Saturday, July 27, 2024
No menu items!
Homeഭൂമി വിവാദംഭൂമി വിവാദം: എറണാകുളം വിമതന്മാർ എന്ത് നേടി ?

ഭൂമി വിവാദം: എറണാകുളം വിമതന്മാർ എന്ത് നേടി ?

അതിരൂപതയുടെ ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചു കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ജോഷി വർഗീസ് തേലക്കാടൻ നൽകിയ ഏഴാമത്തെ സ്വകാര്യ അന്യായത്തിലും സഭാതലവനെതിരേ സമൻസ് അയക്കുവാൻ കോടതി തീരുമാനിച്ചിട്ടും വിമത ക്യാമ്പിൽ യാതൊരു ആഘോഷവും ഉണ്ടായില്ല! ഭൂമി ഇടപാടിൻ്റെ പേരിൽ ഉറഞ്ഞുതുളളിയ വിമതന്മാർക്ക് എന്തുപറ്റി ?

“കർദിനാൾ അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചു” എന്ന് അട്ടഹസിച്ചു നടന്നവർ ഒരുവരി കമൻ്റു പോലും എങ്ങും എഴുതിയിട്ടില്ല. ഏ.എം.ടിയിലെ വിമതനേതാവ് കട്ടയും പടവും മടക്കി, ഭൂമിയിടപാടിൽ എല്ലാ പ്രതികരണങ്ങളും മതിയാക്കി. വിമതപട്ടം ചുമക്കുന്ന കുപ്പായക്കാർക്ക് മറ്റൊരു വിഷയം കിട്ടി – കർബാനവിവാദം. എന്തിലും വിവാദം തിരയുന്ന ന്യൂജെൻ മാധ്യമങ്ങളെപ്പോലെ, ചീറ്റിപ്പോയ ഭൂമി വിവാദത്തിനു ശേഷം അവർ കുർബാന വിവാദവുമായി ഇപ്പോൾ നിലമറന്ന് നിറഞ്ഞാടുകയാണ്.

അതിരൂപതയുടെ ആലോചനാ സമിതി ഒരുമിച്ചെടുത്ത ഭൂമി വിൽപ്പന തീരുമാനത്തെ വിവാദമാക്കി, മെത്രാപ്പോലീത്തായ്ക്കെതിരേ കേസ് കൊടുത്തവർ എന്തു നേടി എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സഭയെ നിയമക്കുരുക്കിലേക്ക് തള്ളിയിട്ട വിമതരുടെ നിരുത്തരവാദപരമായ നടപടികളുടെ ഫലമായി ഭാരത കത്തോലിക്കാ സഭ ഭാവിയിൽ നേരിടാൻ പോകുന്നത് സമാനതകളില്ലാത്ത പ്രവർത്തന പ്രതിസന്ധികളായിരിക്കും ഫലം! എന്നാൽ ഈ യാഥാർത്ഥ്യം വിമതരോ അവരെ പിന്തുണയ്ക്കുന്നവരോ ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഓരോ രാജ്യത്തും അതത് രാജ്യങ്ങളിലെ സംഘടനാനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവസഭകള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനാ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സഭാഭരണം, അധികാരഘടന, സ്വത്ത് കൈകാര്യങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ നിശ്ചയിക്കപ്പെടുന്നത്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസഭകള്‍ മിക്കവയും സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരമുള്ള ട്രസ്റ്റി ഭരണത്തിലോ കമ്പനി നിയമപ്രകാരമുള്ള ഭരണത്തിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ചരിത്രപരമായ കാരണങ്ങളാൽ ഇന്ത്യയിലെ വിവിധ കത്തോലിക്കാ റീത്തുകൾ ഇപ്രകാരമൊരു നൈയാമിക സംഘടനാ ചട്ടക്കൂടിനുളളിൽ നിന്നല്ല പ്രവർത്തിക്കുന്നത്. എന്നാൽ ഭൂമിയിടപാട് സംബന്ധിച്ച് 2021ല്‍ കേരള ഹൈക്കോടതി വിധി പറഞ്ഞപ്പോള്‍, സീറോമലബാര്‍ സഭയുടെ കൗദാശികമായ കാര്യങ്ങള്‍ ഒഴികെ എല്ലാ കാര്യങ്ങളും ട്രസ്റ്റ് നിയമങ്ങള്‍ അനുസരിച്ചാണ് നടത്തപ്പെടേണ്ടത് എന്ന് വിധിച്ചിരുന്നു. ഈ വിധി സുപ്രീം കോടതിയും ശരിവച്ചാൽ അത് ഭാരതത്തിൽ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.

അൽപം ചരിത്രം

………………………

അപ്പൊസ്തൊല പ്രവൃത്തികള്‍ 2:42 ല്‍,

ഈശോമിശിഹായില്‍ ഒന്നായിത്തീർന്ന ആദിമക്രൈസ്തവ സമൂഹം “അപ്പസ്തോലന്‍മാരുടെപ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്ന് ” ഒരു കൂട്ടായ്മയായി വസിച്ചുവെന്നാണ് വായിക്കുന്നത്. ലോകത്തിന്‍റെ അറ്റത്തോളം സുവിശേഷസന്ദേശം പ്രഘോഷിക്കുവിനെന്നുള്ള ഈശോമിശിഹായുടെ കല്‍പ്പന ഏറ്റെടുത്തുകൊണ്ടായിരുന്നു അപ്പൊസ്തൊലനായ തോമാ ഭാരതത്തില്‍ കടന്നുവന്നത്. ഭാരതത്തില്‍ സുവിശേഷപ്രഘോഷണം നടത്തിയ തോമാ, ഇവിടെയും ജെറുസലേമിലെ ആദിമസഭയ്ക്ക് തുല്യമായി ഒരു വിശ്വാസമൂഹത്തിന് രൂപം നല്‍കി. ഭാരതത്തില്‍ ഈ വിശ്വാസം സ്വീകരിച്ചവരെ “മാര്‍ത്തോമാ ക്രിസ്ത്യാനികള്‍” എന്നു വിളിക്കുന്നു. “സാംസ്കാരികമായി ഇന്ത്യക്കാരും മതപരമായി ക്രിസ്ത്യാനികളും ആരാധനക്രമമനുസരിച്ച് പൗരസ്ത്യരും” എന്നറയപ്പെടുന്ന ഭാരതത്തിലെ പുരാതന ക്രൈസ്തവസമൂഹമാണ് മാര്‍ത്തോമാ ക്രിസ്ത്യാനികള്‍.

15-ാം നൂറ്റാണ്ടില്‍ അധികാരവും മേല്‍ക്കോയ്മയും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കടന്നുവന്ന വിദേശ മിഷനറിമാര്‍ക്കെതിരേ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ശക്തമായി പ്രതികരിച്ചു. “വിദേശമിഷനറിമാരില്‍ പലരും ക്രിസ്തുവിന്‍റെ സുവിശേഷസന്ദേശവാഹകര്‍ എന്നതിനേക്കാള്‍ പോര്‍ച്ചൂഗീസ് രാജാവിന്‍റെ ആജ്ഞാനുവര്‍ത്തികളായിരുന്നു” എന്നാണ് ഡോ സേവ്യര്‍ കൂടപ്പുഴ നിരീക്ഷിക്കുന്നത്. (തിരുസ്സഭാ ചരിത്രം പേജ്, 841). ഇതിന്‍റെ ഫലമായി 1653 ജനുവരി 3-ന് മാര്‍തോമാ ക്രിസ്ത്യാനികളുടെ പ്രതിനിധികള്‍ മട്ടാഞ്ചേരിപ്പള്ളിയുടെ മുന്‍വശത്തുള്ള കുരിശില്‍ കയറുകെട്ടി അതില്‍പിടിച്ച് സത്യം ചെയ്തത്. ഇതാണ് ചരിത്രത്തില്‍ അറിയപ്പെടുന്ന “കൂനന്‍കുരിശു സത്യം”.

മാര്‍തോമാ ക്രിസ്ത്യാനികളുടെ ധീരവും അതിശക്തവുമായ മുന്നേറ്റമായി കൂനൻകുരിശു പ്രതിജ്ഞയെ കാണാമെങ്കിലും അനന്തരഫലമായി നസറാണി സമുദായം മൂന്നു ചേരികളിലായി ഭിന്നിക്കുകയായിരുന്നു. ഒരു വിഭാഗം പോര്‍ച്ചുഗല്‍ മെത്രാന്‍റെ കീഴിലേക്ക് മാറുകയും (ലത്തീന്‍ ക്രൈസ്തവര്‍) മറ്റൊരുവിഭാഗം അന്ത്യോഖ്യന്‍ വിശ്വാസത്തോടു ചേര്‍ന്നു പോവുകയും (യാക്കോബായ വിഭാഗം) മറ്റൊരു വിഭാഗം മാര്‍പാപ്പായെ അംഗീകരിച്ചുകൊണ്ട് മാര്‍തോമാ നസ്രാണികളുടെ പൗരാണിക വിശ്വാസസംഹിതകളും ആചാരങ്ങളും പിന്തുടരുകയും (സീറോ മലബാര്‍) ചെയ്തു.

17-ാം നൂറ്റാണ്ടിനു ശേഷം ഭാരത മാര്‍ത്തോമാ നസ്രാണികളുടെ സഭകളില്‍ ഉണ്ടായ ധ്രുവീകരണങ്ങളില്‍ രൂപപ്പെട്ട വിവിധ സഭകള്‍ ഇന്ത്യയിലെ വിവിധ സംഘടാനനിയമങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റര്‍ ചെയ്താണ് പ്രവർത്തനം തുടങ്ങിയത്. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചും മലങ്കര മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ചും – ബ്രിട്ടീഷ് ഇന്ത്യയിലെ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചര്‍ച്ചുകളാണ്. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയും ഇന്ത്യന്‍ കമ്പനീസ് ആക്ട് അനുസരിച്ചാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെന്തക്കൊസ്ത് സഭയായ ഇന്ത്യന്‍ പെന്തക്കൊസ്ത് ചര്‍ച്ച് 1860ലെ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. എന്നാല്‍ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭയുടെ നൈയാമിക വ്യക്തിത്വം നിലനില്‍ക്കുന്നത്.

മാര്‍തോമാ നസറാണികളുടെ സീറോമലബാര്‍ സഭയും ലത്തീന്‍ കത്തോലിക്കാ സഭയും ഇന്ത്യയില്‍ “വിശ്വാസ ജീവിതകൂട്ടായ്മ” (association of the faithful) എന്ന പേരിലാണ് പൗരാണിക ഇന്ത്യയിലും ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഭാരതത്തിലും അറിയപ്പെടുന്നത്. കാലത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ കൂട്ടായ്മയ്ക്ക് നൈയാമിക വ്യക്തിത്വവും അവകാശങ്ങളും ലഭിച്ചു. ദേശവാഴികള്‍ അവരുടെ കൂട്ടായ്മയ്ക്ക് അംഗീകാരം നല്‍കുകയും ദേവാലയങ്ങള്‍ സ്ഥാപിക്കാനുള്ള അവരുടെ അവകാശം അംഗീകരിക്കുകയും ചെയ്തു. രാജഭരണകാലത്തും തുടര്‍ന്നുവന്ന ജനാധിപത്യ സര്‍ക്കാരുകളുടെ കാലത്തും മാര്‍തോമാ നസ്രാണികളുടെ ഈ വിശ്വാസകൂട്ടായ്മയുടെ നൈയാമിക ഘടനയെ ആരും ചോദ്യം ചെയ്തില്ല. പള്ളികളും പള്ളിക്കൂടങ്ങളും അനുബന്ധ സ്ഥാപനങ്ങളും നടത്തിക്കൊണ്ടു പോകാനുള്ള അവകാശം യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഈ വിശ്വാസസമൂഹം നടപ്പാക്കിക്കൊണ്ടിരുന്നു. നീതിന്യായകോടതികള്‍ പോലും മാര്‍തോമാ നസ്രാണികളുടെ ഈ പാരമ്പര്യ വിശ്വാസഘടനയുടെ സാധുതയെ ചോദ്യം ചെയ്തിരുന്നില്ല.

സീറോമലബാര്‍ സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സഭയുടെ നിയമാവലി അനുസരിച്ചാണ് നടത്തപ്പെടുന്നത്. ഓരോ ഇടവകയുടെയും കാര്യങ്ങള്‍ പള്ളിപ്പൊതുയോഗം തീരുമാനിക്കുന്നു. രൂപതയിലെ ആലോചനാസമിതി യോഗം ചേര്‍ന്ന് രൂപതയുടെ പൊതുവായ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നു. വിശ്വാസികളുടെ ഈ കൂട്ടായ്മയില്‍ വ്യക്തികള്‍ക്ക് അംഗങ്ങളായി ചേരുവാനും തുടരുവാനോ അംഗത്വം ഉപേക്ഷിക്കുവാനോ സാധിക്കും. കൂട്ടായമ തീരുമാനിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം അംഗങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു നിശ്ചിതരീതിയില്‍ ആയിരിക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ വ്യക്തിഗത അംഗങ്ങള്‍ക്ക് യാതൊരു അവകാശവും ഇല്ല. എല്ലാ അധികാരവും കൂട്ടായ്മയിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

ഭാരതത്തിലെ സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭയുടെ ഭൗതികസ്വത്തിനെ സംബന്ധിച്ചുള്ള സുപ്രധാനമായ കോടതി വിധിയുണ്ടായത് 1962ലെ James Chinnamma Vs Joseph Abraham. “വിശ്വാസികളുടെ കൂട്ടായ്മ” എന്ന നിലയില്‍ സഭയ്ക്ക് നൈയാമികമായ സ്വതന്ത്ര വ്യക്തിത്വം ഉണ്ടെന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ ചില കോടതി വിധികള്‍ ഉണ്ടായിരുന്നു. ഈ കോടതി വിധികളെ ഉദ്ധരിച്ചുകൊണ്ട് ഇതിന്‍റെ അടിസ്ഥാനത്തിലാണ് 1962ലെ “ജയിംസ് ചിന്നമ്മ Vs ജോസഫ് ഏബ്രഹാം” കേസില്‍ കേരള ഹൈക്കോടതി വിധിപ്രസ്താവിച്ചത്. 2016ല്‍ എറണാകുളം അതിരൂപതയിലെ എഴുപുന്ന പള്ളിയെ സംബന്ധിച്ച് ശ്രീ ലാലന്‍ തരകന്‍ നല്‍കിയ കേസില്‍ വരെയും മുന്‍ കോടതി വിധികളെ അടിസ്ഥാനമാക്കി കത്തോലിക്കാ സഭ ഒരു association of the faithful – ആണ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് വിധിപ്രസ്താവിച്ചത്. എന്നാല്‍ സി.എസ്.ഐ സഭയുടെ സ്വത്ത് തര്‍ക്കത്തില്‍ 2012 ഏപ്രില്‍ 2ന് മദ്രാസ് ഹൈക്കോടതി അസന്നിഗ്ധമായി ആവശ്യപ്പെട്ടത് സി.എസ്.ഐ സഭ ഇന്ത്യന്‍ കമ്പനീസ് ആക്ട് പ്രകാരം നിയമനടപടികള്‍ക്ക് വിധേയമാകണം എന്നായിരുന്നു (ലിങ്ക് കമൻ്റ് ബോക്സിൽ).

ഇത്രയും വിശദമായി കാര്യങ്ങള്‍ എഴുതിയത്, എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവൈദികരുടെ പ്രവര്‍ത്തനങ്ങള്‍ സഭയെ എവിടെയാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത് എന്ന വസ്തുത വിശദമാക്കുവാനാണ്. ഭൂമി വില്‍പ്പനയുടെ പേരില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കി തങ്ങളുടെ പിണിയാളുകളെക്കൊണ്ട് സഭാതലവനെതിരേ നിരവധി കേസുകള്‍ കൊടുത്തു കുട്ടിക്കുരങ്ങന്മാരേക്കൊണ്ട് ചുടുചോറു വാരിയെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ സ്വപ്നത്തില്‍പോലും വിചാരിച്ചുകാണില്ല തങ്ങള്‍ ചോദ്യം ചെയ്യുന്നത് രണ്ടായിരം വര്‍ഷത്തിനടുത്ത് പാരമ്പര്യമുള്ള സഭയുടെ നൈയാമിക വ്യക്തിത്വത്തെയും പ്രവര്‍ത്തനസ്വാതന്ത്ര്യത്തെയുമാണ് എന്നത്. ഭൂമിയിടപാട് സംബന്ധിച്ച് 2021ല്‍ കേരള ഹൈക്കോടതി വിധി പറഞ്ഞപ്പോള്‍, സീറോമലബാര്‍ സഭയുടെ കൗദാശികമായ കാര്യങ്ങള്‍ ഒഴികെ എല്ലാ കാര്യങ്ങളും ട്രസ്റ്റ് നിയമങ്ങള്‍ അനുസരിച്ചാണ് നടത്തപ്പെടേണ്ടത് എന്ന് വിധിച്ചിരുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത സഭയ്ക്ക് ട്രസ്റ്റ് ആക്ട് പ്രകാരം എന്ത് തീരുമാനമാണ് എടുക്കാന്‍ കഴിയുക? ഒരേ വിഷയത്തില്‍ കേരള ഹൈക്കോടതയിയില്‍നിന്നും വ്യതസ്തമായ വിധികളാണ് വന്നത് എന്നാണ് നിയമവിദഗ്ധതര്‍ ചൂണ്ടിക്കാണിക്കുന്നത്.

കർദിനാളിനെതിരെ വിമതർ ഉന്നയിച്ച ആരോപണങ്ങൾ ഒന്നും നിലനിൽക്കില്ല എന്ന് കോടതി വിധി പറഞ്ഞേക്കാം. എന്നാൽ അതോടൊപ്പം സഭയുടെ നാളിതുവരെയുള്ള സ്വതന്ത്ര പ്രവർത്തനരീതി എന്നേക്കുമായി നഷ്ട്പ്പെട്ടാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. അങ്ങനെ സംഭവിച്ചാൽ അത് സഭയ്ക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. വിമത പോരാട്ടത്തിൻ്റെ ആത്യന്തിക ഫലമായിരിക്കും ഈ പ്രതിസന്ധികൾ !

ട്രസ്റ്റ് നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുക എന്നത് സഭയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തിന്മേലുള്ള കൂച്ചുവിലങ്ങായിരിക്കും. ഈ ദുരവസ്ഥ മറികടക്കാന്‍ വേണ്ടിയാണ് ഭൂമിയിടപാട് വിഷയത്തില്‍ ഇപ്പോള്‍ കേരളത്തിലെ വിവിധ രൂപതകള്‍ കക്ഷിചേര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി സുപ്രധാനമായിരിക്കും. സഭ വിശ്വാസികളുടെ കൂട്ടായ്മയ എന്ന ഘടനയില്‍ മുന്നോട്ടു പോകുമോ ട്രസ്റ്റായി പ്രവര്‍ത്തനസ്വാതന്ത്ര്യം തടസപ്പെടുമോ എന്നതാണ് സുപ്രീംകോടതി വിധിയിലൂടെ അറിയാൻ പോകുന്നത്.

എറണാകുളം അങ്കമാലി സീറോമലബാര്‍ സഭയുടെ മെത്രാപ്പോലീത്താ മാര്‍ ജോര്‍ജ് ആലഞ്ചേരിയും, സഹായമെത്രാൻമാരും, മറ്റ് പ്രമുഖ വൈദികരും ഉള്‍പ്പെട്ട ആലോചനാ സമിതി സംയുക്തമായി കൈക്കൊണ്ട ഭൂമി വില്‍പ്പനയെയാണ് ഒരുപറ്റം വിമതന്മാര്‍ ഭൂമി കുംഭകോണമായി ചിത്രീകരിച്ചതും കോടതിയിലേക്ക് കൊണ്ട്പോയതും. സഭയെയും സഭധ്യക്ഷനെയും സമൂഹത്തില്‍ അപഹാസ്യരാക്കുകയും അതിലൂടെ സഭയുടെ അസ്തിത്വത്തെ തന്നെ ചോദ്യംചെയ്യുകയും ചെയ്തു. എലിയെ തോല്‍പ്പിക്കാന്‍ ഇല്ലത്തിന് തീയിട്ട എറണാകുളം വിമതന്മാര്‍ക്ക് ചരിത്രം മാപ്പുനല്‍കുമോ?

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments