Saturday, July 27, 2024
No menu items!
Homeഭൂമി വിവാദംഎടയ'തന്ത്ര'ത്തിൽ കുരുങ്ങിയ അൽമായ മുന്നേറ്റം

എടയ’തന്ത്ര’ത്തിൽ കുരുങ്ങിയ അൽമായ മുന്നേറ്റം

ഭൂമി വിവാദത്തിന്റെ ആരംഭത്തിൽ സീറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനേ സ്വഭാവഹത്യ നടത്തി അദ്ദേഹത്തേ സമൂഹത്തിൽ പരിഹാസപാത്രമാക്കാൻ കിണഞ്ഞു ശ്രമിച്ചവർ നിരവധിയാണ്. ഒരു വിഭാഗം വൈദീകരിലും വിശ്വാസികളിലും കേരളസമൂഹത്തിൽ മുഴുവനും പിതാവിനെതിരായ പൊതുവികാരം ഇളക്കിവിടാൻ ഇവർക്കു കഴിഞ്ഞു. എന്നാൽ ഇവരിൽ പലരും ഇന്ന് ചിത്രത്തിൽ ഇല്ല. വിമതർക്ക് വളരാൻ വെളളവും വളവും നൽകി തിരശ്ശീലയ്ക്ക് ഉള്ളിലേക്ക് പിൻവാങ്ങിയ ഇക്കൂട്ടർ ഇപ്പോൾ ഇവിടെ നടക്കുന്ന കളികളെല്ലാം കണ്ട് ആസ്വദിച്ചിരിക്കുകയാണ്. വിമത വൈദികരും അൽമായരും ഭൂമിയിടപാടിൻ്റെ പേരുപറഞ്ഞ് സീറോ മലബാർ സഭയുടെ സ്വൈര്യം കെടുത്തുമ്പോഴും ഈ സംഘർഷങ്ങൾക്കെല്ലാം വഴിമരുന്നിട്ടവർ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ മെത്രാൻ സ്ഥാനവും മറ്റ് സ്ഥാനമാനങ്ങളും നൽകുന്ന സുരക്ഷിത ലാവണങ്ങളിൽ വിരാജിക്കുന്നു.

സഭയിൽ മന:പൂർവ്വം കലക്കമുണ്ടാക്കുന്നതിന് ഇവർ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകളും കുതന്ത്രങ്ങളും തിരിച്ചറിയാതെയാണ് ”അൽമായ മുന്നേറ്റം” എന്ന വിമത സംഘം സ്വയം വിഡ്ഡികളാവുകയും മറ്റുള്ളവരെ വിഡ്ഡികളാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഒരു പ്രമുഖ മാധ്യമത്തിൽ ഓഗസ്റ്റ് 11, 2022 ന് വന്നിരിക്കുന്ന പത്രവാർത്ത.

“ഭൂമിയിടപാട്: വിശ്വാസികളെ വിഡ്ഢികളാക്കാൻ ശ്രമം എന്ന് അൽമായ മുന്നേറ്റം” എന്ന തലക്കെട്ടിൽ വന്നിരിക്കുന്ന വാർത്തയിൽ വിമതന്മാരുടെ ഒരു ആരോപണം ഇപ്രകാരമാണ്:

“എറണാകുളം അങ്കമാലി അതിരൂപതയുടെ 16 കോടി രൂപ കൊടുത്തു വാങ്ങിയ കോട്ടപ്പടിയിലെ വിവാദമായ ഭൂമി ഈടു ലഭിച്ചതാണെന്നു പറഞ്ഞ് വിശ്വാസികളെ വിഡ്ഢികളാക്കാൻ സഭാ നേതൃത്വം ശ്രമിക്കുകയാണെന്ന് അതിരൂപത അൽമായ മുന്നേറ്റം ആരോപിച്ചു. അതിരൂപതയിലെ ഒരു കാനോനിക സമിതിയുടെയും അനുമതിയില്ലാതെയാണ് ഈ ഭുമി വാങ്ങിയത്”

ഈ പ്രസ്താവനയിൽ “അതിരൂപതയിലെ ഒരു കാനോനിക സമിതിയുടെയും അനുമതിയില്ലാതെയാണ് ഈ ഭുമി വാങ്ങിയത്” എന്ന ആരോപണം ആദ്യമായി പരിശോധിക്കാം.

അതിരൂപതയുടെ സഹായമെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിൻ്റെ ഒരു ഇമെയിൽ സന്ദേശം KPMG റിപ്പോർട്ടിന്റെ 80-ാം പേജിൽ ചേർത്തിട്ടുണ്ട്. 2017 മാർച്ച് 8-ന് ബിഷപ്‌ എടയന്ത്രത്ത് അയച്ചതായി കാണുന്ന പ്രസ്തുത ഇമെയിലിൽ, ”അതിരൂപത കോട്ടപ്പടിയിൽ ജോസ് എന്ന വ്യക്തിയിൽ നിന്ന് സ്ഥലം വാങ്ങുന്നതിനുള്ള നിയമ നടപടികൾ എല്ലാം പൂർത്തിയായതായി” എഴുതിയിരിക്കുന്നു. ഈമെയിലിൽ പറയപ്പെടുന്ന 70 ഏക്കറിൽ ഉൾപ്പെടുന്ന 25 ഏക്കാറാണ് അതിരൂപതക്ക് ലഭിക്കുവാനുള്ള പണം കിട്ടാതിരുന്നപ്പോൾ ആലഞ്ചേരി പിതാവ് നിർബന്ധമായി ഈടായി എഴുതി വാങ്ങിയത്.

ഈ ഇമെയിൽ ഇപ്രകാരമാണ്: (കമൻറ് ബോക്സിൽ ചിത്രം 1)

“From: Bishop Sebastian Adayanthrath

Date: Wed, 8 Mar 2017, 5.31am

Subject: Draft document

To: Joshy Puthuva, Sunny Kalapurakal

Priya Joshy acha,

Kindly review it before you come for the curia. We can finalize it after discussion.

BpS

March 7, 2017

Understanding regarding sale and purchase of land near ———

1. The Archdiocese is buying 70 acres of land for a total cost of Rs 63 crores.

2. The land owner is Mr. Jose and he is selling the property to the Archdiocese and all the legal process has been completed.

3. In return the Archdiocese gives away four pieces of its property namely……. “

പിന്നീട്, ഒൻപത് മാസങ്ങൾക്ക് ശേഷം വിശ്വാസ സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് ബിഷപ്പ് എടയന്ത്രത്ത് മലക്കം മറിഞ്ഞു. ഭൂമിയിടപാട് ഇതിനോടകം വിവാദമായതോടെ ഈ ഘട്ടത്തിൽ രൂപംകൊണ്ടതാണല്ലോ “ബെന്നി മാരംപറമ്പിൽ കമ്മീഷൻ”. കമ്മിഷൻ നമ്പറിട്ട ബിഷപ്പ് എടയന്ത്രത്തിനു നൽകിയ ചോദ്യാവലിയിൽ 13-ാമത്തെ ചോദ്യത്തിന് ബിഷപ്പ് എടയന്ത്രത്ത് നൽകിയ മറുപടിയിൽ പറയുന്നത് കോട്ടപ്പടിയിൽ സ്ഥലം വാങ്ങുന്നത് “അറിഞ്ഞുകൂടായിരുന്നു”എന്നാണ്.

അദ്ദേഹം കൊടുത്തു മൊഴിയുടെ ഫോട്ടോ കോപ്പി comment box-ലെ ചിത്രങ്ങൾ 1, 2 കാണുക. (അദ്ദേഹം കുറിച്ചിരിക്കുന്ന തീയതി 12-15-2017 എന്നാണ്. താൻ സേവനം ചെയ്ത കനേഡിയൻ തീയ്യതി പാറ്റേൺ പ്രകാരം സംഭവിച്ചതാകാം)

വിവാദത്തെ തുടർന്ന് വൈദീകരുടെ യോഗത്തിൽ ചെയ്ത പ്രസംഗത്തിലും മാർ എടയന്ത്രത്തു, താൻ ഒന്നും അറിഞ്ഞിരുന്നില്ല എന്നുള്ള നിലപാട് ആവർത്തിച്ചു. സഭാ നിയമപ്രകാരം തന്റെ മേലധികാരി രൂപതയിൽ ഉണ്ടായിരിക്കെ പാലിക്കേണ്ട മര്യാദകൾ ലംഘിച്ച് അദ്ദേഹം സർക്കുലർ ഇറക്കി. ആലഞ്ചേരി പിതാവ് ഭൂമി ഇടപാടിലൂടെ വലിയ അനർത്ഥങ്ങൾ അതിരൂപതയ്ക്ക് വരുത്തിവച്ചു എന്ന ധ്വനിയായിരുന്നു പ്രസ്തുത സർക്കുലറിൽ നിറഞ്ഞു നിന്നത്. “ആവശ്യമെങ്കിൽ പള്ളികളിൽ വായിക്കാം” എന്ന കുറിപ്പോടുകൂടിയാണത്രേ ഈ നോട്ടീസ് തയ്യാറാക്കി ഇടവകകൾക്ക് അയച്ചുകൊടുത്തത്.

ബെന്നി മരാംപറമ്പിൽ കമ്മീഷൻ മുമ്പാകെ ബിഷപ് എടയന്ത്രത്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ സംഘടിച്ചു. അത്മായരുടെ നേതൃത്വത്തിൽ സമരം പൊട്ടിപ്പുറപ്പെട്ടു. കോടതികളിൽ ഒന്നിന് പുറകെ ഒന്നായി വിമത വൈദീകരുടെ ബന്ധുക്കൾ കേസുകൾ ഫയൽ ചെയ്തു. ഭൂമിയിടപാടിൽ കർദ്ദിനാൾ നേട്ടമുണ്ടാക്കി, ഇപ്രകാരം ഉണ്ടാക്കിയ തുക വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചു എന്ന നട്ടാൽ കുരുക്കാത്ത നുണ എല്ലായിടത്തും പ്രചരിപ്പിച്ചു, ഇതിനേ സാധൂകരിക്കാൻ ഫാ പോൾ തേലക്കാട്ട് ഉൾപ്പെടെ മൂന്ന് വൈദികരുടെ നേതൃത്വത്തിൽ വ്യാജരേഖകൾ ഉണ്ടാക്കി പ്രചരിപ്പിച്ചു…. ഇതെല്ലാം ബിഷപ് സെബാസ്റ്റ്യൻ എടയന്ത്രത്തിൻ്റെ എന്ന സഹായ മെത്രാൻ്റെ പരസപര വിരുദ്ധമായ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിൻ്റെ മാറി മറിഞ്ഞ നിലപാടുകളുടെ ഏറ്റവും ഒടുവിലത്തെ പ്രതിഫലനമാണ് അത്മായ മുന്നേറ്റത്തൻ്റെതായി വന്നിരിക്കുന്ന പത്രവാർത്ത!

KPMG റിപ്പോർട്ട് ചോരില്ല, അതിനാൽ തൻ്റെ ഈ മെയിൽ കമ്യൂണിക്കേഷൻ പുറം ലോകത്ത് എത്തില്ല എന്ന് ബിഷപ് എടയന്ത്രത്ത് കരുതി കാണും. എന്നാൽ അതിരൂപതയിലേ ഏതോ അതിബുദ്ധിമാൻ KPMG റിപ്പോർട്ട് ഒരു വെബ് സൈറ്റിൽ upload ചെയ്യുകയും അത് പരസ്യമാവുകയും ചെയ്തു. ഇതിലൂടെയാണ് ഇപ്പോൾ ബിഷപ്പ് എടയന്ത്രത്തിൻ്റെ ഇരട്ടത്താപ്പ് വെളിവായിരിക്കുന്നത്.

അതിരൂപതയുടെ അധ്യക്ഷനെ സഹായിക്കുവാൻ നിയുക്തനായ സഹായമെത്രാൻ ബിഷപ്പ് എടയന്ത്രത്ത് വസ്തുതകൾ മറച്ചുവച്ചത് എന്തിനായിരുന്നു ? തനിക്ക് അറിയാമായിരുന്ന കാര്യങ്ങൾ ബിഷപ്‌ എടയന്ത്രത്ത് സത്യസന്ധമായി പറഞ്ഞിരുന്നുവെങ്കിൽ സീറോ മലബാർ സഭ പൊതുസമൂഹത്തിന് മുൻപിൽ ഇത്രയും അപമാനിക്കപ്പെടുമായിരുന്നോ ? ബിഷപ്പ് എടയന്ത്രത്തിൻ്റെ ഈ ഇരട്ടത്താപ്പല്ലേ എറണാകുളം അങ്കമാലി അതിരൂപതയിൽ ഇത്രമേൽ പ്രതിസന്ധികൾ വരുത്തിവച്ചത് ?

എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു സഹായമെത്രാനും പിന്നീട് മണ്ഡ്യ സീറോ മലബാർ രൂപതയുടെ ബിഷപ്പുമായി നിയമിതനായ സെബാസ്റ്റ്യൻ എടയന്ത്രത്തിൻ്റെ തന്ത്രപൂർവ്വമായ നിലപാടുകളുടെ പരിണിത ഫലമണ് സീറോ മലബാർ സഭയെ പിടിച്ചുലയ്ക്കുന്ന ഭൂമി വിവാദത്തിൻ്റെ മുഖ്യ കാരണം. ഈ വസ്തുത എല്ലാ സഭാ സ്നേഹികളും വിമതന്മാരും തിരിച്ചറിയണം.

കോട്ടപ്പടിയിലെ സ്ഥലം അതിരൂപതക്ക്‌ കിട്ടാനുള്ള പണത്തിന് ഈടായി ലഭിച്ചതല്ല, അതിരൂപത വാങ്ങിയതാണ് എന്നുള്ളതാണല്ലോ അത്മായ മുന്നേറ്റക്കാരുടെ മറ്റൊരു ആരോപണം. ഇതിലേ വസ്തുത നോക്കുക:

അതിരൂപതയുടെ ആലോചനാ സമിതിയുടെ തീരുമാനപ്രകാരം വിറ്റ സ്ഥലത്തിൻ്റെ പണം ലഭിക്കാതെ വന്ന ഒരു നിർണ്ണായക ഘട്ടത്തിൽ അതിരൂപതയ്ക്ക് നഷ്ടപ്പെടുമായിരുന്ന പണം ലഭിക്കുമെന്ന് ഉറപ്പാക്കാനായി അടിയന്തര സാഹചര്യത്തിൽ കർദ്ദിനാൾ എടുത്ത ശക്തമായ നടപടി ആയിരുന്നു കോട്ടപ്പടിയിലെ സ്ഥലം ഈടായി എഴുതി വാങ്ങിയത്. എറണാകുളം അങ്കമാലി അതിരൂപതയുടെ തലവൻ എന്ന നിലയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എടുത്ത ഈ നടപടി 9-11-2017 ൽ ചേർന്ന ഫിനാൻസ് കൗൺസിൽ അംഗീകരിച്ചതായും 30-11-2017നകം ലഭിക്കാനുള്ള പണം ലഭിക്കാതെ വന്നാൽ ആവശ്യമായ നിയമ നടപടി സ്വീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിൽ സംശയമുള്ളവർ 9-11-2017 മിനുട്സ് വായിച്ചു നോക്കുക. രണ്ട് സഹായ മെത്രാന്മാരും ഒരു ഡസൺ മുതിർന്ന വൈദീകരും മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ ഈ യോഗത്തിൽ കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലങ്ങൾ ഈടായി ലഭിച്ചതാണെന്നും, അതിരൂപതക്ക് കിട്ടാനുള്ള പണം ലഭിക്കുമ്പോൾ ഈടായി ലഭിച്ച സ്ഥലം തിരികെ നൽകണം എന്നും വ്യക്തമായി മിനുട്സിൽ രേഖപ്പെടുത്തിയിരിക്കുന്നു.

എന്നാൽ ഈ തീരുമാനത്തെ അട്ടിമറിക്കുന്നതിന്നു വേണ്ടിയാണ് എടയ’തന്ത്ര’ശാലികൾ 29-11-2017 നു തന്നേ വൈദിക സമിതി യോഗം വിളിച്ചു ചേർത്തത്. ഈ യോഗത്തിൽ ഫാ ബെന്നി മാരാംപറമ്പിൽ ആണ് സ്ഥലം വിൽപ്പനയിൽ വൻ ക്രമക്കേട് ആരോപിച്ച് ബഹളം വച്ചത്. ഇതിനേ തുടർന്ന് “എന്നാൽ ബെന്നിയച്ചൻ തന്നെ ഇത് അന്വേഷിക്കുക” എന്ന് ആലഞ്ചേരി പിതാവ് ആവശ്യപ്പെട്ടു. ഇതിൻപ്രകാരമാണ് “ബെന്നി മാരാംപറമ്പിൽ കമ്മീഷൻ” നിലവിൽ വരുന്നത്. കമ്മീഷനിലെ മറ്റ് അംഗങ്ങളെ ആരോപണം ഉന്നയിച്ചവർ തന്നെ തീരുമാനിക്കുകയും ചെയ്തു.

“25 ഏക്കർ സ്ഥലം പതിനാറു കോടി രൂപക്ക് അതിരൂപത വില കൊടുത്തു വാങ്ങി”യെന്ന് പറയുന്നവർ ഒരു സെന്റ് സ്ഥലത്തിന് കേരളത്തിൽ അന്ന് വിലയെത്രയാണെന്ന് അന്വേഷിക്കുക. കമ്പോള വിലയനുസരിച്ച് (ope‌n market) ഇന്ന് 60 കോടിയോളം രൂപ വിലയുള്ള 25 ഏക്കർ സ്ഥലമാണ് സർക്കാർ നിശ്ചയിച്ച fair value അനുസരിച്ച് ആധാരം രജിസ്റ്റർ ചെയ്യുന്നതിനായി 16 കോടി രൂപയ്ക്ക് ആധാരം ചെയ്തത്. അതിരൂപതയ്ക്ക് ഈടായി ലഭിച്ചതും വ്യവസ്ഥകൾ പാലിക്കാതെ വന്നപ്പോൾ fair value ആയ 16 കോടി രൂപ നൽകി രജിസ്റ്റർ ചെയ്ത് അതിരൂപതയുടെ സ്വന്തമാവുകയും ചെയ്തതാണ് ഈ സ്ഥലം. അതിനു മറ്റു ചില തെളിവുകൾ കൂടി നോക്കുക:

ഏതൊരു വ്യക്തിയും സ്ഥലം വാങ്ങിയാൽ ഉടൻ സ്ഥലത്തിന്റെ “പോക്ക് വരവ് ” നടത്തുക പതിവാണ്. എന്നാൽ ഈ സ്ഥലം ഈടായി വാങ്ങിയ ഉടൻ ഇതിൻ്റെ “പോക്കുവരവ് നടത്തി സ്വന്തം പേരിൽ ചേർത്ത് കരമടച്ചി”ട്ടില്ല. എന്നാൽ അത് നടന്നത്, 2019 ഓഗസ്റ്റ് 30ന് മെത്രാപ്പോലീത്തൻ വികാരി ബിഷപ് ആൻറണി കരിയിൽ നിയമിതനായതിനു ശേഷമായിരുന്നു.

വ്യാജന്മാർ കള്ളം പ്രചരിപ്പിക്കുമ്പോൾ ബിഷപ്പ് എടയന്ത്രത്തിൻ്റെ പരസ്പര വിരുദ്ധമായ പ്രസ്താവനയിൽ കുടുങ്ങിയവരെല്ലാം അത് വിശ്വസിച്ചേക്കും. എന്നാൽ ഡിജിറ്റൽ തെളിവുകൾ സംസാരിക്കുന്നിടത്തോളം എല്ലാവരേയും വിഡ്ഡികളാക്കാൻ നിങ്ങൾക്ക് കഴിയില്ല എന്ന് വിമതന്മാരേ ഒരിക്കൽ കൂടി സ്നേഹത്തോടെ അറിയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments