Saturday, July 27, 2024
No menu items!
Homeഭക്തിയും വിശ്വാസവുംകരിസ്മാറ്റിക് മൂവ്മെൻറും അമേരിക്കൻ ഉണർവു പ്രസ്ഥാനങ്ങളും

കരിസ്മാറ്റിക് മൂവ്മെൻറും അമേരിക്കൻ ഉണർവു പ്രസ്ഥാനങ്ങളും

കരിസ്മാറ്റിക് മൂവ്മെൻറും അമേരിക്കൻ ഉണർവു പ്രസ്ഥാനങ്ങളും തമ്മിൽ എന്താണ് വ്യത്യാസം എന്നു ചോദിക്കുന്നവരും പരിശുദ്ധാത്മ പ്രവർത്തനങ്ങളേ തള്ളിപ്പറയുന്നത് തെറ്റല്ലേ എന്നു ചോദിക്കുന്നവരുമുണ്ട്.

അമേരിക്കയിൽ കെൻ്റക്കിയിൽ നടക്കുന്ന “ഉണർവ്വ്” സംബന്ധിച്ച് ഞാൻ എഴുതിയ പോസ്റ്റിനോടു യോജിച്ചും വിയോജിച്ചും പലരും പ്രതികരിക്കുകയുണ്ടായി. കൂടാതെ ഈ വിഷയത്തേക്കുറിച്ച് കൂടതൽ അറിയാൻ ചില കരിസ്മാറ്റിക് പ്രസംഗകരും ഇതിനോട് ആഭിമുഖ്യം കാണിക്കുന്ന മറ്റുചിലരും ബന്ധപ്പെടുകയുണ്ടായി. കരിസ്മാറ്റിക് മൂവ്മെൻറും അമേരിക്കൻ ഉണർവു പ്രസ്ഥാനങ്ങളും തമ്മിൽ എന്താണ് വ്യത്യാസം എന്നു ചോദിക്കുന്നവരും പരിശുദ്ധാത്മ പ്രവർത്തനങ്ങളേ തള്ളിപ്പറയുന്നത് തെറ്റല്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. കെൻ്റക്കി ഉണർവ്വു സമ്പന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്ന് ചിലർ ആവശ്യപ്പെട്ടതിനാൽ ഈ വിഷയം ഒരിക്കൽ കൂടി ഇവിടെ പരാമർശിക്കേണ്ടി വരുന്നു.

പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ എതിരുനിൽക്കുക എന്ന ചിന്ത ലവലേശവും എനിക്കില്ല. എന്നാൽ “ഉണർവ് ” എന്ന പേരിൽ നടക്കുന്ന ഇത്തരം ആൾക്കൂട്ട ആത്മീയതയെ വചനപ്രകാരവും സഭാചരിത്രപ്രകാരവും പരിശോധിച്ചാൽ പല കാരണങ്ങളാൽ അതിനേ യുക്തിഭദ്രമായി കാണാനാകില്ല എന്നു പറയാൻ യാതൊരു മടിയുമില്ല.

കെൻ്റക്കയിൽ ജനങ്ങൾ ഓടിക്കൂടുന്നതിനേ “ഉണർവ്വ്” എന്നു പറയുന്നുവെങ്കിൽ അത്തരം ഉണർവ്വുകളുടെ ചരിത്രം പരിശോധിച്ചാൽ അതിന് സ്ഥായിയായ ഒരു ഫലം ഉളവാക്കാൻ കഴിഞ്ഞിട്ടില്ല എന്നു കാണം. ഫലം എന്ന് ഞാൻ ഉദ്ദേശിച്ചത്, ഉണർവിൻ്റെ ഫലമായി ചരിത്രപരമായി 2,000 കൊല്ലമായി നിലനിൽക്കുന്ന അപ്പസ്തോലിക സഭകളിലേക്ക് ഉണർന്നവർ ആരും കടന്നു വരുന്നില്ല എന്നതാണ്. ഉണർന്നവരെല്ലാം വേറൊരു സഭയായി മാറുന്നു എന്ന തികച്ചും വചന വിരുദ്ധതയാണ് പിന്നീടു കാണുന്നത്. “ഞാൻ എൻ്റെ സഭയേ പണിയും” (മത്താ 16:18) എന്ന വചനപ്രകാരം ക്രിസ്തുവിൻ്റെ സഭ ഒന്നേയുള്ളൂ. എന്നാൽ വേറൊരു സഭ പണിത്, ഉണർന്നു എന്ന് അവകാശപ്പെടുന്നവർ വേർപെട്ടു പോകുന്ന കാഴ്ച ദൈവ വചനപ്രകാരം അംഗീകരിക്കാൻ കഴിയില്ല. അതിനാൽ ഉണർവിൻ്റെ പേരിൽ നടക്കുന്ന ഇത്തരം ആൾക്കൂട്ടങ്ങളുടെ ആത്മീയ പ്രകടനങ്ങളേ ക്രൈസ്തവ വിശ്വാസ സംഹിതകളിലെ ഏതൊരു മാനദണ്ഡം ഉപയോഗിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാലും വിളക്കിച്ചേർക്കാൻ കഴിയാത്തവിധം വലിയ വിടവ് നിലനിൽക്കുന്നതു കാണാം.

രണ്ടാമതായി, ഉണർവ്വിൻ്റെ ഭാഗമായി പാട്ടു പാടുന്നതും കൈക്കൊട്ടുന്നതുമെല്ലാം ആരാധനയാണ് എന്ന് ഇവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ദൈവവചനപ്രകാരവും അപ്പോസ്തൊലിക സഭാ പാരമ്പര്യപ്രകാരവും ബലിയർപ്പണമാണ് ആരാധന. പാട്ടു പാടുന്നത് ആരാധനയാണ് എന്നു പറയുന്നത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ അസൂസാ സ്ട്രീറ്റിൽ ഉണ്ടായ “ഉണർവ്വ്” മുതൽ ക്രൈസ്തവ ലോകത്ത് നുഴഞ്ഞു കയറിയ ഒരു ദുരുപദേശമാണ്. ആരാധനയിൽ പാട്ടുകളുണ്ട്. എന്നാൽ പാട്ട് മാത്രം ആരാധനയാകില്ല.

പാട്ട് ആരാധനയാണ് എന്ന ഉപദേശത്തിന് പഴയ/ പുതിയ നിയമ പ്രകാരമോ അപ്പോസ്തൊലിക പാരമ്പര്യങ്ങളിലോ യാതൊരു പരാമർശവും കാണാൻ കഴിയില്ല. പരിശുദ്ധാത്മാവ് ആശയക്കുഴപ്പങ്ങളുടെ ആത്മാവല്ല (God is not a God of confusion -1 കൊരി 14:33). ഒന്നാം നൂറ്റാണ്ടു മുതൽ ബലിയർപ്പണം ആരാധനയായി നിലനിൽക്കുമ്പോൾ, ഇനി മുതൽ ബലിയർപ്പണം വേണ്ട, ആരാധനയ്ക്ക് പാട്ടു മാത്രം മതിയെന്ന ഉപദേശം പരിശുദ്ധാത്മാവ് അംഗീകരിക്കുമെന്ന് കരുതാൻ യാതൊരു നിർവാഹവുമില്ല.

രക്തം ചൊരിഞ്ഞു മൃഗയാഗങ്ങളായിരുന്നു പഴയനിയമത്തിൽ ആരാധനയെങ്കിൽ (ഹെബ്രാ 7,8,9, വായിക്കുക) അതിലേറെ ശ്രേഷ്ഠതയുള്ള പുതിയ നിയമ കാലത്ത് (New covenant) അപ്പവും വീഞ്ഞും ഉപയോഗിച്ച് രക്തരഹിതമായ ബലിയർപ്പണം തുടരാൻ യേശുക്രസ്തു പുതിയ നിയമസഭയ്ക്ക് കൽപ്പിച്ചു നൽകി ( ലൂക്ക് 22:14-19, 1 കൊറി 11: 24). പല വിഷയത്തിലും വിയോജിപ്പുണ്ടെങ്കിലും, അപ്പ വീഞ്ഞുകളുടെ പരികർമ്മം ആരാധനയാണ് എന്ന് ഏറ്റവും വലിയ പ്രൊട്ടസ്റ്റൻ്റ് സഭകളായ ആംഗ്ലിക്കൻ സഭയും ലൂഥറൻ സഭയുമെല്ലാം വിശ്വസിക്കുന്നു. എന്നാൽ അമേരിക്കൻ ഉണർവ്വ് സംഘങ്ങൾ ഇത് തള്ളിക്കളയുന്നു. അതിനാൽ ഇത്തരം ഉണർവ്വുകളേ ക്രിസ്തീയമായി ഉൾക്കൊള്ളുക പ്രയാസമാണ്.

മൂന്നാമതായി, മതസ്വാതന്ത്ര്യമുള്ളിടത്തു മാത്രം കൊല്ലം കൊല്ലം ഉണ്ടാകുന്ന പ്രതിഭാസമാണോ ഉണർവ്വ് എന്നൊരു മറുചോദ്യമാണ് കെൻ്റക്കി ഉണർവിനേ പിന്തുണയ്ക്കുന്നവരോടു ചോദിക്കാനുള്ളത്. “ഓപ്പൺ ഡോർസ്” എന്ന സംഘടനയുടെ കണക്കു പ്രകാരം 2022 ൽ മാത്രം 896 ക്രൈസ്തവർ (പുരോഹിതർ, വൈദിക വിദ്യാർത്ഥികൾ എന്നിവരടക്കം) നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടു, എന്തുകൊണ്ട് ഇപ്രകാരം ഒരു ഉണർവ്വ് നൈജീരിയയിൽ സംഭവിക്കുന്നില്ല ?

ജനസംഖ്യയിൽ 30% ക്രിസ്ത്യാനികളെന്ന് പറയപ്പെടുന്ന ഇറാനിൽ എന്തുകൊണ്ട് ഇത്തരം ഉണർവ്വ് സംഭവിക്കുന്നില്ല ? 100% കത്തോലിക്കരുള്ള പോളണ്ട്, സതേൺ അയർലണ്ട് രാജ്യങ്ങളിൽ സംഭവിക്കുന്നില്ല ? ഓർത്തഡോക്സഭയുള്ള രാജ്യങ്ങളിൽ ഉണർവ്വ് സംഭവിക്കുന്നില്ല? അപ്പോൾ, അമേരിക്കയിൽ മാത്രം ഉണർവ് പൊട്ടിപ്പുറപ്പെടുന്നത് എന്തുകൊണ്ടായിരിക്കും ?

നാലാമതായി, കെൻ്റക്കി ഉണർവ്വിൽ മഹാഭൂരിപക്ഷവും യുവതീ-യുവാക്കളാണ് എന്നാണ് പറയുന്നത്. അതുതന്നെയാണ് ഇവിടുത്തെ പ്രധാനപ്രശ്നവും. ദൈവവചനത്തിലും സഭയുടെ ചരിത്രത്തിലും നോക്കിയാൽ ദൈവാത്മാവ് സഭാനേതൃത്വങ്ങളിലൂടെയാണ് സഭയേ നയിക്കുന്നത്. വെളിപ്പാട് പുസ്തകത്തിൽ ഏഴ് സഭകളോടു സഭകളോടു സംസാരിക്കുമ്പോഴും അപ്പസ്തോല പ്രവൃത്തികളിലും സഭാനേതൃത്വങ്ങളോടു ദൈവാത്മാവ് സംസാരിക്കുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. സഭയിലെ യുവതീ യുവാക്കളിലൂടെ സഭയ്ക്കു വേണ്ട ദൂത് പരിശുദ്ധാത്മാവ് നൽകിയാൽ, ലോകത്തിലേ ഏതെങ്കിലും സഭാനേതൃത്വം അത് ഗൗനിക്കുമോ ? ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം കുട്ടിക്കളികളിലൂടെയല്ല കഴിഞ്ഞ 21 നൂറ്റാണ്ടുകളായി പരിശുദ്ധാത്മാവ് സഭയെ നയിക്കുന്നത്.

മേൽപറഞ്ഞ കാരണങ്ങളാൽ കെൻ്റക്കിയിൽ നടക്കുന്നത് എന്ന് പറയപ്പെടുന്ന ഉണർവ്വിനേ ദൈവവചനം, അപ്പോസ്തൊലിക പാരമ്പര്യവിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.

കരിസ്മാറ്റിക് മൂവ്മെൻ്റ് അപ്പസ്തോലിക സഭയ്ക്കുള്ളിൽ രൂപപ്പെട്ട ഒരു ആത്മീയ മുന്നേറ്റമാണ്. അമേരിക്കൻ ഉണർവു പ്രസ്ഥാനങ്ങളേപ്പോലെ പാട്ടും പ്രസംഗവും അത്ഭുതങ്ങളും അടയാളങ്ങളും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളിലും കാണാം. എന്നാൽ “കാരിസ്മാറ്റിക് മൂവ്മെൻ്റ്” തങ്ങളൊരു പ്രത്യേക സഭയാണെന്ന് എവിടെയും അവകാശപ്പെടാറില്ല. പൂർണ്ണമായും ഈ മുന്നേറ്റം കത്താലിക്കാ സഭയുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്നു. 1990 മുതൽ കേരളത്തിലെ കരിസ്മാറ്റിക് പ്രവർത്തനങ്ങളുടെ ഫലമായി മൂന്നു ലക്ഷം പേർ കത്തോലിക്കാ സഭയിൽ അംഗമായിരുന്നു എന്നൊരു റിപ്പോർട്ട് കണ്ടിരുന്നു. കൂടാതെ കരിസ്മാറ്റിക് കൂട്ടായ്മകളിൽ സംഗീത സാന്ദ്രമായ അന്തരീക്ഷമുണ്ടെങ്കിലും പാട്ടിനെ ആരാധനയെന്ന് വ്യാഖ്യാനിച്ച് വിശുദ്ധ കുർബാനയേയും വിശുദ്ധ കൂദാശകളയും പൗരോഹിത്യത്തേയും നിഷേധിക്കുന്നില്ല. അതിനാൽ കരിസ്മാറ്റിക് മൂവ്മെൻ്റും അമേരിക്കൻ സീസണൽ ഉണർവ്വുകളും തമ്മിൽ യാതൊരു ബന്ധവുമില്ല, സാമ്യങ്ങൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായി ഇവ രണ്ടും ഏറെ വ്യത്യസ്തമാണ്

കരിസ്മാറ്റിക് പ്രഭാഷകർ അതിശയോക്തി കലർന്ന പ്രസംഗം നിർത്തി സത്യസന്ധമായും വസ്തുതാപരമായും സത്യവചനം പ്രസംഗിച്ചാൽ അത് യഥാർത്ഥമായി സഭയേയും സമൂഹത്തേയും ഇനിയും ഉണർത്തും എന്നതിൽ യാതൊരു സംശയവുമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments