Tuesday, October 15, 2024
No menu items!
Homeനസ്രാണി പൈതൃകംകന്യകാ മറിയത്തിന്‍റെ ''മക്കളും" യേശുവിൻ്റെ സഹോദരങ്ങളും

കന്യകാ മറിയത്തിന്‍റെ ”മക്കളും” യേശുവിൻ്റെ സഹോദരങ്ങളും

ഈശോമശിഹായുടെ അമ്മ മറിയം നിത്യകന്യകയാണെന്ന് അപ്പൊസ്തൊലിക സഭകൾ പ്രകീര്‍ത്തിക്കുന്നു. എന്നാൽ മറിയത്തിന് വേറെയും മക്കളുണ്ടായിരുന്നു അതിനാല്‍ ഈ വാദം അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് പ്രൊട്ടസ്റ്റന്‍റുകളും പെന്തക്കൊസ്തരും വാദിക്കുന്നത്. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ഏറെ വാദപ്രതിവാദങ്ങളാണ് ഈ വിഷയത്തില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

പരിശുദ്ധ മറിയത്തെ ”ദൈവമാതാവ്” എന്ന് പരാമർശിക്കുന്നതു പോലും പെന്തക്കോസ്തരേയും ഏതാനും വിഭാഗം പ്രൊട്ടസ്റ്റന്‍റുകളേയും ഏറെ പ്രകോപിതരാക്കും. ഈശോമശിഹായുടെ ദൈവത്വം നിഷേധിച്ചാലും വേണ്ടില്ല മറിയത്തെ ദൈവമാതാവ് എന്ന് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ഇക്കൂട്ടർ വാശിപിടിക്കുന്നത്. ഇത്തരത്തിൽ വിറളിപിടിച്ച ഒരു പെന്തക്കോസ്ത് ഉപദേശി ഈയടുത്ത് നടത്തിയത് പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

യേശുക്രിസ്തു ദൈവമായതിനാൽ ദൈവത്തേ പ്രസവിച്ചവൾ “ദൈവമാതാ”വാണ് എന്ന ലളിതമായ യുക്തിയാണ് മറിയത്തെ ദൈവമാതാവ് എന്നു വിളിക്കാൻ ആദിമസഭയേയും സഭാപിതാക്കന്മാരേയും പ്രേരിപ്പിച്ചത്. ”മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുമ്പോൾ വചനത്തിൻ്റെ പ്രകൃതി അഥവാ അവിടുത്തെ ദൈവത്വം പരിശുദ്ധ കന്യകയിൽ നിന്ന് അസ്തിത്വം സ്വീകരിച്ചു എന്ന അർത്ഥമില്ല” എന്ന് കത്തോലിക്കാ സഭ വ്യക്തതയോടെ പഠിപ്പിക്കുന്നു (CCC 466).

മാര്‍ക്കോസിന്‍റെ സുവിശേഷം ആറാം അധ്യായം മൂന്നാം വാക്യത്തെ ആസ്പദമാക്കി, പരിശുദ്ധ മറിയം നിത്യകന്യകയല്ലെന്നും വേറെയും മക്കള്‍ ജോസഫ് – മറിയം ദാമ്പത്യബന്ധത്തില്‍ ഉണ്ടായിരുന്നു എന്നും പഠിപ്പിക്കുന്നവരുണ്ട്. “ഇവന്‍ മറിയത്തിൻ്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ? ഇവൻ്റെ സഹോദരിമാരും ഇവിടെ നമ്മുടെ കൂടെയില്ലേ?” (മാർക്കോസ് 6:3)

വചനമായ ദൈവം പുരുഷസംസര്‍ഗ്ഗമില്ലാതെ മറിയത്തിൽ നിന്നും പിറന്നതിനാലും അവൾക്ക് വേറേ മക്കൾ ജനിച്ചിട്ടില്ല എന്നതിനാലും മറിയത്തിന്‍റെ കന്യകാത്വം നിത്യമായി നിലനില്‍ക്കുന്നു എന്നാണ് അപ്പൊസ്തൊലിക സഭകളുടെ വിശ്വാസം. സഭാപിതാക്കന്മാരുടെ കത്തുകളും ലേഖനങ്ങളും പരിശോധിക്കുമ്പോള്‍ മറിയത്തിന് വേറെ മക്കള്‍ ഉണ്ടായിരുന്നില്ല എന്നത് സംശയലേശമെന്യെ വ്യക്തമാണ്. ഈ വിഷയത്തില്‍ ഏറെ വിശദമായ വിവരണം നല്‍കുന്നത് ഹയെരാപ്പൊളീസിലെ പാപ്പിയാസ് (Papias of Hierapolis -എഡി 60-130) എന്ന സഭാപിതാവാണ്. അപ്പൊസ്തൊലനായ യോഹന്നാന്‍റെ കൂടെ വസിച്ചവനും അദ്ദേഹത്തിന്‍റെ ശിഷ്യൻ പോളീകാര്‍പ്പിന്‍റെ (അപ്പൊസ്തൊലിക പിതാവ്) ശിഷ്യനുമായിരുന്നു പാപ്പിയാസ്.

മേരി (മറിയം) എന്ന പേരില്‍ ബൈബിളില്‍ നാല് വനിതകള്‍ ഉണ്ടെന്ന് പാപ്പിയാസ് എഴുതുന്നു.

1 കര്‍ത്താവിന്‍റെ അമ്മയായ മേരി.

2 ക്ലെയോപ്പായുടെ ഭാര്യയായ മേരി. ഇവരുടെ മക്കളാണ് അപ്പൊസ്തൊലനും പിന്നീട് ബിഷപ്പുമായ യാക്കോബും ശിമയോനും തദ്ദേവൂസും ജോസഫും.

3 സെബദിയുടെ ഭാര്യയായ മേരിയെന്ന സലോമി. ഈ ദമ്പതിമാരുടെ മക്കളാണ് സുവിശേഷകനായ യോഹന്നാനും യാക്കോബും.

4 മഗ്ദലനക്കാരി മേരി.

യാക്കോബ്, യൂദാ, യോസെ (ജോസഫ്) എന്നിവരെല്ലാം കര്‍ത്താവിന്‍റെ മാതൃസഹോദരിമാരുടെ (aunt) മക്കളാണ് എന്ന് പാപ്പിയാസ് എടുത്തുപറയുന്നു. ഈ വ്യക്തികളെക്കുറിച്ചാണ് മാര്‍ക്കോസ് 6:3ല്‍ “…എന്നിവരുടെ സഹോദരനായ മരപ്പണിക്കാരന്‍” എന്നു പറയുന്നത്. (The Ante-Nicene Fathers, vol 1, page 155).

മറിയത്തിന് യേശുവിനേക്കൂടാതെ വേറേ മക്കളുണ്ടായിരുന്നില്ല എന്ന് സഭാപിതാവായ ഇഗ്നേഷ്യസും (Ignatius of Antioch) വ്യക്തമാക്കുന്നുണ്ട്. അപ്പൊസ്തൊലനായ യോഹന്നാന് എഴുതിയ കത്തില്‍ ഈശോമശിഹായുടെ അമ്മയായ മറിയത്തെ കാണുവാന്‍ ആകാംക്ഷയോടെയിരിക്കുന്ന സത്രീകളെക്കുറിച്ച് വിശുദ്ധ ഇഗ്നേഷ്യസ് വിശദീകരിക്കുന്നുണ്ട്.

ഇഗ്നേഷ്യസ് യോഹന്നാന് എഴുതിയ രണ്ടാമത്തെ കത്തില്‍ ഈശോമശിഹായുടെ അമ്മയും ആദരണീയയുമായ മറിയത്തെ (object of admiration) കാണുന്നതിന് തനിക്കുള്ള അത്യാകാംക്ഷയും വെളിപ്പെടുത്തുന്നു. “സത്യദൈവത്തെ ഗര്‍ഭത്തില്‍ വഹിച്ചവളും ആദരണീയയുമായ മറിയത്തെ ജെറുസലേമില്‍ ചെന്നു കാണുവാനും സംസാരിക്കാനും തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന്” ഇഗ്നേഷ്യസ് യോഹന്നാനേ അറിയിക്കുന്നു. കൂടാതെ, അവിടെയുള്ള വിശുദ്ധന്മാരും വിശ്വസ്തരുമായ ശിഷ്യന്മാരേയും തനിക്കു കാണാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം എഴുതുന്നു. ഇക്കട്ടത്തില്‍ “ഈശോമശിഹായുടെ സഹോദരനും നീതിമാനുമായ യാക്കോബിനെ” കാണുവാന്‍ ഏറെ ആഗ്രഹമുണ്ടെന്നും അദ്ദേഹം എഴുതുന്നു.

“ഈശോമശിഹായുടെ സഹോദരന്‍” യാക്കോബിനെക്കുറിച്ചു (James, who is surnamed Just) പറയുമ്പോള്‍ അദ്ദേഹത്തിന് യേശുക്രിസ്തുവിനോട് ഏറെ മഖുസാദൃശ്യമുണ്ടെന്നും സ്വഭാവത്തിലും ജീവിതരീതിയിലും യാക്കോബും ക്രിസ്തുവം “ഇരട്ട സഹോദരന്മാരും ഒരേ ഗര്‍ഭപാത്രത്തില്‍നിന്നും വന്നവരെന്ന് തോന്നിക്കുന്നവരും ആയിരുന്നു” എന്നും എഴുതിയിട്ടുണ്ട്. യാക്കോബിനെ ഇഗ്നേഷ്യസിനു മുന്‍പരിചയം ഉണ്ടായിരുന്നു എന്നാണ് ഈ ലേഖനത്തിലൂടെ വ്യക്തമാകുന്നത്.

ഗലാത്യ ലേഖനത്തില്‍ “കര്‍ത്താവിന്‍റെ സഹോദരനായ യാക്കോബ്” (1:19, 2:9) എന്ന് പറഞ്ഞിരിക്കുന്നതും “യാക്കോബിന്‍റെ ലേഖനം” എഴുതിയതുമെല്ലാം ഈശോ മശിഹായോടു മുഖസാദൃശ്യമുള്ളവൻ എന്നു ഇഗ്നേഷ്യസ് പറയുന്ന യാക്കോബാണ്. അതിനാൽ “യാക്കോബ് യേശുക്രിസ്തുവിന്‍റെ സഹോദരനും മറിയത്തിന്‍റെ മകനുമായിരുന്നു” എന്നൊരു ചിന്തയാണ് പൊതുവെ ക്രൈസ്തവലോകത്ത് വ്യാപിക്കുന്നത്. എന്നാല്‍ വിശുദ്ധ ഇഗ്നേഷ്യസ് അപ്പൊസ്തൊലനായ യോഹന്നാന് എഴുതിയ രണ്ടാമത്തെ കത്ത് വായിക്കുമ്പോഴാണ് യാക്കോബ് മറിയത്തിന്‍റെ മകനല്ല, ഒരേ ഗര്‍ഭപാത്രത്തില്‍നിന്ന് വന്നവരെന്ന് തോന്നുന്ന വിധം ഈശോ മശിഹായോടു രൂപസാദൃശ്യമുള്ളവൻ മാത്രമായിരുന്നു എന്ന വസ്തുത വ്യക്തമാകുന്നത്.

ഈശോമശിഹായും യാക്കോബും തമ്മിലുള്ള ഈ മുഖസാദൃശ്യമാണ് യാക്കോബിനെ നമ്മുടെ കര്‍ത്താവിന്‍റെ സഹദോരന്‍ എന്ന് പൗലോസ് പോലും വിളിക്കാന്‍ കാരണമായിത്.

ക്രിസ്തുവിനെ പ്രസവിച്ച ശേഷവും മറിയം കന്യകയായി തുടര്‍ന്നു എന്നതിന് വ്യക്തമായ സൂചന നൽകുന്നതും സഭാപിതാവായ ഇഗ്നേഷ്യസ്സാണ്. യോഹന്നാന് എഴുതിയ ആദ്യ കത്തില്‍, പരിശുദ്ധ മറിയത്തോടൊപ്പം അഞ്ചുമാസം ജെറുസലേമില്‍ താമസിച്ച സലോമി, മാതാവിനേക്കുറിച്ചു പറഞ്ഞ വാക്കുകൾ ഇഗ്നേഷ്യസ് യോഹന്നാനെ അറിയിക്കുന്നുണ്ട്. അതില്‍ അദ്ദേഹം പ്രസ്താവിക്കുന്നു, “മറിയം കൃപനിറഞ്ഞവളും എല്ലാവിധ സദ്ഗുണങ്ങളുമുള്ള കന്യകയാണെന്ന്” (she is full of all graces and all virtues, after the manner of a virgin, fruitful in virtue and grace). കൂടാതെ അവളുടെ ജീവിതം എത്രമേല്‍ സന്തുഷ്ടമാണെന്നും പ്രയാസങ്ങളില്‍ പരിഭവമില്ലാതെ, പീഡനങ്ങളെ സധൈര്യം നേരിടുന്നതില്‍ യാതൊരു മടിയില്ലാത്ത ഒരു വ്യക്തിത്വമായിരുന്നു ദിവ്യജനനി എന്നും ഇഗ്നേഷ്യസ് വിവരിക്കുന്നു.

സഭാപിതാവായ ഇഗ്നേഷ്യസ് പരിശുദ്ധ കന്യകാ മറിയത്തിന് എഴുതുന്ന എഴുത്തും അതിന് ദിവ്യമാതാവ് ഇഗ്നേഷ്യസിന് എഴുതുന്ന മറുപടിയും പിതാക്കന്മാരുടെ എഴുത്തുകളിൽ കാണാം. ക്രിസ്തുവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും ജീവിതംകൊണ്ടും സ്വഭാവംകൊണ്ടും ക്രിസ്തീയ വിശ്വാസം പ്രഘോഷിക്കാനും പീഡനങ്ങളെ സധൈര്യം നേരിട്ട് ഉറപ്പുള്ളവനായി നില്‍ക്കുവാനും ദിവ്യജനനി ഇഗ്നേഷ്യസിനെ ധൈര്യപ്പെടുത്തുന്നതും ഈ കത്തില്‍ വായിക്കാം.

സഭാപിതാവും അന്ത്യോഖ്യയിലെ ബിഷപ്പുമായിരുന്ന ഇഗ്നേഷ്യസ് ഫിലിപ്പിയന്‍ സഭയ്ക്ക് എഴുതിയ കത്ത്, ആദിമസഭയുടെ ത്രിത്വവിശ്വാസത്തിന് തെളിവാണ്. യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിലും മനുഷ്യത്വത്തിലും ആദിമസഭ വച്ചുപുലര്‍ത്തിയ ആഴമേറിയ അവബോധത്തിന് ഉത്തമോദാഹരണമാണ് ഇഗ്നേഷ്യസിന്‍റെ കത്തുകൾ. (Epistle of Ignatius to the Philadelphians പേജ് 81, Epistle of Ignatius to the Philippians 116). “കന്യക പ്രസവിച്ചവന്‍ സത്യമായി ജനിച്ചു, സത്യമായി വളര്‍ന്നു, സത്യമായി തിന്നുകയും കുടിക്കുകയും ചെയ്തു, സത്യമായി ക്രൂശിക്കപ്പെട്ടു, മരിച്ചു, വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. ഈ യാഥാര്‍ത്ഥ്യം നിരസിക്കുന്നവര്‍ ക്രിസ്തുവിനെ ക്രൂശിച്ചവരേക്കാള്‍ ശപിക്കപ്പെട്ടവന്‍ ആകുന്നു” A virgin shall conceive in her womb, and bring forth a son.” He was then truly born, truly grew up, truly ate and drank, was truly crucified, and died, and rose again.

അപ്പൊസ്തൊലന്മാരും സഭാപിതാക്കന്മാരും ഈശോമശിഹായെ മനസ്സിലാക്കിയതുപോലെ അപ്പൊസ്തൊലിക വിശ്വാസം ഇന്നും യേശുക്രിസ്തുവിനേക്കുറിച്ചുള്ള പരിജ്ഞാനത്തിൻ്റെ ശ്രേഷ്ഠതയിൽ നിലനില്‍ക്കുന്നു; പരിശുദ്ധ കന്യകാ മറിയത്തിനു സഭ നല്‍കുന്ന ആദരവും ബഹുമാനവുമെല്ലാം അപ്പൊസ്തൊലിക സഭയുടെ പ്രത്യേകതയാണ്. ആദിമപിതാക്കന്മാരുടെ എഴുത്തുകള്‍ വിശ്വാസ വിഷയങ്ങളുടെ ചരിത്രപരതയ്ക്കും പാരമ്പര്യവിശ്വാസത്തിനും സാക്ഷ്യം നല്‍കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments