ്റെ സാക്ഷിപത്രമാണ് ഈ കത്ത്. ഈ യാഥാർത്ഥ്യം തിരിച്ചറിയുമ്പോൾ, ഈശോമശിഹായേയും അവിടുത്തെ ശരീരമായ സഭയെയും സ്നേഹിക്കുന്നവര്‍ക്ക് നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല. വ്യക്തിവിദ്വേഷവും അധികാരഭ്രാന്തും ചിലരെ എത്രമേല്‍ പൈശാചികമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിനെ കോടതിയിലേക്കെത്തിച്ചവരുടെ പിന്നാമ്പുറ കഥകൾ വിളിച്ചു പറയുന്നത്.

ഫാ ജോഷി പുതുവ ഒപ്പുവച്ച് മാരാംപറമ്പിൽ കമ്മീഷന് അയച്ചിരിക്കുന്നത് രണ്ട് കത്തുകളാണ്. ഈ രണ്ടു കത്തുകളുടെയും ഇംഗ്ലീഷിലുള്ള അസ്സൽ പകർപ്പ് കഴിഞ്ഞ ലക്കത്തോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ 29/12/2017 എന്ന തീയ്യതി വച്ച് അദ്ദേഹം ഒപ്പിട്ട് നൽകിയിരിക്കുന്ന രണ്ടാമത്തെ കത്തിലെ നാലാം ഖണ്ഡികയില്‍ രേഖപ്പെടുത്തിയിരിക്കുന്നതിന്‍റെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷയാണ് ചുവടെ കൊടുക്കുന്നത്:

4. “ഇടക്കാല റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന, മെത്രാപ്പോലീത്തയ്ക്ക് എതിരായുള്ള മര്യാദയില്ലാത്ത വാക്കുകളും ഒളിഞ്ഞുള്ള ആരോപണങ്ങളും ഇത് കെട്ടിച്ചമച്ചതും ആരോ പറഞ്ഞ് എഴുതിച്ചതുമാണെന്ന് തോന്നിപ്പിക്കുന്നു. ഇടക്കാല റിപ്പോര്‍ട്ട് ‘കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സ്’ പരിധി ലംഘിക്കുന്നുണ്ട്. വസ്തു വില്‍ക്കുവാന്‍ ഏതെങ്കിലും ഒരു പ്രത്യേക രീതി മെത്രാപ്പോലീത്താ എന്നോടു നിര്‍ദ്ദേശിച്ചിട്ടില്ല. വില്‍പ്പന നടത്തുന്നതില്‍ എന്‍റെ ഭാഗത്തുതനിന്ന് വീഴ്ചകള്‍ പറ്റിയിട്ടുണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു. വില്‍പ്പനകള്‍ ഒന്നും രഹസ്യമായി അല്ല നടത്തിയത്. വില്‍പ്പനക്കാര്യങ്ങളില്‍ ഞാനാണ് പ്രഥമ ഉത്തരവാദിയെങ്കിലും സഹവികാരി ജനറാള്‍ ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടനും അസിസ്റ്റന്‍റ് പ്രൊക്യൂറേറ്റര്‍ ഫാ വര്‍ഗീസ് പാലാട്ടിയുമായും നിരന്തരമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിരൂപതയുടെ നന്മമാത്രം മുന്‍നിര്‍ത്തിയാണ് ഒരു വ്യക്തിയിലൂടെ അഞ്ച് സ്ഥലങ്ങള്‍ ശരാശരി 9.05 ലക്ഷം രൂപവച്ച് വില്‍പ്പന നടത്തിയത്. ഇതിന് സഹായമത്രാന്‍ ഒപ്പിട്ട കത്ത് ഈ കാര്യത്തില്‍ കൂരിയയ്ക്കുള്ള അറിവ് വ്യക്തമാക്കുന്നു. വില്‍പ്പനയ്ക്കുള്ള ആധാരങ്ങള്‍ തയ്യാറാക്കി സാജു വര്‍ഗീസ് എനിക്ക് കൈമാറിയത് രാത്രി വൈകിയാണ്. അതിന്‍റെ രജിസ്ട്രേഷന്‍ പെട്ടെന്നു നടത്തേണ്ടതുകൊണ്ട് ഞാന്‍ ആ ആധാരങ്ങളില്‍ മെത്രാപ്പോലീത്തായുടെ ഒപ്പ് വാങ്ങിയെടുത്തു. സാജു വര്‍ഗീസ് എന്നെ ഏല്‍പ്പിച്ച ആധാരങ്ങള്‍ മുഴുവനും അപ്പോള്‍ തന്നെ വായിച്ചു നോക്കുക എന്നത് സമയപരിമിധിമൂലം പ്രായോഗികമല്ലായിരുന്നു. അതിനാല്‍ മെത്രാപ്പോലീത്തായുടെ ഒപ്പ് വാങ്ങുന്നതിന് മുമ്പ് ഞാന്‍ വായിച്ചിരുന്നില്ല. അത് ശരിയായ ഒരു ഒഴികഴിവ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പ്രൊക്യൂറേറ്റര്‍ എന്ന നിലയില്‍ എന്നിലുള്ള വിശ്വാസത്താൽ എല്ലാ ആധാരങ്ങളും മുഴുവനായി മെത്രാപ്പോലീത്താ വായിക്കുമെന്ന് പറയാനാകില്ല. അതിരൂപതയുടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്‍റെ ചുമതല പ്രൊക്യൂറേറ്ററുടെ മാത്രം ഉത്തരവാദിത്വമായിരുന്നതിനാല്‍ അങ്ങനെയുള്ള വരവുകള്‍ മെത്രാന്‍മാര്‍ ഉള്‍പ്പെടെ ആരേയും അറിയിച്ചിരുന്നില്ല. അതിരൂപതയില്‍ അങ്ങനെ ഒരു കീഴ്വഴക്കവും ഇല്ലായിരുന്നു. അതിനാല്‍ വില്‍പ്പന നടത്തിയ വസ്തുക്കളുടെ വിലയെല്ലാം അതിരൂപതയുടെ അക്കൗണ്ടില്‍ വരുന്നുണ്ടെന്ന് മെത്രാപ്പോലീത്താ ധരിച്ചിരുന്നു”.

ഭൂമിയിടപാടില്‍ വാസ്തവമായി എന്താണ് സംഭവിച്ചത് എന്ന് ഫാദര്‍ പുതുവയുടെ കത്തിലെ ഈ ഖണ്ഡിക വ്യക്തമാക്കുന്നു. തന്‍റെ ഭാഗത്തു സംഭവിച്ച വീഴ്ച തുറന്നു സമ്മതിക്കുന്നതോടൊപ്പം, തന്നെ വിശ്വസിച്ച് ഈ ആധാരങ്ങളില്‍ ഒപ്പുവച്ച മെത്രാപ്പോലീത്തായുടെ ഈ വിഷയത്തിലുള്ള ഉദ്ദേശശുദ്ധി വെളിവാക്കുന്നതുമാണ് ഈ കത്തിലെ പരാമര്‍ശങ്ങള്‍.

രൂപതയുടെ സാമ്പത്തികവിഭാഗം തലവന്‍ അഥവാ പ്രൊക്യൂറേറ്റര്‍ പദവിയില്‍ ഇരിക്കുന്ന ഫാ ജോഷി പുതുവായുടെ കത്തിലെ പ്രധാന പോയിൻ്റുകൾ നോക്കുക:

1. മെത്രാപ്പോലീത്തയ്ക്കെതിരേ മര്യാദയില്ലാത്ത വാക്കുകളാണ് ഇടക്കാല റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്.
2. ഇടക്കാല റിപ്പോര്‍ട്ട്, കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സ് പരിധി ലംഘിക്കുന്നു.
3. വസ്തു വില്‍ക്കുവാന്‍ ഏതെങ്കിലും ഒരു പ്രത്യേക രീതി മെത്രാപ്പോലീത്താ നിര്‍ദ്ദേശിച്ചിരുന്നില്ല.
4. തന്‍റെ ഭാഗത്തുള്ള വീഴ്ചകള്‍ ഫാ പുതാവാ സമ്മതിക്കുന്നുണ്ട്.
5. വില്‍പ്പനകള്‍ ഒന്നും രഹസ്യമായി നടന്നതല്ല. സഹവികാരി ജനറാള്‍ ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടനും അസിസ്റ്റന്‍റ് പ്രൊക്യൂറേറ്റര്‍ ഫാ വര്‍ഗീസ് പാലാട്ടിയുമായും നിരന്തരമായ ചര്‍ച്ചകള്‍ നടന്നിരുന്നു.
6. അതിരൂപതയുടെ നന്മ മാത്രമായിരുന്നു ലക്ഷ്യം
7. സഹായമത്രാന്‍ ഒപ്പിട്ട കത്ത് ഭൂമിയിടപാട് വിഷയത്തിൽ കൂരിയയ്ക്കുള്ള അറിവ് വ്യക്തമാക്കുന്നു.
8. സാജു വര്‍ഗീസ് എന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർ ഫാ. ജേഷിയെ ഏല്‍പ്പിച്ച ആധാരങ്ങള്‍ മുഴുവനും അപ്പോള്‍ തന്നെ വായിച്ചു നോക്കുക എന്നത് സമയപരിമിധിമൂലം പ്രായോഗികമായിരുന്നില്ല, അതിനാൽ മെത്രാപ്പോലീത്തായുടെ ഒപ്പ് വാങ്ങുന്നതിന് മുമ്പ് ഫാ.ജോഷി അത് വായിച്ചിരുന്നില്ല.
9. പ്രൊക്യൂറേറ്ററിലുള്ള വിശ്വാസത്താല്‍ എല്ലാ ആധാരങ്ങളും മുഴുവനായി മെത്രാപ്പോലീത്താ വായിച്ചില്ല.
10. പണത്തിന്‍റെ ചുമതല പ്രൊക്യൂറേറ്ററുടെ മാത്രം ഉത്തരവാദിത്വമായിരുന്നതിനാല്‍ വരവുകള്‍ മെത്രാന്‍മാര്‍ ഉള്‍പ്പെടെ ആരേയും അറിയിച്ചിരുന്നില്ല.
11. വില്‍പ്പന നടത്തിയ വസ്തുക്കളുടെ വിലയെല്ലാം അതിരൂപതയുടെ അക്കൗണ്ടില്‍ വരുന്നുണ്ടെന്ന് മെത്രാപ്പോലീത്താ ധരിച്ചിരുന്നു.

ആധാരം ചെയ്തു കൊടുക്കുന്നതിനു മുമ്പ് പണം കിട്ടണമെന്ന നിയമപരമായ ഒരു നാട്ടുനടപ്പാണ്. എന്നാൽ ഈ ഇടപാടിൽ അതുണ്ടായില്ല. അതിന് പ്രോക്യുറേറ്റർ മാത്രമാണ് ഉത്തരവാദി. കൂടാതെ ഈ കാര്യങ്ങൾ സഹവികാരി ജനറാള്‍ ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടനും അസിസ്റ്റന്‍റ് പ്രൊക്യൂറേറ്റര്‍ ഫാ വര്‍ഗീസ് പാലാട്ടിയുമായും ചര്‍ച്ചകള്‍ ചെയ്തിട്ടുമുണ്ടാകം.

പ്രൊക്യൂറേറ്റർ ചുമതലയിൽ ഇരിക്കുന്ന സഹവൈദികനിലുള്ള വിശ്വാസത്താല്‍, അക്കൗണ്ടില്‍ പണം എത്തിച്ചേരുന്നുണ്ട് എന്ന ബോധ്യത്തില്‍ മെത്രാപ്പോലീത്താ ആധാരത്തില്‍ ഒപ്പുവച്ചു. ഇതിൽ എന്ത് ഗൂഢാലോചനയാണുള്ളത് ?

ഫാ ജോഷിയുടെ മറ്റൊരു വെളിപ്പെടുത്തല്‍കൂടി അദ്ദേഹത്തിന്‍റെ കത്തില്‍ നിന്നും കണ്ടെടുക്കാന്‍ കഴിയും. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ കത്തിലെ അഞ്ചാം ഖണ്ഡികയില്‍ പ്രതിപാദിക്കുന്ന ഈ അതീവഗുരുതരമായ വിഷയം നോക്കുക:

5. “M/s ലിസി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിനുവേണ്ടി 5 ഏക്കര്‍ സ്ഥലം വാങ്ങിയതില്‍ ഗുരുതരമായ ക്രമക്കേട് നടന്നിരുന്നു. രണ്ട് ഏക്കര്‍ നെല്‍വയല്‍ ഉള്‍പ്പെടുന്ന ഈ സ്ഥലം വാങ്ങുന്നതിനുള്ള അംഗീകാരം ഇപ്പോഴത്തെ അതിരൂപതയുടെ ചാന്‍സിലര്‍ മെത്രാപ്പോലീത്തായെ കബളിപ്പിച്ചാണ് നേടിയത്. കൂരിയായില്‍ തീരുമാനമെടുത്തു എന്നതുപോലെ ഈ കാര്യം മെത്രാപ്പോലീത്തായെ ധരിപ്പിച്ചു. ഇതു മനസ്സിലാക്കിയപ്പോള്‍ മെത്രാപ്പോലീത്താ ആ ക്രമക്കേടിനെ അതീവഗുരുതരമായി കണ്ട് ശാസിച്ചിരുന്നു. ഈ ഇടപാടിന് വികാരി ജനറലിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്ത് ലക്ഷം രൂപ 14/11/2015ല്‍ അതിരൂപത ഈ വസ്തുവിന്‍റെ ഉടമയ്ക്ക് അഡ്വാന്‍സ് ആയി നല്‍കിയിരുന്നു. ഈ സ്ഥലം സന്ദര്‍ശിക്കുവാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഞാനും സഹവികാരി ജനറലും കൂടി സ്ഥലം സന്ദര്‍ശിച്ച് ഇത് ഗുണകരമല്ലെന്നു കണ്ട് വാങ്ങല്‍ ഒഴിവാക്കി. അതിരൂപത ഒഴിവാക്കിയെങ്കിലും ഈ സ്ഥലം ലിസി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് അതിന്‍റെ ഭരണസമിതിയുടെ അംഗീകാരമില്ലാതെ വാങ്ങിച്ചു. വികാരി ജനറലിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 50 കോടി രൂപയ്ക്കാണ് ഈ വസ്തു വാങ്ങിയത്. ട്രസ്റ്റിന്‍റെ പേരില്‍ ആധാരം എഴുതി നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് അതിരൂപത അഡ്വാന്‍സ് ആയി നല്‍കിയ തുക 25/8/2107ല്‍ തരികെ ലഭിച്ചത്. 1/4/2015നും 30/11/2017നും ഇടയില്‍ നടന്നതായി ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നതിലും വലിയ ക്രമക്കേടാണിത്. ഈ കാര്യത്തില്‍ പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അഭിഭാഷകനും ഉള്‍പ്പെട്ടിട്ടുണ്ട്. വികാരി ജനറല്‍ എന്‍റെ സാന്നിധ്യത്തില്‍ ഈ അഭിഭാഷകനോട് 15 ദിവസത്തിനകം ഈ സ്ഥലം രജിസ്ട്രേഷന്‍ നടത്തുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആ അഭിഭാഷകന്‍ ഈ സ്ഥലം വാങ്ങുന്നതിന് എതിരായി ഉപദേശം നല്‍കിയിരുന്നു. ഈ സ്ഥലം വാങ്ങാനുള്ള തീരുമാനവും അഡ്വാന്‍സായി പത്ത് ലക്ഷം രൂപ അതിരൂപതയില്‍നിന്നും നല്‍കിയതും ലിസ്സി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍റെ പേരില്‍ സ്ഥലം വാങ്ങിയതും അതിനാല്‍തന്നെ എറണാകുളം അങ്കമാലി അതിരൂപതയിലെ 1/4/2015നും 30/11/2017ന് ഇടയില്‍ നടന്നതിനാലും ടേംസ് ഓഫ് റഫറന്‍സ് അനുസരിച്ച് ഈ വിഷയം കമ്മീന്‍ പരിശോധിക്കേണ്ടതാണ്”.

ഈ ഖണ്ഡികയിലെ പ്രധാന പരാമർശങ്ങൾ നോക്കുക.

1. മരാമ്പറമ്പില്‍ കമ്മീഷന്‍റെ അന്വേഷണപരിധിയില്‍ ഉണ്ടാകേണ്ടിയിരുന്ന ഒരു ഇടപാടായിരുന്നു ലിസി ഹോസ്പിറ്റലിന്‍റെ പേരില്‍ വാങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദവും.
2. എറണാകുളം അങ്കമാലി അതിരൂപതയില്‍ 1/4/2015നും 30/11/2017ന് ഇടയില്‍ നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കുക എന്നതായിരുന്നു കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെട്ടിരുന്നത്. അതനുസരിച്ച് ഈ വിഷയം കമ്മീഷന്‍ പരിശോധിക്കേണ്ടതായിരുന്നു.
3. അന്ന് അതിരൂപതയുടെ ചാന്‍സലറായിരുന്ന വൈദികന്‍ ഈ സ്ഥലം വാങ്ങുന്നതിനുള്ള അംഗീകാരം നേടിയത്, കൂരിയയില്‍ തീരുമാനമെടുത്തു എന്ന് മെത്രാപ്പോലീത്തായെ വിശ്വസിപ്പിച്ചായിരുന്നു. പത്ത് ലക്ഷം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു.
4. ക്രമക്കേട് കണ്ടയുടന്‍ മെത്രാപ്പോലീത്താ ചാന്‍സലറെ ശാസിച്ചിരുന്നു.
5. അതിരൂപത വേണ്ടെന്നു വച്ചുവെങ്കിലും ഈ സ്ഥലം ലിസി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഭരണ സമിതിയുടെ അംഗീകാരം പോലും ഇല്ലാതെ വാങ്ങിച്ചു.
6. വികാരി ജനറലിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 50 കോടി രൂപയ്ക്കാണ് ഈ വസ്തു വാങ്ങിയത്.
7. ലിസി ഹോസ്പിറ്റലിന്‍റെ പേരില്‍ ഈ സ്ഥലത്തിന്‍റെ ആധാരം എഴുതിയശേഷമാണ് അതിരൂപത അഡ്വാന്‍സായി നല്‍കിയ പത്തു ലക്ഷം രൂപ തിരികെ ലഭിക്കുന്നത്.
8. ഗുരുതരമായ ഈ ക്രമക്കേടിനെക്കുറിച്ച് പുറത്താരും അറിഞ്ഞില്ല.

ഇവിടെ ഉയരുന്ന ന്യായമായ ചോദ്യങ്ങൾ:

*മാരാംപറമ്പില്‍ കമ്മീഷന്‍ എന്തുകൊണ്ട് ഈ ഇടപാട് അന്വേഷിക്കാതെ വിഴുങ്ങി? *ലിസി ആശുപത്രി വാങ്ങിയിരിക്കുന്ന നെൽവയലിൻ്റെ ഉപയോഗം എന്താണ് ? *ആരുടെ താൽപര്യമായിരുന്നു ഇതിൻ്റെ ഇടപാടുകൾ ? *ഈ ഇടപാട് നടക്കുന്ന സമയത്തായിരുന്നു ലിറ്റിൽ ഫ്ളവർ ആശുപത്രിക്ക് 23 ഏക്കർ സ്ഥലം വാങ്ങുന്നതിനുള്ള ബാങ്ക് ലോൺ പലിശ വർദ്ധിച്ചു കൊണ്ടിരുന്നത്. ഇത് ഒഴിവാക്കാൻ അതിരൂപത 5 ഇടങ്ങളിലെ സ്ഥലം വിൽക്കാൻ തയ്യാറായപ്പോൾ എന്തുകൊണ്ട് ലിസി ആശുപത്രി ഈ സ്ഥലങ്ങൾ വാങ്ങി അതിരൂപതയുടെ സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ നിന്നില്ല? *50 കോടി രൂപയുടെ ഭൂമി വാങ്ങുവാൻ അതിരൂപതയുടെ ഭരണാസമിതികൾ വേണ്ട വിധം കൂടിയാലോചനകൾ നടത്തിയിരുന്നോ ?

മെത്രാപ്പോലീത്ത അറിയാതെ ഒരു സമാന്തര ഭരണം അതിരൂപതയിൽ നടന്നിരുന്നു എന്നാണ് ലിസി ആശുപത്രിയുടെ പേരിലുള്ള ഈ ഇടപാട് വെളിപ്പെടുത്തുന്നത്. ഈ സമാന്തര ഭരണത്തിന് മെത്രാപ്പോലീത്താ അറുതി വരുത്തിയതല്ലേ അദ്ദേഹത്തിനെതിരേയുള്ള ആക്രമണത്തിന് പിന്നിൽ ?

ഗുരുതരമായ ആരോപണം നേരിടുന്ന ലിസി ആശുപത്രിയിലെ സ്ഥലം ഇടപാടുകൾ അന്വേഷിക്കാൻ അതിരൂപത തയ്യാറാകണമെന്നാണ് അതിരൂപതയിലെ ഒരു പ്രമുഖ വൈദികൻ പറഞ്ഞത്.

അതിരൂപതയുടെ സ്വന്തം സ്ഥാപനമായ ലിസി ആശുപത്രി, ആരുടെയും അനുമതി കൂടാതെ ഉപയോഗശൂന്യമായ ഭൂമി വാങ്ങിയത് ഗുരുതരമായ കൃത്യവിലോപമായിരുന്നില്ലേ? ഈ കാലയളവില്‍ അതിരൂപതയില്‍ അമ്പതുകോടി രൂപ ഉണ്ടായിരുന്നപ്പോളാണല്ലോ അങ്കമാലി ആശുപത്രിയെ മെഡിക്കല്‍ കോളജ് ആക്കുവാന്‍ വേണ്ടി 60 കോടി രൂപ ലോണെടുക്കുന്നത്. ഈ ലോണിന്‍റെ തിരിച്ചടവിനായിരുന്നുവല്ലോ പ്രമാദമായ ഭൂമിയിടപാടിന് അതിരൂപത അംഗീകാരം നല്‍കിയത്. അങ്ങനെയെങ്കില്‍ അതിരൂപതയില്‍ ഈ പണം ഉണ്ടായിരിക്കെ, എന്തുകൊണ്ടാണ് ലോണെടുക്കുന്നതിനും പിന്നീട് അതിന്‍റെ തിരിച്ചടവിനായി ഭൂമി വില്‍പ്പനയും നടത്തിയത്? ആരാണ് ഈ ഇടപാടിനു പിന്നിൽ ? ആരാണ് ഈ പണം കൈകാര്യം ചെയ്തത്? ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് അതിരൂപതയിൽ ഒരു സമാന്തര ഭരണം നിലനിന്നിരുന്നു എന്നല്ലേ ?

അതിരൂപതയുടെ വസ്തുവകകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ ആലോചനാ സമിതി ഫിനാന്‍സ് കൗണ്‍സില്‍ എന്നീ സമിതികളുമായി കൂടിയാലോചിക്കണമെന്നും അതിരൂപതുയുടെ ആത്മീയ ശുശ്രൂഷകളില്‍ രൂപതാധ്യക്ഷനെ സഹായിക്കാനാണ് വൈദികസമിതിയെന്നും അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഫിനാന്‍സ് കൗണ്‍സിലിലാണ് എന്നുമാണ് ഫാ. ജോഷി പുതുവ എഴുതിയ കത്തിലുള്ളത്.. എന്നിട്ടും വൈദികസമിതിയാണ് ഭൂമിയിടപാട് കൈകാര്യം ചെയ്യാന്‍ മുമ്പോട്ടു വരുന്നതും കമ്മീഷനെ വയ്ക്കുന്നതും. ഇത് പൗരസ്ത്യ കാനോന്‍ നിയമനുസരിച്ച് നിയമലംഘനമായിരുന്നില്ലേ?

തൻ്റെ കത്തിൽ ഫാ. ജോഷി പുതുവ എഴുതിയ മറ്റൊരു കാര്യം ശ്രദ്ധിക്കുക:

“ഇടക്കാല റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള രേഖകളുടെ വിശദാംശങ്ങള്‍ പഠിക്കുവാനും ഇവയുടെ ഉള്ളടക്കവും ഉദ്ദേശ്യവും മനസ്സിലാക്കുവാനുമുള്ള സമയം എനിക്ക് തന്നിട്ടില്ല.
ഒരിക്കല്‍ കൂടി എനിക്ക് 8/1/2018 വരെ സമയം നല്‍കണമെന്ന് അപേക്ഷിക്കുന്നു”
കമ്മീഷൻ കാലാവധി തീരാൻ 4 ആഴ്ച കൂടി ഉണ്ടായിരിക്കെ, ഫാ.ജോഷിക്ക് വേണ്ട സമയം നൽകാതെ എന്തുകൊണ്ടാണ് ഇത്ര തിടുക്കപ്പെട്ട് റിപ്പോർട്ട് പൂർത്തികരിച്ചതും അവതരിപ്പിക്കാൻ ശ്രമിച്ചതും ? ഫാ ജോഷി പുതുവായ്ക്ക് വേണ്ടവിധം സമയം ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം എല്ലാ കള്ളക്കളികളും കണ്ടെത്തും എന്ന് കമ്മീഷൻ ഭയപ്പെട്ടിരുന്നോ ?

50 കോടി രൂപ അതിരൂപതയിൽ ഉണ്ടായിരിക്കെ, മറ്റൂരിൽ ഭൂമി വാങ്ങാൻ 60 കോടി രൂപ ബാങ്കിൽ നിന്നു ലോൺ എടുക്കുന്ന കാര്യം ചർച്ച ചെയ്തപ്പോൾ, എന്തുകൊണ്ട് വികാരി ജനറലും ചാൻസലറും ഈ പണത്തിന്റെ ലഭ്യത ആലോചന സമിതിയുടെയും ഫിനാൻസ് കൗൺസിലിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നില്ല? നെൽവയൽ ഉൾപ്പെടുന്ന പാഴ്നിലം എന്ത് ആവശ്യത്തിനാണ് വാങ്ങിയത്? അതിരൂപതയുടെ ലോൺ തിരിച്ചടക്കുന്നതിനു അഞ്ചു പ്ലോട്ടുകൾ വിൽക്കാം എന്ന് ഭരണസമിതികൾ തീരുമാനിച്ചപ്പോൾ എങ്കിലും ഈ മീറ്റിംഗുകളിൽ പങ്കെടുത്ത വികാരി ജനറലിനു ഈ 50 കോടിയുടെ ലഭ്യത വെളിപ്പെടുത്താമായിരുന്നില്ലേ? അങ്ങനെയെങ്കിൽ ഈ അഞ്ചു സ്ഥലങ്ങൾ വിൽക്കുന്നത് ഒഴിവാക്കാമായിരുന്നില്ലേ? പ്രോക്യൂറേറ്റർ രേഖമൂലം എഴുതി അറിയിച്ചിട്ടും എന്തുകൊണ്ട് മാരാംപറമ്പിൽ കമ്മീഷൻ ഈ വലിയ അഴിമതി അന്വേഷിച്ചില്ല?

കമ്മീഷനിലെ ഓരോ അംഗവും ഇതിനു മറുപടി പറഞ്ഞേ മതിയാവൂ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments