Wednesday, November 6, 2024
No menu items!
Homeപ്രതികരണംക്രിസ്തുവിനെപ്രതി ആർക്കും ലജ്ജിക്കേണ്ടി വരില്ല

ക്രിസ്തുവിനെപ്രതി ആർക്കും ലജ്ജിക്കേണ്ടി വരില്ല


ഇസ്ലാമത പ്രവാചകന്‍ മുഹമ്മദിന്‍റെ ജീവിതത്തെ അപഗ്രഥിച്ചാൽ ഇന്നത്തെ യുവജനങ്ങൾക്ക് അപകര്‍ഷതാ ബോധം ഉണ്ടാകുമെന്നു പ്രസംഗിച്ച ”നിച്ച് ഓഫ് ട്രൂത്ത്” ഡയറക്ടര്‍ എം.എം. അക്ബറുടെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മദ്യത്തോടുള്ള മുഹമ്മദിന്‍റെ പരാമര്‍ശത്തെക്കുറിച്ചും ആയിഷ എന്ന കുട്ടിയെ വിവാഹം ചെയ്തതിനെക്കുറിച്ചുമുള്ള വിഷയങ്ങള്‍ അപഗ്രഥിക്കുന്ന, ഇസ്ലാമിക ബോധമുള്ള അഭ്യസ്തവിദ്യരും വായനാശീലവുമുള്ള യുവജനതയില്‍ സംശയങ്ങള്‍ ജനിക്കാന്‍ സാധ്യതയുണ്ടെന്നും അത് പിന്നീട് മതനിരാസത്തിന് കാരണമാകും എന്നുമാണ് പ്രസ്തുത വീഡിയോയിൽ അക്ബര്‍ വിലയിരുത്തുന്നത്.

“നബി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന ചിന്ത ഒരു വ്യക്തിയിൽ ഉണ്ടാകുന്നുവെങ്കില്‍ ആ വ്യക്തിയില്‍ അപ്പോള്‍ മുതല്‍ ചെകുത്താന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഇവയെല്ലാം കാണപ്പെടുന്നത് ഹദീസ് (നബിചര്യ) ഗ്രന്ഥങ്ങളിലാണ് എന്നു പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിച്ചാലും വിഷയം പരിഹരിക്കപ്പെടില്ല. നബി ചെയ്തതെല്ലാം വലിയ ശരിയാണെന്ന് വരുത്തിതീര്‍ക്കാനും അങ്ങനെ സ്ഥാപിച്ചെടുക്കാനും മതത്തിലെ പണ്ഡിതന്മാര്‍ക്കു കഴിയണം. അങ്ങനെ പഠിപ്പിക്കാനും യുവജനതയെ ബോധ്യപ്പെടുത്താനും കഴിഞ്ഞാല്‍ മാത്രമേ ഇനി വിജയിക്കൂ” എന്നാണ് പ്രസ്തുത വീഡിയോയില്‍ അക്ബര്‍ സാഹിബ് പറയുന്നത്.

ശാന്തസുന്തരമായി പരിലസിച്ചിരുന്ന കേരള മതസൗഹൃദ, സാഹോദര്യ ഭൂമികയില്‍ “സ്നേഹസംവാദം” എന്ന പേരില്‍ സംവാദം സംഘടിപ്പിച്ച് അതിലൂടെ കടുത്ത മതവിമര്‍ശനങ്ങള്‍ നടത്തി വിവിധ മതങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധങ്ങളില്‍ അസ്വസ്ഥതകളും വിള്ളലുകളും സൃഷ്ടിക്കുന്നതിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ശ്രീ എം.എം. അക്ബര്‍. തൻ്റെ ഭൂതകാല വിക്രിയകളുടെ പേരിൽ ഇന്ന് അദ്ദേഹം ഏറെ പ്രതിരോധത്തിലായിരിക്കുകയാണ്.

സ്നേഹസംവാദത്തിലൂടെ അക്ബര്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയത് ക്രൈസ്തവ വിശ്വാസത്തെ ആയിരുന്നു. അക്ബറില്‍നിന്നും സ്നേഹസംവാദത്തിന്‍റെ പേരില്‍ വിവിധ വെല്ലുവളികള്‍ ക്രൈസ്തവ വിശ്വാസബോധ്യങ്ങള്‍ക്കു നേരേ ഉയര്‍ന്നതോടെ പ്രതിരോധത്തിന്‍റെ ഭാഗമായി ഇസ്ലാമിക മതഗ്രന്ഥങ്ങളെയും അതിലെ ദൈവശാസ്ത്രത്തെയും ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും അദ്ദേഹത്തിന്‍റെ ജീവിതരീതികളെയും പഠിക്കുവാന്‍ നിരവധി ക്രൈസ്തവരാണ് രംഗത്തുവന്നത്. ഇസ്ലാം മുന്നോട്ടു വയ്ക്കുന്ന ദൈവശാസ്ത്രവും ധാര്‍മികതയും സ്വര്‍ഗ്ഗവും മാനവികതയും എല്ലാം എന്താണെന്ന് ഇസ്ലാമിക ചരിത്ര, മത ഗ്രന്ഥങ്ങളുടെയും അതിന്‍റെ വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തില്‍ അവർ പഠനവിധേയമാക്കി. ഇന്ന് ഏതൊരു ഇസ്ലാമിക പണ്ഡിതനെക്കാളും ആഴമേറിയ ആറിവ് ഇസ്ലാമിക വിഷയങ്ങളില്‍ കരസ്ഥമാക്കിയ നിരവധി ക്രൈസ്തവ സഹോദരങ്ങള്‍ ക്രൈസ്തവ വിശ്വാസ പ്രതിരോധരംഗത്ത് കേരളത്തിൽ മാത്രം നിലയുറപ്പിച്ചിട്ടുണ്ട്.

ഇസ്ലാമിക വിമര്‍ശനങ്ങള്‍ക്കു നേരേ ക്രൈസ്തവര്‍ പ്രതിരോധം ശക്തമാക്കിയതോടെ സ്നേഹസംവാദത്തിന് നേതൃത്വം നല്‍കിയ അക്ബര്‍ കളം ഉപേക്ഷിച്ചു. ഇസ്ലാമിക ദൈവശാസ്ത്രത്തെ ക്രിസ്റ്റ്യന്‍ അപ്പോളജിസ്റ്റുകളില്‍നിന്ന് വസ്തുതാപരമായി പഠിക്കാന്‍ അവസരം ലഭിച്ചതിന്‍റെ ഫലമായി നൂറുകണക്കിന് ഇസ്ലാമിക സഹോദരങ്ങളാണ് ഇപ്പോള്‍ ex-muslims എന്ന പേരിൽ മതരഹിത ജീവിതം തെരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും പ്രായഭേദമെന്യെ ഇക്കൂട്ടത്തിലുണ്ട്. ഇതോടൊപ്പം, ക്രിസ്തുവിശ്വാസം സ്വീകരിക്കുന്ന മുസ്ളിംകളും സത്യാന്വേഷണത്തിന്‍റെ ഭാഗമായി ബൈബിള്‍ പഠിക്കുന്നവരും നിരവധിയാണ്.

അക്ബറുടെ നേതൃത്വത്തില്‍ ആരംഭിച്ച “പീസ് സ്കൂളിലെ” പാഠപുസ്തകത്തില്‍ മതംമാറ്റത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ പ്രതിപാദിച്ചിരുന്നു എന്നത് ഏറെ വിവാദം സൃഷ്ടിച്ച സംഗതിയായിരുന്നു. അദ്ദേഹത്തിന് പിന്നീട് ആ സ്ഥാപനം തന്നെ അടച്ചുപൂട്ടേണ്ടതായി വന്നു.

മറ്റ് മത വിശ്വാസങ്ങളുടെ സ്വകാര്യതകളിലേക്ക് അനാവശ്യമായി കടന്നുകയറുവാനും അതിലെ ശരിതെറ്റുകളെ പരസ്യമായി വിമര്‍ശിക്കാനും തയ്യാറായതിലെ ബുദ്ധിശൂന്യതയാണ് ഇപ്പോള്‍ അക്ബർക്കും കൂട്ടാളികൾക്കും തിരിച്ചടിയായിരിക്കുന്നത്. നബിയുടെ ജീവിതത്തെ അപകര്‍ഷതാ ബോധത്തോടെ നോക്കിക്കാണുന്ന യുവതയെക്കുറിച്ച് അദ്ദേഹം പറയുന്നുവെങ്കിലും വാസ്തവത്തില്‍ എം.എം. അക്ബറില്‍ തന്നെയാണോ ഇപ്പോള്‍ അപകര്‍ഷതാബോധം നിഴലിക്കുന്നത് എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്.

ഇസ്ലാമിക മതസ്ഥാപകനെക്കുറിച്ച് ആധുനിക തലമുറയ്ക്ക് അപകര്‍ഷതാബോധം ഉണ്ടാകുമെന്നാണ് അക്ബറുടെ പ്രസ്താവനയെങ്കില്‍ അദ്ദേഹം വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്തിട്ടുള്ള പരിശുദ്ധ സുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏതൊരുവനും സുവിശേഷത്തെക്കുറിച്ചോ അതിലെ പ്രതിപാദ്യമായ യേശുക്രിസ്തുവിനെക്കുറിച്ചോ ജീവിതത്തിലൊരിക്കലും ലജ്ജിക്കേണ്ടി വരികയില്ല (റോമ 1:16). ക്രിസ്ത്യാനിയുടെ വിശ്വാസത്തന്‍റെ നായകനും അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നവനുമാണ് ഈശോമശിഹാ. അവിടുത്തെ പിന്‍പറ്റുന്നതിന്‍റെ പേരില്‍ ലോകചരിത്രത്തില്‍ ഒരു കാലത്തും ഒരുവന് ലജ്ജയോ അപകര്‍ഷതാ ബോധമോ കുറ്റബോധമോ ഉണ്ടാകേണ്ടി വരില്ല. ഈ ആത്മവിശ്വാസമാണ് 2000 കൊല്ലമായി നിലനില്‍ക്കുന്ന ക്രിസ്തുവിശ്വാസത്തിന് ഇന്നും ശക്തി പകരുന്നത്.

മതതീഷ്ണതയില്‍ ജ്വലിച്ചുനിന്ന യഹൂദസമൂഹത്തില്‍ ജനിക്കുകയും സംസ്കാര സമ്പന്നരായ റോമന്‍ ജനതയുടെ മധ്യത്തില്‍ ജീവിക്കുകയും ചെയ്ത “നസറായന്‍റെ” ജീവിതം ഏതൊരു മനുഷ്യനും അക്ഷരാര്‍ത്ഥത്തില്‍ പിന്‍പറ്റാവുന്ന മാതൃകയായിരുന്നു. ആ ജീവിതത്തെ ഒരു കാലത്തും ആര്‍ക്കും വെള്ളപൂശി വെളിപ്പിക്കേണ്ട യാതൊരു ഗതികേടും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. അത്രമേല്‍ പരിശുദ്ധവും പരിപക്വവുമായിരുന്നു മുപ്പത്തിമൂന്നു വയസ്സുവരെയുള്ള യേശുക്രിസ്തുവിന്‍റെ ഭൗമീകജീവിതം. പാപം ക്ഷമിച്ചും രോഗികളെ സൗഖ്യമാക്കിയും സമൂഹത്തിലെ പരിത്യക്തരോടു കൂടെ സഹവസിച്ചുംകൊണ്ട് കരുണയുടെയും ആര്‍ദ്രതയുടെയും താഴ്മയുടെയും ഉദാത്തമാതൃക ലോകത്തിന് നല്‍കിയ ദൈവപുത്രന്‍ തന്‍റെ കൂടെ വന്ന ജനസമൂഹത്തോടു ആഹ്വാനം ചെയ്തത് “എന്നെ പിന്‍പറ്റുക” എന്നായിരുന്നു.

യേശുക്രിസ്തുവിന്‍റെ പരസ്യജീവിതകാലത്ത് ഒരു ശിഷ്യനായി, അവിടുത്തെ നിഴല്‍പോലെ നടന്ന പത്രോസ് എഴുതി: “ക്രിസ്തു നിങ്ങള്‍ക്കു വേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു” (1 പത്രോസ് 2:21). എല്ലാക്കാലത്തേക്കുമുള്ള മനുഷ്യവംശത്തിനുള്ള മാതൃകയായിരുന്നു യേശുക്രിസ്തു.

ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ മുന്നണിപ്പോരാളിയായിരുന്ന പൗലോസ് എഴുതി: ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍ (1 കൊറി 11:1). ക്രിസ്ത്വാനുകരണം എന്നത് ഏവര്‍ക്കും സാധ്യമാണ് എന്നു തെളിയിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ കാലടികള്‍ പിന്തുടരുന്നതിന് ജനകോടികള്‍ക്ക് ആവേശം പകരുന്നതായിരുന്നു പൗലോസിന്‍റെ ഈ വാക്കുകള്‍.

ക്രിസ്തുവിന്‍റെ ശിഷ്യഗണത്തില്‍ ഏറെ ശ്രദ്ധേയനായിരുന്ന യോഹന്നാന്‍ എഴുതി: അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു (1 യോഹ 2:6).

ക്രിസ്തുവിനെ അനുകരിക്കുക എന്നതുകൊണ്ട് ഒന്നാം നൂറ്റാണ്ടിലെ യഹൂദൻ്റെ ജീവിതചര്യകളെ അന്ധമായി പിൻപറ്റുക എന്ന അർത്ഥമില്ല. മനുഷ്യൻ എന്ന നിലയിൽ ലോകത്തോട്, ഇതര മനുഷ്യനോട്, ആത്മീയ ജീവിതത്തോട്… “യേശുക്രിസ്തുവിനുണ്ടായിരുന്ന അതേ മനോഭാവം” ജീവിതത്തിൽ പ്രകടിപ്പിക്കുക എന്നതാണ് ക്രിസ്ത്വാനുകരണത്തിന്‍റെ മര്‍മ്മം. ഫിലിപ്പിയര്‍ക്കുള്ള കത്തില്‍ ഇപ്രകാരം വായിക്കുന്നു: “ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ” (ഫിലി 2: 3-5).

കൊച്ചു പെണ്‍കുട്ടിയെ നോക്കി “ബാലികേ” എന്നു വിളിക്കാന്‍ കഴിഞ്ഞ മനോഭാവം (ലൂക്ക് 8:43). ശിശുസഹചമായ നിർമ്മലതയോടെ ജീവിക്കുക, എന്തെന്നാല്‍ സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ് (മത്തായി 19:14) എന്നു പ്രഖ്യാപിച്ചവന്‍റെ മനോഭാവം, പ്രായം ചെന്ന സ്ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ നിര്‍മ്മലതയോടെ സഹോദരിമാരെപ്പോലെയും പരിഗണിക്കാന്‍ ഉപദേശിക്കുന്ന ക്രിസ്തുശിഷ്യന്മാരുടെ മനോഭാവം ( 1 തിമോത്തി 5:2). ഈ മനോഭാവത്തില്‍ ജീവിച്ച വിശ്വഗുരുവിനെ പിന്‍പറ്റുന്നതില്‍ ക്രിസ്ത്യാനിക്ക് തന്‍റെ ജീവിതകാലത്തില്‍ ഒരിക്കലും അപകര്‍ഷതാബോധം ഉണ്ടാവുകയില്ല.

ക്രിസ്തുവിന്‍റെ ജീവിതം പരിശുദ്ധമായിരുന്നു എന്ന് സാക്ഷ്യം പറഞ്ഞവരില്‍ ചിലരുടെ പ്രസ്താവനകള്‍ നോക്കുക:

യേശുവിനെ വിസ്തരിച്ച പീലാത്തോസ് പറഞ്ഞു: അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല ( യോഹ 18:38).

പീലാത്തോസിന്‍റെ ഭാര്യ അദ്ദേഹത്തോടു പറഞ്ഞു: ഈ നീതിമാന്‍റെ കാര്യത്തില്‍ ഇടപെടരുത് (മത്തായി 27:19)

കുരിശില്‍ കിടന്ന കള്ളന്‍ സാക്ഷ്യം പറഞ്ഞു: ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല (ലൂക്ക് 23:39-42)

സഹസ്രാധിപന്‍ സാക്ഷ്യപ്പെടുത്തി: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു (ലൂക്കോസ് 23:47).

തന്‍റെ കൂടെ ജീവിച്ച പന്ത്രണ്ട് ശിഷ്യന്മാരില്‍ പ്രധാനിയായിരുന്ന പത്രോസ് പറഞ്ഞു: അവന്‍ പാപം ചെയ്തിട്ടില്ല, അവന്‍റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടില്ല. (1 പത്രോസ് 2:22).

യേശുക്രിസ്തുവിന്‍റെ എതിരാളിയായി ജീവിതം ആരംഭിച്ച് ഒടുവില്‍ ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും വലിയ സുവിശേഷകനായിരുന്ന പൗലോസ് പറഞ്ഞു: പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി. (2 കൊരി 5:21).

ശിഷ്യഗണത്തില്‍ യേശുവിനോട് ഏറെ അടുത്തുനിന്ന യോഹന്നാന്‍ പറഞ്ഞു: അവനില്‍ പാപമില്ല (1 യോഹ 3:5)

എല്ലാ മനുഷ്യരുടെയും സാക്ഷ്യത്തെ അതിലംഘിച്ചുകൊണ്ട് തന്‍റെ പിതാവിന്‍റെ സാക്ഷ്യം “ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്‍െറ വാക്കു ശ്രവിക്കുവിന്‍” (മത്തായി 17:5).

ക്രിസ്തുശിഷ്യത്വത്തിന്‍റെ വഴികള്‍ പീഡാനുഭവത്തിന്‍റെയും കുരിശിന്‍റെയും മാര്‍ഗ്ഗമാണെന്നും ഈ വഴിയിലൂടെ സഞ്ചരിക്കുന്നത് ജീവിതം കൊണ്ടും കര്‍മ്മംകൊണ്ട് ലോകത്തെ ജയിച്ചവന്‍റെ മാര്‍ഗ്ഗമാണെന്നുമുള്ള തിരിച്ചറിവാണ് ഇന്നും ക്രിസ്ത്വാനുകരണത്തിന് ജനകോടികളെ ആവേശഭരിതരാക്കുന്നത്. യുവജനങ്ങള്‍ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍നിന്നുപോലും ക്രിസ്തുവിലേക്ക് കടന്നുവരുന്നവരുടെ എണ്ണം മതനേതൃത്വത്തെയും ഭരണാധികാരികളെയും ഒരു പോലെ ഭയചകിതരാക്കുന്ന കാര്യമാണ്.

ഭീകരവാദവും കൊലയും ജനങ്ങളില്‍ ഭീതിപരത്തുന്ന ഈ കാലത്ത്, യഥാര്‍ഥ സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സഹിഷ്ണുതയുടെയും മാര്‍ഗ്ഗമാണ് നസറായന്‍റെ മാര്‍ഗ്ഗമെന്ന് ലോകത്തിന് ബോധ്യം വരുന്നു. സ്വന്തശ്വാസത്തിൽ പോലും അന്യൻ്റെ മരണം മണത്ത ഒരുവൻ ക്രിസ്തു ശിഷ്യനായപ്പോൾ സംഭവിച്ച പരിവർത്തനം അപ്പസ്തോല പ്രവൃത്തികൾ ഒമ്പതാം അധ്യായം ഒന്നു മുതലുള്ള വാക്യങ്ങളിൽ വായിക്കാം.

നസറായന്‍റെ മാര്‍ഗ്ഗം ആശയപരമായി, താത്വികമായി, ദൈവശാസ്ത്രപരമായി എത്രമേല്‍ ഉന്നതമാണെന്ന് അക്ബർ സാഹിബ്, അങ്ങേക്ക് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. ഈ ഭൂമുഖത്ത് പദമൂന്നിനടന്ന ദൈവപുത്രന്‍റെ പാതയെ യാതൊരു അപകര്‍ഷതാബോധവുമില്ലാതെ പിന്‍പറ്റുവാന്‍ താങ്കളെയും ക്രൈസ്തവസമൂഹം സ്വാഗതം ചെയ്യുന്നു. നസറായന്‍റെ പാത പിന്‍പറ്റി, ദൈവം ശില്‍പ്പിയായി നിർമ്മിച്ചതും, അടിസ്ഥാനമുള്ളതുമായ സ്വർഗ്ഗീയ ജെറൂസലേമിലേക്കുള്ള തീര്‍ത്ഥാടകസംഘത്തോടൊപ്പം ചേരുക, വിശുദ്ധമായ ലക്ഷ്യത്തിലേക്ക് താങ്കളും എത്തിച്ചേരും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments