അതിരൂപതയുടെ ഭൂമി വാങ്ങലും വില്‍ക്കലും ഇതിനേതുടര്‍ന്നുണ്ടായ എല്ലാ വിഷയങ്ങളും കൂട്ടായെടുത്ത തീരുമാനമായിരുന്നു എന്നതിന് അതിരൂപതയിലെ ആലോചനാ സമിതികളുടെ യോഗങ്ങളും, യോഗങ്ങളില്‍ അംഗീകരിച്ച മിനിട്സും സാക്ഷ്യം പറയുന്നു
ഭാരത കത്തോലിക്കാ സഭയെ അടിമുടി ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ “എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട്” കേസും അനുബന്ധ സംഭവങ്ങളും. അതിരൂപതാ നേതൃത്വം മാത്രം അറിയേണ്ടിയിരുന്ന ഒരു വിഷയമായിരുന്നു ഇത്; അങ്ങേയറ്റം ഒരു സിവില്‍ കേസില്‍ ഒതുങ്ങി പര്യവസാനിക്കേണ്ടിയിരുന്ന വിഷയം. ഇപ്പോള്‍ സഭാധ്യക്ഷന്‍ കോടതിയില്‍ വിചാരണ നേരിടേണ്ട അവസ്ഥയിലാണ് ഭൂമിയിടപാട് വിഷയം വന്നെത്തിയിരിക്കുന്നത്. ഇതിന്റെ അനുബന്ധമായി ഈ അതിരൂപതയിലെ തന്നെ മൂന്ന് പ്രമുഖ വൈദീകർ പ്രതികളായി പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്ന വ്യാജരേഖ കേസ് ഉരുത്തിരിഞ്ഞിരിക്കുന്നു. സൂചികൊണ്ട് എടുത്തുമാറ്റേണ്ടതിനെ തൂമ്പാകൊണ്ടുപോലും എടുക്കാന്‍ വയ്യാത്ത വിധത്തില്‍ ഈ വിഷയം ഇപ്പോള്‍ എത്തിച്ചേര്‍ന്നത് എങ്ങനെ എന്നൊരു അന്വേഷണത്തില്‍ കണ്ടെത്തിയ ചില വസ്തുതകള്‍, സത്യത്തിനും നീതിക്കും മഹത്വം കൽപ്പിക്കുന്ന സകലരും അറിഞ്ഞിരിക്കേണ്ട യാഥാര്‍ത്ഥ്യങ്ങളാണ്. അതിനാലാണ് ഈ വിഷയം വായനക്കാരുമായി പങ്കുവയ്ക്കുന്നത്.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയെ ഒരു മെഡിക്കല്‍ കോളജായി ഉയര്‍ത്താനുള്ള എറണാകുളം- അങ്കമാലി രൂപതാനേതൃത്വത്തിന്‍റെ തികച്ചും പുരോഗമനപരവും സദുദ്ദേശത്തോടു കൂടിയതുമായ ഒരു കൂട്ടായ തീരുമാനത്തില്‍നിന്നുമാണ് ഇന്നത്തെ ഭൂമിയിടപാട് വിഷയം ഉണ്ടായിരിക്കുന്നത്. 2013 ഏപ്രില്‍ 22നാണ് മെഡിക്കല്‍ കോളജ് സംബന്ധിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായ മെത്രാൻ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ ഉള്‍പ്പെട്ട ആലോചനാ സമിതി യോഗം ചേരുന്നത്. അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഒരു മെഡിക്കൽ കോളേജ് ആകേണ്ടതിന്റെ ആവശ്യകതയും, അതുമൂലം സമൂഹത്തിന് ഉണ്ടാകുന്ന ഗുണങ്ങളും ആലോചനാസമിതി യോഗത്തിൻ്റെ മിനിട്സിൽ അക്കമിട്ട് രേഖപെടുത്തിയിട്ടുണ്ട്. അതിരൂപതയുടെ വരന്തരപ്പള്ളിയിലുള്ള എസ്റ്റേറ്റ് വിറ്റുകിട്ടുന്ന തുകയുപയോഗിച്ച് മെഡിക്കൽ കോളജ് നിർമാണത്തിന് ആവശ്യമായ പണം കണ്ടെത്താമെന്നും തീരുമാനിച്ചതായി 22-4-2013-ലെ മിനിട്സ് രേഖകള്‍ വ്യക്തമാക്കുന്നു.
മെഡിക്കല്‍ കോളജിന് ഗവണ്‍മെന്‍റ് അംഗീകാരം ലഭിക്കണമെങ്കില്‍ അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനത്തിന് സ്വന്തമായി 25 ഏക്കര്‍ സ്ഥലം വേണം എന്നതാണ് സർക്കാർ ചട്ടം. ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിക്കു സ്വന്തമായുള്ള സ്ഥലംകൂടാതെ ഇതിന് അധികമായി 23 ഏക്കര്‍ സ്ഥലം കൂടി ആവശ്യമുണ്ട്. സ്ഥലത്തിനായുള്ള അന്വേഷണത്തിനൊടുവിൽ അനുയോജ്യമായ ഭൂമി അങ്കമാലിക്കടുത്തു മറ്റൂരിൽ കണ്ടെത്തി. മറ്റൂരിലുള്ള മൂപ്പൻ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം വാങ്ങാനായി 60 കോടി രൂപവേണം. വരന്തരപ്പള്ളിയിലുള്ള എസ്റ്റേറ്റ് വിറ്റ് തുക കണ്ടെത്താമെന്ന ആത്മവിശ്വാസത്തിലായിരുന്നു സഭാ നേതൃത്വം. ഇതേ ദിവസം തന്നെ ചേർന്ന അതിരൂപത ഫൈനാൻസ് കൗൺസിൽ യോഗത്തിൽ അന്നത്തെ പ്രൊക്യൂറേറ്റർ ആയിരുന്ന ഫാ. മാത്യു മണവാളൻ അവതരിപ്പിച്ച അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ മെഡിക്കൽ കോളേജും ഉൾപ്പെടുത്തിയിരുന്നു.
2014 ജൂണിൽ അതിരൂപതയുടെ പുതിയ പ്രോക്യൂറേറ്റർ ആയി ഫാ. ജോഷി പുതുവ നിയമിതനായി. അദ്ദേഹത്തിൻ്റെയും അറിവോടെയാണ് മൂപ്പന്‍ കുടുംബത്തിൽ നിന്നു വാങ്ങുവാൻ തീരുമാനിച്ച 23 ഏക്കർ സ്ഥലത്തിന്നു 2014 ഡിസംബർ 16ന് ഒരു കോടി രൂപ അഡ്വാന്‍സ് നല്‍കി കച്ചവടം ഉറപ്പിച്ചത്.
അഡ്വാന്‍സ് തുക നല്‍കി കരാര്‍ ഒപ്പിട്ടുവെങ്കിലും പറഞ്ഞ സമയത്തിനുള്ളില്‍ വരന്തരപ്പള്ളിയിലെ എസ്റ്റേറ്റ് വില്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ *കാത്തലിക് സിറിയന്‍ ബാങ്കില്‍ *നിന്ന് സ്ഥലം വാങ്ങുന്നതിനായി 125 കോടി രൂപ ലോണെടുക്കാന്‍ 2015 ഏപ്രിൽ 7നു ചേർന്ന ആലോചന സിമതി യോഗം തീരുമാനിച്ചു. 60 കോടി രൂപ സ്ഥലം വാങ്ങുവാനും ബാക്കി 65 കോടിക്ക് മെഡിക്കൽ കോളേജു നിർമ്മിക്കുവാനും കഴിയുമെന്ന് നേതൃയോഗം വിലയിരുത്തി. 60 കോടി രൂപ പത്തു ശതമാനം പലിശയ്ക്ക് ലോണെടുക്കുമ്പോള്‍ മാസം 6 ലക്ഷം രൂപ പലിശയിനത്തില്‍ നല്‍കണമെന്നും അതിനായി വര്‍ഷത്തില്‍ 72 ലക്ഷം രൂപ പലിശയിനത്തില്‍ കണ്ടെത്തത്തണമെന്നും നേതൃത്വം മനസ്സിലാക്കിയിരുന്നു.
സഭാനേതൃത്വത്തിൻ്റെ കൂട്ടായ ചർച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ബാങ്ക് ലോണ്‍ ഉപയോഗിച്ച് മൂപ്പന്‍ കുടുംബത്തില്‍നിന്നും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മെഡിക്കല്‍ കോളജ് ആക്കി ഉയര്‍ത്തുവാന്‍ ആവശ്യമായ സ്ഥലം 2015 ഏപ്രിൽ 25ന് ആധാരം ചെയ്തു.
ഭൂമി ഇടപാടിനെ സംബന്ധിച്ചുള്ള ലോണും അതിന്‍റെ ഇരട്ടിക്കുന്ന പലിശയും സംബന്ധിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2015 ഡിസംബര്‍ 2ന് അതിരൂപതാ നേതൃത്വം യോഗം ചേര്‍ന്നു. ബാങ്ക് ലോണും ഇതിന്‍റെ പലിശയും ഒഴിവാക്കാനായി മറ്റൂരിലെ ഭൂമി തിരികെ മറ്റാര്‍ക്കെങ്കിലും വിറ്റ് കടംവീട്ടുന്ന സാധ്യത പോലും യോഗത്തിൽ ചർച്ചയായി. എന്നാല്‍, മെഡിക്കൽ കോളേജിന്ന അനുമതി ലഭിച്ചില്ലെങ്കിൽ പോലും ഈ സ്ഥലം ഭാവിയിൽ മറ്റ് നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും, കടംവീട്ടുന്നതിനായി അതിരൂപതയ്ക്കുള്ളിലുള്ള ചെറിയ സ്ഥലങ്ങള്‍ വിറ്റ് പണം കണ്ടെത്താമെന്നും ധാരണയായതായി 2-12-2015 ആലോചന സമിതിയുടെ മിനിട്സ് രേഖകൾ വ്യക്തമാക്കുന്നു. അതിരൂപതയ്ക്കുള്ളിലുള്ള ചെറിയ സ്ഥലങ്ങള്‍ വില്‍ക്കുവാനുള്ള തീരുമാനം അതേ ദിവസം (2-12-2015) ചേർന്ന ഫിനാൻസ് കൗൺസിൽ യോഗം അംഗീകരിക്കുകയും ചെയ്തു. അതിരൂപതക്കുള്ളിൽ ഉള്ള ചെറിയ സ്ഥലങ്ങള്‍ വിറ്റുകിട്ടുന്ന തുകകൊണ്ട് 2016 മാര്‍ച്ച് 31നകം അതിരൂപതയുടെ സാമ്പത്തിക ബാധ്യതയെല്ലാം വീട്ടിത്തീര്‍ക്കേണ്ടതാണെന്നും യോഗത്തിൽ ധാരണയായി. എന്നാല്‍ എല്ലാവരും കണക്കുകൂട്ടിയതുപോലെ 2016 മാര്‍ച്ച് 31 കഴിഞ്ഞിട്ടം സ്ഥലം വില്‍ക്കുവാനോ കടം വീട്ടുവാനോ സാധിച്ചില്ല.
2016 ജൂലൈ ആറിന് ചേര്‍ന്ന യോഗത്തില്‍ നിലവിലെ ബാങ്ക് ലോണ്‍ അടക്കമുള്ള കടം 68 കോടി രൂപയായി വര്‍ദ്ധിച്ചുവെന്നും അത് വീട്ടുന്നതിനായി അതിരൂപതയുടെ അഞ്ചു പ്ലോട്ടുകള്‍ വിൽക്കാമെന്നും തീരുമാനിച്ചു. സെന്‍റിന് ശരാശരി ഒമ്പതു ലക്ഷം രൂപ നിരക്കില്‍ ഈ പ്ളോട്ടുകൾ വിൽക്കുവാനായിരുന്നു തീരുമാനം. ഈ അഞ്ചു സ്ഥലങ്ങള്‍ എന്നത് (1) സീ പോർട്ട് -എയർപോർട്ട് റോഡിൽ നൈപുണ്യ സ്കൂളിന് അടുത്തുള്ള 70.15 സെന്റ്, (2) ഭാരത് മാതാ കോളേജിന് അടുത്തുള്ള 62.33 സെന്റ്, (3) കരുണാലയത്തിന് അടുത്തുള്ള 99.44 സെന്റ്, (4) നിലംപതിഞ്ഞിമുകളിലുള്ള 20.35 സെന്റ്, (5) മരടിലുള്ള 54.71 സെന്റ്) എന്നീ സ്ഥലങ്ങള്‍ വില്‍ക്കുന്നതിനാണ് 6-7-2016ല്‍ ചേർന്ന ആലോചനാ സമിതി അംഗീകാരവും നല്‍കിയത്. തുടര്‍ന്ന് വില്‍പ്പനയുടെ കാര്യങ്ങളുടെ പൂര്‍ണ്ണമായി നടത്തിപ്പിനായി അതിരൂപതയുടെ പ്രൊക്യൂറേറ്റര്‍ ഫാ. ജോഷി പുതുവയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.
2017 ഏപ്രില്‍ നാലിന് ചേര്‍ന്ന ആലോചനാ സമിതിയില്‍ വില്‍ക്കുവാനുദ്ദേശിച്ച എല്ലാ സ്ഥലങ്ങളുടെയും വില്‍പ്പനയിലെ പുരോഗതി യോഗം ചര്‍ച്ച ചെയ്യുകയും സാമ്പത്തിക സ്ഥിതി വിലയിരുത്തുകയും ഈ സ്ഥലങ്ങള്‍ വില്‍ക്കുവന്‍ വൈദികര്‍ നേരിട്ട് ഇടപെടുന്നതു ഒഴിവാക്കാനായി ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ഇടനിലക്കാരനായി നിയോഗിക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ ഈ ബ്രോക്കര്‍ വഴിയായി 36 ആധാരങ്ങള്‍ പ്രകാരം വില്‍പ്പന നടത്തിയതായി പ്രൊക്യൂറേറ്റര്‍ 2017 സെപ്റ്റംബർ 13ന് ചേർന്ന ഫിനാൻസ് കൗൺസിൽ യോഗത്തെ അറിയിക്കുകയും ചെയ്തു.
ആദ്യത്തെ 20 ആധാരങ്ങള്‍ക്ക് കൃത്യമായി അതിരൂപതയുടെ അക്കൗണ്ടില്‍ പണം വന്നു, ഭൂമിയുടെ വിലയായി ലഭിക്കേണ്ട 27 കോടി രൂപയില്‍ 8.95 കോടി രൂപ മുഴുവൻ ബ്രോക്കര്‍ അതിരൂപതയുടെ അക്കൗണ്ടില്‍ അടയ്ക്കുകയും ചെയ്തു. തുടര്‍ന്നുള്ള ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പണം വരുമെന്നുള്ള ഉറപ്പിന്മേല്‍ ബാക്കിസ്ഥങ്ങൾ രജിസ്റ്റര്‍ ചെയ്തു കൊടുത്തു. എന്നാല്‍ 2017 ലെ നോട്ട് നിരോധനം മൂലമുള്ള കാരണങ്ങളാല്‍ യഥാസമയം അതിരൂപതയുടെ അക്കൗണ്ടിലേക്ക് ഭൂമി വിൽപ്പനയിൽ ലഭിക്കേണ്ടിയിരുന്ന പണം സമയത്ത് എത്തിച്ചേർന്നില്ല.
ഭൂമി വിൽപ്പനയിൽ ലഭിക്കാൻ ബാക്കിയുള്ള 18 കോടി രൂപയ്ക്കു പകരം രണ്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ (ദേവികുളത്ത് 17 ഏക്കറും കോതമംഗലത്തിനുടത്ത് കോട്ടപ്പടിയിലെ 25 ഏക്കറും) അതിരൂപതയ്ക്ക് ഇടനിലക്കാരൻ ഈടായി എഴുതി നല്‍കി. ഈ കാര്യങ്ങൾ പ്രൊക്യൂറേറ്റര്‍, 2017 നവംബർ 9 ന് ചേർന്ന ആലോചന സമിതി യോഗത്തെ അറിയിച്ചു. 2017 നവംബര്‍ 30ന് മുമ്പായി അതിരൂപതയ്ക്ക് ലഭിക്കാനുള്ള മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്ന് ഇടനിലക്കാരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അപ്പോള്‍ ഈടായി ലഭിച്ച ഭൂമികള്‍ തിരികെ എഴുതി നല്‍കണമെന്നും പ്രൊക്യൂറോറ്റര്‍ അറിയിച്ചു.
2017 നവംബര്‍ 11-ന് കൂടിയ അതിരൂപതയുടെ ഫിനാന്‍സ് കൗണ്‍സില്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിരൂപതയുടെ സ്ഥലം വില്‍പ്പനയും വാങ്ങലും സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മൂന്ന് അംഗങ്ങളുടെ ഒരു കമ്മിറ്റിയെ നിയമിക്കുകയ്യും ചെയ്തു. സി.വി. അലക്സാണ്ടര്‍, സി.എ. ജോസഫ്, അഡ്വ ഐസക് പെരുമ്പള്ളി എന്നിവരായിരുന്നു കമ്മിറ്റിയംഗങ്ങള്‍. 2017 നവംബര്‍ 30-നകം ഇടനിലക്കാരന്‍റെ കൈയില്‍നിന്നും അതിരൂപതയ്ക്ക് ലഭിക്കേണ്ട തുക ലഭിച്ചില്ലെങ്കില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും പ്രസ്തുത യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചു.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ സംബന്ധിച്ച് നിര്‍ണ്ണായക ദിനമായിരുന്നു 2017 നവംബര്‍ 29. അന്നു ചേര്‍ന്ന അതിരൂപതയിലെ വൈദികരുടെ യോഗത്തില്‍ അതിരൂപതയില്‍ നടന്ന ഭൂമി വില്‍പ്പനയെ സംബന്ധിച്ച ചര്‍ച്ചകള്‍ ബഹളമയമാവുകയും ഈ വിഷയങ്ങള്‍ അന്വേഷിക്കുവാന്‍ ഒരു കമ്മീഷനെ നിയമിക്കണമെന്ന് ഫാ. ബെന്നി മാരാംപറമ്പില്‍ ഉള്‍പ്പെടെ ചില വൈദികര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി, “ബെന്നിയച്ചൻ തന്നെ അത് അന്വേഷിക്കുക” എന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. ഈ മീറ്റിംഗിനു ശേഷം ചില വൈദികര്‍ കർദിനാളിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി തെരുവിലിറങ്ങി. കർദിനാൾ അതിരൂപതയുടെ ഭൂമികള്‍ “ആരോടും ആലോചിക്കാതെ വിറ്റുതുലച്ചു, അതിരൂപതക്ക് സാമ്പത്തിക നഷ്ടം വരുത്തി ” എന്നിവയായിരുന്നു ഇവര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍. ചില വൈദികര്‍ ഈ ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിക്കുകയും ചെയ്തു. ഇതോടെ അതിരൂപതയുടെ ഭൂമിയിടപാട് സഭയില്‍ മാത്രമല്ല പൊതുസമൂഹത്തിലും ചര്‍ച്ചയായി.
2017 നവംബര്‍ 30നകം പണം ലഭിച്ചില്ലെങ്കില്‍ എടുക്കേണ്ട നിയമ നടപടികള്‍ നിര്‍വ്വഹിക്കാന്‍ നിയുക്തരായ സി.വി. അലക്സാണ്ടര്‍, സി.എ. ജോസഫ്, അഡ്വ ഐസക് പെരുമ്പള്ളി എന്നിവരുടെ കമ്മിറ്റിയുടെ പ്രവർത്തനം ഇതോടെ അട്ടിമറിക്കപ്പെട്ടു. അതിനാൽ ഭൂമി വില്‍പ്പനയിലൂടെ അതിരൂപതയ്ക്ക് ലഭിക്കേണ്ടിയിരുന്ന മുഴുവൻ തുകയും നേടിയെടുക്കാന്‍ നിയമനടപടികളിലേക്കു നീങ്ങുവാന്‍ കഴിഞ്ഞില്ല. അതിലേറെ ഗുരുതരമായ കാര്യം, ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍, ഒരു പക്ഷേ ആഗോളതലത്തിൽ തന്നെ, ആദ്യമായി തങ്ങളുടെ മേലധ്യക്ഷനെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്ന ഒരുകുട്ടം വൈദികരുടെ നടപടികള്‍ക്ക് സഭയും പൊതുസമൂഹവും സാക്ഷ്യം വഹിച്ചു എന്നതായിരുന്നു.
അതിരൂപതയുടെ ഭൂമി വാങ്ങലും വില്‍ക്കലും ഇതിനേതുടര്‍ന്നുണ്ടായ എല്ലാ വിഷയങ്ങളും കൂട്ടായി എടുത്ത തീരുമാനമായിരുന്നു എന്നതിന് അതിരൂപതയിലെ ആലോചനാ സമിതികളുടെ യോഗങ്ങളും, യോഗങ്ങളില്‍ അംഗീകരിച്ച മിനിട്സും സാക്ഷ്യം പറയുന്നു. എന്നാൽ സഭാ തലവൻ മാർ ജോർജ് ആലഞ്ചേരിക്കു നേരേ മാത്രമായിരുന്നു വിമതന്മാർ വിരൽ ചൂണ്ടിയത്. ഇതോടെ “കർദിനാൾ ആരോടും ആലോചിക്കാതെ അതിരൂപതയുടെ ഭൂമി വിറ്റുതുലച്ചു” എന്ന പ്രചാരണം ശക്തിപ്പെട്ടു.
എന്തുകൊണ്ട് കർദിനാൾ ആലഞ്ചേരി “മാത്രം” ഇവിടെ കുറ്റാരോപിതനാകുന്നു ? ഇതേക്കുറിച്ച് അടുത്ത ലേഖനത്തിൽ വിശദമാക്കാം.
(കുറിപ്പ് : സഭാതലവനെതിരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ജോഷി വർഗീസ് തേലക്കാടൻ നൽകിയ സ്വകാര്യ അന്യയത്തോടൊപ്പം സമർപ്പിച്ച “ഫാ. ബെന്നി മാരാംപറമ്പിൽ കമ്മീഷൻ റിപ്പോർട്ട്” ആണ് മേലുദ്ധരിച്ച യോഗങ്ങളുടെയും, തീരുമാനങ്ങളുടെയും, തീയ്യതികളുടെയും അവലംബമായി സ്വീകരിച്ചിരിക്കുന്നത്)
*തിരുത്ത്: മെഡിക്കൽ കോളജ് നിർമാണത്തിന് ലോൺ എടുത്തത് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ആയിരുന്നു.