Thursday, May 30, 2024
No menu items!
Homeഭക്തിയും വിശ്വാസവുംവചനം മാംസമായത് എന്തിന്?

വചനം മാംസമായത് എന്തിന്?

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC 456-483) നൽകുന്ന വിശദീകരണം

ഖണ്ഡിക 1. ദൈവപുത്രന്‍ മനുഷ്യനായി

456 നിഖ്യാ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തിലൂടെ ഇങ്ങനെ ഏറ്റുപറഞ്ഞുകൊണ്ട് നമ്മള്‍ മറുപടി പറയുന്നു: “മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കു വേണ്ടിയും അവിടുന്ന് സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി, പരിശുദ്ധാത്മാവിനാല്‍ കന്യകാമറിയത്തില്‍നിന്ന് ശരീരം സ്വീകരിച്ചു മനുഷ്യനായിത്തീര്‍ന്നു”

457 ദൈവവുമായി നമ്മെ രഞ്ജിപ്പിച്ചു നമ്മെ രക്ഷിക്കുന്നതിനുവേണ്ടി “വചനം” മാംസമായി; “ദൈവം നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപപരിഹാരത്തിനായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു”.

”പിതാവ് പുത്രനെ ലോകരക്ഷകനായി അയച്ചു. പാപങ്ങള്‍ നിവാരണം ചെയ്യാനായി അവിടുന്ന് ആഗതനായി”*70

“രോഗഗ്രസ്തമായ നമ്മുടെ പ്രകൃതിക്ക് വൈദ്യനെ ആവശ്യമായിരുന്നു. അധഃപതിച്ച മനുഷ്യനു സമുദ്ധാരകനെ വേണമായിരുന്നു. മൃതനായവനു ജീവദായകനെ ആവശ്യമായിരുന്നു. നന്മുടെ ഭാഗഭാഗിത്വം നഷ്ടപ്പെട്ടവന് അത് തിരികെ കൊടുക്കുന്നവനെ ആവശ്യമായിരുന്നു. ഇരുട്ടില്‍ അടയ്ക്കപ്പെട്ടിരുന്നവന് വെളിച്ചത്തിന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു. ബന്ധനസ്ഥന്‍ രക്ഷകനെ അന്വേഷിക്കുന്നു. കാരാഗ്രഹവാസി സഹായകനെ തേടുന്നു, അടിമത്തത്തിന്‍റെ നുകം വഹിക്കുന്നവരായ നമ്മള്‍ വിമോചകനെ കാത്തിരിക്കുന്നു. ഇവയൊക്കെ ചെറിയ കാര്യങ്ങളോ നിസ്സാരങ്ങളോ ആയിരുന്നോ? മനുഷ്യവര്‍ഗ്ഗം അത്യന്തം ദുരിതപൂര്‍ണ്ണവും അസ്വസ്ഥവുമായ അവസ്ഥയിലായിരുന്നതിനാല്‍ മനുഷ്യരുടെ പക്കലേക്ക് ഇറങ്ങിവരാനും അവനെ സന്ദര്‍ശിക്കാനും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ദൈവത്തെ പ്രേരിപ്പിച്ചില്ലേ?” *71

458 വചനം മാംസംധരിച്ചത് അങ്ങനെ നാം ദൈവത്തിന്‍റെ സ്നേഹം ഗ്രഹിക്കുവാന്‍ വേണ്ടിയാണ്. ”തന്‍റെ ഏകപുത്രന്‍വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു” *72

“എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” *73

459 നമുക്ക് വിശുദ്ധിയുടെ മാതൃകായായിരിക്കാന്‍ വേണ്ടിയാണ് വചനം മാംസം ധരിച്ചത്. “എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിൻ”. “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്ക് വരുന്നില്ല”*74. രൂപാന്തരീകരണം സംഭവിച്ച മലയില്‍ വച്ചു പിതാവ് ആഹ്വാനം ചെയ്യുന്നു. “ഇവനെ ശ്രവിക്കുവിൻ” *75. അഷ്ടഭാഗ്യങ്ങളിലെ ആദര്‍ശപുരുഷനും പുതിയനിയമത്തിന്‍റെ മാനദണ്ഡവും അവിടുന്നുതന്നെയാണ്. “ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിൻ”*76. അവിടുത്തെ മാതൃക പിന്‍തുടര്‍ന്നു തന്നെത്തന്നെ ഫലപ്രദമായി അര്‍പ്പിക്കുന്നതാണ് ഈ സ്നേഹം.*77

460 ”ദൈവപ്രകൃതിയില്‍ നമ്മെ ഭാഗഭാഗക്കുകളാക്കുവാന്‍ വേണ്ടിയാണ്” *78 “വചനം മാംസം ധരിച്ചത്. ദൈവവചനം മനുഷ്യനായി; ദൈവപുത്രന്‍ മനുഷ്യപുത്രനായി. ദൈവവചനവുമായി ഐക്യപ്പെടുന്നതിലൂടെയും അങ്ങുനെ ദത്തുപുത്രസ്ഥാനം സ്വീകരിക്കുന്നതിലൂടെയും മനുഷ്യന്‍ ദൈവപുത്രനായിത്തീരുന്നതിനു വേണ്ടിയാണിത്”*79. നമ്മള്‍ ദൈവങ്ങളായിത്തീരാന്‍ അവിടുന്നു മനുഷ്യനായി” *80. തന്‍റെ ദൈവത്വത്തില്‍ നമ്മളെ ഭാഗഭാക്കുകളാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ദൈവത്തിന്‍റെ ഏകപുത്രന്‍ നമ്മുടെ പ്രകൃതി സ്വീകരിച്ചു. മനുഷ്യരെ ദൈവങ്ങളാക്കിത്തീര്‍ക്കാന്‍ വേണ്ടി അവിടുന്ന് മനുഷ്യനായി.*81

മനുഷ്യാവതാരം

“വചനം മാംസമായി” *82

എന്ന വിശുദ്ധ യോഹന്നാന്‍റെ വാക്യത്തെ ആധാരമാക്കി മനുഷ്യപ്രകൃതിയില്‍ മനുഷ്യരക്ഷാകര്‍മ്മം പൂര്‍ത്തിയാക്കാന്‍ വേണ്ടി ദൈവപുത്രന്‍ മനുഷ്യപ്രകൃതി സ്വീകരിച്ചു എന്ന സത്യം പ്രാകശിപ്പിക്കുവാന്‍ “മനുഷ്യാവതാരം” എന്ന സംജ്ഞ സഭ ഉപയോഗിക്കുന്നു. വിശുദ്ധ പൗലോസ് ഉദ്ധരിക്കുന്ന ഒരു ഗീതത്തിലൂടെ സഭ മനുഷ്യാവതാര രഹസ്യം ആലപിക്കുന്നു.

“യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിൻ്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസൻ്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.*83

ഹെബ്രായര്‍ക്കുള്ള ലേഖനം ഇതേരഹസ്യത്തെപ്പറ്റി പ്രസ്താവിക്കുന്നു

“ഇതിനാല്‍, അവന്‍ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു; ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല. അപ്പോള്‍, പുസ്തകത്തിൻ്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു *84.

463 ദൈവപുത്രന്‍റെ യഥാര്‍ത്ഥമായ മനുഷ്യാവതാരത്തിലുള്ള വിശ്വാസം ക്രൈസ്തവ വിശ്വാസത്തിന്‍റെ തനതായ അടയാളമാണ്. “ഇതുമൂലം നിങ്ങള്‍ ദൈവാത്മാവിനെ അറിയും. യേശുക്രിസ്തു ശരീരം ധരിച്ചു എന്ന് ഏറ്റുപറയുന്ന ഏതൊരാത്മാവും ദൈവത്തില്‍നിന്നാണ്” *85. ആരംഭം മുതലേ സഭയുടെ ആഹ്ലാദനിര്‍ഭഹമായ ബോധ്യമാണിത്. “നമ്മുടെ മതത്തിന്‍റെ രഹസ്യം” സഭ ആലപിക്കുമ്പോള്‍ ഈ ബോധ്യം പ്രകാശിതമാകുന്നു. “അവിടുന്നു ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടു”*86

സത്യദൈവവും സത്യമനുഷ്യനും

ദൈവപുത്രന്‍റെ അതുല്യവും അദ്വതീയവുമായ മനുഷ്യാവതാരത്തിന്‍റെ അര്‍ത്ഥം യേശുക്രിസ്തു പകുതി ദൈവവും പകുതി മനുഷ്യനുമാകുന്നു എന്നല്ല. ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും കൂടിക്കുഴഞ്ഞ ഒരു മിശ്രപ്രകൃതിയാണ് അവിടുത്തേക്കുള്ളത് എന്നും അര്‍ത്ഥമില്ല. യഥാര്‍ത്ഥ ദൈവമായിരിക്കെത്തന്നെ അവിടുന്നു യഥാര്‍ത്ഥ മനുഷ്യനായി. യേശുക്രിസ്തു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാകുന്നു. ആദ്യശതകങ്ങളില്‍ ഈ സത്യത്തെ വികലമാക്കിയ പാഷണ്ഡതകള്‍ക്കെതിരായി ഈ സത്യത്തെ സംരക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുക എന്ന ആവശ്യം സഭയ്ക്കുണ്ടായി.

465 ആദ്യകാല പാഷണ്ഡതകള്‍, ക്രിസ്തുവിന്‍റെ ദൈവത്വത്തെ എന്നതിലുപരിയായി അവിടുത്തെ മനുഷ്യത്വത്തെയാണ് നിഷേധിച്ചത്. ജ്ഞാനവാദത്തില്‍ അധിഷ്ഠിതമായ മായാവാദം (Gnostic – Docetism) “ശരീരത്തോടുകൂടി വന്ന” ദൈവപുത്രന്‍റെ യഥാര്‍ത്ഥ മനുഷ്യാവതാരം, അപ്പൊസ്തൊലിക കാലം മുതല്‍ സഭ ഉറപ്പിച്ചു പ്രഖ്യാപിച്ചുപോരുന്നു*87. അന്ത്യോക്യായില്‍ കൂടിയ കൗണ്‍സിലില്‍ വച്ചു മൂന്നാം നൂറ്റാണ്ടില്‍ തന്നെ സമോസത്തയിലെ പൗലോസിനെതിരായി യേശുക്രിസ്തു ദത്തെടുക്കലിലൂടെയല്ല, പ്രത്യുത പ്രകൃതിയിലൂടെയാണ് ദൈവപുത്രനായിരിക്കുന്നത് എന്ന് സഭയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നു. 325ല്‍ നിഖ്യായില്‍ സമ്മേളിച്ച പ്രഥമ സാര്‍വ്വത്രിക സൂന്നഹദോസ് അതിന്‍റെ വിശ്വാസപ്രമാണത്തില്‍ “ദൈപുത്രന്‍ ജാതനാണ്, സൃഷ്ടിക്കപ്പെട്ടവനല്ല, പിതാവിനോടുകൂടെ ഏകസത്തയാകുന്നു (ഗ്രീക്ക് ഭാഷയില്‍ Homousios) എന്നു പ്രഖ്യാപിച്ചു. ഇല്ലായ്മയില്‍നിന്നാണ് ദൈവപുത്രന്‍ ഉദ്ഭവിച്ചത്; പിതാവിന്‍റെ സത്തയില്‍നിന്ന് വ്യത്യസ്തമായി ഒരു സത്തയില്‍നിന്ന് വന്നവനാണവന്‍ എന്ന് ഉറപ്പിച്ചു പറഞ്ഞ ആരിയൂസിനെ ഈ കൗണ്‍സില്‍ അഭിശത്പനായി പ്രഖ്യാപിച്ചു *88.

466 ദൈവപുത്രന്‍റെ ദൈവികവ്യക്തിയോടു കൂടിച്ചേര്‍ന്ന ഒരു മനുഷ്യവ്യക്തിയാണു ക്രിസ്തു എന്നതായിരുന്നു നൊസ്തോറിയന്‍ പാഷണ്ഡതയുടെ ആശയഗതി. ഈ പാഷണ്ഡതയെ എതിര്‍ത്തുകൊണ്ട് അലക്സാണ്ട്രിയായിലെ വിശുദ്ധ സിറിലും 431ല്‍ എഫേസോസില്‍ സമ്മേളിച്ച മൂന്നാമത്തെ സാര്‍വ്വത്രിക സൂന്നഹോദസും ഇങ്ങനെ പ്രഖ്യാപിച്ചു:

“യുക്തിസഹമായ ആത്മാവിനാല്‍ സജീവമാക്കപ്പെട്ട ശീരരത്തെ തന്‍റെ വ്യക്തിത്വത്തില്‍ തന്നോടുതന്നെ സംയോജിപ്പിച്ചുകൊണ്ട് വചനം മനുഷ്യനായി”*89. ക്രിസ്തുവിന്‍റെ മനുഷ്യപ്രകൃതിക്കു ദൈവപുത്രന്‍റെ ദൈവികവ്യക്തിത്വമല്ലാതെ മറ്റ് കര്‍ത്താവ് (subject) ഇല്ല. ദൈവപുത്രന്‍ ഗര്‍ഭസ്ഥനായ ക്ഷണത്തില്‍ സ്വീകരിച്ചു സ്വന്തമാക്കിയതാണ് അവിടുത്തെ മനുഷ്യപ്രകൃതിയെന്ന്, ഇക്കാരണത്താല്‍ എഫേസോസില്‍ സമ്മേളിച്ച സാര്‍വ്വത്രിക സൂന്നഹദോസ് (431) പ്രഖ്യാപിച്ചു. ദൈവപുത്രന്‍ മറിയത്തിന്‍റെ ഉദരത്തില്‍ മാനുഷികമായി ഗര്‍ഭസ്ഥനായതോടെ മറിയം യഥാര്‍ത്ഥത്തില്‍ ദൈവമാതാവായി. “മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുമ്പോള്‍ വചനത്തിന്‍റെ പ്രകൃതി അഥവാ അവിടുത്തെ ദൈവത്വം പരിശുദ്ധ കന്യകയില്‍നിന്ന് അസ്തിത്വം സ്വീകരിച്ചു എന്ന് അര്‍ത്ഥമില്ല. പ്രത്യുത ദൈവവചനം ഉപസ്ഥിതിയിക്ക് (hypostasis) അനുസൃതമായി തന്നോടുതന്നെ സംയജിപ്പിച്ചതും ബുദ്ധിയുക്തമായ ആത്മാവിനാല്‍ സജീവമാക്കപ്പെട്ടതുമായ ഈ തിരുശ്ശരീരം അവളില്‍നിന്ന് ഉരുവായതിനാല്‍ ദൈവവചനം ജഡപ്രകാരം ജനിച്ചു എന്നു പറയാം”*90.

467 ദൈവപുത്രന്‍ തന്‍റെ ദൈവികവ്യക്തിത്വത്തിലേക്ക് മാനുഷികപ്രകൃതി സ്വീകരിച്ചതോടെ മശിഹായുടെ മനുഷ്യപ്രകൃതി ശൂന്യമായിപ്പോയെന്ന് ഏകസ്വഭാവവാദികള്‍ (mono-physites) വാദിക്കുന്നു. ഈ പാഷണ്ഡതയെ നേരിടേണ്ടി വന്നപ്പോള്‍ കാല്‍സിഡോണില്‍ (451) ചേര്‍ന്ന നാലാം സാര്‍വ്വത്രിക സൂന്നഹോദസ് ഇങ്ങനെ പ്രഖ്യാപിച്ചു.

“വിശുദ്ധ പിതാക്കന്മാരേ അനുകരിച്ച് ഞങ്ങള്‍ ഏകസ്വരത്തില്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എന്ന ഒരേയൊരു പുത്രനെ ഏറ്റുപറയുകയും അവിടുത്തെക്കുറിച്ചു പഠിപ്പിക്കുകയും ചെയ്യുന്നു. അവിടുന്നു ദൈവത്തില്‍ പൂര്‍ണ്ണനാണ്. അവിടുന്ന് മനുഷ്യത്വത്തിലും പൂര്‍ണ്ണനാണ്. ശരീരവും യുക്തിസഹമായ ദേഹിയും (rational soul) ഉള്ള അവിടുന്ന് യഥാര്‍ത്ഥ ദൈവവവും യഥാര്‍ത്ഥ മനുഷ്യനുമാണ്. അവിടുത്തെ ദൈവപ്രകൃതിയെ സംബന്ധിച്ച് അവിടുന്നു പിതാവിനോടു സത്തൈക്യം (consubstantial) ഉള്ളവനാണ്. മനുഷ്യപ്രകൃതിയെ സംബന്ധിച്ച് അവിടുന്നു നമ്മോടു സത്തൈക്യമുള്ളവനാണ്. പാപമൊഴികെ എല്ലാക്രാര്യങ്ങളിലും അവിടുന്ന് നമ്മേപ്പോലെയാണ്. ദൈവത്വത്തില്‍ യുഗങ്ങള്‍ക്കു മുമ്പുതന്നെ അവിടുന്നു പിതാവില്‍നിന്ന് ജനിച്ചു. എന്നാല്‍ ഈ അവസാന നാളുകളില്‍ നമുക്ക് വേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും മനുഷ്യത്വത്തില്‍ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തില്‍നിന്ന് ഭൂജാതനായി”*91.

കര്‍ത്താവും ഏകജാതനമുമായ ഒരേയൊരു ക്രിസ്തു അന്യോന്യ മിശ്രണമോ പരിവര്‍ത്തനമോ വിഭജനോ വിയോഗമോ ഇല്ലാത്ത രണ്ട് പ്രകൃതികളോടുകൂടിയവനാണെന്ന് അംഗീകരിക്കപ്പെടണമെന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു. ദൈവമനുഷ്യപ്രകൃതികളുടെ സംയോഗംമൂലം പ്രകൃതികള്‍ക്കു തമ്മിലുള്ള വ്യതക്യാസം നഷ്ടമായിട്ടില്ല. മറിച്ച് ഏകവ്യക്തി (prosopon) യിലും ഏക ഉപസ്ഥിതി(hypostasis)യിലും പ്രകൃതികള്‍ ഒരുമിച്ചു ചേരുമ്പോഴും ഓരോ പ്രകൃതിയും അതിന്‍റേതായ സവിശേഷത നിലനിര്‍ത്തുന്നു*92.

468 കാല്‍സിഡോണ്‍ സൂന്നഹോദസിനും ശേഷം ചിലര്‍ ക്രിസ്തുവിന്‍റെ മനുഷ്യപ്രകൃതിയെ ഒരുതരം വൈയുക്തിക കര്‍ത്താവായി (personal subject) വിഭാവനം ചെയ്യാന്‍ തുടങ്ങി. അവര്‍ക്കെതിരേ 553ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ സമ്മേളിച്ച അഞ്ചാം സാര്‍വ്വത്രിക സൂന്നഹദോസ് പ്രഖ്യാപിച്ചു: “ക്രിസ്തുവില്‍ ഒരേയൊരു ഉപസ്ഥിതി (hypostasis) മാത്രമേയുള്ളൂ. അത് ത്രിത്വത്തിലൊരുവനായ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവാണ്” *93. അതിനാല്‍ അവിടുത്തെ മനുഷ്യപ്രകൃതിയിലുള്ളതെല്ലാം അതിന്‍റെ ശരിയായ കര്‍ത്താവായ (subject) അവിടുത്തെ ദൈവികവ്യക്തിയിലാണ് ആരോപിക്കേണ്ടത്. അവിടുത്തെ അത്ഭുതങ്ങള്‍ മാത്രമല്ല, അവിടുത്തെ പീഡാനുഭവവും മരണംപോലും ദൈവികവ്യക്തിയുടെ പ്രവൃത്തികളാണ്. “ശരീരത്തില്‍ ക്രൂശിക്കപ്പെട്ട നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു യഥാര്‍ത്ഥ ദൈവവും മഹത്വത്തിന്‍റെ കര്‍ത്താവും പരിശുദ്ധ ത്രീത്വത്തില്‍ ഒരുവനുമാണ്”*94

469 തന്‍റെ ദൈവത്വവും മനുഷ്യത്വവും തമ്മില്‍ വേര്‍പെടുത്താന്‍ പറ്റാത്തവിധം യേശു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണെന്ന് സഭ ഏറ്റുപറയുന്നു. തന്‍റെ ദൈവത്വത്തിനും കര്‍തൃത്വത്തിനും ഭംഗംവരാതെ മനുഷ്യനും നമ്മുടെ സഹോദരനുമായിത്തീര്‍ന്നവന്‍ യഥാര്‍ത്ഥത്തില്‍ ദൈവപുത്രനാണ്.

റോമന്‍ ആരാധനക്രമത്തില്‍ നാം ഇങ്ങനെ ആലപിക്കുന്നു. “അവിടുന്ന് എന്തായിരുന്നുവോ അത് നിലനിലനിര്‍ത്തി. അവിടുന്ന് എന്ത് അല്ലായിരുന്നുവോ അത് അവിടുന്ന് സ്വീകരിച്ചു” *95. വിശുദ്ധ യോഹന്നാന്‍ ക്രിസോസ്തോമിന്‍റെ ആരാധനക്രമം പ്രഖ്യാപിക്കുന്നതും ആലപിക്കുന്നതും ഇങ്ങനെയാണ്. “ഏകജാതനും ദൈവവചനവും ആയവനേ അമര്‍ത്യനായ അങ്ങ് ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി പരിശുദ്ധ ദൈവമാതാവും നിത്യകന്യകയുമായ മറിയത്തില്‍നിന്ന് മനുഷ്യനായി അവതരിക്കാന്‍ തിരുമനസ്സായി. ദൈവത്വത്തിനു ഭംഗം വരാതെ മനുഷ്യനാവുകയും ക്രശിക്കപ്പെടുകയും ചെയ്ത ഞങ്ങളുടെ ദൈവമായ ക്രിസ്തുവേ അങ്ങയുടെ മരണത്താല്‍ അങ്ങ് മരണത്തെ തകര്‍ത്തു. പരിശുദ്ധ ത്രിത്വത്തിലൊരുവനും പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊപ്പം മഹത്വീകരിക്കപ്പെട്ടവനുമായ അങ്ങ് ഞങ്ങളെ രക്ഷിക്കക്കണമേ” *96.

ദൈവപുത്രന്‍ എങ്ങനെ മനുഷ്യനാകുന്നു?

മനുഷ്യാവതരാമെന്ന “രഹസ്യാത്മക യോജിപ്പിൽ” (mysterious union) അവിടുത്തെ മനുഷ്യപ്രകൃതി വിലയിക്കപ്പെടുകയല്ല (absorbed) ആദാനം (assumed) ചെയ്യപ്പെടുകയാണുണ്ടായത്” *97. ഈ സത്യം ഗ്രഹിച്ച സഭ നൂറ്റാണ്ടുകളിലൂടെ ക്രിസ്തുവിന്‍റെ ബുദ്ധിയുടെയും മനസ്സിന്‍റെയും പ്രവര്‍ത്തനങ്ങളോടുകൂടിയ മനുഷ്യ ദേഹിയുടെ (Christ’s human soul) പൂര്‍ണ്ണ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും അവിടുത്തെ മനുഷ്യശരീരത്തെക്കുറിച്ചും വിശദ പ്രഖ്യാപനങ്ങള്‍ നടത്തുവാന്‍ പ്രേരിതനായി. അതുപോലെതന്നെ ഓരോ സന്ദര്‍ഭത്തിലും ക്രിസ്തുവിന്‍റെ ദൈവികവ്യക്തി ആദാനം ചെയ്ത മനുഷ്യപ്രകൃതി ആ ദൈവികവ്യക്തിയുടെ സ്വന്തമാണെന്നു സഭയ്ക്ക് അനുസ്മരിപ്പിക്കേണ്ടിവന്നു. ഈ മനുഷ്യപ്രകൃതിയില്‍ ക്രിസ്തു എന്ത് ആയിരിക്കുന്നുവോ എന്ത് പ്രവൃത്തിക്കുന്നുവോ അതെല്ലാം ത്രിത്വത്തിലെ ഒരുവനില്‍നിന്നുള്ളവയാണ്. തന്മൂലം ദൈവപുത്രന്‍ ത്രിത്വത്തിലെ തന്‍റെ അസ്തിത്വത്തിന്‍റെ വൈയക്തിക സ്വഭാവം തന്‍റെ മനുഷ്യപ്രകൃതിക്ക് പ്രദാനം ചെയ്യുന്നു. ക്രിസ്തു തന്‍റെ ശീരരത്തിലും ആത്മാവിലും ത്രിത്വത്തിന്‍റെ ദൈവികരീതികള്‍ മാനുഷികരീതിയില്‍ പ്രകടമാക്കുന്നു *98.

ദൈവപുത്രന്‍… മാനുഷിക കരങ്ങള്‍ക്കൊണ്ട് ജോലിചെയ്തു. മാനുഷിക മനസ്സുപയോഗിച്ചു ചിന്തിച്ചു, മാനുഷികേച്ഛയ്ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചു. മാനുഷിക ഹൃദയംകൊണ്ട് സ്നേഹിച്ചു. കന്യകാമാറിയത്തില്‍നിന്ന് പിറന്ന അവിടുന്ന് വാസ്തവത്തില്‍ നമ്മിലൊരാളായിത്തീര്‍ന്നു. പാപമൊഴികെ എല്ലാക്കാര്യങ്ങളിലും അവിടുന്ന് നമ്മേപ്പോലെയായി *99.

ക്രിസ്തുവിന്‍റെ ആത്മാവും മാനുഷിക അറിവും

471 ദൈവവചനം ക്രിസ്തുവിലെ ആത്മാവിന് അഥവാ അരൂപിക്കു പകരമുള്ള സ്ഥാനമെടുത്തുവെന്ന ലെവോദിക്കിയായിലെ അപ്പോളിനാരിയൂസ് വാദിച്ചു. ഈ അബദ്ധപ്രബോധനത്തിനെതിരായി സഭ പ്രഖ്യാപിച്ചതിങ്ങനെയാണ്. നിത്യനായ പുത്രന്‍ യുക്തിസഹമായ ഒരു മനുഷ്യദേഹിയെയും ആദാനം ചെയ്തു (assumed a rational, human soul) *100.

472 ദൈവപുത്രന്‍ ആദാനം ചെയ്ത ഈ മനുഷിക ദേഹി യഥാര്‍ത്ഥ മാനുഷിക അറിവോടു കൂടിയതായിരുന്നു. ഈ ജ്ഞാനം അതില്‍ത്തന്നെ പരിമിതിയുള്ളതായിരുന്നു. സ്ഥലകാലങ്ങളിലുള്ള അവിടുത്തെ അസ്തിത്വത്തിന്‍റെ ചരിത്രപരമായ സാഹചര്യങ്ങളിലാണ് ഈ ജ്ഞാനം വിനിയോഗിക്കപ്പെട്ടത്. ഇക്കാരണത്താലാണ് ദൈവപുത്രന്‍ മനുഷ്യനായപ്പോള്‍ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവരുവാന്‍ സാധിച്ചത് *101. സ്വാനുഭവംകൊണ്ടു മാത്രം സാധാരണമായി മനുഷ്യനു ഗ്രഹിക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അവിടുന്നു അന്വേഷിക്കേണ്ടിയിരുന്നു *102. “ദാസന്‍റെ രൂപം”*103 ധരിച്ച് അവിടുന്നും തന്നെത്തന്നെ സ്വമനസ്സാ ശൂന്യനാക്കിയ യാഥാര്‍ത്ഥ്യത്തോടു ചേര്‍ന്നുപോകുന്നതിനായിരുന്നു മുകളില്‍ പറഞ്ഞ വസ്തുതകള്‍.

473 അതേസമയം ദൈവപുത്രന്‍റെ യഥാര്‍ത്ഥ മാനുഷികജ്ഞാനം അവിടുത്തെ വ്യക്തിത്വത്തിന്‍റെ ദൈവികജീവനെ വെളിപ്പെടുത്തിയിരുന്നു.*104 ദൈവപുത്രന്‍ സര്‍വ്വതും അറിഞ്ഞിരുന്നു. അതിനാല്‍ അവിടുന്നു ധരിച്ച മനുഷ്യപ്രകൃതിയും എല്ലാം അറിഞ്ഞിരുന്നു. ഇത് സ്വശക്തിയാലല്ല, പ്രത്യുത വചനത്തോടുള്ള സംയോജനത്താലാണ്. വചനത്തോടു സംയോജിച്ച മനുഷ്യപ്രകൃതി ദൈവത്തെ സംബന്ധിക്കുന്ന സര്‍വ്വതും അറിയുകയും തന്നില്‍ത്തന്നെ പ്രാഭവത്തോടെ ആവിഷ്കരിക്കുകയും ചെയ്തു *105. മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രന് അവിടുത്തെ പിതാവിനെ സംബന്ധിച്ചുണ്ടായിരുന്ന പ്രത്യക്ഷജ്ഞാനം ഇതിന് ഉത്തമോദാഹരണമാണ് *106. മനുഷ്യരുടെ നിഗൂഡങ്ങളായ ഹൃദയവിചാരങ്ങള്‍ പോലും ഗ്രഹിക്കാനുതകുന്ന തന്‍റെ ദൈവിക ഉള്‍ക്കാഴ്ചയെ അവിടുന്ന് മാനുഷികജ്ഞാനത്താല്‍ പ്രകടമാക്കി *107.

474 അവതീര്‍ണ്ണ വചനത്തിന്‍റെ വ്യക്തിത്വം ദൈവികവിജ്ഞാനവുമായി സംയോജിച്ചതുമൂലം ക്രിസ്തുവിന്‍റെ മാനുഷികജ്ഞാനത്തിനു താന്‍ വെളിപ്പെടുത്താന്‍ വന്ന നിത്യദൈവിക പദ്ധതികളെപ്പറ്റി പൂര്‍ണ്ണ അറിവുണ്ടായിരുന്നു*108. ഈ മണ്ഡലത്തില്‍ ചില കാര്യങ്ങള്‍ താന്‍ അറിയുന്നില്ലെന്ന് അവിടുന്ന് പ്രസ്താവിച്ചെങ്കില്‍ അതിന്‍റെ അര്‍ത്ഥം അന്യത്ര അവിടുന്നു വ്യക്തമാക്കിയിട്ടുണ്ട്. അതായത് അവയെ വെളിപ്പെടുത്താനായിട്ടല്ല അവിടുന്ന് അയയ്ക്കപ്പെട്ടത്*109.

ക്രിസ്തുവിന്‍റെ മാനുഷിക മനസ്സ്

475 അതുപോലെ ആറാം സാര്‍വ്വത്രിക സൂന്നഹദോസില്‍ സഭ ആധികാരികമായി പ്രഖ്യാപിച്ചു, ക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ട് മനസ്സുകളും പ്രകൃതികള്‍ക്കനുസൃതമായ രണ്ട് പ്രവര്‍ത്തനങ്ങളുമുണ്ട്. അവ അന്യോന്യ വിരുദ്ധങ്ങളല്ലെന്നു മാത്രമല്ല, പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നവയുമാണ്. അങ്ങനെ അവതീര്‍ണ്ണ ദൈവവചനം നമ്മുടെ രക്ഷയ്ക്കായി പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊത്ത് തന്‍റെ ദൈവികപ്രകൃതിയില്‍ എന്തെല്ലാം നിശ്ചയിച്ചുവോ അതെല്ലാം അവിടുന്നു പിതാവിനു വിധേയമായി മാനുഷികമായി പ്രവര്‍ത്തിച്ചു *110. അവിടുത്തെ മാനുഷിക മനസ്സ് അവിടുത്തെ സര്‍വ്വശക്തമായ ദൈവികമമനസ്സിനെ എതിര്‍ക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നില്ല. പ്രത്യുത അതിനു വിധേയമായി വര്‍ത്തിക്കുകയാണ് ചെയ്യുന്നത് *111.

ക്രിസ്തുവിന്‍റെ യാഥാര്‍ത്ഥ ശരീരം

476 യഥാര്‍ത്ഥമായ മാനുഷികപ്രകൃതിയുടെ ആദാനത്തിലൂടെ വചനം മാംസം ധരിച്ചതു മൂലം ക്രിസ്തുവിന്‍റെ ശരീരം പരിധികള്‍ക്ക് വിധേയമായിരുന്നു *112. അതിനാല്‍ യേശുവിന്‍റെ മാനുഷികമുഖം ചിത്രീകരിക്കുക സാധ്യമാണ്. അത് വിശുദ്ധ ചിത്രങ്ങളില്‍ക്കൂടി ആവിഷ്കരിക്കുന്നത് നിയമാനുസൃതമാണെന്ന് ഏഴാം സാര്‍വ്വത്രിക സൂന്നഹദോസില്‍ സഭ പ്രഖ്യാപിച്ചു *113.

477 അതുപോലെ തന്നെ സഭ എന്നും അംഗീകരിച്ചിട്ടുള്ള സത്യമാണിത്. തന്നില്‍ത്തന്നെ അദൃശ്യനായ ദൈവം യേശുവിന്‍റെ ശരീരത്തില്‍ നമുക്കു ദൃശ്യനായി പ്രത്യക്ഷപ്പെട്ടു *114. വാസ്തവത്തില്‍ ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ തനതായ സവിശേഷതകള്‍, ദൈവപുത്രന്‍റെ ദൈവികവ്യക്തിത്വത്തെ സ്പഷ്ടമാക്കുന്നു. തന്‍റെ മാനുഷിക ശരീരഘടനകളെ അവിടുന്നു സ്വന്തമാക്കിയതിനാല്‍ അവ വിശുദ്ധചിത്രത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ അവയെ വണങ്ങാവുന്നതാണ്. എന്തെന്നാല്‍ വിശുദ്ധ ചിത്രത്തെ വണങ്ങുന്ന വിശ്വാസി അതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന വ്യക്തിയേയാണ് വണങ്ങുന്നുത് *115.

അവതീര്‍ണ്ണ വചനത്തിന്‍റെ ഹൃദയം

യേശു തന്‍റെ ജീവിതകാലത്ത് ക്ലേശസമയത്തും പീഡാസഹനവേളകളിലുമൊക്കെ നാമോരുരുത്തരേയും നാമെല്ലാവരേയും അറിയുകയും സ്നേഹിക്കുകയും നമ്മില്‍ ഓരോരുത്തര്‍ക്കുമായി അവിടുന്ന് സ്വയം സമര്‍പ്പിക്കുകയും ചെയ്തു. “ദൈവപുത്രന്‍… എന്നെ സ്നേഹിച്ചു; എനിക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു” *116. അവിടുന്ന് നമ്മെയെല്ലാവരേയും മാനുഷികഹൃദയംകൊണ്ട് സ്നേഹിച്ചു. ഇക്കാരണത്താല്‍ നമ്മുടെ പാപം മൂലവും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും പിളര്‍ക്കപ്പെട്ട യേശുവിന്‍റെ തിരുഹൃദയം *117 ദിവ്യരക്ഷകന്‍ തന്‍റെ നിത്യപിതാവിനെയും സര്‍വ്വമനുഷ്യരേയും നിരന്തരം സ്നേഹിക്കുന്ന ആ സ്നേഹത്തിന്‍റെ മുഖ്യ അടയാളവും പ്രതീകവുമായിട്ടാണ് പരിഗണിക്കപ്പെടുന്നത് *118.

സംഗ്രഹം

479 ദൈവനിശ്ചിതമായ സമയത്തില്‍ പിതാവിന്‍റെ ഏകപുത്രനായ നിത്യവചനവും അവിടുത്തെ സത്തയുടെ പ്രതിഛായയുമായവന്‍ മനുഷ്യനായി അവതരിച്ചു. സ്വന്തം ദൈവപ്രകൃതിക്കു ഭംഗംവരാതെ അവിടുന്നു മനുഷ്യപ്രകൃതിയെ ആദാനം ചെയ്തു.

480 തന്‍റെ ദൈവികവ്യക്തിത്വത്തിന്‍റെ ഐക്യത്തില്‍ യേശുക്രിസ്തു സത്യദൈവവും സത്യമനുഷ്യനുമാണ്. ഇക്കാരണത്താല്‍ അവിടുന്നു ദൈവത്തിന്‍റെയും മനുഷ്യരുടെയുമിടയ്ക്കുള്ള ഒരേയൊരു മധ്യസ്ഥനാണ്.

481 യേശുക്രിസ്തുവില്‍ രണ്ട് പ്രകൃതികള്‍ ഉണ്ട്. ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും. ഈ പ്രകൃതികള്‍ തമ്മില്‍ കൂടിക്കലരാതെ ദൈവപുത്രന്‍റെ ഏകവ്യക്തിത്വത്തില്‍ സംയോജിച്ചിരിക്കുന്നു.

482 ക്രിസ്തു സത്യദൈവവും സത്യമനുഷ്യനുമാകയാല്‍ അവിടുത്തേക്ക് ഒരു മാനുഷികബുദ്ധിയും മനസ്സും ഉണ്ട്. അവ ദൈവികബുദ്ധിക്കും ദൈവികമനസ്സിനും പൂര്‍ണ്ണമായി അനുരൂപപ്പെട്ടതും വിധേയവുമായിരുന്നു. പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊത്ത് അവിടുത്തേക്ക് പൊതുവായിട്ടുള്ളവയാണ് ഈ ദൈവിക ബുദ്ധിയും ദൈവികമനസ്സും.

483 അങ്ങനെ മനുഷ്യാവതാരം വചനമാകുന്ന ഏകവ്യക്തിയില്‍, ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും തമ്മില്‍ നടന്ന അദ്ഭുതകരമായ സംയോജനത്തിന്‍റെ രഹസ്യമാണ്.

(POC പ്രസിദ്ധീകരണം; പേജ് 117 -124)

*70- 1 Jn 4:10; 4:14; 3:5

*71- St Gregory of Nyssa, Orat.catech.15:PG 45, 48B

*72- 1 Jn 4:9

*73- Jn 3:16

*74- Mt 11:29; Jn 14:6

*75- Mk 9:7; cf.Dt 6:4-5

*76- Jn 15:12

*77- Cf. Mk 8:34

*78- 2 Pt 1:4

*79- St Irenaeus Adv.haeres.3,19, 1:PG 7/1, 939.

*80- St Athanasius, De inc., 54,3:PG 25, 192B

*81- St Thomas Aquinas, Opusc. 57:1-4.

*82- Jn 1:4

*83- Phil 2:5-8; Cf.LH, Saturday, Canticle at Evening Prayer.

*84- Heb 10:5-7, citing Ps 40:6-8([7-9]LXX)

*85- 1Jn 4:2

*86- 1Tim 3:16

*87- Cf 1 Jn 4:2-3, 2Jn 7

*88- Council of Nicaea I (325):DS 130, 126

*89- Council of Ephesus (431):DS 250

*90- Council of Ephesus DS251

* 91- Council of Chalcedon (451): DS 301; cf. Heb 4:15

*92- Council of Chalcedon:DS 302

*93- Council of Constantinople II (553):424

*94- Council of Constantinople II (553):432; cf DS 424; Council of Ephesus, DS 255.

*95- LH January 1 Antiphon for morning prayers; cf St Leo the great, sermon in nat. Dom. 1,2; PL 54, 191-192.

*96- Liturgy of St John Chrysostom, Troparion “O monogenes”

*97 GS 22.2

*98- Cf Jn 14:9-10

*99- GS 22.2

*100- Cf Damasus I:DS

*101- Lk 2:52

*102- Cf Mk 6:38; 8:27; Jn 11:34; etc

*103- Phil 2:7

*104- Cf St Gregory the great, “sicut aqua” ad Eulogium, Epist. Lib. 10, 39:PL 77, 1097A ff; Ds 475.

*105 St Maximus the Confessor, Qu.et dub. 66 PG 90, 810A

*106- Cf Mk 14:36; Mt 11:27; Jn 1:18, 8:55 etc

*107- Cf Mk 2:8, Jn 2:25, 6:61 etc

*108- Cf Mk 8:31; 9:31; 10:33-34; 14:18-20, 26-30

*109- Cf Mk 13:32; Act 1:7

*110- Cf Council of Constantinople III (681); DS 556-559

*111- Council of Constantinople III: DS 556

*112- Cf Council of Lateran (649); DS 504

*113- Cf Gal 3:1; cf Council of Nicaea II (787): DS 600-603

*114 Roman Missal, Preface of Christmas I

*115- Council of Nicaea II:DS 601

*116- Gal 2:20

*117- Cf Jn 19:34

*118- Pius XII, Enc. Haurietis aquas (1956): DS 3924: cf.DS 3812

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments