Wednesday, September 18, 2024
No menu items!
Homeപ്രതികരണംആലഞ്ചേരി പിതാവിനോടു ക്ഷമ ചോദിച്ച് അഡ്വ. പുതുപ്പാറ; ഇതൊരു തുടക്കമാകട്ടെ!

ആലഞ്ചേരി പിതാവിനോടു ക്ഷമ ചോദിച്ച് അഡ്വ. പുതുപ്പാറ; ഇതൊരു തുടക്കമാകട്ടെ!


എറണാകുളം അങ്കമാലി അതിരൂപതയില്‍ “ഭൂമിയിടപാടി”ന്‍റെ പേരില്‍ കഴിഞ്ഞ കുറെ നാളുകളായി ഉയര്‍ന്നുകേട്ടത് വളരെ വേദനാജനകമായ സംഭവങ്ങളായിരുന്നു. വെറുമൊരു സിവില്‍ കേസായി പരിണമിക്കേണ്ടിയിരുന്ന ഒരു വിഷയത്തെ ഒരു ക്രിമിനല്‍ കേസാക്കി മാറ്റുകയും സീറോമലബാര്‍ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ മുഖ്യപ്രതിയാക്കി ചിത്രീകരിച്ചുകൊണ്ട് അദ്ദേഹത്തെ സമൂഹത്തില്‍ പരിഹാസ്യനാക്കി അവതരിപ്പിക്കുകയും ചെയ്യുന്നതിൽ മത്സരിക്കുകയായിരുന്നു ചില വ്യക്തികൾ. ഇത്തരം നീചകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മറ്റാരുമായിരുന്നില്ല, സഭയിലെ തന്നെ കുറെ വൈദികരും ചില മെത്രാന്‍ നാമധാരികളുമായിരുന്നു! മുപ്പത് വെള്ളിക്കാശിന് കുറ്റമില്ലാത്ത രക്തത്തെ ഒറ്റിക്കൊടുത്തവന്‍റെ വഴിയിലകപ്പെട്ട ചില അധികാരമോഹികളായിരുന്നു ഭാരതസഭയുടെ ചരിത്രത്തെ ഇത്രമേല്‍ കളങ്കപ്പെടുത്തുകയും സഭാതലവനെ കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്ത മഹാപാപികള്‍.

കുറ്റകരമായ ഗൂഡാലോചനയും കൃത്രിമരേഖകളും എല്ലാം സൃഷ്ടിച്ചുകൊണ്ട് പൈശാചികശക്തികള്‍ സര്‍വ്വസന്നാഹങ്ങളോടെയാണ് സഭാതലവനെതിരേ പോരിനിറങ്ങിയത്. നിഗൂഡലക്ഷ്യത്തോടെ സംഘടിതമായി ചിലര്‍ ഒത്തുകൂടി വിശ്വാസസമൂഹത്തെ ഒന്നടങ്കം സഭാതലവനെതിരേ തിരിച്ചുവിടുവാന്‍ ശ്രമിച്ചുവെങ്കിലും സത്യത്തെ അധികകാലം തളച്ചിടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഉന്നതങ്ങളില്‍ വിരാജിക്കുന്ന ഈ ദുഷ്ടശക്തികളുടെ സ്വാധീനത്തില്‍ ഉള്‍പ്പെട്ടു പോയവരില്‍ നീതിബോധമുള്ള പലരും ഉണ്ടായിരന്നു. അവരില്‍ ഒരുവനാണ് അഡ്വ പോളച്ചന്‍ പുതുപ്പാറ എന്ന അഭിഭാഷകന്‍. താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന സത്യം അദ്ദേഹത്തിന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. ഒരു നീതിമാനെതിരേയാണ് താന്‍ ഇത്രയും കാലം അന്യായം പ്രവര്‍ത്തിച്ചത് എന്നു മനസ്സിലാക്കിയ അദ്ദേഹം മാനസാന്തരപ്പെട്ട് സഭയുടെ ആസ്ഥാനമന്ദിരത്തിലെത്തി സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാലുപിടിച്ച് ക്ഷമചോദിച്ചു. ഈ കാര്യങ്ങളെല്ലാം അഡ്വ പോളച്ചന്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എറണാകുളം – അങ്കമാലി ഭൂമിയിടപാടു കേസിന്‍റെ ചരിത്രത്തിലെ ഒരു പ്രധാനസംഭവമായിരിക്കും ഇത് എന്നതില്‍ ഒരു സംശയവുമില്ല. തനിക്കു തെറ്റുപറ്റിയെന്ന് ബോധ്യമായപ്പോള്‍ മാനസാന്തരപ്പെടുവാനും ക്ഷമചോദിക്കാനും അഡ്വ പോളച്ചന്‍ കാണിച്ച ഈ ആര്‍ജ്ജവം അഭിനന്ദാര്‍ഹമാണ്. അഡ്വ പോളച്ചനോട് ക്ഷമിക്കുവാനും അദ്ദേഹത്തെ ആശ്വസിപ്പിക്കുവാനും അനുഗ്രഹിക്കവാനും തയ്യാറായ ആലഞ്ചേരി പിതാവ് ക്രിസ്തുവിൻ്റെ മനസ്സോടെ ക്രിസ്തുമാർഗ്ഗത്തിൻ്റെ ശ്രേഷ്ഠതയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് കേരളത്തിലെ ചില യുക്തിവാദികള്‍ സംഘടിപ്പിച്ച ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ച അല്‍പ്പസമയം കേട്ടിരുന്നപ്പോഴാണ് വാസ്തവമായി അതിരൂപതയുടെ ഭൂമിയിടപാട് സംഭവങ്ങള്‍ സമൂഹത്തിന്‍റെ മനസ്സില്‍ പതിഞ്ഞിരിക്കുന്നത് എപ്രകാരമാണ് എന്ന യാഥാര്‍ത്ഥ്യം എനിക്കു മനസ്സിലായത്. യുക്തിവാദി സംഘം നേതാവാണ് ക്ലബ് ഹൗസ് ചര്‍ച്ചയിലെ മുഖ്യപ്രഭാഷകന്‍. അദ്ദേഹം തന്‍റെ സംഭാഷണത്തില്‍ ചേദിക്കുന്നു, “കേരളത്തില്‍ നിന്നു കൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേയും ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരേയും നിങ്ങള്‍ക്ക് പ്രസംഗിക്കാം, ആരും നിങ്ങളെ തടയില്ല. എന്നാല്‍ ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ചോ സംഘപരിവാര്‍ മതതീവ്രവാദത്തെക്കുറിച്ചോ ആലഞ്ചേരി രാജിവയ്ക്കണമെന്നോ നിങ്ങള്‍ക്ക് പ്രസംഗിക്കാന്‍ ധൈര്യമുണ്ടോ?” ഒരു യുക്തിവാദി നേതാവ് ഇസ്ലാമിക ഭീകരവാദത്തോടും സംഘപരിവാര്‍ അജണ്ടകളോടും ചേര്‍ത്തുവച്ച് ഉപമിക്കുന്നത് മാര്‍ ആലഞ്ചേരി പിതാവിനെയാണ്!

സഭയിലെ ഏതാനും വ്യക്തികളും കുറെ മാധ്യമങ്ങളും ചേര്‍ന്ന്, മാർ ആലഞ്ചേരി മാപ്പര്‍ഹിക്കാത്ത ഒരു കുറ്റവാളിയാണെന്ന ചിത്രമാണ് സമൂഹത്തില്‍ പ്രചരിപ്പിച്ചിരിക്കുന്നത്! ഇത്രമേല്‍ ക്രൂരമായി സഭയെയും സഭാതലവനെയും ആക്ഷേപിക്കുന്നതില്‍ കുറെ ളോഹധാരികളോടൊപ്പം മുന്‍പന്തിയില്‍ നിന്ന ഒരു വ്യക്തിയായിരുന്നു അഡ്വ പോളച്ചന്‍ പുതുപ്പാറ. നിരപരാധിയും നിഷ്കളങ്കനുമാണ് ആലഞ്ചേരി പിതാവെന്നും താന്‍ മൂന്നു വര്‍ഷമായി കോടതി വ്യവഹാരങ്ങളിലൂടെയും വ്യക്തിഹത്യ ചെയ്തുമെല്ലാം അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു എന്നുമാണ് അഡ്വ പുതുപ്പാറ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. പാപബോധം വന്ന് മാനസാന്തരപ്പെട്ട അദ്ദേഹം ആലഞ്ചേരി പിതാവിന്‍റെ കാലുപിടിച്ച് ക്ഷമ ചോദിച്ചു കൊണ്ട് തന്‍റെ ക്രൈസ്തവ ധാര്‍മ്മികബോധമാണ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.

“സത്യത്തെ സംബന്ധിച്ച് പൂര്‍ണ്ണമായ അറിവു ലഭിച്ചിട്ടും മനഃപൂര്‍വ്വം പാപം ചെയ്യുന്നുവെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കുവാന്‍ ഇനി ഒരു ബലിയും അവശേഷിക്കുന്നില്ല, മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ” (ഹെബ്രായര്‍ 10:26,27) എന്നാണ് വചനം പറയുന്നത്. ഭൂമിയിടപാടു കേസില്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിവുള്ള വ്യക്തികളാണ് വ്യാജരേഖ ചമച്ചതിന്‍റെ പേരുലും മറ്റും പിടിക്കപ്പെട്ട് നീതിവിസ്താരത്തിന് ദിനങ്ങളെണ്ണി കഴിയുന്നവര്‍. ഇവിടെ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ ഓരോരുത്തരും അഡ്വ പോളച്ചന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചുകൊണ്ട് മാര്‍ ആലഞ്ചേരി പിതാവിനെ സന്ദര്‍ശിച്ച് അദ്ദേഹത്തിനെതിരേ ചെയ്തുകൂട്ടിയ കൊള്ളരുതായ്മകള്‍ക്ക് ക്ഷമചോദിക്കുകയും രമ്യതപ്പെടുകയും ചെയ്യണം. മനുഷ്യനാണ്, തെറ്റു സംഭവിക്കാം, എന്നാല്‍ മാനസാന്തരത്തിനും തെറ്റുതിരുത്തുവാനും ശരീരത്തില്‍ ജീവനോടെയിരിക്കുന്ന ഓരോ ദിവസവും നമുക്ക് അവസരമുണ്ട്. മൂക്കില്‍ നിന്ന് ശ്വാസം നിലച്ചാല്‍ പിന്നെ അക്ഷന്തവ്യമായ ഇത്തരം അപരാധങ്ങള്‍ ക്ഷമിക്കപ്പെടാന്‍ മറ്റ് വഴികളില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക. “എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്തിട്ടുള്ള നന്മതിന്മകള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന് മുമ്പില്‍ നില്‍ക്കേണ്ടവരാണല്ലോ” (2 കൊറിന്തോസ് 5:10).

ദൈവം ക്ഷമിക്കാത്ത പാപമുണ്ടെങ്കില്‍ അത് മാനസാന്തരപ്പെടാത്ത പാപങ്ങള്‍ മാത്രമാണ്. മാനസാന്തരപ്പെടുന്ന പാപിയോടു ക്ഷമിക്കുന്ന ദൈവത്തെയാണ് വിശുദ്ധഗ്രന്ഥം പ്രസ്താവിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം പ്രഘോഷിക്കുന്നവര്‍ക്ക് പ്രസ്തുത വചനത്തെ മാംസംധരിക്കാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഭൂമിയിടപാടുകളുടെ പേരില്‍ മാര്‍ ആലഞ്ചേരിക്കെതിരേ പടനയിച്ചവരും അവരുടെ പിണിയാളരും അദ്ദേഹത്തിനെതിരേ പരസ്യമായും രഹസ്യമായും ആക്ഷേപം ചൊരിഞ്ഞവരും സോഷ്യല്‍ മീഡിയയിലൂടെ വ്യാജം പ്രചരിപ്പിച്ചവരുമെല്ലാം അഡ്വ പോളച്ചനെപ്പോലെ അനുതപിക്കുകയും ആലഞ്ചേരി പിതാവിനോട് ക്ഷമചോദിക്കാന്‍ തയ്യാറാകയും വേണം. പാപിയെ മാനസാന്തരത്തിലേക്ക് നയിക്കുക എന്നതാണ് ദൈവത്തിന്‍റെ കരുണയുടെ ആത്യന്തിക ലക്ഷ്യം (റോമ 2:4). ഫറവോയെപ്പോലെ അനുതപിക്കാന്‍ കഴിയാതെ കഠിനഹൃദയരായി ജീവിച്ച് നശിപ്പിച്ചുകളയേണ്ടതല്ല മൂല്യവത്തായ ക്രിസ്തീയ ജീവിതം. മാനസാന്തരപ്പെടുന്നതോടൊപ്പം മാനസാന്തരത്തിന്‍റെ ഫലമായി സാധ്യമായ എല്ലാ കോടതി കേസുകളും പിന്‍വലിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം. പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും മനുഷ്യനില്‍ ബോധ്യം സൃഷ്ടിക്കുന്ന പരിശുദ്ധാത്മാവിന്‍റെ ശക്തിയോടെ ഈ ദുര്‍ഘടസന്ധിയെ അതിജീവിക്കാന്‍ ഉപജാപസംഘത്തിലെ എല്ലാവര്‍ക്കും സാധിക്കട്ടെ, അഡ്വ പോളച്ചന്‍ അതിന് ഒരു തുടക്കമാകട്ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments