Thursday, May 30, 2024
No menu items!
Homeപ്രതികരണംപ്രകാശ് കാരാട്ട്: എഴുതാപ്പുറം വായിക്കുന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ

പ്രകാശ് കാരാട്ട്: എഴുതാപ്പുറം വായിക്കുന്ന കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ


സിപിഐ(എം) മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് പ്രകാശ് കാരാട്ട് “കേരളത്തിൽ വർഗീയ ചേരിതിരിവ‍് അരുത്‌” എന്ന തലക്കെട്ടിൽ സെപ്റ്റംബർ 24ന് ദേശാഭിമാനി ദിനപ്പത്രത്തിൽ ഒരു ലേഖനമെഴുതി. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസംഗത്തെ വിമർശിച്ചായിരുന്നു ലേഖനം. ജിഹാദികൾക്ക് വേണ്ടി വാദിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാവു തന്നെ രംഗത്തു വരുന്ന ഭയാനകമായ കാഴ്ചയാണ് പ്രസ്തുത ലേഖനത്തിൽ കാണാൻ കഴിഞ്ഞത്

“ജിഹാദികൾ അമുസ്ലിങ്ങളെ നശിപ്പിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ്‌ ബിഷപ് അഭിപ്രായപ്പെട്ടത്‌. ഈ ആരോപണം സ്വാഭാവികമായും കേരളസമൂഹത്തിൽ ആശങ്കയും സംശയവും ഉളവാക്കി” സഖാവ് കാരാട്ട് പാർട്ടി പത്രത്തിലൂടെ സഖാക്കൾക്ക് നൽകിയ സ്റ്റഡി ക്ലാസിലെ വിശദീകരണമാണിത്. ജിഹാദികള്‍ എന്നറിയപ്പെടുന്ന “വളരെ ചെറിയൊരു വിഭാഗം” മതതീവ്രവാദികളാണെന്നും അവർ അമുസ്ളീംകളെ നശിപ്പിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും പാലാ ബിഷപ് അഭിപ്രായപ്പെട്ടതു സഖാവ് കാരാട്ടിൽ ആശങ്കയും സംശയവും ഉളവാക്കിയത്രെ!

ജിഹാദികൾ യഥാർത്ഥ തീവ്രവാദികളാണെന്ന് അറിഞ്ഞോ അറിയാതെയോ സഖാവ് കാരാട്ട് തൻ്റെ ലേഖനത്തില്‍ പറയുന്നുമുണ്ട്. ആകെ കോമഡിയാണ് അങ്ങേരുടെ ലേഖനം.

ജിഹാദികൾക്കു വേണ്ടി തുടിക്കുന്ന ഒരു ഹൃദയമാണ് ഈ ലേഖനത്തിലുടനീളം കാരാട്ടിൽ കണ്ടത്. കമ്യൂണിസ്റ്റു പാർട്ടി ഇന്ന് എത്തിച്ചേർന്നിരിക്കുന്ന കടുത്ത താത്വിക പ്രതിസന്ധിയുടെ ശരിയായ പരിഛേദമാണ് ഈ ലേഖനം. ഇത് വായിച്ച് സാംസ്കാരിക, പു ക സ സഖാക്കൾ ഞെട്ടരുത്. ഞെട്ടിയാലും ഞെട്ടൽ പുറത്ത് കാണിക്കരുത്, പറഞ്ഞത് ബല്യ പുള്ളിയാണ്!

ലേഖനത്തിലെ ഒരു ഭാഗം ഇപ്രകാരമാണ് – “കേരളത്തെ സംബന്ധിച്ചിടത്തോളം ഏതാനും വര്‍ഷം അസ്വസ്ഥത സൃഷ്ടിച്ച വിവാദമായിരുന്നു ലൗജിഹാദ്. 21 പേര്‍ വീടും കുടുംബവും ഉപേക്ഷിച്ച് ഐ.എസ്.ഐ.എസ്. -ഖൊറാസന്‍ എന്ന ഭീകരസംഘടനയില്‍ ചേരുന്നതിന് അഫ്ഗാനിസ്ഥാനിലേക്ക് പോയതായിരുന്നു അത്. അവരുടെ കൂട്ടത്തില്‍ ഇസ്ലാംമതം സ്വീകരിച്ച രണ്ട് ക്രിസ്ത്യാന്‍ യുവതികളും അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രയ്ക്കായി ഭര്‍ത്താക്കന്മാരോടൊപ്പം ചേര്‍ന്നു. അവരില്‍ ഒരാള്‍ യാഥാര്‍ത്ഥത്തില്‍ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചശേഷം രണ്ടുപേരും മതം മാറുകയായിരുന്നു. ഇവരെ റിക്രീട്ട് ചെയ്യുന്നതിനും തീവ്രവാദ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടരാക്കുന്നതിനും പിന്നില്‍ ജിഹാദി ശൃംഖലയായിരുന്നു” അതായത് ഈ ജിഹാദി ശൃംഖലയുടെ പണി – മതം മാറ്റുക, റിക്രൂട്ട് ചെയ്യുക, തീവ്രവാദ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരാക്കുക എന്നതാണെന്ന് സഖാവ് കാരാട്ട് വിശദമാക്കുന്നു.

മേൽപ്പടി സംഭവത്തിലെ ക്രിസ്ത്യന്‍ യുവാവ് തീവ്രവാദിയായി പൊട്ടിത്തെറിച്ചതിൻ്റെയും അയാളുടെ വിധവ അഫ്ഗാന്‍ ജയിലില്‍ നരകിച്ചതിന്‍റെയുമൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ജിഹാദികജാണെന്ന് പ്രകാശ് കാരാട്ട് സമ്മതിക്കുന്നു. എന്നാൽ തീവ്രവാദത്തിലൂടെ കൊല്ലാനും ചാകാനും മടിയില്ലാത്തവര്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നു എന്നു പറയുന്നതാണ് സഖാവിനെ ആശങ്കപ്പെടുത്തുന്നത്!

“രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഏതെങ്കിലും തീവ്രവാദ മതസംഘടനകൾക്കുമേൽ ഇത്‌ ചുമത്തുന്നത് തികച്ചും തെറ്റാണ്” – ഈ ലേഖനത്തിൽ കാരാട്ട് സഖാവ് ഉദ്ധരിക്കുന്ന മെയിൻ പോയിൻ്റാണിത്. അതായത് ഇസ്ളാമിക തീവ്രവാദികൾ മയക്കുമരുന്ന് കച്ചവടം നടത്തുന്നു എന്നു പറയുന്നത് തെറ്റാണെന്നാണ് അദ്ദേഹം പറയുന്നത്. തീവ്രവാദികള്‍ മയക്കുമരുന്നു കച്ചവടത്തില്‍ ഏര്‍പ്പെടാത്ത പുണ്യവാളന്മാരാണെന്ന് അദ്ദേഹം വിശ്വസിക്കുന്നുവത്രെ! ഇദ്ദേഹം ഈ പാർട്ടിയുടെ നേതൃത്വത്തിൽ വന്നതോടെയാണ് ഇടതുപക്ഷത്തിന് ഇന്ത്യയിൽ കണ്ടകശനി ആരംഭിച്ചത് എന്നു തോന്നുന്നു.

ഇന്ന് ലോകത്തിൽ തീവ്രവാദികളുടെ ഒരേയൊരു പ്രഖ്യാപിത രാജ്യമാണല്ലോ അഫ്ഗാന്‍. അവിടെയുള്ള താലിബാന്‍ തീവ്രവാദികളെല്ലാം ജിഹാദികളാണെന്നു പറഞ്ഞാല്‍ സാമാന്യ ബോധമുള്ളവർ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ല. താലിബാന്‍ തീവ്രവാദത്തെക്കുറിച്ചും അവരുടെ മയക്കുമരുന്ന് വ്യാപാരത്തേക്കുറിച്ചും 2009ല്‍ United State Institute of Peace പ്രസിദ്ധീകരിച്ച 44 പേജുള്ള റിപ്പോര്‍ട്ടിൽ പറയുന്നത് നോക്കുക – “സൈന്യവും നിയമപാലകരും കൈകാര്യം ചെയ്യേണ്ട രണ്ട് വ്യത്യസ്ത വിഷയങ്ങളായി തീവ്രവാദത്തെയും മയക്കുമരുന്ന് ഇടപാടുകളെയും കാണാന്‍ സാധ്യമല്ല…. മയക്കുമരുന്നു വ്യാപാരത്തിലൂടെ കിട്ടുന്ന പണമാണ് താലിബാന്‍റെയും മറ്റ് തീവ്രവാദസംഘടനകളുടെയും പ്രവര്‍ത്തനമൂലധനം” – ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തത്വത്തില്‍ താലിബാന്‍റെ ഒരുവശം മതതീവ്രവാദവും മറുവശം മയക്കുമരുന്ന് ഇടപാടുകളുമാണെന്നത് ലോകരാജ്യങ്ങള്‍ മുഴുവന്‍ അംഗീകരിച്ചിരിക്കുന്ന വസ്തുതയാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെയാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഒരു വ്യക്തി വെള്ളപൂശുന്നത് എന്നോര്‍ക്കുമ്പോള്‍, അദ്ദേഹത്തിൻ്റെ ഈ നിലപാടുകളിൽ ലജ്ജ തോന്നുന്നു. ഒരു കമ്യൂണിസ്റ്റിന് ഇത്രമേൽ വിഡ്ഢിത്തരം വിളിച്ചു പറയാൻ കഴിയുമോ ?

കേരളത്തിൽ നിന്നും അഫ്ഗാനിലേക്കു പോയവരെ “റിക്രീട്ട് ചെയ്യുന്നതിനും തീവ്രവാദ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടരാക്കുന്നതിനും പിന്നില്‍ ജിഹാദി ശൃംഖലയായിരുന്നു” എന്ന് കാരാട്ട് സമ്മതിക്കുന്നു. വാസ്തവത്തിൽ ഇതല്ലേ.
പാലാ ബിഷപ്പും പറഞ്ഞത് “മനുഷ്യനെ മതംമാറ്റി തീവ്രവാദ പ്രസ്ഥാനത്തില്‍ ആകൃഷ്ടരാക്കുന്ന “ചുരുക്കം ചില മുസ്ലീംഗ്രൂപ്പുകളും തീവ്ര ജിഹാദി സംഘങ്ങളും കേരളത്തില്‍ ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ” എന്നു ബിഷപ്പു പറഞ്ഞതിനെതിരേ എന്താണിത്ര പടപ്പുറപ്പാട് ? സത്യത്തിൽ കല്ലറങ്ങാട്ട് ബിഷപ്പ് പറഞ്ഞതിനെ പിന്തുണയ്ക്കുകയല്ലേ കാരാട്ടും ചെയ്തത് ?

ലേഖനത്തിലെ മറ്റൊരു ഭാഗം നോക്കുക: “ഈ രണ്ട് യുവതികള്‍ മതംമാറി തീവ്രവാദ സ്വാധിനത്തില്‍പ്പെട്ടതിനെ സംബന്ധിച്ച് കത്തോലിക്കാ സഭയുടെ ആശങ്ക മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരം തീവ്രവാദ സ്വാധീനങ്ങള്‍ക്ക് ഇരയാകുന്നതിനെതിരേ അവരുടെ സഭയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത് അവരുടെ ഭാഗത്തുനിന്നും ശരിയായിരിക്കും. എന്നിരുന്നാലും ഇത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു” വളരെ വിചിത്രമായ വാദമായിപ്പോല്ലോ സഖാവേ ഇത്! 18നും 22നും ഇടയില്‍ പ്രായമുള്ള ആയിരക്കണക്കിന് പെണ്‍കുട്ടികളെയാണ് കത്തോലിക്കാ സഭ ഉള്‍പ്പെടെയുള്ള എല്ലാ ക്രൈസ്തവസഭകള്‍ക്കും ഹൈന്ദവമതത്തിനും കഴിഞ്ഞകാലങ്ങളിൽ നഷ്ടമായത്. ഇവരില്‍ മതംമാറി കേരളത്തില്‍ നിന്ന് രണ്ടു പെണ്‍കുട്ടികള്‍ അഫ്ഗാനിലേക്കു പോയി എന്നതും ശരിയാണ്. എന്നാല്‍ അഫ്ഗാനിലേക്കോ സിറിയയിലേക്കോ പോകാന്‍ അവസരം ലഭിച്ചിരുന്നിവെങ്കില്‍ ബാക്കിയുള്ളവരും പോകില്ല എന്നു എങ്ങനെ പറയും? അത്രമേല്‍ തീവ്രമായ മതബോധമല്ലേ ഇവരില്‍ അടിച്ചേല്‍പ്പിക്കുന്നത്, ഇതിന് എത്രയോ തെളിവുകളുണ്ട്. മതംമാറിയാലുടന്‍ അഫ്ഗാനിലെ സ്ത്രീകളെപ്പോലെ പര്‍ദ്ദയ്ക്കുള്ളിലേക്ക് മറഞ്ഞ് മക്കളെപ്പോലും കാണാന്‍ താല്‍പര്യം കാണിക്കാത്ത ഒരു സ്ത്രീയെക്കുറിച്ച് അഡ്വ. സജി ഏഷ്യാനെറ്റ് ചർച്ചയിൽ കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ പോലും ഇതല്ലേ ശരി വയ്ക്കുന്നത്?

“ലൗജിഹാദിനെക്കുറിച്ചുള്ള മുഴുവന്‍ ചര്‍ച്ചയിലും മറ്റൊരു വിചിത്രമായ വശം, വിവിധ മത- ജാതി സംഘടനകളുടെ നേതാക്കള്‍ “ഞങ്ങളുടെ സ്ത്രീകള്‍”, “ഞങ്ങളുടെ പെണ്‍കുട്ടികള്‍” എന്നിങ്ങനെ സംസാരിക്കുന്നു. ഇത് അവരുടെ ഗോത്രാധിപത്യവും സ്ത്രീകളുടെ ഉടമസ്ഥരാണ് ഞങ്ങള്‍ എന്ന സമീപനവുമാണ് വ്യക്തമാക്കുന്നത്” – സഖാവ് കാരാട്ട് എഴുതുന്നു. “സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യമാസമില്ലാതെ എല്ലാവരെയും ക്രിസ്തുവിൽ ഒന്നായിക്കാണുന്ന (ഗലാത്യ ലേഖനം 3: 28 ) ഒരു വ്യവസ്ഥിതിയാണ് ക്രൈസ്തവ വിശ്വാസം മുന്നോട്ടു വയ്ക്കുന്നത്. ഇവിടെ ആണ്‍കുട്ടികള്‍ക്കുള്ള അതോ അതിലേറെയോ പരിഗണന തന്നെയാണ് പെണ്‍കുട്ടികള്‍ക്കുമുള്ളത്. എന്നാൽ പെണ്‍കുട്ടികളെ മാത്രം വലവീശിപ്പിടിക്കുന്ന സ്ഥിതിവിശേഷം സംജാതമാകുമ്പോള്‍ “ഞങ്ങളുടെ പെണ്‍കുട്ടികള്‍” എന്നു പറയുന്നതില്‍ അടിസ്ഥാനപരമായി എന്ത് തെറ്റാണുള്ളത്? കുടുംബബന്ധത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും തങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും ശുഭകരമായ ജീവിതമാണ് ലക്ഷ്യം വയ്ക്കുന്നത്. അതിന് വിഘാതം സൃഷ്ടിക്കുന്ന പൈശാചികതയോട് ഒരു വിധത്തിലും സന്ധി ചെയ്യാൻ ക്രിസ്ത്യാനി തയ്യാറല്ല സഖാവ് പ്രകാശ് കാരാട്ട്!

“പ്രണയത്തിന്‍റെയും വിവാഹത്തിന്‍റെയും കാര്യത്തില്‍ സ്ത്രീകള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളും തെരഞ്ഞെടുപ്പുകളും ഉണ്ടായിരിക്കും” ശരിയാണ്, കാരാട്ടിൻ്റെ ഈ വാദത്തെ പൂർണ്ണമായും സമ്മതിക്കുന്നു, എന്നാല്‍ വിവാഹത്തിന് ശേഷം എന്താണ് ഈ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്നത് എന്ന് അങ്ങ് അന്വേഷിച്ചിട്ടുണ്ടോ? തീവ്രമതബോധത്തിന് അടിമപ്പെട്ട് സ്വന്തം മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും വെറുക്കുകയും ഒരു തീവ്രവാദിയായി വിദേശത്തു പോകാനും സൂയിസൈഡ് ബോംബറായി പൊട്ടിത്തെറിക്കാനും ഇത്തരം നീചകൃത്യങ്ങളെ ന്യായീകരിക്കാനും കഴിയുന്ന ഒരു മാനസികാവസ്ഥ എന്തുകൊണ്ട് ഇവരില്‍ രൂപപ്പെടുന്നു? ചിന്തിക്കേണ്ടതല്ലേ സഖാവേ ?

ഇതരമതത്തില്‍ നിന്ന് പെണ്‍കുട്ടികളെ പ്രണയിച്ച ആയിരക്കണക്കിന് മുസ്ലിം യുവാക്കള്‍ മാന്യമായി കുടുംബജീവിതം നയിക്കുന്നു. ഇതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ ലൗജീഹാദ് കെണിയില്‍ വീണവരെ എന്തിന് ”സത്യസരണി”യില്‍ മതം പഠിപ്പിക്കുകയും ആറാം നൂറ്റാണ്ടിലെ ഗോത്രവര്‍ഗ്ഗ ജീവിതക്രമത്തിലേക്ക് പരിശീലിപ്പിക്കുകയും ചെയ്യുന്നു? ഒരു കമ്യൂണിസ്റ്റ് മാന്യ വനിതയെപ്പോലെ പോലെ ഇവരെ പൊതുസമൂഹത്തില്‍ പിന്നീട് ആരെങ്കിലും കാണാറുണ്ടോ? എന്തുകൊണ്ട് ഈ പ്രാകൃത പ്രത്യയശാസ്ത്രത്തിനെതിരേ അങ്ങയുടെ പാർട്ടി മൗനം അവലംബിക്കുന്നു ?

ഗുരുതരമായ വിഷയങ്ങളെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി പ്രസംഗിക്കുന്ന കാരാട്ടിൻ്റെ പതിവ് ശൈലി പ്രസ്തുത ലേഖനത്തിലും കാണാം. “ബി.ജെ.പി, ആര്‍.എസ്.എസ് കൂട്ടുകെട്ട് മുസ്ലീംകള്‍ക്കെതിരേ തങ്ങളുടെ നിലപാട് കര്‍ശനമാക്കുമ്പോള്‍ തന്ത്രപമരായി ക്രിസ്ത്യാന്‍ പുരോഹിതരെ അവരുടെ ഭാഗത്തേക്ക് അണിനിരത്താന്‍ ശ്രമിക്കുന്നു…. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാ സഭ ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കണം…. 2016 മുതല്‍ 2019 വരെ ക്രൈസ്തവര്‍ക്കെതിരേ 1774 വിദ്വേഷ കുറ്റകൃത്യങ്ങള്‍ രാജ്യത്തുടനീളം നടന്നട്ടുണ്ട്. 2016നു ശേഷം ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ 59.6 ശതമാനം വര്‍ദ്ധിച്ചു” – വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പീഡനം ചൂണ്ടിക്കാണിച്ച് സഖാവ് കാരാട്ട് ക്രൈസ്തവരെ ഉപദേശിക്കുന്നു. എന്നാൽ, മതമൗലീകവാദത്തോടും തീവ്രവാദത്തോടും ഇതാണ് കാരാട്ടിൻ്റെയും പാർട്ടിയുടെയും ഭാവി നിലപാടെങ്കിൽ ഒന്നു പറയട്ടെ, ക്രിസ്ത്യാനികളെയോർത്ത് നിങ്ങൾ കരയേണ്ട, നിങ്ങളേയും നിങ്ങളുടെ പാർട്ടിയേയും ഓർത്ത് കരഞ്ഞുകൊള്ളുക, പാർട്ടി ഏതാണ്ട് ഇല്ലാതാവുകയാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ചെങ്കൊടി നിറം മാറി ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. കേരളത്തിൽ ഏതായാലും “പച്ചച്ചെങ്കൊടി” പാറിക്കളിക്കാൻ ഇനി അധികകാലം വേണ്ടി വരില്ല. കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണെന്ന് തിരിച്ചറിയുക.

വടക്കേ ഇന്ത്യയിലെ ക്രൈസ്തവ പീഡനം അങ്ങ് ഉയർത്തിക്കാട്ടിയതുകൊണ്ട് ചോദിക്കട്ടെ, കമ്യൂണിസ്റ്റ് ചൈന അവിടെയുള്ള ക്രൈസ്തവരെ പീഡിപ്പിക്കുകയും കൊന്നുകളയുകയും വിശ്വാസസ്വാതന്ത്ര്യം തടയുകയും ചെയ്യുന്നുണ്ടല്ലോ. അടിസ്ഥാനപരമായി ലോകത്തെല്ലായിടത്തും കമ്യൂണിസം ഒന്നു തന്നെയാണ്. അതിനാൽ ചൈനയിലെ കമ്യൂണിസ്റ്റുകളുടെ ക്രൈസ്തവവിരോധത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റുകളോടും ക്രൈസ്തവര്‍ നിലപാടെടുത്താല്‍ എന്തായിരിക്കും അങ്ങയുടെ മറുപടി? ഇതുകൂടി ഇനിയുള്ള ലേഖനത്തിൽ വിശദമാക്കണേ.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ “ബി ജെ പി- ആർ എസ് എസ്” എന്നാക്കെ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്ത്, ഏതാണ് 1900 കൊല്ലം മുമ്പ് ഇവിടെ ജീവിതം ആരംഭിച്ചതാണ് ഞങ്ങളുടെ പൂര്‍വ്വികര്‍. രാജാക്കന്മാരും സാമ്രാജ്യങ്ങളും വരികയും കടന്നുപോവുകയും ചെയ്തു. കേരളത്തിൽ ഒരു കാലത്ത് പ്രബലമായിരുന്ന ബുദ്ധ-ജൈന മതങ്ങളെല്ലാം ഇല്ലാതെയായി. ചരിത്രത്തിൽ എടുത്തു പറയാൻ ഒരു നേതാവും ഇല്ലാതെ തികഞ്ഞ ദൈവാശ്രയബോധത്തോടെ നൂറ്റാണ്ടുകളായി ക്രൈസ്തവ സമൂഹം ഈ മണ്ണില്‍ ജീവിക്കുന്നത്. ഇനിയും അത് തുടരുക ചെയ്യും.

ഇന്നത്തെ കമ്യൂണിസ്റ്റ് സഖാക്കള്‍ വള്ളിനിക്കറിട്ട് നടന്ന കാലത്ത്, 1958-59 കാലഘട്ടങ്ങളില്‍ കേരളത്തില്‍ ഒരു സമരം നടന്നിരുന്നു. അന്ന് കേരള മുഖ്യമന്ത്രി സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. സംഘപരിവാറിനെക്കുറിച്ച് കേട്ടുകേള്‍വിയില്ലാതിരുന്ന അക്കാലത്ത് ഈ സമരം നടത്തി വിജയിപ്പിക്കാന്‍ കത്തോലിക്കാ സഭയുടെയും എൻ എസ് എസിൻ്റെയും നേതൃത്വത്തിന് കഴിഞ്ഞു. ഇപ്പോള്‍ നേരിടുന്ന ലൗജീഹാദ്, നാര്‍ക്കോടിക്ക് ജീഹാദ് വിഷയങ്ങളില്‍, ഈ അധാര്‍മ്മികതയെ നേരിടാനും സഭയ്ക്ക് ശക്തിയുണ്ട്. സഭയോടു ചേർന്നു നിന്ന് ഇതിനോടു പോരാടാൻ വേറാരും വേണ്ടെന്ന നിലപാടുമില്ല. അത് സംഘപരിവാറാണെങ്കിലും കമ്യൂണിസ്റ്റുകളാണെങ്കിലും സ്വാഗതം ചെയ്യന്നു.

“ക്രൈസ്തവര്‍ക്കിടയില്‍ ചെറിയൊരു പരിധിവരെ തീവ്രവാദ കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് ” ആശയപരമായി പ്രതികരിക്കുന്ന ക്രൈസ്തവരെ തീവ്രവാദികള്‍ എന്ന് പറയാമെങ്കില്‍ ആശയ പോരാട്ടം നടത്തുന്ന എല്ലാ കമ്യൂണിസ്റ്റുകളും തീവ്രവാദികള്‍ തന്നെയല്ലേ സർ? ഇന്ത്യയെ ക്രൈസ്തവ രാഷ്ട്രമാക്കണമെന്ന ലക്ഷ്യത്തോടെ മതരപരിവര്‍ത്തനം നടത്താനും രാജ്യത്തിനെതിരേ ആയുധമെടുക്കാനും യുദ്ധം ചെയ്യാനും പ്രേരിപ്പിക്കുന്ന ഏതൊങ്കിലും ഒരു ക്രൈസ്തവനെ അങ്ങേയ്ക്ക് കാണിച്ചു തരുവാന്‍ സാധിക്കുമോ? പിന്നെ ഇസ്ലാമിക തീവ്രദത്തെ പരാമര്‍ശിക്കുമ്പോള്‍ ഒരു ബാലന്‍സ് വേണമല്ലോ എന്നു കരുതിയാണ് ക്രിസ്ത്യാനികളിലെ ഒരു ചെറിയ വിഭാഗത്തിന് തീവ്രവാദികളാക്കുന്നത് എന്നറിയാം, ഇത്തരം അടവുനയങ്ങൾ അങ്ങ് പരീക്ഷിച്ചുകൊളളുക, ഞങ്ങൾക്ക് വിരോധമില്ല, നിലനിൽപ്പാണല്ലോ അങ്ങയുടെ പ്രധാന വിഷയം!

ക്രൈസ്തവ സഭയുടെ ഭാഗമായുള്ള മറ്റു ചില സഭകളുമായി ചങ്ങാത്തം കൂടി കത്തോലിക്കാ സഭയെ തകർത്ത് അതിലൂടെ ഇന്ത്യന്‍ ക്രിസ്റ്റ്യാനിറ്റിയെ ഇല്ലാതാക്കാമെന്നാണ് ചിലരുടെ വ്യാമോഹം. അതിനായി സഭയിലെ ചില കുലംകത്തികളുമായി ചിലർ ചങ്ങാത്തം കൂടിയിട്ടുണ്ട്. എന്നാൽ പാർട്ടിയെപ്പോലെ കുലംകത്തികളോട് സഭ അസഹിഷ്ണുത കാണിക്കില്ല. സഭയെയും സഭാനേതൃത്വങ്ങളെയും രൂക്ഷമായി വിമർശിക്കാൻ എല്ലാ വിശ്വാസികൾക്കും ഇവിടെ സ്വാതന്ത്ര്യവും ഇടവുമുണ്ട്. അവരെ 51 തവണ വെട്ടിനുറുക്കി കൊണ്ടല്ല, സ്നേഹം കൊണ്ടാണ് സഭ നേരിടുന്നത്. അതാണ് ഞങ്ങളുടെ ഗുരു കാണിച്ചു തന്ന മാർഗ്ഗം.

ക്രൈസ്തവസഭകളിലെ ചില ദ്രാവ്യാഗ്രഹികളെ സ്വാധീനിച്ച് സഭയ്ക്കെതിരേ നെടുങ്കൻ പ്രസ്താവനയിറക്കിയാൽ ക്രിസ്ത്യാനികള്‍ പേടിച്ചോടുമെന്നും അങ്ങ് കരുതേണ്ട. സത്യത്തിനും നീതിക്കും സമാധാനനത്തിനും സാഹോദര്യത്തിനും സമൂഹത്തിൻ്റെ നാനാവിധ പുരോഗതിക്കും വേണ്ടിയാണ് ഭാരതത്തില്‍ ക്രൈസ്തവസഭ കഴിഞ്ഞ 1900 കൊല്ലങ്ങള്‍ നിലകൊണ്ടത്. യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തോടെ, പ്രാര്‍ത്ഥനയുടെ പിന്‍ബലത്തോടെ എന്തെല്ലാം പ്രതികൂലങ്ങള്‍ നേരിട്ടാലും സഭ അതിന്‍റെ ദൗത്യം തുടര്‍ന്നുകൊണ്ടേയിരിക്കും. കേരളത്തിലെ ചിന്തിക്കുന്ന ജനങ്ങള്‍ സഭയ്ക്ക് ഒപ്പമുണ്ട്.

ലാല്‍ സലാം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments