ആകാശംമുട്ടെ അധികാരമുണ്ടെന്ന ഭാവത്തോടെ എല്ലായിടത്തും കയറി അഭിപ്രായം പറയാനുള്ള വ്യഗ്രതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. “ഞണ്ടിന് കാര്യസ്ഥന്‍റെ ഉദ്യോഗം കിട്ടിയതുപോലെ” മുന്‍പിന്‍ നോക്കാതെ വശങ്ങളിലേക്ക് മാത്രമുള്ള സഞ്ചാരിയാണ് താനെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സംവരണവിഷയത്തില്‍ ക്രൈസ്തവസമൂഹത്തിനെതിരേ സതീശന്‍ എടുത്ത നിലപാടെന്തെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോളിതാ നാര്‍ക്കോട്ടിക്, ലൗജീഹാദ് വിഷയത്തിലും സതീശന്‍ വശങ്ങളിലേക്ക് മാത്രം നിരങ്ങാനുള്ള തന്‍റെ സഹജാവബോധം വെളിപ്പെടുത്തിയിരിക്കുന്നു. പാലാ ബിഷപ്പ് മാര്‍ കല്ലറങ്ങാട്ടില്‍ തന്‍റെ സഭയിലെ വിശ്വാസികളെ പ്രബോധിപ്പിച്ചത് “സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നാണ് ” ഈ മാന്യന്‍റെ കണ്ടെത്തല്‍. നിയമസഭയല്ല ക്രൈസ്തവസഭ എന്നു തിരിച്ചറിയാനുള്ള മിനിമം ബോധമെങ്കിലും സതീശന്‍ കാണിക്കേണ്ടതുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ വര്‍ത്തമാനകാല മുഖമായിരിക്കുന്ന ശ്രീ വി.ഡി സതീശന്‍ ആ കസേരയില്‍ ആയുഷ്കാലം വാഴട്ടെ എന്ന് ആശംസിക്കുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ കട്ടയും പടവും മടക്കാന്‍ ഈ മാന്യദേഹം ആ കസേരയില്‍ ഉണ്ടായാല്‍ മാത്രം മതി.
സംഘപരിവാര്‍ ആശയം ഈ അണ്ഡകടാഹത്തില്‍ ഉടലെടുക്കുന്നതിനു മുമ്പ്, കുറഞ്ഞത് ആയിരത്തി എണ്ണുറു കൊല്ലങ്ങളെങ്കിലുമായി ക്രൈസ്തവസഭ ഭാരതഭൂവില്‍ ക്രിസ്തുസന്ദേശത്തിന്‍റെ സാക്ഷ്യവുമായി നിലനില്‍ക്കുന്നു. “ലോകത്തിന്‍റെ വെളിച്ചവും ഭൂമിയുടെ ഉപ്പുമായിരിക്കുക” എന്ന ദിവ്യരക്ഷകന്‍റെ കല്‍പ്പന ശിരസ്സാ വഹിച്ചുകൊണ്ട്, “സകലത്തെയും നവീകരിക്കുക” എന്ന മഹത്തായ ബോധ്യങ്ങളോടെയാണ് ഈ നൂറ്റാണ്ടുകളിലെല്ലാം സഭ നിലനിന്നത്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യരെല്ലാവരേയും ഒരുപോലെ സ്നേഹിച്ചുകൊണ്ട് ഭാരതസമൂഹത്തിന്‍റെ എല്ലാവിധത്തിലുമുള്ള ഉന്നമനത്തിനാണ് സഭ ഈ ഉപഭൂഖണ്ഡത്തില്‍ കര്‍മ്മനിരതയായിരിക്കുന്നത്. ഭൂമിയില്‍ സ്ഥായിയായൊരു ക്രൈസ്തവസാമ്രാജ്യം പണിയുക എന്ന ലക്ഷ്യം സഭയ്ക്കില്ല. ലോകത്തൊരിടത്തും സഭ അതിനായി ശ്രമിച്ചിട്ടുമില്ല. ദൈവം ശില്‍പ്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ ദൈവനഗരത്തെ ലക്ഷ്യമിട്ടു നീങ്ങുന്ന തീര്‍ത്ഥാടകരുടെ കൂട്ടമാണ് ക്രൈസ്തവസഭ. ഈ ഭൗമികസഞ്ചാരവേളയില്‍ അഗ്നിസ്തംഭമായി മുന്നേഗമിക്കുന്ന ക്രിസ്തുവിന്‍റെ പ്രകാശം പ്രതിഫലിപ്പിക്കുക എന്നതു മാത്രമാണ് സഭയുടെ ധര്‍മ്മം. ഇവിടെ സംഘിസം ഉള്‍പ്പെടെ ഒരു ഇസവും സഭയെ സ്വാധീനിക്കില്ല. ക്രിസ്തുമൊഴികളേക്കാള്‍ ഘനഗാംഭീര്യമുള്ള മറ്റെന്തെങ്കിലും ശബ്ദം ഈ ഭൂമുഖത്തുണ്ട് എന്നും ക്രൈസ്തവസഭ വിശ്വസിക്കുന്നില്ല. ആയതിനാല്‍, സഭയുടെ പരിപാലകരായ പിതാക്കന്മാരുടെ പ്രബോധനങ്ങള്‍ സംഘിബോധത്തിന്‍റെ പ്രതിഫലനമാണെന്ന് ശ്രീ വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുമ്പോള്‍ അതിനെയെല്ലാം തികഞ്ഞ അവജ്ഞയോടെയാണ് ക്രൈസ്തവസമൂഹം കാണുന്നത് .
“തീവ്രചിന്താഗതികളും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ചുരുക്കം ചില മുസ്ലീംഗ്രൂപ്പുകളും തീവ്രജിഹാദി സംഘങ്ങളും ലോകമെമ്പാടും ഉണ്ട്, ഇവര്‍ കേരളത്തിലുമുണ്ട് “- മാര്‍ കല്ലറങ്ങാട്ട് തന്‍റെ പ്രസംഗത്തില്‍ എടുത്തു പറയുന്നു. “ചുരുക്കം ചില മുസ്ലീംഗ്രൂപ്പുകൾ” എന്ന് എടുത്തു പറഞ്ഞിട്ടും ഇതിനെ വളച്ചൊടിച്ച് പാലാ മെത്രാനും ക്രൈസ്തവസഭയും മുസ്ലിംകള്‍ക്ക് എതിരാണ് എന്ന് വരുത്തിത്തീര്‍ക്കുവാന്‍ ചില തീവ്രവാദികള്‍ ശ്രമിക്കുന്നത്. ഇതിന് കൂട്ടുനിന്നുകൊണ്ട് മതേതരത്വത്തിന്‍റെ വക്താക്കളും പുരോഗമനവാദത്തിന്‍റെ മുഖമുദ്രയും തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചില മാധ്യമ, രാഷ്ട്രീയ, സാംസ്കാരിക പരിഷകള്‍ ശ്രമിക്കുന്നത്. പാമ്പിന് പാലൂട്ടി മൃഗസ്നേഹം കാണിക്കുന്നതുപോലുള്ള വിവേകശൂന്യതയാണത്. സത്യത്തേക്കുറിച്ചും നീതിയേക്കുറിച്ചും സമാധാനത്തേക്കുറിച്ചും സംസാരിക്കുന്നവനെ ഭയപ്പെടുന്ന ഒരു മാനസികാവസ്ഥയിലാണ് ഇവരൊക്കെ. വരാന്‍പോകുന്ന വലിയ ദുരന്തങ്ങളുടെ മുന്നറിയിപ്പാണ് ഈ ലക്ഷണങ്ങളെല്ലാം. സത്യം പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തില്‍ ജനിതകമാറ്റം സംഭവിച്ച കേരളത്തിലെ രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവര്‍ത്തകരും ഈ നാടിന്‍റെ ശാപമാണ്. പ്രതിപക്ഷനേതാവ് ശ്രീ വി.ഡി സതീശനും ഡിവൈഎഫ്ഐ നേതാവ് ശ്രീ എ.എ റഹീമും, കോണ്‍ഗ്രസ് നേതാവ് ശ്രീ പി.ടി. തോമസുമെല്ലാം ക്രിസ്ത്യാനി സംസാരിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇത്രമേല്‍ അസ്വസ്ഥരാകുന്നത്?
ഇന്ത്യയില്‍ പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഇടപടുകള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടും ഇതിനെതിരേ ഒരക്ഷരം പോലും ഉരിയാടാതെ രാഷ്ട്രസേവനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന നിങ്ങളെല്ലാം ഈ നാടിനെ കുട്ടിച്ചോറാക്കുമോ എന്ന ഭയമാണ് ഓരോ ദിവസവും സാധാരണക്കാരുടെ മനസ്സില്‍ ഉയരുന്നത്. മുന്‍ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍ ഭീകവാദികളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ വിശദീകരിച്ചതിനെതിരേ എന്തുകൊണ്ട് നിങ്ങള്‍ പ്രതികരിച്ചില്ല? കൊച്ചുകേരളത്തിന്‍റെ സാമൂഹിക സാമ്പത്തിക ഘടനകളെ മുഴുവന്‍ നശിപ്പിച്ചുകൊണ്ട് ഹവാല സ്വര്‍ണ്ണവും ക്വിന്‍റല്‍ കണക്കിനുള്ള മയക്കുമരുന്നുകളും ഇവിടേക്ക് ഒഴുകുന്നതിന്‍റെ പിന്നിലെ ലക്ഷ്യമെന്താണെന്ന് വസ്തുതാപരമായ ഒരന്വേഷണം ഇവിടെ നടന്നതായി നിങ്ങള്‍ക്ക് അറിവുണ്ടോ? ഇവിടെ മറഞ്ഞിരിക്കുന്ന ഭീകരവാദികളെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയപ്പോള്‍ നിങ്ങള്‍ എന്തേ അവര്‍ക്കെതിരേ നിശ്ശബ്ദരായി? ഹിന്ദു -ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റി ചാവേറുകളായി നാടുകടത്തിയപ്പോള്‍ എന്തേ നിങ്ങള്‍ പ്രതികരിച്ചില്ല? ക്രൈസ്തവ -മുസ്ലീം സാമുദായിക ബന്ധം തകര്‍ക്കുന്ന ലൗജീഹാദുകള്‍ പെരുകുകയും ഇതിന്‍റെ പേരില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ കണ്ണീരുണങ്ങാതെ രാപ്പകലുകള്‍ തള്ളിനീക്കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ ഈ വീര്യം എവിടെപ്പോയി? കേരളത്തെ പത്തുവര്‍ഷംകൊണ്ട് ഇസ്ലാമികരാജ്യമാക്കുമെന്ന് മുജാഹിദ് ബാലുശ്ശേരിയേപ്പോലുള്ള തീവ്രചിന്താഗതിക്കാര്‍ പ്രസംഗിച്ചപ്പോള്‍ നിങ്ങള്‍ എന്തേ അത് കേട്ടില്ല? മുസ്ലീംകള്‍ വടക്കേ ഇന്ത്യയില്‍നിന്നും കേരളത്തിലേക്ക് നീങ്ങുവാന്‍ സാക്കീര്‍ നായിക്കിനെപ്പോലുള്ള ഭ്രാന്തന്മാര്‍ പറഞ്ഞപ്പോള്‍ (ദി വീക്ക്, ഓഗസ്റ്റ് 20, 2020*) കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക നായകന്മാര്‍ക്ക് എന്തേ ഇതില്‍ യാതൊരു അസ്വാഭാവികതയും അനുഭവപ്പെട്ടില്ല? ഹാഗിയാ സോഫിയാ ദേവാലയത്തെക്കുറിച്ച് ക്രൈസ്തവസമൂഹത്തെ വേദനിപ്പിക്കുന്ന വിധത്തില്‍ ലീഗ് നേതാവ് ലേഖനമെഴുതിയപ്പോള്‍ എത്രപേര്‍ ഇതില്‍ സാമുദായിക വേര്‍തിരിവ് കണ്ട് പ്രതികരിച്ചു? സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറന്നുപോകുന്ന അടിമബോധത്തില്‍ അകപ്പെട്ടവരുടെ ന്യായവാദങ്ങള്‍ ഇനി ആർക്കും ആവശ്യമില്ല.
സമൂഹത്തിനുവേണ്ടി, സാമുദായിക ഐക്യത്തിനുവേണ്ടി, സമാധാനത്തിനുവേണ്ടി ശബ്ദിക്കാന്‍ ബാധ്യസ്ഥരായ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ നിശ്ശബ്ദരായപ്പോള്‍ കാലഘട്ടത്തിന്‍റെ പ്രവാചകന്മാര്‍ക്ക് ശബ്ദിക്കേണ്ടതായി വരും. സമൂഹം ദുരന്തത്തിലേക്ക് കൂപ്പുകുത്തുന്നു എന്ന് വിളിച്ചുപറയേണ്ടതായി വരും. ഇത് ക്രൈസ്തവ പ്രവാചകധര്‍മ്മത്തിന്‍റെ ഭാഗമാണ്. ക്രൈസ്തവ സഭ നിലകൊള്ളുന്നത് ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല. മുഴുവന്‍ മനുഷ്യവംശത്തിനും വേണ്ടിയാണ്. അതിനാല്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്നതിന്‍റെ പേരില്‍ കുരിശിലേറേണ്ടിവന്നാലും അതിന് തയാറായി ജീവിക്കണമെന്ന ക്രിസ്തുബോധം, വൈതരണികളെ തൃണവല്‍ഗണിച്ചുകൊണ്ട് ശബ്ദിക്കാന്‍ ഞങ്ങളെ ഹേമിച്ചുകൊണ്ടേയിരിക്കുന്നു. ആരെല്ലാം എതിര്‍നിന്നാലും ആകാശം ഇടിഞ്ഞുവീണാലും അവസാനത്തെ ക്രിസ്ത്യാനിവരെ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കും. ഇവിടെയെല്ലാം സംഘികളെന്ന് പറഞ്ഞ് ആക്ഷേപിച്ചുകൊണ്ട് ക്രൈസ്തവന്‍റെ വായടപ്പിക്കാമെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി. നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നു പ്രഘോഷിക്കുന്ന വ്യവസ്ഥിതിയുടെ ഭാഗമാണ് ക്രൈസ്തസഭ. നീതിമാന്‍റെ പാതകള്‍ ദുര്‍ഘടമാണ് എന്ന ഉറച്ച ബോധ്യത്തോടെയാണ് ക്രൈസ്തവസമൂഹം രണ്ടായിരം കൊല്ലമായി ലോകചരിത്രത്തില്‍ തീര്‍ത്ഥാടക സമൂഹമായി നീങ്ങിക്കൊണ്ടിരിക്കുന്നത്.
മയക്കുമരുന്ന്, ലൗജിഹാദ് തുടങ്ങിയ തിന്മകള്‍ക്കെതിരേ ശബ്ദിക്കുന്നവരെ സംഘികളാക്കാന്‍ ശ്രമിക്കുന്നവര്‍ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ജീവിതം തീര്‍ക്കേണ്ടിവന്ന ലൂഥറന്‍ പാസ്റ്റര്‍ മാര്‍ട്ടിന്‍ നെയ്മളറുടെ ഒരു വാചകം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. “അവര്‍ ആദ്യം സോഷ്യലിസ്റ്റുകളേ തെരഞ്ഞു വന്നു, ഞാന്‍ ശബ്ദിച്ചില്ല കാരണം, ഞാന്‍ സോഷ്യലിസ്റ്റല്ലായിരുന്നു. അതിനുശേഷം അവര്‍ ട്രേഡ് യൂണിയനിസ്റ്റുകളെ തേടി വന്നു, ഞാന്‍ ശബ്ദിച്ചില്ല, കാരണം ഞാന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നില്ല. പിന്നീട് അവര്‍ യഹൂദരെ തേടി വന്നു, യഹൂദനല്ലാത്തതിനാല്‍ അവിടെയും ഞാന്‍ നിശ്ശബ്ദനായിരുന്നു. ഒടുവില്‍ അവര്‍ എന്നേത്തേടി വന്നു, അപ്പോള്‍ എനിക്കുവേണ്ടി ശബ്ദിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല”. സാമൂഹിക തിന്മയ്ക്കെതിരേ സകലരും നിശ്ശബ്ദരായിരിക്കണമെന്ന് വാദിക്കുന്ന പുരോഗമനക്കാരോടെല്ലാം ഒന്നേ പറയാനുള്ളൂ, തല്‍ക്കാലം അതിന് മനസ്സില്ല.