Sunday, May 26, 2024
No menu items!
Homeഭൂമി വിവാദംആലഞ്ചേരി പിതാവിനെതിരെ എത്ര "ക്രിമിനൽ" കേസുകളുണ്ട് ?

ആലഞ്ചേരി പിതാവിനെതിരെ എത്ര “ക്രിമിനൽ” കേസുകളുണ്ട് ?

“സീറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരേ എത്ര ക്രിമിനൽ കേസുകളുണ്ട്?”

10? 12? 16? 20?

പലപ്പോഴായി പല വ്യക്തികളും വിവിധ സംഖ്യകളാണ് ഉത്തരമായി പറഞ്ഞു കാണുന്നത്. വാട്സാപ്പിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു വോയിസ് ക്ലിപ്പിലുള്ളത് സഭാതലവനെതിരെ “പതിനാറു ക്രിമിനൽ കേസുകൾ” ഉണ്ടെന്നാണ്. അദ്ദേഹത്തിനെതിരേ ഇത്രമേൽ കേസുകളുള്ളതിനാൽ ഇത്തവണ വിശുദ്ധ കുർബാനയുടെ ഐക്യരൂപത്തെ സംബന്ധിച്ച് അവസാന തീരുമാനം സിനഡിൽ ഉണ്ടാകില്ലെന്നും ചിലർ പ്രചരിപ്പിക്കുന്നു.

ആലഞ്ചേരി പിതാവിനെതിരേ വിവിധ കോടതികളിലുള്ള കേസുകളെക്കുറിച്ചു വിവിധ കുപ്രചാരണങ്ങൾ നടന്നതിനാൽ വാസ്തവം എന്താണെന്ന് അന്വേഷിക്കാൻ തന്നെ തീരുമാനിച്ചു. അറിഞ്ഞ കാര്യങ്ങൾ സീറോ മലബാർ സഭയെ സ്നേഹിക്കുന്നവർക്കായി ഇവിടെ പങ്കുവെക്കുന്നു.

ആലഞ്ചേരി പിതാവിനെതിരെ എറണാകുളത്തെ വിവിധ കോടതികളിൽ നിലവിലുള്ളത് പത്തു സ്വകാര്യ അന്യായങ്ങളാണ് (private complaints). ഈ സ്വകാര്യ പരാതികളെയാണ് ചിലർ ആത്മസംതൃപ്തിക്കായി ക്രിമിനൽ കേസായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സ്വകാര്യ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ “ക്രിമിനൽ സ്വഭാവം ഉള്ളവയാണ്” എന്ന് ആരോപിച്ചാണ് ഈ പരാതികൾ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ കോടതിയുടെ പരിശോധനയിൽ ഈ ആരോപണങ്ങൾക്ക് ക്രിമിനൽ സ്വഭാവം ഇല്ലെന്നു കണ്ടാൽ പരാതികൾ കോടതി തള്ളിക്കളയും ചെയ്യും.

ആലഞ്ചേരി പിതാവിന് എതിരായി ആദ്യം കോടതിയെ സമീപിച്ച അഡ്വ. പോളച്ചൻ പുതുപ്പാറയുടെ കേസിന് സംഭവിച്ചത് ഇതായിരുന്നു. പോളച്ചന്റെ പരാതി സിവിൽ സ്വഭാവം ഉള്ളതാണ് എന്ന് കണ്ടെത്തിയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

ആലഞ്ചേരി പിതാവിനെതിരേ ഇപ്പോൾ വിവിധ കോടതികളിൽ നിലവിലുള്ള പത്തു സ്വകാര്യ പരാതികളിൽ എഴെണ്ണം സമർപ്പിച്ചിരിക്കുന്നത് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിലാണ്. ജോഷി വർഗീസ് തേലക്കാടൻ എന്നയാൾ സമർപ്പിച്ച ഈ ഏഴു പരാതികളിലും കോടതി മുൻപാകെ സാക്ഷിയായി നിന്നു മൊഴി കൊടുത്തത് ഫാ. ബെന്നി മാരാംപറമ്പിലാണ്. ഇതിൽ ആറു കേസുകളിൽ കോടതി സമ്മൻസ് അയച്ചു.

അഡ്വ പോളച്ചൻ്റെ പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സ്വീകരിച്ച നിലപാട് പ്രകാരം മറ്റ് കേസുകളും നിലനിൽക്കുന്നതല്ല എന്ന് നിയമോപദേശം ലഭിച്ചതിനാലാവണം പിതാവ് ഈ കേസുകൾ റദ്ദ് (quash) ചെയ്യണം എന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ ഒരു സാക്ഷിയുടെ നേതൃത്വത്തിൽ തയ്യാറാക്കി കോടതിയിൽ തെളിവായി സമർപ്പിച്ചിരുന്ന റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്ന ഒരു അപൂർണ്ണമായ ഡോക്യൂമെന്റ് അനുസരിച്ചു, കത്തോലിക്കാ സഭ ഒരു ട്രസ്റ്റ് (Trust) ആണെന്നും, ട്രസ്റ്റിൻ്റെ നിയമങ്ങൾ അനുസരിക്കാതെയുള്ള നടപടികൾ നടന്നു എന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ സീറോ മലബാർ സഭ ഒരു ട്രസ്റ്റ് അല്ല എന്നുള്ള പൂർവകാല വിധികൾ പരിഗണിക്കാതെയുള്ള ഈ വിധി നിലനിൽക്കുന്നതല്ല എന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു ഒന്നിലധികം രൂപതകൾ സുപ്രീം കോടതിയെ സമീപിച്ചതായിട്ടാണ് അറിയുന്നത്.

കാക്കനാട് ഈ ഏഴു സ്വകാര്യ പരാതികൾ സമർപ്പിക്കുന്നതിനു മുൻപ് ഇതേ പരാതിക്കാരൻ ഇതേ ആവശ്യം ( അതിരൂപതയുടെ ഭൂമി കർദിനാൾ ഗൂഡാലോചന നടത്തി വിറ്റു) ഉന്നയിച്ചു മരട് മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയിരുന്നു. ഈ കേസിൽ കാർദിനാളിനെതിരെ സാക്ഷി പറഞ്ഞത് മാരാംപറമ്പിൽ കമ്മീഷനിൽ അംഗമായിരുന്ന ഫാ. ജോസഫ് കൊടിയൻ ആയിരുന്നു. ഒടുവിൽ പരാതിക്കാരൻ സ്ഥിരമായി ഹാജരായി കേസ് നടത്തുന്നില്ല എന്ന കാരണത്താൽ കോടതി കേസ് തള്ളി.

“ഫാ. ബെന്നി മാരാംപറമ്പിൽ കമ്മീഷൻ” കണ്ടെത്തി എന്ന ഒറ്റക്കാരണം ചൂണ്ടിക്കാണിച്ചാണ് എല്ലാ പരാതിക്കാരും സ്വകാര്യ അന്യായങ്ങൾ കോടതികളിൽ സമർപ്പിച്ചത്. റിപ്പോർട്ട് തയ്യാറാക്കിയ ഫാ. ബെന്നിയാകെട്ടെ ഇപ്പോൾ വ്യാജരേഖ കേസിൽ മൂന്നാം പ്രതിയായി വിചാരണ കാത്തു കഴിയുകയും ചെയുന്നു.

ഇനി എന്താണ് ഈ സ്വകാര്യ അന്യായം എന്ന് നോക്കാം.

ഒരു ഉദാഹരണമായി ഇപ്പോൾ പൊതുജനങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്ന D. Litt വിവാദം എടുക്കാം. രാഷ്ട്രപതി കേരളം സന്ദർശിക്കുമ്പോൾ കേരള സർവകലാശാല അദ്ദേഹത്തിന് D.Litt ബിരുദം സമ്മാനിക്കുന്നത് നല്ലതായിരിക്കുമെന്ന് സർവകലാശാലയുടെ ചാൻസിലർ കൂടിയായ ഗവർണ്ണർ വൈസ് ചാൻസിലറുടെ മുമ്പാകെ നിർദേശം വയ്ക്കുന്നു. എന്നാൽ സിൻഡിക്കേറ്റ് അംഗങ്ങളോട് ആലോചിക്കാതെ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് ഇതിൽ താല്പര്യമില്ലന്നു കാണിച്ച് വൈസ് ചാൻസിലർ ഗവർണ്ണർക്ക്‌ കുറിപ്പ് നൽകുന്നു. ഈ വിഷയത്തിൽ വൈസ്ചാൻസിലർ കൃത്യവിലോപം കാട്ടിയത് ഗുരുതരമായ കുറ്റകൃത്യമാണെന്നു ചൂണ്ടിക്കാണിച്ചു ആർക്കു വേണമെങ്കിലും രാജ്യത്തെ ഏതു ക്രിമിനൽ കോടതികളിലും സ്വകാര്യ അന്യായം സമർപ്പിക്കാം. നിയമം വ്യാഖ്യാനിക്കുന്ന മുറക്ക് ഈ പരാതികൾ തള്ളി പോവുകയോ വിചാരണക്കു പോവുകയോ ചെയ്യും. ഇപ്രകാരം നൽകുന്ന പരാതികളെ വിവരമുള്ളവർ ആരും ഇതൊരു ക്രിമിനൽ കേസ് ആണന്നു പറയില്ല.

എന്നാൽ മാർ ജോർജ്‌ അലഞ്ചേരിക്ക് എതിരെയുള്ള എല്ലാ സ്വകാര്യ അന്യായങ്ങളെയും ക്രിമിനൽ കേസുകൾ എന്നാണ് തല്പരകക്ഷികൾ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനായി വിശേഷിപ്പിക്കുന്നത്. ആദ്യം കേട്ടിരുന്നത് സഭാതലവൻ ഒരു ഡസൺ ക്രിമിനൽ കേസുകളിൽ പ്രതിയാണ് എന്നാണ്. പ്രമുഖ വിമത നേതാവ് അത് ഇരുപതു വരെയായി ഉയർത്തി. ഇന്നലെ (12-01-2022) വിമത വൈദീകർ പൊടുന്നനവേ ആരംഭിച്ച റിലേ സത്യാഗ്രഹം, നിഗൂഢമായ കാരണങ്ങളാൽ നിരാഹാരം ആക്കുകയും, അതിനു പിന്തുണ യാചിച്ചുകൊണ്ട് വിശ്വാസികൾക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്തു. ഈ സന്ദേശത്തിനു വിശദീകരണം തേടി വൈദീകനെ തിരിച്ചു ഫോണിൽവിളിച്ച ഒരു സഭാ വിശ്വാസിയോട് വിശുദ്ധ കുർബാന അർപ്പണവും അതിരൂപതയിലെ ഭൂമി വിൽപ്പനയും തമ്മിലുള്ള അഭേദ്യമായ ബന്ധം വിവരിച്ചുകൊണ്ട് ആ വൈദികൻ തുടർച്ചയായി പറയുന്നത് സഭാ തലവനെതിരേ പതിമൂന്ന് ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ്!

ഒന്നുകിൽ ഈ പുരോഹിതനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. അല്ലെങ്കിൽ, ഇദ്ദേഹം മനഃപ്പൂർവം വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നു.

ബഹുമാനപ്പെട്ട വൈദികരേ, അത്മായ നേതാക്കന്മാരേ എന്തിനു വേണ്ടിയാണു നിങ്ങൾ ഈ ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുന്നത്? ഇത്തരം കുപ്രചാരണങ്ങൾ വഴി എന്ത് നേട്ടമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് ?

മാർ ജോർജ്‌ അലഞ്ചേരിക്ക് എതിരായുള്ള പത്തു കേസുകളുടെ വിവരങ്ങൾ കമന്റ് ബോക്സിൽ കൊടുക്കുന്നു. ഇതിൽ കോടതി നിർദേശ പ്രകാരം പോലീസ് അന്വേഷിച്ചു യാതൊരു കുറ്റകൃത്യവും നടന്നിട്ടില്ല എന്ന് കണ്ടെത്തിയ ഷൈൻ വർഗീസ്, പാപ്പച്ചൻ പ്രസന്നപ്പുരം എന്നിവരുടെ കേസുകളും ഉൾപ്പെടുന്നു.

ഇതിലും തൃപ്തി വരാതെ ശ്രീ പാപ്പച്ചൻ Enforcement Directorate(ED) മുൻപാകെയും പരാതി കൊടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. CBI, NIA തുടങ്ങിയ ഏജൻസികളിൽ പരാതികൾകൊടുത്താലും അത്ഭുതപ്പെടാൻ ഒന്നുമില്ല.

ഏതായാലും ഒന്നറിയുക സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്‌ അലഞ്ചേരിക്ക് എതിരെ ഒരു ക്രിമിനൽ കേസുപോലും നിലവിലില്ല. അദ്ദേഹത്തിനെതിരേയുള്ള പരാതികൾ അന്വേഷിച്ച് പോലീസ് ഒരു കേസിലും കുറ്റപത്രവും നൽകിയിട്ടില്ല. എന്നാൽ വ്യാജരേഖ നിർമ്മിച്ചതിൻ്റെ പേരിൽ കുറ്റപത്രം വായിച്ചു പഠിച്ചിരിക്കുന്ന വീരന്മാർ പലരും നിങ്ങളുടെ ഉപദേഷ്ടാക്കളാണെന്നും മറക്കേണ്ട.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments