ഇസ്രായേല്‍ രാഷ്ട്രം ലോകസംഭവങ്ങളുടെ മധ്യത്തിലേക്ക് വരുന്ന സന്ദർഭങ്ങളിലെല്ലാം ക്രൈസ്തവപക്ഷത്തുനിന്നും ഉയരുന്ന ഒരു ചോദ്യമുണ്ട് -ക്രൈസ്തവര്‍ ഇസ്രായേല്‍ രാഷ്ട്രത്തേ പിന്തുണയ്ക്കേണ്ടതുണ്ടോ ? പതിവുപോലെ ഇക്കുറിയും ഈ ചോദ്യം ചില കോണുകളില്‍നിന്നെങ്കിലും ഉയര്‍ന്നിട്ടുണ്ട്. ബൈബിളിൽ പറയുന്നത് ഇന്നത്തെ ഇസ്രായേല്‍ രാഷ്ട്രത്തെക്കുറിച്ചല്ല എന്നും
അദൃശ്യമണ്ഡലത്തില്‍ മറ്റൊരു ഇസ്രായേല്‍ ഉണ്ട്, അതിനെയാണ് ബൈബിള്‍ വിവക്ഷിക്കുന്നത് എന്നും ഇക്കൂട്ടർ വാദിക്കുന്നു. ബെഞ്ചമിൻ നെതന്യാഹൂ പ്രസിന്‍റായിരിക്കുന്ന “സ്റ്റേറ്റ് ഓഫ് ഇസ്രായേല്‍” എന്നത് ബൈബിൾ പരാമർശങ്ങൾക്കു വെളിയിലുള്ള വെറുമൊരു രാഷ്ട്രമാണെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു.
ഒരുപക്ഷേ, പൗലോസ് ലേഖനമെഴുതുന്ന കാലത്തുപോലും ഇപ്രകാരമൊരു ചിന്ത ആരെങ്കിലും ഉന്നയിച്ചിരിക്കാം. റോമാലേഖനത്തില്‍ അതിനുള്ള മറുപടി അദ്ദേഹം പറയുന്നത് നോക്കുക. “ദൈവം തന്‍െറ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്‍െറ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ. ദൈവം മുന്‍കൂട്ടി അറിഞ്ഞ സ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല” (റോമ 11:1,2). ഇസ്രായേല്‍ ജനതയ്ക്കുവേണ്ടി തന്‍റൈ ഹൃദയപൂര്‍വ്വകമായ പ്രാര്‍ത്ഥനയും ആഗ്രഹവും അവര്‍ ലോകരക്ഷിതാവായി തങ്ങളുടെ വംശത്തില്‍നിന്ന് ജനിച്ച ഈശോമശിഹായേ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം എന്നതാണെന്ന് പൗലോസ് റോമാ ലേഖനം 10:1ല്‍ ആത്മനിവേശിത വചനങ്ങളിൽ വ്യക്തമാക്കുന്നു.
യഹൂദജനത പൂര്‍ണ്ണമായി ഈശോമശിഹായേ തങ്ങളുടെ രക്ഷിതാവായി തിരിച്ചറിയണമെന്നുള്ള തന്‍റെ ആഗ്രഹം പൗലോസ് പലയിടങ്ങളിലും വെളിപ്പെടുത്തുന്നുണ്ട്. അതിന് അദ്ദേഹം പറയുന്ന കാരണങ്ങള്‍ “പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്‍െറ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്. പൂര്‍വപിതാക്കന്‍മാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് അവരില്‍നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്, ആമേന്‍” (റോമ 9:4,5).
അബ്രഹാമിന്‍റെ സന്തതികളില്‍ ഇസ്ഹാക്കില്‍ നിന്നും ജനിച്ച, യാക്കോബിന്‍റെ പന്തണ്ട് മക്കളുടെ തലമുറകളെയാണ് ഇസ്രായേല്‍ ജനത എന്ന് വിളിക്കുന്നത്. ഇക്കാര്യം റോമ 9ല്‍ വിശദമാക്കുന്നുണ്ട്. ഈ അധ്യായത്തിൽ “ഇസ്രായേല്‍ വംശജരെല്ലാം ഇസ്രായേല്‍ക്കാരല്ല” എന്നൊരു പരാമർശമുണ്ട് (9:6). ഈ വാക്യത്തെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. എന്നാൽ തുടർന്നു വായിക്കുമ്പോൾ ഈ സംശയം ദൂരീകരിക്കപ്പെടും. അബ്രഹാമിൻ്റെ മകനായ ഇസ്ഹാക്കിന്‍റെ രണ്ട് മക്കളല്‍നിന്നും വാഗ്ദത്ത സന്തതിയായി തെരഞ്ഞെടുക്കപ്പെട്ട യാക്കോബിന്‍റെ മക്കളാണ് “വാഗ്ദത്തപ്രകാരം ജനിച്ച മക്കള്‍” എന്ന് സ്ഥാപിക്കുക എന്നതായിരുന്നല്ലോ ഇവിടുത്തെ പശ്ചാത്തലം.
ഇസ്രായേലിന്‍റെ ചരിത്രം അബ്രഹാമില്‍ ആരംഭിക്കുന്നു. ദൈവം അബ്രഹാമിനേ തെരഞ്ഞെടുത്തതിനു പിന്നിലുള്ള ലക്ഷ്യം ഉല്‍പ്പത്തി 12ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. “കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്‍െറ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്‍െറ പേര് ഞാന്‍ മഹത്തരമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. (ഉല്‍പ്പത്തി 12:1-3).
അബ്രഹാമിനോടുള്ള ഉടമ്പടിയിൽ ഒന്നാമത്തെ കാര്യം “ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും” എന്നതും, രണ്ടാമതായി ”നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും” എന്നതുമായിരുന്നു.
അബ്രഹാമിനോടുള്ള ദൈവിക ഉടമ്പടിയുടെ എല്ലാം കേന്ദ്രമായിരിക്കുന്ന വചനം ഉല്‍പ്പത്തി 18ല്‍ വായിക്കുന്നു ”ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്, നീതിയും ന്യായവും പ്രവര്‍ത്തിച്ചു കര്‍ത്താവിന്‍െറ വഴിയിലൂടെ നടക്കാന്‍ തന്‍െറ മക്കളോടും പിന്‍മുറക്കാരോടും അവന്‍ കല്‍പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോടു ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്” (18:19). ദൈവം മുന്നോട്ടു വച്ചിരിക്കുന്ന നീതിയും ന്യായവും പാലിച്ച് മുന്നോട്ടു പോകുവാന്‍ അബ്രഹാമിനെ തെരഞ്ഞെടുത്ത്, തന്‍റെ സന്തതിപരമ്പരകളിലൂടെ ഞാന്‍ നിന്നെ വലിയൊരു ജനത (Nation, State)യാക്കും. അബ്രഹാമിനു നല്‍കിയിരിക്കുന്ന ഈ വാഗ്ദത്തനാമത്തിലാണ് ഇന്ന് ഇസ്രായേല്‍ ലോകത്ത് അറിയപ്പെടുന്നത് “ഇസ്രായേല്‍” അഥവാ State of Israel എന്നാണ്. യഹൂദനെ ഒരു വർഗ്ഗമായിട്ടല്ല, ഒരു “രാഷ്ട്രമായിട്ടാണ്” ദൈവം തെരഞ്ഞെടുത്തത് എന്ന് ഇത് സ്പഷ്ടമാക്കുന്നു.
അബ്രഹാമിലൂടെയുള്ള ദൈവീക ഉടമ്പടിയുടെ ഒരു ഭാഗം മാത്രമായിരുന്നു അവന്‍റെ സന്തതികളെ ഒരു രാഷ്ട്രമാക്കുമെന്ന വാഗ്ദത്തം. രക്ഷകനായ ക്രിസ്തു വംശമുറയല്‍ അവരില്‍നിന്ന് ജനിക്കണമെന്നതായിരുന്നു ഈ വാഗ്ദത്തങ്ങളിലെ പരമപ്രധാനമായ ലക്ഷ്യം. അതും സാക്ഷാത്കരിക്കപ്പെട്ടു. ഇനിയും ക്രിസ്തുവിന്‍റെ മടങ്ങിവരവ് സംഭവിക്കുമ്പോള്‍ അവിടുന്ന് വരാന്‍ പോകുന്നതും ഇസ്രായേലിലേക്ക് ആയിരിക്കും. ക്രിസ്തു ജനിച്ചതും ജീവിച്ചതും മരിച്ചതും ഇസ്രായേല്‍ പൗരനായിട്ടായിരുന്നു. “യൂദാവംശത്തില്‍ നിന്നുള്ള സിംഹവും ദാവീദിന്‍െറ വേരും ആയവന്‍” (വെളിപ്പാട് 5:5) എന്ന പേരില്‍ അറിയപ്പെടുന്നവൻ ഇന്ന് ഭൂമുഖത്ത് വന്നാൽ ഇസ്രായേല്‍ പൗരനും ഇസ്രായേൽ പാസ്പോര്‍ട്ടിന് ഉടമയായിരിക്കും !
ഇസ്രായേലുമായി ബന്ധപ്പെട്ടുള്ള ബൈബിള്‍ പ്രവചനങ്ങളെല്ലാം ഇന്ന് ബെഞ്ചമിന്‍ നെതന്യാഹൂ പ്രസിഡന്‍റായിരിക്കുന്ന രാജ്യവുമായുള്ള ബന്ധത്തിലാണ് നിലകൊള്ളുന്നത്. ഇനിയും പൂർത്തീകരിക്കപ്പെടാനുള്ള സകല പ്രവചനങ്ങളുടെയും കേന്ദ്രവും State of Israel തന്നെയായിരിക്കാം. ബൈബിൾ പ്രവചനങ്ങളിലെ പ്രദേശങ്ങളും പട്ടണങ്ങളും ദൈവാലയവും ജനതയുമെല്ലാം ഈ ഭൂവിഭാഗത്തുള്ളവർ തന്നെയാണ്.
സഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുവാന്‍ സഭയെ “ക്രിസ്തുവിന്‍റെ മണവാട്ടി” എന്ന് വിളിക്കുന്നതുപോലെ നിരവധിയിടങ്ങളില്‍ ഇസ്രായേല്‍ ജനതയെ “ദൈവത്തിന്‍റെ കാന്ത” എന്നു വിളിച്ചിട്ടുണ്ട്. ഇസ്രായേലിന്‍റെ കര്‍ത്താവ് അവരുടെ ന്യായാധിപനും ഭരണാധിപനും രാജാവുമായിരിക്കുകയും അവിടുന്ന് തങ്ങളെ രക്ഷിക്കുമെന്നതും (ഏശയ്യ 33:22) ബൈബിള്‍ പ്രവചനങ്ങളുടെ പൂര്‍ണ്ണതയില്‍ ഇസ്രായേലിൽ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ്.
എന്തുകൊണ്ടാണ് ഇസ്രായേല്‍ ഇന്ന് ഇത്രമേല്‍ വെറുക്കപ്പെടുന്നത്? ലോകത്ത് ഇത്രമേല്‍ പീഡിപ്പിക്കപ്പെട്ട ഒരു സമൂഹമില്ല. ലോകം മുഴുവനുള്ള രാജ്യങ്ങളിലേക്കും ചിതറിക്കപ്പെടുകയും പ്രവചനനിവൃത്തി എന്നോണം വീണ്ടും കാലസമ്പൂർണ്ണതയിൽ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്ത മറ്റൊരു ജനതയില്ല. കഥകളിലും നാടകളിലും ആര്‍ത്തിയൂടെയും ക്രൂരതയുടെയും പര്യമായിമായി ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത് യഹൂദനെയാണ്. എന്നാല്‍ ലോകചരിത്രത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന് എക്കാലത്തും മുന്നേറാനുള്ള ആരോഗ്യ, ശാസ്ത്ര, സാങ്കേതിക മേഖലകളിലെ മഹാഭൂരിപക്ഷം കണ്ടെത്തലുകളും നടത്തിയിരിക്കുന്നതും ഈ ജനവിഭാഗമാണ്. എന്നിട്ടും എന്തുകൊണ്ട് ഇവര്‍ ഇത്രമേല്‍ വെറുക്കപ്പെടുന്നു? “വംശമുറയില്‍ അവരില്‍നിന്ന് ക്രിസ്തു ജനിച്ചു” എന്നതു മാത്രമാണ് ഈ ജനസമൂഹം ലോകചരിത്രത്തില്‍ ഇത്രമേല്‍ വെറുക്കപ്പെടുവാനും പീഡിപ്പിക്കപ്പെടുവാനും കാരണമായത്. ക്രിസ്തുവിൻ്റെ പേരിൽ, സഭയ്ക്കു വേണ്ടിയാണ് മനുഷ്യചരിത്രത്തിൽ യഹൂദൻ ഇത്രമേൽ പീഡനങ്ങളേറ്റതും ലോകത്തിൽ വെറുക്കപ്പെട്ടതും എന്നതാണ് യാഥാർത്ഥ്യം.
യഹൂദനെ വെറുക്കുന്നവരുടെ കൂട്ടത്തില്‍ ചേർന്നുനിന്ന് അവരുടെ കഷ്ടതകള്‍ വര്‍ദ്ധിപ്പിക്കുന്ന നിലപാടുകളായിരുന്നു ക്രൈസ്തവസമൂഹങ്ങള്‍ പലപ്പോഴും കഴിഞ്ഞകാല ചരിത്രത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് യഹൂദക്രൈസ്തവരും വിജാതീയ ക്രൈസ്തവരും തമ്മിലുള്ള സംഘര്‍ഷമായി ആദിമസഭമുതല്‍ രൂപപ്പെടുകയായിരുന്നു. ഒന്നാം നൂറ്റാണ്ടിനു ശേഷം സഭയുടെ നിയന്ത്രണം വിജാതീയസമൂഹങ്ങളില്‍നിന്നു വന്ന നേതൃത്വം ഏറ്റെടുക്കുകയും പ്രാദേശികമായി നിലനിന്നിരുന്ന യഹൂദ – വിജാതീയ അസ്വസ്ഥതകള്‍ സഭയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഈ വിഭാഗീയതകള്‍ സഭായുഗത്തില്‍ ഏറെ പ്രബലമാവുകയും അതിന്‍റെ ഫലമായി യഹൂദന്‍ കൊടിയപീഡനങ്ങളിലൂടെ കടന്നുപോവുകയും ചെയ്തു. “ക്രിസ്തുവിനെ ക്രൂശിച്ച ജനത” എന്ന കുറ്റം ചുമത്തി അജ്ഞത ബാധിച്ച ക്രൈസ്തവർ യഹൂദരെ വേട്ടയാടി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടെ മാത്രമാണ് ക്രൈസ്തവസഭ ഈ തെറ്റ് തിരിച്ചറിയുന്നതും യഹൂദനോട് അടുക്കാന്‍ ശ്രമിച്ചതും.
യഹൂദനോട് ക്രൈസ്തവസമൂഹം വച്ചുപുലര്‍ത്തിയ വിജാതീയബോധം (gentile pride) ദൈവവചനത്തിനും ദൈവിക പദ്ധതികള്‍ക്കും വിരുദ്ധമാണ് എന്നു ബോധ്യപ്പെട്ട ആധുനിക തലമുറയിലെ ക്രൈസ്തവര്‍ ഇന്ന് യഹൂദനോട് കൂടുതല്‍ അടുക്കുന്നതും അവരെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതും ശുഭോദര്‍ക്കമായ കാര്യമാണ്. യഹൂദനോടുള്ള വിജാതീയ മുഷ്കിനെതിരേ മുന്നറിയിപ്പു നൽകുന്നതാണ് റോമാ ലേഖനം 11-ാം അധ്യായം. അതിലെ ശ്രദ്ധേയമായ വാക്യം പറയുന്നു “അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്‌ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക. (റോമാ 11:20).
ക്രൈസ്തസഭയില്‍ ചരിത്രബോധമില്ലാത്ത കുറേപ്പേര്‍ ഇന്നും യഹൂദനോട് അടിസ്ഥാനരഹിതമായ വിയോജിപ്പാണു വച്ചുപുലർത്തുന്നത്. കഥയറിയാതെ ആട്ടം കാണുന്ന ഇവരുടെ വാദമാണ് “ബൈബിള്‍ ഇസ്രായേല്‍ (biblical Israel) രാഷ്ട്രീയ ഇസ്രായേല്‍ (political Israel) എന്നൊക്കെയുള്ള പേരുകളില്‍ വെളിപ്പെടുന്നത്. ലോകചരിത്രത്തില്‍ ഇസ്രായേല്‍ ഒന്നു മാത്രമേയുള്ളൂ. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെും ദൈവമായ യഹോവയായ ദൈവം തെരഞ്ഞെടുത്ത ജനത.
ഇന്ന് ക്രൈസ്തവസഭ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ ദൈവിക ഉടമ്പടികളും നിയമത്തിന്‍െറ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും എല്ലാം അവതരിച്ചത് അവരിലൂടെയാണ്. പൂര്‍വപിതാക്കന്‍മാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് അവരില്‍നിന്നുള്ളവന്‍ തന്നെ!
യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അബ്രഹാമിനോടുള്ള നീതീകരണ വാഗ്ദത്തങ്ങള്‍ പുതിയനിയമ സഭയിലേക്ക് കൃപയാൽ സംലഭ്യമാവുകയായിരുന്നു (റോമാ 3). ഈ അര്‍ത്ഥത്തില്‍ സകലക്രൈസ്തവരും അറിഞ്ഞോ അറിയാതെയോ ഇസ്രായേല്‍ പൗരതയോട് (Commonwealth of Israel) ബന്ധപ്പെട്ടിരിക്കുന്നു. ഈ വസ്തുത എഫേസ്യലേഖനത്തില്‍ പൗലോസ് വിശദീകരിക്കുന്നത് നോക്കുക “നിങ്ങള്‍ ശരീരംകൊണ്ട് വിജാതീയരായിരുന്നപ്പോള്‍, ശരീരത്തില്‍ കൈകൊണ്ടു പരിച്ഛേദനം ചെയ്യപ്പെട്ടവര്‍, നിങ്ങളെ അപരിച്ഛേദിതര്‍ എന്നു വിളിച്ചിരുന്നത് ഓര്‍ക്കുക. അന്ന് നിങ്ങള്‍ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേല്‍ സമൂഹത്തില്‍നിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തിന് അപരിചിതരും… ” (എഫേ 2:12). ഇസ്രായേല്‍ പൗരതയോടു തീർച്ചയായും ആത്മീയബന്ധമുള്ളവരാണ് ക്രൈസ്തവര്‍.
എന്നാല്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ അവരുടെ രാഷ്ട്രീയ വിഷയങ്ങളില്‍, തീരുമാനങ്ങളില്‍ വിയോജിപ്പുകള്‍ പാടില്ല എന്നൊന്നും ഇവിടെ അര്‍ത്ഥമാക്കുന്നില്ല. പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്‍റെ നീതിയും ന്യായവും മറിച്ചുകളഞ്ഞ് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതിനോട് വിയോജിക്കാം. എന്നാല്‍ രക്ഷകനായ ക്രിസ്തു ജനിച്ച വംശത്തെ വെറുക്കുന്നത് ക്രിസ്തുവിനെ വെറുക്കുന്നതിനു തുല്യമാകും എന്ന യാഥാര്‍ത്ഥ്യവും വിസ്മരിക്കാന്‍ നമുക്ക് കഴിയില്ല. നിറവേറ്റപ്പെടാൻ ബാക്കിയുള്ള സകല ദൈവിക വാഗ്ദത്തങ്ങളുടെയും മധ്യത്തിലാണ് യഹൂദനും ഇസ്രായേലിനും ഇന്നുള്ള സ്ഥാനം.
ബാബിലോൺ നദിയുടെ തീരത്തെ അലരി വൃക്ഷക്കൊമ്പുകളിൽ കിന്നരങ്ങൾ തൂക്കിയിട്ട് വിലാപസങ്കീർത്തനം പാടിയ ഇസ്രായേൽ മക്കളുടെ ഹൃദയാഭിലഷങ്ങളാണ് ഇന്ന് ക്രൈസ്തവരും ഉയർത്തിപ്പിടിക്കേണ്ടത്
”ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്റെ വലത്തുകൈ എന്നെ മറക്കട്ടെ! നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്റെ ഏറ്റവും വലിയ സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
(സങ്കീര്‍ത്തനങ്ങള്‍ 137: 5-6)