ഇസ്ലാമിന്‍റെ പ്രവാചകനായി പറയപ്പെടുന്ന മുഹമ്മദിന്‍റെ ബാലവിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ ഇപ്പോള്‍ രാജ്യാന്തരവിഷയമായി മാറിയിരിക്കുന്നു. ”നബിനിന്ദ” എന്ന പേരില്‍ രാജ്യാന്തരതലത്തില്‍ ഈ വിഷയം വിവാദമായതോടെ ബൈബിളിലും സമാനമായ രീതിയില്‍ ബാലവിവാഹങ്ങള്‍ നടന്നിട്ടുണ്ട് എന്ന് സ്ഥാപിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ബൈബിള്‍, സ്കന്ദപുരാണം, കാത്തലിക്ക് എന്‍സൈക്ലൊപ്പീഡിയ, വേദശബ്ദരത്നാകരം, മനുസ്മൃതി തുടങ്ങി എല്ലാ മതഗ്രന്ഥങ്ങളും അരിച്ചുപെറുക്കുകയാണ് ചില വ്യക്തികൾ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഈശോ മശിഹായുടെ വളർത്തഛനായ ജോസഫിൻ്റെയും അബ്രഹാമിൻ്റെ മകനായ ഇസ്ഹാക്കിൻ്റെയും വിവാഹം ബാലവിവാഹമായിരുന്നു എന്ന് പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടർ. ഇതിനായി വസ്തുതകളെ വളച്ചൊടിക്കുന്നതു കാണുമ്പോൾ സഹതാപം മാത്രം!
ബൈബിളിനെയും അതിലെ വ്യക്തികളെയും ഉള്‍പ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ക്ക് അക്കമിട്ട് ഇവിടെ മറുപടി പറയാം.
1. ബൈബിളില്‍ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും മൂന്നു വയസു മാത്രമുള്ള റെബേക്കയേയാണ് (ഉത്പത്തി 25:20)
- ഉത്പത്തി 25:20 ഇസഹാക്കിനു നാല്‍പതു വയസ്സുള്ളപ്പോള്‍ അവന്‍ റബേക്കായെ ഭാര്യയായി സ്വീകരിച്ചു. എന്നു മാത്രമേ പറയുന്നുള്ളൂ. റബ്ബേക്കയ്ക്ക് 3 വയസ്സായിരുന്നു എന്ന് ബൈബിളില്‍ യാതൊരു പരാമര്‍ശവും എവിടെയും ഇല്ല. ഉത്പത്തി 24 ല്‍ ഇസ്ഹാക്കിന് റബേക്ക എന്ന പെണ്‍കുട്ടി വധുവായി തെരഞ്ഞെടുക്കപ്പെടുന്നത് എപ്രകാരമെന്ന് വിവരിക്കുന്നു. ഈ വിവരണത്തില്‍, അബ്രഹാമിന്‍റെ വേലക്കാരനായ എലിയാസര്‍ (ഇദ്ദേഹത്തിൻ്റെ പേര് ഉൽപ്പത്തി 15:2ൽ പറയുന്നു ) എന്ന വ്യക്തിയെ ഇസഹാക്കിന് വധുവിനേ കണ്ടെത്താന്‍ മെസപ്പൊട്ടോമിയയിലേക്ക് അയയ്ക്കുന്നതും എലിയാസര്‍ വധുവിനെ കണ്ടെത്തുന്നതും വ്യക്തമായി വിവരിക്കുന്നു.
“അവന്‍ മെസൊപ്പൊട്ടാമിയായില്‍ നാഹോറിൻ്റെ നഗരത്തിലെത്തി. വൈകുന്നേരം സ്ത്രീകള്‍ വെള്ളംകോരാന്‍ വരുന്ന സമയത്ത് അവന്‍ ഒട്ടകങ്ങളെ പട്ടണത്തിനു വെളിയില്‍ വെള്ളമുള്ള ഒരു കിണറിനടുത്തു നിര്‍ത്തി” എലിയാസര്‍ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് റബേക്ക വെള്ളം കോരാന്‍ വരുന്ന രംഗം വിവരിക്കുന്നു.
“അവന്‍ ഇതു പറഞ്ഞു തീരുംമുമ്പ് തോളില്‍ കുടവുമായി റബേക്കാ വെള്ളം കോരാന്‍ വന്നു. അവള്‍ അബ്രാഹത്തിൻ്റെ സഹോദരന്‍ നാഹോറിനു ഭാര്യ മില്‍ക്കായിലുണ്ടായ മകനായ ബത്തുവേലിൻ്റെ മകളായിരുന്നു. പെണ്‍കുട്ടി കാണാന്‍ വളരെ അഴകുള്ളവളും കന്യകയുമായിരുന്നു. അവള്‍ കിണറ്റിങ്കലേക്കിറങ്ങി കുടംനിറച്ച് കയറി വന്നു. അബ്രാഹത്തിൻ്റെ ഭൃത്യന്‍ അപ്പോള്‍ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു പറഞ്ഞു: ദയവായി നിൻ്റെ കുടത്തില്‍ നിന്നു കുറച്ചു വെള്ളം കുടിക്കാന്‍ തരുക. പ്രഭോ, കുടിച്ചാലും, അവള്‍ പറഞ്ഞു. തിടുക്കത്തില്‍ കുടം താഴ്ത്തിപ്പിടിച്ച് അവള്‍ അവനു കുടിക്കാന്‍ കൊടുത്തു. കുടിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: അങ്ങയുടെ ഒട്ടകങ്ങള്‍ക്കും കുടിക്കാന്‍ ഞാന്‍ വെള്ളം കോരിക്കൊടുക്കാം. അവള്‍ വേഗം കുടത്തിലെ വെള്ളം തൊട്ടിയിലൊഴിച്ച് വീണ്ടുംവെള്ളം കോരാന്‍ കിണറ്റിങ്കലേക്കോടി. (ഉത്പത്തി 24-ാം അധ്യായം മുഴുവനായും ഈ വിഷയമായണ് പ്രതിപാദിക്കുന്നത്)
മൂന്നു വയസ്സുള്ള ഒരു ശിശുവിന് കിണറ്റിലിറങ്ങി വെള്ളം കോരിയെടുക്കാനും ഒട്ടകങ്ങള്‍ക്ക് മതിയാവേളം വെള്ളം കോരിക്കൊടുക്കാനും കഴിയുമോ?
റബേക്ക എന്ന പെണ്‍കുട്ടി പൂര്‍ണ്ണമായും വിവാഹപ്രായവും പക്വതയും വന്നവളായിരുന്നു എന്ന് ഈ അധ്യായം വായിക്കുന്ന സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. എങ്ങനെയെങ്കിലും റബേക്കയ്ക്ക് മൂന്നു വയസ്സായിരുന്നു എന്നു സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നവരുടെ ഇപ്പോഴുള്ള മാനസ്സികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഈ വിഷയം കൈകാര്യം ചെയ്യുന്ന നിരവധി ഇസ്ലാമിക് വെബ്സൈറ്റുകള്‍ റബേക്കയുടെ പ്രായം 3 വയസ്സായിരുന്നു എന്ന നുണ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്.
2. വിശുദ്ധ കന്യകാ മറിയത്തിന് പന്ത്രണ്ട് വയസ്സായപ്പോള്‍ അവരുടെ രക്ഷാധികാരികള്‍ വിവാഹകാര്യം അന്വേഷിക്കാന്‍ തുടങ്ങി. 90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു (മത്തായി 1:18-25).
മത്തായിയുടെ സുവിശേഷത്തില്‍ ഇപ്രകാരം യാതൊരു കാര്യവും എഴുതിയിട്ടില്ല. (കമന്‍റ് ബോക്സില്‍ ഈ ഭാഗങ്ങള്‍ കാണുക).
3. കത്തോലിക്കാ എന്‍സൈക്ലൊപ്പീഡിയയില്‍ ജോസഫിന് 90 വയസ്സായിരുന്നു എന്നും ബൈബിൾ പണ്ഡിതനായ മുൻ ചീഫ് സെക്രട്ടറി ഡി ബാബു പോളിന്‍റെ “വേദശബ്ദരത്നാകരം” എന്ന പുസ്തകത്തെയും പരാമര്‍ശിച്ച് ജോസഫ് 89 വയസ്സെങ്കിലും പ്രായമുള്ള പടുവൃദ്ധനായിരുന്നു, മറിയത്തിന് അപ്പോള്‍ 12 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ എന്ന പ്രചാരണത്തിൻ്റെ നിജസ്ഥിതി നോക്കാം
കത്തേലിക്കാ എന്‍സൈക്ലൊപ്പീഡിയയും ഡി ബാബു പോളിന്‍റെ വേദശബ്ദരത്നാകരവും “ആശാരിയായ ജോസഫിന്‍റെ ചരിത്രം” എന്ന “അപ്പോക്രിഫാ” ഗ്രന്ഥത്തില്‍ ജോസഫിനെക്കുറിച്ച് പ്രതിപാദിക്കുന്ന കാര്യമാണ് പരാമര്‍ശിക്കുന്നത്. അപ്പോക്രീഫാ ഗ്രന്ഥങ്ങൾ എന്നാല്‍ ക്രൈസ്തവസഭകളുടെയെല്ലാം അംഗീകരമില്ലാത്ത കെട്ടുകഥകൾ നിറഞ്ഞ ഗ്രന്ഥം എന്നാണ് അര്‍ത്ഥം. “ജോസഫിന്‍റെ മരണം” എന്നും പേരുള്ള “ആശാരിയായ ജോസഫിന്‍റെ ചരിത്രം” എന്ന അപ്പോക്രിഫൽ ഗ്രന്ഥം എഡി നാലാം നൂറ്റാണ്ടില്‍ രചിച്ചതാണെന്ന് വ്യക്തമായതാണ്. ഇതില്‍ വിവരിക്കുന്ന കെട്ടുകഥയിൽ ജോസഫിന് 40-ാം വയസ്സില്‍ ആദ്യവിവാഹം നടന്നു. 49 കൊല്ലം നീണ്ടുനിന്ന ആ വിവാഹ ജീവിതത്തില്‍ അദ്ദേഹത്തിന് ആറ് മക്കളുണ്ട് എന്ന് പറയുന്നു. മൂന്നാം വയസ്സുമുതല്‍ ദേവാലയത്തില്‍ വളര്‍ന്ന മറിയം എന്ന കന്യകയ്ക്ക് യഹൂദ വിഭാര്യരില്‍ നിന്നാണ് പുരോഹിതന്മാര്‍ വരനേ തേടിയത്, യഹൂദ്യയിലെല്ലാം വിളംബരം ഉണ്ടായി, 91 വയസുകാരന്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. മംഗലവാര്‍ത്ത, ബേതലഹേം യാത്ര, ഈജിപ്തിലേക്ക് പലായനം, നസറത്തിലെ താമസം… ഇങ്ങനെ 111-ാം വയസിലും അരോഗദൃഢഗാത്രനായിരുന്നുവത്രേ ജോസഫ്!
ഈ ഗ്രന്ഥത്തിലെ വലിയ തമാശ, 111-ാം വയസില്‍ ജെറുസലേം ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചു വന്ന ജോസഫ് 20 വയസുള്ള യേശുവിന്‍റെ മുമ്പാകെ കുമ്പസാരിക്കുന്നതായും, മറിയമിനെ സംശയിച്ചതിനും ബാലനായിരുന്ന യേശുവിനെ ശാസിച്ചതിനും മാപ്പിരക്കുന്നതായും എഴുതിയിരിക്കുന്നു. ജോസഫിന്‍റെ മരണം ഒഴിവാക്കാന്‍ മറിയം മകനോട് അപേക്ഷിക്കുന്നു, ജോസഫും അങ്ങനെ പ്രാര്‍ത്ഥിക്കവേ മരണദൂതന്മാരെത്തുന്നു, യേശു അവരെ ശാസിക്കുമ്പോള്‍ അവർ പേടിച്ച് പുറത്തുപോകുന്നു. അപ്പോള്‍ യേശുവിനോട് പുറത്തുപോകാന്‍ പിതാവായ ദൈവം നിര്‍ബന്ധിക്കുന്നു. യേശു പുറത്തു പോയ ഉടന്‍ ഭയചകിതനായി നിന്നിരുന്ന മരണദൂതന്മാര്‍ മുറിയില്‍ കടന്ന്, ജോസഫിന്‍റെ ശരീരം പട്ടില്‍ പൊതിഞ്ഞു വയ്ക്കുന്നു, തിരികെ മുറിയിൽ വന്ന യേശു തൻ്റെ വളർത്തു പിതാവ് മരിച്ചതായി കണ്ട്, ആ ശരീരത്തില്‍ എണ്ണയും വെള്ളവും പൂശുന്നു, സഹസ്രാബ്ദ വാഴ്ച തുടങ്ങുവേളം ജോസഫിന്‍റെ ശരീരം ദ്രവിക്കില്ല… എന്നിങ്ങനെ പോകുന്നു ഈ കഥ. (വേദശബ്ദ രത്നാകരം, പേജ് 269,270)
ഈ അപ്പോക്രിഫൽ ഗ്രന്ഥത്തിലെ കെട്ടുകഥയാണ് ഇപ്പോള്‍ നബിയുടെ പേരില്‍ ഉയര്‍ന്ന ആരോപണത്തെ നേരിടാന്‍ ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. ബാബു പോളും കത്തോലിക്കാ എന്‍സൈക്ലൊപ്പീഡിയയും “ഇത് അപ്പോക്രീഫാ ഗ്രന്ഥമാണെന്നും സഭ അംഗീകരിക്കുന്നതല്ല” എന്നും മുന്‍കൂട്ടി പറഞ്ഞുകൊണ്ടാണ് ഈ സംഭവങ്ങള്‍ വിവരിക്കുന്നത. ഒരു “എന്‍സൈക്ലൊപ്പീഡിയ” ഗ്രന്ഥമായതിനാൽ ഇത്തരം വിഷയങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ബാബു പോള്‍ വേദശബ്ദരത്നാകരത്തില്‍ “അപ്പോക്രീഫാ” എന്ന തലക്കെട്ടുള്ള ഭാഗത്താണ് ഈ ജോസഫിൻ്റെ വിവാഹവിഷയം വിവരിച്ചിരിക്കുന്നത്.
4 യഹൂദന്മാരുടെ ഗ്രന്ഥത്തില്‍ വിവാഹപ്രായം 03 വയസ്സും ഒരു ദിവസവും ആണെന്ന് കാണാന്‍ പറ്റും
യഹൂദരുടെ ഏതു ഗ്രന്ഥം എന്ന് പറയുന്നില്ല, വൈറ്റുവാഷ് തൊഴിലാളിയുടെ മനോഗതം മാത്രമാണിത്. ബി.സി 536നും എഡി 70നും ഇടയില്‍ രചിച്ചിരിക്കുന്ന “തല്‍മൂദ് മിഷ്ന”യില്‍ പറയുന്നത് പെണ്‍കുട്ടിക്ക് 12 വയസും ഒരു ദിവസവും കഴിഞ്ഞിട്ടായിരിക്കണം വിവാഹം എന്നാണ്. ഈ വിവരം വിക്കിപ്പീഡിയയില്‍ ലഭ്യമാണ്. (സ്ക്രീന്‍ ഷോട്ടും, ലിങ്കും കമന്‍റ് ബോക്സില്‍)
5. സെന്‍റ് അഗസ്റ്റിന്‍ (എഡി 354) വിവാഹം കഴിക്കാന്‍ തെരഞ്ഞെടുത്തത് 10 വയസുള്ള പെണ്‍കുട്ടിയെ ആണ്.
അഗസ്റ്റിന്‍ പത്തുവയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായം 12ഉം ആണ്‍കുട്ടികള്‍ക്ക് 14ഉം ആയിരുന്നു. അപ്പോള്‍ അഗസ്റ്റിന് 30 വയസ് പ്രായം ഉണ്ടായിരുന്നു. എന്നാല്‍, പത്തു വയസ്സുകാരിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതേയുള്ളൂ, എങ്കിലും വിവാഹം കഴിച്ചില്ല. അതിനുള്ളില്‍ അദ്ദേഹം തന്‍റെ മുന്‍കാല ചെയ്തികളെ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ചുകൊണ്ട് ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് തിരിയുകയും ഒരു കത്തോലിക്കാ പുരോഹിതനാകാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
മനോരമയുടെ പിതാവ് മാമ്മന്‍ മാപ്പിള, മാതൃഭൂമി സ്ഥാപകന്‍ കെ.പി. കേശവമേനോന്‍, ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ എസ് രാമാനുജന്‍, മഹാഋഷി കര്‍വെ…. ഇങ്ങനെ ബാലവിവാഹം നടത്തിയ നിരവധി പ്രഗത്ഭരെക്കുറിച്ചും ഇവരുടെ എഴുത്തുകളില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ വെള്ളപൂശൽ തൊഴിലാളികൾ പതിവായി കൊണ്ടുവരാറുള്ള മഹാത്മാഗാന്ധിയെയും അംബേദ്കറെയും കാണുന്നുമില്ല.
ഇസ്ഹാക്കും ജോസഫും സെന്‍റ് അഗസ്റ്റിനുമൊന്നും മുഴു മാനവരാശിക്കും എക്കാലത്തേയ്ക്കുമുള്ള മാതൃകയാണെന്ന് ക്രൈസ്തവർ ആരും എവിടെയും അവകാശപ്പെടുന്നില്ല. ഇവരുടെയൊക്കെ വിവാഹം ബാലവിവാഹമായിരുന്നാൽ തന്നെ അത് ഉചിതമായിരുന്നില്ല എന്ന് പറയാന്‍ ഇന്നുള്ള ക്രിസ്ത്യാനികള്‍ക്ക് യാതൊരു മടിയുമില്ല.