Wednesday, November 6, 2024
No menu items!
Homeചിന്തകൾമണ്ണേപ്രതി മാണിക്യം...

മണ്ണേപ്രതി മാണിക്യം…

. എന്‍ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുലപോലെ സുന്ദരനായവനെ സൗന്ദര്യത്തിന്‍റെയും പ്രണയത്തിന്‍റെയും പൂര്‍ണ്ണതയില്‍ ഒരിക്കല്‍ മുഖാമുഖം കണ്ടുമുട്ടുമെന്നു പ്രത്യാശിച്ചു

സുപ്രസിദ്ധമായ മലയാളം ക്രിസ്തീയഗാനം “എന്‍പ്രിയനെപ്പോല്‍ സുന്ദരനായ് ആരേയും ഞാനുലകില്‍ കാണുന്നില്ല, മേലാലും ഞാന്‍ കാണുകയില്ല” അനേകായിരം ക്രൈസ്തവഗാനങ്ങളില്‍ തികച്ചും വ്യത്യസ്തമായി നിലകൊള്ളുന്നു. ക്രിസ്തുഭക്തരുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ മധുരഗാനമാണിത്. സി.എസ് മാത്യൂ എന്ന ഭക്തന്‍ ശൂലേംകാരിത്തിയുടെ പ്രണയാര്‍ദ്രമായ ഭാവത്തോടെ ക്രിസ്തുവില്‍ ആത്മമണവാളനെ ദര്‍ശിച്ച് പ്രണയപരവശനായി എഴുതിയ ഗീതമാണിത്. ആത്മമണവാളനെ കിനാവുകണ്ട് ക്രൈസ്തവകൈരളി പതിറ്റാണ്ടുകളായി ആ ഗാനം പ്രണയരസം ഒട്ടും ചോര്‍ന്നുപോകാതെ പാടിക്കൊണ്ടേയിരിക്കുന്നു.

യേശുവിനെ പാതിരാവിലെ മണവാളനായും ലക്ഷങ്ങളില്‍ ഉത്തമനായും സര്‍വ്വാംഗസുന്ദരനായും ആത്മമിത്രമായും ദര്‍ശിച്ച ശ്രേഷ്ഠരായ ഒരുപറ്റം സ്നേഹഗായകര്‍ നമുക്കുണ്ടായിരുന്നു. തങ്ങളുടെ മനസ്സില്‍ നിറഞ്ഞുനിന്നതും ആത്മാവില്‍ ആഴ്ന്നിറങ്ങിയതുമായ തീവ്രമായ ക്രിസ്ത്വാനുരാഗത്തെ അവര്‍ അക്ഷരക്കൂട്ടുകളില്‍ കോരിനിറയ്ക്കുകയായിരുന്നു. എന്‍ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുലപോലെ സുന്ദരനായവനെ സൗന്ദര്യത്തിന്‍റെയും പ്രണയത്തിന്‍റെയും പൂര്‍ണ്ണതയില്‍ ഒരിക്കല്‍ മുഖാമുഖം കണ്ടുമുട്ടുമെന്നു പ്രത്യാശിച്ചു. “ഞാന്‍ പ്രണയപരവശയായിരിക്കുന്നു” എന്ന് യെരുശലേം പുത്രിമാരോടു ശൂലേംകാരിത്തിയുടെ വെളിപ്പെടുത്തലുകള്‍പോലെ തങ്ങളിലെ ക്രിസ്ത്വാനുരാഗം അവര്‍ മറച്ചുവച്ചില്ല, അക്ഷരങ്ങള്‍ ഈ വെളിപ്പെടുത്തലുകളുടെ ചാലകശക്തികളായി, അവ പാട്ടുകളായി ഗാഥകളായി തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകരപ്പെട്ട പ്രണയകാവ്യങ്ങളായി.

ആന്‍ റോസ് കൊസിന്‍ എന്ന ഇംഗ്ലീഷുകാരിയായ ക്രിസ്തുഭക്ത 1800കളില്‍ എഴുതിയ ഒരു ഗാനമാണ് The Sands of time are sinking” നിത്യനാടിനെ “ഇമ്മാനുവേലിന്‍റെ ദേശം” (Immanuel’s Land) എന്നാണ് അവര്‍ ആ പാട്ടില്‍ വിശേഷിപ്പിച്ചത്. “നിത്യതയില്‍ എനിക്ക് കിരീടങ്ങള്‍ നല്‍കപ്പെടുമ്പോള്‍ ആ കിരീടത്തിലോ അതിന്‍റെ സൗന്ദര്യത്തിലോ ആയിരിക്കില്ല എന്‍റെ കണ്ണുകള്‍ പതിയുന്നത്, അതു തരുന്ന ആണിപ്പാടുകളേറ്റ ആ കരതലത്തിലായിരിക്കും എന്‍റെ ദൃഷ്ടികള്‍ പതിയുകയെന്ന്” ആന്‍ എഴുതി. ക്രിസ്തുവിനോടുള്ള പ്രണയം വെളിപ്പെടുത്തിയ ഒരു പ്രണയഗായികയായിരുന്നു ആന്‍ കൊസിന്‍.

സുഗന്ധപര്‍വ്വതങ്ങളില്‍ ചാടിയും കുന്നുകളിന്മേല്‍ കുതിച്ചുംകൊണ്ട് ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി വരുന്ന പ്രാണപ്രിയനെ സ്വപ്നം കണ്ടവനായിരുന്നു സാധു കൊച്ചുകുഞ്ഞ് ഉപദേശി. പാതിരാവിന്‍ മണവാളന്‍റെ ആര്‍പ്പുവിളി കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്‍റെ പാട്ടുകളില്‍ കേള്‍ക്കുന്നത്. “നാഥന്‍ വരവിന്നായുണര്‍ന്നിടുവിന്‍” എന്ന ഗാനതല്ലജം പ്രണയത്തിന്‍റെയും പ്രത്യാശയുടെയും ഗീതങ്ങള്‍ തന്നെയായിരുന്നു.

ക്രിസ്തുസഭയുടെ ചരിത്രത്തില്‍ ക്രിസ്തുവിനെ പ്രണയിച്ച അനേകായിരങ്ങളെ കാണാന്‍ കഴിയും. ഗാനങ്ങളും കവിതകളും പാട്ടുകളുമെല്ലാം എഴുതി ചരിത്രത്തില്‍ അറിയപ്പെട്ടവരാണവര്‍. എന്നാല്‍ മറ്റൊരുകൂട്ടര്‍ കാവ്യങ്ങളും പ്രണയവര്‍ണ്ണനകളുംകൊണ്ടല്ല തങ്ങളുടെ സ്നേഹം വെളിപ്പെടുത്തിയത്. അവരെ “വേറെ ചിലർ” എന്നാണ് വിശുദ്ധഗ്രന്ഥം വിളിക്കുന്നത് (ഹെബ്രായര്‍ 11:36). അവര്‍ ക്രിസ്തുവിനോടുള്ള പ്രണയപാരവശ്യത്തില്‍ എന്തും സഹിക്കാന്‍ തയാറായി മുമ്പോട്ടു വന്നു. രക്തസാക്ഷിത്വത്തിന്‍റെ ബലിവേദിയില്‍ സ്വയം സമര്‍പ്പിക്കപ്പെട്ട അവര്‍ തങ്ങളുടെ ഹൃദയരക്തത്തില്‍ നട്ടുനനച്ച പ്രണയപുഷ്പങ്ങളായിരുന്നു ആത്മമണവാളനായി കരുതിയത്. തന്‍റെ ജീവിതത്തെ പാനീയയാഗമായി അര്‍പ്പിച്ച പൗലോസിനെപ്പോലെ വെറെ ചിലര്‍ എന്നു വിളിക്കപ്പെട്ട ഇക്കൂട്ടര്‍ പരിഹാസവും ചമ്മട്ടിയും തടവും കല്ലേറും ഏറ്റു. ഈര്‍ച്ചവാളാല്‍ അറുക്കപ്പെടുകയും ബുദ്ധിമുട്ടും ഉപദ്രവും കഷ്ടവും സഹിക്കുകയും ചെയ്തു. തങ്ങളുടെ പ്രേമഭാജനത്തിനുവേണ്ടി നിത്യജീവന്‍റെ ഗാനങ്ങളാലപിച്ച ശൂലേംകാരിത്തികളായിരുന്നു ഇവര്‍! നിത്യതയോളം നിലനില്‍ക്കുന്ന പ്രണയകാവ്യങ്ങള്‍ തങ്ങളുടെ ജീവിതംകൊണ്ട് രചിച്ച് അവര്‍ ക്രിസ്ത്വാനുരാഗത്തിന്‍റെ കാലാതിവര്‍ത്തികളായ ഗായകരുമായിരുന്നു. “ലോകം അവർക്ക് യോഗ്യമായിരുന്നില്ല” (ഹെബ്രായർ 11:38). യോഗ്യമായതൊന്നും ലോകത്തിൽ അവർ കണ്ടില്ല!

ക്രിസ്തുവില്‍ ഒരു പ്രേമഭാജനത്തെ കണ്ടെത്തുമ്പോളാണ് ക്രിസ്തീയത ആസ്വാദ്യകരമാകുന്നത്. നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചവനെ നിത്യസനേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്നതായിരിക്കണം ഈ ആസ്വാദ്യകരമായ ക്രിസ്തീയതയുടെ ഉറവിടം. കാവ്യാത്മകമായ ക്രിസ്തീയജീവിതം എന്നു വേണമെങ്കില്‍ ഇതിനേ വിളിക്കാം. കാവ്യരസം തുളുമ്പുന്ന ഈ ക്രിസ്തീയതയുടെ പ്രതിഫലനമാണ് സാധു സുന്ദര്‍സിംഗില്‍ കണ്ടത്. സാധു കൊച്ചുകുഞ്ഞിലും പൗലോസ് അപ്പൊസ്തൊലനിലും ഈ പ്രേമാദ്രമായ മനസ്സ് കാണാം..

“ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിന്” എന്ന് പൗലോസ് എഴുതിയപ്പോള്‍, തന്‍റെ നേട്ടങ്ങളുടെ പട്ടികയില്‍ ക്രിസ്തുവിലെ നേട്ടങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം ദര്‍ശിച്ചത്. ജീവിക്കുന്നതും മരിക്കുന്നതും ക്രിസ്തു, ഉറങ്ങുന്നതും ഉണരുന്നതും ക്രിസ്തു, തിന്നുന്നതും കുടിക്കുന്നതും ക്രിസ്തു. ക്രിസ്തുവില്‍ ജീവിക്കുകയും ക്രിസ്തുവില്‍ മറയുകയും ചെയ്യുന്ന ജീവിതം. ജീവിതത്തെ യഥാര്‍ത്ഥ ജീവിതമാക്കുന്നത് ഈ ക്രിസ്തുവാണെന്ന് തിരിച്ചറിഞ്ഞതിന്‍റെ വെളിച്ചത്തില്‍ ക്രിസ്തുതന്നെ ജീവിതമായി മാറുന്ന ജീവിതമായിരുന്നു ഈ പ്രണയാര്‍ദ്രമായ ക്രിസ്തീയജീവിതം. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് തന്നെ വേര്‍പിരിക്കുന്നതിന് ആര്‍ക്കു കഴിയും എന്നൊരു വെല്ലുവിളിയായിരുന്നു പൗലോസിന്‍റെ ക്രിസ്തുജീവിതം. ഉയരത്തിനോ താഴ്ചകള്‍ക്കോ ജീവനോ മരണത്തിനോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ മറ്റ് യാതൊരു സൃഷ്ടിക്കോ… ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റിനോടുമുള്ള ഈ വെല്ലുവിളി ശബ്ദമാണ് യഥാര്‍ത്ഥ ക്രിസ്തുഭക്തനില്‍നിന്ന് ഉയരുന്നത്, ഉയരേണ്ടത്.

2012ല്‍ ഇറാനില്‍ നടന്ന ഒരു സംഭവം പറയട്ടെ. ഒരു ക്രിസ്തുവിശ്വാസിയായ പെണ്‍കുട്ടി, ക്രിസ്തുവിനെ പ്രണയിച്ചു ജീവിച്ച പെണ്‍കുട്ടി. അവളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി ഒരു പയ്യന്‍ അവളെ താനും ഒരു ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് പ്രണയിച്ചു. വിവാഹത്തിനുശേഷമാണ് അവന്‍ തന്‍റെ യഥാര്‍ത്ഥ വിശ്വാസം വെളിപ്പെടുത്തിയത്. തന്‍റെ ക്രിസ്തുസ്നേഹം വെളിപ്പെടുത്തിയ അവളെ അവന്‍ ഉപദ്രവിച്ചു, വേദനിപ്പിച്ചു. അവള്‍ ആകെ തളര്‍ന്നുപോയി. ഇതിനോടകം ഗര്‍ഭിണിയായ അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുട്ടിയെ അവന്‍ തട്ടിയെടുത്തു കടന്നു. ഇടയ്ക്ക് ഫോണ്‍ വിളിച്ച്, ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ കുഞ്ഞിനേ തരാം എന്നു പറഞ്ഞ് അവളെ കൂടുതല്‍ മാനസികമായി പീഢിപ്പിച്ചു. ഒടുവില്‍ അവളുടെ മാതാപിതാക്കള്‍ കേസുകൊടുത്തു. ഇറാനിലെ നിയമപ്രകാരം ഒമ്പതു വയസുവരെ കുഞ്ഞുങ്ങള്‍ മാതാവിന്‍റെ കൂടെ കഴിയണം. കേസ് കോടതിയില്‍ വന്ന ദിവസം ജഡ്ജി അവളെ മാറ്റി നിര്‍ത്തി സംസാരിച്ചു, ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചാല്‍ കുഞ്ഞിനെ നിന്‍റെ കൂടെ വിടാന്‍ ഞാന്‍ കല്‍പ്പിക്കാം. ഇനി അവള്‍ പറഞ്ഞത് കേള്‍ക്കുക “കോടതിയില്‍ രണ്ട് കസേരകള്‍, അതിലൊന്നില്‍ തന്‍റെ മകള്‍ ഇരിക്കുന്നു. തൊട്ടടുത്ത കസേരയില്‍ അദൃശ്യനായി യേശുക്രിസ്തു ഇരിക്കുന്നു. ഇതില്‍ ആരേ തെരഞ്ഞെടുക്കും എന്നൊരു ചോദ്യം മനസ്സില്‍ ഉയര്‍ന്നു. യേശുവിനെ തെരഞ്ഞെടുക്കുമോ മുന്നു വയസായ തന്‍റെ മകളെ തെരഞ്ഞെടുക്കുമോ?” ഒടുവില്‍ അവള്‍ തീരുമാനിച്ചു, അവിടെ അദൃശ്യനായി ഇരിക്കുന്ന യേശുവിനെ തെരഞ്ഞെടുക്കുമെന്ന്. അവള്‍ ആ കസേരയില്‍ ഇരിക്കുന്ന ക്രിസ്തുവിനെ തന്‍റെ മകളേക്കാളും വിലപ്പെട്ടവനായി തെരഞ്ഞെടുത്തു. കോടതിയില്‍നിന്നും അവള്‍ ക്രിസ്തുവുമായി വീട്ടിലേക്കു പോയി. ഈ ഇറാനിയന്‍ പെണ്‍കുട്ടിയുടെ ജീവിതസാക്ഷ്യം കണ്ണുനിറയാതെ ഇതുവരെ ചിന്തിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.

എന്നാല്‍ ക്രിസ്തുവില്‍ ഒരു ദൈവശാസ്ത്രം മാത്രം ദര്‍ശിക്കുന്നവര്‍ക്ക് ഒരിക്കല്‍ പോലും അനുഭവിക്കാന്‍ കഴിയാത്തതാണ് ദിവ്യരക്ഷകനുമായുള്ള ഈ വൈകാരികസ്നേഹബന്ധം. ദൈവശാസ്ത്രത്തിന്‍റെ അകത്തളങ്ങളില്‍ ക്രിസ്റ്റോളജിയെ കീറിമുറിച്ച് പരിശോധിക്കുന്നവരില്‍ നഷ്ടപ്പെടുന്നത് ഈ വൈകാരികസ്നേഹമാണ്. ഇതാണ് സാധാരണക്കാരായ അനേകായിരങ്ങളെ ക്രിസ്ത്വാനുകരണത്തില്‍ വ്യത്യസ്തരാക്കുന്നത്. ലോകത്തെയും ലോകത്തിലുള്ളതിനെയുമെല്ലാം ചപ്പും ചവറും എന്ന് കണ്ട്, ക്രിസ്തുവിനെ മാത്രം മൂല്യമുള്ളതായി തിരിച്ചറിഞ്ഞ ഒരു തലമുറ, ലോകനിയമത്തിനു ബദലായി ചിന്തിച്ചവര്‍ നമുക്കു മുന്നേ നടന്നുനീങ്ങിയിട്ടുണ്ട്. അവര്‍ “മണ്ണേപ്രതി മാണിക്യം” നഷ്ടപ്പെടാതെ സൂക്ഷിച്ച് നിത്യതയില്‍ മറഞ്ഞവരാണ്. വിലയേറിയ ഒരു മുത്തിനെ കണ്ടെത്തിയപ്പോള്‍ തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് ആ മുത്തിനെ സ്വന്തമാക്കാന്‍ മടികാണിക്കാത്ത ഒരു ന്യൂനപക്ഷത്തിലായിരുന്നു അവര്‍ കാണപ്പെട്ടത്. ക്രിസ്തുവുമായി വിവാഹനിശ്ചയം ചെയ്ത്, സര്‍പ്പത്തിന് ഉപായത്തില്‍ ചതിക്കാന്‍ കഴിയാത്തവിധം ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലസ്നേഹവും ഹൃദയത്തില്‍ സൂക്ഷിച്ചവര്‍. മണ്ണേപ്രതി മാണിക്യം നഷ്ടപ്പെടാതെ ജീവിച്ച് ആ ന്യൂനപക്ഷത്തില്‍ എണ്ണപ്പെടാന്‍ ഭാഗ്യം ലഭിച്ചിരുന്നെങ്കില്‍…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments