പ്രത്തോറിയത്തില്‍ ബന്ധനസ്ഥനായി ഒരു കുറ്റവാളിയെപ്പോലെ നില്‍ക്കുന്ന ഈശോമശിഹായോടു പീലാത്തോസ് ചോദിക്കുന്നു “എന്താണ് സത്യം?” പീലാത്തോസിന്‍റെ ഈ ചോദ്യത്തിന് ഈശോമശിഹാ ഉത്തരം നല്‍കിയതായി കാണുന്നില്ല. പരമമായ സത്യം എന്തെന്നു പ്രസംഗിക്കാനും പ്രചരിപ്പിക്കാനും തന്‍റെ ശിഷ്യന്മാര്‍ക്ക് അവസരം നല്‍കി ഈശോമശിഹാ നിശ്ശബ്ദനായി നിന്നു. മനുഷ്യവര്‍ഗ്ഗം അന്വേഷിക്കുന്ന ശാശ്വതമായ സത്യം ഈശോമശിഹായാണെന്ന് തുടര്‍ന്നുള്ള ഇരുപത് നൂറ്റാണ്ടുകളായി ക്രിസ്തുശിഷ്യന്മാരും സുവിശേഷപ്രഘോഷകരും ഭയംകൂടാതെ സാക്ഷ്യംപറയുന്നു.
സത്യം വിളിച്ചുപറഞ്ഞ ക്രിസ്തുശിഷ്യന്മാരേ ലോകം വെറുത്തു, അവരെ പീഡിപ്പിച്ചു, എന്നാല്‍ പീഡനങ്ങളൊന്നും അവരെ തളര്‍ത്തിയില്ല, സത്യത്തിന്‍റെ സാക്ഷ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവര്‍ മരണത്തെപ്പോലും ഇരുകൈയും നീട്ടി സ്വീകരിച്ചു. “വിശ്വാസത്തില്‍ നിലനില്‍ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തില്‍ പ്രവേശിക്കണമെന്നതും” ഒരു തത്വമായി സ്വീകരിച്ചവരായിരന്നു ക്രിസ്തുശിഷ്യന്മാര്‍.
“ക്രിസ്തുവിന്‍െറ സ്നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” എന്നു ചോദിച്ചുകൊണ്ട് ജീവന്‍കൊടുത്തും സത്യം വിളിച്ചുപറയാന്‍ ധൈര്യംകാണിച്ചവരായിരുന്നു അപ്പൊസ്തൊലന്മാര്‍. ഈ അപ്പൊസ്തൊലിക പാരമ്പര്യമാണ് ക്രൈസ്തവ സഭ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പിന്‍പറ്റുന്നത്. “എന്തെന്നാല്‍, ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്നേഹത്തിന്‍റെയും ആത്മനിയന്ത്രണത്തിന്‍റെയും ആത്മാവിനെയാണ്. നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്‍കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്‍റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത് ” എന്ന് പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടായിരുന്നു വിശ്വാസവീരന്മാര്‍ സത്യത്തിന് സാക്ഷികളായത്.
സുവിശേഷ സത്യങ്ങൾ പ്രസംഗിക്കുന്നതിൻ്റെ പേരില്‍, ഇന്ന് ജനലക്ഷങ്ങളാണ് പീഡനമേറ്റുകൊണ്ടിരിക്കുന്നത്. പീഡനത്തെയും മരണത്തെയും കോടതി വ്യവഹാരങ്ങളെയും കാണിച്ച് ഭയപ്പെടുത്തി സത്യത്തിന്‍റെ സാക്ഷികളെ നിശ്ശബ്ദനാക്കാന്‍ കഴിയുമെന്നാണ് പലരും കരുതുന്നത്. എന്നാൽ പൗലോസ് അപ്പൊസ്തൊലനെപ്പോലെ “ചങ്ങലധരിച്ച സ്ഥാനാപതിയാണ്” (Ambassador in Chains – Eph 6:19) തങ്ങളെന്ന ഉറച്ച ബോധ്യമാണ് ഓരോ സുവിശേഷകനേയും ഭരിക്കുന്നത്. “എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ് ” എന്നതാണ് സുവിശേഷകന്‍റെ അടിസ്ഥാനപ്രമാണം.
സ്വകാര്യസമ്മേളനങ്ങളില്‍ പോലും ക്രൈസ്തവനു സത്യം സംസാരിക്കാന്‍ വിലക്കു കല്‍പ്പിക്കപ്പെടുന്ന അവസ്ഥയിലൂടെയാണ് ഇന്ന് കേരളം കടന്നുപോകുന്നത്. ഇത് ഭയാനകമായ ഒരവസ്ഥയാണ്. പൊതുസ്ഥലങ്ങളില്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കു പലവിധ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ സ്വകാര്യ ഇടങ്ങളില്‍ പോലും സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ അനുവാദമില്ലാത്ത അവസ്ഥ ലോകത്ത് എവിടെയും ഉണ്ടാകുമെന്നു തോന്നുന്നില്ല. പാലാ രൂപതയുടെ ഇടയന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്‍റെ രൂപതയിലെ ഒരു ദേവാലയത്തില്‍ വിശുദ്ധബലിയര്‍പ്പണ വേദിയില്‍ പ്രസംഗിച്ചതിനെ വിവാദമാക്കിയത് എതാനും മാസം മുമ്പായിരുന്നു. ഇതിനെതിരേ വലിയ കോലാഹലങ്ങള്‍, ഭീഷണികള്‍, കൊലവിളി മുദ്രാവാക്യങ്ങള്‍, മാധ്യമവിചാരണ എന്നിങ്ങനെ മതേതര ജനാധിപത്യസമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത നിരവധി കാര്യങ്ങള്‍ക്കാണ് കേരളസമൂഹം സാക്ഷിയായത്. നാര്‍കോട്ടിക് വിഷയത്തിലും ലൗജിഹാദ് വിഷയത്തിലും അദ്ദേഹം പരാമര്‍ശിച്ച വസ്തുതകള്‍ നൂറുശതമാനവും സത്യമാണെന്ന് തെളിയുന്ന എത്രയോ സംഭവങ്ങളാണ് അതിനുശേഷം ഉണ്ടായത്. കണ്ണൂര്‍ ജില്ലയിലെ മണിക്കടവിൽ ഇടവകയുടെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനയില്‍ റവ ഡോ ആന്‍റണി തറേക്കടവില്‍ ചെയ്ത പ്രഭാഷണമാണ് ഇപ്പോള്‍ ചിലർ വിവാദമാക്കുന്നത്. ഭക്ഷണത്തില്‍ മതം കലര്‍ത്തുകയും അതിലൂടെ ചെറുകിടകച്ചവടങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന സംഘടിത നീക്കങ്ങളെ പരാമര്‍ശിച്ചതിന്‍റെ പേരിലാണ് ആന്‍റണി അച്ചനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇടവകയിലെ അംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന തികച്ചും സ്വകാര്യസമ്മേളനമാണ് ഓരോ ക്രൈസ്തവദേവാലയത്തിലെയും ആരാധനായോഗങ്ങള്‍. ഇവിടെ എന്ത് പ്രസംഗിക്കണമെന്ന് തീരുമാനിക്കേണ്ടത് ആരാണ്? ദേവാലയത്തിലെ പ്രസംഗവിഷയങ്ങള്‍ നേരത്തെ എഴുതിനല്‍കി അംഗീകാരം വാങ്ങിയിട്ടേ പ്രസംഗിക്കാവൂ എന്ന നിലയിലേക്കാണ് ഇപ്പോൾ കേരളത്തില്‍ കാര്യങ്ങള്‍ പോകുന്നത്. കമ്യൂണിസ്റ്റ് റഷ്യയില്‍ ജോസഫ് സ്റ്റാലിന്‍ ഭരിച്ചപ്പോള്‍ പോലും കേട്ടുകേള്‍വിയില്ലാത്ത വിധമാണ് കേരളത്തില്‍ ആരാധനാസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാമെന്ന് ഒരുപറ്റം ആളുകള്‍ കരുതുന്നത്. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിയില്ലെങ്കില്‍ അത് പ്രബുദ്ധകേരളത്തേ മതേതരത്വത്തിന്‍റെയും മതസ്വാന്ത്ര്യത്തിന്‍റെയും ശവപ്പറമ്പാക്കി മാറ്റും എന്നതില്‍ ആര്‍ക്കും സംശയം കാണില്ല.
സോഷ്യല്‍മീഡിയ സര്‍വ്വവ്യാപിയായി നിറഞ്ഞുനില്‍ക്കുന്ന ഈ കാലത്ത് സ്വകാര്യസംഭാഷണങ്ങളും പ്രസംഗങ്ങളും ആരെങ്കിലും റെക്കോര്‍ഡ് ചെയ്യുകയോ പ്രചരിപ്പിക്കപ്പെടുകയോ ചെയ്തെന്നിരിക്കും. ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം സോഷ്യല്‍മീഡിയയുടെ വ്യാപനം അത്രമേല്‍ ശക്തമാണിന്ന്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചേക്കാം എന്നതുകൊണ്ട് സത്യം പറയാന്‍ പാടില്ല എന്നുണ്ടോ? സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കുന്ന, തന്‍റെ അധികാരപരിധിയിലുള്ള വിശ്വാസികളോട് ചതിക്കുഴികളില്‍ വീഴരുത് എന്ന് ഉപദേശിക്കുന്നതും അവര്‍ക്ക് നേരായ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്നതും ഗുരുതരമായ കുറ്റകൃത്യമായി വ്യാഖ്യാനിക്കുന്നതും എന്തടിസ്ഥാനത്തിലാണ്?
സത്യം വിളിച്ചുപറയുന്ന ക്രിസ്തുശിഷ്യരെയും സുവിശേഷകരെയും പോലീസ് കേസും കോടതി വ്യവഹാരവും ജയില്‍ശിക്ഷയും കാണിച്ച് വരുതിയില്‍ നിര്‍ത്താമെന്നാണ് ഒരുപറ്റം ആളുകള്‍ ഇന്ന് ധരിച്ചിരിക്കുന്നത്. സമൂഹത്തില്‍ വ്യാപരിക്കുന്ന ഇത്തരം ദുഷിച്ച പ്രവണതകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. ക്രൈസ്തവദേവാലയങ്ങളില്‍ എന്താണ് പറയുന്നതെന്ന് ഒരുപറ്റം ആളുകള്‍ വലിയ ജിജ്ഞാസയോടെ നോക്കിയിരിക്കുന്നത്. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് ഒരു സ്വകാര്യചടങ്ങില്‍ പറഞ്ഞതാണെങ്കിലും അത് കേട്ടാലുടന്‍ ചന്ദ്രഹാസം ഇളക്കി തെരുവുസ്തംഭിപ്പിക്കുന്ന ഈ പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്.
ക്രൈസ്തവ ദേവാലയങ്ങള്‍ ആരുടെയും പാട്ടപ്പറമ്പിലല്ല സ്ഥിതചെയ്യുന്നത്. ഞങ്ങളുടെ പൂര്‍വിവപിതാക്കന്മാര്‍ വിലകൊടുത്തു വാങ്ങിയതും അധ്വാനിച്ചുണ്ടാക്കിയതുമായ തികച്ചും സ്വകാര്യ ഇടമാണത്. അവിടെ അനുഷ്ഠിക്കുന്നതും പ്രസംഗിക്കുന്നതും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ്. ക്രൈസ്തവ ആരാധനാലയങ്ങളില്‍ ആയുധ ശേഖരമോ ആയുധപരിശീലനമോ രാഷ്ട്രീയവിശകലനങ്ങളോ മറ്റ് വിധ്വംസകപ്രവര്‍ത്തനങ്ങളോ ഒന്നും നടക്കുന്നില്ല. ലോകത്തിനും സമൂഹത്തിനും സമാധാനവും അഭിവൃദ്ധിയും ഉണ്ടാകുവാനുള്ള പ്രാര്‍ത്ഥനകളും പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും ആത്മവിശുദ്ധീകരണത്തിനുള്ള അനുഷ്ഠാനങ്ങളുമാണ് ക്രൈസ്തവദേവാലയങ്ങളില്‍ നടക്കുന്നത്. ദേവാലയത്തില്‍ പ്രസംഗിക്കുന്ന പുരോഹിതര്‍ പരിശുദ്ധവചനം വായിച്ചശേഷം അതിനെ ആസ്പദമാക്കി പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്ന വസ്തുതകളാണ് ഇടവക ജനത്തോടു പ്രസംഗിക്കുന്നത്.
കാലികമായി ഉയരുന്ന വെല്ലുവിളികളെ നേരിടാന്‍ സഭാജനങ്ങളെ പ്രബോധിപ്പിക്കുക എന്നത് ഒരു വൈദികന്‍റെ കടമയാണ്. ഇത് ക്രൈസ്തവസഭയുടെ പാരമ്പര്യവും ചരിത്രവുമാണ്. എന്നാല്‍ ക്രൈസ്തവ ദേവാലയങ്ങളെയും കൂട്ടായ്മകളെയും ഗൂഡാലോചനാകേന്ദ്രങ്ങളായി ചിത്രീകരിക്കാനാണ് ഇന്ന് ഒരുപറ്റം ആളുകള്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഇടവക ജനത്തോടു ലൗജീഹാദിനെതിരേയും ലഹരിമാഫിയാ സംഘങ്ങള്‍ക്കെതിരേയും ഭക്ഷണത്തില്‍ മതംകലര്‍ത്തി വില്‍ക്കുന്ന തന്ത്രങ്ങള്‍ക്കെതിരേയും കരുതലുണ്ടാകണമെന്ന് പ്രസംഗിച്ചാലുടന്‍ കേസെടുത്ത് ജയിലിലടയ്ക്കുമെന്നാണ് ചിലര്‍ ഭീഷണി മുഴക്കുന്നത്. എന്നാല്‍ അത്തരക്കാരോട് ഒരു കാര്യം പറയട്ടെ, ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ ഭയന്നുനില്‍ക്കുന്ന സംസ്കാരം ക്രൈസ്തവ സഭയ്ക്കില്ല.
സത്യത്തെ സത്യസന്ധമായി വിളിച്ചുപറയുക എന്നത് ക്രൈസ്തവന്‍റെ പ്രവാചകദൗത്യമാണ്. ഇനിയുള്ള കാലത്തും ഇത്തരം ദൗത്യനിര്‍വ്വഹണങ്ങള്‍ പലരും തുടര്‍ന്നുകൊണ്ടേയിരിക്കും. ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് നേട്ടവുമാണെന്ന് വിശ്വസിക്കുന്ന ചങ്ങലധരിച്ചു നില്‍ക്കുന്ന ക്രിസ്തുവിന്‍റെ സ്ഥാനാപതികളെ നിശ്ശബ്ദരാക്കാന്‍ ഒരു പീഡനത്തിനും കഴിയില്ല. പോലീസ് കേസും കോടതിവ്യവഹാരമെന്നൊക്കെയുള്ള ഓലപ്പാമ്പിനെ കാണിച്ചാലുടന്‍ പേടിക്കുന്ന ഭയത്തിന്‍റെ ആത്മാവല്ല ഞങ്ങളെ നയിക്കുന്നത്; ശക്തിയുടെയും സ്നേഹത്തിന്‍റെയും ആളത്വമായ പരിശുദ്ധാത്മാവാണ്. കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്ക് വീശും; ആര്‍ക്ക് അതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയും?