Thursday, May 30, 2024
No menu items!
Homeപ്രതികരണംക്രിസ്ത്യാനിയെ 'ക്രിസംഘി'യാക്കി കൈയടിനേടുന്നവര്‍

ക്രിസ്ത്യാനിയെ ‘ക്രിസംഘി’യാക്കി കൈയടിനേടുന്നവര്‍


ഏകാധിപത്യത്തിന്‍റെ അച്ചടക്കത്തേക്കാള്‍ ജനാധിപത്യത്തിന്‍റെ ബഹളത്തെയാണ് മനുഷ്യൻ ഇഷ്ടപ്പെടുന്നത്. മനുഷ്യന് ശബ്ദിക്കാനുള്ള ഈ സ്വതന്ത്ര്യമാണ് മാനവികതയുടെ എല്ലാ നിർവ്വചനങ്ങളുടെയും അടിസ്ഥാനം. ശബ്ദിക്കാനുള്ള ഈ അവകാശത്തെ അഭിപ്രായ സ്വാതന്ത്ര്യമെന്നു വിളിക്കുന്നു. ശബ്ദിക്കാനും അഭിപ്രായം പറയാനും പ്രതികരിക്കാനും ഓരോ മനുഷ്യനുമുള്ള എല്ലാ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്ന അതിമഹത്തായ പ്രഖ്യാപനമായിരുന്നു 1948 ൽ ഐക്യരാഷ്ട്രസംഘടന പുറപ്പെടുവിച്ച ആഗോളമനുഷ്യാവകാശ പ്രഖ്യാപനത്തിലുള്ളത്. ഈ സ്വാതന്ത്ര്യം വേണ്ട വിധം ഉപയോഗിക്കാത്ത മനുഷ്യനും അത് ഉള്‍ക്കൊള്ളാനാവാത്ത അധികാരവര്‍ഗ്ഗവുമുണ്ട്. പ്രതികരിക്കാനും പ്രതിഷേധിക്കാനും ആവിഷ്കരിക്കാനും മനുഷ്യനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ പ്രത്യേകതയാണ്. ജനാധിപത്യം എന്ന ഈ സവിശേഷ മാനവികസംസ്കൃതിയില്‍ ഇന്ന് ആവിഷ്കരിക്കുന്നവനു മാത്രമേ അവകാശമുള്ളൂ എന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. അഭിപ്രായം പറയുന്നവനെ ”ക്രിസംഘി” എന്നു വിളിച്ച് നിശ്ശബ്ദനാക്കാനാണ് ഇന്ന് അത്യന്താധുനിക പുരോഗമനവാദികള്‍ പലരും ശ്രമിക്കുന്നത്.

തന്‍റെ ആത്മീയശരീരമായ സഭയെ പീഡിപ്പിക്കുന്ന ഒരുവനെ നോക്കീ ഉത്ഥിതനായ ഈശോമശിഹാ ചോദിച്ചു “നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?”
മറുചോദ്യം “നീ ആരാകുന്നു?”
ഉത്തരം “നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാന്‍”

“നീ എന്തിന് എന്നേ അടിച്ചു” എന്ന് പീലാത്തോസിനോട് ചോദിച്ചവന്‍ തന്നെ സാവൂള്‍ എന്ന അക്രമിയോടും ചോദിക്കുന്നു :”നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?”

ക്രിസ്തുവിനെ മനസ്സിലാക്കിയവര്‍ നിസ്സംഗതയോടെ ഇരിക്കണം എന്ന വാദമാണ് ഈ അടുത്തകാലത്ത് ചിലർ ഉയർത്തുന്നത്. ഇങ്ങനെ പറയുന്നവർ ക്രൈസ്തവസഭയുടെ ചരിത്രം പഠിക്കണം. ക്രിസ്തുവിനെ കണ്ടുമുട്ടിയവര്‍ ശബ്ദിച്ചവരായിരുന്നു. അവര്‍ അഭിപ്രായങ്ങള്‍ പറയുകയും ചോദ്യങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. ഇതൊല്ലാം ക്രിസ്തീയ സ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ നില്‍ക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ക്രിസ്തുവിനെ ശരിയായി ഉള്‍ക്കൊണ്ടവര്‍ മൊണാസ്ട്രികളില്‍ മാത്രമേയുള്ളൂവെന്നും മൊണാസ്ട്രികളിലെ നിശ്ശബ്ദതയാണ് ക്രിസ്തീയതയുടെ മുഖമുദ്രയെന്നും കരുതരുത്. തൊണ്ണൂറ്റൊമ്പത് ശതമാനം ക്രിസ്ത്യാനികളും പൊതുസമൂഹത്തിലാണ് ജീവിക്കുന്നത്. സമൂഹത്തിലെ ദൈനംദിന വ്യവഹാരങ്ങളില്‍ അവര്‍ക്ക് ഇടപെടേണ്ടതായും ശബ്ദിക്കേണ്ടതായും വരും. അവിടെയെല്ലാം ക്രൈസ്തവന്‍ നിര്‍ഗുണന്മാരായി ഇരിക്കണം എന്ന് ആരും വാശിപിടിക്കരുത്. ക്രൈസ്തവസഭ പല നിലകളില്‍ ഇന്ന് പീഡിപ്പിക്കപ്പെടുമ്പോള്‍ “നീ എന്തിന് എന്നെ ഉപദ്രവിക്കുന്നു” എന്നു ക്രൈസ്തവന് ചോദിക്കാനുള്ള അവകാശം ജനാധിപത്യലോകം പോലും നല്‍കുമ്പോള്‍ നിശ്ശബ്ദമായി എല്ലാത്തിനും മൂകസാക്ഷിയായി ഇരിക്കണം എന്നു പറയുന്നവര്‍ ബൈബിളിലെ ക്രിസ്തുവിനെ മനസ്സിലാകാത്തവരാണ്.

ആവിഷ്കാരസ്വാതന്ത്ര്യം ഉപയോഗിച്ചു ഒരുവന് തൻ്റെ സിനിമയ്ക്ക് ”ഈശോ” എന്നു പേരിടാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, “അത് പാടില്ല” എന്ന് അഭിപ്രായസ്വാന്ത്ര്യത്തിന്‍റെ പരിധിയില്‍നിന്ന് പറയാന്‍ ക്രിസ്ത്യാനിക്ക് സ്വാതന്ത്ര്യമില്ലെന്ന് ആരു പറഞ്ഞു? വില്ലുതൊടുത്ത് ഉന്നംപിടിച്ചു നില്‍ക്കുന്നവനോട് “അരുതേ കാട്ടാളാ” എന്നു പറയാന്‍ ധൈര്യം കാണിച്ച സഹജീവിബോധമാണ് ക്രൈസ്തവികത ഉയർത്തിപ്പിടിക്കുന്നത്. ഫാ സ്റ്റാന്‍സ്വാമിയെപ്പോലുള്ളവര്‍ ഈ അടുത്തകാലത്തുംപോലും ഈ മൂല്യം ഉയര്‍ത്തിപ്പിടിച്ച ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു.

നീതിനിഷേധത്തിനുമുന്നില്‍ ശബ്ദിക്കുന്നവനെ മനുഷ്യനായി കാണാന്‍ കഴിയാത്ത വിധം അന്ധത ബാധിച്ചവരാണ് ഇന്ന് ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ വക്താക്കളായി “മനുഷ്യനാവുക” എന്നു പറഞ്ഞ് മാനവിക മൂല്യങ്ങളുടെ വക്താക്കളാകുന്നത്. ക്രൈസ്തവവിശ്വാസ ബോധ്യങ്ങളെ തെരുവില്‍ ലേലംവിളിക്കുമ്പോള്‍ അതിനെതിരേ ശബ്ദിക്കുന്നത് പഴുത്തുപൊട്ടാറായ മതവികാരവൃണങ്ങളുടെ കുത്തിക്കഴപ്പുകൊണ്ടല്ല, ഉള്ളില്‍ ക്രിസ്തു ഉള്ളതുകൊണ്ടാണ്. ക്രിസ്തുബോധമുള്ളവർ ശബ്ദമുയർത്തുമ്പോൾ, അത് ക്രിസംഘിബോധത്തില്‍ നിന്നാണെന്നു വ്യാഖ്യാനിക്കുന്ന കുറെ ഇടയന്മാരും നിർഭാഗ്യവശാൽ ക്രൈസ്തവ സഭകളിലുണ്ട്. ചെന്നായ് വരുമ്പോള്‍ ആടുകളെ വിട്ട് ഓടിപ്പോകുന്ന കൂലിക്കാര്‍ മാത്രമാണ് അവര്‍. ഇത്തരക്കാര്‍ മഹാഇടയന്‍റെ മുമ്പാകെ നിൽക്കേണ്ടവരാണ് എന്ന് ഓർത്തു കൊള്ളുക. ക്രിസ്തുവിനെ ക്രൂശിച്ച ലോകത്തിന്‍റെ അഭിനന്ദനങ്ങളേക്കാള്‍ ക്രൈസ്തവന്‍ ഇഷ്ടപ്പെടുന്നത് ലോകത്തെ ജയിച്ച ക്രിസ്തുവിനെയാണ്. ക്രിസ്തുവിന്‍റെ ശരീരമായ സഭയ്ക്കും അതിലെ ദുര്‍ബലരും ബലഹീനരുമായ വിശ്വാസികൾക്കും വേണ്ടി നിലകൊള്ളുന്നവർക്ക്, ലോകത്തിൻ്റെ കൈയടികളും പൂമാലകളും ആവശ്യമില്ല എന്ന് സവിനയം പറഞ്ഞുകൊള്ളട്ടെ.

ലോകത്തിന്‍റെ പാപങ്ങള്‍ക്കുവേണ്ടി യാഗമായവന്‍റെ ഛായാചിത്രത്തെ ചൂണ്ടിക്കാണിച്ച് അമ്മമാര്‍ കുഞ്ഞുങ്ങളോടു പറയും ”ഇത് ഈശോയാണ് “. കൂപ്പുകൈകളോടെ “ഈശോ മശിഹായ്ക്ക് സ്തുതി” എന്നു പറയുന്നത് ക്രൈസ്തവ സംസ്കാരം തങ്ങളുടെ തലമുറകളിലേക്ക് കൈമാറ്റപ്പെട്ട പൗരാണിക ആത്മീയബോധ്യമാണ്. “ഈശോ” എന്ന ക്രൈസ്തവന്‍റെ ഈ പവിത്രമായ ആത്മബോധത്തെയാണ് ആവിഷ്കാരസ്വാതന്ത്ര്യം എന്ന പേരില്‍ ഒരുവന്‍ തെരുവിലേക്ക് വലിച്ചിഴച്ചത്. ഇതിനെതിരേ ആശയപരമായി പ്രതികരിക്കുന്നത് ക്രിസ്തീയതയുടെ പരിധിക്കുള്ളില്‍ നില്‍ക്കുന്ന കാര്യം തന്നെയാണ്. ലോകത്തെല്ലായിടത്തും ക്രൈസ്തവസമൂഹം തങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഇന്ന് ഈ ചെറുത്തുനില്‍പ്പിൻ്റെ പാതയിലാണ്. ലൗജീഹാദിന്‍റെ പേരില്‍ പെണ്‍കുട്ടികളെ തട്ടിയെടുക്കുന്ന കിരാതബോധത്തിനെതിരേയും സംവരണ ആനുകൂല്യങ്ങള്‍ വിവേചനത്തോടെ വിതരണം ചെയ്ത അധികാരവര്‍ഗ്ഗത്തിനെതിരേയും ക്രൈസ്തവന്‍ കേരളത്തില്‍ നിയമത്തിൻ്റെ മാർഗ്ഗത്തിൽ പോരാടുന്നത് ഈ ചെറുത്തുനിൽപ്പിൻ്റെ ഭാഗമായിട്ടാണ്.

ഇതുവരെയുള്ള നൂറ്റാണ്ടുകളെപ്പോലെ സുഗമമല്ല 21-ാം നൂറ്റാണ്ടിലെ നിലനില്‍പ്പ് എന്ന യാഥാർത്ഥ്യം ആഗോളതലത്തില്‍തന്നെ ക്രൈസ്തവസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. പീഢനമേല്‍ക്കുന്ന പ്രാവിന്‍റെ വേദനയെക്കാൾ വേട്ടയാടുന്ന പരുന്തിന്‍റെ നീതിക്കും സൗകര്യങ്ങൾക്കുംവേണ്ടി മുറവിളി ഉയരുന്ന ലോകത്തില്‍ ക്രൈസ്തവസമൂഹം സംഘടിതമായി നീതിനിഷേധങ്ങളെ ചോദ്യംചെയ്യുകതന്നെ ചെയ്യും. അത് ആയുധത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെയല്ല, ആശയങ്ങളുടെയും അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്‍റെയും പരിധിയില്‍നിന്ന് സമാധാനത്തിന്‍റെയും ക്രിസ്ത്യാനിയെന്ന ബോധ്യത്തിന്‍റെയും അടിസ്ഥാനത്തില്‍ തന്നെയായിരിക്കും. ഇതിനു കാരണം, ക്രിസ്തുവിന്‍റെ മനോഭാവത്തിലുളള ക്രിസ്തീയത ഈ പ്രതികരണം ആവശ്യപ്പെടുന്നുണ്ട് എന്നതാണ്.

ക്രിസ്ത്യാനി പ്രതികരിക്കുന്നത് ക്രിസംഘി ബോധത്തിൽ നിന്നല്ല, ക്രിസ്തീയ ബോധ്യത്തിൽ നിന്നുമാണെന്ന് പ്രസംഗ വേദികളിൽ സ്ഥലകാലബോധം നഷ്ടപ്പെടുന്നവർ ശാന്തമായിരുന്ന് മനസ്സിലാക്കുക. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments