ത്രിത്വവിശ്വാസം (ഭാഗം 7)
പൗരാണികകാലം മുതലേ മനുഷ്യന്‍ സൃഷ്ടാവിനെക്കുറിച്ച് പലതും നിരൂപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രകൃതിശക്തികളെയും മലയെയും മരത്തെയും കല്ലിനെയും മൃഗങ്ങളെയും എല്ലാം ദൈവമെന്ന് കരുതിപ്പോന്നു. എന്നാല്‍, ചരിത്രത്തില്‍ മനുഷ്യനോടുള്ള ദൈവിക ഇടപെടലുകളുടെ ആരംഭമായി, എഴുതപ്പെട്ട ആദ്യ ഗ്രന്ഥത്തില്‍ ഇയ്യോബ് എഴുതി “നമുക്കു ഗ്രഹിക്കാനാവാത്ത വിധം ദൈവം മഹോന്നതനാണ്. അവിടുത്തെ സംവത്സരങ്ങള്‍ തിട്ടപ്പെടുത്താനാവില്ല”. (ഇയ്യോബ് 36:26). മനുഷ്യന് ഗ്രഹിക്കാനാവാത്തവിധം മനോഹന്നതനാണ് ദൈവം എന്ന സ്ഥാനത്തുനിന്നാണ് ദൈവത്തെക്കുറിച്ച് ഇന്നുള്ള സകല അറിവുകളും മനുഷ്യവംശം ആര്‍ജ്ജിച്ചെടുത്തിരിക്കുന്നത്. ഈ അറിവുകള്‍ മനുഷ്യന് എവിടെനിന്നു ലഭിച്ചു?
ദൈവത്തെക്കുറിച്ചുള്ള അറിവിൽ മനുഷ്യന് അനുഭവപ്പെട്ട ശൂന്യതാ ബോധത്തിൽ നിന്ന്, ഇന്ന് ലഭ്യമായിരിക്കുന്ന സകല അറിവുകളിലേക്കുമുള്ള ക്രമാനുഗതമായ വളര്‍ച്ചയാണ് വിശുദ്ധ ബൈബിളില്‍ ആരംഭം മുതല്‍ കാണുന്നത്. ഒടുവിലേക്ക് എത്തുമ്പോള്‍, ദൈവത്തെ താന്‍ ആയിരിക്കുന്നതുപോലെ മനുഷ്യന്‍ “മുഖാമുഖം കാണുകയും കൂടെ വസിക്കുകയും” (വെളിപ്പാട് 22:3,4) ചെയ്യുന്നു. കാലാനുസൃതമായി മനുഷ്യന് ദൈവം നല്‍കുന്ന ക്രമാനുഗതമായ വെളിപ്പാടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ മനുഷ്യന്‍ ദൈവത്തെ അറിഞ്ഞിട്ടുള്ളൂ. ഈ അറിവ് ആരുടെയും പരീക്ഷണ, നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള അറിവല്ല. ദൈവം തന്നെക്കുറിച്ച് സ്വയം വെളിപ്പെടുത്തിയതില്‍ നിന്നും ലഭ്യമായ അറിവാണിത്. “സ്വര്‍ഗത്തില്‍നിന്നു നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല” (യോഹന്നാന്‍ 3:27). “ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട് ?” (1 കൊരി 4:7). യാതൊന്നുമില്ല! തന്‍റെ വിധികള്‍ ഏറെ ദുര്‍ജ്ഞേയവും മാര്‍ഗങ്ങള്‍ വളരെ ദുര്‍ഗ്രാഹ്യവുമായവനെക്കുറിച്ച് മനുഷ്യന് സ്വയമേവ എന്ത് അറിയാന്‍ സാധിക്കും? “നമുക്കു ഗ്രഹിക്കാനാവാത്തവിധം സമുന്നതനാണ് ദൈവം” എന്നത് ഇയ്യോബിന്‍റെ മാത്രം അഭിപ്രായമല്ല, മുഴുമനുഷ്യവംശത്തന്‍റെയും വിനീതമായ അഭിപ്രായമാണിത്. ഈ ബോധ്യത്തില്‍നിന്നു ആരംഭിച്ച്, ഇന്ന് നാം വിശ്വസിക്കുന്ന ദൈവിക ത്രീത്വത്തെക്കുറിച്ചുള്ള മുഴുവൻ വെളിപ്പാടുകളുടെയും ക്രമാനുഗതമായ വളര്‍ച്ചയുടെ ഓരോ പടവുകളെക്കുറിച്ചും എല്ലാ വിശ്വാസികളുടെയും സവിശേഷമായ ശ്രദ്ധ പതിയേണ്ടതുണ്ട്.
ബൗദ്ധികമായി മനുഷ്യന്‍ ഏറെ മുന്നേറിയ ഒരു കാലഘട്ടത്തില്‍ സൃഷ്ടാവായ ദൈവം, പിതാവും പുത്രനും പരിശുദ്ധാത്മാവുമാണെന്ന് ” പരിശുദ്ധത്രിത്വ”ത്തില്‍ വെളിപ്പെടുത്തിയപ്പോള്‍ അത് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സങ്കീര്‍ണ്ണതയായാണ് മനുഷ്യന് അനുഭവപ്പെട്ടത്. ലോകമതങ്ങളെ നിരീക്ഷിച്ചാല്‍ അവിടെയെങ്ങും കാണാത്ത ആശയക്കുഴപ്പമാണ് ക്രിസ്റ്റ്യാനിറ്റിയില്‍ ത്രിത്വവിശ്വാസം സൃഷ്ടിക്കുന്നത് എന്നു കാണാം. നൂറ്റാണ്ടുകളായി ദൈവശാസ്ത്രജ്ഞന്മാര്‍ വിവരിക്കാന്‍ ശ്രമിച്ചിട്ടും സകലര്‍ക്കും തൃപ്തികരമായ വിധത്തില്‍ ഒരു നിര്‍വ്വചനം നല്‍കാന്‍ കഴിയാതെ സകലരും കുഴങ്ങിയ വിഷയമാണിത്. “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു” (I am who I am) എന്ന പറഞ്ഞവന്‍ സമയത്തിനും കാലത്തിനും അതീതനായി വര്‍ത്തിക്കുന്നവനാണ്. ഈ അത്യത്ഭുതത്തെ മനുഷ്യന്‍ സമീപിക്കുമ്പോള്‍ ആശയക്കുഴപ്പം തികച്ചും സ്വാഭാവികമാണ്. ലോകമതങ്ങളുടെ ദൈവസങ്കല്‍പ്പങ്ങള്‍ വളരെ ലളിതമാണ്. ഇത്രമേല്‍ ലളിതമായ വിധത്തില്‍ ബൈബിളിലെ ദൈവത്തെ മനസ്സിലാക്കാന്‍ കഴിയില്ല. “നീ ദൈവത്തെ ഗ്രഹിച്ചുവോ? എങ്കില്‍ അവന്‍ ദൈവമായിരിക്കുകയില്ല”. എന്നായിരുന്നു ഇയ്യോബിനോടു ചേര്‍ന്ന് അഗസ്തീനോസ് പറഞ്ഞത്.
അഗസ്തീനോസിന്‍റെ ചിന്തകളെ വിപുലമാക്കി കത്തോലിക്കാ സഭയുടെ മതബോധനത്തില്‍ ദൈവാസ്തിത്വത്തെക്കുറിച്ചു പറയുന്നത് വളരെ ശ്രദ്ധേയമാണ് “ഉണ്മയുടെ എല്ലാ ഗുണവിശേഷങ്ങളുടെയും പരിപൂര്‍ണ്ണതയായ ദൈവം ആദ്യന്തരഹിതനാണ്. സര്‍വ്വസൃഷ്ടികള്‍ക്കും അവ ആയിരിക്കുന്നതെന്തോ അതും, അവയ്ക്കുള്ളവ എന്തോ അതും അവിടുന്നില്‍ നിന്നാണ് ലഭിക്കുന്നത്. ദൈവം മാത്രമാണ് തൻ്റെതന്നെ ഉണ്മയായിരിക്കുന്നവന്‍. അവിടുന്ന് തന്നില്‍തന്നെ ആയിരിക്കുന്ന സര്‍വ്വതുമാണ്”. (സിസിസി 213). തന്നില്‍തന്നെ സര്‍വ്വതുമായിരിക്കുന്നവന്‍ തന്‍റെ കൃപയാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന് തന്നെക്കുറിച്ചു നല്‍കുന്ന വെളിപ്പാടുകളുടെ മുഴുവന്‍ ചിത്രങ്ങളും കൂട്ടിച്ചേര്‍ത്ത് പഠിക്കുമ്പോഴേ തന്‍റെ സൃഷ്ടാവിന്‍റെ മാഹാത്മ്യത്തെ തിരിച്ചറിയാന്‍ കഴിയൂ.
“ഇസ്രായേലേ കേള്‍ക്കുക, നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവാണ്” ( Hear O Isreal, The Lord our God, the Lord is one) (നിയമാവര്‍ത്തനം 6:4, മാര്‍ക്കോസ് 12:29). ഇതായിരുന്നു ദൈവം തന്നെക്കുറിച്ച് നല്‍കിയ പഴയനിയമ വെളിപ്പാട്. തുടര്‍ന്ന നൂറ്റാണ്ടുകള്‍ക്ക് ശേഷം അവിടുന്ന് തന്നില്‍ത്തന്നെ ആരാണ് എന്നു അല്‍പംകൂടി വ്യക്തമാക്കി “ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു”.(യോഹന്നാന്‍ 1:1). നിയമാവര്‍ത്തനപുസ്തകം 6:4ല്‍ “വചന”ത്തെക്കുറിച്ച് പ്രത്യക്ഷത്തില്‍ യാതൊരു സൂചനയുമില്ല. അതിന് യോഹന്നാന്‍ സുവിശേഷം എഴുതുന്നതു വരെ മനുഷ്യന്‍ കാത്തിരിക്കേണ്ടിയിരുന്നു. “ദൈവത്തില്‍ വചനം ആദിമുതലേ സ്ഥിതിനായിരുന്നു” എന്ന് ദൈവം വെളിപ്പെടുത്തുന്നതുവരെ ദൈവപ്രകൃതിയിലെ ഈ അദൃശ്യലക്ഷണങ്ങള്‍ (റോമ 1:20) മനുഷ്യന് തികച്ചും അജ്ഞാതമായിരുന്നു.
തന്‍റെ സൃഷ്ടികള്‍ക്കു മുന്നില്‍ മറഞ്ഞിരിക്കുന്നവനായി സ്ഥിതിതനായിരിക്കുക എന്നത് ദൈവസ്വഭാവത്തിന്‍റെ ഒരു പ്രത്യേകതയാണ് “ഇസ്രായേലിന്‍െറ ദൈവവും രക്ഷകനുമായവനേ, അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്” Truely you are a God who hides Himself. (ഏശയ്യ 45:15). കാലസമ്പൂര്‍ണ്ണതയില്‍ വചനമായ ദൈവം മനുഷ്യനായി അവതരിച്ചപ്പോഴാണ് ഇസ്രായേലിന്‍റെ ദൈവവും രക്ഷകനുമായ, മറഞ്ഞിരിക്കുന്ന ഏകനും സത്യവാനുമായ ദൈവത്തെ മനുഷ്യന് കൂടുതല്‍ വെളിപ്പെട്ടത്. “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്” (യോഹ 1:18). ദൈവംതന്നെയായ ഏകജാതന്‍ എന്നത് ഹീബ്രൂ ബൈബിളില്‍ പരാമര്‍ശിക്കുന്നത് “ദൈവം തന്‍റെ പ്രകൃതം പങ്കിടുന്നവനായ പുത്രൻ” എന്നാണ്. No one has ever seen God, but the only Son, who is himsef God and is in closest relationship with the Father, has made Him known (NIV).
ദൈവംതന്നെയായ പുത്രനു മാത്രമേ ദൈവത്തേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. പുത്രന്‍റെ ഈ വെളിപ്പെടുത്തൽ വളരെ വ്യക്തവും പരമപ്രധാനവുമാണ്. ഇതില്‍ ആശ്രയിക്കുന്നവര്‍ക്ക് യാതൊരു ആശയക്കുഴപ്പവുമില്ല.
പല സന്ദര്‍ഭങ്ങളായി ദൈവം മനുഷ്യന് വെളിപ്പെട്ടതായി പഴയനിയമത്തില്‍ നാം കാണുന്നുണ്ട്. എന്നാല്‍ ദൈവികസമ്പൂര്‍ണ്ണതയില്‍ ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. ദൈവികസമ്പൂര്‍ണ്ണതയെക്കുറിച്ചുള്ള വെളിപ്പാടുകള്‍ വചനം മനുഷ്യനായി അവതരിച്ചപ്പോള്‍ മുതലായിരുന്നു മനുഷ്യവംശം അറിയാവന്‍ തുടങ്ങിയത്. ഈ വെളിപ്പാടുകള്‍ ലഭ്യമാകുന്നതുവരെയും സൃഷ്ടാവ് എന്ന അര്‍ത്ഥത്തില്‍ സ്ഥിതിതനായിരിക്കുന്ന ദൈവത്തെ മനുഷ്യന് തിരിച്ചറിയാന്‍ ദൈവം നല്‍കിയ സൂചനകള്‍ സൃഷ്ടപ്രപഞ്ചം മാത്രമായിരുന്നു! “ലോകസൃഷ്ടിമുതല്‍ ദൈവത്തിന്‍െറ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട് (റോമ 1:20).
പിതാവിനെയും പുത്രനെയും കുറിച്ച് പരാമര്‍ശങ്ങള്‍ നല്‍കപ്പെട്ടിരുന്നുവെങ്കിലും ദൈവത്വത്തില്‍ പരിലസിക്കുന്ന “പരിശുദ്ധാത്മാവായ ദൈവത്തെക്കുറിച്ച്” വെളിപ്പാടുകള്‍ ലഭിക്കുവാന്‍ യേശുക്രിസ്തു തേജസ്കരിക്കപ്പെടുന്ന സമയത്തിനായി വീണ്ടും മനുഷ്യന്‍ കാത്തിരിക്കേണ്ടിയുരുന്നു. ഇത് ദൈവിക വെളിപ്പാടുകളുടെ അടുത്ത പടിയായിട്ടാണ് നാം കാണുന്നത്.
ജെറുസലേമിലെ മഹാദിനമായ കൂടാരപ്പെരുന്നാളിന്‍റെ ഒടുക്കത്തെ നാളില്‍ തെരുവിൻ്റെ കോണില്‍നിന്നുകൊണ്ട് ദൈവംതന്നെയായ പുത്രന്‍, തന്നില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ലഭ്യമാകാന്‍ പോകുന്ന പരിശുദ്ധാത്മാവിനെക്കുറിച്ച് പ്രസംഗിക്കുന്നു. തുടര്‍ന്നുള്ള വചനം നോക്കുക “യേശു അന്ന് തേജസ്കരിക്കപ്പെട്ടില്ലായ്കയാല്‍ ആത്മാവ് വന്നിട്ടില്ലായിരുന്നു” (യോഹന്നാന്‍ 7:39).
യേശുക്രിസ്തുവിന്‍റെ തേജസ്കരണത്തിനു ശേഷം, വരുവാനുള്ള പരിശുദ്ധാത്മാവിനെക്കുറിച്ച് ദൈവം തന്നെയായ പുത്രന്‍ പറയുന്ന മറ്റൊരു സവിശേഷമായ വചനം നോക്കുക “ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും” (യോഹന്നാന്‍ 14:17). താന്‍ മഹത്വത്തിലേക്ക് എടുക്കപ്പെട്ട ശേഷം വരുവാനുള്ള ഒരു “അവന്‍ HE”പുല്ലിംഗ രൂപത്തിലുള്ള ഒരു പുരുഷന്‍ ആയിട്ടാണ് പരിശുദ്ധാത്മാവിനെ വിശദീകരിച്ചിരിക്കുന്നത്. മൂന്നു പ്രാവശ്യം ഈ വാക്യത്തില്‍ തന്നെ പരിശുദ്ധാത്മാവിനെ “അവൻ” എന്ന് വിളിച്ചിരിക്കുന്നു.
മറഞ്ഞിരിക്കുന്ന ദൈവികപ്രകൃതം (ഏശയ്യ 45:15) പുത്രനും പരിശുദ്ധാത്മാവിനും ഉണ്ട്. ‘വചന’മാകുന്ന ദൈവത്തിനുള്ള ഈ ദിവ്യസ്വഭാവഗുണത്തെക്കുറിച്ച് പറയുന്നത് നോക്കുക “അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു, ലോകം അവന്‍ മുഖാന്തരം ഉണ്ടായി, ലോകമോ അവനെ അറിഞ്ഞില്ല” (യോഹ 1:10). പരിശുദ്ധാത്മാവാം ദൈവത്തെക്കുറിച്ച് പറയുന്നു “ലോകം അവനെ കാണുകയോ അറിയുകയോ ചെയ്യായ്കയാല്‍ അതിന് അവനെ ലഭിക്കാന്‍ കഴിയുകയില്ല” (യോഹ 14:17). ദൈവത്വത്തിലെ അദൃശ്യപ്രകൃതിയുടെ പ്രത്യേകതകള്‍ പിതാവിലും പുത്രനിലും പരിശുദ്ധാതമാവിലും സമ്പൂര്‍ണ്ണമായി വെളിപ്പെട്ടിരിക്കുന്നു എന്നത് ത്രിത്വം അതിമഹത്തായ ഒരു വിശ്വാസസത്യമാണെന്ന് സംശയരഹിതമായി വ്യക്തമാകുന്നു.
പിതാവായി പുത്രനായി പരിശുദ്ധാത്മാവായി ദൈവത്വത്തില്‍ നിറഞ്ഞുപരിലസിക്കുന്ന ഈ മൂന്ന് ആത്മരൂപികളായ വ്യക്തികളുടെ സമ്പൂര്‍ണ്ണതയെയാണ് ബൈബിള്‍ “ദൈവം” എന്നു വിളിക്കുന്നത്. ഇത് ചോദ്യം ചെയ്യാതെ വിശ്വസിക്കേണ്ട സത്യമാണ്. സാക്ഷികളായവര്‍ നമുക്ക് ഉറപ്പിച്ചു തന്നതാണ് ഈ സത്യം. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിൻ്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ചു ഞങ്ങള്‍ നിങ്ങളെ അറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്‍പിത കഥകളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍ അവന്‍െറ ശക്തിപ്രാഭവത്തിന്‍െറ ദൃക്സാക്ഷികളായതുകൊണ്ടാണ്….. ആദ്യം നിങ്ങള്‍ ഇതു മനസ്സിലാക്കുവിന്‍: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷിക ചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍െറ മനുഷ്യര്‍ സംസാരിച്ചവയാണ്”. (2 പത്രോസ് 1:16-21).
ദൈവത്തെക്കുറിച്ച് സ്വന്തമായി ഉണ്ടാക്കിയ നിരൂപണങ്ങൾ വ്യാഖ്യാനിച്ചുകൊണ്ടും ഊഹാപോഹങ്ങളും കെട്ടുകഥകളും നിർവ്വചിച്ചുകൊണ്ടും ഇറങ്ങിയവരാണ് ത്രിത്വനിഷേധികള്‍. ഇവര്‍ മനുഷ്യനെ ആശയക്കുഴപ്പത്തിലാക്കുവാന്‍ സ്വന്തമായി കഥകള്‍ സൃഷ്ടിക്കുന്നു. തങ്ങളുടെ വ്യാഖ്യാനത്തിനും മനോധര്‍മത്തിനും അനുസരിച്ച്, കൗശലപൂര്‍വ്വം തങ്ങള്‍ക്ക് വഴങ്ങുന്ന ഒരു ദൈവത്തെ പ്രതിഷ്ഠിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ദൈവഭയം നഷ്ടപ്പെട്ട ഇത്തരം വ്യക്തികള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതാണ് ത്രിത്വദൈവത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം. മനുഷ്യനില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെടുത്താലേ അവര്‍ക്ക് നിലനില്‍പ്പുളളൂ.
ത്രിത്വദൈവ വിശ്വാസം ബഹുദൈവാരാധനയല്ല. ബഹുദൈവങ്ങളായിട്ടല്ല, ഏകദൈവത്തിലെ ബഹുത്വമായിട്ടാണ് പിതാവും പുത്രനും പരിശുദ്ധാതമാവും ദൈവവചനത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. ദൈവം ഏകനായിരിക്കുമ്പോള്‍ അവനില്‍ ബഹുത്വമുണ്ട് എന്നത് മനുഷ്യന്‍റെ പ്രശ്നമല്ല (Trinity is not the problem of man), ദൈവത്തിന്‍റെ പ്രത്യേകതയാണത് (It is the nature of God). ദൈവത്തിലെ ഈ പ്രത്യേകതയെ തീവ്രഹിന്ദുദൈവ സങ്കല്‍പ്പത്തിലെ ബഹുദൈവരാധനയോടും തീവ്ര ഏകദൈവ സങ്കല്‍പ്പമുള്ള ഇസ്ലാമിനോടും ചേര്‍ത്ത് ചിന്തിക്കുന്നവരാണ് മനഃപൂര്‍വ്വം ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ബൈബിള്‍ അസന്നിഗ്ധമായി പറയുന്നു “ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല…. ഞാന്‍ പ്രകാശം ഉണ്ടാക്കി; ഞാന്‍ അന്ധകാരം സൃഷ്ടിച്ചു….. കര്‍ത്താവായ ഞാനാണ് ഇതു സൃഷ്ടിച്ചത്”. ഇതരമതങ്ങളുടെ സ്വാധീനത്തില്‍ ഉള്‍പ്പെട്ടവരാണ് വാസ്തവത്തില്‍ ത്രീയേകത്വ ദൈവവിശ്വാസം പിന്‍പറ്റുന്ന ക്രിസ്തുഭക്തന്മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
ലോകാരംഭം മുതല്‍ മറഞ്ഞിരുന്നവനാണ് സത്യദൈവം. താന്‍ വെളിപ്പെടാന്‍ ഇച്ഛിക്കുന്ന വിധത്തിലാണ് കാലാസമ്പൂര്‍ണ്ണതയില്‍ ദൈവം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. പഴയ/ പുതിയ നിയമത്തിലെ ഏതെങ്കിലും ഒരു അധ്യായത്തില്‍ ദൈവത്തിന് തന്നിലെ ബഹുത്വത്തെത്തെക്കുറിച്ച് എഴുതിയിട്ടാല്‍ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇത്. സര്‍വ്വജ്ഞാനിയായ ദൈവം എന്തുകൊണ്ട് അത് ചെയ്തില്ല? “എന്‍റെ വിചാരങ്ങള്‍ അല്ല നിങ്ങളുടെ വിചാരങ്ങള്‍; നിങ്ങളുടെ വഴികള്‍ അല്ല എന്‍റെ വഴികള്‍ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ എന്‍റെ വഴികള്‍ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളിലും ഉയര്‍ന്നിരിക്കുന്നു (ഏശയ്യ 55:8,9). ദൈവത്തിന്‍െറ മനസറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായത് ആര്? (റോമ 11:33,34). ദൈവത്തിന്‍റെ മനസ്സും മനുഷ്യന്‍റെ മനസ്സും തമ്മില്‍ ആകാശവും ഭൂമിയും തമ്മിലുള്ള അന്തരമുണ്ട് എന്ന തിരിച്ചറിവാണ് ത്രീത്വദൈവവിശ്വാസത്തെ ഉള്‍ക്കൊള്ളാന്‍ വേണ്ടത്. എണ്ണപ്പെട്ട ദിനങ്ങള്‍കൊണ്ട് ജനിച്ച് ജീവിച്ച് കടന്നുപോകുന്ന മനുഷ്യന്‍, നിത്യതമുതല്‍ നിത്യതവരെ മഹാദൈവമായവനെ, തന്‍റെ യുക്തിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതാണ് സകല ആശയക്കുഴപ്പങ്ങള്‍ക്കും കാരണം.
വെളിപ്പെട്ട വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ദൈവത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിച്ചവര്‍ ആയിരുന്നു ആദിമസഭാ പിതാക്കന്മാര്‍. ഈ യാഥാര്‍ത്ഥ്യബോധ്യമാണ് വിശ്വാസപ്രമാണം അടുക്കും ചിട്ടയോടുംകൂടി ക്രമപ്പെടുത്തി അതിലൂടെ ത്രിത്വവിശ്വാസം പ്രഖ്യാപിക്കാന്‍ ഇടയായത്. ത്രിത്വവിശ്വാസം സഭാപിതാക്കന്മാരുടെയോ സൂന്നഹദോസുകളുടെയോ കണ്ടെത്തലായിരുന്നില്ല. ദൈവികവെളിപ്പാടുകളുടെ ക്രമാനുഗതമായ വളര്‍ച്ചയുടെ ഒടുവിലത്തെ പടവില്‍ നിന്നുകൊണ്ട് ദൈവികയാഥാര്‍ത്ഥ്യങ്ങളുടെ
പരസ്യപ്രഖ്യാപനമായിരുന്നു അവര്‍ നിര്‍വ്വഹിച്ചത്. ഇയ്യോബില്‍നിന്നും ബഹുദൂരം വളര്‍ന്ന ദൈവദര്‍ശനത്തിന്‍റെ സാക്ഷ്യമായിരുന്നു നിഖ്യാ വിശ്വാസപ്രമാണത്തില്‍ കാണുന്നത്. (തുടരും)