Thursday, May 30, 2024
No menu items!
Homeപ്രതികരണംഫാ വട്ടോളിയോട് ഒരു കാര്യം പറയട്ടെ, വേണ്ടാത്ത പണിക്ക് നിൽക്കരുത്

ഫാ വട്ടോളിയോട് ഒരു കാര്യം പറയട്ടെ, വേണ്ടാത്ത പണിക്ക് നിൽക്കരുത്

കുറവിലങ്ങാട് പോലീസ് ക്രൈം നമ്പർ 746/2018 ആയി രജിസ്റ്റർ ചെയ്യുകയും കോട്ടയം അഡിഷണൽ സെഷൻസ് കോടതി സെഷൻസ് കേസ് 457/2019 ആയി വിചാരണ ചെയ്യുകയും 14-01-2022നു വിധി പ്രസ്താവിക്കുകയും ചെയ്ത കേസ്, ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ അതിന്റെ സമാനതകളില്ലാത്ത സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. പ്രതിസ്ഥാനത്ത് ബലാത്സംഘകുറ്റം ആരോപിക്കപ്പെട്ട് ഒരു കത്തോലിക്കാ മെത്രാനും ആരോപണം ഉന്നയിക്കുന്നത് ഒരു കത്തോലിക്കാ കന്യാസ്ത്രീയും ആകുമ്പോൾ സ്വാഭാവികമായി കേസിനു ഗൗരവം വർദ്ധിച്ചു; ദേശീയവും അന്തർദേശീയവുമായി ഈ കേസ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

കേരള പോലീസിലെ വിദഗ്ധരായ ഉദ്യോഗസ്ഥർ അന്വേഷിച്ചതും പ്രഗത്ഭരായ അഭിഭാഷകർ വാദങ്ങളും പ്രതിവാദങ്ങളുമായി തലനാരിഴകീറി പരിശോധിച്ചതുമാണ് ഈ കേസ്. ഒടുവിൽ നീതിമാനായ ന്യായാധിപനെന്നു വാദിയുടെ പക്ഷം ഉറച്ചു വിശ്വസിച്ച ന്യായാധിപൻ വിധി പ്രസ്താവിച്ചു – ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരൻ അല്ല !

ഈ കേസിനെ വീണ്ടും മാധ്യമ, പൊതുജന ശ്രദ്ധയിൽ നിലനിർത്താനാണ് “ചില തൽപരകക്ഷികൾ” ശ്രമിക്കുന്നത്. വിധിന്യായത്തിലെ 394-ാം ഖണ്ഡികയിൽ എഴുതിയിരിക്കുന്ന ഒരു വാക്യം ഇവിടെ വളരെ പ്രസക്തമാണ്. “It is also evident that the victim was swayed under the influence of others who had other vested interest in the matter.” കോടതിയുടെ ഈ നിരീക്ഷണം വളരെ പ്രാധാന്യം അർഹിക്കുന്നു. ആരാണ് ഈ പരാതിയുമായി മുന്നോട്ടു വരുവാൻ “ഇരയെ” സ്വാധീനിച്ച തൽപരകക്ഷികൾ ?

ഭാരത കത്തോലിക്കാ സഭയെ പിടിച്ചുലച്ച ഈ സംഭവത്തിൽ കോടതി പരാമർശിക്കന്ന “others who had other vested interest in the matter” ( ഖണ്ഡിക 394) ആരാണെന്നു കണ്ടെത്തേണ്ടതുണ്ട്. ഇത് അതീവ ഗൗരവമുള്ള കാര്യമാണ്. കേസിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷണ വിധേയമാക്കണം. KCBC ഈ ആവശ്യം ഉന്നയിച്ച് സർക്കാരിനെയോ കോടതിയെയോ സമീപിക്കണം. സത്യം പുറത്തു വരണം. സഭയെ തകർക്കാൻ മുന്നിട്ടിറങ്ങിയ നിക്ഷിപ്ത താൽപര്യക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.

ബിഷപ്പിനെതിരേ കന്യാസ്ത്രീ ലൈംഗിക ആരോപണം ഉയർത്തിയ ഉടൻ രൂപംകൊണ്ട “സേവ് ഔർ സിസ്റ്റേർസ്” (SOS) ഫോറം കൺവീനർ ഫാ അഗസ്റ്റിൻ വട്ടോളി പറയുന്നത് “ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസിലെ ഇരയായ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങുമെന്നും മുഖം മറയ്ക്കാതെ അതിജീവിത പൊതുസമൂഹത്തിലേക്കെത്തുമെന്നും അവര്‍ മാധ്യമങ്ങളോട് സംസാരിക്കുമെന്നു”മാണ്.

ഒരു കന്യാസ്ത്രീയെ “ചിലരെല്ലാം” ചേർന്ന് സ്വാധീനിച്ച് ഇല്ലത്ത കാര്യങ്ങൾ പറഞ്ഞ് പിരികയറ്റി ഗുരുതരമായ ആരോപണങ്ങളുന്നയിച്ചാണ് ഒരു ബിഷപ്പിനെതിരേ കേസ് കൊടുത്തത്. ഇപ്പോൾ എല്ലാം പരാജയപ്പെട്ടപ്പോൾ അവരെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്ന് കത്തോലിക്കാ സഭയെ ഒന്നടങ്കം നാണംകെടുത്താനാണ് വട്ടോളിപ്പാതിരിയും ഗൂഢസംഘവും ശ്രമിക്കുന്നത്. ഒരു പാവം കന്യാസ്ത്രീയുടെ ജീവിതവും അവരുടെ മാന്യതയും വച്ചു കൊണ്ടുള്ള ഈ നാറിയ കളി, ഫാദർ വട്ടോളി, നിങ്ങൾ അവസാനിപ്പിക്കണം. ഒരു വൈദികൻ്റെ വിളിയും ദൗത്യവും ഫാ വട്ടോളി മറക്കരുത്. ഇതുവരെയും ഈ കന്യാസ്ത്രീ ആരെന്നോ അവരുടെ പേർ എന്തെന്നോ അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അല്ലാതെ ആർക്കും അറിയില്ല. അവർ ഇനിയുള്ള കാലം എവിടെയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ.

ഒരു കന്യാസ്ത്രീയെ സമൂഹത്തിനു മുന്നിൽ കൊണ്ടുവന്ന് അവഹേളിക്കാനുള്ള ഈ കപട സ്ത്രീപക്ഷവാദികളുടെ നീക്കത്തിനെതിരേ കേരള സമൂഹം ഒന്നടങ്കം മുന്നോട്ടു വരണം. സെഷൻസ് കോടതിയിൽ പരാജയപ്പെട്ടെങ്കിലും മേൽകോടതികളിൽ അപ്പീലിനു പോകാനുള്ള അവരുടെ അവകാശം നിലനിൽക്കുന്നു; അത് അവർ വിനിയോഗിക്കട്ടെ: എന്നാൽ അപ്പോൾ തന്നെ അവരുടെ സ്വകാര്യതയും വ്യക്തിത്വവും പേരും മേൽവിലാസവുമെല്ലാം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തണം.

ആരോപണങ്ങൾക്കും സംശയങ്ങൾക്കും വിരാമം ഇട്ടുകൊണ്ടാണ് കോടതി ഈ കേസിൽ വിധി പ്രഖ്യാപിച്ചത്. സാമാന്യബുദ്ധി ഉപയോഗിച്ച് വിധി വായിക്കുന്ന ഏതൊരാൾക്കും കൃത്യമായി നിഗമനത്തിൽ എത്തിച്ചേരാവുന്ന രീതിയിലാണ് ന്യായാധിപൻ തെളിവുകൾ അടിസ്ഥാനപ്പെടുത്തി ഈ വിധി പ്രസ്ഥാവിച്ചിരിക്കുന്നത്.

കേസിന്റെ വിചാരണ വേളയിൽ “ഇരയുടെ” മൊഴികളിലുള്ള വൈരുധ്യങ്ങൾക്ക് പുറമെ കോടതി മുൻപാകെ വെളിപ്പെടുത്തപ്പെട്ടത് അവരുടെ സ്വകാര്യ ശരീരഭാഗങ്ങളിലെ, അവർക്കു മാത്രം അറിയാവുന്ന കാര്യങ്ങൾ കൂടിയാണ്. 293 മുതൽ 296 വരെയുള്ള ഖണ്ഡികകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ കാര്യങ്ങൾ പുറത്തുവന്നതാകട്ടെ കുറ്റം തെളിയിക്കാൻ ഇരയെ സഹായിക്കുന്നതിനായി പ്രോസീക്യൂഷൻ കൊണ്ടുവന്ന സാക്ഷികളുടെ മൊഴികളിലൂടെയും. ഒരു സാക്ഷിപോലും കൂറുമാറാത്ത കേസിൽ എല്ലാ സാക്ഷികളുടെയും, ഇരയുടേതുൾപ്പെടെയുള്ള മൊഴികൾ, ഇരക്കെതിരായി മാറിയ ചരിത്രവും ഈ കേസ് രേഖപെടുത്തുന്നു.

എറണാകുളം അതിരൂപതയിലെ വിമതവൈദീകരുടെയും, അവരുടെ സഹായികളുടെയും ഈ കേസിലുള്ള പങ്ക് തുടക്കം മുതൽ പലരും ചൂണ്ടിക്കാണിച്ചിരുന്നു. വഞ്ചി സ്ക്വൊയർ സമരം മുതൽ കേസിന്റെ വിധി വന്നതിനു ശേഷവും ഇവർ ടി.വി. ചാനൽ ചർച്ചകളിൽ ഇരയ്ക്ക്‌ അനുകൂലമായിട്ടാണ് പ്രതികരിച്ചത്. ഇത് എന്തിനു വേണ്ടിയാണു? തന്റെ സ്വകാര്യ ജീവിതം മറയില്ലാതെ ഒരു കോടതി വിധിയിൽ പരാമർശിക്കപ്പെട്ട ഒരു സ്ത്രീയെ ഇനി മുഖം മറയ്ക്കാതെ പൊതുസമൂഹത്തിൽ ഇറക്കാൻ ഇപ്പോൾ ഇവർ പദ്ധതികൾ ഒരുക്കുകയാണത്രെ! ഒരിക്കൽ ”ചിലരുടെ” കെണിയിൽ അകപ്പെട്ട ഈ കന്യാസ്ത്രീ ഇനിയും വിമതന്മാരുടെ കുതന്ത്രങ്ങളിൽ വീണുപോകാതിരിക്കാൻ ശ്രദ്ധിക്കണം. “പാഷാണത്തെപ്പോലുള്ള” നിയമ വിദഗ്ധരുടെ ചതിക്കുഴികളാണ് ചുറ്റിലുമെന്ന് ഈ കേസിനോട് വൈകാരികമായി പ്രതികരിക്കുന്ന സകല കന്യാസ്ത്രീകളും മനസ്സിലാക്കണം.

ഇരയുടെ സഹപ്രവർത്തകയായിരുന്ന സി. അനുപമ, മാധ്യമ പ്രവർത്തകനായ അഭിലാഷ് മോഹന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കാൻ കോടതിയെ സഹായിച്ച വസ്തുതകളിൽ ഒന്ന്. ഈ വിഷയത്തിൽ തന്റെ നിലപാട് വിശദീകരിക്കാൻ ഈ മാധ്യമ പ്രവർത്തകൻ നൽകിയ അഭിമുഖത്തിൽ “തുടക്കം മുതൽ ഇരയുടെ സംരക്ഷനായി നിന്ന ഒരു AMT നേതാവ് താൻ കോടതിയിൽ മൊഴി കൊടുത്തതിന് ശേഷം തന്നെ അഭിനന്ദിച്ചു” എന്നു പറയുന്നു. അതിരൂപതയുടെ ഇടപാടുകളിലെ സുതാര്യതയുടെ പേരിൽ രൂപംകൊണ്ട AMTക്ക് ഫ്രാങ്കോ ബിഷപ് കേസിൽ ഇത്രമേൽ താൽപര്യമുണ്ടാകാൻ എന്തായിരുന്നു കാരണം ? ബിഷപ്പ് ഫ്രാങ്കോ കേസിലെ ഗൂഢാലോചനയിൽ അന്വേഷണ വിധേയമാക്കേണ്ട ഒരു കാര്യമാണിത്.

ലത്തിൻ സഭയിലെ ഒരു രൂപതയായ ജലന്ധർ രൂപതയിലെ വിഷയം ലത്തീൻ സഭ മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നായിരുന്നു. എന്നാൽ ഈ കേസിൽ സീറോ മലബാർ സഭയെ പ്രത്യേകം ടാർഗറ്റ് ചെയ്ത് കേസിനെ തിരിച്ചുവിട്ടത് ആരുടെ പദ്ധതി ആയിരുന്നു ? എറണാകുളം -അങ്കമാലി അതിരൂപതയുടെ മെത്രാപോലീത്തയും സീറോ മലബാർ സഭയുടെ തലവനുമായ മാർ ജോർജ്‌ ആലഞ്ചേരി പിതാവിനെ രാജിവയ്പ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ വിമതർ കണ്ടുപിടിച്ച “ആയുധമാണ്” ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ ഉയർത്തിയ ലൈംഗീക ആരോപണം. വളരെ ആസൂത്രിതമായി ആലഞ്ചേരി പിതാവിന്റെ പക്കൽ പരാതി നൽകുന്നു, തുടർന്ന് ഇരയായ കന്യാസ്ത്രീയെക്കൊണ്ട് മെത്രാപ്പോലീത്തയെ ഫോൺ ചെയ്ത്, സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു മാധ്യമങ്ങൾക്കു നൽകുന്നു. ബിഷപ്പിനെതിരായുള്ള ലൈംഗീക പീഡന പരാതിയിൽ നടപടി സ്വീകരിക്കാതെ മറച്ചുവച്ചു എന്ന കുറ്റത്തിനു മാർപ്പാപ്പ ആലഞ്ചേരി പിതാവിന് എതിരെ നടപടിയെടുക്കും എന്നതായിരുന്നു വിമതരുടെ കണക്കുകൂട്ടൽ. എന്നാൽ വിമതരുടെ ഈ തന്ത്രവും ചീറ്റിപ്പോയി.

“ചില വസ്തുതകൾ മറച്ചു വയ്ക്കാൻ (കന്യാസ്ത്രീ) എല്ലാ പരിശ്രമവും നടത്തിയിരുന്നു” (ഖണ്ഡിക 394) എന്ന് കോടതി നിരീക്ഷിക്കുന്ന ഈ കേസിൽ ആദ്യന്തം നിറഞ്ഞു നിൽക്കുന്ന നിഗൂഡതയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും പണം മുടക്കിയവരേയും കണ്ടെത്തേണ്ടതുണ്ട്. KCBCയോ CBCl – യോ ഈ വിഷയം ഗൗരവമായി എടുക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments