എല്ലാ പുരോഹിതന്മാരും മറ്റൊരു വസ്തുവിനെ അല്ലെങ്കില്‍ മൃഗത്തേ യാഗമാക്കുമ്പോള്‍ ക്രിസ്തു തന്നെത്തന്നെ യാഗമാക്കിയ പുരോഹിതനായിരുന്നു
യോര്‍ദ്ദാന്‍ നദിയില്‍ സ്നാനം സ്വീകരിക്കാന്‍ വന്ന ജനക്കൂട്ടത്തിനു മധ്യേ നില്‍ക്കുന്ന ഈശോമശിഹായേ നോക്കി സ്നാപക യോഹന്നാന്‍ പറഞ്ഞു “ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” ഒരു കുഞ്ഞാടിനേപ്പോലെ യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടാനായി അവതാരംചെയ്ത ഈശോമശിഹായേ മനുഷ്യവംശത്തിന് വെളിപ്പെടുത്തിക്കൊടുക്കുക എന്നതായിരുന്നു സ്നാപകയോഹന്നാന്‍റെ ദൗത്യം.
ഏദെനില്‍ വീഴ്ച സംഭവിച്ച മനുഷ്യവംശത്തിൻ്റെ രക്ഷയ്ക്കായി ദൈവിക വാഗ്ദത്തം എന്ന നിലയിൽ വിശുദ്ധഗ്രന്ഥത്തിന്‍റെ താളുകളില്‍ പലയിടത്തും ഈശോമശിഹായേ ഒരു കുഞ്ഞാടായി പ്രതീകവൽക്കരിച്ചിരിക്കുന്നതു കാണാം. ഉൽപ്പത്തിയിൽ ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ടവനായി നില്‍ക്കുന്ന കുഞ്ഞാട്, പുറപ്പാടിൽ പെസഹാ രാത്രിയില്‍ അറുക്കപ്പെട്ട അനേകായിരം കുഞ്ഞാടുകളുടെ പ്രതീകം, ഏശയ്യാ പ്രവചനത്തില്‍ കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാട്, വെളിപാടു പുസ്തകത്തില്‍ ദൈവസന്നിധിയില്‍ കാണപ്പെടുന്ന കുഞ്ഞാട്… എന്നിങ്ങനെ മനുഷ്യന്‍റെ വീണ്ടെടുപ്പിനായി യാഗമാകുവാന്‍ മനുഷ്യവംശത്തിലേക്കു വന്ന ദൈവകുഞ്ഞാടായി ക്രിസ്തു നിറഞ്ഞുനില്‍ക്കുന്നു. ബലിവസ്തു തയ്യാറായി നില്‍ക്കുമ്പോഴും ഇവിടെയെല്ലാം ഉയരുന്ന ഒരു ചോദ്യമുണ്ട്, ആരാണ് ഈ കുഞ്ഞാടിനേ യാഗമാക്കുന്ന പുരോഹിതന്‍ ?
ലേവ്യയാഗങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ (ലേവ്യര്‍ 1-12 അധ്യായങ്ങള്‍) ദേവാലയത്തിലേക്കു കൊണ്ടുവരുന്ന ബലിമൃഗങ്ങളെ പുരോഹിതന്‍ പരിശോധിക്കുകയും അതിനെ നിശ്ചിത സ്ഥലത്തു വച്ച് കൊല്ലുകയും നല്‍കിയിരിക്കുന്ന വ്യവസ്ഥകൾപ്രകാരം പുരോഹിതൻ അതിനെ യാഗമര്‍പ്പിക്കുകയും വേണം. പുരോഹിതനല്ലാതെ യാഗമര്‍പ്പിക്കുവാന്‍ മറ്റാര്‍ക്കും അവകാശവുമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ദൈവത്തിന്‍റെ കുഞ്ഞാടായി ഭൂമിയില്‍ അവതരിച്ച ദൈവപത്രന്‍ മാനവകുലത്തിനായി യാഗമായപ്പോള്‍ ആരായിരുന്നു ഇവിടെ പുരോഹിതൻ എന്ന ചോദ്യം വളരെ പ്രസക്തമാണ്.
ക്രിസ്തു: പുരോഹിതനും യാഗവസ്തുവും
എല്ലാ പുരോഹിതന്മാരും മറ്റൊരു വസ്തുവിനെ അല്ലെങ്കില്‍ മൃഗത്തേ യാഗമാക്കുമ്പോള്‍ ക്രിസ്തു തന്നെത്തന്നെ യാഗമാക്കിയ പുരോഹിതനായിരുന്നു. “നിത്യാത്മാവുമൂലം കളങ്കമില്ലാത്ത രക്തം ദൈവത്തിന് സമര്‍പ്പിച്ച” ക്രിസ്തുവിനെ ഹെബ്രായ ലേഖനം 9:14 ല്‍ വായിക്കുന്നു. ഒരേസമയം പുരോഹിതനും അതേസമയം യാഗവസ്തുവുമായിത്തീരുക എന്ന സമാതനകളില്ലാത്ത ശുശ്രൂഷയായിരുന്നു ദൈവപുത്രന്‍ മനുഷ്യവംശത്തിനുവേണ്ടി നിര്‍വ്വഹിച്ചത്. കാൽവരിയിൽ യാഗമായിത്തീര്‍ന്ന ദൈവത്തിന്‍റെ കുഞ്ഞാടിനേയും അതിനെ യാഗമാക്കിയ പുരോഹിതനേയും കാത്തലിക് ബിഷപ്പും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായിരുന്ന ഫുള്‍ട്ടന്‍ ജോണ്‍ ഷീനിന്‍റെ Those Mysterious Priests എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.
പരസ്യശുശ്രൂഷാ കാലത്ത് ഒരു പുരോഹിതന്‍ എന്ന നിലയില്‍ ഈശോ തന്നെത്തന്നേ പരിചയപ്പെടുത്തിയിരുന്നില്ല. എന്നാല്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് തന്നിലെ പൗരോഹിത്യത്തേക്കുറിച്ചും യാഗാര്‍പ്പണത്തേക്കുറിച്ചും വിവിധ സന്ദര്‍ഭങ്ങളില്‍ അവിടുന്നു വ്യക്തമായ സൂചനകൾ നല്‍കിയിരുന്നു. ഈ അവബോധമായിരുന്നു അന്തിമപെസഹായില്‍ തന്‍റെ ശരീരവും രക്തവും അവിടുന്ന് അര്‍പ്പിക്കുന്ന വേളയില്‍ അതില്‍ പങ്കാളികളാകാന്‍ ശിഷ്യന്മാരേ ശക്തരാക്കിയത്.
ഈശോമശിഹായില്‍ നിറവേറിയ പൗരോഹിത്യശുശ്രൂഷയുടെ പരിപൂര്‍ണ്ണത ഹെബ്രായലേഖനത്തില്‍ വ്യക്തമാകുന്നു. “ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മേപ്പോലെ പരീക്ഷിക്കപ്പെട്ടവനായിരുന്നു നമ്മുടെ മഹാപുരോഹിതന്‍” (ഹെബ്രായര്‍ 4:14-16). “നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും” (യോഹ 8:46) എന്ന് യേശു ചോദിക്കുന്നതിലൂടെ തന്നിലെ പാപരഹിതനായ പുരോഹിതനേയാണ് പ്രത്യേകമായി ക്രിസ്തു വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായി വെളിപ്പെട്ടത് അവിടുത്തെ മരണത്തിനും പുനഃരുത്ഥാനത്തിനും ശേഷം മാത്രമായിരുന്നു.
ഗാഗുല്‍ത്താ മലയിലെ ദിവ്യബലിവേദിയില്‍ തകര്‍ക്കപ്പെടുന്ന ദൈവകുഞ്ഞാടിനേ നാം കാണുന്നു. മനുഷ്യവംശത്തിന്‍റെ പാപം മുഴുവന്‍ ഈശോമശിഹായുടെ മേല്‍ ചുമത്തപ്പെട്ടു. “അവനില്‍ നാമെല്ലാവരും ദൈവത്തിൻ്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി”. (2 കൊരി 5:21). അവനിൽ പാപം ഇല്ലായിരുന്നു, നമുക്കു വേണ്ടി അവിടുന്ന് പാപമാക്കപ്പെടുകയായിരുന്നു.
ഒരേസമയം പുരോഹിതനും അതേസമയം യാഗവസ്തുവുമായി ജീവിതത്തിലും മരണത്തിലും ക്രിസ്തു ദൈവത്തിനും മനുഷ്യനും മധ്യേ നില്‍ക്കുന്ന മഹാത്ഭുതമായിരുന്നു. പുരോഹിതന്‍ എന്ന നിലയില്‍ പാപരഹിതനും കുഞ്ഞാട് എന്ന നിലയില്‍ പാപമാക്കപ്പെട്ടവനുമായിരുന്നു കാല്‍വരിയില്‍ ക്രിസ്തു. വ്യക്തിപരമായി അവന്‍ പാപരഹിതനായിരുന്നു; എന്നാല്‍ അന്നാസിന്‍റെയും പിലാത്തോസിന്‍റെയും കോടതികളില്‍ ഔദ്യോഗികമായി ഒരു കുറ്റവാളിയായി ആദാമ്യകുലത്തിനുവേണ്ടി അവന്‍ നിന്നു.
ക്രിസ്തുവിൽ വെളിപ്പെട്ട പുരോഹിതനെയും കുഞ്ഞാടിനേയും ബിഷപ് ഫുള്‍ട്ടന്‍ ജോണ്‍ ഷീന്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്.
- പുരോഹിതന്‍ എന്ന നിലയില്‍ ദൈവത്തിന്‍റെ വിശുദ്ധിയോടെ അവന്‍ നിലകൊണ്ടു, കുഞ്ഞാട് എന്ന നിലയില്‍ അവന്‍ പാപമാക്കപ്പെട്ടവനായിരുന്നു.
- പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ ലോകത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടവനായിരുന്നു, കുഞ്ഞാട് എന്നനിലയില്‍ ഈ ലോകത്തിന്‍റെ പ്രഭുവിനോട് അവന് ഏറ്റുമുട്ടേണ്ടതായി വന്നു.
- പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ കുരിശില്‍ നിവര്‍ന്നുനിന്നപ്പോൾ, കുഞ്ഞാട് എന്ന നിലയില്‍ അവന്‍ കുരിശില്‍ നിസ്സഹായനായി തളര്‍ന്നുകിടന്നു.
- പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ പിതാവിന്‍റെ മുമ്പാകെ മധ്യസ്ഥനായി നിന്നു, കുഞ്ഞാട് എന്ന നിലയില്‍ മനുഷ്യന്‍റെ പാപത്തിനായി അവൻ സമര്‍പ്പിക്കപ്പെട്ടു.
- ഇടയനും പുരോഹിതനുമായി ഏഴു പ്രാവശ്യം പീലാത്തോസിനോട് അവൻ സംസാരിച്ചു, യാഗംചെയ്യപ്പെടുന്ന ഒരു കുഞ്ഞാടിനേപ്പോലെ പീലാത്തോസിന്‍റെ ഏഴു ചോദ്യങ്ങള്‍ക്കു മുമ്പാകെ അവന്‍ നിശ്ശബ്ദനായിരുന്നു.
- പുരോഹിതന്‍ എന്ന നിലയില്‍ അവൻ സ്വര്‍ഗ്ഗത്തിനു മുമ്പാകെ കുരിശില്‍ കിടന്നു, ഒരു കുഞ്ഞാട് എന്ന നിലയില്‍ ഭൂമിയില്‍ സമാന്തരമായി അടക്കപ്പെട്ടു.
- പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ കുരിശിലും പ്രതാപവാനായിരുന്നു, ഒരു കുഞ്ഞാട് എന്ന നിലയില്‍ അപമാനിതനായിരുന്നു.
- ഒരു പുരോഹിതന്‍ എന്ന നിലയില്‍ ആ ശുശ്രൂഷയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് അവന്‍ ജീവിച്ചു, ഒരു കുഞ്ഞാട് എന്ന നിലയില്‍ നിശ്ശബ്ദതയോടെ സകല പീഡനത്തിനും വിധേനായി അവന്‍ കൊല്ലപ്പെട്ടു.
- താന്‍ കുടിക്കാനിരിക്കുന്ന പാനപാത്രം ഒഴിഞ്ഞുപോകുവാന്‍ ഒരു പുരോഹിതന്‍ എന്ന നിലയില്‍ അവന്‍ പിതാവിനോടു പ്രാര്‍ത്ഥിച്ചു, ഒരു കുഞ്ഞാട് എന്ന നിലയില്‍ ദൈവകോപത്തിന്‍റെ പാനപാത്രം അവന്‍ മട്ടോളം കുടിച്ചു
- മനുഷ്യവംശത്തിന്‍റെ അന്ത്യമില്ലാത്ത തൃഷ്ണകള്‍ക്കു പ്രാശ്ചിത്തമായി അവന്‍ ദരിദ്രനാക്കപ്പെട്ടു, നിഷിദ്ധഫലത്തോടുള്ള നമ്മുടെ ആര്‍ത്തിയുടെ പ്രാശ്ചിത്തമായി അവന്‍ വിശപ്പും ദാഹിവും സഹിച്ചു.
- തന്‍റെ ജീവിതത്തിലും ശുശ്രൂഷയിലും വേര്‍തിരിക്കാനാവാത്ത വിധം പുരോഹിതനും ബലിപീഠത്തിലെ കുഞ്ഞാടുമായിരുന്നു അവന്‍. വ്യക്തിപരമായി നിഷ്കന്മഷനായിരുന്നു, ഔദ്യോഗികമായി ഒരു കുറ്റവാളിയായി അവൻ കാണപ്പെട്ടു.