Saturday, July 27, 2024
No menu items!
Homeപ്രതികരണംമഹത്വവൽക്കരിക്കപ്പെടുന്ന കപട ആത്മീയത

മഹത്വവൽക്കരിക്കപ്പെടുന്ന കപട ആത്മീയത

ടുണീഷ്യയില്‍നിന്ന് സുനാമിപോലെ ഉയര്‍ന്നുപൊങ്ങി ഉത്തരാഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അറബ് രാജ്യങ്ങളെയാകെ വിഴുങ്ങിയ പ്രതിഷേധ തിരമാലയായ ”മുല്ലപ്പൂവിപ്ലവം” നമ്മൾ കണ്ടതാണ്. ടുണീഷ്യയിലും ഈജിപ്തിലും മാത്രമല്ല, യെമനിലും ജോര്‍ഡാനിലും അള്‍ജീരിയയിലും മൊറോക്കോവിലും പ്രക്ഷോഭം പടര്‍ന്ന് പിടിച്ചു. പല അറബ് രാജ്യങ്ങളിലും ഭരണാധികാരികൾ ഭീതിയുടെ നിഴലിലായി. ഇവിടങ്ങളിലെ രാഷ്ടീയതൽപരരായ പലരും ഈ വാർത്തകൾ പ്രചരിപ്പിക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ഇതിൻ്റെ ഫലമായി നിരവധി രാജ്യങ്ങളുടെ രാഷ്ട്രീയ ഗതി മാറി മറിഞ്ഞത് നാം കണ്ടു.

സോഷ്യൽ മീഡിയയിലൂടെ ഇക്കാലത്ത് രാഷ്ട്രീയത്തിൻ്റെ പേരിലോ മതവിശ്വാസത്തിൻ്റെ പേരിലോ ആളുകളേക്കുട്ടി ഇത്തരം പ്രകടനങ്ങളും പ്രക്ഷോഭങ്ങളും നടത്താൻ ഇന്ന് യാതൊരു പ്രയാസവുമില്ല. വാട്സാപ്പ് വഴി ആഹ്വാനം ചെയ്ത ഒരു ഹർത്താൽ പോലും കേരളത്തിൽ വിജയിച്ച ചരിത്രം നമുക്കറിയാം.

ഇപ്പോൾ ഒരാഴ്ചയായി പ്രചരിക്കുന്ന ഒരു വാർത്ത ഇതാണ്.

“അമേരിക്കൻ സംസ്ഥാനമായ കെന്റക്കിയിലെ ആസ്ബറി യൂണിവേഴ്‌സിറ്റി കാംപസിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായി ക്രമീകരിച്ച ഏകദിന പ്രാർത്ഥനാ കൂട്ടായ്മ ഒരാഴ്ച പിന്നിട്ടശേഷവും തുടരുക, അതും രാപ്പൽ ഭേദമില്ലാതെ, ജനപങ്കാളിത്തത്തിൽ ഒരു കുറവും വരുന്നില്ല. “മഹാത്ഭുതം” എന്നാണ് ഒരു കത്തോലിക്കാ പ്രസിദ്ധീകരണം ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു “ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ് ലോകം” എന്നുകൂടി ഈ പ്രസിദ്ധീകരണം “കെൻ്റക്കി ഉണർവി”നെ വിശേഷിപ്പിക്കുന്നു

മുല്ലപ്പൂവിപ്ളവ വാർത്ത അറബ് ഭരണവ്യവസ്ഥിതിയോടു വിയോജിപ്പുള്ളവർ പ്രചരിപ്പിച്ചതു പോലെ കെൻ്റക്കി ഉണർവിന് ആത്മീയതയുടെ നിറംപൂശി, ഭക്തന്മാർ ആദരവോടെയാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

“ഉണർവ്വ്” എന്ന പേരിൽ ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കുക, അന്യഭാഷ, രോഗശാന്തി, പ്രവചനം… തുടങ്ങിയ ബൈബിൾ പ്രതിപാദ്യങ്ങളുടെ വ്യാജമായ അനുകരണങ്ങളുടെ പ്രകടനത്തിന് പ്രാധാന്യം നൽകി വചനാധിഷ്ഠിതമാണ് ഇതെന്നു സ്ഥാപിക്കുക, അപ്പസ്തോല പ്രവൃത്തി രണ്ടാം അധ്യായത്തിൻ്റെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കുക തുടങ്ങി ആത്മീയതയുടെ പുകമറ സൃഷ്ടിച്ചു കൊണ്ട് അമേരിക്കൻ ആത്മീയ സംഘങ്ങൾ ക്രൈസ്തവികയിൽ നുഴഞ്ഞു കയറാൻ ഉപയോഗിക്കുന്ന എല്ലാ ചേരുവകളും കെൻ്റക്കി ഉണർവ്വിലും കാണും. ഒറ്റവാക്കിൽ ഇതിനെയെല്ലാം ശുദ്ധ ഭോഷ്ക് എന്നേ പറയാൻ കഴിയൂ.

മനുഷ്യചരിത്രത്തിൽ സമാനതകളില്ലാതെ സംഭവിച്ച ക്രിസ്തു സംഭവങ്ങളുടെ തുടർച്ചയായി, അതിൻ്റെ അനിവാര്യമായ അനന്തരഘട്ട സംഭവമായിരുന്നു ആദിമ പന്തക്കുസ്താ. ഇതിനെ കൃത്രിമമായി സൃഷ്ടിക്കാൻ പലരും പല കാലത്തും ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കൾട്ട് സംഘങ്ങളുടെ കേന്ദ്രമായ അമേരിക്കയിൽ. ഏറ്റവും ഒടുവിൽ ഒരു പതിറ്റാണ്ട് മുമ്പ് റ്റോഡ് ബെൻ്റലി എന്ന വ്യക്തി നേതൃത്വം നൽകിയ ഒരു ഉണർവ് ഉണ്ടായി. നാല് ലക്ഷം പേരാണ് ആഴ്ചകളോളം പാട്ടും കൂത്തുമായി ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ ഒരുമിച്ചുകൂടിയത്. ഇതിന് പിന്നെ എന്തു സംഭവിച്ചു ? അതിനു നേതൃത്വം നൽകിയ ബെൻ്റ്ലിക്ക് എന്തു സംഭവിച്ചു ? യു.കെ അടക്കമുള്ള പല രാജ്യങ്ങളും ബെൻ്റ്ലിക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുന്നത് എന്തുകൊണ്ടാണ് ? ഇതൊക്കെ കെൻ്റക്കി ഉണർവ്വിന് ആത്മീയ പരിവേഷം നൽകുന്നവർ പഠിക്കണം. ഇപ്പറഞ്ഞത് ഒരു സംഭവം മാത്രമാണ്. അമേരിക്കൻ ലോകത്ത് വർഷാവർഷം ആത്മീയതയുടെ മറവിൽ അത്തരം തിരുട്ടുസംഘങ്ങൾ നേട്ടമുണ്ടാക്കുന്നുണ്ട്.

അത്തരമൊരു ആൾക്കൂട്ട ആത്മീയ പ്രകടനം മാത്രമാണ് കെൻ്റക്കിയിൽ സംഭവിക്കുന്നത്. ഉണർവ് എന്നു കേട്ടാലുടൻ ക്രിസ്തുവിശ്വാസത്തിൻ്റെ അടിസ്ഥാനമെന്തെന്ന് ഇനിയും മനസിലാകാത്ത കുറെ

ലോലമനസ്കർ സ്വയം വഞ്ചിതരാകാൻ വേണ്ടി ഓടിക്കൂടും, അവർ തന്നെ സോഷ്യൽ മീഡിയയിൽ ഇത്തരം ഗിമ്മിക്കുകൾക്ക് വേണ്ട പ്രചാരണം നൽകി കൂടുതൽ പേരേ ഇതിലേക്ക് ആകർഷിച്ച് വഞ്ചന തുടരും.

വൈകാരിക അനുഭവങ്ങളും അനുഭൂതികളും പകർന്നു നൽകിക്കൊണ്ട് മണലിന്മേൽ പണിയപ്പെടുന്ന “സാൻ്റ് കാസി”ലുകളല്ല ക്രിസ്തീയത. ദൈവ വചനത്തിൻ്റെ ഉറപ്പുള്ള അടിത്തറയിലാണ് ക്രിസ്തീയ വിശ്വാസം വളരുന്നത്. അപ്പസ്തോലിക ഉപദേശത്തിൽ കേട്ടുകേൾവിയില്ലാത്ത ഇത്തരം മണൽ കോട്ടകൾ തകർന്നടിഞ്ഞതിൻ്റെ ചരിത്രം കൂടി ഉൾപ്പെട്ടതാണ് ക്രൈസ്തവ സഭാചരിത്രമെന്ന് ഇതിനേയൊക്കെ മഹത്വവൽക്കരിക്കുന്നവർ മനസ്സിലാക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments