Thursday, May 30, 2024
No menu items!
Homeഭൂമി വിവാദം"ഫാ ബെന്നി മാരാംപറമ്പില്‍ കമ്മീഷന്‍" എന്ന അന്യായക്കമ്മീഷൻ

“ഫാ ബെന്നി മാരാംപറമ്പില്‍ കമ്മീഷന്‍” എന്ന അന്യായക്കമ്മീഷൻ


എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍ക്കല്‍ – വാങ്ങല്‍ വിഷയം വിവാദമായപ്പോള്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയമിതമായി എന്നു പറയപ്പെടുന്ന “ഫാ ബെന്നി മാരാംപറമ്പില്‍ കമ്മീഷന്‍” ഈ അണ്ഡകടാഹത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ അന്വേഷണ കമ്മീഷനുകള്‍ക്കും മുന്നില്‍ ഒരു പരിഹാസ്യ വിഷയമാണ്. ഭൂമിയിടപാടുകള്‍ സംബന്ധിച്ച് 2017 നവംബര്‍ 29ന് ചേര്‍ന്ന വൈദികസമിതി യോഗം ബഹളമയമാവുകയും ഇതന്വേഷിക്കാന്‍ ഒരു കമ്മീഷന്‍ വേണമെന്ന് ഫാ. ബെന്നിയും മറ്റുചില വൈദികരും ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ “ബെന്നിയച്ചൻ തന്നെ അത് അന്വേഷിക്കുക” എന്ന് കര്‍ദിനാള്‍ തന്നെ നിര്‍ദ്ദേശിക്കുകയുണ്ടായി. കര്‍ദിനാളിന്‍റെ ഈ നിര്‍ദേശം “ശിരസാ ഏറ്റെടുത്ത്” ഫാ. ബെന്നി തട്ടിക്കൂട്ടിയ അന്വേഷണ കമ്മീഷനിലെ സ്വയം പ്രഖ്യാപിത കണ്‍വീനറായി അദ്ദേഹം സ്വയം അവരോധിതനായി. അന്വേഷിക്കുന്ന വിഷയത്തില്‍ അങ്ങേയറ്റം സത്യസന്ധതയും നീതിബോധവും തികഞ്ഞ നിഷ്പക്ഷതയും പുലര്‍ത്തുന്നതാണ് അന്വേഷണ കമ്മീഷനുകളുടെ സ്വഭാവവും ചരിത്രവും. എന്നാൽ ഇവിടെയിതാ ആരോപണമുന്നയിച്ച വ്യക്തി തന്നെ അന്വേഷണം നടത്തുവാനും വിധിപ്രസ്താവിക്കാനും “ചങ്കൂറ്റം” കാണിച്ചു മുന്നോട്ടുവന്നിരിക്കുന്നു! വിമതസംഘത്തിന് അർമാദിക്കാൻ ഇതിൽപരം എന്തു വേണം ?

നീതിബോധം നഷ്ടപ്പെട്ട അന്യായക്കമ്മീഷൻ

ഫാ. ബെന്നി മാരാംപറമ്പിലിനെ കൂടാതെ ഫാ. ലൂക്കോസ് കുന്നത്തൂര്‍, ഫാ. ജോസഫ് കൊടിയന്‍, റിട്ട തസഹില്‍ദാര്‍ എ.ജെ തോമസ് പുത്തന്‍പള്ളി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് ജോണ്‍ സി പള്ളിവാതുക്കല്‍, അഡ്വ. ഏബ്രഹാം പി ജോര്‍ജ് എന്നിവരും ഈ കമ്മീഷനില്‍ അംഗങ്ങളായിരുന്നു. എന്നാല്‍ ആരാണ് ഈ കമ്മീഷനെ നോമിനേറ്റ് ചെയ്തത് എന്ന് റിപ്പോര്‍ട്ടില്‍ എവിടെയും വ്യക്തമാക്കുന്നില്ല. ഫാ ബെന്നി നിര്‍ദ്ദേശിച്ച കമ്മീഷനംഗങ്ങളെ അംഗീകരിച്ച് കര്‍ദിനാള്‍ ഒപ്പുവയ്ക്കകുയും ചെയ്തു. സഹവൈദികരെ വിശ്വാസത്തിലെടുത്തു എന്ന മാര്‍ ആലഞ്ചേരിയുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നുവെങ്കിലും ഇത് അദ്ദേഹത്തിന് സംഭവിച്ച ഗുരുതരമായ ഒരു വീഴ്ചയായിരുന്നു.

2017 നവംബര്‍ 29ന് രൂപീകൃതമായ അന്വേഷണ കമ്മീഷന് 2018 ജനുവരി 31 വരെ, 64 ദിവസമായിരുന്നു കാലാവധി. ആറ് അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മീഷൻ രൂപവല്‍ക്കരിക്കുന്നതായും 2015 ഏപ്രില്‍ 1 മുതല്‍ 2017 നവംബര്‍ 30 വരെയുള്ള അതിരൂപതയുടെ എല്ലാ വരവുചെലവു കണക്കുകളും ഭൂമികൈമാറ്റ ഇടപാടുകളും പരിശോധിക്കുകയും അതില്‍ വന്നിരിക്കുന്ന പോരായ്മകളും സാമ്പത്തിക നഷ്ടങ്ങളും വിലയിരുത്തുകയും ചെയ്യുക എന്നതായിരുന്നു കമ്മീഷന്‍റെ ഉത്തരവാദിത്വം.

മുന്‍കൂട്ടി തയാറാക്കിയ ലക്ഷ്യങ്ങളെ സാധൂകരിക്കുന്ന വിധത്തില്‍ തികഞ്ഞ മുന്‍വിധികളോടെയായിരുന്നു കമ്മീഷന്‍ ഭൂമിയിടപാട് വിഷയത്തെ സമീപീച്ചത്. സംശയമുണ്ടെങ്കൽ കമ്മീഷന്റെ റിപ്പോർട്ടിൻ്റെ ആമുഖത്തിൽ എഴുതിയിരിക്കുന്നത് നോക്കൂ. “There were 6 members appointed in the committee on 29th Nov 2017 to enquire the alleged financial and land transaction in the Arch Dioces of Ernakulam and Ankamaly ‘അങ്കമാലി അതിരൂപതയിലെ “ആരോപണവിധേയമാ യ സ്ഥലമിടപാടുകളും സാമ്പത്തിക ആരോപണങ്ങളും” അന്വേഷിക്കാന്‍ 2017നവംബര്‍ 29ന് നിയമിക്കപ്പെട്ട ആറംഗ കമ്മിറ്റി’ എന്നു പറഞ്ഞാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ആരോപണം ഉണ്ടെന്നു പറഞ്ഞു തുടങ്ങുന്ന റിപ്പോർട്ടിൽ അഴിമതി നടന്നു എന്ന് തെളിയിക്കണമല്ലോ, അതിനു വേണ്ട എല്ലാ വഴികളും കമ്മീഷൻ തേടിയിരുന്നു.

രണ്ടു മാസത്തിലധികം പ്രവര്‍ത്തന കാലാവധിയുണ്ടായിരുന്ന ഈ കമ്മീഷന്‍ ഒരുമാസത്തിനുള്ളില്‍തന്നെ റിപ്പോര്‍ട്ട് തയാറാക്കി എന്നുവേണം കരുതാന്‍. വിവാദമായ/വിവാദമാക്കിയ സ്ഥല ഇടപാടുകൾ നടന്ന സമയത്തു അതിരൂപതയുടെ പ്രോക്യൂറേറ്ററും ഫിനാൻസ് ഓഫീസറും ആയിരുന്ന ഫാ. ജോഷി പുതുവ, കമ്മീഷന് നൽകിയ രണ്ടു കത്തുകൾ റിപ്പോർട്ടിന്റെ അനുബന്ധം-23 ആയി ചേർത്തിട്ടുണ്ട്. (ഈ ലേഖകന്റെ നിക്ഷ്പക്ഷതയെ വായനക്കാർ സംശയിക്കാതിരിക്കാൻ വേണ്ടി ഈ കത്തുകൾ രണ്ടും അതേ രൂപത്തിൽ കമൻ്റ് ബോക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്)

അതിരൂപതയിൽ ഏപ്രിൽ 2015-നും നവംബർ 2017-നും ഇടയിൽ നടന്ന “എല്ലാ ഭൂമി ഇടപാടുകളും” അന്വേഷിക്കാൻ നിയുക്തമായ കമ്മീഷൻ, ഈ കാലഘട്ടത്തിൽ ലിസി ഹോസ്പിറ്റൽ സ്ഥാപനത്തിനുവേണ്ടി അതിരൂപത നടത്തിയ “50 കോടി രൂപയുടെ ഇടപാട്” കാണാതെ പോയി. സമയക്കുറവ് മൂലമാണ് ഇതു സംഭവിച്ചതെങ്കിൽ ഫാ. ജോഷി പുതുവ ചൂണ്ടിക്കാണിച്ചപ്പോഴെങ്കിലും അതിനെപ്പറ്റി അന്വേഷിക്കേണ്ടതായിരുന്നു. കമ്മീഷന്റെ നിക്ഷ്പക്ഷതയെയും നീതിബോധത്തെയും ചോദ്യം ചെയ്യുന്ന ഒരു പ്രധാനപ്പെട്ട സംഗതിയായി ഈ 50 കോടിയുടെ ഇടപാട് വിട്ടു കളഞ്ഞ സംഭവം നിലകൊള്ളുന്നു.

റിപ്പോര്‍ട്ട് തയാറാക്കി കഴിഞ്ഞയുടന്‍ തന്നെ ഫാ. ബെന്നി മാരാംപറമ്പില്‍ കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ മറ്റൊരു വീഴ്ച ലോകം അറിഞ്ഞു. 2018 ജനുവരി 4ന് വൈകുന്നേരം നടക്കേണ്ടിയിരുന്ന അതിരൂപതാ വൈദിക സമിതി യോഗത്തില്‍ സമര്‍പ്പിക്കുന്നതിനായി അതീവരഹസ്യ സ്വഭാവമുള്ള രേഖകള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട്, വൈദികസമിതി യോഗം ചേരുന്നതിനു മുമ്പേ കേരളത്തിലെ പൊതുസമൂഹം ദൃശ്യമാധ്യമങ്ങളിലൂടെ ഇതിന്‍റെ ഉള്ളടക്കം മനസ്സിലാക്കി എന്നതാണ് ഈ ഗുരുതരമായ വീഴ്ച. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻ്റെ ഒരു കോപ്പി പോലും ആര്‍ച്ച് ബിഷപ്പിനു നല്‍കാനുള്ള സാമാന്വ മര്യാദ കാണിക്കാതെ വൈദികസമിതിയില്‍ കടന്നുചെല്ലുമ്പോള്‍ മാത്രമേ അദ്ദേഹത്തിന് റിപ്പോര്‍ട്ട് കാണാന്‍ അവസരം നല്‍കൂ എന്നതായിരുന്നു കമ്മീഷൻ്റെ പാളിപ്പോയ ഒരു കുതന്ത്രം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പഠിക്കാനും ചര്‍ച്ചകള്‍ക്ക് തയാറാകാനും വേണ്ട സമയം ലഭിക്കുവാന്‍ വളരെ നേരത്തേതന്നെ അവര്‍ ഈ വിവരം മാധ്യമങ്ങളെ അറിയിക്കുകയും അവർ രാവിലെ തന്നെ ചർച്ചയ്ക്കു തുടക്കമിടുകയും ചെയ്തു.

അതിരൂപത നേതൃയോഗം ചർച്ച ചെയ്ത് വില്പന നടത്തിയ സ്ഥലങ്ങളുടെ മാർക്കറ്റ് വില തീരുമാനിച്ച എൻജിനീയർ ഡയസ് മുളയ്ക്കന്റെ റിപ്പോർട്ട് മറ്റൊരു കോമഡിയാണ്. അതിരൂപത വിറ്റ അഞ്ചു സ്ഥലങ്ങളും അദ്ദേഹം 2018 ജനുവരി 3-ന് പരിശോധിച്ചു, 4-ന് രാവിലെ മാധ്യമങ്ങൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിലയും മറ്റു വിവരങ്ങളും രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ വസ്തുക്കളുടെ വില കണക്കാക്കുവാൻ ഉപയോഗിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാൻ അയാൾ തയ്യാറായില്ല.

വൈദികസമതി യോഗത്തിനു മുമ്പേ, രാവിലെ 11 നു തന്നേ ടിവി ചാനലുകളില്‍ ചര്‍ച്ചയായിമാറിയ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍ കണ്ട് ക്ഷുഭിതരായ ഒരുപറ്റം വിശ്വാസികള്‍ ദേശീയന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിന്‍, കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ കോർഡിനേറ്റർ സാബു ജോസ്, കെ.സി.വൈ.എം. നേതാവായിരുന്ന സെബാസ്റ്റ്യന്‍ വാടാശേരി, സാമൂഹികപ്രവര്‍ത്തകനായ കെന്നഡി കരിമ്പിന്‍കാലായില്‍, ശ്രീമിതി ലാലി തച്ചില്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ ആര്‍ച്ച് ബിഷപ്പിന്‍റെ ഓഫീസിൽ ചെന്ന് യാതൊരു കാരണവശാലും ഇന്ന് നടക്കുന്ന വൈദികസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പിതാവിനെ തങ്ങൾ സമ്മതിക്കില്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. വിമതവൈദികരുടെ ഗൂഢലക്ഷ്യം കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ദിനാളിനെക്കൊണ്ട് എങ്ങനെയെങ്കിലും അംഗീകരിപ്പിക്കുക എന്നതായിരുന്നു. കമ്മീഷൻ്റെ ഈ തന്ത്രം മുന്‍കൂട്ടി മനസ്സിലാക്കിയാണ് ഇവര്‍ ഇങ്ങനെ ചെയ്യുവാൻ മുന്നോട്ടു വന്നത്.

കമ്മീഷന്‍ റിപ്പോര്‍ട്ട് വൈദിക സമിതി യോഗത്തിനു മുമ്പേ ചാനല്‍ വാര്‍ത്തകളില്‍ നിറഞ്ഞതുകൊണ്ടും മേൽ പറഞ്ഞ വ്യക്തികൾ കർദിനാളിനെ തടഞ്ഞു വച്ചതു മൂലവും 2018 ജനുവരി 4ന് നടക്കാനിരുന്ന വൈദികസമിതി യോഗം ഉപേക്ഷിക്കേണ്ടിവന്നു. ഇങ്ങനെ വളഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ നിഗൂഡലക്ഷ്യ സാക്ഷാത്കാരത്തിനായി രൂപംകൊണ്ട “ഫാ ബെന്നി മാരാംപറമ്പില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്” വൈദികസമിതി യോഗത്തില്‍ അവതരിപ്പിക്കാതെ, യാതൊരു കാനോനിക അംഗീകാരവുമില്ലാതെ വെറും കടലാസുകെട്ടായി മാറി.

കൊട്ടിഘോഷിച്ച് അന്വേഷണം നടത്തി കടലാസുപുലിയായി മാറിയ കമ്മീഷന്‍ റിപ്പോര്‍ട്ട് നിലംതൊടാതെ നിലയുറപ്പിച്ചതോടെ പോലീസ് കേസുകളുടെയും കോടതിവ്യവഹാരങ്ങളുടെയും പുതിയ അധ്യായത്തിന് തുടക്കമായി.

പോലീസ് – കോടതി വ്യവഹാരങ്ങൾമേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാൻ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ഉള്‍പ്പെട്ട ആലോചനാ സമിതി യോഗവും, ഫിനാൻസ് കൗൺസിലും, അതിരൂപത കൂരിയായും നിരവധി ചര്‍ച്ചകളുടെയും പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളെല്ലാം കോടതി വ്യവഹാരങ്ങളിലേക്കു നീങ്ങിയപ്പോള്‍ അതില്‍ ഒരു വ്യക്തിമാത്രമേ പ്രതിസ്ഥാനത്ത് കാണപ്പെട്ടുള്ളൂ. അത് സീറോ മലബാർ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാത്രമായിരുന്നു. “കര്‍ദിനാള്‍ തങ്ങളുടെ അതിരൂപതയുടെ ഭൂമി വിറ്റുതുലച്ച് അതിരൂപതയ്ക്ക് നഷ്ടംവരുത്തി” എന്ന് ദൈവഭയവും ക്രിസ്തീയ സാക്ഷ്യവും നഷ്ടപ്പെട്ട ഒരുപറ്റം വിമതന്മാരുടെ കുപ്രചാരണം തൊണ്ണതൊടാതെ വിഴുങ്ങിയ മാധ്യമങ്ങള്‍ ഭൂമിയിടപാട് വേണ്ടവിധത്തിൽ ആഘോഷമാക്കി. വിമതവൈദികരുടെ സ്വാധീനത്തില്‍പെട്ട് ഇതെല്ലാം അങ്ങനെ തന്നെ എന്നു വിശ്വസിച്ച വളരെയേറെ വിശ്വാസികളും വഞ്ചിക്കപ്പെട്ടു.

അഡ്വ. പോളച്ചന്‍ പുതുപ്പാറ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയിൽ “ഇതൊരു സിവില്‍ സ്വഭാവമുള്ള പരാതിയാണ്” എന്ന പരാമര്‍ശത്തോടെ കോടതി തള്ളിക്കളഞ്ഞു. തുടര്‍ന്ന്, ഭൂമിയിടപാട് കേസില്‍ മരട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ താൻ സമർപ്പിച്ച സ്വകാര്യ പരാതിയിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടില്ല എന്നു ചൂണ്ടിക്കാണിച്ച് ജോഷി വര്‍ഗീസ് തേലക്കാടന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ “പോലീസ് അന്വേഷണത്തിന്വേ വിടണമോ വേണ്ടയോ എന്നത് മജിസ്ട്രേറ്റിന്‍റെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്ന കാര്യമാണ്” എന്നു പറഞ്ഞ് ഹൈക്കോടതി ഈ പരാതിക്ക് തീര്‍പ്പാക്കി.

ഷൈന്‍ വര്‍ഗീസ്, മാര്‍ട്ടിന്‍ എന്നീ വ്യക്തികള്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിക്കുകയും, പോലീസ് തങ്ങളുടെ പരാതി അന്വേഷിക്കുന്നില്ല എന്നു കാണിച്ചു അതേദിവസം തന്നെ കേരള ഹൈക്കോടതിയില്‍ റിട്ട് ഹർജി ഫയല്‍ ചെയ്യുകയും ചെയ്തു. ഈ റിട്ട് ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് കമാല്‍ പാഷ “കര്‍ദിനാള്‍ രാജാവാണോ?” എന്ന പരിഹാസം ഉയര്‍ത്തിയത്. ഈ പരാമര്‍ശം വിധിന്യായത്തില്‍ എഴുതിച്ചേര്‍ക്കാനും അദ്ദേഹം മടിച്ചില്ല.

നിലവിലുള്ള ക്രിമിനൽ പ്രൊസിജിയർ കോഡിലെ നിയമങ്ങളനുസരിച്ച് പോലീസ് പരാതി അന്വേഷിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ പരാതിക്കാരന്‍ ചെയ്യേണ്ടത് ആ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മജിസ്ട്രേറ്റ് കോടതിയില്‍ താന്‍ പോലീസിന് നല്‍കിയ പരാതിയെ അടിസ്ഥാനമാക്കി സ്വകാര്യ അന്യായം (private complaint) ഫയല്‍ ചെയ്യുക എന്നതാണ്. എന്നാല്‍ ക്രമിനല്‍ പ്രൊസീജിയര്‍ നിയമത്തിലെ ഈ വ്യവസ്ഥ മറികടന്നുകൊണ്ട്, പോലീസ് ഈ കേസുകള്‍ക്ക് FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ജസ്റ്റീസ് കമാല്‍ പാഷ ഉത്തരവിട്ടു. പ്രത്യക്ഷത്തിൽ തന്നെ നിയമ വിരുദ്ധമായ ഈ ഉത്തരവ് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ ഷൈൻ വർഗീസ് സുപ്രീം കോടതിയെ സമീപിക്കുകയും, പരാതിക്കാരന് എന്തെങ്കിലും ആവലാതി ഉണ്ടെങ്കിൽ മാജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിക്കേണ്ടത് എന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ മരട് കോടതയില്‍ പരാതി സമര്‍പ്പിച്ച ജോഷി വര്‍ഗീസ് തേലക്കാടന്‍, ഇതേ പരാതി കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഏഴു വ്യത്യസ്ത ക്രിമിനല്‍ സ്വകാര്യ അന്യായങ്ങളായി ഫയല്‍ ചെയ്തു. അതേ വിഷയത്തിലുള്ള പരാതി മരട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന വസ്തുത മറച്ചുപിടിച്ച് കാക്കനാട് കോടതയില്‍ അദ്ദേഹം പരാതികൾ നല്‍കിയത് തികഞ്ഞ നിയമലംഘനമാണ്.

ശ്രീ തേലക്കാടന്‍ നല്‍കിയ പരാതികളില്‍ സാക്ഷിയായി കോടതിയില്‍ വന്ന് “സത്യം ചെയ്തു” മൊഴി നല്‍കിയത് ഫാ. ബെന്നി മാരാംപറമ്പില്‍ ആയിരുന്നു. ഭൂമിയിടപാടുകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ നിയുക്തനായ കമ്മീഷന്‍റെ കണ്‍വീനറായിരുന്നു താനെന്നും കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് 2018 ജനുവരി 4ന് നടന്ന വൈദികസമിതി യോഗത്തില്‍ സമര്‍പ്പിച്ചുവെന്നും ആര്‍ച്ച് ബിഷപ്പിന് റിപ്പോര്‍ട്ട് കൈമാറിയെന്നും ആണ് ഫാ ബെന്നി കോടതിയില്‍ മൊഴി നല്‍കിയത്.

കോടതിയുടെ മുമ്പിലുള്ള റിപ്പോര്‍ട്ടില്‍ അനുബന്ധമായി ചേര്‍ത്തിരുന്ന അതിരൂപതാ ആലോചനാ സമിതിയുടെയും, ഫിനാന്‍സ് കൗണ്‍സിലിന്‍റെയും, കൂരിയയുടെയും തീരുമാനങ്ങള്‍ ബഹുമാനപ്പെട്ട കോടതി പരിശോധിച്ചിരുന്നുവെങ്കില്‍ ഇത് സദുദ്ദേശ്യത്തോടെ, കൂട്ടായ ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും ഫലമായി നീതിപൂര്‍വ്വകമായി എടുത്ത തീരുമാനങ്ങളായിരുന്നു എന്നും, ഇതിന്‍റെ പരിഹാരം സിവില്‍ നടപടികളിലൂടെയാണ് തുടരേണ്ടത് എന്നും ബഹുമാനപ്പെട്ട കോടതിക്ക് കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ക്രിമിനല്‍ ഗൂഢാലോചനയും വിശ്വാസവഞ്ചനയും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്തി കര്‍ദിനാള്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് അറിയിച്ചുകൊണ്ട് ജോഷി വര്‍ഗീസ് തേലക്കാടന്‍ സമര്‍പ്പിച്ച ഏഴു പരാതികളില്‍ ആറെണ്ണത്തിന് കാക്കനാട് മജിസ്ട്രേറ്റ് കോടതി സമണ്‍സ് പുറപ്പെടുവിച്ചു. ഏഴാമത്തെ കേസിന് മേല്‍കോടതിയുടെ സ്റ്റേ വന്നതിനാല്‍ അത് ഇപ്പോഴും തീരുമാനമാകാതെ കിടക്കുന്നു.

മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചു. അതിരൂപതയുടെ നിയമാവലിയുടെ അടിസ്ഥാനത്തിൽ സഭാ നേതൃത്വത്തിൻ്റെ സംയുക്തമായ ആലോചനകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് എല്ലാ ഇടപാടുകളും നടത്തിയതെന്നും അതിന്‍റെ തെളിവുകളായി ഫാ ബെന്നി മാരാംപറമ്പില്‍ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട കോടതിയുടെ മുമ്പാകെ ഉണ്ടെന്നും മാര്‍ ആലഞ്ചേരിയുടെ അഭിഭാഷകര്‍ വാദിച്ചു. വിശ്വാസികളുടെ കൂട്ടായ്മ എന്ന നിലയില്‍ ഒരു നൈയാമിക വ്യക്തി (legal entity)യാണ് സീറോമലബാര്‍ സഭയെന്നും, അതിരൂപതയുടെ നിയാമാവലി അനുസരിച്ചു നടത്തിയ കൂട്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ കടം വീട്ടുവനാണ് സ്ഥലവില്പന നടത്തിയതെന്നും, അതിരൂപതയുടെ അധ്യക്ഷൻ എന്ന നിലയിലാണ് താൻ ആധാരങ്ങളിൽ ഒപ്പു വച്ചതെന്നും മാർ ആലഞ്ചേരിയുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ മലങ്കര ഓര്ത്തഡോക്സ് സഭയുടെ കേസുകള്‍ പ്രകാരം ഒരു ട്രസ്റ്റ് ആയിട്ടാണ് സീറോമലബാര്‍ സഭ നിയമപ്രകാരം കണക്കാക്കപ്പെടുന്നത് എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. ട്രസ്റ്റിന്‍റെ സ്വത്ത് വില്‍ക്കുന്നതിന് സിവില്‍ നടപടി ചട്ടപ്രകാരം സെക്ഷന്‍ 92ലെ വ്യവസ്ഥകള്‍ പാലിക്കാതെയുള്ള വില്‍പ്പന നടന്നതിനാല്‍ വിശ്വാസവഞ്ചനക്കുറ്റം നിലനില്‍ക്കും എന്നുള്ള നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. മരട് കോടതിയില്‍ നിലനില്‍ക്കുന്ന പരാതി മറച്ചുവച്ച് കാക്കനാട് കോടതിയില്‍ അതേ വിഷയത്തില്‍ അതേ വ്യക്തിക്കെതിരേ വീണ്ടും പരാതി നല്‍കിയത് നിയമവിരുദ്ധമാണന്നും അതിനാല്‍ കാക്കനാട് കോടതിയിലെ കേസുകള്‍ നിലനില്‍ക്കില്ലെന്നും വ്യക്തമാക്കുന്നതിന്, സമാനസ്വഭാവമുള്ള കേസിലെ സുപ്രീംകോടതി വിധികള്‍ അഭിഭാഷകർ ചൂണ്ടിക്കാണിച്ചുവെങ്കിലും അവയെപ്പറ്റി ഒന്നും പരാമര്‍ശിക്കാതെ “കര്‍ദിനാള്‍ വിചാരണ നേരിടണം” എന്ന് ഹൈക്കോടതി വിധിച്ചു!

ഒരു സാധാരണക്കാരനായി ജീവിതം നയിക്കുന്ന ഷൈൻ വർഗീസ്സിന് സുപ്രീം കോടതിയെ ഉൾപ്പെടെ സമീപിച്ച് വ്യവഹാരത്തിലേർപ്പെടാൻ ആരാണ് പണം നൽകിയത്? ഇതിന്റെ പിന്നിൽ ആർക്കാണ് താല്പര്യം? അതുപോലെ, കർദിനാളിനെതിരെ നിരന്തരം കേസുകൾ നടത്തുവാൻ അഭിഭാഷകർക്കു കൊടുക്കുന്ന പണം ഈ സാധാരണക്കാർക്ക് എവിടുന്നു ലഭിക്കുന്നു? കാലം ഈ ചോദ്യങ്ങൾക്കു ഉത്തരം നൽകട്ടെ.

ചുരുക്കത്തില്‍, എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒരു മെഡിക്കല്‍ കോളജ് വേണം എന്ന വലിയ ആഗ്രഹത്തോടെ സഭയുടെ ഉന്നതാധികാര സമിതിക്കൊപ്പം കൂട്ടായി പ്രവര്‍ത്തിക്കുകയും അതിരൂപതയുടെ മൂന്ന് ഏക്കര്‍ വസ്തു വിറ്റപ്പോള്‍ മറ്റൂരിലും (23 ഏക്കര്‍), കോട്ടപ്പടിയിലും (25 ഏക്കര്‍) ദേവികളുത്തുമായി (17 ഏക്കര്‍) 65 ഏക്കർ ഭൂമി അതിരൂപതയ്ക്ക് ലഭിച്ചതുമായ ഇടപാടിന്‍റെ പേരില്‍ ഇന്ന് ക്രിമിനല്‍ വിചാരണ നേരിടേണ്ട കുറ്റവാളിയായി സീറോമലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നില്‍ക്കുന്നു!!!

എന്തുകൊണ്ട് ഇതൊക്കെ സംഭവിച്ചു?
…………………………………………………..

സീറോ മലബാർ തലവൻ കർദ്ദിനാൾ മാർ ആലഞ്ചേരിയെ വളഞ്ഞിട്ട് ആക്രമിക്കപ്പെടാൻ എന്താണ് കാരണം ? ഇതേക്കുറിച്ച് അടുത്ത ലേഖനത്തില്‍ വിവരിക്കാം. (തുടരും) 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments