സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്ക് എതിരെ മറ്റൊരു കേസ് കൂടി കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്തു. ജോഷി വർഗീസ് തേലക്കാടനാണ് ഈ കേസിലും പരാതിക്കാരൻ.
എറണാകുളം- അങ്കമാലി അതിരൂപതയിലെ വിമതർ വിവാദമാക്കിയ ഭൂമി വിൽപ്പനയിൽ ക്രമക്കേട് ആരോപിച്ചു മാർ ആലഞ്ചേരിക്ക് എതിരായി ഏഴ് സ്വകാര്യ അന്യായങ്ങൾ ജോഷി വർഗീസ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയിരുന്നു. സുപ്രീംകോടതിയുടെ നിർദേശമനുസരിച്ചുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാർ ആലഞ്ചേരി കോടതിയിൽ ഹാജരായി എല്ലാ കേസുകളിലും ജാമ്യം എടുത്തിരുന്നു. എന്നാൽ ജാമ്യം നൽകിയ ഉത്തരവിൽ ജാമ്യത്തിന്റ വ്യവസ്ഥകൾ കോടതി ചേർത്തില്ല എന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ ഹർജി നൽകി. ഇതിനെ തുടർന്ന് സർവ്വ സാധാരണമായ വ്യവസ്ഥകൾ കോടതി ജാമ്യ ഉത്തരവിന്റെ തുടർച്ചയായി നൽകി. ഈ വ്യവസ്ഥകൾ ജാമ്യ ഉത്തരവിന്റ ഭാഗമാക്കുക എന്നാവശ്യപ്പെട്ടാണ് ഇന്നു ഹൈക്കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്തത് എന്നറിയുന്നു.
കർദിനാളിനു നോട്ടിസ് അയക്കാൻ കോടതി തീരുമാനിച്ചു. ക്രൈം എം.സി. 5011/2023 എന്ന നമ്പറിലുള്ള കേസ് പിന്നീട് പരിഗണിക്കും.
വ്യവസ്ഥകൾ ജാമ്യ ഉത്തരവിന്റെ ഭാഗമാക്കുമ്പോൾ അത് അംഗീകരിക്കുന്നതായി കർദ്ദിനാളിന്റെ ഒപ്പ് രേഖപെടുത്തണം. അങ്ങനെ അദ്ദേഹത്തെ ഒരിക്കൽ കൂടി കോടതിയിൽ കയറ്റുക എന്ന ലക്ഷ്യത്തോടെയാവണം പുതിയ ഹർജി ഫയൽ ചെയ്തത് എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട സീനിയർ അഭിഭാഷകർ അഭിപ്രായപ്പെട്ടു.