സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലും നിന്നു വ്യതിചലിപ്പിക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു”
ക്രിസ്തുവിശ്വാസികളുടെ മനസ്സില്‍നിന്നും അവരുടെ ചിന്തകളില്‍നിന്നും ഏതെങ്കിലും നിലയില്‍ ക്രിസ്തു അപ്രസക്തനായിപ്പോകുമോ എന്നൊരു ഭയം പരിശുദ്ധാത്മ പ്രചോദിതനായി കൊറിന്ത്യ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ പൗലോസ് സ്ലീഹാ പ്രകടിപ്പിക്കുന്നുണ്ട്. മറവിയെന്ന സ്വാഭാവിക പ്രക്രിയവഴി ഒരു വിശ്വാസിയില്‍ നിന്ന് ക്രിസ്തു വിസ്മൃതമായിപ്പോകുമോ എന്നതിലുള്ള കേവലഭയമല്ല, ഏദെനില്‍ സര്‍പ്പസ്വരൂപിയായി വന്ന് ഹവ്വായെ തന്ത്രപൂര്‍വ്വം ചതിച്ചതുപോലുള്ള പ്രലോഭനങ്ങളാല്‍ സംഭവിക്കുന്ന, പൈശാചിക വഞ്ചനയുടെ ഫലമായ ഭക്തിരാഹിത്യമാണ് ഓരോ വിശ്വാസികളെക്കുറിച്ചും പൗലോസ് സ്ലീഹായില്‍ ഈ ഭയം ജനിപ്പക്കുന്നതിന് ആധാരമായത്. ക്രിസ്ത്യാനിയുടെ മനസ്സില്‍ സംഭവിക്കുന്ന കാലുഷ്യചിന്തകളാല്‍ ക്രിസ്തു അപ്രസക്തന്‍ ആയിത്തീര്‍ന്നേക്കാം എന്നൊരു മുന്നറിയിപ്പ് 2 കൊരിന്ത്യ ലേഖനത്തില്‍ പൗലോസ് സ്ലീഹാ പങ്കുവയ്ക്കുന്നുണ്ട്.
“നിര്‍മലയായ വധുവിനെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന് ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി. എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലും നിന്നു വ്യതിചലിപ്പിക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു” ഇതാണ് 2 കൊരിന്ത്യലേഖനം 11:3ല്‍ പരിശുദ്ധാത്മ പ്രേരിതനായി പൗലോസ് സ്ലീഹാ എഴുതിയത്.
സഭ ക്രിസ്തുവിന്‍റെ മണവാട്ടിയാണെന്ന് എല്ലാ ക്രൈസ്തവരും ഒരുപോലെ സമ്മതിക്കും. എന്നാല്‍ ഈ വാക്യത്തില്‍ ഓരോ വിശ്വാസിയെയും ക്രിസ്തുവിന്‍റെ മണവാട്ടിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ് വിവാഹദിനം കാത്തിരിക്കുന്ന കന്യകയെപ്പോലെ ക്രിസ്തുവിനേ പ്രണയാര്‍ദ്രമായി സ്നേഹിക്കുന്ന ഭക്തനേയാണ് വചനത്തില്‍ വരച്ചുകാണിച്ചിരിക്കുന്നത്. എന്നാല്‍ ക്രിസ്തുവിനോടുള്ള അവാച്യമായ ഈ പ്രണയബന്ധം നഷ്ടപ്പെട്ട് കേവലം ക്രിസ്തുമതത്തിന്‍റെ ഭാഗമായുള്ള ആചാരബന്ധിതമായ ഒരു ജീവിതം നയിക്കുന്ന ക്രിസ്ത്യാനിയെക്കുറിച്ചാണ് പൗലോസ് സ്ലീഹാ ഭയപ്പെടുന്നത്. ഈ ഭയാശങ്ക ഒരോ വിശ്വാസിയേക്കുറിച്ചുള്ളതാണ്.
ആധുനിക ലോകക്രമത്തിലെ ജീവിതസങ്കീര്‍ണ്ണതകളും അനുദിന ജീവസന്ധാരണത്തിന് നേരിടുന്ന വെല്ലുവിളികളും സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികളും വിശ്വാസവിഷയങ്ങളുടെ പേരിലുള്ള ചര്‍ച്ചകളും സംവാദങ്ങളും മതങ്ങളുടെ പേരിലുള്ള മേന്മപറച്ചിലും മതജീവിതത്തിലെ ശരിതെറ്റുകളുടെ പേരിലുള്ള വാദപ്രതിവാദങ്ങളും എല്ലാം നമ്മുടെ മനസ്സിനെയും ചിന്തകളെയും കലുഷിതമാക്കുന്ന ഈ കാലത്ത് എല്ലാവരിലും ക്രിസ്ത്യാനിയെന്ന മതബോധം ഏറെ ശക്തമാകുന്നുണ്ടെങ്കിലും അതില്‍ ക്രിസ്തു അപ്രസക്തനായിപ്പോകുന്നുണ്ടോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.
ക്രിസ്തുവിന്‍റെ സ്ഥാനപതിയെങ്കിലും ചങ്ങലധരിച്ച് കാരാഗ്രഹത്തില്‍ കഴിയുമ്പോഴാണ് പൗലോസ് ഫിലിപ്പിയ ലേഖനം എഴുതുന്നത്, കുറ്റവാളിയായി തടവറയുടെ ബന്ധനങ്ങളില്‍ കഴിയുമ്പോഴും പൗലോസിനുണ്ടായിരുന്നത് രണ്ട് വലിയ ആഗ്രഹങ്ങളായിരുന്നു. അത് “ക്രിസ്തുവിനേ നേടുക” എന്നതും ”ക്രിസ്തുവില്‍ കാണപ്പെടുക” എന്നതുമായിരുന്നു. തന്‍റെ അദമ്യമായ ഈ ജീവിതാഭിലാഷം ഫിലിപ്പിയര്‍ മൂന്നാം അധ്യായം ഒമ്പതാം വാക്യത്തില്‍ വിവരിക്കുന്നുണ്ട്.
ജീവിതത്തിലുടനീളം ക്രിസ്തുവിനെ കൂടുതലായി അറിയാൻ ശ്രമിക്കുക, തത്ഫലമായി നിത്യതയിലുടനീളം ക്രിസ്തുവില്‍ കാണപ്പെടുക – വിജയകരമായ ക്രിസ്തീയ ജീവിതത്തിനു വേണ്ട ഒരു രഹസ്യമാണ് ഫിലിപ്പിയ ലേഖനത്തിൽ പൗലോസ് പങ്കു വയ്ക്കുന്നത്.
ക്രിസ്തുവിനെ വിസ്മരിച്ച്, ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും അമിതപ്രാധാന്യം നല്‍കുന്ന ഒരു ക്രിസ്തീയത ഇന്ന് പ്രചുരപ്രചാരം നേടിയിരിക്കുന്നു. ബൈബിള്‍ വചനങ്ങള്‍ തലനാരിഴ കീറിമുറിച്ച് പരിശോധിച്ച്, അതിന്‍റെ വ്യാഖ്യാനങ്ങളുടെ പേരില്‍ തര്‍ക്കിച്ച്, എതിരാളിയേ ഏതുവിധേനയും തറപറ്റിക്കണമെന്ന വാശിയോടെ ചര്‍ച്ചകളും സംവാദങ്ങളും തകൃതിയായി നടക്കുന്ന വര്‍ത്തമാനകാല ലോകത്തില്‍ പലരിൽ നിന്നും ക്രിസ്തു വിസ്മരിക്കപ്പെടുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
ദൈവപുത്രനായ ക്രിസ്തുവിനെ അപ്രസക്തനാക്കി ആത്മീയനാകാന്‍ ആർക്കും കഴിയില്ല. ഈ തിരിച്ചറിവാണ് ക്രിസ്തുവിനെ നേടുവാനും ക്രിസ്തുവില്‍ കാണപ്പെടുവാനും ആഗ്രഹിച്ച പൗലോസ് ശ്ലീഹായെ ശക്തനാക്കിയത്. ഈ തിരിച്ചറിവ് ക്രിസ്തുകേന്ദ്രീകൃതമായി ജീവിക്കാന്‍, ക്രിസ്തുവിനോടുള്ള ഏകാഗ്രതയിലും ഹൃദയനൈര്‍മല്യത്തിലും ജീവിക്കാന്‍ ഏവർക്കും ശക്തി പകരും.
നമ്മുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലും നിന്നു വ്യതിചലിക്കപ്പെടാതിരിക്കട്ടെ.