Thursday, May 30, 2024
No menu items!
Homeഭൂമി വിവാദംകമ്യൂണിസ്റ്റുകാരൻ്റെ ധാർമ്മികതയും ക്രൈസ്തവ ധാർമ്മികതയുടെ വക്താക്കളും

കമ്യൂണിസ്റ്റുകാരൻ്റെ ധാർമ്മികതയും ക്രൈസ്തവ ധാർമ്മികതയുടെ വക്താക്കളും

ഒരു മനുഷ്യനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു കൊലപ്പെടുത്തുന്നതിനേയാണ് “കുറ്റകരമായ നരഹത്യ” (culpable homicide) എന്നു പറയുന്നത്. എന്നാൽ ശാരീരികമായി ഇല്ലാതാക്കുക എന്ന ലക്ഷ്യമില്ലാതെ ഒരു മനുഷ്യന്റെ സത്പേരിനെ നശിപ്പിച്ച്, സമൂഹത്തിൽ അദ്ദേഹത്തേ ലജ്ജിതനാക്കാൻ നടത്തുന്ന നീക്കങ്ങളെ “വ്യക്തിഹത്യ” (character assassination) എന്നു പറയും.

നരഹത്യയിലൂടെ ഒരു മനുഷ്യന്റെ ജീവിതകാലത്തിന് എന്നെന്നേക്കുമായി അന്ത്യമാകുന്നുവെങ്കിൽ വ്യക്തിഹത്യ നേരിടുന്ന വ്യക്തിക്ക്, അദ്ദേഹത്തിന്റെ മരണശേഷം എക്കാലത്തേക്കും നിലനിൽക്കേണ്ട സത്കീർത്തിയാണ് നശിപ്പിക്കപ്പെടുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട വ്യക്തിഹത്യ

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയായിരുന്ന യശഃശരീരനായ ശ്രീ ഉമ്മൻ ചാണ്ടി, തൻ്റെ ജീവിതത്തിലെ അവസാനത്തെ ഏതാനും വർഷങ്ങൾ കടന്നുപോയത് അതിഭീകരമായ വ്യക്തിഹത്യ നേരിട്ടു കൊണ്ടായിരുന്നു.

സർക്കാരിന് യാതൊരുതരത്തിലും ബന്ധമില്ലാത്ത ഒരു തട്ടിപ്പ് സംഘം നടത്തിയ കബളിപ്പിക്കലുകളെപോലും നല്ലൊരു ആയുധമായി ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയക്കാർ സർക്കാരിനെ പ്രതിരോധത്തിലാക്കുവാൻ ശ്രമിച്ചു. എന്നാൽ എപ്പോഴും ജനങ്ങളുടെ മധ്യേ ജീവിച്ച്, ഉയർന്ന നീതിബോധവും ജനസേവന തൽപരതയും ജീവിതവ്രതമാക്കിയ ഒരു രാഷ്ട്രീയ നേതാവിനെതിരെ ഈ തട്ടിപ്പ് സംഘത്തിലെ ഒരു സ്ത്രീയെക്കൊണ്ട് ലൈംഗീകമായ ആരോപണം ഉന്നയിപ്പിക്കുക എന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. ഇത്തരം നീചമായൊരു കാര്യത്തിന് കേരളത്തിലെ ചില രാഷ്ട്രീയ പ്രവർത്തകർ നേതൃത്വം കൊടുത്തപ്പോൾ കുറേ മാധ്യമങ്ങളും ഇവരോടൊപ്പം ചേർന്നു. ഈ ദു:ഖം കടിച്ചമർത്തിയാണ് കേരളത്തിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയക്കാരനും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടി നിത്യവിശ്രമത്തിലേക്ക് മാറ്റപ്പെട്ടത്. അദ്ദേഹം അനുഭവിച്ച വേദനയും ദുഃഖവും തങ്ങളുടെ സ്വന്തം വേദനയായി ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ശവമഞ്ചത്തിനരികിലേക്കു നീങ്ങിയ ജനക്കൂട്ടം ഇപ്പോൾ കബറിങ്കലേക്കും കടന്നു വരുന്നത്.

ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ ജനസ്വീകാര്യത യഥാർത്ഥത്തിൽ മനസ്സിലാക്കിയത് ആ മനുഷ്യന്റെ രാഷ്ട്രീയ എതിരാളികളാണ്. അതുകൊണ്ടാണ് ഏറ്റവും ഹീനമായ രീതിയിലുള്ള ആരോപണം അവർ അദ്ദേഹത്തിനെതിരേ ഉന്നയിച്ചു. കേരള പോലീസ് രണ്ടു പ്രാവശ്യം അന്വേഷിച്ചു തെളിവില്ല എന്നു കണ്ടെത്തി അവസാനിപ്പിച്ച പരാതി പിന്നീട് ആരോപണം ഉന്നയിച്ച സ്ത്രീയിൽനിന്ന് എഴുതി വാങ്ങി സിബിഐ അന്വേഷണംവരെ നടത്തി. ഒടുവിൽ ഈ പരാതിക്ക് ഒരു തെളിവുമില്ലെന്ന് കണ്ടെത്തി സിബിഐ ഈ പരാതിയിന്മേലുള്ള അന്വേഷണവും അവസാനിപ്പിച്ചു.

ശ്രീ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നിന് പിറകെ ഒന്നായി വ്യാജ ആരോപണങ്ങൾ നിരത്തിയ ഒരു മാധ്യമത്തിന്റെ കൺസൾട്ടിംഗ് എഡിറ്റർ എൻ. മാധവൻകുട്ടി കുറ്റസമ്മതം നടത്തി. ഉമ്മൻ ചാണ്ടി എന്ന നിരപരാധിക്കെതിരെ ചെയ്ത കാര്യങ്ങൾക്ക് പരസ്യമായി, അദ്ദേഹത്തിന്റ മരണശേഷം മാപ്പ് പറഞ്ഞു കൊണ്ട് അദ്ദേഹം തൻ്റെ ഫെയ്സ് ബുക്കിൽ കുറിച്ചത് ഇപ്രകാരമായിരുന്നു

“സരിത വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കുനേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ‘ദേശാഭിമാനി’യില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റകാരണംകൊണ്ടു മൗനത്തിലൂടെ ഞാൻ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു”

ജൂലൈ 20ന് അർദ്ധരാത്രിയോടുത്ത സമയത്തു തന്റെ പിതാവിന്റെ മൃതസംസ്കാര കർമ്മങ്ങൾ അവസാനിക്കവേ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കേരള സമൂഹത്തോടായി സംസാരിക്കവേ, ആ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സാന്നിധ്യം അനുസ്മരിച്ചു പറഞ്ഞത് “ആലഞ്ചേരി പിതാവ് ഞങ്ങളുടെ ഭവനത്തിലെ പ്രതിസന്ധികളിൽ എപ്പോഴും കൂടെയുണ്ടായിരുന്നു” എന്നാണ്.

ആലഞ്ചേരി പിതാവ് നേരിടുന്ന വ്യക്തിഹത്യ

ശ്രീ ഉമ്മൻ ചാണ്ടിയെപ്പോലെ തന്നെ സമാനതകളില്ലാത്ത വ്യക്തിഹത്യയ്ക്കു യാതൊരു ദക്ഷിണ്യവുമില്ലാതെ ഇപ്പോഴും വിധേയനായിക്കൊണ്ടിരിക്കുന്ന ആലഞ്ചേരി പിതാവിന് ഉമ്മൻ ചാണ്ടി അനുഭവിച്ച മാനസിക വേദന മാറ്റാരെയുംകാൾ ആഴത്തിൽ ഉൾക്കൊള്ളാൻ സാധിക്കും എന്നത് തികച്ചും വാസ്തവമായ കാര്യമാണ്.

എന്നാൽ ഈ രണ്ടു വ്യക്തിഹത്യകൾ തമ്മിലുള്ള വ്യത്യാസമെന്നത്, മുൻ മുഖ്യമന്ത്രിക്കെതിരെ ഈ ഹീനകൃത്യത്തിന് തയ്യാറായത് അദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ആയിരുന്നെങ്കിൽ ആലഞ്ചേരി പിതാവിനെതിരെ ഇതിന് ഗൂഢാലോചന നടത്തിയതും അതിനു നേതൃത്വം നൽകിയതും ഈ ശ്രേഷ്ഠപുരോഹിതന്റെ സഹപ്രവർത്തകർ കൂടിയായ സീറോ മലബാർ സഭയിലെ പുരോഹിതന്മാരായിരുന്നു എന്നതാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച ആ പുരോഹിതർ ഇന്നും നിർലജ്ജം ആലഞ്ചേരി പിതാവിനെതിരേ വ്യക്തിഹത്യ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

ആവർത്തിച്ചു പറയുന്ന കള്ളത്തിന് സത്യത്തിന്റെ പരിവേഷം ലഭിക്കുമെന്ന് ആലഞ്ചേരി പിതാവിനെതിരെ ചില പുരോഹിതർ ഉയർത്തിയ വ്യാജ ആരോപണങ്ങൾ അപ്പാടെ വിശ്വസിച്ച വ്യക്തികൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന വിലകുറഞ്ഞ വിമർശനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഭൂമി വിൽപ്പനയും ഭൂമിവിവാദവും

എറണാകുളം- അങ്കമാലി അതിരൂപതയുടെ നിയമനുസൃതമായ സമിതികൾ ചർച്ച ചെയ്തു യഥാവിധി നടപ്പിലാക്കിയതാണ് അതിരൂപതയുടെ അധീനതയിലുള്ള ഭൂമി വിൽപ്പനനടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് മെഡിക്കൽ കോളജിനു വാങ്ങിയ സ്ഥലത്തിന്റെ ബാങ്ക് ലോൺ ബാധ്യത ഇല്ലാതാക്കുക എന്ന തീരുമാനം. ഇത് അതിരൂപതയിലുള്ള എല്ലാ വൈദീകർക്കും നന്നായി അറിവുള്ളതാണ്. വിൽപ്പന നടത്തിയ വസ്തുക്കളുടെ വില പൂർണ്ണമായും അതിരൂപതക്കു ലഭിച്ചില്ല എന്നതും വസ്തുതയാണ് (എന്നാൽ പണം നൽകുമ്പോൾ തിരികെ നൽകാം എന്ന വ്യവസ്ഥയിൽ ഈട് ലഭിച്ചിരുന്നു ). ഭൂമി വിൽപ്പനയിൽ സമയത്തിനു പണം ലഭിക്കാതെ വന്നതോടെ, മാർ ആലഞ്ചേരിയെ ഇതിൻ്റെ പേരിൽ പരസ്യമായി അപകീർത്തിപ്പെടുത്തിയാൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്യുമെന്ന് ഒരുവിഭാഗം കരുതി. ഇതിലും നല്ല അവസരം തങ്ങൾക്കു വരാനില്ല എന്നുള്ള അവരുടെ കണക്കുകൂട്ടലിൽ നിന്നാണ് ഭൂമിവിൽപ്പന ”ഭൂമിവിവാദ”മായി പരിണമിക്കുന്നത്.

ഫാ ജോഷി പുതുവയുടെ കുറ്റസമ്മതം

അതിരൂപതയിൽ സാമ്പത്തികമായ കാര്യങ്ങൾ ഉൾപ്പെടെയുള്ള അനുദിന ചുമതലകൾ വഹിക്കുന്നത് പ്രോക്യൂറേറ്റർ എന്ന പദവി വഹിക്കുന്ന പുരോഹിതനാണ്. വിവാദമായ ഭൂമിവിൽപ്പന നടന്നപ്പോൾ ഈ സ്ഥാനം വഹിച്ചിരുന്നത് ഫാ. ജോഷി പുതുവാ ആയിരുന്നു. അതിരൂപത നിയമിച്ച അന്വേഷണ കമ്മീഷന് മുൻപാകെ അദ്ദേഹം സമർപ്പിച്ച സ്റ്റേറ്റ്മെന്റ് ഇപ്രകാരം ആണ്.

“ഖണ്ഡിക 6: സഭയുടെ നിയമപ്രകാരം അഭിവന്ദ്യപിതാവാണ് സഭയുടെ ഭരണത്തലവനും സ്വത്തുക്കളുടെ പരമാധികാരിയും (bona temporalia). എന്നാല്‍ ഈ വസ്തുതകള്‍ മറച്ചുവച്ച് ആരുടെയൊക്കെയോ ഉത്തരവനുസരിച്ച് വളരെ ധിക്കാരപരമായ ഭാഷയില്‍ ആര്‍ച്ച് ബിഷപ്പിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നു വെളിപ്പെടുന്നു. ഇടക്കാല റിപ്പോര്‍ട്ട്, അന്വേഷണപരിധി ലംഘിച്ചതായും സഭയില്‍ വിഭാഗീയത സൃഷ്ടിക്കുന്നതുമാണ്. ഭൂമി വില്‍പ്പനയ്ക്ക് ഏതെങ്കിലും പ്രത്യേക രീതി (modus operandi) അവലംബിക്കുന്നതിന് ആര്‍ച്ച് ബിഷപ്പ് എനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഭൂമി വില്‍പ്പന സംബന്ധിച്ച് എന്‍റെ ഭാഗത്തുനിന്നും സംഭവിച്ച നിയമപരമായ അശ്രദ്ധയോ പിഴവുകളോ (inadvertent laches or errors) സംഭവിച്ചുവെന്ന് ഞാന്‍ സമ്മതിക്കുന്നു. യാതൊരുവിധ രഹസ്യാത്മകതയും ഈ ഇടപാടില്‍ സംഭവിച്ചിട്ടില്ല. അതിരൂപതയ്ക്കുവേണ്ടി ഈ ഇടപാട് നടത്തുന്നതിന്‍റെയും രേഖകള്‍ തയ്യാറാക്കുന്നതിന്‍റെും പ്രാഥമികമായ ഉത്തരവാദിത്വം എനിക്കാണെങ്കിലും വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രോ വികാരി ജനറാള്‍ റവ ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടനും അസിസ്റ്റന്‍റ് പ്രൊക്യൂറേറ്റര്‍ ഫാ വര്‍ഗീസ് പാലാട്ടിയുമായി നിരന്തരമായ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന അഞ്ചു സ്വത്തുക്കള്‍ സെന്‍റിന് 9,05,000 രൂപ പ്രകാരം ഒരു വ്യക്തിയില്‍കൂടി വ്യത്യസ്തരായ അഞ്ചു വ്യക്തികള്‍ക്ക് വില്‍പ്പനയ്ക്ക് തയ്യാറായത് അതിരൂപതയുടെ എല്ലാവിധത്തിലുമുള്ള താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു…. വാസ്തവത്തില്‍ വില്‍പ്പന സംബന്ധിച്ച രേഖകള്‍ തയ്യാറാക്കിയത് സാജു വര്‍ഗ്ഗീസ് കുന്നേല്‍ ആണ്, രാത്രി ഏറെ വൈകിയാണ് എനിക്കത് കൈമാറിയത്. സാജു വര്‍ഗ്ഗീസിനു വില്‍പ്പന സംബന്ധിച്ച ക്രമീകരണങ്ങള്‍ എത്രയും വേഗത്തില്‍ ചെയ്യേണ്ടിയിരുന്നതിനാല്‍ ഉടനടി ഈ രേഖകളില്‍ ആര്‍ച്ച് ബിഷപ്പില്‍നിന്ന് ഒപ്പിട്ടുവാങ്ങേണ്ടിയിരുന്നു. സമയക്കുറവു കാരണം സാജു വര്‍ഗ്ഗീസ് വിശ്വസ്തതയോടെ ഏല്‍പ്പിച്ച രേഖകള്‍ എല്ലാം വായിച്ചുനോക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഈ പറഞ്ഞ ഒഴികഴിവുകളെല്ലാം നിയമപരമായി സാധുതയുള്ളവയാണെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ സാജുവര്‍ഗ്ഗീസില്‍ വിശ്വാമര്‍പ്പിച്ചു. സഭാപരമായി നിലനില്‍ക്കുന്ന കീഴുവഴക്കങ്ങള്‍ പ്രകാരം തന്‍റെ പ്രൊക്യൂറേറ്ററിലുള്ള വിശ്വാസ്യതയെ മുന്‍നിര്‍ത്തി (bond of confidence in the Procurator exists because of his hierarchical subordination) തന്‍റെ പ്രൊക്യൂറേറ്റര്‍ സമര്‍പ്പിച്ച രേഖകള്‍ എല്ലാം സസൂക്ഷ്മം വായിച്ച ശേഷമായിരിക്കും അഭിവന്ദ്യപിതാവ് ഒപ്പിടുകയെന്ന് ആരും കരുതില്ല” *(ഫാ. ജോഷി പുതുവ ഇംഗ്ലീൽ എഴുതിയ കുറിപ്പ് കമൻ്റ് ബോക്സിൽ)

പ്രോക്യൂറേറ്ററുടെ മേൽപ്പറഞ്ഞ സ്റ്റേറ്റ്മെന്റ് വായിക്കുന്ന ഏതൊരാൾക്കും ഭൂമി വിൽപ്പനയിൽ മാർ ആലഞ്ചേരിയുടെ ഇടപെടൽ എത്രയോ പരിമിതമായിരുന്നു എന്ന് വ്യക്തമാകും. തന്നെയുമല്ല, ലഭിക്കുവാനുള്ള പണത്തിനു പകരമായി അതിലേറെ തുകയുടെ ഈട് അതിരൂപതയ്ക്കു ലഭിക്കുകയും ചെയ്തിരുന്നു.

മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിൻ്റെ ഇരട്ടത്താപ്പ്

ഇങ്ങനെ ഈട് ലഭിച്ച കോട്ടപ്പടിയിലുള്ള സ്ഥലത്തെപ്പറ്റി തനിക്കു യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നാണ് ഈ കാലഘട്ടത്തിൽ അതിരൂപതയുടെ സഹായ മെത്രാൻ ആയിരുന്ന മാർ സെബാസ്റ്റ്യൻ എടയന്ത്രത് ഈ വിഷയത്തെ സംബന്ധിച്ച് അന്വേഷിച്ച ഫാ. ബെന്നി മാരാംപറമ്പിൽ കമ്മീഷന് എഴുതി കൊടുത്ത മറുപടിയിൽ മൊഴി നൽകിയത്. കമ്മീഷൻ മാർ എടയന്ത്രത്തിന് നൽകിയ ചോദ്യങ്ങളിൽ പതിമൂന്നാമത്തെ ചോദ്യവും അതിനുള്ള ഉത്തരവും ഇങ്ങനെയാണ് :

13. കോട്ടപ്പടി /ദേവികുളം ഭൂമിയിടപാടുകളെ കുറിച്ച് പിതാവിന് അറിയാമായിരുന്നോ?

ഉത്തരം : അറിഞ്ഞു കൂടായിരുന്നു. ആദ്യമായിട്ട്, വിശദാംശങ്ങൾ അറിയുന്നത് ഇരുപതോളം അച്ചന്മാർ കാർദിനാൾ പിതാവിനെ കാണുവാൻ വന്ന അവസരത്തിലാണ്. (തീയ്യതി ഡിസംബർ 15, 2017)

എന്നാൽ, വത്തിക്കാന്റെ നിർദേശം അനുസരിച്ചു കെപിഎംജി നടത്തിയ അന്വേഷണം വെളിപ്പെടുത്തുന്നത് ഇതിന് നേരെ വിപരീതമായാണ്. ഈ റിപ്പോർട്ടിന്റ 33-ാം പേജിൽ പറയുന്നത് ഇപ്രകാരമാണ്. “Bishop Sebastian sent an email on 7th March 2017 stating the particulars of the scheme for exchange of land to the Procurator. During the discussions Bishop Sebastian stated that, “with respect to the email sent by me for exchange of land for the purchase of Kottappady land, it was under the instruction of the Cardinal that I drafted this email. The Cardinal informed me that it will be good form the Archdiocese to purchase and sell the property of 70 acres at Kottappady and the financial losses incurred by the Archdiocese will be covered. I sent the email to Fr. Joshy for his approval.”

തുടർന്ന് കെപിഎംജി താഴെ പറയുന്ന നിരീക്ഷണം നടത്തുന്നു :” Bishop Sebastian as a Proto Synchellus has all the decision making powers. However, based on our discussions and review of minutes of the meetings, it appears that Bishop Sebastian did not exercise his powers and responsibilities vested upon him and did not question the process and decisions taken regarding the land transactions.

മാർ എടയന്ത്രത്തിനെപ്പറ്റിയുള്ള കെപിഎംജി റിപ്പോർട്ടിന്റെ ആദ്യ ഭാഗം ഇങ്ങനെയാണ് : “Bishop Sebastian signed off on the Curia resolution to sell land owned by the Archdiocese for INR 905,000 per cent and stated that, “I recollect a handwritten note shown to me by Fr. Joshy with different rates for different plots of land with an average price of INR 9.05 lakh per cent. This was later handed over to the commission. Discussions indicated that the average rate of INR 905,000 was not questioned by Bishop Sebastian in his capacity as the Auxiliary Bishop and Proto Synchellus.

മാർ ജോസ് പുത്തൻവീട്ടിലിൻ്റെ മൗനാനുവാദം

ഈ കാലയളവിൽ തന്നെ അതിരൂപതയുടെ മറ്റൊരു സഹായ മെത്രാനായിരുന്ന മാർ ജോസ് പുത്തൻവീട്ടിൽ, അതിരൂപതയുടെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ കാനോനിക സമിതി മീറ്റിംഗുകളിലും പങ്കെടുത്തതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തെപ്പറ്റി കെപിഎംജി റിപ്പോർട്ടിന്റെ 33-ആം പേജിൽ മാർ പുത്തൻവീട്ടിലിന്റെ ഭൂമി വിവാദത്തിലെ നിലപാടിനെ കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.”Our review of minutes of the meetings and discussions with Mar Jose Puthenveettil indicated that he was not involved and did not question the process and decisions taken regarding the land transactions.”

ഫാ ബെന്നി മരാംപറമ്പിലും മുതിർന്ന പുരോഹിതന്മാരും

ഇത് കൂടാതെ അതിരൂപതയുടെ ആലോചന സമിതിയിലും, ഫിനാൻസ് കൗൺസിലിലും അംഗങ്ങൾ ആയിരുന്ന ഒരു ഡസനോളം വരുന്ന മുതിർന്ന പുരോഹിതന്മാരും ഭൂമി വിൽപ്പനയെ സംബന്ധിച്ച എല്ലാ തീരുമാനങ്ങളുടെയും ഭാഗമായിരുന്നു. ഏറ്റവും ഒടുവിൽ, ഈ വിഷയത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും കൂരിയാ ചർച്ച ചെയ്യുകയും, അതിരൂപതക്കു ലഭിക്കുവാനുള്ള പണം നിയമപരമായി നേടിയെടുക്കുവാൻ ഒരു കമ്മിറ്റിയെ നിയമിക്കുകയും, 30-11-2017-നകം പണം കിട്ടിയില്ലെങ്കിൽ നിയമ നടപടികൾ ആരംഭിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഇത് നടപ്പിലാക്കാതിരിക്കുവാൻ 29-11-2017-ൽ വൈദീക സമിതി ചേർന്ന് ഭൂമി വിൽപ്പനയിൽ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ചു ശബ്ദായമാനമായ രംഗങ്ങൾ സൃഷ്ടിക്കുകയും ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതൽ ബഹളം വച്ച ഫാ. ബെന്നി മാരാംപറമ്പിലിനോട് അതിരൂപത അധ്യക്ഷൻ കൂടിയായ മാർ ആലഞ്ചേരി, “ഈ കാര്യം ബെന്നി അച്ചൻ തന്നെ അന്വേഷിക്കുക” എന്നു പറയുകയും, ഫാ. ബെന്നി തന്നെ തട്ടിക്കൂട്ടിയ കമ്മീഷൻ നിലവിൽ വരികയും ചെയ്തു. ഭൂമി വിൽപ്പനയിൽ പണം ലഭിക്കാതെ പോയതിൻ്റെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുവാനുള്ള അവസരം അതോടെ ഇല്ലാതായി.

പുരോഹിത സംഘത്തിൻ്റെ നിഗൂഡവും അധാർമ്മികവുമായ മൗനം

ഭൂമി വിൽപ്പനയുടെ നാൾവഴികൾ പരിശോധിച്ചാൽ, മാർ ജോർജ് ആലഞ്ചേരിയെ ലക്ഷ്യമാക്കി ഒരുപറ്റം വൈദീകരുടെ നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയും വ്യക്തിഹത്യയുമാണ് വെളിവാകുന്നത്. യഥാർത്ഥ വസ്തുതകൾ മറച്ചുവച്ച്, മാർ ആലഞ്ചേരി വലിയ അപരാധം ചെയ്ത വ്യക്തി എന്ന നിലയിൽ ഏതാനും പുരോഹിതന്മാരുടെ നേതൃത്വത്തിൽ ആക്രമിച്ചു. എല്ലാ മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ളാറ്റുഫോമുകളും ഇതേറ്റു പാടി. ആലഞ്ചേരി പിതാവിനെ ആക്ഷേപിക്കുന്നവർക്ക് ഏതുവിധേനയും സഹായകരമായ നിലപാടുകളാണ് രണ്ടു സഹായ മെത്രാന്മാരും സ്വീകരിച്ചത്. ഫാ. ജോഷി പുതുവായാകട്ടെ നിഗൂഢമായ മൗനം തുടർന്നു കൊണ്ടേയിരിക്കുന്നു.

നരഹത്യ പോലെ തന്നെ ക്രൂരവും ദൈവസന്നിധിയിൽ ശിക്ഷാർഹവുമാണ് വ്യക്തിഹത്യ എന്ന് ഈശോ മശിഹാ ഗിരിപ്രഭാഷണത്തിൽ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (മത്തായി 5:22). അത് ഒരു വ്യക്തിയുടെ സത്കീർത്തി നശിപ്പിക്കുമ്പോൾ തന്നെ ആ തെറ്റ് ചെയ്യുന്നവർക്ക് നരഹത്യക്ക് തുല്യമായ നരകാഗ്നിയിലുള്ള ശിക്ഷയും ലഭിക്കുമെന്ന് തിരുവചനം പ്രഖ്യാപിക്കുന്നു. തങ്ങളുടെ മേലധികാരികൂടിയായ ഒരു ശ്രേഷ്ഠ പുരോഹിതനെതിരെ വ്യക്തിഹത്യ നടത്തിയപ്പോൾ സത്യം അറിയാവുന്നവർ മൗനംപൂണ്ടത് ക്രൈസ്തവ ധാർമ്മികതയ്ക്കു നിരക്കുന്ന പ്രവർത്തനമല്ല.

മുൻ സഹായമെത്രാന്മാർ സത്യം വെളിപ്പെടുത്തണം

അതിരൂപതയുടെ ഭൂമി വിൽപ്പന സുതാര്യം ആയിരുന്നു എന്നും, ഇതിലൂടെ അതിരൂപതക്കു യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും ഇനിയെങ്കിലും മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും, മാർ ജോസ് പുത്തൻവീട്ടിലും, ഫാ. ജോഷി പുതുവയും അതിരൂപതയിലെ വിശ്വാസ സമൂഹത്തോട് പറയണം. നിങ്ങളുടെ മൗനം കുറ്റകരവും അധാർമ്മികവുമാണ് എന്ന് ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിയണം. ക്രൈസ്തവ ധാർമ്മികതയും അതിൽനിന്നും കത്തോലിക്കാ സഭ കടഞ്ഞെടുത്ത ധാർമ്മികതയുടെ ദൈവശാസ്ത്രവുമെല്ലാം പഠിച്ചവരും പഠിപ്പിക്കുന്നവരും പ്രസംഗിക്കുന്നവരുമായ നിങ്ങൾ ഒരു കമ്യൂണിസ്റ്റുകാരനായ പത്രപ്രവർത്തകൻ്റെ ധാർമ്മിക ബോധത്തിനു മുന്നിൽ തലകുനിക്കേണ്ടി വരും. ഇടം കൈയും വലം കൈയും തിരിച്ചറിയാത്ത വിധം ധാർമ്മികബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സ്ത്രീ ഉമ്മൻ ചാണ്ടിക്കെതിരേ നടത്തിയ വ്യക്തിഹത്യയുടെ മുന്നിൽ, സഭാശ്രേഷ്ഠനെതിരേ ധാർമ്മികതയുടെ വക്താക്കളായ നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വാക്തിഹത്യ ഒരു വിധത്തിലും നീതീകരിക്കത്തതല്ല എന്നു വ്യക്തമാക്കട്ടെ.

അതുപോലെ തന്നെ, ഈ വിഷയത്തിൽ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നിരപരാധിത്വം ബോധ്യമുള്ള സഭയിലെ ഏതൊരു മെത്രാനും സഭയിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന ഓരോ വ്യക്തിക്കും അദ്ദേഹത്തിൻ്റെ നിരപരാധിത്വം പൊതു സമൂഹത്തിന്റെ മുൻപിലും വിശ്വാസികളോടും ബോധ്യപ്പെടുത്തുവാനുള്ള സമാനമായ ചുമതലയുണ്ട്. “… അധികം ലഭിച്ചവനില്‍നിന്ന്‌ അധികം ആവശ്യപ്പെടും; അധികം ഏല്‍പിക്കപ്പെട്ടവനോട്‌ അധികംചോദിക്കും. (ലൂക്കാ 12:48)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments