Saturday, July 27, 2024
No menu items!
Homeഭൂമി വിവാദംഎറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട്: KPMG റിപ്പോർട്ട് ചോർന്നു

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട്: KPMG റിപ്പോർട്ട് ചോർന്നു

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന വിവാദമായതോടെ വത്തിക്കാൻ്റെ നിർദ്ദേശാനുസരണം KPMG എന്ന രാജ്യാന്തര ഓഡിറ്റിംഗ് സ്ഥാപനം അന്വേഷിച്ചു നൽകിയ റിപ്പോർട്ട് സ്വകാര്യ വെബ്സൈറ്റിലൂടെ പുറത്തായി.

വത്തിക്കാനിലും എറണാകുളം അങ്കമാലി അതിരൂപതയിലും വളരെ രഹസ്യമായി സൂക്ഷിക്കുന്ന ഈ റിപ്പോർട്ട് എപ്രകാരം ചോർന്നു എന്നതും ആരാണ് ഇതിനു പിന്നിലെന്നും ഇത് പോസ്റ്റ് ചെയ്തിരിക്കുന്ന വെബ് സൈറ്റിനേക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട് എന്നാണ് നിയമ വിദഗ്ധർ പറഞ്ഞത്.

എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്നതായി ആരോപിക്കപ്പെട്ട അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോൾ അതിരൂപതയിൽ വത്തിക്കാൻ നേരിട്ട് നടത്തിയ വളരെ പ്രധാനപ്പെട്ട ഇടപെടലാണ് അതിരൂപതയുടെ ദൈനംദിന ഭരണാധികാരം മെത്രാപ്പോലീത്തയ്ക്കുവേണ്ടി നിർവ്വഹിക്കുവാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ ജേക്കബ് മാനത്തോടത്തിനെ നിയമിച്ചത്. അതിരൂപതയിലെ രണ്ട് സഹായമെത്രന്മാരെയും തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയതും വൈദീകസമിതിയെ സസ്‌പെൻഡ് ചെയ്തതും ഈ നടപടിയുടെ ഭാഗമായിരുന്നു. അതിരൂപതയിൽ നടന്നതായി ആരോപിക്കപ്പെട്ട ക്രമക്കേടുകൾ രാജന്ത്യര നിലവാരവും അംഗീകാരവും ഉള്ള ഒരു ഓഡിറ്റിംഗ് ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും, ഈ അന്വേഷണ റിപ്പോർട്ട് പരസ്യമാക്കാതെ വത്തിക്കാന് കൈമാറണമെന്നും, അഞ്ചു വർഷങ്ങൾക്കിടയിൽ അതിരൂപതയിൽ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിപ്പിക്കണം എന്നും വത്തിക്കാൻ നിർദേശം നൽകിയിരുന്നു.

അതിരൂപതയിലെ അംഗവും സി.എം.ഐ സഭ നടത്തുന്ന എറണാകുളം കാക്കനാട്ടുള്ള രാജാഗിരി കോളേജിലെ അധ്യാപകനുമായ ജോസഫ് ഇഞ്ചിയോടിയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് അന്വേഷണത്തിനായി അപ്പസ്തോലിക് അഡിമിനിസ്ട്രേറ്റർ നിയമിച്ചത്. വർഷങ്ങളായി അതിരൂപതയുടെ കണക്കുകൾ നോക്കുന്ന ചാർട്ടേർഡ് അക്കൗണ്ടൻ്റും ഈ സംഘത്തിൽ ഉണ്ടായിരുന്നു. ഇഞ്ചിയോടി കമ്മീഷനെ സഹായിക്കാൻ എന്ന പേരിൽ KPMG എന്ന ഏജൻസിയെ കൂടി നിയമിച്ചു. ഈ കാര്യങ്ങളെല്ലാം KPMG റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

KPMG തങ്ങളുടെ റിപ്പോർട്ട് ഭദ്രമായി മാർ മാനത്തോടത്തിനു സമർപ്പിച്ചു. അദ്ദേഹം അത് നേരിട്ട് വത്തിക്കാനിൽ കൊണ്ടുപോയി പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന് കൈമാറി. പിന്നീട് വ്യാജരേഖ കേസിൽ പോലീസ് മാർ മാനത്തോടത്തിൻ്റെ മൊഴി എടുത്തപ്പോൾ അദ്ദേഹം പറഞ്ഞത് KPMG റിപ്പോർട്ടിന്റെ ഒരു കോപ്പി അതിരൂപതയുടെ

ഓഫീസിലെ സേഫിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട് എന്നായിരുന്നു.

അങ്ങനെ ഭദ്രമായി കൈകാര്യം ചെയ്ത ‘മുതലാണ്’ ഇപ്പോൾ ഇന്റർനെറ്റിൽ ഓടിക്കളിക്കുന്നത്. ഇത് എങ്ങനെ ഇന്റർനെറ്റിൽ എത്തി എന്നതും ആരാണ് ഇതിനു പിന്നിലെന്നതുമാണ് ഇനി അന്വേഷിക്കേണ്ടത്. രണ്ടു കോപ്പികളും സൂക്ഷിച്ചിരിക്കുന്ന വത്തിക്കാനിലെയും എറണാകുളം അങ്കമാലി അതിരൂപതയിലെയും ശുശ്രൂഷകർ രഹസ്യങ്ങൾ സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഈ രഹസ്യരേഖ ചോർന്നതിലൂടെ വത്തിക്കാൻ്റെ വിശ്വസ്യതയെപ്പോലും സംശയിക്കാൻ കാരണമാകുന്നു. അതിനാൽ ഇതിനെ ഗൗരവമുള്ളതായി കാണേണ്ടതുണ്ട്. ഈ രേഖകൾ എവിടുന്നാണ് ചോർന്നതെന്നും ആരാണ് ചോർത്തിയതെന്നും അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്.

റിപ്പോർട്ടിൽ ചില ഭാഗങ്ങളെല്ലാം കറുപ്പ് നിറത്തിൽ മായിച്ചിരിക്കുന്നതു കാണാം. അതിരൂപതയുടെ ബാങ്ക് ലോണുകൾ തീർക്കുവാനായി ഭൂമി വിൽക്കുവാനുള്ള തീരുമാനം കാനോനിക സമിതികൾ ചേർന്ന് ചർച്ച ചെയ്ത് എടുത്തതാണെന്നും, വിൽപ്പനയുടെ ഭാഗമായി കിട്ടിയ പണം പൂർണ്ണമായും അതിരൂപതയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് വന്നതെന്നും മറ്റും കാണിക്കുന്ന ഭാഗങ്ങൾ ആരും വായിക്കാതിരിക്കാൻ കറുപ്പിച്ചിരിക്കുന്നു. ഇത് ആരായിരിക്കണം ചെയ്തത്? ഏതായാലും, വത്തിക്കാനിൽ ഉള്ളവർക്ക് ഇത് ചെയ്യേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല എന്നാണ് ഒരു പ്രധാന വ്യക്തി പറഞ്ഞത്.

എന്തായാലും KPMG റിപ്പോർട്ട് ചോർച്ച ഗുരുതരമായ കൃത്യവിലോപവും ഉത്തരവാദിത്വ ലംഘനവുമാണ്. കത്തോലിക്കാ സഭയുടെ ആസ്ഥാനത്തിനു പോലും മാനഹാനി വരുത്തുവാൻ ചിലർ കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയും സംശയിക്കേണ്ടതുണ്ട്. ഈ രേഖകൾ ചോർത്തി നൽകിയവരും വെബ്സൈറ്റിൽ upload ചെയ്തവരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവരും സമാധാനം പറയേണ്ടി വരും എന്നത് ഉറപ്പാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments